അക്ഷരത്തിന്റെ നിലപാടുതറയില്‍...സേതു സംസാരിക്കുന്നു.


കെ. ഉണ്ണിക്കൃഷ്ണന്‍

സേതു | Photo: വി.എസ്. ഷൈൻ

ഒരിക്കല്‍ ഉറ്റചങ്ങാതി പുനത്തില്‍ കുഞ്ഞബ്ദുള്ള സേതുവിനോട് ചോദിച്ചു: എന്തുകൊണ്ട് ശക്തരായ പുരുഷകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നില്ല എന്ന്. വേട്ടക്കാരുടെ ഒപ്പം ചേരുന്നതിനെക്കാള്‍ എനിക്കിഷ്ടം ഇരയോടൊപ്പം നില്‍ക്കാനാണ് എന്നായിരുന്നു മറുപടി.

'നമ്മുടെ നിലപാടുകള്‍ കൃത്യമാണെങ്കില്‍ അതിന് ഏതെങ്കിലും ലോബിയുടെ പിന്‍ബലം വേണ്ട. ശക്തരായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചുവെന്ന് നിരൂപകര്‍ പറയുന്നു. പാണ്ഡവപുരം മുതല്‍ അതുണ്ട്. ഏറ്റവും സോഫ്റ്റ് ടാര്‍ജറ്റുകള്‍ മണ്ണും പെണ്ണുമാണ്. പുതിയകാലത്തില്‍നിന്ന് നോക്കുമ്പോള്‍ അതിന് പ്രവചനസ്വഭാവമുണ്ടായിരുന്നു എന്നു തോന്നുമെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.'''ഭാഗ്യം, കഴിവ്, കുറെ അവസരങ്ങള്‍... അതുകൊണ്ടൊക്കെയാകാം ഇതെല്ലാം. നന്ദിപറയുന്നത് വായനക്കാരോടാണ്. ആദ്യനോവല്‍, ഒടുവിലത്തെ കഥ, നോവല്‍ എല്ലാം മാതൃഭൂമി ആഴ്ചപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത്. ആദ്യം എഴുത്തുകാരനാക്കിയത് മാതൃഭൂമി പത്രാധിപരായ എം.ടി.യാണ്...''-സേതു സംസാരിക്കുന്നു.

അമ്മ എന്ന ആദ്യക്ഷരം

അച്ഛന്‍ പുണെയിലായിരുന്നതിനാല്‍ ഞാന്‍ കാണുന്ന ആദ്യരൂപം അമ്മയാണ്. എല്ലാത്തിലുമുള്ള സ്വാധീനം... പഴയ പത്താം ക്ലാസുകാരിയായ അമ്മ പറഞ്ഞ വലിയ ഒരു വാചകം ഇന്നും എന്നെ കൊണ്ടുനടത്തുന്നു. വായനശാലയിലെ പുസ്തകങ്ങളും വായിക്കണം. ലോകമെന്തെന്ന് മനസ്സിലാകും. റാങ്ക് മേടിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ല. ഒരിക്കലും എനിക്ക് ഫസ്റ്റ് ക്ലാസ് പോലും കിട്ടിയിട്ടുമില്ല. ചേന്ദമംഗലം നായര്‍ സമാജം ലൈബ്രറിയില്‍നിന്നാണ് പുസ്തകങ്ങളെടുക്കുക. ബംഗാളി നോവല്‍പരിഭാഷകള്‍ വായിച്ചിരുന്നതിനാല്‍ കൊല്‍ക്കത്തയില്‍ പോയപ്പോള്‍ ആ തെരുവുകളൊക്കെ എനിക്ക് നല്ല പരിചയമായിരുന്നു.

കറന്‍സിയും കഥയും

സാഹിത്യത്തില്‍ അധ്യാപകരായ ഒരുപാട് എഴുത്തുകാരുണ്ട്. പക്ഷേ, ബാങ്കിങ് കടുത്ത മാനസികപ്പിരിമുറുക്കമുള്ള ജോലിയാണ്. അത് യഥാര്‍ഥലോകമാണ്. എന്റെ എഴുത്ത് ഏതാണ്ട് അയഥാര്‍ഥലോകമാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാനായി ഉത്തരേന്ത്യയില്‍ ഒട്ടേറെ ബ്രാഞ്ചുകള്‍ തുടങ്ങിയ കാലം. ഡല്‍ഹിയില്‍ 11 ബ്രാഞ്ച് തുടങ്ങി. പിന്നെ പഞ്ചാബ്, ലുധിയാന, ജലന്ധര്‍, റായ്പുര്‍... അത്ര തിരക്കുള്ള ആ കാലത്താണ് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും കിട്ടിയ അടയാളങ്ങള്‍ എഴുതിയത്. ഉള്‍വിളിയുണ്ടെങ്കില്‍ അതിനെ പിന്തുടരാനാകും.

ഗ്രാമത്തിലെ കുട്ടി

ഞാന്‍ ജനിച്ചുവളര്‍ന്ന ചേന്ദമംഗലം അന്ന് കുഗ്രാമമാണ്. മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലാണ് വായന. രാത്രി ഒമ്പതാകുമ്പോള്‍ ഇരുട്ടാകും. മഴക്കാലത്ത് പേടിപ്പെടുത്തുന്ന ഇരുട്ടും മഴയും ഒന്നിച്ചുവരും. പക്ഷേ, ജീവിതത്തിന്റെ തുറസ്സുണ്ടായിരുന്നു. ചേന്ദമംഗലത്ത് നാലു മതക്കാരുണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്താണ് ഇസ്രയേല്‍ ഉണ്ടാകുന്നത്. ജൂതന്മാരായ കൂട്ടുകാര്‍ അവിടേക്ക് കുടിയേറിയപ്പോള്‍ കെട്ടിപ്പിടിച്ചു കരഞ്ഞ് പിരിഞ്ഞതൊക്കെ ഓര്‍ക്കുന്നു. അന്ന് മതമൊന്നും ആര്‍ക്കും പരസ്പരം അറിയാത്തകാലമായിരുന്നു.

19-ാം വയസ്സില്‍ ജോലിക്കായി മറുനാട്ടിലേക്ക് തീവണ്ടി കയറിയതാണ്. അച്ഛന്റെ സുഹൃത്തുക്കളുണ്ടായിരുന്നു പുണെയില്‍. താമസം ശരിയാക്കിത്തന്നു. പിന്നെ അപേക്ഷകള്‍ അയച്ചുകൊണ്ടിരുന്നു. കാലാവസ്ഥാ വകുപ്പില്‍ ജോലികിട്ടി.

മുംബൈയില്‍ രണ്ടുവര്‍ഷം. ഡല്‍ഹിയില്‍ ജോലിയിലിരിക്കെ കേരള ക്ലബ്ലില്‍. വിജയന്‍, മുകുന്ദന്‍, എം.പി. നാരായണപിള്ള... അക്കൂട്ടത്തില്‍ എത്തിയപ്പോഴാണ് എഴുതാന്‍ ധൈര്യംവന്നത്.

എന്‍.ബി.ടി.യില്‍

എന്‍.ബി.ടി.യില്‍ എന്നെ നിയമിച്ചത് കപില്‍ സിബലിന്റെ കാലത്താണ്. അദ്ദേഹത്തെ എനിക്കറിയില്ല. അന്വേഷിച്ച് കണ്ടെത്തിയതാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു. പിന്നെ ഭരണം മാറിയപ്പോള്‍ മാറി. അതങ്ങനെയാണ്. അധികാരത്തിലുള്ളവര്‍ അവരുടെ ആളുകളെ കൊണ്ടുവരും. അതിനെതിരേ എന്‍.എസ്. മാധവനൊഴികെ ആരും പ്രതികരിച്ചില്ല.

പുലര്‍കാലനിനവുകള്‍

രാത്രി പത്തരയ്ക്ക് കിടക്കും. എത്ര ടെന്‍ഷന്‍ ഉണ്ടെങ്കിലും കിടന്നാലുടന്‍ ഉറങ്ങും. പുലര്‍ച്ചെ നാലിന് ഉണരും. എഴുതും. രാവിലെ നടക്കാന്‍പോകും. സമയം കിട്ടും. ഓഫീസില്‍ പോയാല്‍ എഴുത്ത് മറക്കും. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയാല്‍ എഴുത്ത്. രണ്ടുലോകങ്ങളിലുള്ള ജീവിതം. രണ്ടു വാതിലുകള്‍ തുറക്കുകയാണ്. ജൂണ്‍ അഞ്ചിനായിരുന്നു എണ്‍പതാം പിറന്നാള്‍, എടവത്തിലെ ചതയം. വലിയ ആരോഗ്യപ്രശ്‌നങ്ങളില്ല.

Content Highlights: sethu interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented