വസ്ത്രം മാറുന്നതു പോലെയല്ല നിലപാട്‌; അദാനിയേക്കാള്‍ വലുത്‌ ജനങ്ങളുടെ അംഗീകാരം - സുകിര്‍ത റാണി


സുകിര്‍ത റാണി / ശ്രീഷ്മ എറിയാട്ട് | sreeshmae@mpp.co.in



Premium

സുകിർത റാണി | ഫോട്ടോ: ശ്രീധർ

തമിഴ് സാഹിത്യലോകത്ത് സ്ത്രീകളുടേയും ദളിതരുടേയുമെല്ലാം ശബ്ദമുയര്‍ത്തുന്ന സുകിര്‍ത റാണി അടുത്തിടെ വാര്‍ത്തകളില്‍ വീണ്ടും നിറഞ്ഞു. ദേശീയതലത്തില്‍ തനിക്ക് ലഭിച്ച പുരസ്‌കാരം നിരസിച്ചതിന്റെ പേരിലായിരുന്നു അത്. വിവിധമേഖലകളില്‍ മികവ് തെളിയിച്ച വനിതകളെ തിരഞ്ഞെടുത്ത് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് നല്‍കുന്ന ദേവി പുരസ്‌കാരത്തിന് സുകിര്‍ത റാണിയും അര്‍ഹയായിരുന്നു. എന്നാല്‍, പുരസ്‌കാരത്തിന്റെ മുഖ്യപ്രായോജകര്‍ അദാനി ഗ്രൂപ്പായതിനാല്‍ പുരസ്‌കാരം നിരസിക്കുകയാണെന്ന് സുകീര്‍ത്ത റാണി അറിയിക്കുകയായിരുന്നു. ദളിത്, സ്ത്രീപക്ഷ നിലപാടുകളിലൂടെ ശ്രദ്ധേയയായ സുകിര്‍ത റാണി തനിക്ക് എഴുത്തും ജീവിതവും രണ്ടല്ല എന്നുറക്കെ പറഞ്ഞുകൊണ്ട് എന്നത്തേയുംപോലെ വ്യത്യസ്തയായി. നിര്‍ഭയയായി എഴുതിയും ശബ്ദിച്ചും പ്രത്യാശയോടെ തന്റെ പാതയില്‍ സഞ്ചരിക്കുന്ന സുകിര്‍ത റാണി സംസാരിക്കുന്നു;

സുകിര്‍ത റാണിയുടെ എഴുത്ത് മാത്രമല്ല, നിലപാടുകളും എന്നും ശ്രദ്ധേയമാണ്. ദേവി പുരസ്‌കാരം നിരസിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെങ്ങനെയാണ്?

ഡിസംബര്‍ 23-നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ദേവി അവാര്‍ഡിന് ഞാന്‍ അര്‍ഹയായ വിവരം അവരെന്നെ ഫോണിലൂടെ അറിയിക്കുന്നത്. ദേശീയതലത്തില്‍ 12 സ്ത്രീകളെ ദേവി അവാര്‍ഡിനായി തിരഞ്ഞെടുത്തപ്പോള്‍ സാഹിത്യത്തില്‍, പ്രത്യേകിച്ച് ദളിത് സാഹിത്യത്തിലെ സംഭാവനകള്‍ക്ക്, എന്നെയും അതിലുള്‍പ്പെടുത്തിയതറിഞ്ഞ് വലിയ സന്തോഷമായിരുന്നു. അവാര്‍ഡ് വിവരം ഇ-മെയില്‍ വഴിയും എന്നെ അറിയിച്ചിരുന്നു. ഫെബ്രുവരി എട്ടിന്‌ ചെന്നൈ ഐ.ടി.സി. ഗ്രാന്‍ഡ് ചോള ഹോട്ടലിലാണ് അവാര്‍ഡ്ദാനച്ചടങ്ങ് നടക്കുകയെന്ന് ഇ-മെയിലില്‍ വ്യക്തമാക്കിയിരുന്നു.

ജനുവരി അവസാനത്തോടെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ അസിസ്റ്റന്റ്‌ എഡിറ്റര്‍മാരിലൊരാളെ വിളിച്ച് പുരസ്‌കാരവിവരം ഔദ്യോഗികമായി അനൗണ്‍സ് ചെയ്തിട്ടുണ്ടോ എന്ന് ഞാനന്വേഷിച്ചു. ദേവി അവാര്‍ഡിന് അര്‍ഹയായ വിവരം അതുവരെ ഞാന്‍ മറ്റാരേയും അറിയിച്ചിട്ടില്ലായിരുന്നു. അതിനുശേഷം അവര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ലിങ്ക് എനിക്ക് അയച്ചുതരികയും അവാര്‍ഡ് ജേതാക്കളെക്കുറിച്ച് അതില്‍ ഷോര്‍ട്ട് വീഡിയോ വരുമെന്ന് പറയുകയും ചെയ്തു. ഫെബ്രുവരി മൂന്നിനാണ് ഒരു ചെറുവിവരണത്തോടെ എന്നെക്കുറിച്ചുള്ള വീഡിയോ അതില്‍ വരുന്നതും 'അദാനി പ്രസന്റ്‌സ്' എന്ന് എന്റെ കണ്‍മുന്നില്‍പ്പെടുന്നതും. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അദാനി ഗ്രൂപ്പാണ് പുരസ്‌കാരദാന ചടങ്ങിന്റെ പ്രധാന സ്‌പോണ്‍സര്‍ എന്ന് ഞാനറിയുന്നത്.

അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്ന് രാജ്യമൊട്ടാകെ വലിയ ചര്‍ച്ചകള്‍ പൊട്ടിപ്പുറപ്പെട്ട സമയമായിരുന്നു അത്. സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ക്കിടയിലും എഴുത്തുകാര്‍ക്കിടയിലുമെല്ലാം രാഷ്ട്രീയപരമായി വലിയ കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. അത്തരം സാഹചര്യത്തില്‍ അദാനി ഗ്രൂപ്പില്‍നിന്ന്‌ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ എനിക്കൊരിക്കലും സന്തോഷമില്ലായിരുന്നു. ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതാണ് ഏറ്റവും വലിയ അംഗീകാരം. അതുമതിയെന്ന് ചിന്തിച്ച ഞാന്‍ ദേവി അവാര്‍ഡ് വേണ്ടെന്ന് തീരുമാനിച്ചു. അത് വളരെപ്പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു. ആ തീരുമാനത്തിലെനിക്ക് യാതൊരു ആശയക്കുഴപ്പവും തോന്നിയില്ല.

തൊട്ടടുത്ത ദിവസംതന്നെ, അവാര്‍ഡിനായി എന്നെ തിരഞ്ഞെടുത്തതില്‍ നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം നിരസിക്കുകയാണെന്ന് ഞാന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിനെ അറിയിച്ചു. അദാനി പ്രായോജകരായ അവാര്‍ഡ് വാങ്ങുന്നതിന് ആശയപരമായ ബുദ്ധിമുട്ടുണ്ടെന്നും രാഷ്ട്രീയ നിലപാടുകളില്‍നിന്ന് എനിക്ക് വ്യതിചലിക്കാനാവില്ലെന്നും ഞാന്‍ വിശദമാക്കി. ഇതിനെല്ലാം ഒടുവിലാണ് ഇക്കാര്യം ഞാന്‍ ഫെയ്​സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

അവാര്‍ഡ് നിരസിച്ചുകൊണ്ട് സുകീര്‍ത്ത റാണി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്‌ | Photo: Screengrab / Facebook

ഒരു ദളിത്-സ്ത്രീപക്ഷ എഴുത്തുകാരി ദേശീയതലത്തില്‍ പുരസ്‌കാരത്തിനര്‍ഹയാകുന്നു. ആ അംഗീകാരം അപ്രതീക്ഷിതമായി നിരസിക്കേണ്ടി വരുന്നു. എന്തൊക്കെ ചിന്തകളാണ് അപ്പോള്‍ താങ്കളെ അലട്ടിയിരുന്നത്?

പുരസ്‌കാരം വേണ്ടെന്നുവെക്കാനുള്ള തീരുമാനത്തില്‍ എനിക്ക് ഒട്ടും ആശയക്കുഴപ്പമുണ്ടായിരുന്നില്ല. ദേവി അവാര്‍ഡ് വേണ്ടെന്നുവെച്ചത് വളരെപ്പെട്ടെന്നെടുത്ത ഒരു തീരുമാനമാണ്. കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ എഴുതുന്നു. ഞാന്‍ വ്യക്തമായ തീരുമാനങ്ങളെടുക്കുന്ന ഒരു വ്യക്തിയാണെന്ന് എന്നെ അറിയുന്നവര്‍ക്കറിയാം.

ഇന്ത്യയിലെ മികച്ച സ്ത്രീവ്യക്തിത്വങ്ങളെ തിരഞ്ഞെടുത്ത് നല്‍കുന്ന ഒരു പുരസ്‌കാരം നേടുമ്പോള്‍ ഉണ്ടായേക്കാവുന്ന പേരും പ്രശസ്തിയും അത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടായേക്കാവുന്ന ചിന്തയും ഒന്നുംതന്നെ എന്റെ മനസ്സിലൂടെ കടന്നുപോയിരുന്നില്ല. അംബേദ്കറിസവും പെരിയാറിസവും മാര്‍ക്‌സിസവുമെല്ലാം ഉള്‍ക്കൊള്ളുന്ന ആളാണ് ഞാന്‍. സമത്വം, സ്ത്രീ വിമോചനം, സാമൂഹ്യ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചെല്ലാമുള്ള തത്വങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്. ഇങ്ങനെ ശക്തമായ പ്രത്യയശാസ്ത്രങ്ങള്‍ ഉള്‍ക്കാള്ളുന്ന എന്റെ തീരുമാനങ്ങള്‍ എങ്ങനെ തെറ്റാകും?

പുരസ്‌കാരമോ അതോ ഞാന്‍ വിശ്വസിക്കുന്ന തത്വങ്ങളോ എന്ന് തീരുമാനിക്കേണ്ട സ്ഥിതി വന്നപ്പോള്‍ ഞാന്‍ എന്റെ തത്വങ്ങള്‍ക്കൊപ്പം നിന്നു. അതാണ് ന്യായമെന്നതുകൊണ്ട് ഞാനങ്ങനെത്തന്നെ ചെയ്തു. എന്നെ സംബന്ധിച്ച് എനിക്കത് വളരെ എളുപ്പമായിരുന്നു. പുരസ്‌കാരം സ്വീകരിക്കുന്ന പോലെ അത് നിരസിക്കാനും എനിക്ക് അവകാശമില്ലേ? എന്ത് കാരണംകൊണ്ട്‌ ഒരു അവാര്‍ഡ് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു എന്നതാണ് പ്രധാനം.

ദേവി അവാര്‍ഡിന് എന്നെ തിരഞ്ഞെടുത്തതിന് പിന്നില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ നീണ്ട സമയത്തെ അധ്വാനമുണ്ടായിരുന്നു. അതിനെ ഞാന്‍ ആത്മാര്‍ഥമായി ഒരിക്കല്‍കൂടി അഭിനന്ദിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ സ്ഥാനത്ത് മറ്റേത് കോര്‍പറേറ്റ് സ്ഥാപനമായിരുന്നെങ്കിലും ഞാന്‍ അവാര്‍ഡ് നിരസിക്കുമായിരുന്നു. ജനക്ഷേമത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ ആര് ചെയ്താലും അത് സമൂഹത്തെ മുഴുവന്‍ അറിയിക്കേണ്ടത് എഴുത്തുകാരുടെ കടമയല്ലേ? അതാണ് ഞാന്‍ ചെയ്യുന്നത്.

സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും അരക്ഷിതമായ സാഹചര്യമാണോ ഇപ്പോൾ? അദാനി ഗ്രൂപ്പിനെതിരെ നിലപാടെടുത്തതിന് ശേഷം ഭീഷണികള്‍ നേരിടേണ്ടിവന്നോ?

അവാര്‍ഡ് നിരസിച്ചതില്‍ എനിക്ക് ഭീഷണികളൊന്നും ഉണ്ടായില്ല. സത്യത്തില്‍ എല്ലാവരും എന്നെ അഭിനന്ദിക്കുകയാണ് ചെയ്തത്. സ്വന്തം തത്വത്തിലും പ്രത്യയശാസ്ത്രത്തിലുമെല്ലാം ഉറച്ചുനില്‍ക്കുന്നവര്‍ക്ക് നേരെ പല ഭീഷണികളും നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ സാമൂഹ്യ വിമോചനത്തിനായി ശ്രമിച്ച സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും അതെല്ലാം സഹിച്ചും നേരിട്ടുമാണ് മുന്നോട്ടുപോയിട്ടുള്ളത്. ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നു കരുതി നിലപാടില്‍നിന്ന് പിന്മാറുമ്പോള്‍ അവ വ്യാജമാകില്ലേ? എനിക്കതിന് കഴിയില്ല. എനിക്ക് വ്യാജമായി എഴുതാനോ പറയാനോ അഭിനയിക്കാനോ കഴിയില്ല. ഞാന്‍ എന്തിനെ സമീപിക്കുകയാണെങ്കിലും അതെപ്പോഴും സത്യത്തിന്റേയും നീതിയുടേയും പക്ഷത്തുനിന്നുകൊണ്ടായിരിക്കും.

എഴുത്തുകാര്‍ക്ക് എപ്പോഴും ഒരു സാമൂഹ്യ പ്രതിബദ്ധതയുണ്ടെന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. ഞാനതില്‍ പൂര്‍ണമായും വിശ്വസിക്കുന്നു. കല കലയ്ക്ക് വേണ്ടിയാണോ അതോ ആളുകള്‍ക്ക് വേണ്ടിയാണോ എന്ന കാര്യത്തില്‍ വളരെനാളായി ചര്‍ച്ചകള്‍ നടക്കുന്നു. കല ആളുകള്‍ക്ക് വേണ്ടിയാണെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. എന്റെ എഴുത്തുകളെല്ലാംതന്നെ ആളുകള്‍ക്ക് വേണ്ടിയാണ്. ജനങ്ങള്‍ക്കൊപ്പം അവരുടെ ഭാഗത്ത് നില്‍ക്കുന്നതാണ് ന്യായം. ഒരുപക്ഷേ, ഈ അവാര്‍ഡ് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ സ്വന്തം ആളുകള്‍ക്കെതിരെ നില്‍ക്കുന്ന പോലെയാകുമായിരുന്നു. അങ്ങനെ വരുമ്പോള്‍ എന്റെ എഴുത്തുകള്‍ തെറ്റായിത്തീരും. അതൊരിക്കലും സംഭവിക്കില്ല. കാരണം എന്റെ എഴുത്തുകളെല്ലാം യഥാര്‍ത്ഥമാണ്. അത് എപ്പോഴും ആളുകള്‍ക്കുള്ളതാണ്. അതുകൊണ്ടാണ് ഞാന്‍ അത്തരമൊരു നിര്‍ണായകമായ തീരുമാനം എടുത്തത്.

സുകിര്‍ത റാണി എന്ന എഴുത്തുകാരിക്ക് വളരെ എളുപ്പമായ തീരുമാനം പൊതുജനത്തിനിടയില്‍ വലിയ ശ്രദ്ധ നേടുകയും ചര്‍ച്ചയാകുകയും സമൂഹമാധ്യമങ്ങളിലടക്കം താങ്കള്‍ക്ക് വലിയ പിന്തുണ ലഭിക്കുകയും ചെയ്തല്ലോ. ആ പ്രതികരണങ്ങളെ എങ്ങനെയാണ് കാണുന്നത്?

മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും അവാര്‍ഡ് നിരസിച്ച വാര്‍ത്ത അതിവേഗം പടരുകയും ഇക്കാര്യം ആളുകള്‍ തിരിച്ചറിയാനും അംഗീകരിക്കാനും തുടങ്ങുകയും ചെയ്തു. മറ്റാരും എടുക്കാതിരുന്ന ഒരു തീരുമാനം ഞാന്‍ എടുത്തതില്‍ എല്ലാവരും എന്നെ അഭിനന്ദിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിന് ദ്രാവിഡ പ്രസ്ഥാനത്തിന്റേയും അംബേദ്കര്‍ പ്രസ്ഥാനത്തിന്റേയും പശ്ചാത്തലമുണ്ട്. അവിടെത്തെ ആളുകളില്‍ ആത്മാഭിമാനബോധവും രാഷ്ട്രീയ ധാരണയുമെല്ലാം ഉണ്ടായിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ഞാന്‍ എടുത്ത തീരുമാനം തികച്ചും സ്വാഭാവികമാണ്.

എന്നാല്‍, ദേശീയതലത്തില്‍ നോക്കുമ്പോള്‍ എല്ലാവരും എന്റെ തീരുമാനത്തെ കാണുന്നത് അത്ഭുതപ്പെടുത്തുന്ന, ധീരമായ ഒരു കാര്യമായാണ്. അവരിതിനെ തമിഴ്‌നാട്ടില്‍നിന്നുള്ള ശബ്ദമായാണ് ആഘോഷിക്കുന്നത്. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ പ്രസ്ഥാനവുമായോ ബന്ധപ്പെട്ടയാളല്ല. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഒരു ഗ്രാമത്തില്‍നിന്നുമുള്ള, ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്ന ഒരു സാധാരണ സ്ത്രീയാണ്.

പറയത്തക്ക പശ്ചാത്തലമൊന്നുമില്ലാത്ത എനിക്ക് ഇത്രയും വലിയൊരു തീരുമാനമെടുക്കാനുള്ള ധൈര്യം എവിടെനിന്ന് കിട്ടിയെന്ന് പലരും ചോദിക്കാറുണ്ട്. എന്റെ തത്വങ്ങളില്‍നിന്നുള്ള ധൈര്യമാണത്. ചെറുപ്പം മുതലേ എന്റെ അച്ഛനാണ് അനീതിക്കെതിരെ നില്‍ക്കാനുള്ള ധൈര്യം എനിക്ക് പകര്‍ന്നുതന്നത്. അത്ര പദവിയോ പ്രതാപമോ ഇല്ലാത്ത, വെറും മൂന്നാം ക്ലാസുവരെ മാത്രം പഠിച്ച അച്ഛന്‍ എന്നും സത്യസന്ധതയോടെ, ഭയമില്ലാതെ ജീവിക്കാന്‍ എന്നെ പഠിപ്പിച്ചു. ആ മനോഭാവത്തില്‍ എന്നെ വളര്‍ത്തി.

അദാനിയുടെ സാമ്പത്തിക സഹായത്തോടെ നല്‍കുന്ന ഒരു അവാര്‍ഡ് ഞാന്‍ നിരസിച്ചത് ആളുകളില്‍ അവബോധമുണ്ടാക്കിയതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എന്റെ തീരുമാനം ചെറിയൊരു തീപ്പൊരിയായി പുതിയ വഴിതുറന്നിട്ടുണ്ടെന്ന കാര്യത്തെ ആര്‍ക്കും തള്ളിക്കളയാനാകില്ല. അതൊരു സംസാരവിഷയമാവുകയും സാമൂഹ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ഇംപാക്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നത് സത്യമാണ്.

വളരെ സജീവമായി സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന വ്യക്തികൂടിയായ സുകിര്‍ത റാണിക്ക് എന്താണ് എഴുത്ത് ?

എഴുത്ത് ദൈവത്തിന്റെ വരദാനമാണെന്നോ ജന്മസിദ്ധിയാണെന്നോ ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനൊരു നിരീശ്വരവാദിയാണ്. ദൈവം എന്റെ നാവില്‍ വന്ന് എഴുതുകയോ വിരലില്‍ വന്ന് നൃത്തംചെയ്യുകയോ ചെയ്യുന്നില്ല. ഞാന്‍ സമൂഹത്തെയാണ് നോക്കികാണുന്നത്. നമ്മുടെ സമൂഹം എത്രത്തോളം ബഹിഷ്‌കൃതവും അസമത്വവും അസ്വാതന്ത്ര്യവും സ്ത്രീവിരുദ്ധവും പുരുഷാധിപത്യവും നിറഞ്ഞതുമാണെന്ന കൃത്യമായ ധാരണ എനിക്കുണ്ട്.

എന്നിലൊരു സ്വപ്നമുണ്ട്. ഈ ലോകം സമത്വത്തിന്റെ ലോകമായിരുന്നെങ്കില്‍ എങ്ങനെയിരിക്കും എന്നൊരു സ്വപ്നം. എന്റെ എഴുത്തിലൂടെ അത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. അതിനാണ് ഞാന്‍ എഴുതുന്നത്.

സുകീര്‍ത്തറാണി | ഫോട്ടോ: ശ്രീധര്‍

ഇങ്ങനെ എഴുത്തിനെ ഒരു രാഷ്ട്രീയ ആയുധമായും കൈയിലെടുക്കാനുണ്ടായ സാഹചര്യം എന്തായിരിക്കും?

ചെറുപ്പകാലത്ത് സ്‌കൂളിനകത്തും പുറത്തുംവെച്ച് ജാതി-ലിംഗപരമായ വിവേചനങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം ദുരനുഭവങ്ങള്‍ എന്നിലുണ്ടാക്കിയ വേദനയും അപമാനവും എല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് ഇന്നും അതെല്ലാം നേരിടേണ്ടിവരുന്ന ആളുകളുടെ സ്വാതന്ത്ര്യത്തിനായാണ് ഞാന്‍ പോരാടുന്നത്.

ഒരു ദളിത് വിദ്യാര്‍ഥിയായിരുന്ന എനിക്ക് ഞാന്‍ പഠിച്ച സ്‌കൂളില്‍നിന്ന് അനുഭവിച്ച കാര്യങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. ക്ലാസ്മുറിയില്‍ ഏറ്റവും അവസാന ബെഞ്ചിലായിരുന്നു എന്നെ ഇരുത്തിയിരുന്നത്. അന്നെന്നെ അവസാനനിരയിലിരുത്തിയ അതേ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപികയാണ് ഇന്ന് ഞാന്‍. വിദ്യാഭ്യാസത്തെ ഞാന്‍ ആയുധമാക്കി. ഇതൊരു വലിയ പോരാട്ടത്തിന്റെ ഫലമല്ലേ?

തല്‍ഫലമായി, എന്റെ എഴുത്ത് ഒരു എതിര്‍ശബ്ദമായും ജാതി അവഹേളനങ്ങള്‍ക്കെതിരെയുള്ള വിമതശബ്ദമായും മുഴങ്ങുന്നു. ജാതീയമായ ചൂഷണങ്ങളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക് നയിച്ച ഒരു എതിര്‍ശബ്ദം അല്ലെങ്കില്‍ ഒരു സമാന്തര ശബ്ദമാണ് എനിക്ക് എഴുത്ത്. ഈ ശബ്ദമാണ് ദളിത് സാഹിത്യവും ദളിത് ഫെമിനിസവും മുന്നോട്ടുവെക്കുന്നത്.

ഇന്ത്യന്‍ സമൂഹം ജാതി അടിസ്ഥാനമാക്കിയുള്ള, ഒരു പുരുഷാധിപത്യ സമൂഹമാണ്. അവിടെ ദളിതരെ സമൂഹത്തില്‍നിന്നും സ്ത്രീകളെ കുടുംബങ്ങളില്‍നിന്നും അവഗണിക്കുകയും അവരെ രണ്ടാംതരം പൗരന്മാരായി കാണുകയും ചെയ്യുന്നു. സമൂഹവും കുടുംബവും ദളിതരേയും സ്ത്രീകളെയും സമീപിക്കുന്നത് ഒരുപോലെയാണ്. അതിന്റെ രീതികളില്‍ മാത്രമേ വ്യത്യാസമുള്ളു. അവകാശലംഘനവും ലിംഗഅസമത്വവും ന്യായമായ തൊഴില്‍വിഭജനമില്ലായ്മയും അവരനുഭവിക്കുന്നു. കുട്ടികളെ വളര്‍ത്താനുള്ള ചുമതല സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്നു. കുടുംബങ്ങളില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലും, അവരുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിലും, അഭിപ്രായസ്വാതന്ത്ര്യത്തിലുമെല്ലാം അവരെ രണ്ടാം തരക്കാരായി കാണുന്നു. അതുപോലെ ദളിതരെ സമൂഹത്തില്‍ താഴ്ന്നവരായാണ് കാണുന്നത്. അവര്‍ക്കും യാതൊരുവിധ അധികാരവും സമൂഹം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ സമൂഹം ഇനിയും പുരോഗതി പ്രാപിക്കണമെങ്കില്‍ സ്ത്രീകളും ദളിതരും സ്വത്രന്ത്രരാകണം.

സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയില്‍ എത്രത്തോളം നിലവാരമുണ്ടായി എന്നതിനെ അടിസ്ഥാനമാക്കിയാണ് ആ സമൂഹം എത്ര പുരോഗതി പ്രാപിച്ചെന്ന് താന്‍ കണക്കാക്കുന്നതെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ഞാനും എന്റെ എഴുത്തും എപ്പോഴും, ശബ്ദമില്ലാത്ത, അധികാരമോ ഭൂമിയോ ഒന്നുംതന്നെയില്ലാത്തവരുടെ ശബ്ദമെന്നപോലെയാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീ അടിമത്തത്തിന് കാരണമായ ജാതിയെയും ജാതിയുടെ വേരുള്ള മതത്തെയും ചോദ്യം ചെയ്യാതെ ഇവിടെ സ്ത്രീ വിമോചനവും ദലിത് വിമോചനവും സാമൂഹിക വിമോചനവും സാധ്യമല്ല. അത് തിരുത്തിക്കുറിക്കാനുള്ള ശ്രമം എഴുത്തിലൂടെ വിശ്രമമില്ലാതെ തുടരുകയാണ് ഞാന്‍. അതില്‍നിന്ന് പിന്മാറില്ല.

അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാലത്ത് താങ്കള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ നിന്നുകൊണ്ട് ഈ ശ്രമങ്ങളെല്ലാം നടത്തുമ്പോള്‍ എത്രത്തോളം പ്രതീക്ഷയോടെയാണ് മുന്നോട്ടുപോകാനാകുന്നത്?

ഈ നാട്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങളെല്ലാംതന്നെ ജനങ്ങളുടെ വിമോചനം, ആത്മാഭിമാനം, സമത്വം തുടങ്ങി മനുഷ്യരുടെ പല പ്രശ്‌നങ്ങളും മുന്നോട്ടുവെച്ചവയാണ്. അത്തരത്തിലുള്ള തത്വങ്ങളെല്ലാം പിന്തുടര്‍ന്ന ആളുകള്‍ക്ക് സമൂഹത്തോട് അചഞ്ചലമായ സ്‌നേഹമാണുള്ളത്. അവരൊന്നും സ്വന്തം കാര്യത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ ഒന്നും ആലോചിക്കുന്നില്ല. മറിച്ച്, അവര്‍ തങ്ങള്‍ വിശ്വസിക്കുന്ന തത്വങ്ങളിലും ചിന്തകളിലും അവരുടെ രാഷ്ട്രീയത്തിലും ഊന്നിക്കൊണ്ട് സമൂഹത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവരുടെ തത്വങ്ങളില്‍ അവരെങ്ങനെ നിലകൊള്ളുന്നുവെന്ന് ആ പ്രവര്‍ത്തനങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു.

ഒന്നിനെയും ഭയപ്പെടാതെ, തങ്ങള്‍ വിശ്വസിക്കുന്ന തത്ത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നവരെ സമൂഹത്തിലെ ക്രൂരമായ പിന്തിരിപ്പന്‍ മതമൗലികവാദികള്‍ അക്രമത്തിന് വിധേയരാക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നു. ജനപക്ഷത്ത് നില്‍ക്കുന്ന എഴുത്തുകാരും പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരവധി ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. ഉദാഹരണത്തിന്, എഴുത്തുകാരായ കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാഭോല്‍ക്കര്‍, ഗൗരി ലങ്കേഷ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ഒരേപോലെ കൊലപ്പെടുത്തി. അവരില്‍ പ്രധാനമായും കാണാവുന്ന ഒരു പൊതുസാമ്യം അവരാരെല്ലാംതന്നെ തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്തവരായിരുന്നു എന്നതാണ്.

നമ്മള്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുന്നത് കൊലക്കളത്തില്‍ കശാപ്പ് ചെയ്യപ്പെടാനായി കാത്തിരിക്കുന്നത് പോലെയാണ്. എന്തും സംഭവിക്കാം. അങ്ങനെയൊരു ഭീഷണി നിലനില്‍ക്കെ നമ്മുടെ ആശയങ്ങളും നിലപാടുകളും മാറ്റാനൊക്കുമോ? വസ്ത്രം മാറുന്നതുപോലെയല്ല അത്. മറിച്ച് അത് ജീവിതംപോലെയാണ്. ഞാന്‍ എന്റെ തത്വങ്ങളില്‍ വിശ്വസിക്കുന്നു. കാരണം അതാണ് നീതിയും ന്യായവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഭാമ

കഴിഞ്ഞ വര്‍ഷം ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ സിലബസില്‍ നിന്ന് എന്റെയും ഭാമ, മഹാശ്വേത ദേവി എന്നിവരുടേയും കൃതികള്‍ നീക്കം ചെയ്തിരുന്നു. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളില്‍നിന്നാണ്‌ ഞാനും ഭാമയും എഴുത്തിലേക്ക് വന്നത്. തമിഴ്‌നാടിന് ദ്രാവിഡ പ്രസ്ഥാനത്തിന്റെ ബൃഹത്തായൊരു പശ്ചാത്തലമാണുള്ളത്. അയോധിദാസ പണ്ഡിതര്‍, റെട്ടമലൈ ശ്രീനിവാസന്‍, പെരിയാര്‍, അന്നൈ മീനമ്പാള്‍, ഡോ. മുത്തുലക്ഷ്മി, മൂവലൂര്‍ രാമാമൃതം, അറിഞ്ജര്‍ അണ്ണ, സത്യവാണി മുത്തു തുടങ്ങിയവരുടെ നിസ്വാര്‍ഥ സംഭാവനകളുടെ ചരിത്രമുണ്ട് ഈ നാടിന്. അങ്ങനെയുള്ള ഒരു നാട്ടില്‍നിന്നുള്ള വനിതാ എഴുത്തുകാരുടെ കൃതികളാണ് ഡല്‍ഹി സര്‍വകലാശാല സിലബസില്‍നിന്ന് ഒഴിവാക്കിയത്.

ഈ സംഭവത്തെതുടര്‍ന്ന്, 'എഴുത്തുകാരായ ഭാമയും സുകിര്‍ത റാണിയുമെല്ലാം മുന്നോട്ടുവെക്കുന്നത് അടിച്ചമര്‍ത്തപ്പെട്ടവരുടേയും സ്ത്രീകളുടേയും സ്വാതന്ത്ര്യവും മനുഷ്യത്വത്തിന്റെ മഹത്വവുമാണെന്നും അവരെ ജാതിക്കണ്ണിലൂടെ കാണേണ്ടതില്ലെന്നും' തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഒരു മുഖ്യമന്ത്രി സ്വന്തം നാടിന്റെ എഴുത്തുകാരെ പിന്തുണച്ചുകൊണ്ട് അവര്‍ക്കായി നിയമസഭയില്‍ ഒരു പ്രസ്താവന നടത്തുന്നത് ആദ്യമായിട്ടായിരിക്കും.

അതുപോലെ, ദേവി അവാര്‍ഡ് ഞാന്‍ നിരസിച്ചതിനെതുടര്‍ന്ന് 'തീപ്പൊരി പരക്കട്ടെ' എന്ന തലക്കെട്ടിലായിരുന്നു ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മാസികയായ ' മുരശൊലി' പ്രസിദ്ധീകരിച്ചത്. ആ അംഗീകാരം എനിക്കും എന്റെ അഭിപ്രായത്തിനും എഴുത്തിനും വലിയ പ്രചോദനമായി. സാധാരണയായി എഴുത്തുകാര്‍, ഭരിക്കുന്ന സര്‍ക്കാരിനൊപ്പമാണ് നില്‍ക്കുക. എന്നാല്‍, തമിഴ്നാട് സര്‍ക്കാര്‍ എഴുത്തുകാരുടെ ഭാഗത്താണ് നിന്നത്. എത്രയോ വലിയ കാര്യമാണത്. അതുകൊണ്ടുതന്നെ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഞാന്‍ എന്റെ അകമഴിഞ്ഞ നന്ദി അറിയിച്ചു.

ഇത്തരത്തില്‍ ഒരേ കാര്യത്തിനായി എഴുത്തും രാഷ്ട്രീയവും ഒന്നിച്ച് പോകുമ്പോള്‍ അതിന് സമൂഹത്തില്‍ ഒരുപാട് മാറ്റമുണ്ടാക്കാന്‍ സാധിക്കും. ചിന്തയും എഴുത്തും പ്രവൃത്തിയും ഒന്നും വേറിട്ടുനില്‍ക്കുന്നവയല്ലെന്നാണ് ഞാന്‍ കരുതുന്നത്. അതെല്ലാം നേരായ വഴിയില്‍ മുന്നോട്ട് പോകണം. ആ നേര്‍വഴിയിലാണ് ഞാന്‍. സമൂഹത്തിന്റെ മാറ്റത്തിനായി എഴുത്തിലൂടെയും പറച്ചിലിലൂടെയും ഞാനെന്റെ പ്രവര്‍ത്തനം തുടരുകതന്നെ ചെയ്യും. മുന്നോട്ട് പോവുകതന്നെ ചെയ്യും.

Content Highlights: Sukirtha Rani, Interview, Tamil poet, Devi award by New Indian Express, Adani group, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented