വി.കെ.എൻ, രമ ബാലചന്ദ്രൻ
സാഹിത്യം വി.കെ.യെനുമുന്നില്‍ തലകുനിച്ചു നിന്നിട്ടേയുള്ളൂ. അഥവാ എതിരുനിന്നാല്‍ സാഹിത്യത്തെത്തന്നെ തന്റെ പ്രയോഗങ്ങള്‍കൊണ്ട് വലിച്ചുകീറികുട്ടയിലിട്ടുകളയും അദ്ദേഹം. സ്ഥാനത്തും അസ്ഥാനത്തും തലസ്ഥാനത്തും തനിക്ക് തോന്നിയതുപോലെ കണ്ടാലറിയാവുന്ന-കേട്ടാലറിയാവുന്ന വാക്കുകളെയിട്ട് അമ്മാനമാടിയ വി.കെ.എന്‍ വിട പറഞ്ഞിട്ട് പതിനെട്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തെ മരണം വരെ വേട്ടയാടിയിരുന്ന പുത്രദു:ഖത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഏകമകന്‍ ബാലചന്ദ്രന്റെ ഭാര്യ രമ.
തന്റെ അവസാനനാളുകളില്‍ വേണ്ടപ്പെട്ടവരോട് വി.കെ.എന്‍ പറഞ്ഞത് മുഴുവന്‍ മകന്‍ മണിയന്‍ പോയതിന്റെ പത്താം വര്‍ഷം എന്നായിരുന്നു. മരണമെന്നാല്‍ മകന്റെയടുക്കലേക്ക് പോകുക എന്നായിരുന്നു വി.കെ.എന്‍ അര്‍ഥമാക്കിയിരുന്നത്. മുപ്പത്തിയേഴുകാരനായ ബാലചന്ദ്രനുമൊത്ത് ഇരുപതുകാരിയായ രമ ജീവിച്ചത് പതിനാറു മാസം മാത്രം. അപ്പോഴേക്കും ജീവിതം സ്വയം നിര്‍ത്തിപ്പോയിരുന്നു ബാലചന്ദ്രന്‍. ഓര്‍ത്തെടുക്കാമോ ആ നാളുകളെ?
പതിനാറുമാസത്തെ ദാമ്പത്യപരിചയം എന്നുവേണം പറയാന്‍. ഇവിടെയുള്ളപ്പോഴെല്ലാം ആള്‍ക്ക് എന്നോട് നല്ല സ്നേഹവും കരുതലുമൊക്കെത്തന്നെയായിരുന്നു. എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പൂര്‍ണമായും അറിയാമായിരുന്നോ എന്നൊന്നുമറിയില്ല. പക്ഷേ ഇഡ്ഢലി തികയാതെ വരുമ്പോള്‍ ഉപ്പുമാവുണ്ടാക്കുന്ന സമയത്ത് ആള് പറയും അവള്‍ക്ക് ഇഡ്ഢലിയാണ് ഇഷ്ടം എന്ന്. അന്നത്തെ ഇരുപതുകാരി ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍ അതായിരുന്നു കരുതല്‍ എന്നു തോന്നുന്നു. അന്നൊക്കെ ചുരിദാര്‍ വന്നുതുടങ്ങിയതെയുള്ളൂ. അത്തരം വസ്ത്രങ്ങളൊക്കെ കാണുമ്പോള്‍ പറയും നിനക്ക് ഇതൊക്കെ ഇട്ടാലെന്താ, വാങ്ങിക്കട്ടെ എന്നൊക്കെ. എനിക്കതിലൊന്നും താല്പര്യമില്ലാതിരുന്നതുകൊണ്ട് ഒഴിഞ്ഞുമാറും. തൊണ്ണൂറ്റൊന്ന് ഡിസംബറിലായിരുന്നു ഞങ്ങളുടെ കല്യാണം.
എനിക്ക് അച്ഛനില്ല, ആങ്ങളയുമില്ല. അമ്മയ്ക്കാണേല്‍ അത്ര വല്യസ്ഥിതിയുമില്ല. അപ്പോഴാണ് ഇങ്ങനെയൊര് ആലോചന വന്നത്. എല്ലാവരും പറഞ്ഞു വി.കെ.എന്നിന്റെ മകനല്ലേ നല്ലതാണ്. അങ്ങനെ കല്യാണം കഴിഞ്ഞു. കൂടെയുള്ളപ്പോഴെല്ലാം ഒരു ഭര്‍ത്താവിന്റെ എല്ലാ കരുതലും സ്നേഹവും മണിയേട്ടന്‍ തന്നു. ഞാന്‍ വന്ന സമയത്ത് അച്ഛനും മകനും തമ്മിലുള്ള സാഹിത്യ ചര്‍ച്ചകളും സ്ഥലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുമൊക്കെ നല്ല രസമായിരുന്നു കണ്ടിരിക്കാന്‍. എനിക്ക് അച്ഛനില്ലല്ലോ. ഞാന്‍ വി.കെ.എന്നിന്റെ വിളിയ്ക്കായി കാത്തു നില്‍ക്കും. എന്തെങ്കിലും ആവശ്യമുണ്ടോ എന്നറിയാന്‍. മണിയേട്ടന് അല്പം മദ്യം കഴിക്കുന്ന സ്വഭാവമൊക്കെ ഉണ്ടായിരുന്നല്ലോ. അതങ്ങനെ നീണ്ടുപോകുന്നത് കാണുമ്പോള്‍ അച്ഛന്‍ ദേഷ്യപ്പെട്ട് കയര്‍ത്ത് സംസാരിക്കുകയും അങ്ങോട്ടും അങ്ങനെയൊക്കെ പെരുമാറുകയുമൊക്കെ ചെയ്തിട്ടുണ്ട്.
മണിയേട്ടന്‍ ഒരിക്കലും എവിടെയും ഉറച്ച് നില്‍ക്കില്ലായിരുന്നു. എവിടെ ജോലിയ്ക്കുപോയാലും വര്‍ഷം തികയ്ക്കില്ല. അച്ഛന് നല്ല വിഷമമുണ്ടായിരുന്നു മണിയേട്ടന്റെ ഈ പ്രകൃതത്തോട്. മണിയേട്ടന്‍ ഇനിയില്ലെന്ന് ഉള്‍ക്കൊണ്ടതിനുശേഷം എന്നെ കാണുമ്പോഴൊക്കെ അച്ഛന് വല്യ സങ്കടമായിരുന്നു. എന്റെ മുഖത്ത് നോക്കില്ലായിരുന്നു. മകനെ വല്ലാതെ ഓര്‍മ വരുന്നു എന്നു പറഞ്ഞുകൊണ്ട് തകര്‍ന്നിരിക്കുന്ന അച്ഛന്റെ മുഖം എന്റെ മനസ്സിലുണ്ട്. ഇടയ്ക്ക് ഞാനെന്റെ വീട്ടിലേക്ക് പോകുമ്പോള്‍ മുതല്‍ അന്വേഷണം തുടങ്ങും. അവളെപ്പഴാ വര്വാ? എന്ന് അമ്മയോടിങ്ങനെ ചോദിച്ചുകൊണ്ടേയിരിക്കും.
ഇരുപത്തിരണ്ടാം വയസ്സിലാണ് ഭര്‍ത്താവ് നഷ്ടപ്പെടുന്നത്. പിന്നെയൊരു ജീവിതത്തെക്കുറിച്ച് പാടേ മറന്നുകളഞ്ഞതെന്തിനായിരുന്നു? വി.കെ.എന്നിന് അങ്ങനെയൊരു ധര്‍മം കൂടി ഉണ്ടായിരുന്നില്ലേ?
മണിയേട്ടന്‍ എന്നെയോര്‍ത്തില്ല എന്ന കാര്യത്തില്‍ അച്ഛന് വളരെ സങ്കടമുണ്ടായിരുന്നു. ആ വിഷമം എനിക്ക് നിങ്ങളോട് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അദ്ദേഹം എന്റെ ഭാവിയോര്‍ത്ത് ധാരാളം അസ്വസ്ഥനായിട്ടുണ്ട്. എനിക്കടുപ്പമുള്ള ഒരു സ്ത്രീയെക്കൊണ്ട് ഒരു ജീവിതം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചൊക്കെ അദ്ദേഹം എന്നോട് ചോദിപ്പിച്ചു. അച്ഛന്‍ നേരിട്ടൊന്നും പറഞ്ഞിട്ടില്ലായിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും വേണ്ടിയായിരുന്നു അവര്‍ എന്നോട് വിവാഹക്കാര്യം അവതരിപ്പിച്ചത്. ഞാന്‍ ഇനി വിവാഹം കഴിക്കുന്നില്ല. ഇവിടെയങ്ങ് തുടരുകയാണെന്ന് കട്ടായം പറഞ്ഞു.
മണിയേട്ടന്‍ മരിച്ചതറിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ അമ്മയുടെ കൂടെ ഞാന്‍ വീട്ടിലേക്ക് പോയി. പിറ്റേന്ന് വൈകിട്ട് കാര്യസ്ഥന്‍ കോരി ഒരു എഴുത്തുമായി വീട്ടില്‍ വന്നു. അച്ഛന്റെ കത്തായിരുന്നു. ഞാന്‍ പോന്നതിനുശേഷം അവിടെ ആരും വെള്ളം പോലും കുടിച്ചിട്ടില്ല എന്നെനിക്ക് എഴുത്തില്‍ നിന്നും മനസ്സിലായി. നീ ഇറങ്ങിയതുമുതല്‍ അമ്മ കിടക്കുന്നു, ഒന്നു കുടിച്ചിട്ടില്ല. എനിക്കും ഒന്നിനും പറ്റുന്നില്ല. അവന്റെ കൂടെ ഇങ്ങുവരൂ എന്നായിരുന്നു എഴുതിയത്. ഞാനപ്പോള്‍ തന്നെ കോരിയുടെ പിറകേ ഇറങ്ങി നടന്നു. തിരിച്ചുപോകുകയാണെന്ന് അമ്മയോട് പറഞ്ഞു. അന്നുമുതല്‍ രണ്ടുപേരെയും എന്റെ ഉത്തരവാദിത്തമായി കൊണ്ടുനടന്നു. മുമ്പ് ഇങ്ങനെയൊരുപോക്കില്‍ മണിയേട്ടന്റെ ഒരെഴുത്ത് വന്നിട്ടുണ്ടായിരുന്നു എനിക്ക്. എന്നെക്കാള്‍ അധികം എന്റെ അച്ഛനെയും അമ്മയെയും നന്നായി
സ്നേഹിക്കണം എന്നായിരുന്നു എഴുതിയത്. അത് ഇപ്പോഴും അനുസരിക്കുന്നു.

ബാലചന്ദ്രന്‍ എഴുതാതിരുന്നത് കൊണ്ട് വി.കെ.എന്നിന് പെരുന്തച്ചന്‍ കോംപ്ളക്സ് വന്നില്ല എന്ന് കെ. രഘുനാഥന്‍ അദ്ദേഹത്തിന്റെ മുക്തകണ്ഠം വി.കെ.എന്‍ എന്ന ജീവചരിത്രത്തില്‍ പറയുന്നുണ്ട്.
അച്ഛനിരുന്ന് എഴുതുമ്പോള്‍ ആള് കൂടെച്ചെന്നിരിക്കുമായിരുന്നു. എഴുതുന്ന വിഷയത്തെക്കുറിച്ച് രണ്ടാളും പരസ്പരം പറഞ്ഞ് പൊട്ടിച്ചിരിക്കും. നന്നായി വായിക്കും. ആസ്വദിച്ച് വായിക്കുന്നത് കാണാന്‍ നല്ല രസായിരുന്നു. എഴുതുന്നതൊന്നും കണ്ടിട്ടില്ല. അതൊക്കെ മെനക്കേടുള്ളതല്ലേ, മടിയാണ്.
എല്ലായിടവും ആള്‍ക്ക് പെട്ടെന്ന് മടുക്കുമായിരുന്നു. വീട്ടില്‍ നിന്നുപോയാല്‍ കുറേകാലത്തേക്ക് ഒരു വിവരവും ഉണ്ടാവില്ലായിരുന്നു എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ വരും. കുറച്ചുമാസം ഇരിക്കും. പിന്നെയും പോകും. അവസാനമായി ജോലിയ്ക്കു കയറി ഒരുമാസത്തെ ശമ്പളം വാങ്ങി അത് അച്ഛന്റെ കയ്യില്‍ വച്ചുകൊടുത്തു. പിന്നെ ഒരു പത്തു ദിവസം കൂടി ആ കമ്പനിയില്‍ ഒപ്പിച്ചു. പതിവുപോലെ ഒരു പോക്കങ്ങ് പോയി. എട്ടുമാസം കഴിഞ്ഞിട്ടാണ് പിന്നെ കയറിവരുന്നത്. വന്നപ്പോള്‍ കണ്ടത് എന്നെയാണ്. അപ്പോള്‍ തമാശയോടെ പറഞ്ഞു;''നീ ഇവിടെ മതിയാക്കിപോയിട്ടുണ്ടാവുമെന്ന് കരുതി ഞാന്‍.' ഞാനെവിടെപ്പോവാനാണെന്നും ചോദിച്ച് ചിരിച്ചു. അച്ഛനെപ്പോലെ എഴുതാനിരുന്നെങ്കില്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടാകുമായിരുന്നു. അപാര ബുദ്ധിയായിരുന്നു ആള്‍ക്ക്.
1994 ഏപ്രില്‍ പതിനാറാം തീയതി ശനിയാഴ്ച് സന്ധ്യയ്ക്കാണ് ഇവിടെ നിന്നും അവസാനമായി മണിയേട്ടന്‍ പോയത്. മൂകാംബികയില്‍ ഭജനയിരിക്കാന്‍ വേണ്ടി പോയതാണ്. അച്ഛന്‍ പാവം കുറേ ഡ്രസ്, പണം, കത്തെഴുതാനുള്ള ഇന്‍ലന്റുകള്‍, പേന തുടങ്ങി എന്തൊക്കെയോ കൊടുത്തുവിട്ടതാണ്. നാല്പത്തൊന്നു ദിവസത്തെ വ്രതമിരിക്കാന്‍ പോയതാണല്ലോ. പോയതിനുശേഷം ബാലചന്ദ്രന്‍ എന്നൊരു ശബ്ദമേയില്ല. ഒരു വര്‍ത്തമാനവുമില്ല ആളെപ്പറ്റിയിട്ട്. ദിവസവും ഗേറ്റിലേക്ക് നോക്കിയങ്ങനെ നില്‍ക്കും അച്ഛന്‍. കത്തുണ്ടാവുമല്ലോ. എഴുതാനുള്ളതെല്ലാം കൊടുത്തുവിട്ടിട്ടുണ്ടല്ലോ.

മാസങ്ങള്‍ക്കുശേഷം കാര്യസ്ഥന്റെ മകള്‍ അമ്മയോട് പറഞ്ഞു, മണിയേട്ടനെപ്പറ്റി ഇങ്ങനെയൊക്കെ കേള്‍ക്കുന്നുണ്ടല്ലോ എന്ന്. അമ്മയത് അച്ഛനോട് പറഞ്ഞു. അച്ഛന്‍ അത് പാടേ നിരസിച്ചു. ആഗസ്ത് -സെപ്തംബര്‍ മാസത്തിലാണ് ഇതെല്ലാം. രാപകല്‍ ഉറക്കം നഷ്ടപ്പെട്ട്, ചെറിയശബ്ദം പോലും മണിയന്റെ കാലൊച്ചയാണെന്നു കരുതി കണ്ണും കാതും തുറന്നു തന്നെ ഇരുന്നു അച്ഛന്‍.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തിലെ ഒരു പട്ടേല്‍ ബാബാ എന്ന പള്ളിയില്‍ ആള് കണക്കെഴുതാനൊക്കെ പോയി ഇരുന്നിട്ടുണ്ട്. ഇപ്പോഴും അവിടെ നിന്ന് കത്തുകള്‍ വരാറുണ്ട്. അത് പൊട്ടിച്ചുവായിക്കുമ്പോളൊക്കെ അച്ഛന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയും ഇത് മണിയന്റെ കയ്യക്ഷരം പോലെയുണ്ടല്ലോ എന്ന്. മാനസികസമ്മര്‍ദ്ദം വല്ലാതെ പിടികൂടി രാത്രിയില്‍ ഉറക്കമില്ലായിരുന്നു അദ്ദേഹത്തിന്. പുറത്തുനിന്നാണെങ്കില്‍ ഇങ്ങനെയുള്ള സംസാരവും കൂടിക്കൂടി വരുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ പി എ ആയിരുന്ന സി.പി നായര്‍ മുഖാന്തരം അച്ഛന്‍ കാര്യങ്ങള്‍ അന്വേഷിച്ചു. അപ്പോഴേക്കും നവംബര്‍ മാസമായിട്ടുണ്ട്.
മണിയേട്ടന്റെ സഹോദരിയുടെ ഭര്‍ത്താവ് കൃഷ്ണകുമാര്‍ ഉഡുപ്പിയില്‍ പോയി നേരിട്ടന്വേഷിച്ചപ്പോള്‍ കാര്യം വ്യക്തമായി. മെയ് ഇരുപത്തിയൊന്നിന് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്തു എന്ന് വിവരം കിട്ടി. മറ്റ് തെളിവുകള്‍ വച്ച് അത് ബാലചന്ദ്രനാണെന്ന് സ്ഥിരീകരിച്ചു. അച്ഛന്‍ നേരത്തെ തന്നെ ഈ വിവരം അറിഞ്ഞെന്നും അമ്മയില്‍ നിന്നും എന്നില്‍ നിന്നും മൂടിവെച്ചു എന്നൊക്ക കഥകളിറങ്ങിയിരുന്നു. പക്ഷേ അങ്ങനൊന്നില്ല. രേഖകളുമായി പോലീസ് വന്ന് മരണം അറിയിക്കുന്നതുവരെ അച്ഛന്‍ മകനെ പ്രതീക്ഷിച്ചുതന്നെ ഇരുന്നിരുന്നു. യാഥാര്‍ഥ്യം അംഗീകരിച്ചത് പോലീസ് വന്ന് പറഞ്ഞപ്പോളാണ്. അതൊരു ഡിസംബറിലായിരുന്നു- മരണമറിയിച്ച് പോലീസ് വന്ന ദിവസം അമ്മയുടെ പിറന്നാളായിരുന്നു.
അച്ഛന്‍ വയ്യാതെ കിടന്ന അവസാനത്തെ ആഴ്ചയില്‍ വന്നവരോടൊക്കെ പറഞ്ഞത് മകനെക്കുറിച്ചാണ്. പത്തുവര്‍ഷമായി പോയിട്ട്, അവന്റെയടുത്തേക്ക് ഞാനും പോവാണ് എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. മകന്‍ പോയതിനുശേഷം ആദ്യമുപേക്ഷിച്ചത് അച്ഛന്‍ തന്റെ ഭക്ഷണപ്രിയത്തെയായിരുന്നു. രാവിലെ എന്തെങ്കിലും കുറച്ച് കഴിക്കും. പിന്നെ ആഹാരമില്ല പലപ്പോഴും. ഉമ്മറത്തിരുന്ന് റോഡിലേക്ക് തന്നെ നോക്കിയിരിക്കും. വി.കെ.എന്‍ എന്ന അതികായനിലെ നിസ്സഹായനായ അച്ഛനെ നോക്കി കരഞ്ഞുപോയിട്ടുണ്ട് ഞാന്‍.
(പുന:പ്രസിദ്ധീകരിച്ചത്)
Content Highlights :VKN 18 death anniversay daughter in law rama balachandran shares her memory
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..