ശരൺകുമാർ ലിംബാളെ
ആഞ്ഞുകൊത്തിയ അനുഭവങ്ങളുടെ അക്ഷരരൂപമാണ് മറാഠി സാഹിത്യകാരന് ശരണ്‍കുമാര്‍ ലിംബാളെയുടെ രചനകള്‍. ആത്മാംശമുള്ള 'അക്കര്‍മാശി'യിലും 'ബഹിഷ്കൃതരി'ലും 'അവര്ണനി'ലും 'ബഹുജന'ത്തിലുമൊക്കെ അത് പ്രതിഫലിക്കുന്നു. ദളിതരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പക്ഷംചേരുമ്പോഴും ആശയസമന്വയത്തിന്റെ വാതായനങ്ങളാണ് അദ്ദേഹം തുറന്നിടുന്നത്
പ്രാദേശികത, ജാതി, മതം, ലിംഗം, വര്‍ഗം, വര്‍ണം, സംസ്കാരം എന്നിവയുടെപേരില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കുകയല്ല എഴുത്തുകാരന് ചെയ്യേണ്ടത്. ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും പരസ്പരപൂരകത്വമാണ് നമുക്കുവേണ്ടത്. പരസ്പരബഹുമാനത്തിന്റെ അന്തരീക്ഷമാണ് പുതിയ ലോകക്രമം നമ്മളില്‍നിന്ന് ആവശ്യപ്പെടുന്നത്. ദളിത് സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായിമാറിയ 44 പുസ്തകങ്ങളുടെ രചയിതാവ് മനസ്സുതുറന്നു.
ദളിത്ആദിവാസി സമൂഹത്തില്‍നിന്നും രാജ്യത്ത് പരമോന്നത പദവിയിലെത്തിവരുണ്ട്. എന്നിട്ടും ദളിതരോട് പീഡനങ്ങള്‍ അവസാനിക്കുന്നില്ല...
ഈ പീഡനം രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളുടെ കാലംമുതലുള്ളതാണ്. സാധാരണ പൗരന്റെമുതല് പ്രധാനമന്ത്രിയുടെവരെ ജാതി നാം ശ്രദ്ധിക്കുന്നു. സമൂഹമനസ്സും വ്യക്തിമനസ്സുകളും വിശാലത കൈവരിക്കും കാലംവരെ ഇത്തരം പീഡനവാര്‍ത്തകള്‍ കേള്‍ക്കും. അനുഭവിക്കുന്നവനേ അതിന്റെ വ്യഥ അറിയൂ. ഞാന്‍ അനുഭവിച്ചതാണ്. അമ്മ കഷ്ടപ്പെട്ട് എന്നെ സ്കൂളിലയച്ചു. വാതിലിനരികില്‍ മറ്റു കുട്ടികളുടെ ചെരിപ്പിടുന്നതിനടുത്തിരുന്നാണ് ഞാന്‍ പഠിച്ചത്. സഹപാഠികള്‍ എന്നെ അവര്‍ണനെന്നും അച്ഛനില്ലാത്തവനെന്നും അധിക്ഷേപിച്ചു. ഓരോ ദിവസവും മനസ്സിനു മുറിവേറ്റാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിയിരുന്നത്.
ഹിന്ദുത്വം തീവ്രസ്വഭാവം കൈവരിക്കരുതേ, അതിന്റെ വിശാലത ഒരിക്കലും കൈവെടിയരുതേ... എന്ന് ഞാന്‍ ആവശ്യപ്പെടുന്നത് എന്റെ അനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാവാതിരിക്കാനാണ്. പുതിയ തലമുറ നല്ല വിദ്യാഭ്യാസം കിട്ടുന്നവരാണ്. പുതിയ കാലം സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്.
താങ്കള്‍ക്ക് സരസ്വതി സമ്മാന്‍ കിട്ടിയത് വിവാദമായിരുന്നു...
ദളിത് സമൂഹത്തില്‍നിന്നുള്ള ഒരാള്‍ക്ക് ആദ്യമായി സരസ്വതി സമ്മാന്‍ കിട്ടിയത് എനിക്കാണ്. ഹിന്ദുദൈവത്തിന്റെ പേരിലുള്ള സമ്മാനം വാങ്ങുന്നത് ബുദ്ധമതം സ്വീകരിച്ച അംബേദ്കറോടുള്ള നിന്ദയല്ലേ എന്നുപോലും ചോദിച്ചവരുണ്ട്. ഞാനുള്‍പ്പെടുന്ന ദളിത് സമൂഹത്തില്‍നിന്ന് എതിര്‍പ്പുകളുണ്ടായി. ചിലര്‍ പബ്ലിസിറ്റിക്കുവേണ്ടിയാണ് വിവാദങ്ങളുണ്ടാക്കിയത്. ഭാഗ്യം, സമ്മാനത്തിന് ഞാന്‍ അര്‍ഹനല്ല എന്നു മാത്രം ആരും പറഞ്ഞില്ല.
ഡോ. ബി.ആര്. അംബേദ്കറെ അനുകൂലിക്കുന്ന ചിലര്‍ മഹാത്മാഗാന്ധിക്കെതിരേ പറയുന്നത് കേട്ടിട്ടുണ്ട്
ഒരു മഹാപുരുഷനെ പുകഴ്ത്താന്‍ മറ്റൊരാളെ നിന്ദിക്കേണ്ട കാര്യമില്ല. ദളിതരുടെ ഉന്നമനം മറ്റാരെക്കാളും രാഷ്ട്രപിതാവ് അഭിലഷിച്ചിട്ടുണ്ട്. അതിനായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. നമ്മുടെ കണ്ണിലെ ഇരുട്ട് മാറ്റിയാല്‍ ഈ രണ്ട് മഹദ് വ്യക്തികളും പരത്തിയ പ്രകാശം കാണാം.
സാഹിത്യമെന്നപോലെ വിദ്യാഭ്യാസമേഖലയും അങ്ങയുടെ കര്മരംഗമാണല്ലോ. നമ്മുടെ വിദ്യാഭ്യാസത്തിന്റെ പോരായ്മ
അത് വിവേചനങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നില്ല. പാഠ്യപദ്ധതികള്ക്കപ്പുറമുള്ള ചരിത്രം പഠിപ്പിക്കുന്നില്ല. എഴുതപ്പെട്ട ചരിത്രത്തില്‍നിന്ന് വ്യത്യസ്തമായി വേറെയും ചിലത് ചരിത്രത്തില്‍നിന്ന് ഉള്‍ക്കൊള്ളാനുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നില്ല. ലോകഭാഷയായ ഇംഗ്ലീഷിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. വ്യത്യസ്തതകള്‍ക്കപ്പുറം മാനവരാശി എന്ന നാമൊന്നാണെന്ന ചിന്തയുണ്ടാക്കുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..