ജീവിതത്തിലേക്ക് തിരിച്ചുവന്ന ആ മനുഷ്യന്റെ ആലിംഗനമാണ് ഭക്തിഗാനരചനയുടെ പരമസാഫല്യം


ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി/ ഡോ. എന്‍.പി. വിജയകൃഷ്ണന്‍

കവിതയില്‍ എന്റെ എഴുത്തച്ഛന്‍ അക്കിത്തമാണ്. ഒളപ്പമണ്ണയും എന്റെ കവിതകള്‍ തിരുത്തിത്തന്നിട്ടുണ്ട്. 'കവിതാരചനയ്ക്കുണ്ണീ കരളില്‍ കത്തിനില്‍ക്കണം കറയറ്റ വികാരത്തിന്‍ കാന്തിമത്തായ പാവകന്‍' എന്ന ഒളപ്പമണ്ണയുടെ വരികളാണ് എന്റെ കവിതയുടെ രീതിശാസ്ത്രത്തിന്റെ കാതല്‍.

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി | ഫോട്ടോ: സുനിൽ ഏറത്ത്

ഴുത്തിന്റെ എല്ലാ മേഖലയെയും തന്റെ വിരല്‍സ്പര്‍ശംകൊണ്ട് പ്രസാദമധുരമാക്കിയ എഴുത്തുകാരനാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി. കവിതയും പത്രപ്രവര്‍ത്തനവും പാട്ടെഴുത്തും തിരക്കഥയും നിരൂപണവുമെല്ലാം ചൊവ്വല്ലൂരിന്റെ കരങ്ങളില്‍ കഴകക്കാരന്റെ കൈയില്‍ മാല എന്നപോലെ ഭദ്രവും ശുദ്ധവുമാവുന്നു. തന്റെ എഴുത്തു ലോകത്തെക്കുറിച്ചാണ് ചൊവ്വല്ലൂര്‍ സംസാരിക്കുന്നത്....

പലതായി പകര്‍ന്നാടിയെങ്കിലും ഗാനരചയിതാവ് എന്ന നിലയിലാണ് ചൊവ്വല്ലൂരിന്റെ പ്രസിദ്ധിയും പ്രസക്തിയും. നാടകത്തിന്, സിനിമയ്ക്ക്, ഭക്തിഗാനകാസറ്റുകള്‍ക്ക് പാട്ടുകള്‍ എഴുതിയതിന്റെ പശ്ചാത്തലം പറയൂ.

കണ്ടാണശ്ശേരി കലാസമിതിയും ഗുരുവായൂര്‍ ആര്‍ട്സ് ക്‌ളബ്ബും അവതരിപ്പിച്ചിരുന്ന നാടകങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിക്കൊണ്ടായിരുന്നു തുടക്കം. എം.കെ. അര്‍ജുനന്‍ മാസ്റ്ററായിരുന്നു സംഗീതസംവിധാനം നിര്‍വഹിച്ചിരുന്നത്. ഞാനന്ന് നന്നേ ചെറുപ്പമാണ്. സിനിമയ്ക്കുവേണ്ടി പാട്ടുകള്‍ എഴുതാന്‍ മോഹിച്ചു നടന്നിരുന്നു. രാമു കാര്യാട്ടിനോടും ശോഭനാ പരമേശ്വരന്‍ നായരോടുമൊക്കെ കേണപേക്ഷിച്ചിട്ടുണ്ട്. അവസരം വരട്ടെ എന്ന് ആവര്‍ത്തിക്കും. ഒരു സ്‌ക്രിപ്റ്റ് പകര്‍ത്തിയെഴുതാന്‍ അവരുടെ സഹായിയായി മദ്രാസില്‍ ചെന്നകാലം. ഒരുദിവസം രാവിലെ രാമു കാര്യാട്ട് വന്ന് ഉടനെ കുളിച്ച് തയ്യാറായി പാംഗ്രൂവ് ഹോട്ടലിലെത്തണമെന്ന് പറഞ്ഞു. എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്യുന്ന 'തുലാവര്‍ഷം' എന്ന സിനിമയ്ക്കുവേണ്ടി ഒരു പാട്ടെഴുതാനുള്ള ആവശ്യവുമായിട്ടാണ് കാര്യാട്ടിന്റെ വരവ്. വയലാറും പി. ഭാസ്‌കരന്‍ മാസ്റ്ററും രണ്ടുപാട്ടുകള്‍ എഴുതി. അവര്‍ മദിരാശിയിലില്ല. സലീല്‍ ചൗധരിയാണ് സംഗീതസംവിധാനം. അദ്ദേഹത്തിന് വൈകുന്നേരംതന്നെ തിരിച്ചുപോകണം. എസ്. ജാനകിയാണ് പാടുന്നത്. സലീല്‍ ചൗധരിയുടെ മുന്നിലെത്തിയ എന്നെ അദ്ദേഹം വിസ്തരിച്ചൊന്നുനോക്കി. അദ്ദേഹം ഹാര്‍മോണിയത്തില്‍ ഒരു ട്യൂണ്‍ വായിച്ചുതന്നു. അതിനനുസരിച്ച വരികള്‍ വേണം. അപ്പുറത്തെ മുറിയിലിരുന്ന് ഈ സംഭവിച്ചതിന്റെയൊക്കെ അമ്പരപ്പില്‍ ഞാന്‍ സ്വപ്നാടനം എന്നൊരു വാക്കെഴുതി. പിന്നെ ഗുരുവായൂരപ്പന്‍ തോന്നിച്ചതുതന്നെ 'സ്വപ്നാടനം ഞാന്‍ തുടരുന്നു/എന്റെ സ്വപ്നാടനം ഞാന്‍ തുടരുന്നു/വിട തന്നാലും വിട തന്നാലും/വിരഹദുഃഖസ്മരണകളേ... എന്നു തുടങ്ങുന്ന പാട്ടെഴുതി. ശോഭനാ പരമേശ്വരന്‍ നായര്‍ പറഞ്ഞുതന്ന രംഗം മനസ്സില്‍കണ്ടുകൊണ്ട് എഴുതിയ വരികള്‍ സലീല്‍ ചൗധരിക്ക് ഇഷ്ടപ്പെട്ടു. അനുഗൃഹീതമായ ഈ തുടക്കത്തിന്റെ തുടര്‍ച്ചയായി ധാരാളം സിനിമകള്‍ക്കുവേണ്ടി പാട്ടുകളെഴുതി.

ചലച്ചിത്രമേഖലയിലെ അടുത്ത സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ക്കുവേണ്ടി എഴുതിയില്ല എന്നത് മറ്റൊരു കൗതുകം. സത്യന്‍ അന്തിക്കാടിന്റെ സിനിമകളുടെ വലിയ ഇഷ്ടക്കാരനാണ് ഞാന്‍. സത്യന്‍ അന്തിക്കാട് എന്റെ ഉറ്റമിത്രമായിട്ടും ഒറ്റ സിനിമയ്ക്കുവേണ്ടിയും പാട്ടെഴുതിയിട്ടില്ല. ഗുരുവായൂരമ്പലത്തിലെയും ചൊവ്വല്ലൂര്‍ മഹാദേവക്ഷേത്രത്തിലെയും പാരമ്പര്യ കഴകപ്രവൃത്തിക്ക് അവകാശപ്പെട്ട കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്നിലെ കഴക സംസ്‌കാരമാണ് ഭക്തിഗാനങ്ങള്‍ എഴുതിച്ചത് എന്നുപറയാം. ഗുരുവായൂരപ്പന്‍ എഴുതിക്കുകയാണ് എന്നേ തോന്നിയിട്ടുള്ളൂ. ദുബായിലെ ജോലിപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മടുത്ത് ജീവിതം വഴിമുട്ടിയ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി. ആ രാത്രി അപ്പുറത്തെ താമസക്കാരന്റെ സ്ഥലത്തുനിന്ന് 'ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം...' എന്ന പാട്ടുകേട്ടു. കണ്ണുനിറഞ്ഞ അയാള്‍ അപ്പോള്‍ രണ്ടുതീരുമാനങ്ങള്‍ എടുത്തു: ആത്മഹത്യചെയ്യില്ല. ഉടനെ നാട്ടിലെത്തി ഗുരുവായൂരില്‍ ചെന്ന് തൊഴും. അയാള്‍ ഈ കഥ സംവിധായകന്‍ ജയരാജിനോട് പറഞ്ഞു. ജയരാജ് ഈ പാട്ടെഴുതിയ ചൊവ്വല്ലൂരിനെ പരിചയപ്പെടുത്തിത്തരാമെന്നും പറഞ്ഞ് ഗുരുവായൂരിലെത്തി. എന്റെ വരികളിലൂടെ ജീവിതം തിരിച്ചുകിട്ടിയ ആ മനുഷ്യന്‍ എന്നെ ആലിംഗനം ചെയ്തപ്പോഴുണ്ടായ കൃതാര്‍ഥതയാണ് ഭക്തിഗാനരചനയുടെ പരമസാഫല്യം.

കലാലേഖനങ്ങള്‍; കലാകാരന്മാരുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങി കലാനിരൂപണത്തിലും കൈവെച്ചിട്ടുണ്ടല്ലോ. ഈ രംഗത്ത് താങ്കളെ സ്വാധീനിച്ചവര്‍ ആരെല്ലാമാണ്.

വാദ്യകലയിലെ ഗന്ധര്‍വ ജന്മമായ തൃത്താല കേശവപ്പൊതുവാള്‍ എഴുത്തുകാരനായിരുന്നെങ്കില്‍ മഹാനായ നോവലിസ്റ്റാവുമെന്നുതോന്നിയിട്ടുണ്ട്. ആ സരസ്വതീ പ്രസാദമാണ് കേശവന്റെ ചെണ്ടയില്‍ കേട്ടത്. കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും കുലഗുരുവായി, പല തലമുറകള്‍ക്ക് വഴിവിളക്കായി വാഗര്‍ഥസുകൃതം നല്‍കിയ പൈങ്കുളം രാമചാക്യാര്‍ എഴുത്തിലും പ്രസംഗത്തിലും എന്നെ സ്വാധീനിച്ചിട്ടുണ്ട്. വാഗ്വൈഭത്തില്‍ അദ്ദേഹം അഗ്രഗണ്യനായിരുന്നു. പാട്ടിലും പദത്തിലും ഈണങ്ങളിലും ഈരടികളിലും ശ്രദ്ധിച്ച് എന്നെ കൈപിടിച്ചു നടത്തിയ രക്ഷാപുരുഷനായിരുന്നു കെ. രാഘവന്‍ മാസ്റ്റര്‍. കഥകളിയിലും കൊട്ടിലുമുള്ള എന്റെ ഭ്രമംകാരണം കലാകാരന്മാരുടെയെല്ലാം കൊച്ചപ്പേട്ടനായി മാറാന്‍ കഴിഞ്ഞത് മറ്റൊരു ധന്യത. ഈ കാഴ്ചയും കേള്‍വിയുമാണ് എന്നെ കലയെഴുത്തുകാരന്‍കൂടിയാക്കിമാറ്റിയത്.

കവിതയിലും കഥയിലും താങ്കള്‍ പിന്‍പറ്റുന്ന സൗന്ദര്യശാസ്ത്രം എന്താണ്.

കോവിലനാണ് എന്റെ കഥാഗുരു. അദ്ദേഹം ഒരിക്കല്‍ ജയിലിലെ തീരാദുരിതങ്ങള്‍ വിഷയമാക്കി കഥയെഴുതി ബഷീറിനെ കാണിച്ചു. അയ്യപ്പാ, നീ എന്നെങ്കിലും ജയില്‍ കണ്ടിട്ടുണ്ടോ എന്നായിരുന്നു ബഷീറിന്റെ ചോദ്യം. ഇല്ല എന്ന് കോവിലന്‍. നേരിട്ട് അനുഭവമില്ലാത്ത കാര്യങ്ങളെക്കുറിച്ച് കഥയെഴുതാന്‍ ആരാ നിന്നെ പഠിപ്പിച്ചത് എന്ന് ക്ഷോഭിച്ച് ബഷീര്‍ കഥയെഴുതിയ കടലാസ് നറുനറെ കീറിക്കളഞ്ഞു. കോവിലന്‍ പറഞ്ഞ ഈ കഥയെഴുത്തുപാഠത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. കവിതയില്‍ എന്റെ എഴുത്തച്ഛന്‍ അക്കിത്തമാണ്. ഒളപ്പമണ്ണയും എന്റെ കവിതകള്‍ തിരുത്തിത്തന്നിട്ടുണ്ട്. 'കവിതാരചനയ്ക്കുണ്ണീ കരളില്‍ കത്തിനില്‍ക്കണം കറയറ്റ വികാരത്തിന്‍ കാന്തിമത്തായ പാവകന്‍' എന്ന ഒളപ്പമണ്ണയുടെ വരികളാണ് എന്റെ കവിതയുടെ രീതിശാസ്ത്രത്തിന്റെ കാതല്‍.

പത്രം ഓഫീസിലെ ജോലി എഴുത്തിനെ വളര്‍ത്തിയോ തളര്‍ത്തിയോ

മുഴുവന്‍സമയ പത്രപ്രവര്‍ത്തനം എഴുത്തിന് തടസ്സമാവുമെന്ന് പറയുന്നത് എന്റെ അനുഭവത്തില്‍ ശരിയല്ല. എനിക്കത് ഗുണമാവുകയാണുണ്ടായത്. വള്ളത്തോളിന്റെ പത്‌നി മാധവി അമ്മയുമായുള്ള അഭിമുഖം, കലാമണ്ഡലം കൃഷ്ണന്‍ നായരെയും പത്‌നി കല്യാണിക്കുട്ടി അമ്മയെയും ഒരുമിച്ചിരുത്തിയുള്ള സംഭാഷണം, എം.ജി. രാമചന്ദ്രന്‍, സ്വാമി ചന്ദ്രശേഖര സരസ്വതി തുടങ്ങിയവരുമായുള്ള 'സ്‌കൂപ്പ്' മുഖാമുഖങ്ങള്‍ തുടങ്ങി പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെയ്തതെല്ലാം എഴുത്തിനെ പോഷിപ്പിച്ചിട്ടേയുള്ളൂ.

കലാമണ്ഡലം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. പൊതുവേ കേരളീയ കലാരംഗങ്ങളില്‍ വന്ന മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നു.

മാറ്റം അനിവാര്യമാണ്. എങ്കിലും അത് ആശാസ്യമാകണമെന്നുമാത്രം. ഉറൂബ് എന്നോട് പറഞ്ഞ ഒരു വസ്തുത ഇങ്ങനെ: കേരള കലാമണ്ഡലത്തില്‍ ഒരു കഥകളി സെമിനാര്‍: 'കഥകളി - ഇന്നലെ, ഇന്ന്, നാളെ' എന്നതാണ് വിഷയം. ആചാര്യന്മാരൊക്കെ പങ്കെടുക്കുന്നുണ്ട്. വള്ളത്തോള്‍ ആമുഖ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞുവ?േത്ര: സെമിനാര്‍ നടത്തുന്നതൊക്കെ നന്ന്. നാളത്തെ കഥകളിയെപ്പറ്റി പറയുന്നതും കൊള്ളാം. എന്നാല്‍ കഥകളിപരിഷ്‌കരണം, കഥകളിപരിഷ്‌കരണം എന്നൊക്കെ പറഞ്ഞ് അവനവന്റെ മനസ്സിലെ ചേറും ചെളിയും ഈ കഥകളിപ്പെട്ടിയില്‍വെച്ച് തേയ്ക്കാനാണ് ഭാവമെങ്കില്‍ ഒരു സംശയവുമില്ല ആ കൈ ഞാന്‍ വെട്ടിമാറ്റും. മാറ്റം അപചയമാണോ വിജയമാണോ എന്ന് തീരുമാനിക്കുന്നത് കാലമാണ്.

ജോസഫ് മുണ്ടശ്ശേരിയുടെ കേട്ടെഴുത്തുകാരനായിട്ടാണല്ലോ (ശിഷ്യനായിട്ടും) നവജീവനില്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. മുണ്ടശ്ശേരിയിലെ പത്രാധിപരെ ഓര്‍മിക്കൂ.

എസ്.കെ. ഡാങ്കേ, പി. രാമമൂര്‍ത്തി തുടങ്ങിയവരുടെ പ്രസംഗം തര്‍ജമ ചെയ്യാന്‍ എന്നെ അയക്കുമായിരുന്നു. എന്നിട്ടത് വാര്‍ത്തയുമാക്കണം. മുണ്ടശ്ശേരി മാസ്റ്ററുടെ പ്രസംഗം കേട്ടെഴുതിക്കൊണ്ടായിരുന്നു എന്റെ പത്രപ്രവര്‍ത്തനത്തുടക്കം. 'അഥവാ പ്രഥമവും പ്രധാനവുമായ', 'ഘടകോപഘടകസുഘടിതമായ' തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഉണ്ടാകും. പ്രേംജി, വയലാര്‍, ഭാസ്‌കരന്‍ മാഷ്, തകഴി തുടങ്ങിയവര്‍ അവിടെ നിത്യരായിരുന്നു. അവരുമായുള്ള സഹവാസമാണ് എന്നെ എഴുത്തിലേക്ക് നയിച്ചത്.

ഒരിക്കല്‍ സാഹിത്യ അക്കാദമി അവാര്‍ഡിന്റെ അന്തിമപരിഗണനയ്ക്കായി മുണ്ടശ്ശേരി മാസ്റ്റര്‍ക്ക് പുസ്തകങ്ങള്‍ കിട്ടി. അഭിപ്രായത്തിലൂടെയാണ് വിധിനിര്‍ണയം. ഇടശ്ശേരിയുടെ പുസ്തകത്തിന് 'തനിക്ക് തന്റേതായി പറയാനുണ്ടാവുക, അത് വായനക്കാരില്‍ തങ്ങിനില്‍ക്കാന്‍ പാകത്തില്‍ എഴുതുക. ഇക്കാര്യത്തില്‍ ഇടശ്ശേരി വിജയിക്കുന്നു.' എന്ന് അഭിപ്രായക്കുറിപ്പ് എഴുതി. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന് 'ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. അനുകൂലമായും പ്രതികൂലമായും' എന്നായിരുന്നു നിരീക്ഷണം. പി. കുഞ്ഞിരാമന്‍ നായരുടെ പുസ്തകത്തിന് 'കാട് വെട്ടിത്തെളിക്കാന്‍ കഴിവുള്ളവരേ ഈ കവിതയിലൂടെ കടന്നുപോകാവൂ' എന്ന് വിശകലന വരിയെഴുതി. വയലാറിന്റെ സര്‍ഗ സംഗീതത്തിന് 'പഴയ കവിതയുടെയും പുതിയ കവിതയുടെയും ഒരേസമയം വക്താവാകുക എളുപ്പമല്ല. അങ്ങനെയുള്ളവര്‍ കുറച്ചുപേരെയുള്ളൂ. അവരില്‍ കരുത്തനായ കവിയാണ് വയലാര്‍ രാമവര്‍മ. വള്ളത്തോള്‍ ശൈലിയെ കടത്തിവെട്ടുന്ന പ്രയോഗങ്ങള്‍ ഈ പുസ്തകത്തില്‍ കാണാം.' എന്ന് വിശദമായി എഴുതി. വയലാറിനാണ് അക്കൊല്ലം അവാര്‍ഡ് ലഭിച്ചതും. ഇതെല്ലാം പകര്‍ത്തി എഴുതാന്‍ കഴിഞ്ഞു. മുണ്ടശ്ശേരി മാസ്റ്ററുടെ കാവ്യദര്‍ശനവും ആദര്‍ശവും ഇവിടെ വ്യക്തമാവുകയാണ്. എന്ത് എഴുതണം എന്നതിനപ്പുറം എന്ത് എഴുതാതിരിക്കണം എന്ന് ഞാന്‍ പഠിച്ചത് മുണ്ടശ്ശേരിക്കളരിയില്‍നിന്നാണ്.

രണ്ടായിരത്തോളം പാട്ടുകള്‍ എഴുതി, ഇറുപത്തിയാറ് പുസ്തകങ്ങളായി, ഈ 85-ാം വയസ്സില്‍ ആരായി അറിയപ്പെടാനാണ് മോഹം.

ഗുരുവായൂര്‍ ക്ഷേത്രത്തിലെയും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെയും കഴകപ്രവൃത്തിക്കാരന്‍ എന്ന് അറിയപ്പെടുകയാണ് മറ്റ് എന്ത് വിളിക്കുന്നതിലും വലിയ പുരസ്‌കാരം. അതാണ് എന്റെ അടിസ്ഥാനസ്വത്വം. അതിനുമപ്പുറം ഒരു ആത്മാനന്ദമില്ല.

Content Highlights: writer Chowalloor Krishnankutty interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented