ടെൻസിൻ സുൻഡു | ഫോട്ടോ: മാതൃഭൂമി
I am Tibetan
But I am not from Tibet.
Never been there.
Yet I dreamed of dying there.
(ഞാന്‍ ടിബറ്റുകാരനാണ്. പക്ഷേ ഞാന്‍ ടിബറ്റില്‍ നിന്നല്ല. ഒരിക്കലും ടിബറ്റ് കണ്ടിട്ടുമില്ല. എങ്കിലും ടിബറ്റന്‍ മണ്ണില്‍ മരിക്കുന്നത് ഞാന്‍ സ്വപ്നം കാണുന്നു)
....'മൈ ടിബറ്റന്‍സ്' എന്ന ടെന്‍സിന്‍ സുന്‍ഡുവിന്റെ കവിത ഇങ്ങനെ അവസാനിക്കുന്നു. ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലിരുന്ന് അറുപത് ലക്ഷത്തോളം വരുന്ന ടിബറ്റന്‍ പൗരര്‍ കഴിഞ്ഞ എഴുപതു വര്‍ഷമായി കാണുന്ന സ്വപ്നം, അവരെ ജീവിപ്പിക്കുന്ന, ഒന്നിപ്പിക്കുന്ന പ്രതീക്ഷ. ചൈനീസ് അധിനിവേശത്തെ തുടര്‍ന്ന് ഛിന്നഭിന്നമാക്കപ്പെട്ട ടിബറ്റന്‍ ജനതയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിലെ ഉറച്ച ശബ്ദമാണ് ടെന്‍സിന്‍ സുന്‍ഡു. ഫ്രണ്ട്സ് ഓഫ് ടിബറ്റ് എന്ന സംഘടനയുടെ ഭാഗമായി ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചയാള്‍. കവിയും എഴുത്തുകാരനും കൂടിയായ ടെന്‍സിന്‍ സുന്‍ഡു പ്രതീക്ഷകള്‍ പറയുന്നു...
ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവനാണ് ഞാന്‍. ചൈനീസ് അധിനിവേശത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ രണ്ടാംതലമുറ. ജനിച്ചത് ഹിമാചല്‍ പ്രദേശില്‍. പഠിച്ചതും വളര്‍ന്നതും കര്‍ണാടകയില്‍. ഇന്ത്യയില്‍ ഞാനെത്താത്ത ഒരിടവുമില്ല. നിങ്ങളേക്കാള്‍ ശരിക്കുള്ള ഇന്ത്യക്കാരന്‍ ഞാനാണെന്ന് പലപ്പോഴും തമാശയായി ഞാനെന്റെ ഇന്ത്യന്‍ സുഹൃത്തുക്കളോട് പറയാറുണ്ട്.
ഇന്ത്യയുടെ ഇങ്ങേയറ്റത്തുള്ള കേരളവും ഹിമാലയത്തിന്റെ ഏതോ കോണില്‍ സമുദ്രനിരപ്പില്‍നിന്ന് നാലായിരമോ അയ്യായിരമോ അടി ഉയരത്തിലുള്ള ഒമ്പതുമാസവും മണ്‍സൂണ്‍ കാലമായ ടിബറ്റും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എന്നു ചോദിച്ചാല്‍ തീര്‍ച്ചയായുമുണ്ട്. ഉത്സവത്തിന് നിങ്ങള്‍ ആനപ്പുറത്തിരുന്ന വീശുന്ന വെഞ്ചാമരം ഉണ്ടാക്കുന്നത് ടിബറ്റില്‍നിന്നാണ്. യാക്കിന്റെ രോമമാണത്. ഇത്രയേറെ നമ്മള്‍ അടുത്തിരിക്കുന്നു.
എന്നാലും ഞാന്‍ ഇന്ത്യക്കാരനല്ല. ടിബറ്റാണ് എന്റെ മണ്ണ്. എന്നാല്‍ ടിബറ്റന്‍കാരനുമല്ല. അതെ, ഞാനൊരു അഭയാര്‍ഥിയാണ്. അഭയാര്‍ഥിയെന്ന് പറയുമ്പോള്‍ സുഹൃത്തുക്കള്‍ എന്നെ വിലക്കാറുണ്ട്. പക്ഷേ അതാണ് സത്യം. ഞാന്‍ അഭയാര്‍ഥിയാണ്. തിരികെപ്പോകേണ്ടവരാണ്. എന്നെങ്കിലും പിറന്ന മണ്ണിലേക്ക് തിരിച്ചുപോകാനാകുമെന്ന പ്രതീക്ഷയില്‍ ജീവിക്കുന്നവര്‍. അതിനുവേണ്ടിയാണ് ഈ പോരാട്ടം. നെറ്റിക്കു കുറുകേ കെട്ടിയിരിക്കുന്ന ഈ ചുവന്നതുണി എന്റെ പ്രതിജ്ഞയാണ്. ഓരോ ദിവസവും ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുമെന്ന പ്രതിജ്ഞ. കുടുംബം, ജോലി, സുഖസൗകര്യങ്ങള്‍ ഒന്നും വേണ്ട, ടിബറ്റിന്റെ സ്വാതന്ത്ര്യം മാത്രം ലക്ഷ്യമെന്ന പ്രതിജ്ഞ. പത്താംവയസ്സില്‍ കെട്ടിയതാണിത്.
ഇന്ത്യ നല്ല ആതിഥേയര്‍, പക്ഷേ...
ഇന്ത്യ ഞങ്ങള്‍ക്ക് നല്ല ആതിഥേയരായിരുന്നു. ഞങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാമൊരുക്കി. മറ്റിടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളെവെച്ച് നോക്കുമ്പോള്‍ ഇന്ത്യയിലെ അവസ്ഥ വളരെ മെച്ചപ്പെട്ടതാണ്. ഇവിടെ ഞങ്ങള്‍ അഭയാര്‍ഥികളല്ല. ഇവിടെ നിങ്ങളെപ്പോലുള്ള ഇന്ത്യന്‍ പൗരന്മാരും ഞങ്ങളെപ്പോലുള്ള ' ഇന്ത്യയില്‍ താമസിക്കുന്ന വിദേശപൗരരും' മാത്രമാണുള്ളത്. അഭയാര്‍ഥികളെന്നത് ഞങ്ങളുടെ വികാരമാണ്. നാടില്ലാത്തവന്റെ, വീടില്ലാത്തവന്റെ, ഒരു വസ്തുവും സ്വന്തമാക്കാനാകാത്തവന്റെ വികാരം. എന്നാല്‍ രാഷ്ട്രീയപരമായി ഇന്ത്യ പോലും ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തെ പിന്തുണച്ചില്ല.
ടിബറ്റ് ഒരു പരമാധികാര രാജ്യമെന്ന് ഇന്ത്യയും പറയാറില്ല. ഇന്ത്യക്കിപ്പോഴും ടിബറ്റ് ചൈനയുടെ ഭാഗം മാത്രമാണ്. എന്നാല്‍ ഗല്‍വാന്‍ താഴ്‌വരയിലെ ആക്രമണത്തിനുശേഷം ചൈന ഉയര്‍ത്തുന്ന ഭീഷണി ഇന്ത്യയ്ക്ക് ശരിക്കും ബോധ്യപ്പെട്ട് കഴിഞ്ഞു. പതിയെപ്പതിയെ ഇന്ത്യയും ചൈനയുടെ ചെയ്തികളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അതിര്‍ത്തിയില്‍ ചൈനയെ നേരിടാന്‍ ഇന്ത്യയെത്ര ഊര്‍ജവും പണവുമാണ് ചെലവഴിക്കുന്നതെന്ന് നോക്കൂ. ടിബറ്റിന് സ്വാതന്ത്ര്യം കിട്ടാത്തിടത്തോളം ചൈന ഇന്ത്യയുടെ അയല്‍രാജ്യമായിത്തന്നെ തുടരും. ചൈനീസ് ഭീഷണി ഒഴിവാക്കുന്നതിന് ടിബറ്റിനെക്കൂടി ഇന്ത്യ പരിഗണിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നു.
ആര്‍ക്കും വേണ്ടാതായ അഹിംസ
ഞങ്ങള്‍ ടിബറ്റുകാര്‍ എഴുപത് വര്‍ഷമായി ലോകത്തിന്റെ പലയിടങ്ങളിലിരുന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നു. അതൊന്നും ഒരു മാധ്യമത്തിന്റെയും തലക്കെട്ടുകളാകുന്നില്ല. കാരണം ഞങ്ങള്‍ വ്യോമാക്രമണം നടത്തുന്നില്ല, ശത്രുവിന് നേരെ ബോംബുകള്‍ വര്‍ഷിക്കുന്നില്ല. ആരെയും കൊല്ലുന്നുമില്ല.
അഹിംസയിലൂന്നിയ സമരമാണ് ടിബറ്റിന്റേത്. സൈനികമായി ഇത്രയും വലിയ ശക്തിയായ ചൈനയെ അഹിംസാമാര്‍ഗംേകൊണ്ട് തോല്‍പ്പിക്കാമെന്നു കരുതുന്നത് വിഡ്ഡിത്തമല്ലേയെന്ന ചോദ്യം ഒരുപാടുതവണ കേട്ടിട്ടുണ്ട്. പക്ഷേ ഇതാണ് ടിബറ്റിന്റെ രീതി. കൊല്ലുന്നതും സഹജീവിയെ വേദനിപ്പിക്കുന്നതും ഞങ്ങള്‍ പിന്തുടരുന്ന ബുദ്ധമതം വിലക്കുന്നു. പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത് ജീവിക്കാനുള്ള മറ്റൊരുവന്റെ അവകാശത്തെ ഇല്ലാതാക്കിക്കൊണ്ടാകരുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും, ഞങ്ങളുടേത് വലിയൊരു ലക്ഷ്യമാണ്. അതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയും ഞങ്ങള്‍ക്കു മുന്നിലുണ്ട്.
ദലൈലാമയ്ക്കു ശേഷം?
'ദലൈലാമ ഇല്ലാതായാല്‍' എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലും ദുശ്ശകുനമാണെന്ന് ബുദ്ധമതം വിശ്വസിക്കുന്നു. എങ്കിലും ദലൈലാമയ്ക്കുശേഷം എന്താകും ഈ പോരാട്ടമെന്ന് ചിന്തിക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഞങ്ങളുടെ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയൊരു ശൂന്യത തീര്‍ക്കും. എന്നാല്‍ ദലൈലാമ പുനര്‍ജനിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. പതിനഞ്ചാം ദലൈലാമ വരും. അപ്പോഴും ഞങ്ങളുടെ പോരാട്ടം തുടരുന്നുണ്ടാകും.
ചൈനീസ് അധിനിവേശ സമയത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതിനുപകരം ദലൈലാമ തന്റെ ജനങ്ങള്‍ക്കൊപ്പം ടിബറ്റില്‍ തുടരേണ്ടിയിരുന്നു എന്നെനിക്ക് തോന്നിയിട്ടില്ല. ഇന്ത്യയില്‍ അഭയം തേടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തന്നെയായിരുന്നു ബുദ്ധിപരം. മ്യാന്‍മറില്‍ ആങ് സാന്‍ സ്യൂചിയുടെ അവസ്ഥ നോക്കൂ. സമാധാന നൊബേല്‍ ജേതാവായിട്ടുകൂടി ഇന്ന് പട്ടാളത്തിന്റെ തടവിലാണവര്‍.
സങ്കല്പത്തിന്റെ ഭാഷ
കവിത എനിക്കൊരിക്കലും എന്റെ ആക്ടിവിസത്തിന് ഉപയോഗിക്കാനുള്ള ഉപകരണമായിരുന്നില്ല. സങ്കല്പത്തിന്റെ ഭാഷയാണ് എനിക്ക് കവിത. ചിലര്‍ക്ക് വരദാനമായി കിട്ടുന്നതാണ് വാക്കുകള്‍ കൊണ്ട് സങ്കല്പങ്ങള്‍ തീര്‍ക്കാനുള്ള കഴിവ്. എനിക്കതുണ്ടായി. ഇംഗ്ലീഷ്, ടിബറ്റന്‍, മറാഠി, തമിഴ് ഇത്രയും ഭാഷകള്‍ എനിക്ക് സംസാരിക്കാനറിയാം. കുറച്ച് മലയാളവും. എഴുത്തിനായി ഞാന്‍ തിരഞ്ഞെടുത്തത് ഇംഗ്ലീഷാണ്. ടിബറ്റന്‍ എന്റെ മാതൃഭാഷയാണ്. ടിബറ്റനില്‍ എനിക്ക് എഴുതാമായിരുന്നു. എന്നാല്‍ കുറേക്കൂടി ലോകത്തെ സ്വാധീനിക്കാനാകുക ഇംഗ്ലീഷില്‍ എഴുതുമ്പോഴാണ്. മറാഠിയും തമിഴുമാകട്ടെ എനിക്ക് അതിജീവിച്ചു പോകാനുള്ള ഭാഷയും.
ടിബറ്റന്‍ സാഹിത്യം ഇന്നും പൂര്‍വാധികം ശക്തിയില്‍ നിലനില്‍ക്കുന്നുണ്ട്. എല്ലാ ഭീഷണികളെ അവഗണിച്ചും സാഹിത്യം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നു. സാഹിത്യത്തിനു പുറമേ സംഗീതവും ടിബറ്റില്‍ ശക്തിപ്രാപിച്ചിട്ടുണ്ട്. ടിബറ്റന്‍ സംഗീതം വലിയരീതിയില്‍ ജനശ്രദ്ധ നേടുന്നുണ്ടിന്ന്. ടിബറ്റന്‍ സാഹിത്യത്തെയും പാരമ്പര്യത്തെയും ആര്‍ക്കുമില്ലാതാക്കാനാവില്ല. ഒരു തലമുറയില്‍നിന്ന് അടുത്തതിലേക്ക് അത് പകര്‍ന്നുകൊണ്ടിരിക്കും. അതിന് പ്രത്യേകിച്ച് പദ്ധതിയൊന്നും വേണമെന്നില്ല. അതെല്ലാം സ്വാഭാവികമായിത്തന്നെ സംഭവിക്കും.
Content Highlights: Tenzin Tsundue, Poet, Tibetan refugee and activist, Interview with Krishna Priya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..