ശിഷ്യന്റെ കുത്തേറ്റ അച്ഛന്‍, ജീവഭയത്താല്‍ മതംമാറിയ അമ്മായി;നാടകമല്ല, ഇത് വിക്രമന്‍ നായരുടെ ജീവിതകഥ!


By ഭാനുപ്രകാശ്‌

11 min read
Read later
Print
Share

നാടകാചാര്യന്‍ വിക്രമന്‍ നായര്‍ ജീവിതമാകുന്ന നാടകത്തില്‍ നിന്നും അരങ്ങൊഴിഞ്ഞു. മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി ഭാനുപ്രകാശ് തയ്യാറാക്കി 2021-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അഭിമുഖമാണിത്. ജീവിതം അത്രമേല്‍ ജീവിച്ചുതന്നെ തീര്‍ത്ത മഹാനടന്റെ അനുഭവസാക്ഷ്യങ്ങള്‍...

വിക്രമൻ നായർ

നാടകം ജീവിതംതന്നെയാക്കിയ കുറെ മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു. കല യുടെ ആനന്ദം സ്വയം അനുഭവിക്കാനും മറ്റുള്ളവരിലേക്ക് അത് പകരാനും സമൂഹത്തെ ഉഴുതുമറിക്കാനുമായിരുന്നു അവർ നാടകത്തിന് സ്വയം സമർപ്പിച്ചത്. അതിൽ മിക്കവർക്കും നാടകം നൽകിയത് വേദനയുടെ ചവർപ്പുകോപ്പയായിരുന്നു. എങ്കിലും അവർ നാടകത്തെ ജീവിതത്തോടു ചേർത്തുപിടിച്ചു. മഹത്തായ ഒരു നാടകകാലം തിരിച്ചുവരാത്തതായി മാഞ്ഞുപോയെങ്കിലും അതിന്റെ ഭാഗമായിരുന്ന ചിലരെങ്കിലും നമുക്കിടയിൽ ഇപ്പോഴുമുണ്ട് -ഒറ്റപ്പെട്ട വിഷാദനക്ഷത്രങ്ങളെപ്പോലെ...അറുപത് വര്‍ഷത്തിലേറെ നീണ്ട നാടകജീവിതം കൊണ്ട് എന്താണ് നേടിയത്...?

നാടകം കൊണ്ട് പണം സമ്പാദിച്ചവരിൽ ഒരാളായിരുന്നു ഞാനും. എൻ.എൻ. പിള്ളയും ഞാനുമാകും നാടകവുമായി ബന്ധപ്പെട്ട് കേരളത്തിൽഏറ്റവും കൂടുതൽ ഇൻകം ടാക്സ് അടച്ചിട്ടുണ്ടാവുക. ഏറക്കുറെ അൻപത് ലക്ഷത്തോളം രൂപ നാടകത്തിലൂടെ ഞാൻ സമ്പാദിച്ചിരുന്നു. ചില സൗഹൃദങ്ങളെ വിശ്വസിച്ച് ആ പണമെല്ലാം അറിയാത്ത ഒരു ബിസിനസ്സിൽ മുടക്കി. പത്തുപൈസ പോലും തിരിച്ചുകിട്ടാത്ത വിധം നഷ്ടമായി. അതിൽ വലിയ വിഷമം തോന്നിയിരുന്നു. നാടകമായിരുന്നു എനിക്കൊരു ജീവിതം തന്നത്. നടനും സംവിധായകനുമായി നിൽക്കുമ്പോൾ തന്നെ ഞാനൊരു നാടക സംഘാടകൻ കൂടിയായിരുന്നു. ചിലർ അതിനെ നാടക മുതലാളി എന്നൊക്കെ വിളിക്കും. ശരിക്കും അഭിനേതാവിനും സംവിധായകനുമപ്പുറത്താണ് നാടക സംഘാടകന്റെ റോൾ. നല്ലൊരു നാടകം കണ്ടെത്തണം. അത് അവതരിപ്പിക്കാൻ വേണ്ടി മൂലധനം സമാഹരിക്കണം. പിന്നെ, നടീനടന്മാരെ നിശ്ചയിക്കൽ, സംവിധാനം, റിഹേഴ്സൽ, വേദികൾ, നാടകത്തിന്റെ ആദ്യാവതരണം, പിഴവുകൾ തിരുത്തൽ... അങ്ങനെ ഒരുപാട് ഉത്തരവാദിത്വങ്ങൾ നിറഞ്ഞ ജോലിയാണ് നാടകനടത്തിപ്പുകാരന്റേത്. ഈ ഭാരങ്ങളെല്ലാം തലയിലേറ്റിയാണ് അരനൂറ്റാണ്ടിലേറെക്കാലം ഞാൻ നാടകരംഗത്തുനിന്നത്. പഴയ കാലത്തൊക്കെ നാടകത്തിന് വളരെ ചെറിയ തുകയേ കിട്ടിയിരുന്നുള്ളൂ. കേവലം രണ്ടായിരത്തി അഞ്ഞൂറും മൂവായിരവുമൊക്കെ ആയിരുന്നു ഒരു നാടകത്തിന് ലഭിച്ചത്. എന്റെ ഉടമസ്ഥതയിൽ കോഴിക്കോട്ട്‌‘സ്റ്റേജ് ഇന്ത്യ’ വന്നപ്പോൾ നാടകത്തിന്റെ പ്രതിഫലം വലിയ രീതിയിൽ കൂട്ടി. ഒരു സ്റ്റേജിന് മൂവായിരത്തിൽ നിന്ന് പതിനായിരമാക്കി ഉയർത്തി. സ്റ്റേജ് ഇന്ത്യ റേറ്റ് കൂട്ടിയതോടെ മറ്റു നാടക ട്രൂപ്പുകളും റേറ്റ് വർധിപ്പിച്ചു. അത് കേരളത്തിലെ പ്രൊഫഷണൽ നാടകപ്രവർത്തകർക്ക് വലിയ രീതിയിൽ ഗുണം ചെയ്തു. നാടകത്തിലൂടെ നല്ല നിലയിൽ ജീവിച്ചിരുന്ന ഞാൻ അറിയാത്ത ഒരു മേഖലയിലേക്ക് കടന്നുചെന്നപ്പോഴുണ്ടായ ദുരിതത്തിൽനിന്ന്‌ എന്നെ വീണ്ടും കൈപിടിച്ചുയർത്തിയതും നാടകമാണ്. ഒരർഥത്തിൽ, നാടകം എന്റെ ജീവിതം മാത്രമല്ല, ജീവനും കൂടിയാണ് തിരിച്ചുതന്നത്.

അമ്മ കാണിച്ചുതന്ന ഒരു നാടകം

വിക്രമൻ നായർ ജീവിതം പറഞ്ഞുതുടങ്ങുമ്പോൾ, ഈ എഴുപത്തിയഞ്ചാം വയസ്സിലും അമ്പരപ്പിക്കുന്ന ഒരനുഭവം ആ കണ്ണുകളിൽ തെളിയും. നാടകമേത്, ജീവിതമേത് എന്ന് തിരിച്ചറിയാനാവാത്ത ഒരോർമ. വിക്രമൻനായരുടെ വാക്കുകളിൽ അതിങ്ങനെ കേൾക്കാം: ‘‘ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ മാപ്പിള ലഹളയുടെ ഭീകരാവസ്ഥ അനുഭവിച്ച ആളാണ് എന്റെ അമ്മ വെള്ളയ്ക്കാംപടി തറവാട്ടിൽ ജാനകിയമ്മ. ലഹളക്കാലത്ത് അമ്മയുടെ രണ്ട്‌ അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടിൽ ഇട്ടു. അന്നു രാത്രിതന്നെ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും പല സ്ഥലങ്ങളിലും അഭയം തേടി. വലിയ ഉരുളിപോലുള്ള പാത്രത്തിൽ കയറി പുഴ കടന്ന് ഏതൊക്കെയോ ഗ്രാമങ്ങളിലാണ് പലരും ചെന്നെത്തിയത്. വർഷങ്ങൾ കടന്നുപോയി, ഞാൻ കുട്ടിയായിരിക്കുമ്പോൾ അമ്മ എന്നെയും കൊണ്ട് പലപ്പോഴും മലപ്പുറത്തിനടുത്തുള്ള ഒരു മുസ്ലിം തറവാട്ടിൽ പോകുമായിരുന്നു. അമ്മയെ കാണുമ്പോൾ വളരെ സന്തോഷത്തോടെ ഒരു സ്ത്രീ മുറ്റത്തേക്കിറങ്ങി വരും. ചായയും പലഹാരങ്ങളും അവർ ഞങ്ങൾക്കു തരും. ഒരിക്കൽ, അമ്മയെ അവർ അടുക്കളയുടെ പിറകിലെ വിറകുപുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനകത്ത് ചെറിയൊരു അലമാരയുണ്ട്. അത് തുറന്നപ്പോൾ ഉള്ളിൽ ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ. അത് നോക്കി അവർ അമ്മയോട് പറഞ്ഞു: ‘‘ഞാൻ ദിവസവും ആരും കാണാതെ ഇവിടെ തൊഴാറുണ്ട് മോളെ.’’ ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഞാൻ അമ്മയോ ട് ചോദിച്ചു: ‘‘ആരാണമ്മേ അവർ?’’ ലഹളക്കാലത്ത് തറവാട്ടിൽ നിന്ന്‌ ഒളിച്ചോടിയ ഒരു അമ്മായിയാണവരെന്നും ജീവഭയം കാരണം മുസ്ലിം മതം സ്വീകരിച്ച് ഒരു മുസ്ലിമിനെ വിവാഹം കഴിച്ചതാണെന്നും അമ്മ പറഞ്ഞു. അവരുടെ പേര് അമ്മിണിയമ്മ എന്നായിരുന്നുവത്രേ. മതം മാറിയപ്പോൾ ആമിനയെന്നായി. അമ്മ വിവരിച്ച ആ ജീവിതം ഇപ്പോഴും അരങ്ങിലെത്താത്ത ഒരു നാടകമായി എന്റെ മനസ്സിൽ തറഞ്ഞുകിടപ്പുണ്ട്.

പിറന്ന നാടിനെയും അവിടെ നിന്ന്‌ തുടങ്ങിയ യാത്രയെയും എങ്ങനെയാണ് ഓർക്കുന്നത്...?

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് പൊറ്റശ്ശേരി ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ തച്ചങ്ങോട്ട് തറവാട്ടിൽ വേലായുധൻ നായർ സ്കൂൾ അധ്യാപകനായിരുന്നു. എനിക്ക് നാലരവയസ്സുള്ളപ്പോൾ നെഞ്ചുവേദന വന്നാണ് അച്ഛൻ മരിച്ചത്. സ്കൂളിൽ വളരെ മോശം വിദ്യാർഥിയായിരുന്ന ഒരു കുട്ടിയെ അച്ഛൻ ഉപദേശിച്ചതിനെത്തുടർന്ന് കൂർത്ത മുനയുള്ള ഒരു പെൻസിൽ കൊണ്ട് അവൻ അച്ഛന്റെ നെഞ്ചിൽ കുത്തി. അക്കാലത്ത് അത് വലിയൊരു സംഭവമായിരുന്നു. ആ കുട്ടിക്കെതിരേ കേസൊന്നും എടുക്കരുതെന്ന് അച്ഛൻ പറഞ്ഞിരുന്നുവത്രേ. നെഞ്ചിലുണ്ടായ ആഴത്തിലുള്ള മുറിവ് ഉണങ്ങിയെങ്കിലും പിന്നീട് അച്ഛന്റെ നെഞ്ചുവേദന മാറിയില്ല. ഒടുവിൽ ഒരു പുലർച്ചെ അച്ഛൻ ഓർമയായി. വെള്ളപുതച്ചു കിടക്കുന്ന അച്ഛന്റെ അരികിലിരുന്ന് അമ്മയും സഹോദരിമാരും കരയുന്നത് കോണിപ്പടിയിലിരുന്ന് ഞാൻ കണ്ടു. മരണാനന്തര കർമങ്ങൾ എന്നെക്കൊണ്ട് ചെയ്യിക്കുമ്പോഴും അച്ഛൻ ഇനിയില്ല എന്നെനിക്കറിയില്ലായിരുന്നു. അച്ഛന്റെ വേർപാട് ശരിക്കും ഞങ്ങളുടെ ജീവിതത്തെ ഉലച്ചുകളഞ്ഞു. ദാരിദ്ര്യം വലിയ രീതിയിൽ അനുഭവിച്ച നാളുകളായിരുന്നു അത്. ആരിൽ നിന്നും കാര്യമായ സഹായങ്ങളൊന്നും കിട്ടിയില്ല. കുറെ ഭൂമി ഉണ്ടായിരുന്നെങ്കിലും അച്ഛന്റെ മരണത്തോടെ അതിലേറെയും അന്യാധീനപ്പെട്ടുപോയി. ഞങ്ങൾ നാലു മക്കളായിരുന്നു. രണ്ടു ചേച്ചിമാരും ഒരനിയത്തിയും. ഒരേയൊരു ആൺതരിയായതുകൊണ്ട് എല്ലാവരുടെയും സ്നേഹം അനുഭവിച്ചാണ് ഞാൻ വളർന്നത്. ഞാൻ തിരഞ്ഞെടുത്ത നാടകവഴികളിലൂടെ സഞ്ചരിക്കാൻ എനിക്ക് പ്രോത്സാഹനം തന്നതും വീട്ടുകാർ തന്നെയായിരുന്നു.

കുട്ടിക്കാലത്തെ നാടകക്കാഴ്ചകൾ ഇപ്പോഴും ഓർമയിലുണ്ടോ...?

നാടകം കാണാനുള്ള ഭാഗ്യമൊന്നും കുട്ടിക്കാലത്തുണ്ടായിരുന്നില്ല. ഒരു കുഗ്രാമത്തിൽ ജനിച്ചതുകൊണ്ടുതന്നെ, നാടകത്തെക്കുറിച്ചറിയാനോ പറഞ്ഞു തരാനോ കാര്യമായ ബോധമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ല. നാട്ടിൽ പ്രധാനമായും അരങ്ങേറിയിരുന്ന കലാരൂപങ്ങൾ പാവകളിയും തെരുക്കൂത്തുമായിരുന്നു. വല്ലപ്പോഴും ചവിട്ടുനാടകവും. ആറാം ക്ലാസുവരെ മണ്ണാർക്കാട് കെ.ടി.എം. ഹൈസ്കൂളിലാണ് പഠിച്ചത്. മന്ത്രിയായിരുന്ന ടി. ശിവദാസമേനോൻ അന്നവിടത്തെ ഹെഡ്മാസ്റ്ററായിരുന്നു. മണ്ണാർക്കാടിനോട് ഞങ്ങൾക്ക് വിടപറയേണ്ടി വന്നത് യാദൃച്ഛികമായിരുന്നു. ജീവിതപ്രയാസങ്ങൾക്കിടയിലും ഞങ്ങൾ നാലു മക്കളെയും നല്ല നിലയിൽ പഠിപ്പിക്കാൻ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മൂത്ത ചേച്ചി സാവിത്രിക്ക് നഴ്സായി മംഗലാപുരത്തുജോലികിട്ടി. ഏറെ വൈകാതെ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ലഭിച്ചപ്പോൾ മുപ്പതുരൂപ വാടകയ്ക്ക് ഒരു വീട് കണ്ടെത്തി ഞങ്ങളെല്ലാവരും അവിടേക്ക് മാറി. ആ പറിച്ചു നടലാണ് എന്നിലെ നാടകക്കാരനെ കണ്ടെത്തുന്നതിന് കാരണമായത്. ഒരു പക്ഷേ, മണ്ണാർക്കാട്ടെ
ജീവിതം തുടർന്നിരുന്നെങ്കിൽ വിക്രമൻ നായർ എന്ന നാടകക്കാരൻ ഉണ്ടാകുമായിരുന്നില്ല. അച്ഛനെപ്പോലെ ഏതെങ്കിലും സ്കൂളിൽ പഠിപ്പിക്കാനാവും യോഗം. എട്ടാം ക്ലാസ് മുതൽ പഠിച്ചത് കോഴിക്കോട് സെയ്‌ന്റ്ജോസഫ് ഹൈസ്കൂളിലായിരുന്നു. കലാകാരന്മാരെ വളർത്തിയെടുക്കുന്നതിൽ എക്കാലത്തും മാതൃകയായിരുന്ന ഈ വിദ്യാലയത്തിന്റെ തിരുമുറ്റത്താണ് എന്നിലെ നടനും പിറന്നത്.

വിക്രമൻ നായർ എന്ന നടൻ ആദ്യമായി അരങ്ങിലെത്തിയ ഓർമ പങ്കു വെക്കാമോ...?

പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും നൽകാൻ സെയ്‌ന്റ് ജോസഫ്സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ഫാദർ മഞ്ചിലിന്റെ നേതൃത്വത്തിൽ പലപ്പോഴും ബെനിഫിറ്റ് ഷോ നടത്തിയിരുന്നു. പല കലാസമിതികളും ഈ ഷോയിൽ പങ്കെടുത്തിരുന്നു. ഒപ്പം സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടാകും. ഒരു ഉച്ചനേരത്താണ് ക്ലാസിൽ ഒരു അറിയിപ്പ് കൊണ്ടുവരുന്നത്. ‘നാടകത്തിൽ അഭിനയിക്കാൻ താത്പര്യമുള്ള കുട്ടികൾ ഫാദർ മഞ്ചിലിനെ കാണണം.’ ക്ലാസ് കഴിഞ്ഞയുടനെ ഞാൻ മാഷുടെ മുറിയിലേക്ക് ഓടിക്കയറി: ‘‘സാർ.. എനിക്കഭിനയിക്കാൻ താത്പര്യമുണ്ട്.’’ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ ഫാദർ എന്നെ ശരിക്കൊന്ന് നോക്കിയശേഷം ചോദിച്ചു: ‘‘വിക്രമൻ മുൻപ് നാടകത്തിൽ അഭിനയിച്ചിട്ടുണ്ടോ?’’ ഇല്ല എന്ന് മറുപടി പറയുമ്പോൾ, ‘‘നീ ശരിയാകില്ല’’ എന്നായിരിക്കും ഫാദർ പറയുക എന്നാണ് കരുതിയത്. പക്ഷേ, അടുത്തദിവസം റിഹേഴ്സൽക്യാമ്പിൽ എത്താനാണ് അന്നദ്ദേഹം സ്നേഹത്തോടെ പറഞ്ഞത്. സ്കൂളിലെ വലിയൊരു ക്ലാസ് മുറിയിൽ തന്നെയായിരുന്നു റിഹേഴ്സൽ. സി.എൽ. ജോസിന്റെ ‘ജീവിതം ഒരു കൊടുങ്കാറ്റാണ്’ എന്ന നാടകത്തിലെ ക്ഷയരോഗിയുടെ ചില രംഗങ്ങൾ പറഞ്ഞുതന്നശേഷം അഭിനയിക്കാൻ പറഞ്ഞു. ഞാൻ അത് അവതരിപ്പിച്ചു കാണിച്ചപ്പോൾ മഞ്ചിൽ ചോദിച്ചു: ‘‘നീ മുൻപ് നാടകത്തിൽ അഭിനയിച്ചിട്ടില്ലെന്നല്ലേ പറഞ്ഞത്’’ ‘‘അതെ സാർ’’ എന്ന എന്റെ മറുപടി കേൾക്കും മുൻപേ അദ്ദേഹം പറഞ്ഞു: ‘‘വിക്രമാ... നീ അഭിനയിക്ക്’’ ഫാദർ മഞ്ചിലിന്റെ ആ വാക്കുകൾ വലിയ ഊർജമാണ് എന്നിൽ നിറച്ചത്. സ്കൂളിലെ കലാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന പി.ആർ. ആന്റണി മാസ്റ്ററോടും പണിക്കർ മാഷോടും മഞ്ചിൽ പറഞ്ഞു: ‘‘ഇവനെ ശ്രദ്ധിച്ചോളണം’’ അവരുടെ ആ ശ്രദ്ധയാണ് എന്നെ ഇന്നത്തെ വിക്രമൻ നായരാക്കിയത്. അക്ഷരശു ദ്ധിയോടെ എന്നെ മലയാളം പറയാൻ പഠിപ്പിച്ചത് ആന്റണി മാസ്റ്ററാണ്. നമ്പൂതിരി മാഷും വാസുമാഷുമൊക്കെ വലിയ പ്രോത്സാഹനം തന്നു. തുടർന്ന് സ്കൂൾ നാടകങ്ങളിൽ സ്ഥിരമായി വേഷമിടാൻ കഴിഞ്ഞു. അന്നേ മനസ്സിലുറച്ചു, നടനാകണം, നാടറിയുന്ന നടനായി ഉയരണം.

അമെച്ചർ നാടക പ്രസ്ഥാനത്തിന്റെ സവിശേഷമായ കാലം കൂടിയായിരുന്നല്ലോ അത്...?

കേരളത്തിന്റെ സകല മുക്കിലും മൂലയിലും നാടകം സജീവമായിരുന്നു. അമെച്ചർ മാത്രമല്ല, ഫ്രൊഫഷണലും. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ അമെച്ചർ നാടകങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട്ടെ കലാസമിതി പ്രസ്ഥാനം സജീവമായി കാലത്താണ് എന്നിലെ നടനും വളരുന്നത്. സുന്ദരൻ കല്ലായിയുടെയും എം.വി. നാഥിന്റെയും നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. നാടകത്തിൽ അഭിനയിക്കുക മാത്രമായിരുന്നില്ല കോഴിക്കോട് എവിടെ നാടകമുണ്ടെന്നറിഞ്ഞാലും കാണാൻ പോകും. ബാലൻ കെ. നായരുടെയും കുഞ്ഞാണ്ടിയേട്ടന്റെയും നെല്ലിക്കോട് ഭാസ്കരേട്ടന്റെയുമൊക്കെ അരങ്ങിലെ തകർപ്പൻ പ്രകടനം കണ്ട് അതുപോലെ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഗുരുവായൂരപ്പൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. നാടകനടൻ എന്ന നിലയിലുള്ള എന്റെ വളർച്ചയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത് അവിടെയാണ്. അക്കാലത്ത് കുതിരവട്ടം പപ്പു, കുഞ്ഞാവ, ഹാജി അബ്ദുറഹിമാൻ, വേണു തുടങ്ങിയവർ ചേർന്ന് ഒട്ടനവധി നിമിഷനാടകങ്ങൾ അവതരിപ്പിച്ചിരുന്നു. കാർണിവൽ നാടകങ്ങൾ എന്നായിരുന്നു പൊതുവേ അതിനെ വിളിച്ചിരുന്നത്. പ്രത്യകിച്ച് സ്ക്രിപ്റ്റ് ഒന്നുമുണ്ടാവില്ല, പെട്ടെന്ന് ഒരു കഥയുണ്ടാക്കുന്നു, അത് വികസിക്കുന്നു. ഒരുമണിക്കൂർ നേരം കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമൊക്ക നാടകം മുന്നോട്ടുനീങ്ങും. പപ്പുവിന് ഈ കാര്യത്തിൽ അസാമാന്യ കഴിവുതന്നെയുണ്ടായിരുന്നു. പപ്പുവിനൊപ്പം ഞാനും കാർണിവൽ നാടകത്തിന്റെ ഭാഗമായി. ഒരു നാടകത്തിന് അഞ്ചും പത്തും രൂപയൊക്കെ പ്രതിഫലം കിട്ടാൻ തുടങ്ങി. ഒപ്പം അമെച്ചർ നാടകങ്ങളിലും സജീവമായി.

കോളേജ് പഠനകാലത്ത് രണ്ടുതവണ നല്ലജോലി ലഭിച്ചിട്ടും നാടകത്തിനു വേണ്ടി അതെല്ലാം ഉപേക്ഷിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്...?

ഗുരുവായൂരപ്പൻ കോളേജിൽ ബി.എ. സോഷ്യാളജിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഉത്തർപ്രദേശിലെ റൂർക്കിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ചു. പഠനം നിർത്തി ജോലിക്കുപോയെങ്കിലും എന്റെ വഴി ഇതല്ല എന്ന് തോന്നി തുടങ്ങിയപ്പോൾ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങി. വീണ്ടും കോളേജ് പഠനം തുടർന്നു. ആയിടയ്ക്ക് അസമിലെ ഒരു തേയില തോട്ടത്തിൽ മേൽനോട്ടക്കാരനായി ഉദ്യോഗം ലഭിച്ചു. അരങ്ങിന്റെ വിളി അവിടെയും എന്നെ പിന്തുടർന്നു. ജോലി രാജി വെച്ച് വീണ്ടും പഠനത്തിലേക്കും നാടകത്തിലേക്കും ഞാൻ എത്തിച്ചേർന്നു. യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ നല്ല നടനുള്ള സമ്മാനമുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ഇക്കാലത്ത് ലഭിക്കുകയുണ്ടായി. കോഴിക്കോട്ടെ അമെച്ചർ വേദികളിൽ തുടർച്ചയായി അഭിനയിച്ചു. ബി.എ.ഫൈ നൽ പരീക്ഷയുടെ തലേന്നാൾ വരെ നാടകം കളിച്ചിട്ടും അമ്മയോ സഹോദരിമാരോ ഒട്ടും ശകാരിച്ചില്ല. ചായംതേച്ച മുഖവുമായി അർധരാത്രി വീട്ടിലെത്തുമ്പോൾ പലപ്പോഴും അത് തുടച്ചു തരാറുള്ളത് അവരായിരുന്നു. അതൊക്കെ ഞാൻ എങ്ങനെ മറക്കാൻ?

പ്രൊഫഷണൽ നാടക രംഗത്തേക്ക് ചുവടുമാറുന്നത് എപ്പോഴായിരുന്നു...?

അമേച്വർ നാടകത്തിൽ ധാരാളം അവസരങ്ങളുണ്ടായിരുന്നു. അഭിനയഭ്രാന്ത് ഒന്നു കൊണ്ടുമാത്രം കൈയിൽനിന്ന് കാശ് ചെലവാക്കിയും അക്കാലത്ത് അ ഭിനയിച്ചിരുന്നു. പക്ഷേ, പ്രൊഫഷണൽ നടനാവുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കൃഷ്ണരാജുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന രാജാ തിയേറ്റേഴ്സ് ആയിരുന്നു കോഴിക്കോട്ട് അന്നുണ്ടായിരുന്ന ഒരേയൊരു പ്രാെഫഷണൽ നാടകസമിതി. രാജാ തിയേറ്റേഴ്സിൽ ഉണ്ടായിരുന്ന പ്രഗല്ഭരായ നടീനടന്മാരിൽ പലരും ആ സമിതി വിട്ടപ്പോൾ നെല്ലിക്കോട് ഭാസ്കരനും കുതിരവട്ടം പപ്പുവുമുൾപ്പെടെ പലരെയും കൃഷ്ണരാജു സമിതിയിലെടുത്തു. എന്റെ അഭിനയമോഹം തിരിച്ചറിഞ്ഞ അദ്ദേഹം എന്നെയും രാജാ തിയേറ്റേഴ്സിൽ ചേർത്തു. തിക്കോടിയൻ രചിച്ച ‘കുഞ്ഞാലി മരയ്ക്കാർ അഥവാ പുതുപ്പണം കോട്ട’യായിരുന്നു ആദ്യനാടകം. എന്റെ ആദ്യ പ്രൊഫഷണൽ നാടകം എന്നു പറയാം. ബാലൻ കെ. നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരായി വേഷമിട്ടത്. കുട്ട്യാലി മരയ്ക്കാരായി ഞാനും. രാജാ തിയേറ്റഴ്സിൽ കളി കുറവായിരുന്നപ്പോഴെല്ലാം കൃഷ്ണരാജു വളരെ ബുദ്ധിപൂർവമാണ് കാര്യങ്ങൾ മുന്നോട്ടുനീക്കിയത്. സിനിമാ പ്രൊജക്ടർ നന്നാക്കാനറിയാവുന്ന ഒരേയൊരു വ്യക്തി കൂടിയായിരുന്നു കൃഷ്ണരാജു. തിയേ റ്ററുകളിൽ കേടാവുന്ന പ്രൊജക്ടറുകൾ സിനിമ മാറുന്ന വ്യാഴാഴ്ചയാണ് റിപ്പയർ ചെയ്യുക. അന്ന് സിനിമാ പ്രദർശനമുണ്ടാവില്ല. അതിനു പകരം രാജാ തിയേ റ്റേഴ്സിന്റെ നാടകം കളിക്കാനുള്ള അനുവാദം തിയേറ്റർ ഉടമയിൽനിന്ന്‌ രാജു വാങ്ങിക്കും. മലബാറിന്റെ പലഭാഗത്തും ഇങ്ങനെ ഒട്ടേറെ കളികൾ കിട്ടി. ടി ദാമോദരൻ എഴുതിയ ‘ഉടഞ്ഞ വിഗ്രഹങ്ങൾ’എന്ന നാടകവും രാജാ തിയേറ്റേഴ്സ് ഇതു പോലെ കളിച്ചതാണ്. അതിലും നല്ലൊരു വേഷം എനിക്ക് ലഭിച്ചു.

കെ.ടി. മുഹമ്മദിന്റെ നാടകങ്ങൾ താങ്കളിലെ നടനെ വലിയ നിലയിലേക്ക് ഉയർത്തുകയുണ്ടായി. കെ.ടി. യോടൊപ്പമുള്ള കാലം എങ്ങിനെ ഓർമിക്കുന്നു...?

കെ.ടി.യുടെ സഹോദരൻ കെ.ടി. സെയ്ത് കോഴിക്കോട് ക്രൗൺ തിയേറ്ററിനടുത്ത് ‘ലിറിക്സ്കോർണർ’ എന്ന പേരിൽ പാട്ടുപുസ്തകങ്ങളുടെ ഒരു കട നടത്തിയിരുന്നു. സന്ധ്യയാകുമ്പോൾ ബാബുരാജ്, കോഴിക്കോട് അബ്ദുൾ ഖാദർ, പി.എം. ആലിക്കോയ, കെ.ടി. തുടങ്ങിയവരൊക്കെ അവിടെ ഒത്തുകൂടും. ഞാനും അവിടത്തെ നിത്യസന്ദർശകനായി. കെ.ടി.യുൾപ്പെടെ മലബാറിലെ പല കലാകാരന്മാരെയും പരിചയപ്പെടുന്നതും സ്നേഹബന്ധം തുടങ്ങുന്നതും അവിടെ വെച്ചാണ്. അക്കാലത്ത് കോഴിക്കോട്ട് തലയെടുപ്പോടെ നിന്നിരുന്ന അമെച്ചർ നാടകസമിതിയായിരുന്നു എക്സ്പിരിമെന്റൽ തിയേറ്റേഴ്സ്. ഇത് ഭൂമിയാണ് ഉൾപ്പെടെ എക്സ്പിരിമെന്റലിന്റെ ചില നാടകങ്ങളിൽ എനിക്ക് അവസരം കിട്ടിയതിന്റെ പ്രധാനകാരണം കെ.ടി. യുമായുള്ള സൗഹൃദമായിരുന്നു. എക്സ്പിരിമെന്റൽ തിയേറ്റേഴ്സിന്റെ പ്രവർത്തനങ്ങൾ ക്ഷയിച്ചു തുടങ്ങിയപ്പോൾ ഒരു പ്രാെഫഷണൽ നാടകസമിതി എന്ന ആശയം പലർക്കും തോന്നി. അങ്ങനെ യാണ് സംഗമത്തിന്റെ പിറവി. കെ.ടി., വിത്സൺ സാമുവൽ, പി.എം. ആലി ക്കോയ, എം.എം. കോയ, എസ്. അനന്തകൃഷ്ണൻ, പി.പി. ആലിക്കോയ പിന്നെ ഞാനും. ഇങ്ങനെ ഏഴുപേർ ചേർന്നാണ് 1971-ൽ സംഗമം തിയേറ്റേഴ്സ് രൂപവത്കരിക്കുന്നത്. ‘കാഫർ’ എന്ന നാടകം എഴുതിയ ശേഷം പിന്നീട് കെ.ടി.യിൽ നിന്ന്‌ പുതിയ നാടകങ്ങളൊന്നുമുണ്ടായില്ല. വർഷങ്ങളുടെ മൗനത്തിനുശേഷമാണ് കെ.ടി. ‘സൃഷ്ടി’എഴുതുന്നത്. സംഗമത്തിന്റെ ആദ്യനാടകമായിരുന്നു അത്. നളന്ദ ഹോട്ടലിലെ ഒരു ചെറിയ മുറിയിലിരുന്ന് വെറും രണ്ടരദിവസം കൊണ്ടാണ് കെ.ടി. സൃഷ്ടി രചിച്ചത്. പിന്നീട് ഒരു വാക്കുപോലും തിരുത്തേണ്ടിവന്നില്ല. അല്പം മോഡേൺ നാടകമായതുകൊണ്ട് ജനം ഇത് സ്വീകരിക്കുമോ എന്ന കാ ര്യത്തിൽ സംശയമുണ്ടായിരുന്നു. ബാലൻ കെ. നായരായിരുന്നു സൃഷ്ടിയിലെ പ്രധാന കഥാപാത്രമായ നാടകകൃത്തിനെ അവതരിപ്പിച്ചത്. കോമേഡിയനായ വക്കീലിന്റെ വേഷമായിരുന്നു എനിക്ക് ലഭിച്ചത്. കാലടിയിലെ ഫൈൻ ആർട്സ് സൊസൈറ്റിക്കുവേണ്ടി സൃഷ്ടി അരങ്ങേറിയെങ്കിലും പ്രതീക്ഷിച്ചത്ര ഗുണം ചെയ്തില്ല. രണ്ടാമത്തെ വേദി പെരുമ്പാവൂരിലായിരുന്നു. ആദ്യാനുഭവം അവിടെ യും ആവർത്തിച്ചു. തിരുവല്ലയിലായിരുന്നു മൂന്നാമത്തെ സ്റ്റേജ്. നാടകം ശരിക്കും ഏറ്റത് അവിടെയായിരുന്നു. നിറഞ്ഞ കൈയടിയടികളോടെ സൃഷ്ടി പിന്നീട് കേരളത്തിലങ്ങോളമിങ്ങോളം കളിച്ചു.

‘സാക്ഷാത്കാരം’നാടകത്തിൽ നൂറ്റിനാല്പത്തിനാല് വയസ്സുള്ള കഥാപാത്രമായി അഭിനയിക്കുമ്പോൾ താങ്കളുടെ യഥാർഥവയസ്സ് ഇരുപത്തിയെട്ടാണ്. സദസ്സിനെ അമ്പരപ്പിച്ച് ആ കഥാപാത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്താണ് തോന്നുന്നത്...?

അതും കെ.ടി.യിൽ നിന്നുതന്നെ പറഞ്ഞു തുടങ്ങണം. സൃഷ്ടിക്കുശേഷം കെ.ടി.യുടെ ആറുനാടകങ്ങളിൽക്കൂടി ഞാൻ വേഷമിട്ടു. സ്ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സനാതനം, സന്നാഹം. കെ.ടി.യുടെ ‘സ’കാരനാടകങ്ങൾ എന്ന പേരിലാണ് പൊതുവേ ഈ നാടകങ്ങൾ അറിയപ്പെടുന്നത്. ‘നാടകത്തിൽ നിങ്ങൾ ഒരിയ്ക്കലും ജീവിക്കരുത്’എന്നാണ് കെ.ടി. പഠിപ്പിച്ചുതന്നത്. അദ്ദേഹത്തെപ്പോലെ ജീവിതത്തിന്റെ ആഴമറിയുന്ന മറ്റൊരു നാടകക്കാരനെ ഞാൻ കണ്ടിട്ടില്ല. എന്റെ അഭിനയജീവിതത്തിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ കഥാപാത്രമായിരുന്നു സാക്ഷാത്കാരത്തിലെ വൃദ്ധന്റെ വേഷം. കോഴിക്കോട് ടൗൺ ഹാളിൽ സാക്ഷാത്കാരം അവതരിപ്പിക്കുമ്പോൾ അതിന്റെക്ലൈമാക്സിൽ എന്റെ കഥാപാത്രം പറയുന്ന, ‘‘ഞാൻ മരിച്ചിട്ടില്ല... എന്നെ കൊന്നുതരൂ...’’ എന്ന ഡയലോഗ് കേട്ട് കെ.ടി. ഏറെ വികാരാധീനനായി. വേദിയിൽ വെച്ച് എന്നെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു. ഇങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിക്കാൻ കെ.ടി.ക്കല്ലാതെ മറ്റാർക്കും കഴിയില്ല. തൃശ്ശൂരിൽ ഫൈൻ ആർട്സ് സൊ സൈറ്റിക്കുവേണ്ടി സാക്ഷാത്കാരം അവതരിപ്പിച്ചപ്പോൾ ഗ്രീൻ റൂമിലേക്ക് പ്രായംചെന്ന നാലുപേർ കയറിവന്നു. എന്റെ കാലിൽ തൊട്ടുവന്ദിച്ചു. ഞാൻ അവരോട് പറഞ്ഞു: ‘‘എനിക്ക് വെറും ഇരുപത്തിയെട്ട് വയസ്സേ പ്രായമുള്ളൂ. നിങ്ങൾ കണ്ടത് എന്നെയല്ല, എന്റെ കഥാപാത്രത്തെയാണ്. ഇത് നാടകമാണ്, ജീവിതമല്ല.’’ ‘‘നിങ്ങളുടെ പ്രായത്തെയല്ല ഞങ്ങൾ ബഹുമാനിക്കുന്നത്, നിങ്ങളിലെ കലാകാരനെയാണ്’’ എന്നായിരുന്നു അവരുടെ മറുപടി. ആ വാക്കുകൾ കേട്ട് ഞാൻ പൊട്ടിക്കരഞ്ഞുപോയി. ഒരു നടനെന്ന നിലയിൽ ഉള്ളുലച്ച ഒട്ടേറെ കഥാപാത്രങ്ങളെ അരങ്ങിലാടാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ , ഇരുപത്തിയെട്ടാംവയസ്സിൽ നൂറ്റിനാൽപ്പത്തിനാലുകാരനായി മാറിയ സാക്ഷാത്കാരത്തിലെ വൃദ്ധവേഷം ഇന്നും എന്നെ അലട്ടാറുണ്ട്.

എം.ടി. വാസുദേവൻ നായർ എഴുതി സംവിധാനം ചെയ്ത ഒരേയൊരു നാടകമായ ‘ഗോപുരനടയിലെ’ പ്രധാനനടനും താങ്കളായിരുന്നല്ലോ...?

സംഗമത്തിൽനിന്ന്‌ പിരിഞ്ഞ് കെ.ടി., കലിംഗ എന്നൊരു ഗ്രൂപ്പുണ്ടാക്കി. കെ.ടി.യുടെ പിന്മാറ്റം വലിയ ക്ഷീണമുണ്ടാക്കുന്ന കാര്യമായിരുന്നു. പുതിയഒരു നാടകകൃത്തിനെ കൊണ്ടുവരേണ്ടത് അനിവാര്യമായി. മാതൃഭൂമിയിൽപ്പോയി എൻ.വി. കൃഷ്ണവാരിയരെ കണ്ടു കാര്യം പറഞ്ഞു. എൻ.വി.യാണ് പറഞ്ഞത് എം.ടി.യോട് ചോദിക്കൂ എന്ന്. ‘‘നാടകമോ, ഞാനെങ്ങനെ എഴുതാൻ’’എന്നായിരുന്നു എം.ടി.യുടെ പ്രതികരണം. സംഗമത്തിന്റെ മുഖ്യസാരഥിയായ വിത്സൻ സാമുവലും ഞാനും കൂടി എം. ടി.യുടെ വീട്ടിൽച്ചെന്ന് ബുദ്ധിമുട്ടിക്കാൻ തുടങ്ങി. ഒടുവിൽ എം.ടി. സമ്മതിച്ചു. നാലുദിവസം കൊണ്ട് എം.ടി. നാടകം തന്നു. അതാണ് ‘ഗോപുരനടയിൽ’. എം.ടി. എഴുതിയ ഒരേയൊരു നാടകം. പഴയ ബീച്ച് ഹോട്ടലിൽ ഇരുന്നാണ് നാടകം വായിച്ചത്. കേട്ടപ്പോൾ എല്ലാവർക്കും സന്തോഷം. ഒട്ടുംവൈകാതെ റിഹേഴ്സലും തുടങ്ങി. മനുഷ്യൻ, രാജാവ്, ക്രിസ്തു, ഗൗതമൻ തുടങ്ങി വിവിധ മാനങ്ങളുള്ള നാടകത്തിലെ പ്രധാനകഥാപാത്രമായ നരന്റെ വേഷം ഞാൻ ചെയ്തു. റിഹേഴ്സൽ നടക്കുന്ന മിക്കവാറും ദിവസങ്ങളിൽഎം.ടി.ക്കൊപ്പം നടൻ കുഞ്ഞാണ്ടിയേട്ടനും ചിത്രകാരൻ എ.എസും ഉണ്ടായിരുന്നു. കോഴിക്കോട് ടൗൺ ഹാളിൽ നിറഞ്ഞ സദസ്സിലാണ് നാടകം അരങ്ങേറിയത്. ഗോപുരനടയിലിനെത്തുടർന്ന്, എം.ടി.യുമായുള്ള സ്നേഹബന്ധം വെച്ച് അടുത്ത നാടകവും അദ്ദേഹത്തെക്കൊണ്ട് എഴുതിപ്പിക്കാനൊരു ശ്രമം നടത്തിയെങ്കിലും നടന്നില്ല. ‘നാടകമെഴുത്ത് എന്റെ പണിയല്ല’എന്നു പറഞ്ഞ എം.ടി. തന്നെ ഒരാളുടെ പേര് പറഞ്ഞു, തിക്കോടിയൻ. ‘‘തിക്കോടിയനെക്കൊണ്ട് എഴുതിപ്പിക്കാം, നാടകം ഞാൻ സംവിധാനം ചെയ്തുതരാം.’’ സംഗമത്തിന് കിട്ടിയ വലിയൊരു അവാർഡായിരുന്നു അത്. അങ്ങനെയാണ് തിക്കോടിയൻ എഴുതിയ‘മഹാഭാരതം’ അരങ്ങിലെത്തുന്നത്. പുരാണകഥയുടെയും തലശ്ശേരിയിൽ നടന്ന ആർ.എസ്.എസ്.- സി.പി.എം. കലാപത്തിന്റെയും പശ്ചാത്തലത്തിൽ രചിച്ച നാടകമായിരുന്നു മഹാഭാരതം. ഇതിലെ ധൃതരാഷ്ട്രരുടെയും സ്കൂൾ അധ്യാപകന്റെയും ഇരട്ടവേഷങ്ങൾ എനിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടിത്തന്നു. എം. ടി.യുടെ രചനയിലും സംവിധാനത്തിലും അഭിനയിക്കാൻ കഴിഞ്ഞുവെന്നത് ഇന്നോർക്കുമ്പോൾ വലിയ അഭിമാനം തോന്നുന്ന കാര്യമാണ്.

വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ എന്ന്കേൾക്കുമ്പോൾ കേരളത്തിലെ നാടകപ്രേമികളുടെ മനസ്സിൽ ഉത്സവപ്രതീതി നിറച്ച ഒരുകാലമുണ്ടായിരുന്നു...

പന്ത്രണ്ടുവർഷത്തോളം സംഗമത്തിന്റെ മുൻനിരയിൽത്തന്നെനിന്നു. പിന്നീടാണ് സ്വന്തമായി ഒരു ഗ്രൂപ്പ് തുടങ്ങുന്നതിനെപറ്റി ആലോചിച്ചത്. ‘സ്റ്റേജ് ഇന്ത്യ’ വരുന്നത് അങ്ങനെയാണ്. ആ പേര് സുഹൃത്തായ ജമാൽ കൊച്ചങ്ങാടിയാണ് സമ്മാനിച്ചത്. ആദ്യ നാടകമായ ‘സൂത്ര’ത്തിന്റെ രചനയും സംവിധാനവും ഞാൻ തന്നെ നിർവഹിച്ചു. എന്നാൽ, സ്റ്റേജ് ഇന്ത്യയുടെ ഗോൾഡൻ പിരീഡിന്റെ ആരംഭം പി.എം. താജിന്റെ ആദ്യ പ്രൊഫഷണൽ നാടകമായ ‘അഗ്രഹാര’ത്തോടെയായിരുന്നു. താജ് കുട്ടിയായിരിക്കുമ്പോഴേ കെ.ടി.ക്കൊപ്പം റിഹേഴ്സൽ ക്യാമ്പുകളിൽ വരാറുണ്ടായിരുന്നു. താജിൽ നല്ലൊരു നടനുമുണ്ടായിരുന്നു. സൃഷ്ടിയിലെ വിശപ്പ് എന്ന കഥാപാത്രത്തെ താജ് അദ്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു അവതരിപ്പിച്ചത്. ആയിരത്തോളം വേദികളിൽ അഗ്രഹാരം കളിച്ചതോടെ എന്റെ ബാങ്ക് ബാലൻസ് ലക്ഷങ്ങളായി മാറി. മലബാർ നാടകവേദിയിൽ ആദ്യമായി സുജാതന്റെ രംഗപടമെത്തുന്നത് അഗ്രഹാരത്തിലൂ ടെയാണ്. കേരളത്തിലെ കലാസമിതികൾ ആവശ്യപ്പെടുമ്പോൾ നാടകം കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ സ്റ്റേജ് ഇന്ത്യക്ക് ഒരു ‘ബി’ട്രൂപ്പ് കൂടി ഉണ്ടാക്കേണ്ടി വന്നു. താജിന്റെ തന്നെ ‘അമ്പലക്കാള’യും ‘ചക്ര’വും ‘ആൾമാറാട്ട’വും അവതരിപ്പിച്ചു. അകാലത്തിൽ വിടപറഞ്ഞില്ലായിരുന്നെങ്കിൽ ഒട്ടേറെ നാടകങ്ങൾ സ്റ്റേജ് ഇന്ത്യക്കുവേണ്ടി താജ് എഴുതുമായിരുന്നു. അഡ്വ. വെൺകുളം ജയകുമാർ, ജയപ്രകാശ് കുളൂർ, ചന്ദ്രശേഖരൻ തിക്കോടി, രാജൻ കിഴക്കനേല തുടങ്ങി പ്രതിഭാധനരായ ഒരുപിടി എഴുത്തുകാരുടെ നാടകങ്ങൾ സ്റ്റേജ് ഇന്ത്യ പിന്നീട് അരങ്ങിലെത്തിച്ചു. നടനും നടിക്കും സംവിധായകനുമുൾപ്പെടെ എണ്ണമറ്റ പുരസ്കാരങ്ങൾ സ്റ്റേജ് ഇന്ത്യയെ തേടിയെത്തി. ആ കാലത്തിന്റെ സന്തോഷവും ഇന്നെന്റെ വേദനയുമാണ് ശശി. കലിംഗയിൽ അവൻ അഭിനയിച്ചിട്ടില്ല, എന്നാലും പേര് കലിംഗശശി എന്നായിരുന്നു.

അരങ്ങിന് പുറത്തെ അഭിനയം അറിയാത്തതിനാൽ നാടകം കൊണ്ട് നേടിയെ തെല്ലാം നഷ്ടപ്പെട്ട് വാടക വീട്ടിൽ കഴിയുന്ന വിക്രമൻ നായരോട് ഭാര്യ ചോദിച്ചു, ഇത്രയും കാലം നാടകം നാടകം എന്നുപറഞ്ഞു നടന്നിട്ട് നിങ്ങൾ എന്തുനേടി?''അത് അദ്ദേഹത്തെ അടിമുടി ഉലച്ചു. ഒരിക്കൽ തന്റെ ഗുരു കെ.ടി. മുഹമ്മദ് ചെയ്തതുപോലെ വീട്ടിൽ വിളിച്ചുവരുത്തിയ ആക്രിക്കടക്കാരനെചുമലരമാലയിലെ പുരസ്കാരങ്ങൾ കാണിച്ചുകൊണ്ട് വിക്രമൻ നായർ പറഞ്ഞു: ഇതെല്ലാം കൊണ്ടു പോയ്‌ക്കോളു. പുസ്കാരങ്ങൾ ഒന്നൊന്നായി ചാക്കിൽക്കെട്ടി പടിയിറങ്ങുമ്പോൾ വിഷാദനാടകം കാണുന്ന കാണിയെപ്പോലെ വിക്രമൻ നായർ ആ രംഗം നോക്കി നിന്നു. അയാൾ നൽകിയ ആറായിരം രൂപയുടെ മുഴിഞ്ഞ നോട്ടുകൾ ഭാര്യയുടെ കൈയിൽ വെച്ചുകൊടുത്തു. ആ ആറായിരം രൂപം ഒരു ജന്മം സമർപ്പിച്ച നാടക യാത്രയ്ക്ക് മതിയായ വിലയായിരുന്നില്ല. എന്നാൽ തോറ്റ് കൊടുക്കാൻ വിക്രമൻ നായരിലെ കലാകാരൻ തയ്യാറായിരുന്നില്ല. പ്രതിസന്ധികൾക്കിടയിലും വീണ്ടും അരങ്ങിലെത്തി അദ്ദേഹം ചമയമണിഞ്ഞു. ഒന്നല്ല, ഒട്ടനവധി വേഷങ്ങൾ. ഒഴിഞ്ഞ അലരമാരയിലേക്ക് വീണ്ടും പുരസ്കാരങ്ങൾ വന്നു നിറഞ്ഞു.... അതിൽ ഏറ്റവും തിളക്കമുള്ളതായി ഒടുവിലെത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ നാടക പുരസ്കാരമായ എസ്.എൽ.പുരം സദാനന്ദൻ സ്മാരക പുരസ്കാരം.

Content Highlights: Vikraman Nair, Theatre Artist, S L Puram Sadanandan Award Winner, homage,obituary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P M Mohanan

6 min

'അന്യഗ്രഹജീവികൾ മനുഷ്യരെക്കാൾ ഊർജസ്വലരും ആകർഷണീയരുമായിരിക്കും'

Dec 11, 2022


perarivalan

8 min

'31 വര്‍ഷത്തെ പോരാട്ടമാണിത്; അവന്‍ ജയില്‍മോചിതനാകുന്നത് വരെ എനിക്ക് ജീവിച്ചിരുന്നേ മതിയാകൂ'

May 18, 2022


B K Harinarayanan

5 min

'കവിയായി അറിയപ്പെടണമെന്ന് എനിക്കാഗ്രഹമുണ്ട്,പക്ഷെ ഞാനൊരു കവിയാണോ എന്ന സംശയത്തിലാണ് എന്റെ നില്‍പ്പ്‌'

May 17, 2022

Most Commented