ഡോ.സിദ്ധാർഥ മുഖർജി, പുസ്തകത്തിന്റെ കവർ. Photo | Twitter/@DrSidMukherjee
പ്രശസ്ത ഡോക്ടറും എഴുത്തുകാരനുമായ സിദ്ധാര്‍ഥ മുഖര്‍ജിയുമായുള്ള അഭിമുഖം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതിന്റെ രണ്ടാം ഭാഗം. താലിഡോമൈഡ് മരുന്നുണ്ടാക്കുന്ന ജനിതകവൈകല്യത്തെക്കുറിച്ചും ജീന്‍ എഡിറ്റിങ്ങിനെക്കുറിച്ചും അഹത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ജീവനെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമെല്ലാം വിശദമായി സംസാരിക്കുന്ന മുഖര്‍ജി തന്നെത്തന്നെ പൂര്‍ണമായി തുറന്നുവെക്കുകയാണിവിടെ.
കോശതലത്തില്‍ രാസവസ്തുക്കള്‍ എത്രത്തോളം നാശം വിതയ്ക്കുന്നുണ്ടെന്നതിലേക്ക് ഞെട്ടിക്കുന്ന സൂചനകളാണ് താങ്കളുടെ പുസ്തകം മുന്നോട്ടുവെക്കുന്നത്. താലിഡൊമൈഡിനെയും ജന്മവൈകല്യങ്ങളെയും കുറിച്ചുള്ള ഭാഗം വായിച്ചപ്പോള്‍, മാതൃഭൂമിയിലെ ഫോട്ടോ ജേണലിസ്റ്റ് മധുരാജ് പകര്‍ത്തിയ എന്‍ഡൊസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ ചിത്രങ്ങളാണ് മനസ്സിലേക്കുവന്നത്. താങ്കളെഴുതുന്നു: 'ഈ പുസ്തകം സെല്ലുലാര്‍ മെഡിസിന്‍ ജന്മമെടുക്കുന്നതിനെക്കുറിച്ചാണെങ്കില്‍, അതിന്റെ പൈശാചികമായ മറുവശത്തെക്കുറിച്ചും പറയേണ്ടതുണ്ട്: സെല്ലുലാര്‍ പോയ്സന്‍'. അതിവേഗം ആധുനികീകരിക്കപ്പെടുന്ന രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയില്‍ രാസവസ്തുക്കള്‍, പ്ലാസ്റ്റിക് തുടങ്ങിയവ അറിഞ്ഞും അറിയാതെയും മനുഷ്യശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ ആളുകളെ ബോധവാന്മാരാക്കാന്‍ പറ്റുമോ? ആശയവിനിമയത്തിന്റെയും അഭിപ്രായവ്യത്യാസങ്ങളുടെയും എല്ലാ പ്രശ്‌നങ്ങളുമുള്ള ഒരു വലിയ ജനാധിപത്യ വ്യവസ്ഥയില്‍ അങ്ങനെയൊരു ചര്‍ച്ച സാധ്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
സാധ്യമാണെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. ആളുകള്‍ക്ക് അത് ആവശ്യമുണ്ട്. കോശതലത്തില്‍ ജീവന്‍ എന്നാല്‍ എന്താണ്, രോഗനിദാനമെന്താണ് എന്നൊക്കെ ആഴത്തിലറിയാന്‍ അവര്‍ തത്പരരാണ്. കാരണം മറ്റൊരുതരത്തില്‍ എന്തുകൊണ്ട് കാര്യങ്ങള്‍ ഇങ്ങനെയാകുന്നു എന്ന് മനസ്സിലാക്കാന്‍ സാധ്യമല്ല. താലിഡൊമൈഡിന്റെ കാര്യംതന്നെയെടുക്കാം. താലിഡൊമൈഡിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിന് വളരെ വളരെ മുമ്പുതന്നെ നമുക്കറിയാം. താലിഡൊമൈഡ് എങ്ങനെയാണ് ദൂഷ്യവശങ്ങള്‍ ഉണ്ടാക്കുന്നതെന്ന് 2010-ലോ 2015-ലോ ആണ് കണ്ടെത്തിയത്. അതും താലിഡൊമൈഡ് വിവാദമുണ്ടായി പല പതിറ്റാണ്ടുകള്‍ക്കുശേഷം. വിവാദം എന്ന് പറഞ്ഞാല്‍പോരാ, താലിഡൊമൈഡ് ദുരന്തം. പ്രശ്‌നമെന്താണെന്ന് വ്യക്തമാക്കുന്നതാണ് ആദ്യപടി. അത് കോശ ജീവശാസ്ത്രത്തില്‍ എന്തൊക്കെ മാറ്റം വരുത്തുന്നു എന്നത് അടുത്തപടിയാണ്. ആ പടികയറല്‍ നമുക്ക് കോശങ്ങളെയും താലിഡൊമൈഡ് അതിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ പരാജയപ്പെടുത്തുന്നെന്നുമൊക്കെയുള്ള ധാരണകളെ ആശ്രയിച്ചിരിക്കും.
പുസ്തകത്തിന്റെ മധ്യഭാഗത്ത് ലിംഗനിര്‍ണയത്തിനുള്ള സെല്ലുലാര്‍ സാങ്കേതികവിദ്യ, ഐ.വി.എഫ്., ജീന്‍ എഡിറ്റിങ് തുടങ്ങിയവയെക്കുറിച്ച് പറയുന്നുണ്ടല്ലോ. അവിടെ ചൈനീസ് ജനിതകശാസ്ത്രജ്ഞനായ ഹി ജിയാന്‍കുയിയെക്കുറിച്ച് പരമാര്‍ശമുണ്ട്. മാറ്റംവരുത്തിയ ജനിതക ശ്രേണികള്‍ ഉപയോഗിച്ച് ഭ്രൂണങ്ങളെ നിര്‍മിക്കുകയും അത് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും ചെയ്തു, വിദഗ്ധസമിതിയുടെ മേല്‍നോട്ടമില്ലാതെ. അതിന്റെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് മോചിതനായത്. സമാന പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ട റഷ്യന്‍ ജനിതകശാസ്ത്രജ്ഞനായ ഡെനിസ് റെബ്രികോവിനെക്കുറിച്ചും താങ്കള്‍ എഴുതുന്നുണ്ട്. അത്തരം ഉദാഹരണങ്ങളില്‍നിന്ന് ചില കുത്സിതപ്രവൃത്തികള്‍ തടയേണ്ടതാണെന്ന് മനസ്സിലാക്കാം. പക്ഷേ, ജനിക്കാന്‍ പോകുന്ന ഒരുകുട്ടിക്ക് എന്തെങ്കിലും കാരണത്താല്‍, ഉദാഹരണത്തിന് സ്തനാര്‍ബുദ സാധ്യത തടയാന്‍, ജനിതക പുനഃസംയോജനം സാധ്യമാണെങ്കില്‍ അതിന്റെ പ്രലോഭനം വലുതല്ലേ. അപകടസാധ്യതകള്‍ ഇപ്പോഴും വ്യക്തമല്ലെങ്കിലും ഭൂതം കുപ്പിതുറന്ന് പുറത്തുവന്നുകഴിഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ ഇനിയും കൂടാനല്ലേ സാധ്യത?
ഇത്തരം പരീക്ഷണങ്ങള്‍ മനുഷ്യരാശിക്കുമേല്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. അനുവദനീയമായതും അല്ലാത്തതും തിരിച്ചറിയപ്പെടുംവരെ ഇത്തരം പരീക്ഷണങ്ങള്‍ തടയണമെന്നാണ് എനിക്ക് തോന്നുന്നത്. ഓടിച്ചെന്ന് കയറിയശേഷം എങ്ങനെ, എപ്പോള്‍, എന്ത് എന്ന് അവലോകനം ചെയ്യുകയല്ല വേണ്ടത്. ജെനിറ്റിക് എന്‍ജിനിയറിങ്ങിന്റെ ചരിത്രത്തിലേക്ക് നോക്കിയാല്‍, നിങ്ങള്‍ക്ക് എന്റെ രണ്ടാമത്തെ പുസ്തകമായ 'ദ ജീനി'ല്‍ കാണാം. അസിലോമാര്‍ സമ്മേളനത്തെക്കുറിച്ച് (അസിലോമാര്‍ II, കാലിഫോര്‍ണിയ, 1975) വിശദമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. അതിലാണ് ഡി.ന്‍.എ.യില്‍ ഇടപെടുമ്പോള്‍ എന്തൊക്കെ അനുവദനീയമാണ്, അല്ല എന്ന അടിസ്ഥാന ധാരണയെങ്കിലും ആദ്യമായി രൂപപ്പെട്ടത്. അത് ദാര്‍ശനികമായിരുന്നു. പിന്തിരിഞ്ഞുനോട്ടം അല്ല. കുറേ നടന്നശേഷം തിരിച്ചുവന്ന് ഡി.എന്‍.എ.യെ വീണ്ടും പഠിച്ച് എങ്ങനെ അതിനെ കൈകാര്യം ചെയ്യാം, പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന് ആലോചിക്കുംപോലെ അല്ല. എന്തുചെയ്യാം, എങ്ങനെചെയ്യാം എന്നൊക്കെ ആലോചിക്കേണ്ടത് ഇപ്പോഴാണ്. യാത്ര തുടങ്ങിയാല്‍ വഴിയില്‍ ഇടറിവീഴാന്‍ ഇടവരരുത്. വളരെ ചിട്ടയോടുകൂടിവേണം തയ്യാറെടുപ്പ്. ജൈവശാസ്ത്ര ധാര്‍മികവാദികളില്‍നിന്നും പൊതുവേ ധാര്‍മികവാദികളില്‍നിന്നും അഭിപ്രായം ആരാഞ്ഞുവേണം മുന്നോട്ടുപോകാന്‍. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പൊതുജനത്തെയും കേള്‍ക്കണം. നിസ്സാരമായി കാണുന്നത് വലിയ അബദ്ധമാണ്.
താങ്കള്‍ ഈ പുസ്തകത്തിലൂടെ വ്യത്യസ്തങ്ങളായ ആശയങ്ങളെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇന്ത്യന്‍ ആശയമായ തത്ത്വമസിയെക്കുറിച്ച് പറഞ്ഞശേഷം താങ്കള്‍ പോകുന്നത് നൊബേല്‍ ജേതാവായ കാന്‍സര്‍ ജീവശാസ്ത്രജ്ഞന്‍ ഹാരോള്‍ഡ് വാര്‍മസിലേക്കാണ്. അദ്ദേഹം കാന്‍സറിനെക്കുറിച്ച് പറയുന്നത് 'നമ്മുടെ തന്നെ വികലമായൊരു പതിപ്പ്' എന്നാണ്. പിന്നീട് താങ്കള്‍ വിശദീകരിക്കുന്നത് ശരീരം സ്വയം വിഷമാകുന്ന ഭയാനക അവസ്ഥയെക്കുറിച്ചാണ്. കഷണ്ടിയില്‍നിന്ന് അലോപേഷ്യ വഴി റെയ്നോഡ്സ് രോഗത്തിലേക്കും ചര്‍മാര്‍ബുദത്തിലേക്കും പോകുന്നു. ശരീരം സ്വയം ആക്രമിക്കുന്നത് വല്ലാത്തൊരു സമസ്യയായി തോന്നുന്നു. താങ്കള്‍ എഴുതുന്നു: 'അഗ്‌നി അതിനെത്തന്നെ പോഷിപ്പിക്കുംപോലെ. അഹത്തിലേക്കുള്ള വേലിക്കെട്ടുകള്‍ ഒരിക്കല്‍ തകര്‍ന്നാല്‍ അതിനുള്ളിലെ എല്ലാം ആക്രമിക്കപ്പെടാം.' കോശതലത്തില്‍ എന്താണ് അഹം അഥവാ ആത്മാവ്? അതിന് എന്തെങ്കിലും അര്‍ഥമുണ്ടോ? അതോ വെറും അപസിദ്ധാന്തമോ?
ഒരിക്കലും അപസിദ്ധാന്തമല്ല. അഹം, ആത്മാവ് എന്നത് വളരെ സങ്കീര്‍ണമായ സംഗതിയാണ്. ഒരു ഭൗതിക കര്‍ത്തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അഹത്തെയും പ്രാണനോ ഉപബോധമോ ആകുന്ന അഹത്തെയും വേര്‍തിരിച്ച് കാണണം. ടി-സെല്ലുകള്‍ക്ക് ഉപബോധമോ പ്രാണനോ ഉണ്ടെന്ന് ആരും പറയില്ല. എന്നാല്‍, അതിന് കര്‍ത്തൃത്വമുണ്ട്, ഒരു പരിധിവരെ സ്വയംനിയന്ത്രണ ശേഷിയും. അതിന് ചില ഉത്തരവാദിത്വങ്ങളുമുണ്ട്. ടി-സെല്ലുകളും രോഗപ്രതിരോധ സംവിധാനവും അഹത്തെ അപരത്വത്തില്‍നിന്ന് വേര്‍തിരിക്കുന്നെന്ന് പറയാം. എന്നാല്‍, അതിനപ്പുറം അവയ്ക്ക് സചേതനമായ എന്തെങ്കിലും വ്യവഹാരമുണ്ടെന്ന് പറയാനാകില്ല. ബാഹ്യഹേതുവുമായി ചേര്‍ന്ന് നിര്‍വഹിക്കേണ്ട ധര്‍മങ്ങള്‍ ഉണ്ടുതാനും. ആത്മാവിന്റെ ജീവശാസ്ത്രം അറിയണമെങ്കില്‍ ആ ധര്‍മങ്ങള്‍ മനസ്സിലാക്കണം.
ആഴത്തില്‍ സ്പര്‍ശിക്കുന്ന മറ്റൊരാശയം കോശ സംസ്‌കൃതിയാണ്. കോവിഡിനെ വാമനനോടും മനുഷ്യരാശിയെ മഹാബലിയോടും താങ്കള്‍ ഉപമിക്കുന്നുണ്ടല്ലോ. സൂക്ഷ്മജീവിയായ ഒരു വൈറസ് ലോകത്തെ മുഴുവന്‍ വിഴുങ്ങും വിധം വളര്‍ന്ന് വലുതാകുന്നു. ആ ഭാഗം വായിച്ചപ്പോഴാണ് ആശയം വ്യക്തമാക്കാനായി എഴുത്തിലേക്ക് രൂപകങ്ങള്‍ സന്നിവേശിപ്പിക്കുന്ന താങ്കളുടെ ശൈലി ഞാന്‍ ശ്രദ്ധിച്ചത്. അടിക്കുറിപ്പില്‍ ഒരിടത്ത് താങ്കള്‍തന്നെ വ്യക്തമാക്കുന്നുണ്ട് 'രോഗപ്രതിരോധശാസ്ത്രത്തിലെ സങ്കീര്‍ണപ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ വളരെയധികം ശ്രമം നടത്തിയിട്ടുണ്ട്' എന്ന്. എവിടെനിന്നാണ് രൂപകങ്ങളും ബിംബങ്ങളും ഉപയോഗിക്കാനുള്ള പ്രേരണ ലഭിക്കുന്നത്?
എന്റെ എഴുത്തിലെ രൂപകങ്ങളെക്കുറിച്ച് ആളുകള്‍ പലപ്പോഴും പറയാറുണ്ട്. എന്നാല്‍, ഞാനതിനെ രൂപകങ്ങളായി കാണാറില്ല. ഞാന്‍ അവയെ കഥകളായാണ് കാണുന്നത്. ലഘുവായ കഥകള്‍. എന്റെ പുസ്തകങ്ങള്‍ക്കെല്ലാം ഒരു പ്രത്യേകഘടനയാണ്. പരസ്പര ബന്ധിതമായ കഥകളുടെ പരമ്പര അതിലുണ്ടാകും. വളരെ ആലങ്കാരിക ഭാഷയില്‍ എഴുതുന്ന ഒരെഴുത്തുകാരനായി ഞാന്‍ സ്വയം കരുതുന്നില്ല. ഞാനൊരു കഥപറച്ചിലുകാരനാണ്. ആ കഥകളെ നിങ്ങള്‍ രൂപകങ്ങള്‍ എന്ന് വിളിക്കുന്നുണ്ടെങ്കില്‍ അത് അങ്ങനെത്തന്നെയാവട്ടെ. ആ ചെറിയ കഥകള്‍ സംയോജിപ്പിക്കുമ്പോള്‍ വലിയൊരു കഥ ചുരുളഴിയുന്നു. കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ഒരുപാട് കഥകള്‍ കേട്ടിരുന്നു. ഇന്ത്യയുടെ അനേകം സവിശേഷതകളിലൊന്ന്, ഇന്ത്യ കഥകളുടെ നാടാണെന്നതാണ്. തുടര്‍ച്ചയായ കഥാകഥനങ്ങള്‍ ഉണ്ടാകുന്നു. അതാണ് ഇങ്ങനെയൊരു എഴുത്തിന് - ആളുകള്‍ രൂപകങ്ങള്‍ എന്നുവിളിക്കുന്ന എഴുത്തിന് പ്രേരണ.
അജ്ഞാതമായ രണ്ട് ധ്രുവങ്ങള്‍ക്കിടയിലാണ് മനുഷ്യരാശിയുടെ ജ്ഞാനമെന്ന തോന്നലാണ് താങ്കളുടെ മൂന്ന് പുസ്തകങ്ങളില്‍നിന്ന് എനിക്ക് ലഭിച്ചത്. ഏറ്റവും സ്ഥൂലമായ ചോദ്യം എന്താണ് ജീവന്‍ എന്നതാണ്. അത് താങ്കള്‍ എഴുതുംപോലെ അതീന്ദ്രിയമായ സമസ്യയായി തുടരുന്നു. ഏറ്റവും സൂക്ഷ്മതലത്തിലേക്കുവന്നാല്‍ അറിയപ്പെടാത്ത കാരണങ്ങളില്‍ കോശങ്ങളുടെ ജനിതക വ്യതിയാനം കുരുങ്ങിക്കിടക്കുന്നു. താങ്കളുടെ രചനകളില്‍നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് സൂക്ഷ്മതലത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായാലും എന്താണ് ജീവന്‍ എന്ന ആത്യന്തികമായ ചോദ്യം അപ്രാപ്യമായിത്തന്നെ തുടരുമെന്നാണ്. അതിന് ഉത്തരമുണ്ടാകുമോ?
എന്താണ് ജീവന്‍ എന്ന ചോദ്യം ഉത്തരം കണ്ടെത്താനാവാത്തതാണ് എന്ന് ഞാന്‍ കരുതുന്നില്ല. അതിന് ഒരേയൊരു ഉത്തരം മാത്രമാണുള്ളതെന്നും തോന്നുന്നില്ല. ജീവനെ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പലതാണ്. ആ ബഹുസാധ്യതകള്‍ തിരിച്ചറിയുക എന്നത് മാത്രമാണ് ഉത്തരത്തിലേക്കുള്ള വഴി എന്നെനിക്ക് തോന്നുന്നു. നിങ്ങള്‍ക്ക് കോശങ്ങളുടെ ഒരു കൂട്ടത്തിലേക്കോ അല്ലെങ്കില്‍ മറ്റെന്തിലേക്കെങ്കിലും നോക്കിയിട്ട് അതിന് ജീവനുണ്ടെന്നോ ഇല്ലെന്നോ വിലയിരുത്താം. അതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. പക്ഷേ, അത് ഏതെങ്കിലും ഒരാശയത്തിലോ നിബന്ധനയിലോമാത്രം ഊന്നിയുള്ളതല്ല. പല മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ മാത്രമേ ജീവനുണ്ടെന്ന് പറയാനാകൂ.
ഏതാണ്ടൊരു പതിറ്റാണ്ടായി സാധാരണ വായനക്കാര്‍ക്കുവേണ്ടി താങ്കള്‍ എഴുതുന്നു. ഈ വിഷയങ്ങള്‍ പലര്‍ക്കും ദുര്‍ഗ്രഹവും അതേസമയം അവനവന്റെ ആത്മസത്തയോടും സൗഖ്യത്തോടും അങ്ങേയറ്റം ചേര്‍ന്നുനില്‍ക്കുന്നതുമാണ്. സാമാന്യജനങ്ങളോട് നിരന്തരം ആശയവിനിമയം നടത്താനുള്ള താങ്കളുടെ താത്പര്യത്തെ നിലനിര്‍ത്തുന്ന ഘടകം എന്താണ്?
ആശയങ്ങള്‍ക്ക് വിശദീകരണം വേണമെന്ന് തോന്നുന്നതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്. അവയ്ക്ക് ജീവശ്വാസം വേണം. ഇന്നത്തെ പ്രത്യേകമായ പൊതു സാമാന്യ സംസ്‌കാരത്തില്‍ ആശയങ്ങള്‍ ഒഴിവാക്കപ്പെട്ടേക്കാം. ഞാന്‍ അവയെ പൊതുബോധത്തിലേക്ക് പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അവ എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനിതകങ്ങളെയും ജനിതക ഘടനയെയും കുറിച്ച് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, രോഗങ്ങളെ മനസ്സിലാക്കിയതുകൊണ്ട് എന്തുകാര്യം? സ്‌കീസോഫ്രീനിയയുടെ കാര്യമെടുക്കാം. ഈ അസുഖത്തെക്കുറിച്ച് ഒട്ടേറെ ദുര്‍വിചാരങ്ങളുണ്ട്. ഇവിടെ കോശങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. കാരണം പുതിയതരം സെല്ലുലാര്‍ തെറാപ്പി നമ്മള്‍ വികസിപ്പിക്കുന്നു. ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും ഐ.വി.എഫിന് വിധേയരാകുന്നു. അത് സെല്ലുലാര്‍ തെറാപ്പിയില്‍നിന്ന് ഉണ്ടായതാണെന്ന് ഒരുനിമിഷമെങ്കിലും ചിന്തിക്കണം. അതുകൊണ്ട് എഴുതാനുള്ള എന്റെ ത്വരയത്രയും ആളുകളെ എന്റെ ലോകത്തേക്ക് അടുപ്പിക്കാനാണ്. നിങ്ങള്‍ക്ക് ഇതിനെ സ്വാര്‍ഥതയെന്നു വിളിക്കാം. പക്ഷേ, ഞാന്‍ എന്റെ ലോകം മാസ്മരികമാണെന്ന് വിശ്വസിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ച് എഴുതാന്‍ ജ്യോതിശ്ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നതും ഇതേ ചിന്ത തന്നെയാകാം. ആരാണ് ആല്‍ഫാ സെഞ്ചുറിയെക്കുറിച്ച് അറിയാന്‍ താത്പര്യപ്പെടുന്നത്? നാമൊരിക്കലും ചെന്നെത്താന്‍ സാധ്യതയില്ലാത്ത ഒരു നക്ഷത്രസമൂഹത്തെക്കുറിച്ച് ആര്‍ക്കാണ് അറിയേണ്ടത് എന്നൊക്കെ വേണമെങ്കില്‍ ചോദിക്കാം. പക്ഷേ, ആ ലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകുന്നതില്‍ ഒരു അനുഭൂതിയുണ്ടാകും. ആശയവിനിമയത്തില്‍ അത് പ്രധാനമാണ്.
കോവിഡിന്റെ സമയത്ത് താങ്കള്‍ എഴുതുന്നതും ട്വീറ്റുചെയ്യുന്നതും ആളുകളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും കണ്ടു. ഏതോ മയക്കത്തില്‍നിന്ന് മനുഷ്യരെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ എന്നപോലെ. ഡോക്ടര്‍, വൈദ്യശാസ്ത്ര ചിന്തകന്‍ എന്നീ നിലകളില്‍ കോവിഡ് അനുഭവങ്ങള്‍ താങ്കളെ എന്താണ് പഠിപ്പിച്ചത്?
തിരിച്ചറിവുകളില്‍ പലതും വൈദ്യശാസ്ത്രത്തിന് അപ്പുറമാണ്. എന്നാല്‍, വൈദ്യശാസ്ത്രത്തില്‍ പ്രസക്തവുമാണ്. വൈദ്യം എന്നുപറയുമ്പോള്‍ കറുത്ത ബാഗുംതൂക്കി വരുന്ന ഡോക്ടറാണ് പലരുടെയും മനസ്സില്‍ ആദ്യംതെളിയുക. പക്ഷേ, വൈദ്യം പ്രാവര്‍ത്തികമാക്കാന്‍ വലിയൊരു സംവിധാനംതന്നെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുപിന്നില്‍ വിതരണശൃംഖലയുടെ പ്രശ്‌നങ്ങളുണ്ട്, മുഖാവരണങ്ങള്‍ സൂക്ഷിക്കുന്ന മുറി ആര് പരിപാലിക്കുമെന്ന പ്രശ്‌നമുണ്ട്. രാജ്യത്തിന്റെ ഒരുഭാഗത്ത് ലഭ്യമാകുന്ന ആരോഗ്യസംവിധാനങ്ങള്‍ മറുഭാഗത്ത് കിട്ടുമെന്ന് ഉറപ്പാക്കുന്നത് ആരാണ്? ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ഞെട്ടിക്കുന്ന ഒരു സംഭവമായിരുന്നു കോവിഡ് മൂര്‍ധന്യത്തിലെ ഓക്‌സിജന്‍ ദൗര്‍ലഭ്യം. രാജ്യത്തിന് ആവശ്യമായ ഓക്‌സിജന്‍ ഉണ്ടായിരുന്നു. എന്നാല്‍, അത് ആവശ്യമില്ലാത്ത സ്ഥലത്തായിരുന്നു ഉള്ളത്. ആവശ്യമുള്ളിടത്തേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. കുറെ ആചരണങ്ങളുടെ ആകെത്തുകയാണ് വൈദ്യമെന്ന സങ്കല്പമാണ് ഇവിടെ മയക്കം കൊണ്ടുദ്ദേശിക്കുന്നത്. അതില്‍നിന്ന് ജനങ്ങളും രോഗികളും ഡോക്ടര്‍മാരുമൊക്കെ ഒരുപോലെ ഉണരേണ്ടതുണ്ട്. അതിനപ്പുറവും ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങള്‍ക്കറിയാമോ, വൈദ്യത്തില്‍ അപവാദത്തിന്റെ ചേരുവകളുണ്ട്. ഡോക്ടര്‍മാര്‍ എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നത് പ്രധാനമാണ്, ഉദാഹരണത്തിന് ട്വിറ്ററിലൂടെയും മറ്റും. ഈ ചേരുവകളെക്കുറിച്ചൊന്നും മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ വൈദ്യം എന്തിനെന്നോ എങ്ങനെയെന്നോ നിങ്ങളറിയാന്‍ പോകുന്നില്ല. നിങ്ങള്‍ വീണ്ടും കറുത്ത ബാഗുതൂക്കിയ ഡോക്ടറായിമാത്രമാണ് സങ്കല്പിക്കാന്‍ പോകുന്നതെങ്കില്‍ അത് ഭീകരമായ പിഴവായിരിക്കും.
ഇന്ത്യന്‍ സ്‌കൂളുകളില്‍ ശാസ്ത്രം പഠിപ്പിക്കുന്നത് മടുപ്പിക്കുന്നതും വ്യര്‍ഥവുമായ മനഃപാഠമാക്കല്‍ രീതിയിലാണ്. പലപ്പോഴും വിശാലചിത്രം നഷ്ടപ്പെടുന്നു. സ്‌കൂള്‍മുതല്‍ സര്‍വകലാശാലവരെ ശാസ്ത്ര വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് അധ്യാപകന്‍ എന്ന നിലയ്ക്ക് താങ്കള്‍ ആലോചിച്ചിട്ടുണ്ടോ?
ഇന്ത്യയില്‍ പൊതുവേ ഒരു ധാരണയുണ്ട്, ശാസ്ത്രം എന്നത് ഒരു പാഠപുസ്തകമോ അല്ലെങ്കില്‍ പരീക്ഷയ്ക്ക് ഉത്തരമെഴുതേണ്ട ചോദ്യപരമ്പരയോ ആണെന്ന്. ഈ ധാരണയാണ് ആദ്യം മാറ്റിയെടുക്കേണ്ടത്. ശാസ്ത്രത്തിനും ശാസ്ത്രജ്ഞര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ യു.എസില്‍ ആദ്യമായെത്തിയപ്പോഴാണ് ആ അറിവുകളെല്ലാം വെറും തുടക്കംമാത്രമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. നിങ്ങള്‍ക്ക് അടിസ്ഥാനപരമായ അറിവുകള്‍ വേണമെന്ന് തീര്‍ച്ച. എന്നാല്‍, അത് യഥാര്‍ഥ അറിവിലേക്ക്, അന്വേഷണാത്മകമായ അറിവിലേക്കുള്ള സൂചകങ്ങള്‍ മാത്രമാണ്. ഒരു പുസ്തകം വായിക്കുന്നത്, ജീവശാസ്ത്രം പഠിക്കുന്നത്, ശരീരത്തില്‍ അവയവങ്ങളുടെ സ്ഥാനം മനസ്സിലാക്കുന്നത്, ഇന്‍സുലിന്‍ കണ്ടെത്തിയതാരെന്ന് ഓര്‍ത്തുവെക്കുന്നത്... എല്ലാം അടിസ്ഥാനം മാത്രമാണ്. ശാസ്ത്രത്തിന്റെ യഥാര്‍ഥ മനോഹാരിത അടിസ്ഥാനത്തിലല്ല. അത് ശാസ്ത്രത്തിന്റെ സൃഷ്ടിപരതയിലാണ്. ഏതൊരു വിഷയമായാലും അത് അങ്ങനെത്തന്നെ. അതുവരെ ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യം ചോദിക്കുന്നതിലും എന്തുകൊണ്ട് അതുവരെ ആ ചോദ്യം ഉന്നയിക്കപ്പെട്ടില്ലെന്ന് ആശ്ചര്യപ്പെടുന്നതിലും എന്തായിരിക്കും ഉത്തരമെന്ന് അദ്ഭുതംകൂറുന്നതിലുമാണ് രസം. അപ്പോഴാണ് ജീവിതം രസകരമാവുക. ശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കാന്‍ തീര്‍ത്തും പുതിയൊരു മാര്‍ഗം നിങ്ങളപ്പോള്‍ കണ്ടെത്തും.
ഞാന്‍ താങ്കളുടെ രചനകളെ മനുഷ്യന്റെ ഭൗതികമായ നിലനില്‍പ്പിനെക്കുറിച്ചുള്ള, പരസ്പരപൂരിതമായ ത്രയമായാണ് കാണുന്നത്. ഒരു സാധാരണ ഇന്ത്യക്കാരന്‍ സൃഷ്ടി, സ്ഥിതി, സംഹാരം എന്ന് ധരിക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ച് ശാസ്ത്രാന്വേഷണത്തിന്റെ മറ്റൊരറ്റത്തുനിന്ന് താങ്കള്‍ വിശദീകരിക്കുന്നു. 'ദ ജീന്‍' സൃഷ്ടിയെക്കുറിച്ചും 'എംപറര്‍ ഒഫ് ഓള്‍ മാലഡീസ്' സംഹാരത്തെക്കുറിച്ചും ഇപ്പോള്‍, 'ദ സോങ് ഓഫ് ദ സെല്‍' സ്ഥിതിയെക്കുറിച്ചും. താങ്കള്‍ ഈ മൂന്ന് പുസ്തകങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്? അവ പരസ്പരം സംഭാഷണത്തിലേര്‍പ്പെടുന്നുണ്ടോ? അതോ ഒറ്റയ്ക്ക് നില്‍ക്കുന്നവയാണോ?
നിങ്ങളങ്ങനെ ചിന്തിച്ചതില്‍ സന്തോഷം. ജീനില്‍നിന്ന് തുടങ്ങി സെല്ലിനുശേഷം കാന്‍സറിനെക്കുറിച്ചുള്ള പുസ്തകം വായിക്കുക എന്നതുതന്നെയാണ് ശരിയായ രീതിയെന്ന് ഞാന്‍ കരുതുന്നു. വിവരത്തിന്റെ അടിസ്ഥാനഘടകം ജനിതകമാണ്. ആ അറിവിന്റെ ഉത്തേജിക്കലും അസ്തിത്വനിര്‍മാണവും സംഭവിക്കുന്നത് കോശത്തിലൂടെ. കോശത്തിന്റെ നിഷ്‌ക്രിയത്വമാണ് അര്‍ബുദം. പ്രസിദ്ധീകരിച്ചതിന്റെ ക്രമത്തില്‍ വായിക്കുന്നതുകൊണ്ടും കുഴപ്പമില്ല. അത് ചിലപ്പോള്‍ മറ്റൊരു കാഴ്ചപ്പാട് നല്‍കും. അത് കോശ നിഷ്‌ക്രിയത്വത്തെക്കുറിച്ച് പറയും. പിന്നീട് ആഴത്തിലേക്ക് ആഴത്തിലേക്ക് കൊണ്ടുപോകും. സ്ഥൂലമോ സൂക്ഷ്മമോ ആയ അനുഭവം വായനയില്‍നിന്ന് ലഭിക്കുമെന്ന് ചുരുക്കം. കാന്‍സറില്‍നിന്ന് കോശത്തിലേക്കും കോശത്തില്‍നിന്ന് ജനിതകത്തിലേക്കുമാണെങ്കില്‍ സൂക്ഷ്മം. തിരിച്ചാണെങ്കില്‍ സ്ഥൂലം. പലരീതിയിലും ഈ പുസ്തകങ്ങളിലേക്ക് പ്രവേശിക്കാമെങ്കിലും വ്യക്തിപരമായി എനിക്ക് താങ്കള്‍ മുന്നോട്ടുവെച്ച രീതിയാണ് ഇഷ്ടം. എങ്ങനെയായാലും ജൈവശാസ്ത്ര പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കാനുള്ള മൂന്ന് അടിസ്ഥാനമാര്‍ഗങ്ങളാണ് നിങ്ങള്‍ക്കുമുന്നില്‍ തുറക്കുക.
താങ്കളുടെ പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന സംഗതിയെന്തെന്നാല്‍ അവയില്‍ മനോഹരമായ കുറെ വാക്യങ്ങളുണ്ട്. കാവ്യാത്മകമായ, ഓര്‍മയില്‍ സൂക്ഷിക്കാവുന്ന പ്രയോഗങ്ങള്‍. ശാസ്ത്രം പ്രധാനപ്പെട്ടതെന്നപോലെ എഴുത്ത് മനോഹരമാക്കാനും താങ്കള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു. മാത്രമല്ല, അവയില്‍ മറ്റ് എഴുത്തുകാരെ- റുഷ്ദി മുതല്‍ വാലസ് സ്റ്റീവെന്‍സ് വരെ പലരെയും- ഉദ്ധരിച്ചിട്ടുള്ളതും കാണാം. സാഹിത്യലോകത്തേക്ക് 'മടങ്ങി'യാല്‍ ആരെയൊക്കെയാണ് വായിക്കാറുള്ളത്? സ്വന്തം എഴുത്തിനെ സ്വാധീനിച്ചിട്ടുള്ളത് ആരാണ്?
എനിക്കങ്ങനെ വേര്‍തിരിവുകളില്ല; ഞാന്‍ ഒരു സാമാന്യ വായനക്കാരന്‍മാത്രം. ഇഷ്ടപ്പെടുന്ന, താത്പര്യമുണര്‍ത്തുന്ന ഗംഭീരമെന്ന് തോന്നുന്ന പുസ്തകങ്ങള്‍ വായിക്കും. ഒരു പുസ്തകം വായിച്ചുതുടങ്ങിയാലും അതെന്റെ രുചിക്ക് പറ്റില്ലെന്നുതോന്നുന്ന നിമിഷം അവസാനിപ്പിക്കും. അതൊരുതരത്തില്‍ വായനയില്‍ വിശാലത തരുന്നുണ്ട്. കവിതകള്‍ എനിക്ക് വലിയ ഇഷ്ടമാണ്; ഞാനത് ഒരുപാട് വായിക്കാറുണ്ട്. ആളുകള്‍ ചോദിക്കും ഈ ഉദ്ധരണികളൊക്കെ നിങ്ങള്‍ വീണ്ടും തിരഞ്ഞ് കണ്ടെത്തുന്നതാണോ എന്ന്. ഒരിക്കലുമല്ല. ഞാനൊരു അധ്യായമെഴുതാനിരിക്കുമ്പോള്‍ സ്വാഭാവികമായി അവ കടന്നുവരുന്നതാണ്. റോബര്‍ട്ട് ബേണ്‍സിന്റെ വരികളുണ്ട്, 'ഒരു ശരീരം ഒരു ശരീരത്തെ കണ്ടുമുട്ടുമ്പോള്‍' (കമിങ് ത്രൂ ദ റേ, 1782) എന്ന്. അതില്‍നിന്നാണ് ജെ.ഡി. സാലിഞ്ചറിന്റെ 'ക്യാച്ചര്‍ ഇന്‍ ദ റേ' എന്ന പുസ്തകം വരുന്നത്. നമ്മള്‍ ആന്റിബോഡിയെക്കുറിച്ച് എഴുതുമ്പോള്‍ തീര്‍ച്ചയായും ആ വരി നമ്മുടെ മനസ്സിലേക്കുവരും, ഒരു ശരീരം ഒരു ശരീരത്തെ കണ്ടുമുട്ടുമ്പോള്‍. അതിന് കാരണം ഞാന്‍ ചെറുപ്പത്തില്‍ത്തന്നെ സാലിഞ്ചറെ വായിച്ചിട്ടുണ്ട്; ശരീരം ശരീരത്തെ കണ്ടുമുട്ടുമ്പോള്‍ എന്ന ആശയത്തോട് അഭിനിവേശം തോന്നിയിട്ടുണ്ട്. എന്തിനെക്കുറിച്ചായാലും എല്ലാത്തിനെക്കുറിച്ചായാലും കഴിയുന്നത്ര വിപുലമായി ചിന്തിക്കാനാണ് ഞാന്‍ ശ്രമിക്കാറ്.
നമുക്ക് ശാസ്ത്രജ്ഞര്‍ പരിചിതരാണ്. നമുക്ക് ചിന്തകര്‍ പരിചിതരാണ്. മഹാനായ ചിന്തകന്‍ ആത്യന്തികമായി ആത്മാന്വേഷിയാണ്, മഹാനായ ശാസ്ത്രജ്ഞന്‍ ഒരുതരത്തില്‍ അപസര്‍പ്പകനാണ് എന്ന് ഞാന്‍ എഴുതിയിട്ടുണ്ട്. ഈ നിര്‍വചനങ്ങള്‍ ചിലപ്പോള്‍ തെറ്റായിരിക്കാം. പക്ഷേ, നിരന്തരം അജ്ഞാതമായ സംഗതികളോട് ഇടപഴകുന്ന, ഒട്ടേറെ മനുഷ്യര്‍ വേദനതിന്ന് മരിക്കുന്നതിന് സാക്ഷിയായിട്ടുള്ള ഒരാളെന്ന നിലയ്ക്ക് ആത്മീയമായതെന്ന് സാധാരണ പറയുന്ന ചോദ്യങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു? അവയെ നിരാകരിക്കുന്നുണ്ടോ?
ആത്മീയമായ ചോദ്യങ്ങളെ ഓരോ ആളുകള്‍ക്കും ഓരോ തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയും. എന്നെ സംബന്ധിച്ച് അടിസ്ഥാനശാസ്ത്ര പ്രവര്‍ത്തനത്തില്‍ അതിന്റെ ചില ഘടകങ്ങളുണ്ട്. ആത്മീയം എന്ന് പറയുന്നില്ല, പക്ഷേ, പുതിയൊരു ആശയപ്രകാശനത്തിന്റെ ഘടകങ്ങള്‍. ആത്മീയം എന്നത് എനിക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കാത്ത വാക്കാണ്. എനിക്കത് മനസ്സിലാകുമെന്ന് അവകാശപ്പെടുന്നുമില്ല. നിങ്ങളുടെ ദിവസങ്ങളെ, കാര്യമാത്രപ്രസക്തമായ ശ്രദ്ധയെ അതിജീവിക്കുന്ന തരത്തില്‍ ചിന്തയെ ഉത്തേജിപ്പിക്കാനുള്ള ഗുണമേന്മ എന്റെ പുസ്തകങ്ങളില്‍ നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്, പ്രത്യേകിച്ച് വൈദ്യശാസ്ത്രത്തിന് നിങ്ങളെ കൊണ്ടുവരാന്‍ കഴിയുന്ന അറിവിന്റെ ആഴങ്ങളിലേക്ക് അത് സഹായകമാകും. നമ്മള്‍ എങ്ങനെ ജീവിക്കുന്നു, ജീവിച്ചിരിക്കെ എന്തു ചെയ്യുന്നു, മരണത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതുമായി ബന്ധപ്പെട്ട ശാസ്ത്രത്തെയാണ് നിങ്ങള്‍ നേരിടുന്നത്.
വിദേശ സര്‍വകലാശാലകളിലെ ദീര്‍ഘമായ ഏകാന്തവാസത്തിനുശേഷം വീട്ടിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് പറയുന്ന ഒരു വരി വല്ലാതെ ആകര്‍ഷിച്ചു. വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത് അച്ഛന്റെ സ്‌നേഹമാണ്, ശാന്തവും ഗഹനവുമായ സ്‌നേഹം. അമ്മയുടെ ആശ്വാസപ്രദമായ സാമീപ്യവും. ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ചും താങ്കള്‍ ഇങ്ങനെ എഴുതുന്നുണ്ട്: 'കസ്റ്റംസിലെ ഉദ്യോഗസ്ഥന്‍ എന്നോട് ചെറിയൊരു കൈക്കൂലി ചോദിച്ചു. അപ്പോഴെനിക്ക് അയാളെ കെട്ടിപ്പിടിക്കണമെന്ന് തോന്നി, ഞാനിതാ എന്റെ നാട്ടില്‍ എത്തിയിരിക്കുന്നു.' അതു വായിച്ചപ്പോള്‍ ഞാന്‍ ചിരിച്ചു. താങ്കള്‍ തീര്‍ച്ചയായും ഇന്ത്യയെ വളരെ അടുത്തറിയുന്ന ആളാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടില്‍ ശരിയിലേക്കും തെറ്റിലേക്കും ഇന്ത്യ പരിണമിക്കുന്നത് താങ്കള്‍ കണ്ടിട്ടുണ്ടാകും. ഇവിടെ താമസിക്കുകയും ലോകം മുഴുവന്‍ സഞ്ചരിക്കുകയും ചെയ്യുന്ന ആളെന്ന നിലയ്ക്ക് ഇന്ത്യ താങ്കള്‍ക്ക് എന്താണ്? അതോ മനുഷ്യശരീരത്തെപ്പോലെ അങ്ങേയറ്റം സാര്‍വത്രികമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്ക് രാജ്യാതിര്‍ത്തികള്‍ പ്രസക്തമല്ലെന്നാണോ?
വലിയൊരളവുവരെ അതിര്‍ത്തികള്‍ എന്നെ ബാധിക്കുന്നില്ല. ഞാനെപ്പോഴും ഒന്നിലധികം ജീവിതം ജീവിക്കുന്നു. കാലദേശങ്ങളില്‍ പലരീതിയില്‍ പലയിടങ്ങളില്‍നിന്ന് മനോസഞ്ചാരം നടത്തുന്നു. അതിര്‍ത്തികള്‍ പ്രസക്തമല്ലാത്തതുകൊണ്ട് എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയിട്ടില്ല. ഇന്ത്യയില്‍ ഞാന്‍ ചില ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്നുണ്ട്. ഇന്ന് അതിരാവിലെ ഉണരാനുള്ള ഒരു കാരണം ആ പരീക്ഷണങ്ങളോടുള്ള എന്റെ താത്പര്യമാണ്. അതിരാവിലെ ഫിസിഷ്യരുടെയും ശാസ്ത്രജ്ഞരുടെയും മികച്ചൊരു സംഘവുമായാണ് ഞാന്‍ ഇടപെടുന്നത്. അതില്‍ കൊടുക്കുന്ന ശ്രദ്ധയും ചര്‍ച്ചകളുടെയും ആലോചനകളുടെയും ഗുണമേന്മയും എവിടെയാണെങ്കിലും കുറയുന്നില്ല. പക്ഷേ, ചിലകാര്യങ്ങളില്‍ ദേശവ്യത്യാസങ്ങള്‍ എനിക്ക് അനുഭവപ്പെടാറുണ്ട്. അവ എങ്ങനെ മനസ്സിലാക്കണം എന്ന് എനിക്കറിയില്ല. ട്രയല്‍ നടക്കുന്നത് ബെംഗളൂരുവിലാണ്. ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലെത്താന്‍ മൂന്നുമണിക്കൂര്‍ വേണം. അവിടെ വിമാനത്താവളത്തില്‍നിന്ന് ആശുപത്രിയിലേക്ക് വീണ്ടും മൂന്നുമണിക്കൂര്‍. മാല്യന്യക്കൂമ്പാരങ്ങള്‍ നിറഞ്ഞ വഴികള്‍ താണ്ടിവേണം ലക്ഷ്യത്തിലെത്താന്‍. പെട്ടെന്ന് ആ സ്ഥലത്തെ എനിക്ക് എതിരിടേണ്ടതായി വരുന്നു. കാരണം ഈ ഗ്രഹത്തില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും വൃത്തിയുള്ള ഇടത്താണ് ഞങ്ങള്‍ ടി-സെല്ലുകള്‍ സംസ്‌കരിക്കുന്നത്. ഒരൊറ്റ രോഗാണുവിനെപ്പോലും അതിനകത്തു കടക്കാന്‍ അനുവദിക്കില്ല. പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങള്‍ ധരിക്കണം. എല്ലാ പ്രതലങ്ങളും രോഗാണുമുക്തവും കണ്ണാടിപോലെ തിളങ്ങുന്നതുമായിരിക്കും. നേരെ വിരുദ്ധമായ കാഴ്ച റോഡില്‍ കാണുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ക്രമേണ പൊരുത്തപ്പെട്ടു. ശാസ്ത്രം, സാങ്കേതികത, വൈദ്യപരിചരണം എന്നിവയോടുള്ള അടിസ്ഥാനസമീപനത്തില്‍ എനിക്ക് ദേശവ്യത്യാസങ്ങളില്ല.
താങ്കള്‍ പ്രൊഫസറാണ്, ഡോക്ടറാണ്, അച്ഛനാണ്, ഭര്‍ത്താവാണ്, ലേഖകനാണ്, ഗ്രന്ഥകാരനാണ്, ഗായകന്‍കൂടിയാണ്. എങ്ങനെയാണ് താങ്കള്‍ സമയത്തെ കൈകാര്യം ചെയ്യുന്നത്? ഇത്രയധികം കാര്യങ്ങള്‍ ചെയ്യാനും ഇത്രയധികം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുമുണ്ട്. അതിനിടയില്‍ എഴുത്തും.
ഏറ്റവും മോശമായി സമയം കൈകാര്യം ചെയ്യുന്ന ആളാണ് ഞാന്‍. ഓരോ കാര്യത്തെയും വേര്‍തിരിച്ച് കാണാറില്ല. വരുന്ന മുറയ്ക്ക് ചെയ്യുക എന്നതാണ് രീതി. ഈ നിമിഷത്തിന്റെ ആവശ്യം എന്ത് എന്നുനോക്കി ജീവിതം നയിക്കുന്ന ആളാണ് ഞാന്‍. അസംഗതമായ കാര്യങ്ങളില്‍ കുരുങ്ങിപ്പോകാതെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അങ്ങനെയുള്ളവയെ ഒഴിവാക്കാന്‍ ശ്രമിക്കും. ഭാഗ്യംകൊണ്ടോ നിര്‍ഭാഗ്യംകൊണ്ടോ തൊഴിലും ജീവിതവും സന്തുലിതമല്ല. കലാകാരിയായ ഭാര്യയുടെ കാര്യവും അങ്ങനെത്തന്നെ. ഞങ്ങള്‍ ജിവിക്കാന്‍വേണ്ടി ജോലിചെയ്യുന്നു. അതിനപ്പുറം ഒരുത്തരം പറയാന്‍ എനിക്കില്ല.
(അവസാനിച്ചു)
Content Highlights: siddhartha mukherjee indian american physician,biologist, and author interview,keerthik sasidharan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..