ഞാന്‍ ശ്രീലങ്കന്‍ റിയലിസം എഴുതുന്നു...ബുക്കര്‍ സമ്മാനജേതാവ് പറയുന്നു


ഷെഹാന്‍ കരുണതിലകെ / സുനീത ബാലകൃഷ്ണന്‍ബുക്കര്‍ സമ്മാനത്തിന് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഷെഹാന്‍ കരുണതിലകെ മാതൃഭൂമി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖം. കഴിഞ്ഞ ലക്കം ആഴ്ചപതിപ്പിന്റെ കവര്‍ സ്റ്റോറിയായിരുന്നു ഈ അഭിമുഖം. ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ലഭിച്ചതും ഷെഹാന്‍ കരുണതിലകെയ്ക്ക്‌

ഷെഹാൻ കരുണതിലകെ

സംഘര്‍ഷഭരിതങ്ങളായ ചരിത്രവും വര്‍ത്തമാനകാലവും തൊണ്ണൂറ്റിരണ്ടുശതമാനം സാക്ഷരതയുമുള്ള ഏതൊരു പ്രദേശത്തെ ജനതയിലും കഥകളതിസാദരമുണ്ടാവും. അപ്രകാരംതന്നെയാണ് ശ്രീലങ്കയുടെ ഔദ്യോഗികഭാഷകളായ സിംഹളയിലെയും തമിഴിലെയും സാഹിത്യലോകത്തും. മുന്‍കാലത്തെ ശ്രീലങ്കന്‍ സാഹിത്യമാകട്ടെ, ഇതിനൊപ്പമോ അതിലധികമോ വായ്മൊഴിയിലൂടെ പ്രചുരപ്രചാരം സിദ്ധിച്ചവയാണ്. പ്രത്യേകിച്ചും സിദ്ധാര്‍ഥ ഗൗതമന്റെ മുജ്ജന്മ കഥകളുപയോഗിച്ച് ലളിതമെന്ന് തോന്നിപ്പിക്കുന്ന മട്ടില്‍ ചൊല്ലിവെച്ചിട്ടുള്ള സങ്കീര്‍ണമായ തത്ത്വചിന്തകളും ആശയങ്ങളും.
പണ്ഡിതരുടെയും എഴുത്തുകാരുടെയും കുത്തകയല്ല ഈ പ്രദേശത്തെ കഥപറച്ചിലുകള്‍. അവ ആചാരങ്ങളായും നൃത്തരൂപങ്ങളായുമൊക്കെ ശ്രീലങ്കയില്‍ ഇപ്പോഴും അരങ്ങുവാഴുന്നു. ദ്വീപിനെക്കുറിച്ച് പുറംനാടുകളിലെ കഥകളിലും പരാമര്‍ശങ്ങളുണ്ട്. പതിനേഴാംനൂറ്റാണ്ടില്‍ രചിക്കപ്പെട്ട അറബിക്കഥയിലെ മധ്യേഷ്യന്‍ നാവികനായ സിന്‍ബാദ് തന്റെ അദ്ഭുതകഥകളിലെ ആറാംയാത്ര ചെയ്യുന്നത് 'വൈഡൂര്യങ്ങളുള്ള നദികളും പവിഴങ്ങള്‍ നിറഞ്ഞ താഴ്വാരങ്ങളുമുള്ള സിലോണി'ലേക്കാണ്.

കൊളോണിയല്‍ കാലത്തിന്റെ ബാക്കിപത്രമെന്നോണം സാക്ഷരജനതയുടെ നാലിലൊന്നുപേര്‍ ഇംഗ്ലീഷ് അനായാസേന കൈകാര്യംചെയ്യുന്നതുകൊണ്ടാവാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റ് പ്രദേശങ്ങളിലേതുപോലെ ശ്രീലങ്കയിലും നല്ലതോതില്‍ ഇംഗ്ലീഷില്‍ സാഹിത്യരചന നടക്കുന്നുണ്ട്. ശ്രീലങ്കയിലെ ആദ്യത്തെ ഇംഗ്ലീഷ് നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത് 1917-ലാണ്. ലൂസിയന്‍ ഡിസില്‍വയുടെ ദി ഡൈസ് ഓഫ് ഗോഡ്. ഒരുനൂറ്റാണ്ടുകൊണ്ട് ഒരുപാട് നോവലുകള്‍ ഇവിടെ ഇംഗ്ലീഷില്‍ എഴുതപ്പെട്ടു. എന്നാല്‍, ഇന്ത്യയിലേതുപോലെ ശക്തമായ പ്രസാധകസാന്നിധ്യം ശ്രീലങ്കയിലില്ല. അതുകൊണ്ടുതന്നെ ഇംഗ്ലീഷിലെഴുതുന്നവര്‍ അവരുടെ കൃതികള്‍ സ്വയം പ്രസിദ്ധീകരിക്കുകയാണ് ചെയ്തുപോന്നിട്ടുള്ളത്. ചുരുക്കം ചില ശ്രീലങ്കന്‍ എഴുത്തുകാര്‍ക്ക് രാജ്യത്തിന് പുറത്ത് പ്രസാധകരെ കണ്ടെത്താന്‍ കഴിയുന്നുണ്ടായിരുന്നു.1992-ല്‍ ദി ഇംഗ്ലീഷ് പേഷ്യന്റ് എന്ന കൃതിക്ക് ബുക്കര്‍ സമ്മാനം പങ്കിട്ട മൈക്കല്‍ ഒണ്ടാച്ചെ എന്ന ശ്രീലങ്കന്‍ വംശജനായ കനേഡിയന്‍ എഴുത്തുകാരന്‍, തന്റെ ബുക്കര്‍ സമ്മാനത്തുകകൊണ്ട് 'ദി ഗ്രെഷ്യന്‍ പ്രൈസ്' എന്ന പേരില്‍ 1993-ല്‍ ഒരു സാഹിത്യസമ്മാനം നടപ്പിലാക്കിയതോടെയാണ് ശ്രീലങ്കന്‍ ഇംഗ്ലീഷ് സാഹിത്യമേഖലയില്‍ വഴിത്തിരിവായത്. ഒണ്ടാച്ചെയുടെ മാതാവ് ഡോറിസ് ഗ്രെഷ്യന്റെ പേരിലുള്ള ഈ സമ്മാനം ശ്രീലങ്കയില്‍ താമസിച്ചുകൊണ്ട് ഇംഗ്ലീഷിലെഴുതുന്ന ശ്രീലങ്കക്കാര്‍ക്കുള്ളതാണ്.

ആദ്യവര്‍ഷം ഗ്രെഷ്യന്‍ സമ്മാനം നേടിയത് രണ്ടുപേരാണ്. അതിലൊരാളായ കാള്‍ മുള്ളര്‍ രചിച്ച ദി ജാം ഫ്രൂട്ട് ട്രീ ശ്രീലങ്കന്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രം മാറ്റിയ കൃതിയായിത്തീരുകയും ചെയ്തു. തുടര്‍ന്ന്, ശ്രീലങ്കന്‍ ഇംഗ്ലീഷ് സാഹിത്യത്തിന് ആകെയൊരു ഉണര്‍വ് കൈവന്നു. റൊമേഷ് ഗുണശേഖരയുടെ ദി റീഫ്, ശ്യാം സെല്‍വദുരൈയുടെ ഫണ്ണി ബോയ്, യാസ്മിന്‍ ഗുണരത്തിനെയുടെ ദി പ്ലെഷേഴ്‌സ് ഓഫ് കോണ്‍ക്വസ്റ്റ് , എ. ശിവാനന്ദന്റെ വെന്‍ മെമ്മറി ഡൈസ് തുടങ്ങി തൊണ്ണൂറുകളില്‍ ധാരാളം ശ്രദ്ധിക്കപ്പെട്ട നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതില്‍ ശ്രീലങ്കന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ റൊമേഷ് ഗുണശേഖരയുടെ ദി റീഫ് 1994-ലെ ബുക്കര്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ഗ്രെഷ്യന്‍ സമ്മാനത്തുകകൊണ്ട് നോവല്‍ പ്രസിദ്ധീകരിക്കുകയെന്ന ഏര്‍പ്പാടിലേക്കാണ് ശ്രീലങ്കന്‍ ഇംഗ്ലീഷ് നോവലിസ്റ്റുകള്‍ പിന്നീട് പോയത്. ഗ്രെഷ്യന്‍ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയവരില്‍ ചിലരെങ്കിലും പുതിയ സഹസ്രാബ്ദത്തില്‍ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരായിത്തീര്‍ന്നു. ഇന്ന് ഇന്ത്യയില്‍ സുപരിചിതനായ അശോക് ഫെറെ മൂന്നുതവണ ഗ്രെഷ്യന്‍ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുകയും, 2021-ല്‍ ദി അണ്‍മാരേജബിള്‍ മാന്‍ എന്ന നോവലിന് സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.

അഞ്ചുതവണ ഗ്രെഷ്യന്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ട, 2008-ല്‍ അത് ലഭിച്ച ഷെഹാന്‍ കരുണതിലകെയുടെ ചൈനാമാന്‍: ദി ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യു എന്ന പുസ്തകം പിന്നീട് 2012-ല്‍ ഡി.എസ്.സി. പ്രൈസും കോമണ്‍വെല്‍ത്ത് പ്രൈസും നേടിയിരുന്നു.എടുത്തുപറയേണ്ട മറ്റൊരെഴുത്തുകാരന്‍ ദ സ്റ്റോറി ഓഫ് എ ബ്രീഫ് മാരേജ്, എ പാസേജ് നോര്‍ത്ത് എന്നീ പുസ്തകങ്ങളുമായി ഈ പതിറ്റാണ്ടില്‍ പാശ്ചാത്യസാഹിത്യലോകത്ത് വിമര്‍ശകപ്രശംസ നേടിയ അനുക് അരുദുപ്രകാശമാണ്. ഇദ്ദേഹത്തിന്റെ എ പാസേജ് നോര്‍ത്ത് 2021-ലെ ബുക്കര്‍ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു. അമാന്തി ഹാരിസ്, നയോമി മുനവീര, റോഷി ഫെര്‍ണാണ്‍ഡോ, റു ഫ്രീമാന്‍ തുടങ്ങി ശ്രീലങ്കന്‍ വംശജരായ എഴുത്തുകാര്‍ എഴുതുന്ന ഇംഗ്ലീഷ് നോവലുകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധമാണ് ഒട്ടുമിക്ക എഴുത്തുകാരും പശ്ചാത്തലമാക്കുന്നത്. 2022-ല്‍ ഷെഹാന്‍ കരുണതിലകെയുടെ ചാറ്റ്സ് വിത്ത് ദി ഡെഡ് എന്ന കൃതി എഡിറ്റ് ചെയ്ത് ദി സെവന്‍ മൂണ്‍സ് ഓഫ് അല്‍മെയ്ദ എന്ന പേരില്‍ യു.കെ.യില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇക്കൊല്ലത്തെ 2022-ലെ ബുക്കര്‍ സമ്മാനത്തിന് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചുകൊണ്ട് ഈ പുസ്തകവും ഈ എഴുത്തുകാരനും ശ്രീലങ്കന്‍ ജനതയ്ക്ക് വീണ്ടും പുത്തന്‍ പ്രതീക്ഷ നല്‍കുകയാണ്.

ഷെഹാന്‍ കരുണതിലകെ എന്ന കഥാകാരന്‍

1975-ല്‍ ജനിച്ച ശ്രീലങ്കന്‍ എഴുത്തുകാരനായ ഷെഹാന്‍ കരുണതിലകെ കഴിഞ്ഞ ഇരുപതുകൊല്ലമായി പരസ്യവാചകങ്ങള്‍ തൊഴിലാക്കിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ എഴുത്ത് ആദ്യം ശ്രദ്ധിക്കപ്പെടുന്നത് 2000-ല്‍ ശ്രീലങ്കയിലെ സമുന്നത സാഹിത്യസമ്മാനമായ ഗ്രെഷ്യന്‍ പ്രൈസിന് പരിഗണിക്കപ്പെട്ടപ്പോഴാണ്. ദി പെയിന്റര്‍ എന്ന ഈ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. 2008-ല്‍ ചൈനാമാന്‍: ദി ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യു എന്ന നോവലിന് കരുണതിലകെ ഗ്രെഷ്യന്‍ സമ്മാനം നേടി. 2010-ല്‍ ശ്രീലങ്കയില്‍ സ്വയം പ്രസിദ്ധീകരിച്ചതിനുശേഷം, 2011-ല്‍ ഇന്ത്യയിലും തുടര്‍ന്ന് ലോകപ്രസാധകവിപണിയിലും ഈ നോവല്‍ വെളിച്ചം കണ്ടു. 2012-ലെ ഡി.എസ്.സി. പ്രൈസ്, കോമണ്‍വെല്‍ത്ത് പ്രൈസ് എന്നിവയും ഈ പുസ്തകത്തിന് ലഭിച്ചു. ക്രിക്കറ്റിനെക്കുറിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ലോകത്തെ രണ്ടാമത്തെ മികച്ച പുസ്തകമായി വിസ്ഡണ്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാക് പട്ടികയില്‍ വന്ന ചൈനാമാന്‍, 2022-ല്‍ എഴുപതുവര്‍ഷത്തെ കോമണ്‍വെല്‍ത്ത് പ്രദേശത്തെ രചനകളില്‍നിന്ന് തിരഞ്ഞെടുത്ത 'ബിഗ് ജൂബിലി റീഡി'ലും ഇടംപിടിച്ചിരുന്നു.

2015-ല്‍ ഡെവിള്‍ ഡാന്‍സ് എന്ന നോവലിനും 2016-ല്‍ ഷോര്‍ട്ട് ഈറ്റ്സ് എന്ന കഥാസമാഹാരത്തിനും (രണ്ട് കൃതികളും പ്രസിദ്ധീകരിച്ചിട്ടില്ല), 2018-ല്‍ ചാറ്റ്സ് വിത്ത് ദി ഡെഡ് എന്ന നോവലിനും ഷെഹാന്‍ കരുണതിലകെ ഗ്രെഷ്യന്‍ സമ്മാനത്തിന് പിന്നെയും പരിഗണിക്കപ്പെട്ടു. 2020-ല്‍ ഈ നോവല്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന് 2022-ല്‍ ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ദ എന്ന പേരില്‍ ലോകവിപണിയിലും എത്തി. 2022-ലെ ബുക്കര്‍ സമ്മാനത്തിന് പരിഗണിക്കപ്പെടുന്ന ആറ് പുസ്തകങ്ങളില്‍ ഒന്നാണ് ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ദ.

ഇതുകൂടാതെ, 1996 എന്ന പേരില്‍ അഞ്ച് ഭാഗങ്ങളായുള്ള ഒരു ഡോക്യുമെന്ററി സീരീസും മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള 800-ദി മുരളി സ്റ്റോറി യുടെ തിരക്കഥയും രചിച്ചിട്ടുണ്ട് കരുണതിലകെ. 2022-ല്‍ പ്രസിദ്ധീകരിക്കുന്ന ദി ബര്‍ത്ത് ലോട്ടറി ആന്‍ഡ് അദര്‍ സര്‍പ്രൈസസ് എന്ന ചെറുകഥാസമാഹാരമാണ് അടുത്ത പുസ്തകം. മറ്റൊരു നോവലും കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളും എഴുതുകയാണിപ്പോള്‍ ഇദ്ദേഹം.

സുനീത ബാലകൃഷ്ണന്‍ : 2011 മുതല്‍ 2022 വരെയുള്ള എഴുത്തുകാലം പറയാമോ?

ഷെഹാന്‍ കരുണതിലകെ: എല്ലാവരും മറന്നുപോയ ഒരു ക്രിക്കറ്റുകളിക്കാരനെയും മുഴുക്കുടിയനായ ഒരു സ്‌പോര്‍ട്സ് ലേഖകനെയും കുറിച്ച് നോവലെഴുതിയ ഒരു അഡ്വര്‍ടൈസിങ് കോപ്പിറൈറ്ററാണ് ഞാന്‍ (ചൈനാമാന്‍). കൊളംബോയ്ക്ക് പുറത്ത് ഈ പുസ്തകം വായിക്കപ്പെടും എന്ന് കരുതാത്ത എനിക്ക് ഈ നോവലിന്റെ വിജയം അദ്ഭുതമായി. അന്ന് ഞാന്‍ ജോലിസംബന്ധമായി സിങ്കപ്പൂരിലായിരുന്നു. പുതിയ നോവലെഴുതാനായി ശ്രീലങ്കയിലേക്ക് താമസം മാറ്റാന്‍ എനിക്ക് ഏതാനും വര്‍ഷം വേണ്ടി വന്നു. അപ്പോഴേക്കും എനിക്ക് മക്കള്‍ രണ്ടുപേരായി. എഴുത്തിനുള്ള സമയം കുറഞ്ഞു. കോവിഡ് മഹാമാരി വരുന്നതിനുമുന്നെ ഞാന്‍ രണ്ടാം നോവല്‍ എഴുതിത്തീര്‍ത്തു.

പിന്നെ, രണ്ടുകൊല്ലം, ശ്രീലങ്കയെ അത്ര പരിചയം പോരാത്ത അന്താരാഷ്ട്രതലത്തിലുള്ള വായനക്കാര്‍ക്കുവേണ്ടി ആ നോവല്‍ മാറ്റിയെഴുതിക്കൊണ്ടിരുന്നു. ആ പുസ്തമാണ് ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേദ. ഇതെഴുതാനെടുത്ത ഏഴ് കൊല്ലത്തിനിടയില്‍ ഞാന്‍ കുട്ടികള്‍ക്കായി അഞ്ച് പുസ്തകങ്ങള്‍ എഴുതി. അതില്‍ രണ്ടെണ്ണം അടുത്തകൊല്ലം ഇറങ്ങും. കൂടാതെ ഉടനെ പുറത്തുവരുന്ന ദി ബര്‍ത്ത് ലോട്ടറി ആന്‍ഡ് അദര്‍ സര്‍പ്രൈസസ് എന്നൊരു ചെറുകഥാ സമാഹാരവും, ഇപ്പോള്‍ എഡിറ്റിങ് നടക്കുന്ന 800 - ദി മുരളി സ്റ്റോറി എന്ന ചിത്രത്തിന്റെ തിരക്കഥയും രചിച്ചു. ഇപ്പോള്‍ മൂന്നാമത്തെ നോവലിന്റെയും ഒരു ഡോക്യുമെന്ററിയുടെയും പണിപ്പുരയിലാണ്. കോപ്പിറൈറ്റിങ് ജോലി തുടരുന്നുമുണ്ട്.

2020-ല്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ചാറ്റ്സ് വിത്ത് ദി ഡെഡ് വീണ്ടും മാറ്റിയെഴുതിയതാണ് ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേയ്ദ എന്ന് പറഞ്ഞല്ലോ. പടിഞ്ഞാറന്‍ വായനക്കാര്‍ക്കായി എത്തരം എഡിറ്റിങ് ആണ് ചെയ്തത്? ഡെവിള്‍ ഡാന്‍സ് എന്ന പേരില്‍ മുന്‍പെഴുതിയ അപ്രകാശിതമായ നോവല്‍ തന്നെയാണോ പിന്നീട് ചാറ്റ്സ് വിത്ത് ദി ഡെഡ് ആയത്?

ഡെവിള്‍ ഡാന്‍സിനും ചാറ്റ്സ് വിത്ത് ദി ഡെഡിനും തമ്മില്‍ ആകെ പൊതുവേയുള്ളത് ബസ്സില്‍ കാണുന്ന ആ പ്രേതം മാത്രമാണ്. സുനാമി കാലത്തെ ഒരു ബസ്സില്‍ നടക്കുന്ന ഹൊറര്‍ കഥയായിരുന്നു ഡെവിള്‍ ഡാന്‍സ്. എന്നാല്‍ ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേദ, ചാറ്റ്സ് വിത്ത് ദി ഡെഡ് തന്നെയാണ്. അല്പംകൂടി മുറുക്കമുള്ള, വേഗമുള്ള ഒന്ന്.

ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേയ്ദ യെ മൈക്കല്‍ ഒണ്ടാച്ചേയുടെ അനില്‍സ് ഗോസ്റ്റ് എന്ന നോവലുമായി താരതമ്യം ചെയ്ത് കാണുന്നുണ്ടല്ലോ?

ശ്രീലങ്കയുടെ അനേകം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച മൃതദേഹങ്ങളെക്കുറിച്ചാണ് രണ്ട് നോവലുകളും എന്ന് മാത്രമേ ഉള്ളൂ ഇവ തമ്മിലുള്ള സാമ്യം. ഒണ്ടാച്ചേയുടെ നോവല്‍ അദ്ദേഹത്തിന്റെ എല്ലാ രചനകളെയുംപോലെ ആര്‍ദ്രവും സൂക്ഷ്മവും താളാത്മകവും മികച്ചതുമായ എഴുത്താണ്. എന്റെ എഴുത്ത് അത്രയും അടുക്കും ചിട്ടയുമുള്ളതല്ല. എന്നാലത് വായനസുഖം തരുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്രീലങ്കയുടെ ഭൂതകാലം അസ്വസ്ഥതകള്‍ നിറഞ്ഞതാണ്. വര്‍ത്തമാനകാലമാകട്ടെ കലുഷിതവും. താങ്കളുടെ രണ്ട് നോവലുകളിലും കലാപത്തിന്റെ കൊടുംകഥകളുണ്ടെങ്കിലും ആഖ്യാനത്തില്‍ ആസ്വാദ്യകരമായ ആക്ഷേപഹാസ്യവും നര്‍മോക്തിയുമുണ്ട്. കലാപങ്ങളെപ്പറ്റി എഴുതുമ്പോള്‍ ആക്ഷേപഹാസ്യം ഒരു സങ്കേതമായി ഉപയോഗിക്കുകയാണോ? അതൊരു ആശ്വാസമാകുന്നുണ്ടോ?

എഴുത്തുകാരന് തൊട്ടെഴുതാന്‍ കഥകളും സംഘര്‍ഷങ്ങളും വൈരുധ്യങ്ങളും അനവധിയാണ് ശ്രീലങ്കയില്‍. രണ്ട് നോവലുകളിലും ഞാന്‍ സമീപിച്ചിട്ടുള്ളത് എന്റെ ജീവിതകാലത്ത് നടന്ന കഥകളും സംഭവങ്ങളും മാത്രമാണ്. അതേസമയം എന്റെ ചെറുകഥകളില്‍ ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള 74 കൊല്ലക്കാലത്തെ വ്യവസ്ഥകളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. ഇതിലെ ടൈറ്റില്‍ കഥയായ ബര്‍ത്ത് ലോട്ടറിയില്‍ സിലോണിന്റെ 2500 കൊല്ലത്തെ ചരിത്രത്തെ വിലയിരുത്തിയിട്ടുണ്ട്. ഈ കഥകളൊക്കെ തമാശയോ നേരമ്പോക്കോ അല്ല. അതിലൊക്കെ അയുക്തികളുണ്ട്. അത് ആക്ഷേപഹാസ്യമാണ് എന്ന് ധരിക്കപ്പെടുന്നതാണ്. ഞാന്‍ ശ്രീലങ്കന്‍ റിയലിസം എഴുതുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇത് കെട്ടിച്ചമച്ച ഒന്നല്ല. മഹാദുരന്തങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ തമാശ പൊട്ടിക്കുക എന്നത് ഒരു ശ്രീലങ്കന്‍ സെന്‍സിബിലിറ്റിയാണ്. അങ്ങനെ ചെയ്യാനാണ് എനിക്കും താത്പര്യം. കരയുന്നതിനെക്കാളും നല്ലത് ചിരിക്കുന്നതുതന്നെ.

1980-കള്‍ മാറ്റത്തിന്റെ വര്‍ഷങ്ങളായിരുന്നു. ഇതിനുശേഷം ശ്രീലങ്കന്‍ സാഹിത്യത്തില്‍ എവ്വിധമുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്? ശ്രീലങ്കയിലെ രാഷ്ട്രീയം അവിടെനിന്നുമുള്ള സാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ടോ?

ശ്രീലങ്കന്‍ ഇംഗ്ലീഷ് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം സംക്രമണകാലം എന്ന് വിളിക്കാവുന്നത് 90-കളെയാണ് എന്ന് തോന്നുന്നു. റൊമേഷ് ഗുണശേഖരയുടെ ദി റീഫ്, മൈക്കിള്‍ ഒണ്ടാച്ചെയുടെ റണ്ണിങ് ഇന്‍ ദി ഫാമിലി, ശ്യാം സെല്‍വദുരൈയുടെ ഫണ്ണി ബോയ്, എനിക്കേറ്റവും പ്രിയപ്പെട്ട കാള്‍ മുള്ളറുടെ ദി ജാം ഫ്രൂട്ട് ട്രീ, തുടങ്ങിയ രചനകള്‍ ഞാനുള്‍പ്പെടുന്ന തലമുറയിലെ ശ്രീലങ്കന്‍ എഴുത്തുകാരെ പ്രചോദിപ്പിക്കുന്നവയായിരുന്നു. ശ്രീലങ്കയില്‍നിന്ന് പല തരത്തിലുള്ള രചനകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അനുക് അരുദുപ്രകാശം, നയോമി മുനവീര തുടങ്ങിയവരുടെ ഉത്തമ സാഹിത്യരചനകള്‍, യുദ്ധജ്ഞയ വിജേരത്നേ, അമാന്‍ഡ ജയറ്റിസ്സ എന്നിവരുടെ ഫിക്ഷന്‍, അശോക് ഫെറെ, ആന്‍ഡ്രൂ ഫിഡല്‍ ഫെര്‍ണാണ്ടോ എന്നിവരുടെ ഹാസ്യരചനകള്‍ തുടങ്ങിയവ. ഇതൊക്കെ ഇംഗ്ലീഷ് ഭാഷയിലുള്ള രചനകള്‍ മാത്രമാണ്. മൂന്ന് ഭാഷകളിലും കൂടി ഗംഭീരമായ കവിതകള്‍, നാടകം, ഓണ്‍ലൈന്‍ മീമുകള്‍ തുടങ്ങിയവ രചിക്കപ്പെടുന്നുണ്ട്. ഇതില്‍ ചിലതൊക്കെ രാഷ്ട്രീയം കലര്‍ന്നതാണ്. എല്ലാം അങ്ങനെയല്ലതാനും.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇന്നിനെക്കുറിച്ച് എഴുതാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണ് താങ്കള്‍ രണ്ട് പതിറ്റാണ്ട് പുറകിലേക്ക് പോയി 1989-നെക്കുറിച്ച് എഴുതുന്നത് എന്ന് പറഞ്ഞിരിക്കുന്നത് വായിച്ചു. സാഹിത്യത്തില്‍ രേഖപ്പെടുത്താന്‍ ആ കാലഘട്ടം തന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?

ആ കാലഘട്ടത്തിലെ പ്രതിനായകര്‍ ഏതാണ്ട് മിക്കവാറും എല്ലാവരും മരണപ്പെട്ട് കഴിഞ്ഞു. അതുകൊണ്ടുതന്നെ അപമാനിച്ചു എന്ന് ആരോപിച്ച് ആരും വരാനിടയില്ല. 1989-90 കാലമാണ് ഈ കഥ പറയാന്‍ പറ്റിയ കാലഘട്ടം. കാരണം അനേകം യുദ്ധമുഖങ്ങളില്‍ നടന്ന അനേകം യുദ്ധങ്ങളിലൂടെ തമിഴ് പുലികളോ ജെ.വി.പി. മാര്‍ക്‌സിസ്റ്റുകളോ സര്‍ക്കാരിന്റെ ഭീകരവിരുദ്ധസ്‌ക്വാഡുകളോ ഐ.പി.കെ.എഫോ കാരണം അക്കാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ഉണ്ടായിട്ടുള്ളത് . ഇതിലൊരു മൃതദേഹത്തെ തിരഞ്ഞെടുത്ത് അതിന്റെ കഥപറയാനാണ് ഞാന്‍ തീരുമാനിച്ചത്.

2011-ന് ശേഷം 2022-ലാണ് അടുത്ത പുസ്തകം പുറത്തുവരുന്നത്. രണ്ടാമത്തെ നോവലിന് കാലതാമസം വരാന്‍ എന്താണ് കാരണം? രണ്ട് നോവലുകള്‍ക്കും ചെയ്ത ഗവേഷണങ്ങള്‍ എത്ര കണ്ട് വ്യത്യസ്തമായിരുന്നു?

2011-ന് ശേഷമുള്ള കാലത്ത് എനിക്ക് രണ്ട് മക്കളുണ്ടാവുകയും, രണ്ട് രാജ്യങ്ങളില്‍നിന്ന് ഞാന്‍ താമസം മാറുകയും ചരിത്രം, മിത്തോളജി, ഹൊറര്‍ സിനിമകള്‍, മതം എന്നിവയില്‍ ആഴത്തിലുള്ള ഗവേഷണം നടത്തേണ്ടിയും വന്നു. ഈ പുസ്തകം പലതവണ എഴുതി തെറ്റിപ്പോയി എന്ന് ബോധ്യപ്പെട്ടു. ഒടുവില്‍ അനേകം വായനക്കാരുടെയും എഡിറ്റര്‍മാരുടെയും കൂടെയിരുന്നതിനുശേഷമാണ് ഇതിന്റെ കഥ ഉരുത്തിരിഞ്ഞതും എഴുതിയതില്‍ എന്തൊക്കെ ഉപേക്ഷിക്കണം എന്ന് മനസ്സിലാവുകയും ചെയ്തത്. അതുതന്നെ ഏഴുകൊല്ലമെടുത്തു. ഞാന്‍ ഇപ്പോള്‍ എഴുതുന്ന പുസ്തകം ഇത്രയ്ക്ക് ഗവേഷണം വേണ്ടുന്നതല്ല, മാത്രമല്ല എന്റെ മക്കളും കുറച്ചൊക്കെ വലുതായി. അടുത്ത പുസ്തകത്തിന് ഇത്രയ്ക്ക് താമസം വരില്ലെന്ന് പ്രതീക്ഷിക്കുന്നു.

ചൈനാമാനേക്കാളും പ്രതീക്ഷയുള്ള നോവലാണോ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ദ?

അതുകൊണ്ടാണല്ലോ അതെഴുതാന്‍ ഇത്രയധികം സമയം വേണ്ടിവന്നത്. ചൈനാമാന്‍ എഴുതുമ്പോള്‍ ആഭ്യന്തരകലാപത്തിന്റെ പശ്ചാത്തലത്തിലുള്ള എന്നാല്‍, അതുമായി ബന്ധമൊന്നും ഇല്ലാത്ത ഒരു ശ്രീലങ്കന്‍ നോവല്‍ എഴുതണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ആഖ്യാനത്തിലേക്ക് രാഷ്ട്രീയം അരിച്ചിറങ്ങിയിട്ടുണ്ടെങ്കിലും പ്രാഥമികമായി ആ പുസ്തകം ക്രിക്കറ്റിനെയും വൃദ്ധന്മാരെയും ചാരായത്തെയുമൊക്കെക്കുറിച്ചായിരുന്നു.

രണ്ടാമത്തെ നോവലില്‍ രാഷ്ട്രീയത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും അനേകം ഇഴകളുണ്ട്. കൂടാതെ അതില്‍ ഒരു കൊലപാതകം, ഒരു ത്രികോണപ്രേമം, അനവധി പ്രേതകഥകള്‍, എന്നിങ്ങനെ പല വിഷയങ്ങള്‍ അമ്മാനമാടുകയായിരുന്നു. ഇതൊക്കെ കൂട്ടി എഴുത്താകെ താറുമാറായിപ്പോയിട്ടില്ല എന്ന് കരുതുന്നു. ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ദ യിലെ കഥാപാത്രങ്ങള്‍ പലരും ശരിക്കും ജീവിച്ചിരുന്ന വ്യക്തികളില്‍നിന്ന് സൃഷ്ടിച്ചവരല്ലേ? ഇതിന്റെ ഉദ്ദേശ്യവും രാഷ്ട്രീയവും എന്തായിരുന്നു?

ചരിത്രത്തിന്റെ ഒരു തുണ്ടുമായാണ് നമ്മള്‍ എല്ലായ്പ്പോഴും എഴുത്ത് തുടങ്ങുന്നത്. എന്നിട്ട് കഥ അതിന് പോകാന്‍ ഇഷ്ടമുള്ള വഴിയേ പോകും. ഇതില്‍ രാഷ്ട്രീയമൊന്നും വിചാരിച്ചിട്ടില്ല. 1989-ന്റെ ചില ഇരകളില്‍ അവരുടെ ജീവചരിത്രങ്ങളില്‍ എനിക്ക് താത്പര്യമുണ്ടായിരുന്നു. പക്ഷേ, എഴുത്തിന്റെ അവസാനമെത്തിയപ്പോള്‍ കഥയിലെ പ്രേതങ്ങള്‍ക്ക് അവരുടെ സൃഷ്ടിയെ പ്രചോദിപ്പിച്ച ആളുകളുമായി യാതൊരു സാമ്യവും ഇല്ല എന്നായിത്തീര്‍ന്നിരുന്നു.

താങ്കള്‍ എഴുതുന്ന എന്തിലും ശ്രീലങ്ക ഒരു കഥാപാത്രമാണ്. ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകങ്ങളിലും അങ്ങനെയാണോ?

കൊളംബോയിലെ കോര്‍പ്പറേറ്റ് ലോകത്തെക്കുറിച്ചുള്ള കോമഡിയാണ് അടുത്ത നോവല്‍. കുറുനഗലായിലെ പൂച്ചികളെപ്പറ്റി കുട്ടികള്‍ക്കൊരു പുസ്തകമാണ് മറ്റൊന്ന്. ശ്രീലങ്ക എനിക്ക് പ്രചോദനമാകുന്നിടത്തോളം കാലം അതിനെപ്പറ്റി എഴുതിക്കൊണ്ടിരിക്കും. പക്ഷേ, ഇപ്പോള്‍ ശ്രീലങ്കയ്ക്ക് പുറത്തുള്ള ഒരു വിഷയത്തെപ്പറ്റിയുള്ള ഡോക്യുമെന്ററിക്കായി ഗവേഷണം നടത്തുന്നുണ്ട്.

താങ്കളുടെ എഴുത്തിന്റെ രീതി വിശദീകരിക്കാമോ?

എഴുതാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെപ്പറ്റി സമയം അനുവദിക്കുന്നത്രയും ഞാന്‍ വായിക്കും. എ-3 ഷീറ്റുകളില്‍ പെന്‍സില്‍കൊണ്ട് നോട്ടുകളെഴുതും. അത് വേണ്ടത്രയുമാകുമ്പോള്‍ ഞാന്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങും. തുടങ്ങുന്നത് എന്തായാലും എഴുതി അവസാനിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നിട്ട് ഏതാനും ആഴ്ചകള്‍ എഴുതിയതില്‍നിന്ന് അകന്നുനില്‍ക്കും. പിന്നെ തിരികെ വന്ന് തിരുത്തിയെഴുതാന്‍ തുടങ്ങും. കഥ ആവശ്യപ്പെടുന്നത്രയും തവണ അത് തുടരും. ഇത് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. ആദ്യത്തെ എഴുത്തിലുണ്ടായിരുന്ന മിക്കവാറും ഒന്നുംതന്നെ ഒടുവിലത്തെ എഴുത്തില്‍ ശേഷിക്കാറില്ല.

ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ എത്രത്തോളം ഇടപെടാറുണ്ട്? അവിടത്തെ ഇപ്പോഴത്തെ ജനവികാരം എന്താണ്?

ശ്രീലങ്കന്‍ രാഷ്ട്രീയവുമായി എനിക്ക് ബന്ധമൊന്നും ഇല്ല. എല്ലാ ശ്രീലങ്കക്കാരെയുംപോലെ എന്ത് നടക്കുന്നു എന്ന് ഞാനും ശ്രദ്ധിക്കാറുണ്ടായിരുന്നു. മുന്നത്തെ അത്രയും ശ്രദ്ധ ഇപ്പോഴില്ല എന്ന് പറയാം. ഇപ്പോഴത്തെ ജനവികാരം പ്രതീക്ഷയും ഉത്കണ്ഠയും ഒരുപോലെ കലര്‍ന്നതാണ്. അടുത്തിടെ ഉണ്ടായ സ്ഥിരതയെ ചിലര്‍ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാലും ഭൂരിപക്ഷം ആളുകളും വിലക്കയറ്റം, വരുമാനമില്ലായ്മ, ക്ഷാമം, അനിശ്ചിതത്വം തുടങ്ങിയവയില്‍ ഉഴലുന്നവരാണ്. ഞങ്ങളുടെ നേതാക്കള്‍ ഇപ്പോഴെങ്കിലും അവരവര്‍ക്ക് ഹ്രസ്വകാല നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം രാജ്യത്തിനും ജനങ്ങള്‍ക്കും ദീര്‍ഘകാലത്തേക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ഇന്ത്യന്‍ ഫിക്ഷന് അവിടെ വായനക്കാരുണ്ടോ?

ഞങ്ങളുടെ ഏറ്റവും അടുത്ത അയല്‍ക്കാരുടെ സാംസ്‌കാരികസ്വാധീനത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ പ്രയാസമാണ്. ഇവിടെ ഇന്ത്യന്‍ ഫിക്ഷന്‍ വായിക്കപ്പെടുന്നുണ്ട്. അതുപോലെ തന്നെ ഇന്ത്യന്‍ സംഗീതവും സിനിമയും ആസ്വദിക്കപ്പെടുന്നുണ്ട്. ഈ പ്രദേശത്തെ മിക്കവാറും എന്തിലും ഇന്ത്യന്‍ സ്വാധീനം കാണാന്‍ കഴിയും.

വിവര്‍ത്തനങ്ങള്‍? പുസ്തകങ്ങള്‍ സിനിമയിലേക്കുണ്ടോ?

ബുക്കര്‍ ലിസ്റ്റുകള്‍ വന്നതിനുശേഷം ഈ രണ്ട് കാര്യങ്ങളിലും കൂടുതല്‍ താത്പര്യം കണ്ടുവരുന്നുണ്ട്. കൂടുതല്‍ ആളുകളിലേക്കും ഇംഗ്ലീഷ് സംസാരിക്കാത്ത ഇടങ്ങളിലേക്കും എന്റെ പുസ്തകങ്ങള്‍ എത്തുന്നതില്‍ തീര്‍ച്ചയായും താത്പര്യമുണ്ട്. അടുത്ത കുറച്ച് നാളുകള്‍ക്കുള്ളില്‍ ചിത്രം തെളിയും.

താങ്കളുടെ സംഗീതതാത്പര്യങ്ങള്‍ എന്തൊക്കെയാണ്?

ഞാന്‍ ബാസ്, പിയാനോ, ഹാര്‍മോണിക, ഗിറ്റാര്‍ എന്നിവ വായിക്കും. നല്ലതുപോലെ എന്ന് പറയാന്‍ സാധിക്കില്ല. പാട്ടെഴുതും. എന്നുവെച്ചാല്‍ ഞാന്‍ കേട്ടുവളര്‍ന്ന റോക് - ഇന്‍ഡി ഗിറ്റാര്‍ ടൈപ്പ് ഗാനങ്ങള്‍. മറ്റുള്ളവര്‍ കേള്‍ക്കേണ്ട മേന്മയൊന്നുമില്ല അതിന്. സമയം കിട്ടുകയാണെങ്കില്‍ ഒരു 'മിഡ്-ലൈഫ് ക്രൈസിസ് ബാന്‍ഡ്' തുടങ്ങിയേക്കാം. എഴുത്തിന് നല്ലൊരു പൂരകമാണ് സംഗീതം. രണ്ടിലും നമ്മള്‍ മിടുക്ക് കാണിക്കുന്നില്ലെങ്കിലും.

Content Highlights: Sri Lankan writer Shehan Karunatilaka Interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented