സി. രാധാകൃഷ്ണൻ
ഭാവനയും ശാസ്ത്രവും ദാര്‍ശനികതയും സംഗമിക്കുന്ന മനസ്സും രചനാലോകവുമാണ് സി. രാധാകൃഷ്ണന്റേത്. മലയാളസാഹിത്യത്തിലെ ബൃഹദാഖ്യാനങ്ങളുള്ള ഈ രചയിതാവിന്റെ ഏറ്റവും പുതിയ നോവല്‍ 'കാലം കാത്തുവെക്കുന്നത്' കഴിഞ്ഞദിവസം പുറത്തിറങ്ങി. തന്റെ രചനയുടെയും ചിന്തകളുടെയും ലോകത്തെക്കുറിച്ചാണ് സി. രാധാകൃഷ്ണന് ഇവിടെ സംസാരിക്കുന്നത്.
ശാസ്ത്രജ്ഞനായ അങ്ങ് എഴുത്തുകാരനായിത്തീര്ന്നതിനു പിന്നില്‍, എഴുത്തു നല്കുന്ന സാന്ത്വനത്തെക്കുറിച്ചുകൂടി ഒന്നു പങ്കുവെക്കാമോ?
ഉപരിപഠനം സയന്‍സില്‍ മതി എന്ന് അച്ഛന് ഉറപ്പിച്ചുപറഞ്ഞു. എഴുത്തില്‍ എനിക്കുള്ള താത്പര്യത്തെയും സ്കൂളിലെ സാഹിത്യമത്സരങ്ങളില് സമ്മാനങ്ങള്‍ കിട്ടുന്ന കാര്യവും അച്ഛന് അറിയാമായിരുന്നു. പക്ഷേ, ഒരിക്കല്‍ സ്കൂള്‍ നോട്ടുബുക്കില്‍ കവിത കുറിക്കുന്നതു കണ്ടപ്പോള്‍ ശാസിക്കുകയാണ് ചെയ്തത്. ഇതൊരു നല്ല പുറപ്പാടല്ല. പിന്നെ മാതൃഭൂമിയുടെ നോവല്‍ മത്സരത്തില്‍ സമ്മാനവും അടുത്ത ആണ്ടില്‍ത്തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കിട്ടിയപ്പോഴേ പറഞ്ഞുള്ളൂ: ''കവിതയോട് ഇഷ്ടക്കുറവുകൊണ്ടല്ല, നിന്റെ നാളെയെ കരുതിയാണ് ഞാന്‍ അന്നങ്ങനെ...'' തുടര്‍ന്ന് ആരോടെന്നില്ലാതെ പിറുപിറുത്തു: ''മാറ്റിയുടുക്കാന്‍ മുണ്ടില്ലാത്തതിനാല് പുഴയിലെ മണലില്‍ വിരിച്ച ഈറന്‍, ഉണങ്ങുംവരെ നാമം ജപിക്കുകയാണ് എന്ന ഭാവേന ഉടുക്കാതെ നില്ക്കുന്ന വി.സി. ബാലകൃഷ്ണപ്പണിക്കര്‍... മരുന്നിനെന്നല്ല ഭക്ഷണത്തിനുപോലും വകയില്ലാതെ നരകിക്കുന്ന രോഗിയായ ചങ്ങമ്പുഴ, കടം വാങ്ങി അച്ചടിപ്പിച്ച ഋഗ്വേദപരിഭാഷ ചണസഞ്ചിയിലാക്കി നാട്ടിലെ വലിയവരുടെ വീടുകളില്‍ വില്‍പ്പനയ്ക്ക് ചെല്ലുന്ന വള്ളത്തോള്‍...''
എന്നെ സ്നേഹിക്കുന്നവരുടെ ക്ലേശങ്ങള്‍ അകറ്റാന്‍ തക്ക സാഹചര്യങ്ങള്‍ ഒരുക്കി ബാക്കിയുള്ള സമയംകൊണ്ടാവാം സാഹിത്യം എന്നാണ് ഞാനും വിചാരിച്ചത്. എന്നിട്ടോ പിറകോട്ട് എത്ര ആഞ്ഞുവലിഞ്ഞിട്ടും എഴുത്തില്‍ത്തന്നെ എത്തി! സ്വധര്‍മം അനുഷ്ഠിക്കാന്‍ മടിക്കുന്നവരോട് ഗീതാകാരന്‍ പറയുന്നത്. എത്ര സത്യം! എഴുത്ത് നല്കുന്ന സന്തോഷത്തിന് നാലയലത്തുവരുന്ന വേറെ ഒന്നും ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. സ്വധര്‍മം എന്തെന്ന അന്വേഷണത്തിന് ഈ ആനന്ദം തന്നെ മറുപടി. ബുദ്ധി ഉറയ്ക്കുമ്പോഴേ രണ്ടു കാര്യങ്ങളില്‍ താത്പര്യമുണ്ട് എന്നാണ് ഓര്മ. ഒന്ന് സ്വന്തം അമ്മ ഉള്‍പ്പെടെ എന്റെ ചുറ്റുപാടുമുള്ള നല്ലവരായ ആളുകള്‍ക്ക് സങ്കടം എന്തുകൊണ്ട് എന്നറിയാനും പരിഹരിക്കാനുമുള്ള മോഹം. രണ്ട്, കവിത,
ഇതിഹാസങ്ങള്‍ ഉള്‍പ്പെടെയുള്ള മഹാകാവ്യങ്ങള്‍ മനുഷ്യ ദുഃഖത്തിന്റെ കാര്യകാരണങ്ങള്‍ ചികയുന്നതായി കണ്ടു. അങ്ങനെ ഭാഷയും സാഹിത്യവും ഇഷ്ടവിഷയങ്ങളായി. അക്കാലത്തു തന്നെയാണ് ശരിയായ അറിവുണ്ടായാല്‍ സങ്കടങ്ങള്‍ ഉയിര്‍ക്കില്ല എന്ന് മുത്തച്ഛന് പറഞ്ഞുതന്നതും. ശാസ്ത്രത്തില്‍ നിന്നേ ശരിയായ അറിവ് ഉണ്ടാവൂ എന്നും പറഞ്ഞു. (ശാസ്ത്രം എന്നാല്‍, സയന്‍സ് എന്നാണ് ഞാന്‍ അന്നൊക്കെ ധരിച്ചത്. സയന്‍സ് എന്ന വാക്കിന് പരിഭാഷ ഇപ്പോഴും അതാണല്ലോ.) ഉദാഹരണത്തിന് വൈദ്യുതി എന്തെന്നറിഞ്ഞാല്‍ ഷോക്കേല്‍ക്കുന്നത് ഒഴിവാക്കാം... സയന്‍സ് കുറച്ച് പഠിച്ചപ്പോള്‍ ഈ സമീപനത്തില്‍ രണ്ടു കുഴപ്പങ്ങള്‍ കണ്ടുകിട്ടി. സയന്‍സ് നേടുന്ന അറിവുകള്‍ മിക്കതും ലോകത്ത് നല്ലതിനല്ല ഉപയോഗിക്കപ്പെടുന്നത് എന്നും സയന്‍സ് എത്ര വളര്‍ന്നിട്ടും കാര്യകാരണച്ചങ്ങലയുടെ അവസാനം അപ്രത്യക്ഷമായിത്തന്നെ ഇരിക്കുന്നു എന്നും. ഇതോടെ പഠനലക്ഷ്യങ്ങളുടെ ദിശ മാറി സയന്‍സ് ഉപയോഗിക്കപ്പെടുന്നതിന്റെ രീതിയില്‍ മാറ്റംവരുത്താന്‍ സമൂഹത്തിന് കഴിയണം, ദിശാമുഖം തിരുത്തി സയന്‍സിന്റെ സത്യാന്വേഷണത്തിലേക്ക് കൊണ്ടുവരണം.
ഇതിന് രണ്ടുമുറകള്‍ തേടിപ്പിടിച്ചു. നിലവിലുള്ള സയന്‍സിന്റെ ഉള്ളറകള്‍ ജനസാമാന്യത്തിന് പരിചയപ്പെടുത്തി സയന്‍സിന്റെ ദുരുപയോഗം തടയാന്‍ ജനാഭിലാഷം വളര്‍ത്തുക, ഇതോടൊപ്പം സയന്‍സ് എന്ന അറിവില്‍ കണ്ട ചില പൊരുത്തക്കേടുകള്‍ നീക്കാനും ശ്രമിക്കുക. ആദ്യത്തേത് പോപ്പുലര്‍ സയന്‍സിലെ പ്രവര്‍ത്തനങ്ങളിലേക്കും രണ്ടാമത്തേത് പ്രപഞ്ച വിജ്ഞാനീയത്തില്‍ മൗലിക ഗവേഷണത്തിലേക്കും നയിച്ചു. ഈ മാര്‍ഗങ്ങളില്‍ കുറെ മുന്നേറിയപ്പോള്‍ വേറെ രണ്ടു നിഗമനങ്ങളില്‍ എത്തി. വഴിപിഴച്ച പോക്കില്‍നിന്ന് സയന്‍സിനെ പിന്തിരിപ്പിക്കാന് അല്ല, പിഴച്ച സയന്‍സിന് പ്രസിദ്ധി ഉണ്ടാക്കാന്‍ മാത്രമാണ് നിലവില്‍ പോപ്പുലര്‍ സയന്‍സ് ഉതകുന്നത്. ദിശാമാറ്റത്തിലേക്ക് നയിക്കാനുതകുന്ന അടിസ്ഥാന ആശയങ്ങളെ നിലവിലുള്ള സയന്‍സ് നഖശിഖാന്തം എതിര്‍ക്കുന്നു. അതായത് ആധുനിക സയന്‍സ് അതിന്റെതന്നെ യാഥാസ്ഥിതികതയുടെ തടവറയിലാണ്. ഇതോടെ പോപ്പുലര്‍ സയന്‍സ് പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍വാങ്ങി. മൗലികഗവേഷണം ഒരു സ്വകാര്യവെല്ലുവിളിയായി തുടര്‍ന്നു -അംഗീകാരം ഒന്നും ഉണ്ടായില്ലെങ്കിലും എനിക്ക് വ്യക്തത കൈവരുമല്ലോ.
അക്കാലത്താണ് എഴുത്താണ് സഹജവൃത്തി എന്ന് അത്യന്തികമായി തിരിച്ചറിയുന്നതും അതില്‍പ്പിന്നെ, മനുഷ്യദുഃഖത്തിന് സാഹിത്യത്തിലൂടെ പരിഹാരമുണ്ടാക്കാന്‍ ആവത് ശ്രമിച്ചുപോരുന്നു. അനുബന്ധമായി ഒരുകാര്യം കൂടി സൗന്ദര്യാവിഷ്കാരത്തിന് കാളിദാസകൃതികളെയും മൂല്യസംസ്ഥാപനത്തിന് ഇതിഹാസങ്ങളെയുമാണ് മാതൃകയായി കണ്ടത്.
ജീവിതത്തെ ഒട്ടുവളരെ പരീക്ഷിച്ച ആള്, ശാസ്ത്രമേഖലയില്‍ നിന്നും പത്രപ്രവര്‍ത്തനരംഗത്തേക്കും ഒടുവില്‍ എഴുത്തെന്ന മേഖലയില്‍ സ്വധര്മത്തെക്കൂടി കണ്ടെത്തിയ വ്യക്തി, അഹംഭാവത്തെ കുറച്ചുകൊണ്ടുവരുക എന്നതിനെ ജീവിതമൂല്യമായി കരുതുന്ന ആള്, ഉപദ്രവിക്കുന്നവരെപ്പോലും ഗുരുനാഥന്മാരായി കരുതാന്‍ ഇഷ്ടപ്പെടുന്നയാള്‍, ജീവിതത്തില്‍ അനുഭവിക്കുന്ന ഭാഗ്യത്തെയും സംതൃപ്തിയെയും ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന എഴുത്തുകാരന് എന്താണ് അങ്ങേയ്ക്ക് സമൂഹത്തോടു പങ്കുവെക്കാനുള്ളത്?
ജീവിതംകൊണ്ട് പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നില്ല. യഥാകാലം യഥായോഗ്യം ജീവിക്കുക മാത്രമായിരുന്നു. വാസനകളാണ് മുന്‍നടന്നത്. അവയാകട്ടെ ആര്ജിതം എന്നതിലേറെ നൈസര്‍ഗികമായിരുന്നു. സയന്‍സ് പഠിക്കാനും അതിന്റെ പ്രയോഗത്തില്‍നിന്ന് വഴിതിരിഞ്ഞു പോരാനും അതുപോലെ പോപ്പുലര്‍ സയന്‍സ് പത്രപ്രവര്‍ത്തനത്തിലേക്ക് ചെല്ലാനും അവിടെനിന്ന് തിരിച്ചുപോരാനും ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ച് നേരത്തേ പറഞ്ഞല്ലോ. സയന്‍സിനെ മൂല്യാധിഷ്ഠിതമാക്കാന്‍ സമൂഹത്തെ മാറ്റിപ്പണിയേണ്ടതുണ്ട് എന്ന ബോധ്യത്തില്‍നിന്നാണ് പിന്നീട് പത്രപ്രവര്‍ത്തനത്തിന്റെ മുഖ്യധാരയിലേക്കുതന്നെ വരുന്നത്. അതും നടപ്പില്ല എന്ന് തിരിച്ചറിഞ്ഞതോടെ അടിസ്ഥാനം സയന്‍സിലും എഴുത്തിലും മാത്രമായി. ഈ ഗതിവിഗതികള്‍ ഒന്നും ഞാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ല ഭവിച്ചത്.
ആനമലയില്‍നിന്ന് ഉദ്ഭവിക്കുന്ന ഭാരതപ്പുഴ പൊന്നാനിയില്‍ കടലെത്തുംമുമ്പുള്ള വളവുതിരിവുകള്‍ പുഴ കണ്ടുപിടിച്ചതല്ലാത്തതുപോലെ. നേരു പറഞ്ഞാല്‍, ആ വഴി, പുഴ പിറക്കുന്നതിന് എത്രയോമുമ്പ് അവിടെ കിടക്കുന്നതല്ലേ? അതിലേ ഇങ്ങ് ഒഴുകുക മാത്രമല്ലേ പുഴ ചെയ്യുന്നുള്ളൂ? ഉവ്വ്, അദ്വൈതത്തെ അനുഭവപാഠമാക്കിത്തന്ന മുത്തച്ഛന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട്. ദുഃഖനിവാരണത്തിന് ഞാനെന്ന ഭാവത്തോടാണ് പടപൊരുതേണ്ടതെന്ന് പറഞ്ഞുതന്നത് അദ്ദേഹമാണ്. ആ ഭാവത്തിന്റെ ആധിപത്യത്തിന് തെളിവ് ദുഃഖവും സന്തോഷവും പങ്കിടാനുള്ള മടിയാണ്. ഫലമോ? ദുഃഖം വര്‍ധിക്കുന്നു. സന്തോഷം തുരുമ്പെടുക്കുന്നു! മറിച്ചായാലോ? പങ്കിടുംതോറും സന്തോഷം വര്‍ധിക്കുന്നു. നിലത്തെറിഞ്ഞ പന്തുപോലെ ഉടനെ തിരിച്ചു കിട്ടുന്നതിനാലാണ് ഇത്. ദുഃഖമാകട്ടെ പങ്കിടുംതോറും കുറയുകയാണ് ചെയ്യുന്നത്. അതായത് സുഖമാകണമെങ്കില്‍ എന്തുമെല്ലാതും പങ്കിടണം. അതിന് 'ഞാന്‍' കുടിയൊഴിയുകയോ കീഴടങ്ങുകയോ എല്ലാം 'ഞാന്‍' എന്ന വലിയ ഞാനായി വളരുകയോ വേണം.
എല്ലാവര്ക്കും സന്തോഷമുണ്ടായിക്കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സത്യത്തില്‍ ഇത് സ്വാര്‍ഥമാണ്. കാരണം, അപ്പോള്‍ എനിക്കും ഒരുപാട് ഉണ്ടായിക്കിട്ടുമല്ലോ. ഒറ്റപ്പെടാതിരിക്കാനുള്ള മനഃസ്ഥിതി മനുഷ്യരില്‍ നട്ടുപിടിപ്പിക്കാനാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്. ഞാനെന്ന ചെണ്ടയുടെ രണ്ടു പുറങ്ങള്‍ സയന്‍സും ദാര്‍ശനികതയുമാണ്. രണ്ടും തമ്മില്‍ ആവുംവിധം ശ്രുതി ചേര്‍ക്കാന്‍ ശ്രമിക്കുന്നു. ഈ മേളം അടിസ്ഥാനപരമായി എന്റെ തന്നെ സന്തോഷത്തിനാണ്.
ചുറ്റുപാടുകളുമായി പൂര്‍ണമായും ഇണങ്ങാതെ ലയം സാധ്യമല്ല. ശത്രുതാഭാവം പൂര്‍ണമായും വേരറ്റു കിട്ടണമെന്നുതന്നെ. കാട്ടാളത്തത്തോട് എതിര്‍ക്കാന്‍ അവസരം തന്ന് ഈ ഭാവം എന്നില്‍ നട്ടുവളര്‍ത്താന്‍ പഠിപ്പിച്ചവരെ ഗുരുനാഥരായല്ലേ കാണാനാവൂ.
'കാടത്തത്തോടെതിര്‍ത്തു തോറ്റൊരുവനേ
ഗീതാര്ഥസാരം ഗ്രഹിച്ചീടത്തക്കവനാകയുള്ളൂ.' എന്നറിയുന്നതോടെ കിരാതനും ഗുരുപരമ്പരയില്‍ ഉള്‍പ്പെട്ടുപോകുന്നു
മതം, പാര്‍ട്ടി പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കൂട്ടായ്മകളുടെയും പരിമിതിയെപ്പറ്റി ആവര്‍ത്തിച്ചു പറയുന്ന അങ്ങ് സംഘടനയെ മനുഷ്യനെ വിഭജിക്കുന്ന ഉപാധിയായിട്ടാണു കരുതുന്നത്. എന്നാല്‍, ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനുമൊക്കെ കൂട്ടായ്മയുടെ ക്രിയാത്മകമായ വശത്തെപ്പറ്റി ലോകത്തോടു പങ്കുവെച്ചിട്ടുണ്ട്. സംഘടനയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനെ അംഗീകരിക്കുന്നുണ്ടോ?
നമ്മുടെ ഈ പ്രപഞ്ചം എന്ന ചാക്രിക വികാസസങ്കോച ശൃംഖലയില്‍ ഇപ്പോഴത്തെ അവസ്ഥയുടെ തുടക്കംമുതല്‍ ഇന്നോളം അടിസ്ഥാന പദാര്‍ഥകണങ്ങള്‍ പിറന്നുകൊണ്ടേയിരിക്കുന്നു. നശിച്ചുകൊണ്ടുമിരിക്കുന്നു. ഇതില്‍ ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഒറ്റയ്ക്കുനിന്നാല്‍ ആയുസ്സും സുഖവും കഷ്ടി ആയതിനാല്‍ ഇവ കൂട്ടുചേര്‍ന്ന് സംഘങ്ങളാവുന്നു. അരക്ഷിതാവസ്ഥ അപ്പോഴും തീരാത്തതുകൊണ്ട് ഈ കൂട്ടായ്മകള്‍ വീണ്ടുംവീണ്ടും കൂട്ടുചേരുന്നു.'' -മഹാപ്രപഞ്ചത്തില്‍ കലാശിക്കും വരെ ഇത്തരം സംഘങ്ങളാണ് പ്രപഞ്ചത്തിലെ ഉരുവങ്ങള്‍ ചേര്‍ന്നുള്ള നില്പാണ് സൃഷ്ടിയുടെ രഹസ്യം. ചേരാനുള്ള വാസനയുടെ പ്രകടനമാണ് ബലങ്ങള്‍. പ്രത്യക്ഷത്തില്‍ എല്ലാം വേറെയാണെങ്കിലും യഥാര്‍ഥത്തില്‍ എല്ലാംകൂടി ഒന്നാണല്ലോ. അതിനാല്‍ ചര്‍ച്ചയും ചേര്‍ച്ചയുമാണ് സ്വാഭാവികവും സുഖകരവും. ഒത്തുപിടിക്കുക എന്നാണ് ചുവരെഴുത്ത്. പുരാതന ദാര്‍ശനികര്‍ ഇതിനെ യജ്ഞഭാവന എന്നുവിളിച്ചു. ഇത് സാധിക്കാനുള്ള അറിവിനെ യോഗവിദ്യ എന്നും. ചേര്‍ന്നുള്ള നില്‍പ്പ് എന്നാണല്ലോ യോഗശബ്ദത്തിന്റെ അക്ഷരാര്‍ഥം.
മനുഷ്യര്‍ തമ്മില്‍ മാത്രമല്ല എന്തിനെ ഏതില്‍നിന്നും മാറ്റിനിര്‍ത്താനുള്ള ശ്രമം ദുഃഖമേ ഉളവാക്കൂ. ചേര്‍ന്നു നില്‍ക്കാനുള്ള ഉത്സാഹമാണ് ജീവന്റെ ലക്ഷണമായ ഞാന്‍ എന്ന ഭാവത്തിന്റെ സ്വാഭാവിക മുഖമുദ്ര. വിയോഗവാസന ദുഃഖം കാരണമാണ്. വിഘടനവാസന മുതലക്ഷണവും. സമുദായ ശിഥിലീകരണം മുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍വരെ നോക്കൂ. കാര്യം വ്യക്തമാണല്ലോ! 'നമ്മള്' എന്നതിനുപകരം 'ഞങ്ങള്‍-നിങ്ങള്‍' എന്ന് ആയിത്തീരുന്നു. ഞങ്ങള്‍ക്ക് അധികാരം കൂടി കൈവരുന്നതോടെ 'ഞങ്ങള്‍' പറയുന്ന എന്തും 'നിങ്ങള്‍' അനുസരിക്കണമെന്നാവും. തൊഴിലാളി സംഘടനകള്‍ മുതല്‍ സന്ന്യാസസമുദായങ്ങള് വരെ ഈ അപചയം സംഭവിക്കുന്നു. അതോടെ 'മിഷന്' മറ്റെന്തെങ്കിലും കാര്യസാധ്യത്തിനുള്ള മെഷീന് ആയി മാറിത്തീരുന്നു. മരുന്ന് വിഷമായിപ്പോകുന്നു.
23-ാം വയസ്സില്‍ അവാര്‍ഡ്, ദാരിദ്ര്യമനുഭവിച്ച ജീവിത സാഹചര്യം, എഴുത്തുകാരില്‍ നിന്നുതന്നെ അവഗണിക്കപ്പെട്ട വ്യക്തി, അവരുടെതന്നെ വിമര്‍ശനങ്ങള്‍(കെ.പി. അപ്പന്) 'തീക്കനല്‍ കടഞ്ഞ തിരുമധുരം' എന്ന നോവലിനെ പലരും സമീപിച്ച രീതികള്‍ - ഒക്കെ വെച്ചുകൊണ്ടു ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാന്‍, പാകമാക്കാന്‍ തിക്താനുഭങ്ങള്‍ നല്കിയ പങ്കിനെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?
ഏതെങ്കിലും ഒരു കക്ഷിയുടെയോ താത്പര്യത്തിന്റെയോ വിഭാഗീയവും അതിനാല്‍ വര്‍ജ്യവുമായ താത്പര്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ കാലങ്ങളില്‍ സമൂഹത്തില്‍ പ്രാമുഖ്യം കിട്ടാന്‍ എളുപ്പമാര്‍ഗം. ആത്മനാശകരമായ ആ വഴി സ്വീകരിക്കാതിരിക്കാന്‍ ഉള്ള വിവേകം ജന്മസിദ്ധമായതുകൊണ്ടാവാം രക്ഷപ്പെട്ടത്. എഴുത്തുകൊണ്ട് പണമോ പേശിബലമോ ഉണ്ടാക്കാന്‍ തോന്നിയില്ല. ഉണ്ടായിക്കിട്ടിയ പ്രശസ്തി കൂടുതല്‍ പ്രശസ്തി ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടില്ല. ഓര്‍ക്കാപ്പുറത്ത് കിട്ടുന്ന കുളിര്മഴപോലെയല്ലാതെ ഞാന്‍തന്നെ എന്റെ തലയില്‍ കോരിയൊഴിക്കുന്ന വെള്ളംപോലെ ഒരു പുരസ്കാരവും എനിക്ക് സ്വീകരിക്കേണ്ടി വന്നിട്ടില്ല. എന്റേതായ ഒരു സംഘം ഉണ്ടാക്കാനോ എന്നെപ്പറ്റി നല്ലതുപറയാന്‍ ആരെയെങ്കിലും പ്രേരിപ്പിക്കാനോ ശ്രമിച്ചില്ല. ശകാരങ്ങള്‍ നേരത്തേ പറഞ്ഞപോലെ കിരാതാനുഗ്രഹങ്ങളായി കണക്കാക്കി. മറുപടികള്‍ വസ്തുതാപരമായി, സൗമ്യമായിമാത്രം നല്കി. തിരിഞ്ഞുനോക്കുമ്പോള്‍ 'അയ്യേ!' എന്നു തോന്നാനുള്ള ഒരു കാര്യവും പൊതുജീവിതത്തില്‍ ചെയ്യാത്തതിന്റെ ചാരിതാര്‍ഥ്യം ചില്ലറയല്ല.
മുത്തച്ഛന് പകര്‍ന്നുതന്ന ക്ഷമയും ശാന്തതയും കാത്തു. 'ക്ഷമാബലമശക്താനാം ശക്താനാം ഭൂഷണം ക്ഷമ' എന്ന് പാടിപ്പഠിപ്പിക്കുക മാത്രമല്ല അതിന് ഉദാഹരണമാകുകകൂടി ചെയ്തു സ്വജീവിതം കൊണ്ട് അദ്ദേഹം. ഈ വിഷയത്തില്‍ രണ്ട് പ്രധാന അറിവുകള്‍ അദ്ദേഹം തന്നു. ഒന്ന് ഇഷ്ടപ്പെട്ടില്ലെങ്കിലും ചിലപ്പോള്‍ വിമര്‍ശനങ്ങളില്‍ ശരി ഉണ്ടാകാം. രണ്ട്, വിവരക്കേടാണ് പറയുന്നതെങ്കിലും ആ വിവരക്കേട് മാറ്റിനിര്‍ത്തിയാല്‍ പറയുന്ന ആളും കേള്‍ക്കുന്ന ഞാനും ഒന്നുതന്നെയാണ്. 'ആത്മൗപന സര്‍വ്വ സമം...' ഗുരുപരമ്പരയുടെ അനുഗ്രഹം കൊണ്ടാവാം, ചക്ക വീണ് മുയലിനെ കിട്ടിയപോലെ, നന്നേ ചെറുപ്പത്തില്‍ ആദ്യകൃതിക്കുതന്നെ ചെറുതല്ലാത്ത അംഗീകാരം ലഭിച്ചു. അത് ഒരു മുഴുജീവിത കാലത്തേക്ക് മതിയായ പാഥേയവും ഊര്‍ജവുമായി.
ജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച ഏതെങ്കിലും സംഭവങ്ങള്‍ അതു നോവല്‍ രചനയുടെ ഉള്ളറകളിലേക്കു പോകാന്‍ സഹായിച്ചിട്ടുണ്ടോ? എഴുത്തു ജീവിതത്തെ മെനഞ്ഞെടുത്തു എന്നുള്ള അങ്ങയുടെതന്നെ ജീവിതസത്യവാക്യത്തെ ഒന്നു വിശദമാക്കാമോ? അല്ലെങ്കില്‍ എഴുത്ത് ഒരു തപസ്സാകുന്നു എന്ന കാര്യത്തെ സ്വന്തം ജീവിതത്തിലൂടെ ഒന്നു പറഞ്ഞുതരാമോ?
എന്റെ എന്നല്ല ആരുടെയും ജീവിതത്തെ രൂപപ്പെടുത്തുന്നത്. ആ ആളുടെ ആത്മാവിഷ്കാരങ്ങളാണ്. ഓരോ ആത്മാവിഷ്കാരവും സത്യത്തില്‍ ഓരോ അതിജീവനക്രിയയാണ്. വാക്കായാലും നോക്കായാലും ചിന്തയായാലും സ്വപ്നമായാല്‍ പോലും ഇത് ശരിയാണ്. എനിക്ക് കണ്ടുകിട്ടിയ നൈസര്‍ഗികമായ ആത്മാവിഷ്കാരരീതി എഴുത്താണ്. ഞാന്‍ അതിനെ രൂപപ്പെടുത്തുന്നു, അതോടൊപ്പം അത് എന്നെയും രൂപപ്പെടുത്തുന്നു. രണ്ടു സഹായങ്ങള്‍ ഒപ്പം ചെയ്യുന്നു. അത് അതിജീവനത്തിന് തുണയ്ക്കുന്നു. കൃതകൃത്യതയിലേക്ക് നയിക്കുന്നു. എനിക്ക് അഭിമുഖീകരിക്കേണ്ടിവന്ന ഭാവപരമായ ഓരോ പ്രശ്നത്തിന്റെ നിര്‍ദ്ധാരണമാണ് ഓരോ കൃതിയും.
സയന്‍സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഓരോ പ്രോബ്ലവും അതിന്റെ സൊലൂഷനും നിലനില്‍പ്പിന് ഏറ്റ അലോസരം നീക്കി അത് ലയം തന്നു. മറ്റെല്ലാം മറന്ന് ശ്രദ്ധകേന്ദ്രീകരിച്ചാലേ ഫലപ്രദമായ ആത്മാവിഷ്കാരം നടപ്പുള്ളൂ. അതിനാല്‍ ഇത് തപസ്സാണ് എന്ന് വേണമെങ്കില്‍ പറയാം. ഓരോ കൃതിക്കും കാരണമായ ഭാവപരമായ പ്രശ്നം വെവ്വേറെ ആയതുകൊണ്ട് രണ്ടു കൃതികള്‍ ഒരുപോലെ ഇരിക്കുന്നില്ല. കാമ്പിന്റെ വ്യത്യാസമനുസരിച്ച് ഊടും പാവും ശൈലിയും പ്രകൃതവും എല്ലാം മാറുന്നു. ഓരോ പിറവിയും തനത്. ഒരേ കീര്‍ത്തനം ഒരേ രാഗത്തിലും താളത്തിലും പാടുമ്പോഴും മനോധര്‍മം കൊണ്ട് ആനന്ദം അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യാം. ക്ലാസിക് കലകളില്‍ ഇതേ പറ്റൂ. സാഹിത്യമാകട്ടെ സര്‍വതന്ത്ര സ്വതന്ത്രമായ ഒരു കലയാണ്. പക്ഷേ, എല്ലാം മാറിവരുമ്പോള്‍ നിര്‍മിതിയില്‍ അപരിചിതത്വം വര്‍ധിക്കുന്നു. അതിനെയും മറികടന്നു വേണം അനുവാചകരില്‍ ആനന്ദാനുഭൂതിയുടെ പൂക്കള്‍ വിരിയാന്‍. പ്രയാസം കുറച്ച് അധികമുണ്ട്. വിജയിക്കുമ്പോള്‍ ആനന്ദവും അത്രത്തോളം ഏറെ പുതിയ മേച്ചില്‍പ്പുറങ്ങളുടെ സുഖം തന്നെ അസല്‍ സുഖം! സ്വയം അതിക്രമിക്കലിനെ അല്ലേ വളര്‍ച്ച എന്ന് പറയാന്‍ പറ്റൂ.
മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ സങ്കേതങ്ങളെ കൊണ്ടുവന്ന ആളാണ് അങ്ങ്. അങ്ങയുടെ പല നോവലുകളിലും സമയം, ഒരു അമൂല്യമായ കഥാപാത്രമായി കടന്നുവരാറുണ്ട്. ഇതു മനഃപൂര്‍വം പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു കാര്യം തന്നെയാണോ?
എഴുത്തില്‍ നിലവിലുള്ള സങ്കേതങ്ങള്‍ മിക്കപ്പോഴും സ്വീകരിച്ചിട്ടില്ലെങ്കിലും ബോധപൂര്‍വം ഒരു പുതിയ സങ്കേതവും കൊണ്ടുവന്നിട്ടില്ല. വഴിമാറി നടന്നത് ഉള്ളില്‍നിന്ന് വന്ന ഉണര്‍ത്തുകള്‍ മാത്രം. കാരണം, മുന്‍വെച്ച കാല് ഒരിക്കലും പിന്നോട്ടെടുക്കാത്ത കണിശക്കാരനാണ് സമയം. അതു നമ്മെ ഭീഷണിപ്പെടുത്തുകയും ഒപ്പം ആശ്വസിപ്പിക്കുകയും ചെയ്യുന്നു. അനിവാര്യമായ മരണത്തോട് ഓരോ നിമിഷവും അടുക്കുന്നു എന്നതാണ് ഭീതിയുടെ കാരണം. സന്തോഷമുള്ള നേരമാണെങ്കില്‍ അത് കഴിഞ്ഞു പോകുമല്ലോ എന്നും ഉണ്ട്. ആരുടെയും മോഹഭംഗങ്ങള്‍ക്കും ദുഃഖത്തിനും കാലം കുറച്ചെങ്കിലും പരിഹാരമാവും എന്നതാണ് ആശ്വാസം. സൃഷ്ടിക്രിയയും കാലവും അഭേദ്യമാണല്ലോ. സൃഷ്ടി തുടങ്ങുന്നത് കാലം തുടങ്ങുന്നതോടുകൂടിയാണ്. അഥവാ, മറിച്ചും പറയാം. അതിനാല്‍ വിശ്വരൂപദര്‍ശനം കാലദര്‍ശനം തന്നെ! ഭാവനകൊണ്ട് നമുക്ക് കാലത്തിന് സ്ലോമോഷനും ഫാസ്റ്റ്മോഷനും നല്‍കാം. റിവേഴ്സില്‍ ഓടിച്ചാല്‍ കഴിച്ച ഭക്ഷണം തിരികെ മുന്നില്‍ കൂമ്പാരം കൂടി വരുന്നതുപോലെ തമാശയും കാണാം. കാലത്തെ കറിക്ക് നുറുക്കി താളമേളങ്ങള്‍ തീര്‍ത്ത് രസിക്കാം. പക്ഷേ, മഹാഗുരുത്വത്തിന്റെ അരുമക്കിടാവിനുപോലും സ്വന്തമാകാന്‍ കാലം മടിക്കുന്നു. കാരണം, ഗുരുത്വാകര്ഷണത്തിനുപോലും അന്തകനായി കാലത്തിന് ഭവിക്കേണ്ടിവരും.
കാലം ഇന്നും മനീഷികള്‍ക്ക് ഒരു സമസ്യയായിരിക്കാനുള്ള കാരണം, മോഡേണ്‍ സയന്‍സും പൗരാണിക ദാര്‍ശനികതയും കാലത്തെ സങ്കല്പിക്കുന്ന രീതികള്‍ തമ്മില്‍ ഇനിയും പൊരുത്തം വന്നിട്ടില്ലാത്തതാണ്. അതു വരുത്താന്‍, മറ്റുപലരെയും എന്നപോലെ, കഴിവതെല്ലാം ചെയ്യാന്‍ എളിയ രീതിയില്‍ ഞാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാലത്തിന്റെ സഹായമില്ലാതെ സയന്‍സിന് ഒന്നും കണക്കുകൂട്ടാന്‍ കഴിയില്ല. പൗരാണിക ദാര്ശനികപ്രകാരമാണെങ്കിലോ സൃഷ്ടി തുടങ്ങുംവരെ കാലം ചുരുണ്ടു കിടക്കുകയാണ്. നിര്‍ജീവം. അതിനാല്‍, സൃഷ്ടിയുടെ ആദ്യ നിമിഷങ്ങളെക്കുറിച്ച് മതിയായ വിശദീകരണമില്ലാതെ സയന്‍സ് ഇപ്പോഴും അന്തിച്ചുനില്‍ക്കുന്നു. ജനനവും മരണവും ഇല്ല എന്നാലും കാലത്തിനും ഉണര്‍ച്ചയും ഉറക്കവും ഉണ്ട് എന്ന് കരുതിയാല്‍ പ്രശ്നം തീരും. പക്ഷേ, സയന്‍സിന് പഴക്കംചെന്ന ചില നിലപാടുകള്‍ തിരുത്തേണ്ടിവരും എന്നതുകൊണ്ട് ഈ ആശയം ഇനിയും സ്വീകാര്യമായിട്ടില്ല.
നിളയെക്കുറിച്ചും മറ്റുമൊക്കെ പരിതപിക്കാറുള്ള അങ്ങ് പ്രകൃതിസംരക്ഷണത്തില്‍ ഭാരതീയമായ കാഴ്ചപ്പാടുകളെ എങ്ങനെയാണു നിരീക്ഷിക്കുന്നത്?
പരിസ്ഥിതിയുടെ കാര്യം ഒരു വലിയ തമാശയാണ്. പരിസ്ഥിതി നന്നാവണമെന്ന് എല്ലാവരും പറയുന്നു. അതേസമയം ദിനംപ്രതി അത് കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തില്‍ മനുഷ്യനൊഴികെ മറ്റൊരു ജീവിയും പ്രകൃതിക്ക് അപരിഹാര്യമായ അംഗഭംഗം വരുത്തുന്നില്ല. പക്ഷേ, ഇത് ചെയ്യാന്‍ മനുഷ്യനെ സഹായിക്കുന്ന ടെക്നോളജിതന്നെയാണ് ഭൂമുഖത്തുള്ള ഭൗതിക സൗകര്യങ്ങള്‍ക്ക് മുഴുവന്‍ ഉപാധിയും. കയ്ച്ചിട്ട് ഇറക്കാന്‍ വയ്യ, മധുരിച്ചിട്ട് തുപ്പാനും. എന്നാല്‍, ഇപ്പോള്‍ സയന്‍സ് കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ ഇനി രണ്ടു പതിറ്റാണ്ടിലേറെക്കാലം ഭൂമുഖത്ത് ഒരു ജീവനും പുലരാനാവില്ല എന്ന്. മധുരം അല്പം കുറച്ചേ തീരൂ എന്നു തീരുമാനിച്ചിട്ടും കുറയ്ക്കാന്‍ കഴിയുന്നുമില്ല.
ജീവിതത്തില്‍നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരം ശരിയാകാത്തതിന്റെ കുഴപ്പം തന്നെയാണ് ഇത്. ശരിയായ അവബോധം കൈവരാതെ ഇതിന് പരിഹാരം ഉണ്ടാവില്ല. ഇവിടെയാണ് പഴയ ചില ധാരണകള്‍ പ്രസക്തമാകുന്നത്. പക്ഷേ, ഇത് പറഞ്ഞാല്‍ പറഞ്ഞവരുടെ പുറത്ത് ഏവര്‍ക്കും പരിചിതമായ ഒരു ചീത്തപ്പേരിന്റെ ചാപ്പ വീഴുന്നു. 'കണ്ടതു പറഞ്ഞാല്‍ കഞ്ഞിയില്ല' എന്നുകൂടി പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടല്ലോ! പ്രായോഗിക പരിസ്ഥിതിശാസ്ത്രത്തിനുവേണ്ട മുഴുവന്‍ ദര്‍ശനവും ഈശോവാസ്യോപനിഷത്തിന്റെ ആദ്യത്തെ ശ്ലോകത്തില്‍ത്തന്നെ ഉണ്ടല്ലോ. ഇപ്പറഞ്ഞതിന് ഒരു മതത്തിന്റെ 'ചുവ' ഉണ്ടെന്നാണെങ്കില്‍ വേണ്ട, അമേരിക്കയിലെ ചുവന്ന ഇന്ത്യക്കാരുടെയും ടിബറ്റിലെ പഴയ നാട്ടുകാരുടെയും തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലും ഒക്കെയുള്ള പഴമക്കാരുടെയും വിശ്വാസപ്രമാണവും സമാനമാണ്. നമുക്കൊരു തെറ്റുപറ്റി എന്ന് അംഗീകരിക്കാന്‍ എന്തിനിത്രയും മടി. പ്രകൃതി മുഴുവനും ഉണ്ടായത് ഞാന്‍ ഒരാള്‍ക്കുവേണ്ടിയാണ് എന്ന നിലപാടില്‍നിന്ന് ഞാന്‍ ഉണ്ടായത് പ്രകൃതിയില്‍ എല്ലാറ്റിനും വേണ്ടിയാണ് എന്ന ശരിയിലേക്ക് മാറിനില്‍ക്കുകയല്ലേ വേണ്ടൂ? ഈ നിലപാടിന്റെ ശരിയായ പേര് യജ്ഞഭാവന എന്നും അതിന് അടിത്തറയായ കാഴ്ചപ്പാടിന് സനാതനധര്‍മം എന്നുമാണ് പേരെന്ന് പറയാതിരുന്നാല്‍ പോരേ.
എം.ടി.യുടെ കൃതികളില്‍ ദാര്ശനികാരിദ്ര്യത്തെ നിരീക്ഷിക്കുന്ന അങ്ങ് എഴുത്തുകാരന്റെ ലക്ഷ്യം ലോകനന്മ മാത്രമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എഴുത്തുകാര്‍ ദാര്‍ശനികതയെയും ആധ്യാത്മികതയെയുംകൂടി തിരിച്ചറിഞ്ഞാല്‍ അതു സമാജത്തെ കൂടുതല്‍ സമ്പന്നമാക്കില്ലേ?
ശാന്തം പാപം, ദാര്‍ശനിക ദാരിദ്ര്യം എന്ന വാക്കൊന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ല. പ്രായംകൊണ്ട് ഗുരുത്വം ഉള്ളവരുടെ നേര്‍ക്ക് എന്നല്ല ആരുടെ നേര്‍ക്കും പ്രയോഗിക്കയും ഇല്ല. എന്നാലോ, ഒരു കാര്യം ഞാന്‍ സൂചിപ്പിച്ചിട്ടുള്ളത്. ശരിയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കടിഞ്ഞാണറ്റ ജീവിതാഭിനിവേശമാണ് പടിഞ്ഞാറിനെ ഗ്രസിച്ചത്. എന്നു വെച്ചാല്‍ ഭൗതികസുഖാനുഭൂതികളുടെ പിറകേയുള്ള നെട്ടോട്ടം. ഇതിന്റെ വക്താക്കളായിരുന്നു ഹെമിങ്വേയെപ്പോലുള്ളവര്. ഈ ലഹരിതന്നെയാണ് നമ്മുടെ ചില എഴുത്തുകാരിലും കണ്ടത്. ഒറ്റയാനായ വ്യക്തിയുടെ അജയ്യതയെയാണ് ഇവര്‍ കൃതികളില്‍ പ്രകീര്‍ത്തിച്ചത്. വിശാലമായ പ്രപഞ്ചം മനുഷ്യന്റെ കാല്ക്കീഴില് വെറുമൊരു പന്ത്. ഈ കാഴ്ചപ്പാടിനെ കുറ്റംപറയാന്‍ വയ്യ. കാരണം, 'മതിയായ വലുപ്പം ഉള്ള ഒരു ഉത്തോലകം എനിക്ക് തരൂ, ഞാന്‍ ഈ ഭൂഗോളത്തെ പൊക്കിമറിച്ചുതരാം!' എന്ന നിലപാടില്നിന്നാണല്ലോ മോഡേണ്‍ സയന്‍സ് തുടങ്ങുന്നത്. ഇതേ ലിവറിനെയാണ്. പുണ്യപാപ ഭാരങ്ങളെന്നല്ല ഭൗതിക ചുമടുകള്‍ വരെ, അന്യഥാ ചുമക്കാന്‍ വയ്യാത്തതിനെയൊക്കെ, പകുത്തു സമതുലനം ചെയ്ത് ചുമലിലേറ്റി സത്യാന്വേഷണമലവരെ കയറാന്‍ പഴങ്കാലത്തെ ശാസ്ത്രജ്ഞനായ സുബ്രഹ്മണ്യന് എന്ന ഒരാള്‍ കാവടിയാക്കിയത്.
ആധുനിക സയന്‍സിന്റെ മൂല്യനിരപേക്ഷത അതിമാരകം തന്നെ. പരമാണു ശാസ്ത്രത്തിലെയും ജീവശാസ്ത്രത്തിലെയും വലിയ കണ്ടുപിടിത്തങ്ങള്‍ മാരകായുധങ്ങളായിത്തീരുന്ന അളവുവരെ സയന്‍സിന്റെ നേട്ടങ്ങള്‍ സമൂഹവിരുദ്ധമായി ഉപയോഗിക്കപ്പെട്ടു. സയന്‍സിന്റെ എന്തിന് ജീവിതത്തിന്റെ തന്നെ ശരിയായ ലക്ഷ്യം എന്തെന്നറിയാതെ ഇതിന് പരിഹാരം എങ്ങനെയുണ്ടാവാന്‍. ജീവിതത്തോടുള്ള സമീപനത്തിന്റെ വൈകാരികമായ അടിത്തറ വിമലീകരിക്കാന്‍ തന്നെയാണ് നമ്മുടെ ഇതിഹാസങ്ങളും കാവ്യനാടകാദികളും ശ്രമിച്ചത്. (വിവരക്കേട് പറയുന്നവരെ കഥയില്ലാത്തവര്‍ എന്നാണല്ലോ കാരണവന്മാര് വിശേഷിപ്പിച്ചത്.) രസഭാവങ്ങളുടെയും സൂചനാ ധ്വനികളുടെയും സഹായത്തോടെ പക്വമായ യജ്ഞഭാവനയുടെ ശാന്തതയിലേക്ക് അനുവാചകനെ കൊണ്ടുപോവുകതന്നെയാണ് എഴുത്തിന്റെ ലക്ഷ്യം എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ കണ്ടെത്തിയതല്ല. ഗുരുനാഥന്മാര് തന്നതാണ് ഈ തിരിച്ചറിവ്. പാശ്ചാത്യലോകം ഈ ലക്ഷ്യം തിരിച്ചറിയുന്നില്ല. അവര്‍ക്കിപ്പോഴും എരിവും പുളിയും ഉത്തേജകവും ഒക്കെ മതി. പക്ഷേ, മോശം മനഃസ്ഥിതിയാണ് ഈ കൃതികള്‍ ഉളവാക്കുക. മനഃസ്ഥിതി തന്നെയാണ് പരിസ്ഥിതി എന്ന കാര്യം മറക്കാനും വയ്യ
എഴുത്തച്ഛനുമായുള്ള ആത്മബന്ധം. തീക്കടല്‍ കടഞ്ഞ് തിരുമധുരത്തില്‍ യാഥാര്‍ത്ഥ്യവും ഭാവനയും തമ്മിലുള്ള അതിര്‍വരമ്പ് എത്രത്തോളമുണ്ട്?
എഴുത്തച്ഛനുമായി എനിക്കുള്ള ആത്മബന്ധം ബഹുമുഖമാണ്. കൊച്ചുനാളിലേ വീട്ടില്‍ പാടിക്കേട്ട് എനിക്ക് പ്രിയങ്കരങ്ങളായ കൃതികളുടെ കര്‍ത്താവ്, ഞാനറിയാതെ എന്റെ നാവില്‍ ഇന്നോളവുമുള്ള ഭാഷയുടെ പിതാവ്, വീട്ടുകാര്‍ പറഞ്ഞറിഞ്ഞ വലിയ കാരണവര്‍, ദാര്‍ശനികഗരിമ സ്വന്തം ജീവിതത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഋഷി. ആ മഹാനുഭാവനെ അനുധാവനം ചെയ്യാന്‍ നടത്തിയ തീവ്രപരിശ്രമത്തിന്റെ എളിയ ഫലമാണ് 'തീക്കടല്‍ കടഞ്ഞ് തിരുമധുരം.' അതില്‍ പറയുന്ന സംഭവങ്ങള്‍ സത്യമാണ് എന്ന തികഞ്ഞ ബോധ്യം എനിക്കുണ്ട്. വിട്ടുവീഴ്ചയില്ലാതെ അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങളാണ് അതിന് അടിത്തറ. അന്നോളമുള്ള എന്റെ ജീവിതകാലത്തെ നിരന്തരമായ അന്വേഷണത്തിന്റെ ഫലം. നോവല്‍ പുറത്തു വന്നതിനുശേഷം പലരില്‍നിന്നും കിട്ടിയ പുതിയ അറിവുകള്‍ ഇതു ശരിവെക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതെ, അതിലെ സംഭാഷണങ്ങളെല്ലാം എന്റെ വകയാണ്. ഇതേ വാചകങ്ങള്‍ ആവില്ല അന്നുള്ളവര് പറഞ്ഞത്. പക്ഷേ, ഉറപ്പാണ്. ഇതേ അര്‍ഥത്തില്‍ ആയിരുന്നിരിക്കും. ദൗര്‍ഭാഗ്യം എന്നുപറയാം. പല പ്രേരണകളാലും കാരണങ്ങളാലും ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ കള്ള ഐതിഹ്യങ്ങളും നുണക്കഥകളുമാണ് ഇപ്പോഴും എഴുത്തച്ഛന്റെ ജീവിതത്തെപ്പറ്റി അക്കാദമികവൃത്തങ്ങളില്പ്പോലും അരങ്ങുവാഴുന്നത്.
എഴുത്തച്ഛന്റെ സ്വതന്ത്രകൃതികളെ 'കാച്ചിക്കുറുക്കിയ വേദാന്തം' എന്ന നിലയിലാണു പൊതുവേ കാണാവുന്നത്. എഴുത്തച്ഛന്റെ മൂല്യം കൂടുതല്‍ മനസ്സിലാക്കാന്‍ മലയാളികള്‍ എന്താണു ചെയ്യേണ്ടത്.
കേരളീയര്‍ക്ക് ജാതിമത ഭേദമെന്യേ ലോകത്ത് മറ്റെങ്ങും ഉള്ളവരെക്കാള്‍ സാര്‍വലൗകികത കൂടുതലുണ്ടല്ലോ. ചരിത്രാതീതകാലം തൊട്ടു പുറംലോകവുമായി നിരന്തരബന്ധം ഉള്ളതാകാം മുഖ്യകാരണം. ഇതിന്റെ കൂടെ ഇൗേശാവാസ്യ സ്വാധീനംകൂടി ഉണ്ട് എന്നാണ് എനിക്കുതോന്നാറ്. പഴയ കാരണവന്മാരുടെ മറ്റൊരു ശകാരവാക്ക് 'അന്തമില്ലാത്തവന്' എന്നാണല്ലോ. അവിവേകി എന്നാണ് പരിഭാഷ 'അന്തം' എന്നാല്‍, സാക്ഷാല്‍ 'വേദാന്തത്തിന്റെ സംക്ഷിപ്തം!' 'മാവേലി നാടുവാണീടും കാലം...' എന്നൊക്കെയുള്ള പാട്ടും ചിന്തയും ഇതിന്റെ ഫലമല്ലേ? ഈ മനോഭാവത്തിനുപിന്നില് ഭക്തിപ്രസ്ഥാനകാലം തൊട്ടുള്ള കവികളുടെയും ഗുരുവരന്മാരുടെയും സ്വാധീനമല്ലേ കാണുന്ന രാമായണപൈതൃകം. കേരളത്തിന്റെ സുകൃതം. എഴുത്തച്ഛന് പ്രഭാവത്തിനു പിന്നാലെ പൂന്താനവും മറ്റു ഭക്തകവികളും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളുമൊക്കെ അവതരിക്കയും ചെയ്തു.
ഏതായാലും നാളെ ലോകം ഏകനീഡമാകുമ്പോള് പുലരേണ്ട സംസ്കാരത്തിന്റെ ഞാറ്റടി ആയി കേരളം തീര്‍ന്നത് പ്രാഥമികമായി എഴുത്തച്ഛന്റെ അനുഗ്രഹം കൊണ്ടുതന്നെ. ആ പൈതൃകത്തോട് നീതിപുലര്‍ത്താന്‍ നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ അക്കമിട്ട് കുറിക്കാന്‍ വിഷമമില്ല.
1. ആദ്യമായി അദ്ദേഹത്തിന്റെ കൃതികള്‍ തികഞ്ഞ കാര്യക്ഷമതയോടെ പാഠശുദ്ധി വരുത്തി പ്രസിദ്ധീകരിക്കുക. പകര്‍പ്പവകാശം ഇല്ലാത്തതുകൊണ്ട് കാക്കത്തൊള്ളായിരം പ്രസിദ്ധീകരണശാലക്കാര്‍ നിരന്തരം തോന്നുംപടി അച്ചടിച്ച് അബദ്ധപഞ്ചാംഗങ്ങളാക്കി െവച്ചിരിക്കുന്നു ഇവ.
2. അറിയപ്പെടുന്ന കേരള ചരിത്രത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ എന്ന ഒരു പേരുപോലും എങ്ങുമില്ല. ആ കാലത്തെ ചരിത്രംതന്നെ ഇല്ല എന്നതാണ് നേര്. നിഷ്പക്ഷ ഗവേഷണം നടത്തി ആ കാലത്തെയും അദ്ദേഹത്തിന്റെ ജീവിതകഥയെയും നിഷ്പാദിപ്പിക്കുക.
3. ഈ ശരിയായ കാഴ്ച എല്ലാ തലങ്ങളിലുമുള്ള പാഠപുസ്തകങ്ങളിലും ഉള്‍പ്പെടുത്തി അദ്ദേഹത്തിന് അപകീര്‍ത്തികരങ്ങളായ ദുരുപദിഷ്ട ഐതിഹ്യങ്ങള്‍ക്ക് അറുതിവരുത്തുക.
4. അദ്ദേഹം തന്നിട്ടുപോയ ഭാഷയും അതിന്റെ സര്വശബ്ദവാഹകശേഷിയുള്ള അക്ഷരമാലയും എല്ലാ ജീവിത തലങ്ങളിലും മാധ്യമമായി അംഗീകരിക്കുക. ഭാഷയെ ഒരു മതത്തെയോ ജാതിയുടെയോ പ്രശ്നമായി കാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
5. നമ്മുടെ വിദ്യാലയങ്ങള്‍ തൊട്ടു സര്‍വകലാശാലകള്‍ വരെ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന രീതി പടിഞ്ഞാറന്‍ ശൈലിയാണ്. മെക്കാളെ മുതല്‍ നോം ചോസ്കി വരെയുള്ളവരെ നാമിനിയും ചുമക്കേണ്ടതുണ്ടോ? മഹാകവി ചങ്ങമ്പുഴയ്ക്ക് എം.എ.ക്ക് മൂന്നാം ക്ലാസ് മാത്രമേ കൊടുക്കാന്‍ കഴിയൂ എന്ന് തലയില്‍ കൈവെച്ച് ഇനിയും നിലവിളിക്കണോ? രസസിദ്ധാന്തവും ധ്വനിസിദ്ധാന്തവും ഒക്കെ എന്തുകൊണ്ടാണ് നമുക്കിപ്പോഴും അന്യമായി ഇരിക്കുന്നതെന്ന് അന്വേഷിച്ചറിയുകയും തിരുത്തുകയും വേണം.
ജീവിതത്തില്‍ ആധ്യാത്മികത നാമ്പിട്ടുതുടങ്ങിയത് എന്നുമുതലാണ് സന്ന്യാസത്തെയും ആധ്യാത്മികജീവിതത്തെയും ഒക്കെ എങ്ങനെയാണുകാണുന്നത്?
ഓര്‍മകളുടെ ഇടനാഴിയില്‍ വിശേഷിച്ചൊരു അടയാളപ്പെടുത്തലും കാണാനില്ല. ആധ്യാത്മികത ജനിതകത്തില്‍ ഉള്ളതാണെന്ന് തോന്നുന്നു. അത് ആദ്യമായി കണ്ടെത്തി വളവും വെള്ളവും തന്നു പോഷിപ്പിച്ചത് മുത്തച്ഛനാണ്. പിടിച്ച് മടിയിലിരുത്തി ശിരസ്സില്‍ വിരലുകള്‍ ഇരടി ഗീതാ ശ്ലോകങ്ങള്‍ ഉരുക്കഴിച്ച സന്ധ്യകള്‍ മായാത്ത ഓര്‍മയാണ്. അന്ന് അച്ഛന് സ്വാതന്ത്ര്യസമരത്തിലും അമ്മ സങ്കടത്തിലുമാണ്. മറ്റാരും കാണാതെയാണ് അമ്മ കരയുക. അതും എന്നെ മടിയിലിരുത്തിത്തന്നെ. എവ്വിധം എന്നോ എന്തുകൊണ്ട് എന്നോ അറിയില്ല, മുത്തച്ഛന്റെ അര്ഥമറിയാവായ്ത്താരി നല്കിയ സാന്ത്വനം അമ്മയുടെ കാരണമില്ലാക്കരച്ചില് പകര്‍ന്നുതന്ന ദുഃഖത്തിന് പരിഹാരമായി. സ്വാതന്ത്ര്യം എന്നാല്‍ പുറംലോകത്തിലെ ഒരു ശക്തിയില്നിന്നുമുള്ള മോചനം എന്നല്ല, പിന്നെയോ, ദുഃഖത്തില്‍ നിന്നുള്ള മോചനം എന്നാണ് അര്‍ഥമെന്ന് മുത്തച്ഛന് പറഞ്ഞു തന്നു. പിന്നെ എന്റെ ചോദ്യങ്ങള്‍ക്ക് കാലാന്തരത്തില്‍ എനിക്ക് മനസ്സിലാകുന്ന ഉത്തരങ്ങള്‍ തന്നു. പതിനൊന്നാം വയസ്സില്‍, പണ്ഡിറ്റ് ഗോപാലന് നായരുടെ വ്യാഖ്യാനത്തോടുകൂടിയ ഭഗവദ്ഗീതാപുസ്തകവും തന്ന്, ശേഷം എല്ലാ ഉത്തരങ്ങളും ഇതില്‍ ഉണ്ടെന്നുപറഞ്ഞ് മായാമറവിലേക്കു യാത്രയായി.
സന്ന്യാസജീവിതമോ ആധ്യാത്മിക ജീവിതമോ ഒക്കെ വേറെ വേറെ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, ഒരു ചര്യ എന്നുള്ള നിലയ്ക്ക് ഓരോന്നിനെപ്പറ്റിയും അവനവനെയും മറ്റുള്ളവരെയും ഓര്‍മിപ്പിക്കാനുള്ള ചുറ്റുവട്ടങ്ങളിലും അടയാളങ്ങളോടെയും ജീവിക്കുന്നതില്‍ ഒരു തെറ്റുമില്ല. ആത്മനിയന്ത്രണം ശീലിക്കുന്നതിന് സഹായകമായി പ്രലോഭനങ്ങളില്‍നിന്ന് മാറിനില്‍ക്കാം. പക്ഷേ, പെരുമഴയത്ത് നിന്നാലും നനയാതിരിക്കാനുള്ള വിദ്യ കണ്ടുകിട്ടുന്നതോടെ നില്‍പ്പ് എത്ര കടുത്ത പ്രലോഭനങ്ങള്‍ക്കിടയിലും ആവാം.
അങ്ങു പറയുന്ന യുക്തികള്‍ക്കും ആശയങ്ങള്‍ക്കും ശാസ്ത്രത്തിന്റെ യുക്തിയും ദാര്‍ശനികതയുടെ ശരിയുമുണ്ട്. എഴുത്തുകാരനും ദാര്‍ശനികനും ശാസ്ത്രജ്ഞനും കൂടിച്ചേരുന്ന തലത്തിലേക്കുയര്‍ന്ന എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ശ്രേണിയുമായിട്ടാണു പലരും അങ്ങയെ ചേര്‍ത്തുപറയാറുള്ളത്. ദാര്‍ശനികനായ നോവലിസ്റ്റ് എന്നുകൂടി അറിയപ്പെടുന്ന അങ്ങ് ദര്‍ശനത്തെ എങ്ങനെ സ്വാംശീകരിക്കണമെന്നാണു പറയുന്നത്?
ഉപമയ്ക്ക് ചമല്‍ക്കാരത്തിന്റെ ചന്തമല്ലേ ഉള്ളൂ. നേരിന്റെ ചാരുത ഇല്ലല്ലോ! പ്രപഞ്ചത്തില്‍ എല്ലാതും ഒന്നില്‍ നിന്നൊന്ന് വ്യത്യസ്തമായതുകൊണ്ട് താരതമ്യങ്ങള്‍ ഉപരിപ്ലവ നിരീക്ഷണങ്ങളേയാകാറുള്ളൂ. തിന്ന ചക്കയുടെ രുചി അതിന്റെ കുരു നട്ടാല്‍ ഉണ്ടാകുന്ന വിളവിന് കാണാറില്ല, ഒരേ മാവിലെ രണ്ടു മാങ്ങയ്ക്കുപോലും സൂക്ഷ്മാനുഭവത്തില് ഒരേ സ്വാദല്ല. ഒന്നിന്റെയും തനിപ്പകര്‍പ്പായി വേറൊന്ന് പ്രപഞ്ചത്തില്‍ ഇല്ല. ഓരോ വിഭവവും പരിണാമത്തിലേക്കുള്ള ഓരോ മുതിര്ച്ചയായതുകൊണ്ടാണിത്. ചേര്‍ന്നുനിന്ന് പൂര്‍ണത കൈവരിക്കാനുള്ള ശ്രമവും ഈ വ്യത്യസ്തതയുടെ ഫലമാണ്.
പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ കണമായ ..****മസലില്**** പോലും ഓരോന്നിലും തനിമ കാണുന്നു. തമ്മില്‍ ചേര്‍ന്നാല്‍ കൂടുതല്‍ കെട്ടുറപ്പുളവാക്കുന്ന ഈ തനിമകള്‍ കാരണമാണ് അണുകണങ്ങളും പരമാണുവും തന്മാത്രയും എല്ലാം ഉണ്ടാകുന്നത്. ഏറ്റവും ചെറുതിനും ഉണ്ട് സ്വധര്‍മം എന്നര്‍ഥം.മനുഷ്യരും ഇങ്ങനെത്തന്നെയാണ്. ഓരോ പിറവിയും തനതാണ്. ഈ വ്യതിരിക്തതയാണ് കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുന്നത്. അവസാനം മനുഷ്യവംശം എന്ന വലിയ കൂട്ടായ്മ രൂപം കൊള്ളുന്നു. അതിനുമുണ്ട് പൊതുവായ ഒരു ജീവന്. ജീവിവര്‍ഗത്തിന് മൊത്തമായുള്ള ജീവന്റെ കൂടെ ഈ ജീവനും ചേര്‍ന്ന് പിന്നെയും അധികമാനമുള്ള പൊതു ഉയിരാവുന്നു. ചേര്ന്നുനില്ക്കാന് കഴിയാത്തത് അടര്‍ന്ന് കൊഴിഞ്ഞുപോകുന്നു.
ഓരോ ഉരുവവും ലംബവും തിരശ്ചീനവുമായ നൂലുകളില്‍ ഒരേസമയം കോര്‍ക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിന്റെ മൊത്തം സങ്കോചവികാസങ്ങള്‍ കാരണം ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കു വിധേയരാവുകയും ചെയ്യുന്നു. താരതമ്യങ്ങള്‍ ഉച്ചനീചത്വങ്ങളിലേക്ക് നയിക്കുന്നു, അയഥാര്‍ഥങ്ങളായ അധികാരശ്രേണികള്‍ ഉളവാക്കുന്നു. താന്‍ ഈശ്വരനാണ് എന്ന് തിരിച്ചറിയാനുള്ള മനുഷ്യന്റെ അപാരമായ കഴിവ് രൂപംമാറി വെറുമൊരു കൊള്ളസംഘത്തിന്റെ തലവനായിത്തീരാന് മാത്രം ഉതകുന്നു. ഇതുതന്നെയാണ് സയന്‍സും ദര്‍ശനവും തമ്മില്‍ ഇപ്പോഴുള്ള അന്തരവും. എല്ലാം കാണാന്‍ കഴിവുള്ള കണ്ണ് ഇത്തിരിവട്ടത്തില്‍ ഉടക്കിപ്പോകുന്നു. ശരിയാണ്. കാല്ച്ചുവട്ടിലും കാണണം. എന്നുവെച്ച് ദൂരേയ്ക്ക് തീരെ നോക്കില്ല എന്നായാലോ! ഈ പോഴത്തത്തിന് ഇന്ന് വൈകിയെങ്കിലും അറുതിവന്നുകൊണ്ടിരിക്കുന്നത് ശുഭോദര്‍ക്കം തന്നെ. പ്രപഞ്ചം എന്ന മഹാനാടകത്തില്‍ ഓരോരുത്തര്‍ക്കും തനത് വേഷമുണ്ട്. സ്വധര്‍മം തിരിച്ചറിയുന്നതാണ് അറിവ്, അത് നിറവേറ്റുന്നതാണ് കര്‍മയജ്ഞം, ഈ നാടകത്തിന്റെ അദൃശ്യനായ സംവിധായകനോടുള്ള പ്രമാദരമാണ് ഭക്തി, മികച്ച രംഗാവതരണത്തിലൂടെ കൈവരുന്ന ലയമാണ് സായുജ്യം.
നല്ലപോലെ നീന്താന്‍ അറിയുന്ന ഒരു കുട്ടി പുഴയില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നതിന്റെ രഹസ്യം തോര്‍ത്തുമുണ്ട് അരയില്‍നിന്ന് അഴിഞ്ഞുപോയ പരിഭ്രമത്തില്‍ അഴിയാന്പോകുന്ന കോണകത്തില്‍ പിടിച്ച് പിടിവിടാന്‍ മറന്നുപോയി. ''സമം സര്‍വ്വേഷു ഭൂതേ തിഷ്ഠന്തം പരമേശ്വരം...' എന്ന രീതിയില്‍ സമത്വത്തെപ്പറ്റി പറയുന്ന വ്യാസനാണ് സമത്വത്തെക്കുറിച്ചു ലോകത്ത് ആദ്യമായി പറഞ്ഞത് എന്ന് അങ്ങു പറഞ്ഞിട്ടുണ്ട്. ഇത്തരം നിഷ്പക്ഷമായ നിലപാടുകള്‍ സ്വന്തം സ്വത്വത്തെ പക്ഷങ്ങളുടെ പേരില്‍ അടിയറവെക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ വേറിട്ടു നില്ക്കുന്നു. എഴുത്തുകാര്‍ക്കുള്ള പക്ഷങ്ങള്‍ സമൂഹത്തില്‍ അവരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും അടിമത്തത്തിലേക്ക് നയിക്കുകയുമല്ലേ ചെയ്യുന്നത്? ഇടതുപക്ഷവും വലതുപക്ഷവും ഒക്കെ യഥാര്‍ഥത്തില്‍ അനാവശ്യങ്ങളായ കെട്ടുകാഴ്ചകളാണ്. ആകെ ഒരു പക്ഷമേ വേണ്ടൂ. ധര്‍മപക്ഷം അഥവാ സഹയജ്ഞപക്ഷം.
ഒരു കാലത്ത് (അധികാരത്തില്‍ വരുന്നതിനുമുന്പ് കേരളത്തിലെ ഇടതുപക്ഷക്കാര്‍ അവരുടെ വിശ്വാസ പ്രമാണങ്ങളില്‍ എന്തൊക്കെ വീഴ്ച ഉണ്ടായിരുന്നാലും) സമത്വത്തിന്റെ സൗന്ദര്യം സ്വപ്നംകണ്ടു. കിനാവുകളിലെ അലനീളപ്പൊരുത്തം ഇതിലേക്ക് എന്നെ ആകര്‍ഷിച്ചു.
ക്രിസ്തുമതവും ചൂഷണവും ഒരുമിച്ച് നിലനിന്ന സാമ്രാജ്യങ്ങളിലാണ് വിപ്ലവങ്ങള്‍ ആദ്യം അരങ്ങേറിയത്. 'അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും നിന്ദിതര്‍ക്കും പീഡിതര്‍ക്കും ചൂഷിതര്‍ക്കും സ്വര്‍ഗരാജ്യം എന്ന് ലോകത്താദ്യം പറഞ്ഞത് അന്നാട്ടുകാരുടെ ധാരണയില്‍ യേശുദേവന് ആയിരുന്നതിനാല്‍ത്തന്നെ, സംശയമില്ല. പക്ഷേ, യേശുദേവനും ആയിരത്താണ്ടുകള്‍ മുന്‍പേ, ഈ ഭൂമിയിലെ സമ്പത്ത് ആരുടേതാണ് എന്നുവെച്ചാല്‍ എല്ലാവരുടേതുമാണ് എന്നും അത് പങ്കിട്ടുമാത്രം അനുഭവിക്കുക എന്നും കൊത്തിപ്പറിച്ചു പിടിച്ചുവെക്കരുതെന്നും (കാരണം) പ്രപഞ്ചത്തിലെങ്ങെങ്ങും ഈശ്വരന് ആണ് ഉള്ളതെന്നും ഈശാവാസ്യകാരന് എഴുതിവെച്ചിരുന്നതാണ് എനിക്ക് മാര്‍ഗദര്‍ശകമായത്. എന്‍.ഇ. ബാലറാം, കെ. ദാമോദരന്‍, സി. ഉണ്ണിരാജ തുടങ്ങിയവരും ഇതേ പുഴയില്‍ ഒഴുകിയാണ് ഇടതുപക്ഷത്തെത്തിയത് എന്നും ഞാന്‍ കണ്ടു. കോണ്‍ഗ്രസില്‍ ആയിരുന്ന കാലത്ത് അച്ഛന് ഇവരെയെല്ലാം പരിചയമുണ്ടായിരുന്നതിനാല്‍ പലപ്പോഴും വീട്ടില്‍ വിരുന്നുവരും. വിവേകത്തിന് ഒരുപക്ഷം അല്ലേ ഉള്ളൂ. അതിനാല്‍ പാര്‍ട്ടിയുടെ ഒഴുക്ക് വേറെ വഴിക്ക് പോയപ്പോള്‍ ഞാന്‍ മാറി. എന്റെ കാഴ്ചപ്പാടില്‍ കൂടുതല്‍ ഉറയ്ക്കുകയും ചെയ്തു. വന്നുവന്ന്, കാറ്റത്തിട്ടാല്‍ പറന്നുപോകാത്ത ഒരു മണിയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു കറ്റയിലും ഇല്ല എന്ന് വന്നിരിക്കുന്നു. ഉവ്വ്, ഒറ്റയ്ക്ക് നില്ക്കുന്നതുകൊണ്ട് ഒരുപാട് വിഷമങ്ങള്‍ ഉണ്ട്. പക്ഷേ, ചേര്ന്നുനിന്നാല് ഏതെങ്കിലും ഇടുങ്ങിയ ഉള്‍ക്കടലിലേക്ക് ഞാനും ഒഴുകിപ്പോകുമല്ലോ!
അങ്ങയുടെ 'ഭഗവദ്ഗീതാ വ്യാഖ്യാനം' കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നതില്‍ ഭഗവദ്ഗീത എത്രമാത്രം സഹായിച്ചിട്ടുണ്ട്. പൊതുസമ്മതിയുള്ള ധര്‍മം, യജ്ഞം മുതലായ വാക്കുകളല്ലാതെ ഗീതയിലൊരിടത്തും മതപരമായ സംജ്ഞകള്‍ പ്രയോഗിക്കപ്പെട്ടിട്ടില്ല എന്നുപറയുന്ന അങ്ങ് ഗീതയെ മതഗ്രന്ഥമായല്ല മറിച്ച് മനുഷ്യവികസനത്തിനുള്ള കൈപ്പുസ്തമായിട്ടാണു കാണുന്നത് മനുഷ്യമോചനത്തിനുള്ള ആയുധമെന്ന രീതിയില്‍ ഗീത പങ്കുവെക്കുന്ന സാധ്യതകളെപ്പറ്റി ഒന്നു പങ്കുവെക്കാമോ?
അറിയാമല്ലോ. അതിസരളമാണ് അദ്വൈതത്തിന്റെ പൊരുള്‍. അതിസങ്കീര്‍ണവും അതിലേറെ വിധവും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമായ നമ്മുടെ പ്രപഞ്ചത്തിന് കാതലായി ഒരു അദൃശ്യസാന്നിധ്യം ഉണ്ട് എന്നും അത് പ്രപഞ്ചത്തില്‍ എങ്ങും സന്നിഹിതമാണ് എന്നും നമ്മളൊക്കെ ഈ പ്രപഞ്ചത്തില്‍ത്തന്നെ ആയതുകൊണ്ട് നമ്മളിലും അതുണ്ട് എന്നും നമ്മുടേതായി പിന്നെയുള്ളതെല്ലാം നശിച്ചുപോകുന്നതായതുകൊണ്ട് നമ്മില്‍ ശാശ്വതമായി അതേ ഉള്ളൂവെന്നും, നിരൂപിക്കാന്‍ എന്താണ് പ്രയാസം! 'അതുതന്നെയാണ് നീ' എന്ന് എനിക്ക് പറഞ്ഞുതന്നത് മൂത്തച്ഛനാണ്. ഞാന്‍ അതാണ് എന്നും എന്റെ ജീവനാണ് അതിന്റെ പ്രത്യക്ഷ ലക്ഷണം എന്നും അവസാനം, ഈ ബോധം തന്നെയാണ് അത് എന്നും മാത്രമേ പിന്നെ സ്വപ്രയത്നംകൊണ്ട് എനിക്ക് അറിയാനുണ്ടായുള്ളൂ. പിന്നീട് ഫിസിക്സ് പഠിച്ചപ്പോള്‍ അതിന്റെ വെളിച്ചത്തില്‍ ഈ അറിവ് വിപുലീകരിച്ചു. കൂടുതല്‍ തൃപ്തികരമായ ഒരു ചിത്രം രൂപപ്പെടുത്തി പ്രത്യക്ഷ പ്രപഞ്ചം ക്ഷരം (നാശമുള്ളത്). അത് എന്തില്നിന്നുണ്ടായി എന്തില്‍ വിലയിക്കുന്നുവോ അത് അക്ഷരം (നാശമില്ലാത്തത്). എന്താണോ വികസിച്ചും ചുരുങ്ങിയും അക്ഷരമായി സ്പന്ദിച്ചുകൊണ്ടിരിക്കുന്നത് അത് അക്ഷരാതീതം (അക്ഷരത്തിനും അപ്പുറമുള്ളത്.) അക്ഷരത്തിന്റെ വികസ്വര ഭാവഫലമാണ് സ്പേസ്. ആ വികാസത്തിനിടെ സ്പേസിന്റെതന്നെ മുകുളങ്ങളായി പദാര്‍ഥകണങ്ങള്‍ പിറക്കുന്നു. സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഇവ പരസ്പരം കൂട്ടുചേര്‍ന്ന് സംഘങ്ങളുണ്ടാകുന്നു. ഒറ്റയ്ക്കും കൂട്ടായും ഇവ സ്പേസില്‍ പ്രകമ്പനങ്ങളുണ്ടാക്കുന്നു.
ഇത്രയും മാത്രമാണ് പ്രപഞ്ചസൃഷ്ടിക്ക് നിദാനമായ ഉപാധികള്‍. സ്പേസ്, പദാര്‍ഥകണങ്ങള്‍, ഇവ തമ്മിലുള്ള ഊര്‍ജ കൊള്ളക്കൊടുക്കലുകള്‍. പദാര്‍ഥത്തിന്റെ ഖര, ദ്രവ, വാതക അവസ്ഥകള്‍ ക്രമത്തില്‍ ഭൂമി, ജലം, വായു, സ്പേസ് എന്ന ആകാശം, പദാര്‍ഥകണങ്ങളും സ്പേസും തമ്മിലും പദാര്‍ഥകണങ്ങള്‍ പരസ്പരവും നടക്കുന്ന എല്ലാ ഊര്ജവിനിമയവും അഗ്നിപ്രപഞ്ചത്തില് എവിടെയും സ്പേസിന്റെ സാന്ദ്രത അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. അക്ഷരം തന്നെയായ പദാര്‍ഥകണങ്ങള്‍ക്ക് അക്ഷരത്തില്‍ എവിടെയും സ്വതന്ത്രസഞ്ചാരം നടത്താനുള്ള മാര്‍ഗംകൂടി കണ്ടുകിട്ടിയതോടെ ബലങ്ങളെ ഏകീകരിക്കാനുമൊത്തു. ഈ ചിത്രത്തില്‍നിന്ന് ഇന്നുള്ള എല്ലാ സയന്‍സും നിര്‍ധാരണം ചെയ്യാം. മാത്രമല്ല, ഇപ്പോള്‍ സയന്‍സിന് കീറാമുട്ടികളായ എടാകൂടങ്ങളില്‍ പലതിനും പരിഹാരവുമാവും. ഈ വഴി തുറന്നുെവക്കുകയാണ് പ്രപഞ്ചത്തിനായി ഞാന്‍ അവതരിപ്പിച്ച പുതിയ ഭൗതികമാതൃക ചെയ്യാന്‍ ശ്രമിക്കുന്നത്. പക്ഷേ, സയന്‍സില്‍ ഇപ്പോഴുള്ള ഏതാനും ധാരണകള്‍ക്ക് വിഷമം വരുത്തുന്ന ചില നിഗമനങ്ങള്‍ ഈ മാതൃകയില്‍നിന്ന് ഉരുത്തിരിയുന്നുണ്ട്. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ പറയാം.
ജീവന് എന്നാല്‍ സയന്‍സിന് പരിണാമദശയില്‍ എപ്പോഴോ ഉണ്ടായ, മുന്‍പില്ലാത്ത ഒരു പ്രതിഭാസമാണ്. പ്രപഞ്ചസത്തതന്നെയായ ജീവന് എന്നും എപ്പോഴും എവിടെയും ഉണ്ട് എന്നാണ് അദ്വൈതം. അത് പ്രകടമാകുന്നത്. ചിലപ്പോള്‍ മാത്രം. വെള്ളത്തിലും മണ്ണിലും വായുവിലും ഒന്നും ജീവന് ഇല്ലെങ്കില്‍ ഇതുകൊണ്ടൊക്കെ രൂപപ്പെട്ട നമ്മുടെ ശരീരത്തില്‍ ജീവന് എവിടെനിന്ന് എന്ന് അദ്വൈതം ചോദിക്കുന്നു. അറിവിന്റെ കാര്യമാണ് മറ്റൊന്ന്. മനുഷ്യന് ഉണ്ടായതില്‍ പിന്നെ ഉണ്ടായ ഒരു കാര്യമാണ് അറിവ് എന്നാണ് സയന്‍സ് കരുതുന്നത്. എന്നാല്‍, അറിവ് അനാദിയും ശാശ്വതവും ആണ് എന്നും മനുഷ്യരെന്നല്ല എല്ലാ ജീവികളും അവര്‍ക്ക് ആവുംപോലെ അതില്‍നിന്ന് കൈക്കുടന്നയില്‍ കോരിയോ നാക്കിന് തുമ്പത്ത് നക്കിയോ എടുക്കുകയാണ് എന്നും അദ്വൈതം.
ഭൗതികപ്രപഞ്ചത്തില്‍ സ്ഥിരമായി ഒന്നുമില്ല എന്ന് അദ്വൈതം. പക്ഷേ, പ്രകാശവേഗം, പ്ലാങ്കിന്റെ സ്ഥിരാങ്കം, ഗുരുത്വാകര്‍ഷണ സ്ഥിരാങ്കം മുതലായ ഒട്ടനവധി കാര്യങ്ങള്‍ പ്രപഞ്ചത്തില്‍ എവിടെയും നിത്യസത്യങ്ങളാണ് എന്ന് സയന്‍സ്. നേരെ ചൊവ്വേ ആലോചിച്ചാല്‍ സയന്‍സിന് നാളെ മുന്നേറാനുള്ള വഴികളാണ് അദ്വൈതം തുറന്നുവെക്കുന്നത്. പക്ഷേ, ദൗര്‍ഭാഗ്യത്തിന് സയന്‍സിലും ഉണ്ട് ചെറുതല്ലാത്ത യാഥാസ്ഥിതികത എന്നാണ് തെളിയുന്നത്. യഥാര്‍ഥത്തില്‍ വേണ്ടത് അദ്വൈതം നല്കുന്ന ദിശാസൂചികള്‍ പരമാവധി ഉപയോഗിക്കാന്‍ സയന്‍സും പൗരാണികദര്ശനത്തില് സുലഭമായ തുരുമ്പും അഴുക്കും അകറ്റാന്‍ സയന്‍സിന്റെ കണിശത പ്രയോജനപ്പെടുത്താന്‍ ദാര്‍ശനികരും മുഴുമനസ്സോടെ തയ്യാറാവുകയാണ്. എന്നാലോ, അദ്വൈതത്തെ ഒരു മതമായി തെറ്റായി ധരിക്കുന്നവരാണ് സയന്റിസ്റ്റുകളില്പോലും പലരും. ഒരു മൈക്രോബയോളജി വിദ്യാര്‍ഥി കേംബ്രിജില്വെച്ച് എന്നോടുചോദിച്ചു: ''മനുഷ്യനെക്കാള്‍ മഹത്ത്വം പശുവിനാണെന്ന് തെളിയിക്കുന്ന വല്ലതും നിങ്ങളുടെ അറിവിലുണ്ടോ?''
''ഉണ്ടല്ലോ!'' എന്നു ഞാന്‍ ചിരിച്ചു. ''ശരി, എന്നോട് പറയൂ''
''പശുക്കള്‍ ഈ ലോകം പത്തുവട്ടം നശിപ്പിക്കാനുള്ള മാരകായുധങ്ങള്‍ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.'' ഇപ്പറഞ്ഞതിലെ നര്‍മം അദ്ദേഹത്തെ വേദനിപ്പിക്കുകയാണ് ചെയ്തതെന്ന് മുഖഭാവംകൊണ്ട് മനസ്സിലായപ്പോള്‍ ഞാന്‍ തുടര്‍ന്നു: ''പക്ഷേ, എന്റെ കണ്മുന്നില്െവച്ച് താങ്കളും ഒരു പശുവും ഒരുമിച്ച് ഒരു അപകടത്തില്‍ പെടുന്നുവെങ്കില്‍ രക്ഷിക്കാന്‍ ഞാന്‍ ആദ്യം ശ്രമിക്കുന്നത് താങ്കളെയായിരിക്കും!''
ശ്രീരാമകൃഷ്ണ വിവേകാനന്ദന്മാരുമായുള്ള ഇഴയടുപ്പം. ശ്രീരാമകൃഷ്ണ വചനാമൃതത്തെക്കുറിച്ച് ഒന്നു വിലയിരുത്താമോ? ഈ ആശയങ്ങള്‍ മനുഷ്യരാശിക്ക് എത്രത്തോളം അനിവാര്യമാണ്. വിവേകാനന്ദസ്വാമികളെക്കുറിച്ചുള്ള ഒരു കൃതി അങ്ങയില്‍നിന്ന് പ്രതീക്ഷിക്കാമോ?
എഴുതുന്ന ആര്‍ക്കും ലോകത്തെവിടെയും ഏതു കാലത്തും സാധ്യമായതില്‍വെച്ച് ഏറ്റവും മികച്ച ആഖ്യായികകളാണ് രാമായണവും മഹാഭാരതവും. രണ്ടാമത്തേതില്‍ ഭഗവദ്ഗീത ഉള്‍പ്പെടുന്നതുകൊണ്ട് അത് സമഗ്രമായ ജീവിതവീക്ഷണം പ്രത്യക്ഷമായിത്തന്നെ വിളമ്പിത്തരുന്നു. ഈ കൃതികള്‍ രചിച്ച മഹാത്മാക്കള്‍ക്ക് ഇതെങ്ങനെ സാധിച്ചു എന്ന് ചിന്തിക്കേണ്ടതില്ലേ? ചിന്തിക്കുമ്പോള്‍ കണ്ടുകിട്ടുന്നത് ദാര്‍ശനികമായ മഹിമയും ആണല്ലോ. അതായത് എഴുത്തുകാരന്റെ നിലപാട്, സമീപനം, മുന്നൊരുക്കം, ലോകപരിചയം, ലക്ഷ്യബോധം, സ്വാതന്ത്ര്യം, പ്രപഞ്ചസത്തയുമായി സ്വയം ശ്രുതി ചേരാനുള്ള കഴിവ് - ഇതൊക്കെയാണ് പ്രധാനമെന്ന് കണ്ടെത്താം. സ്ഥിതപ്രജ്ഞരും ത്രിഗുണാതീതരുമായിരുന്നു അവര്‍. നമ്മുടെയൊക്കെ എഴുത്ത് ചെറുതായിരിക്കുന്നത്. നമ്മുടെയൊക്കെ പരിമിതികള്‍ കൊണ്ടുതന്നെ ശാശ്വതമൂല്യം എന്നത് പ്രപഞ്ചസത്തയ്ക്കു മാത്രമല്ലേ ഉള്ളൂ? തങ്ങളുടെ ആത്മസാക്ഷാത്കാരം പൂര്ത്തീകരിക്കാന്കൂടി ആയിരുന്നു അവര്‍ക്ക് എഴുത്ത്. എന്തായാലും ഉത്തമമാതൃകകള്‍ ഇല്ലാത്തതുകൊണ്ടല്ല നമുക്ക് വഴിപിഴയ്ക്കുന്നത് എന്നു സമാധാനിക്കാം.
അച്ചടിയും പകര്‍പ്പവകാശവും റോയല്‍റ്റിയും പുരസ്കാരവും വിമര്‍ശനവും മാധ്യമങ്ങളും ഇന്റര്‍നെറ്റും ഓണ്‍ലൈനും പ്രീ-പബ്ലിക്കേഷനും ഒന്നുമേ ഇല്ലാത്ത കാലത്ത് ഈ മഹാന്മാരുടെ ഹിമാലയ വലുപ്പമുള്ള കൃതികള്‍ ലോകമാകെ പ്രചരിച്ചു എന്നോര്‍ക്കുക. ലോക സംസ്കാരത്തിന്റെ ആണിവേരുകള്‍ ആയിത്തീരുകയും ചെയ്തു.
നമുക്ക് ജപിക്കാം
കൃഷ്ണദ്വൈപായനായ നമഃ
വേദവ്യാസായ നമ
ജ്ഞാനയോഗേശ്വരായ നമ
പരമാചാര്യായ നമഃ
സാക്ഷാത്കാരം അഥവാ ജീവിതപൂര്‍ണതയെ എങ്ങനെയാണു മനസ്സിലാക്കിയെടുക്കേണ്ടത്? ഈ ധന്യതയിലേക്ക് അങ്ങേയ്ക്ക് എത്രത്തോളം നടന്നടുക്കാനായിട്ടുണ്ട്. ജീവിതലക്ഷ്യം എന്ന രീതിയിലുള്ള എന്തെങ്കിലും ഒന്ന് മനസ്സിലുണ്ടോ?
ഭൂമിയിലുണ്ടായ എല്ലാ മതങ്ങളും സംഘടനയില്‍ ആണല്ലോ ഊന്നുന്നത്. എല്ലാ മതങ്ങള്‍ക്കും അവ പിറന്നപ്പോേഴാ തൊട്ടുപിന്നാലെയോ അധികാരവുമായി വേഴ്ചയുണ്ടായി. അധികാരത്തിന് ഊന്നുവടിയാവുകയോ അധികാരത്തിന്റെ തണലില്‍ തെഴുക്കുകയോ ചെയ്തു. ഭൂമുഖത്ത് ഒരു മതവും ഇല്ലായിരുന്നെങ്കില്‍ എത്രയോ മഹാസംഘര്ഷങ്ങളും ദാരുണകൂട്ടക്കൊലകളും ഒഴിവാകുമായിരുന്നു. വേണ്ട, അധികാരത്തിന്റെ ഭാഗമായില്ല മതങ്ങള്‍ എങ്കില്‍ അവ ഭൂമിയെ എന്നോ സ്വര്ഗമാക്കിയേനെ. മതങ്ങളെ കുറിച്ചുള്ള പൊതുവായ ഈ ധാരണ വെച്ചുനോക്കിയാല്‍ ഹിന്ദുമതം എന്ന ഒന്ന് ഇല്ല എന്നാണ് പറയേണ്ടിവരുക. ഗീത എങ്ങനെയാണ് മതഗ്രന്ഥം ആവുക? മുഴുവന്‍ വായിച്ചു നോക്കി കമ്പോടുകമ്പ് വിമര്‍ശിച്ച് ശരി എന്നു തോന്നുന്നത് മാത്രംചെയ്യുക എന്നാണ് അവസാന നിര്‍ദേശം! ('ഇപ്പറഞ്ഞതൊക്കെ അക്ഷരംപ്രതി അനുഷ്ഠിച്ചില്ലെങ്കില്‍ നരകത്തില്‍ പോകും!' എന്നല്ല) മാത്രമല്ല ഏത് ആചാരപ്രകാരം ഏത് ദൈവത്തെ ആരാധിച്ചാലും ആരാധിക്കുന്നത് ഒന്നിനെത്തന്നെയാണ് എന്ന് അസന്ദിഗ്ധമായി പറയുന്നു. ഗീത, നിലവിലുണ്ടായിരുന്ന എല്ലാ ശാസ്ത്രങ്ങളെയും ആഴത്തില്‍ പരിശോധിച്ച് സാരാംശങ്ങള്‍ കണ്ടെടുത്ത് സമഗ്രം സമന്വയിപ്പിച്ച് സര്വസമാശ്ലേഷിയായ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യുന്നു.
ആരൊക്കെ എങ്ങനെയൊക്കെ പരിശ്രമിച്ചാലും അതിനെ ഒരു അങ്കപ്പുറപ്പാടിനുള്ള പ്രേരണയോ ഇന്ധനമോ ഒന്നും ആക്കാന്‍ കഴിയില്ല. കാരണം, ഇതിനുള്ള ശ്രമം എന്ന അപകടത്തെ നേരിടാന്‍ മതിയായ ആത്മരക്ഷാ സോഫ്റ്റ്വേറുകള് അതില്ത്തന്നെയുണ്ട്. ഉദാഹരണത്തിന് മോക്ഷമാര്‍ഗം വ്യക്തിഗതമാണ് എന്ന് തീര്‍ത്തു പറയുന്നു. ഉപാധികളോ ഉപകരണങ്ങളോ മന്ത്രങ്ങളോ തന്ത്രങ്ങളോ ഒന്നും ആവശ്യമില്ല. മനഃശുദ്ധിയും വിവേകവും അര്‍പ്പണവും മാത്രം മതി. പുരോഹിതരോ ആരാധനാലയങ്ങളോ അത്യാവശ്യമല്ല. ശരീരമനോബുദ്ധികളെ ക്ലേശിപ്പിക്കുന്ന അനുഷ്ഠാനങ്ങളും ആവശ്യമില്ല. നൂറാള്, നൂറ്റൊന്ന് വഴി. ഞാന്‍ നേടിയ മോക്ഷം ആര്‍ക്കെങ്കിലും പങ്കിടാനോ റിസര്‍വ് ചെയ്യാനോ വില്‍ക്കാനോ പൊതിഞ്ഞ് അട്ടത്തുെവക്കാനോ ഒരു നിവൃത്തിയുമില്ല. അന്വേഷകന്റെ സ്വാതന്ത്ര്യം പരമം.
തീര്‍ച്ചയായും ഇതാണ് നാളെ ലോകത്തിലെ വൈവിധ്യങ്ങളെ സസ്നേഹം സഹവര്ത്തിപ്പിക്കാനുള്ള ഒരേയൊരു വഴി. പ്രപഞ്ചത്തിന്റെ അടിസ്ഥാനസത്ത തന്നെയാണ് എന്റെ ജീവന്. ജീവനെ അതിന്റെ മൂലസ്രോതസ്സില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നത് ആര്ജിതങ്ങളായ കര്‍മവാസനകള്‍ മാത്രം. വിവേകം ഉദിച്ചുകഴിഞ്ഞാല്‍ ഈ വാസനകളെ യോഗവിദ്യകൊണ്ട് ഇല്ലാതാക്കി ജീവന് അതിന്റെ പ്രഭവസ്ഥാനത്തില്‍ തിരിച്ചു വിലയിക്കാം. ഇതിനുള്ള സുഗമമാര്ഗങ്ങള് ഗീത വിവരിക്കുന്നു. ഏതു കൊച്ചുകുഞ്ഞിനും മനസ്സിലാകുന്ന ഭാഷയില്‍ത്തന്നെ. അങ്ങനെ ലയിക്കുന്നതിന്റെ സുഖം എത്രയാണെന്ന് അതിന്റെ ആദ്യരുചി അനുഭവിക്കുവോളം അറിയാനാവില്ല. അനുഭവിച്ചറിഞ്ഞാലും പറഞ്ഞറിയിക്കാനുമാവില്ല. അല്ല, മറ്റു മതങ്ങള്‍ എന്നപോലെ ഹിന്ദുത്വം എന്ന ഒന്ന് ഉണ്ടെന്ന് വാശി പിടിക്കുന്നെങ്കില്‍ അതിന്റെ സ്ഥാപകന്‍ ആര് എന്നുകൂടി പറയണം. അതന്വേഷിക്കുമ്പോഴാണ് അറിയുക സയന്‍സിന്റെ സ്ഥാപകന്‍ ആര് എന്ന ചോദ്യത്തിന് മറുപടിയില്ലാത്തതു പോലെത്തന്നെയാണ് ഇവിടെയും അവസ്ഥ എന്ന്. ദര്‍ശനവുമായി പുലബന്ധം പോലുമില്ലാത്ത കുറെ ആചാരങ്ങളൊ കീഴ്വഴക്കങ്ങളോ കൂടിച്ചേര്‍ന്നാല്‍ എങ്ങനെയാണ് അര്‍ഥപൂര്‍ണമായ ഒരു മതമാവുക.
എന്തറിഞ്ഞാല് പിന്നെ അറിയാനായി ഈ പ്രപഞ്ചത്തില്‍ ഒന്നും ശേഷിക്കില്ലയോ അതാണ് ശരിയായ അറിവ് എന്നാണ് ഗീതാകാരന്റെ മതം. മനുഷ്യാവസ്ഥയില്‍ കൈവശമുള്ള മനസ്സും ബുദ്ധിയും കൊണ്ട് ഇത് നേടാന്‍ കഴിയും. ഈ ഉപകരണങ്ങളെ നാശപ്പെടുത്തുന്ന കാമക്രോധാദികളെ കൊല്ലുകയേ വേണ്ടൂ. കൊല്ലുക തന്നെ വേണംതാനും. (ഏനം പ്രജഹി ഹി!) ആ അങ്കം ജയിക്കാനുള്ള വഴികള്‍ വിസ്തരിക്കുന്നുമുണ്ട്. ആകട്ടെ, ഈ അറിവ് എങ്ങനെ എവിടന്നു കിട്ടും എന്നാണെങ്കില്‍, ഗുരുനാഥരില്നിന്നുമാത്രം അവരെ കണ്ടെത്തി പ്രസാദിപ്പിച്ച് അര്‍ഹത ബോധ്യപ്പെടുത്തണം.
പൗരോഹിത്യം നിന്ദ്യമാണ് എന്ന് പ്രഖ്യാപിക്കുമ്പോഴും 'നിന്ദ്യമായുള്ളത് ചെയ്താല്‍ ഒടുക്കത്തില്‍ നന്നായി വരുകില്‍ അതും പഴിയല്ലല്ലോ' എന്ന് വസിഷ്ഠമഹര്‍ഷി അവസാനം ശ്രീരാമന് മുന്നില്‍ ക്ഷമപറയുന്നു. മഹാഗുരുത്വത്തെ ദര്ശനസംരക്ഷയുടെ ആണിവേരായി ഋഷിമാര്‍ കാണുന്നു. ജ്ഞാനികളും തത്ത്വദര്ശികളുമായ അവര്‍ (മാത്രം) ആണ് ആ അറിവിന്റെ സൂക്ഷിപ്പുകാര്‍. ശ്രീരാമകൃഷ്ണ പരമഹംസര്‍ അങ്ങനെ ഒരാളായിരുന്നു എന്നു തീര്‍ച്ച. തെളിവ് എന്താണ് എന്ന് ചോദിച്ചാല്‍ അദ്ദേഹമാണ് ഒരു നരേന്ദ്രന്റെ അകക്കണ്ണ് അറിവിന്റെ അനസൂചികൊണ്ട് കീറിത്തുറന്നത്. അത്രയേ വേണ്ടൂ, അറിവ് അന്വേഷകനില്ത്തന്നെ ഉണ്ടല്ലോ. ഇതാണ് ഗുരുശിഷ്യ ബന്ധത്തിന്റെ ഉദാത്തമായ ഉദാഹരണം. വിശേഷിച്ച്, ഒരു ഇരട്ട ഖനിയാണ് നരേന്ദ്രന് കണ്ടുകിട്ടുന്നത്. വിശ്വസാഹോദര്യം, നിരുപാധികസ്നേഹം, അചഞ്ചലഭക്തി എന്നിവയുടെ സജീവ പ്രസാരണകേന്ദ്രമാണല്ലോ ശാരദാദേവി. ഇങ്ങനെയുള്ളവര്‍ യുഗങ്ങള്‍ തോറും ഭൂമിയിലുണ്ടാകാറുണ്ട്. ബിരുദങ്ങളോ ആസ്ഥാന മന്ദിരങ്ങളോ പീഠങ്ങളോ സ്ഥാനചിഹ്നങ്ങളോ പ്രശസ്തിയോ കാണില്ല. ഉടുപ്പും നടപ്പുമൊക്കെ അതിസാധാരണവും ആവാം. ഇത്തരക്കാരെ കാണാതായാലും അവരെ വായിക്കാന്‍ പണ്ടേ കഴിയുമായിരുന്നു. പരമഹംസവിവേകാനന്ദന്മാരെയും നമുക്കിപ്പോള്‍ വായിക്കാം. ശ്രീരാമകൃഷ്ണ വചനാമൃതവും പാരാവാരം പോലെ വിസ്തൃതമായ വിവേകാനന്ദ സാഹിത്യവും അനുഗ്രഹങ്ങളായി ഉണ്ടല്ലോ.
ഇവരുടെ സജീവസാന്നിധ്യത്തിന്റെ നഷ്ടം ഏതായാലും വലുതാണ്. നിശ്ശബ്ദസാന്നിധ്യം കൊണ്ടുപോലും ഈ കൂട്ടര് അറിവ് പകരുന്നു. ('ഗുരു മൗനിയായി, ശിഷ്യന് എല്ലാം പഠിച്ചു' എന്നുവരെ ആയിരുന്നുവല്ലോ അധ്യാപനമുറി) ഭാഗ്യത്തിന്, ഈ നഷ്ടത്തിനും മിക്കവാറും പരിഹാരമാകാന്‍ കഴിവുള്ള സാന്നിധ്യങ്ങള്‍ ഇപ്പോഴും ശ്രീരാമകൃഷ്ണമിഷനില്‍ ഉണ്ട്. അന്വേഷിച്ചാല്‍ കണ്ടെത്താം. ഈ മിഷനിലെ ഒരു ഗുരുനാഥനും അവിഹിതമായ ഒരു കാര്യം ചെയ്തതായോ പറഞ്ഞതായോ അന്നുതൊട്ടിന്നോളം ഒരുവിധ ആക്ഷേപവും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
സ്വാമി വിവേകാനന്ദന്റെ ജീവിതം എഴുതാന്‍ ആഗ്രഹമുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ കൃതികള്‍ മുഴുക്കെ വായിച്ചിട്ടും പിന്നീടും റഫറന്‍സിനായി അതില്‍ കാലമിത്രയും പരതിക്കൊണ്ട് ഇരുന്നിട്ടും ആ മനസ്സ് മുഴുവനായി കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേ പ്രശ്നം തുടക്കത്തില്‍ എഴുത്തച്ഛന്റെ കാര്യത്തിലും എനിക്കുണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ മല്ലിട്ടാണ് ഒരുവിധം ഒത്തുകിട്ടിയത്. ജനിതകഘടനയില്‍ ഏതോ തരത്തില്‍ അല്പം പൊരുത്തം ഉള്ളതുകൊണ്ടാവാം അപ്പോഴെങ്കിലും ഒത്തത്. ഒന്നുകൂടിയുണ്ട്, 'ഞാന്‍ എങ്ങും പോവില്ല, എല്ലാ കാലവും ഇവിടെ ഉണ്ടാവും' എന്ന് ഉറപ്പുതന്നിരിക്കുന്നു, വിവേകാനന്ദസ്വാമികള്‍! സത്യവ്രതന്മാര് വാക്കുപാലിക്കും എന്ന് തീര്‍ച്ചയാണ്. എന്നുവെച്ചാല്‍, ആ സാന്നിധ്യം ഇവിടെയൊക്കെ എന്നുമുണ്ട്. പിന്നെ എന്തിന് ഞാനൊരു കോപ്പിരാട്ടി വേഷം അവതരിപ്പിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..