ശ്രീകുമാരൻ തമ്പി
ഹിഗ്വിറ്റ വിഷയത്തില്‍ ശ്രീകുമാരന്‍ തമ്പി പ്രതികരിക്കുന്നു.
1977-ല്‍ തുറപ്പുഗുലാന്‍ എന്ന പേരില്‍ ഞാന്‍ ഒരു സിനിമ എഴുതി സംവിധാനം ചെയ്ത് നിര്‍മിച്ചു. തുറപ്പുഗുലാന്‍ എന്ന പേര് എന്റെ സ്വന്തം സംഭാവനയാണ്. ഹിഗ്വിറ്റ എന്ന പേരുപോലെ ഒരാളുടെ പേരല്ല. പക്ഷേ, പതിറ്റാണ്ടുകള്‍ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് തുറുപ്പുഗുലാന്‍ എന്ന പേരില്‍ ഒരു സിനിമ മലയാളത്തില്‍ തന്നെയുണ്ടായി. എന്റെ അനുവാദം ചോദിച്ചില്ല, ഞാന്‍ കേസും കൊടുത്തില്ല. 1979-ല്‍ സിംഹാസനം എന്ന പടം ഞാന്‍ എഴുതി നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചു. മധുവായിരുന്നു നായകന്. അന്ന് പൃഥ്വിരാജ് ജനിച്ചിട്ടില്ല. ദശാബ്ദങ്ങള്‍ക്കുശേഷം പൃഥ്വിരാജ് നായകനായിക്കൊണ്ട് സിംഹാസനം എന്ന സിനിമയിറങ്ങി, ഇതേ മലയാളത്തില്‍. അപ്പോഴും ഞാന്‍ കേസുകൊടുക്കാന്‍ ഇറങ്ങിത്തിരിച്ചില്ല. എന്തുകൊണ്ടെന്നാല്‍ നമ്മുടെ ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയെ നിയന്ത്രിക്കുന്നത് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ആണ്. എന്റെ മുപ്പത്തിയഞ്ചാം വയസ്സുമുതല്‍ പതിനഞ്ചുവര്‍ഷം ഞാന്‍ അതിന്റെ നിര്വാഹകസമിതിയംഗമായിരുന്നു. അന്ന് ചേംബര്‍ ഒരു തീരുമാനമെടുത്തു; സിനിമയ്ക്ക് പേരുകള്‍ ഇല്ലാതാവുന്ന ഘട്ടം വരുമ്പോള്‍ ഒരു സിനിമ റിലീസ് ചെയ്ത് പത്തു വര്‍ഷം കഴിഞ്ഞാല്‍ ആ പേര് മറ്റൊരു സിനിമയ്ക്ക് ഇടുന്നതില്‍ തടസ്സമില്ല. പത്തു വര്‍ഷം കഴിഞ്ഞാല്‍ സിനിമയുടെ പേര് ആവര്‍ത്തിക്കാം. ഞാനടക്കമുള്ള നിര്‍വാഹകസമിതിയുടെ തീരുമാനം അതാണ്. അപ്പോള്‍ എന്റെ സിനിമയുടെ പേരിനുമേല്‍ കൂടുതല്‍ ബലംപിടിത്തം ആവശ്യമില്ല.
മഹാത്മ ഗാന്ധിയുടെ പേരില്‍ എത്രയോ കഥകളും നോവലുകളും സിനിമകളും ഉണ്ട്. ഇനിയും ആര്‍ക്കും എഴുതാം, പടമെടുക്കാം. പക്ഷേ ഹിഗ്വിറ്റ എന്ന പേര് മലയാളത്തില്‍, എഴുത്തിലൂടെ ആദ്യം പരിചിതമാക്കിയത് എന്‍.എസ്. മാധവനാണ്. അപ്പോള്‍ ആ പേര് മറ്റൊരു മാധ്യമത്തില്‍ ആവര്‍ത്തിക്കാതിരിക്കുന്നതാണ് അഭിമാനം. പേരിന് മലയാളഭാഷയില്‍ ഇത്രയും ദാരിദ്ര്യമുണ്ടോ? എന്‍.എസ്. മാധവന് ആ പേര് നേരത്തേ സാഹിത്യത്തില്‍ ഹിറ്റ് ആക്കിയിട്ടുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. കഥയും സുപരിചിതമാണ്. എന്തുകൊണ്ടാണ് സിനിമയ്ക്ക് ഐ.എം. വിജയന് എന്നിടാതിരുന്നത്?
.jpg?$p=fc20cf2&&q=0.8)
തുറുപ്പുഗുലാന്‍, സിംഹാസനം എന്നീ പേരുകള്‍ പുതുതായി സിനിമയ്ക്കിട്ടവര്, അവര്‍ക്കും എനിക്കും ആവശ്യമില്ലെങ്കിലും, എന്നോട് അനുവാദം ചോദിച്ചിട്ടില്ല. പക്ഷേ, സംവിധായകന് രഞ്ജിത്ത് നായാട്ട് എന്ന സിനിമ നിര്‍മിച്ചപ്പോള്‍ എന്നെ വിളിച്ചു. കാരണം നായാട്ട് എന്ന പേരില്‍ എന്റെ സിനിമ ആദ്യം ഇറങ്ങിയിട്ടുണ്ട്. മാന്യതയുടെ പേരില്‍ രഞ്ജിത്ത് എന്നെ വിളിച്ചു; 'നായാട്ട് എന്ന പേര് സാറിന്റെ സിനിമയുടേതാണെന്നറിയാം, ഞാന്‍ നിര്‍മിക്കുന്ന സിനിമയ്ക്ക് ഈ പേര് ഉചിതമാണ്. ഞാന്‍ പേര് എടുക്കുന്നതില്‍ സാറിന് വിയോജിപ്പ് ഉണ്ടോ?' എന്ന് ചോദിച്ചു. എനിക്കൊരു വിരോധവുമില്ല എന്ന് ഞാന്‍ മറുപടിയും പറഞ്ഞു.
ഹിഗ്വിറ്റ എന്ന പേരിനെച്ചൊല്ലി പല അഭിപ്രായങ്ങളുണ്ടാവാം. മലയാളത്തില്‍ സര്‍ഗാത്മകമായി ആ പേര് ആദ്യം ഉപയോഗിച്ചത് എന്‍.എസ്. മാധവനാണ്. ഈ പേര് സിനിമയ്ക്കായി സംവിധായകന് ഉപയോഗിക്കുന്നതിനു മുമ്പേ ഒരു സാമാന്യമര്യാദ ആവാമായിരുന്നു; എന്‍.എസ്. മാധവനെ സംവിധായകന് ഒന്ന് വിളിക്കാമായിരുന്നു. കേസ് കൊടുത്താല്‍ നില്‍ക്കുമോ ഇല്ലയോ എന്നതല്ല കാര്യം. അതേപ്പറ്റി പറയാം- എം.ടി. വാസുദേവന്‍ നായര്‍ തന്റെ കഥയായ പള്ളിവാളും കാല്‍ച്ചിലമ്പും നിര്‍മാല്യം എന്ന പേരില്‍ സിനിമയാക്കുന്നതിന് മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി നിര്‍മാല്യം എന്ന പേരില്‍ നോവല്‍ എഴുതി അച്ചടിച്ചുവന്നിട്ടുണ്ട്. എം.ടി. തന്റെ നോവലിന്റെ പേര് ഉപയോഗിച്ചു എന്ന പരാതിയുമായി ചൊവ്വല്ലൂര്‍ കൃഷ്ണന് കുട്ടി കേസിനു പോയില്ല. അതേപോലെ തന്നെ എം.ടിയുടെ വാനപ്രസ്ഥം എന്ന പ്രശസ്ത കഥയുടെ തലക്കെട്ട് ഷാജി എന്‍ കരുണ്‍ തന്റെ സിനിമയ്ക്ക് ഉപയോഗിച്ചു. എം.ടിയുടെ വാനപ്രസ്ഥം എന്ന കഥ സിനിമയാക്കിയപ്പോള്‍ തീര്‍ഥാടനം എന്നുപേരിടേണ്ടി വന്നു. എം.ടിയുടെ കഥ സിനിമയായപ്പോള്‍ കഥയുടേ പേര് മറ്റൊരു സിനിമയ്ക്ക് വന്നുകഴിഞ്ഞിരുന്നു! അദ്ദേഹത്തിന് മാറ്റി ചിന്തിക്കേണ്ടി വന്നു.
Content Highlights: Higuita, Sreekumaran Thampi, N.S Madhavan, Hemand G Nair, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..