സത്യൻ അന്തിക്കാട്, ഉമ്മൻ ചാണ്ടി
സത്യന് അന്തിക്കാട് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകമാണ് 'പോക്കുവെയിലിലെ കുതിരകള്‍.' സത്യന് അന്തിക്കാടിന്റെ സിനിമായാത്രകളും ഗ്രാമീണജീവിതവും സ്നേഹബന്ധങ്ങളും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ വളരെ പ്രശസ്തമായ അഭിമുഖം കൂടി അനുബന്ധമായി ചേര്‍ത്തിരിക്കുന്നു- മാതൃഭൂമിയ്ക്കുവേണ്ടി 2020 സെപ്തംബര്‍ പതിമൂന്നിന് സത്യന് അന്തിക്കാട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ അഭിമുഖം വായിക്കാം.
സിനിമയില്‍നിന്നു തുടങ്ങാം. ആള്‍ക്കൂട്ടത്തിനിടയില്‍ മാത്രം കാണാറുളള അങ്ങ് രണ്ടര മണിക്കൂര്‍ നേരം ഒരു തിയേറ്ററിലിരുന്ന് സ്വസ്ഥമായി ഒരു സിനിമ കണ്ട കാലം ഓര്‍ക്കുന്നുണ്ടോ?
ചെറുപ്പത്തില്‍ സിനിമ കാണണമെന്നത് വലിയ താത്പര്യമായിരുന്നു. എന്നാല്‍, ആഗ്രഹമുണ്ടെങ്കിലും നടന്നിട്ടില്ല. എം.എല്‍.എ. ഒക്കെ ആയ ശേഷം തീരെ നടക്കാതെയും പോയി.
ശ്രീനിവാസന് എഴുതി ഞാന്‍ സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമ 30 കൊല്ലമായി ഇപ്പോഴും പ്രസക്തമായി നില്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസ്സുകാരെയും ഒരേപോലെ ഞങ്ങള്‍ അതില്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, കമ്യൂണിസ്റ്റുകാരില്‍നിന്ന് എനിക്കും ശ്രീനിക്കും ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായി. ഭീഷണിക്കത്തുകള്‍ വന്നു. എന്നാല്‍, കോണ്ഗ്രസ്സുകാര് അനങ്ങിയില്ല.
കോണ്‍ഗ്രസ് അഭിപ്രായസ്വാതന്ത്ര്യത്ത ഹനിക്കാറില്ല. ആരെങ്കിലും അങ്ങനെയൊരു സമീപനം എടുത്താല്‍ നേതൃത്വം ഇടപെട്ട് തടയും. തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ഒരാളുണ്ടാവുക എന്നത് പൊതുപ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ സഹായകമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. പത്രങ്ങളുടെ സ്വാധീനം അതല്ലേ. അടിയന്തരാവസ്ഥയില്‍ പല നന്മകളും ഉണ്ടായി. എന്നാല്‍, പത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സെന്‍സറിങ് ഒരു വലിയ പോരായ്മയായിരുന്നു. മാധ്യമങ്ങളെ നിയന്ത്രിച്ചത് അന്ന് വലിയ തെറ്റായിപ്പോയി.

സാധാരണ മനുഷ്യരുടെ സ്വകാര്യ ആനന്ദങ്ങള്‍... പാട്ടു കേള്‍ക്കുക, പുസ്തകം വായിക്കുക, പ്രകൃതിയെ അറിയുക, കുടുംബത്തോടൊപ്പം യാത്രപോവുക.. ഇതൊക്കെ മിസ് ചെയ്യുന്നുണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഇതിനൊക്കെ ആഗ്രഹമുണ്ട്. പക്ഷേ, സമയം പലപ്പോഴും അനുവദിക്കാറില്ല. ഇതിലെല്ലാം കൂടി കിട്ടേണ്ട മാനസികസുഖം, ഞാന്‍ ജനക്കൂട്ടത്തില്‍ കഴിയുമ്പോള്‍ കിട്ടുന്നൂന്നുള്ളതാ...എന്റെ പുസ്തകം ജനക്കൂട്ടമാണ്. സാധാരണക്കാരില്‍നിന്ന് പലതും അടുത്തറിയാന്‍ പറ്റുന്നുണ്ട്. ജനസമ്പര്‍ക്കപരിപാടി ഞാന്‍ നടത്തിയിട്ടുണ്ട്. അതില്‍ ഒത്തിരി തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. പലര്‍ക്കും സഹായം കൊടുക്കുന്നുണ്ട്. എനിക്ക് ഇത്രയും അധികം ആളുമായി ഇടപഴകാന്‍ കിട്ടുന്ന അവസരമായിരുന്നു അത്, ഓരോരുത്തരും വെറുതേ വരുകയായിരുന്നില്ല. അവരുടെ ജീവിതപ്രശ്നങ്ങള്‍ പറയാന്‍ വരുകയായിരുന്നു. ഞാന്‍ മുഖ്യമന്ത്രിയായി പലസ്ഥലത്തും ചെല്ലുമ്പോള്‍ നിവേദനങ്ങള്‍ കിട്ടും. അതെല്ലാം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളള കാര്യങ്ങളാ. വാര്‍ധക്യകാല പെന്ഷന്, വിധവാ പെന്ഷന്, അതൊക്കെ കിട്ടുന്നില്ല എന്നതായിരിക്കും അവ. അന്വേഷിക്കുമ്പോള്‍ അവര്‍ പറയും ഞങ്ങള്‍ക്ക് അറിയില്ല. ഇത്തരം അറിവില്ലായ്മ മാറ്റാനും സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് പലതും തള്ളുന്നരീതി മാറ്റാനുമുള്ള ഉത്തരവുകള്‍ ഇറക്കി. അതു കഴിഞ്ഞ് വീണ്ടും ചെല്ലുമ്പോള്‍ ഇതേ നിവേദനം വീണ്ടും വരും. അന്വേഷിക്കുമ്പോഴാണ് അറിയുന്നത്, ഈ സഹായം കിട്ടാന്‍ ഏറ്റവും അര്‍ഹതയുള്ള വിഭാഗത്തിന് ഇതൊന്നും അറിയില്ല. അവരുടെ വീട്ടില്‍ പത്രമില്ല, ഫോണില്ല, റേഡിയോ ഇല്ല, ടിവി ഇല്ല, ഒരാളും ശ്രദ്ധിക്കുന്നില്ല. അവിടത്തെ പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും എന്താണെന്ന് അവര്‍ക്കറിയില്ല. ഇത്തരക്കാരുമായി സംസാരിക്കുമ്പോഴാണ് ഓരോ പ്രശ്നങ്ങളുടെയും പിന്നിലുള്ള രഹസ്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അത് നമ്മള് എത്ര പത്രം വായിച്ചാലും എത്ര പുസ്തകം വായിച്ചാലും അറിയാന്‍ കഴിയില്ല. ആശ്രയപദ്ധതി നടപ്പാക്കിയപ്പോള്‍ ഒരു വീട്ടില്‍ ഞാന്‍ ചെന്ന് റേഷന്‍ കാര്‍ഡ് എടുക്കാന്‍ പറഞ്ഞു. പ്രായം ചെന്ന അമ്മ എന്നെ നോക്കി നില്ക്കുകയാ. അപ്പോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു: 'അവര്‍ക്ക് റേഷന്‍ കാര്‍ഡില്ലെന്ന്'. ഞാന്‍ അതുവരെ ധരിച്ചത് റേഷന്‍ കാര്‍ഡില്ലാത്തത് ഇവിടത്തെ വലിയ സമ്പന്നന്മാര്‍ക്കായിരിക്കുമെന്നായിരുന്നു. റേഷന്‍ കാര്‍ഡ് ഇല്ലാത്തവരായി പാവങ്ങളില്‍ പാവങ്ങളും ഉണ്ടെന്ന വലിയ വിവരം അന്നാണറിഞ്ഞത്.
നിയമസഭാംഗമായിരുന്ന ഈ 50 വര്‍ഷത്തിനിടെ മാറിമാറി വന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍ അങ്ങേക്ക് ഏറ്റവും കൂടുതല്‍ ബഹുമാനം തോന്നിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആരാണ്?
കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ കാര്യം എടുത്തുപറയുമ്പോള് ഒരു സംശയവുമില്ല. അച്യുതമേനോന് തന്നെയാ, അദ്ദേഹം ശാന്തനാണ്. വലിയ ഒച്ചപ്പാടോ കാര്യങ്ങളോ ഒന്നും ഇല്ല. പക്ഷേ, കാര്യങ്ങള്‍ നടത്തണമെന്നുള്ള വാശിയുണ്ട്. ശരിയായ കാര്യങ്ങള്‍ നടത്തണമെന്നുള്ള ആളായിരുന്നു. ഇന്ദിരാഗാന്ധിക്കും ഏറ്റവും ബഹുമാനമുള്ള മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോന്. ആ ഒരു ബന്ധവും ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്റെ സ്വാധീനവും ഒക്കെ ഉള്ളതിനാല്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. അതേ സമയം, ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇടതുപക്ഷനേതാക്കള്‍ എം.എന്‍. ഗോവിന്ദന് നായര്‍, ടി.വി. തോമസ്, ടി.കെ. ദിവാകരന് എന്നിവരാണ്.
കരുണാകരനുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. അതൊക്കെ പൊതുജനത്തിനറിയാം. അടുത്തറിഞ്ഞിട്ടുള്ള ആളെന്ന നിലയില്‍ കരുണാകരനില്‍ കണ്ടിട്ടുള്ള ഏറ്റവും സവിശേഷമായ സ്വഭാവങ്ങള്‍ എന്തൊക്കെയാണ്?
ഇത്രയും പ്രായോഗികബുദ്ധി കാട്ടുന്ന, അവസരോചിതമായി രാഷ്ട്രീയതീരുമാനമെടുക്കുന്ന ഒരാളായിട്ടേ കെ. കരുണാകരനെ കാണാന്‍ സാധിക്കൂ. അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കുകയും മുന്‍കൂട്ടി കാണുകയും ചെയ്യേണ്ടവ ചെയ്യേണ്ട സമയത്ത് ചെയ്യുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം ലോകത്തിലെത്തന്നെ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ്. അതിനു പിന്നില്‍ കെ. കരുണാകരന്റെ ശക്തമായ നിലപാടായിരുന്നു. അത് എനിക്ക് വ്യക്തമായി അറിയാം. അന്ന് എതിര്‍ത്തവര്‍ ഒക്കെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ വന്നിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ വരുന്ന ചില ചോദ്യങ്ങളോട് അങ്ങ് 'എന്താ... എന്താ..' എന്നു ചോദിക്കുന്നത് കണ്ടിട്ടുണ്ട്. ചോദ്യം എന്താണെന്ന് കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് മനസ്സിലാകും. അതിനോട് സാമ്യം തോന്നുന്നത് നടന് ശ്രീനിവാസന്റെ ഒരു ശൈലിയാണ്. അദ്ദേഹത്തോട് ചില ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യം വരുമ്പോള്‍ പൊട്ടിച്ചിരിക്കും. സത്യത്തില്‍ ചിരിയുടെ സമയത്ത് ചോദ്യത്തിന്റെ മറുപടി ശ്രീനി ആലോചിക്കുകയായിരിക്കും. ആ ഒരു ടെക്നിക് ഉപയോഗിക്കാറുണ്ടോ അങ്ങ്?
ചിലപ്പോള്‍ ചിലത് മനസ്സിലാകാതെ വരും. ചിലപ്പോ ഈ പറഞ്ഞതുപോലെ ഒരു തയ്യാറെടുപ്പിനുള്ള സമയമാക്കി അതിനെ മാറ്റും.
അങ്ങായിരുന്നു മുഖ്യമന്ത്രി എങ്കില്‍ ശബരിമലവിഷയത്തില്‍ എന്തു നിലപാടായിരിക്കും എടുക്കുക?
ഞാനായിരുന്നു മുഖ്യമന്ത്രി എങ്കില്‍ അങ്ങനൊരു വിധി വരില്ലായിരുന്നു എന്നാണ് എന്റെ പക്ഷം. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ആചാരങ്ങള്‍ക്കെതിരായ സത്യവാങ്മൂലം കൊടുത്തത്. 2016 ജനുവരിയില്‍ കേസെടുത്തപ്പോള്‍ ശക്തമായ പുതിയ സത്യവാങ്മൂലം ഞങ്ങള്‍ കൊടുത്തു. അതാണ് വിധിയില്‍ വിയോജിച്ച ജഡ്ജി ചൂണ്ടിക്കാട്ടിയതും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും യു.ഡി.എഫിന്റെ നിലപാടിന് അനുകൂലമായിട്ടാണ് കോടതിവിധി വന്നത്. ആചാരവിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുത്. വിശ്വാസികളെ മുറിവേല്പിക്കരുത്.
രാഷ്ട്രീയം ഈ അടുത്തകാലത്ത് ഒരു തൊഴിലായി മാറുന്ന ശൈലി ഉണ്ട്. ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ചത് രാഷ്ട്രീയം തൊഴിലാക്കിയ ഒരു കഥാപാത്രത്തെയാണ്.
സ്വാതന്ത്ര്യസമരകാലത്ത് പൊതുജീവിതം എന്നത് ത്യാഗമായിരുന്നു. നഷ്ടപ്പെടലുകള്‍ മാത്രമാണ് അന്നുണ്ടായിരുന്നത്. സ്വാതന്ത്ര്യം കിട്ടിയശേഷം നമ്മുടെ രാജ്യത്ത് ഒന്നുമില്ലാത്ത സ്ഥിതിയായിരുന്നു. ഭക്ഷിക്കാന്‍ ഗോതമ്പുവരെ അമേരിക്കയില്‍നിന്നു വരുന്ന സ്ഥിതി. അക്കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനം സേവനത്തിന്റേതായി മാറി. മൂന്നാമത്തെ ഒരു ഘട്ടമാണ് സത്യന് ഇപ്പോള്‍ ചൂണ്ടിക്കാണിച്ചത്. രാഷ്ട്രീയം തൊഴിലാക്കിയാല്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും.
ചുറ്റും നില്ക്കുന്നവര് വഞ്ചിക്കുമ്പോഴോ, അടുത്തുനില്ക്കുന്നവര് കുറ്റം പറയുമ്പോഴോ ഏതെങ്കിലും സമയത്ത് മടുത്തു എന്നു തോന്നിയിട്ടുണ്ടോ?
രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ സമ്പത്തുള്ളയാള്‍ ഞാനാണെന്ന് വിശ്വസിക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന്റെ സമ്പത്ത് എന്നു പറയുന്നത് ജനങ്ങളുടെ വിശ്വാസവും സ്നേഹവുമാണ്. അത് എനിക്ക് അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ കിട്ടിയിട്ടുണ്ട്. വിഷമം വരുമ്പോള്‍ ഒരു നൂറുപേരുടെയെങ്കിലും ഫോണ്‍ വരും. അതുകൊണ്ട് പൊതുപ്രവര്‍ത്തനം വിട്ടെറിഞ്ഞു പോവാന്‍ ഒരിക്കലും തോന്നിയിട്ടില്ല. ജീവിതത്തില്‍ സംഭവിക്കുന്നത് എല്ലാം നല്ലതിനുവേണ്ടി എന്നു വിശ്വസിക്കുന്നതും എനിക്ക് ശക്തി പകരുന്നു. ഒരു സംഭവം പറയാം. ഞാനും ഭാര്യയും കൂടി തൃശ്ശൂരേക്ക് അമൃത എക്സ്പ്രസില്‍ വരുന്നു. കനറാ ബാങ്കില്‍ ജോലി ചെയ്യുന്ന എന്റെ ഭാര്യയ്ക്ക് ബാങ്കിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍, ഒരാരോപണം വന്നതാണ് ഞെട്ടിച്ചത്. അന്ന് എന്റെ കൂടെ വന്നത് മറ്റൊരു സ്ത്രീ ആയിരുന്നു എന്നായിരുന്നു അത്. സാധാരണ ഞാനും ഭാര്യയും കൂടെ പോവുമ്പോ ട്രെയിനില്‍ ടിക്കറ്റ് എടുക്കുന്നത് എം.എല്‍.എ. എന്ന നിലയില്‍ എനിക്കുള്ള കൂപ്പണ്‍ ഉപയോഗിച്ചാണ്. അതില്‍ എം.എല്‍.എ. ആന്‍ഡ് കംപാനിയന് എന്നാണ് കാണിക്കാറുള്ളത്. എന്നാല്‍, അന്ന് ഭാര്യയ്ക്ക് ബാങ്കാണ് ടിക്കറ്റെടുത്തു നല്‍കിയത്. ഒരു കൂപ്പണ്‍ നഷ്ടമാക്കേണ്ടല്ലോ എന്ന് ഞാനും കരുതി, ആരോപണം വന്നപ്പോള്‍ അതിനെ നേരിടാന്‍ ഇതില്‍പ്പരം ഒരു തെളിവ് വേറെ ഇല്ലല്ലോ.
നിയമസഭയില്‍ നടക്കാന്‍ പാടില്ലായിരുന്നു എന്നു തോന്നുന്ന ഏതെങ്കിലും സംഭവം ഓര്മിക്കുന്നുണ്ടോ?

ഏറ്റവും വിഷമം ഉണ്ടായ സംഭവം എം.വി. രാഘവനെ നിയമസഭയില്‍വെച്ച് മര്‍ദിച്ചതാണ്. 1987-ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് എം.വി. രാഘവന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍നിന്നു മാറിയ സമയം. മന്ത്രിയായ ടി.കെ. രാമകൃഷ്ണനോട് ചോദിച്ച ചോദ്യത്തിന് നീതീകരിക്കാനാവാത്ത മറുപടി നല്‍കിയെന്നാരോപിച്ച് രാഘവന് ഏറ്റവും പിന്നില്‍നിന്ന് മന്ത്രിയുടെ അടുത്തേക്ക് വന്നു. കൈവശമുള്ള ഒരു തെളിവ് കാണിക്കാനാണ് വന്നത്. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എം.എല്‍.എ.മാര്‍ വന്ന് അദ്ദേഹത്തെ എടുത്തിട്ട് തല്ലുകയായിരുന്നു. എം.വി. രാഘവന്റെ ഏറ്റവും വലിയ ശിഷ്യന്മാരാണ് തല്ലിയതും. മുന്ബെഞ്ചിലുണ്ടായിരുന്ന എനിക്ക് ഒന്നു തടസ്സം പിടിക്കാന്പോലുമാവാത്ത സംഘര്‍ഷമാണ് അന്നുണ്ടായത്. എന്നാല്‍, അതിലും ദുഃഖകരമായത് മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് സ്പീക്കര്‍ രാഘവനെ നിയമസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതാണ്. തല്ലിയവര്‍ക്കെതിരെ നടപടിയും ഉണ്ടായില്ല.
ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ ഒരു യുവജനമുന്നേറ്റം ഉണ്ടാവാത്തതിന്റെ കാരണം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?
രാജ്യത്തിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ഏറ്റവും വലിയ ശക്തി യുവാക്കളാണ്. യുവാക്കള്‍ മുന്‍പന്തിയില്‍ത്തന്നെ ഉണ്ടാവണം. അതിനു പറ്റിയ സാഹചര്യം ഉരുത്തിരിഞ്ഞുവരണം. ഞങ്ങള്‍ യുവജനപ്രവര്‍ത്തനം നടത്തുന്ന കാലത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ യുവാക്കള്‍ക്ക് ഇത്തരം ഒരു പിന്തുണ കിട്ടുന്നില്ല. വിദ്യാര്ഥിരാഷ്ട്രീയത്തോടുള്ള അവമതിപ്പ് ഉണ്ടായി. അത് വിദ്യാര്‍ഥിനേതാക്കളുടെ കുറ്റംകൊണ്ടല്ല. കലാലയങ്ങളിലെ കലാപമാണ് കാരണം.
മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കല്ലേറുകൊണ്ട സംഭവത്തെ എങ്ങനെ കാണുന്നു?
ഞാനത് പുറത്തറിയിക്കാതിരിക്കാനാ നോക്കിയത്. ചില്ല് പൊട്ടിയത് എല്ലാവരും കണ്ടു. എന്റെയടുത്ത് കെ.സി. ജോസഫ്, ടി. സിദ്ദിക്ക് എന്നിവരുണ്ട്. സിദ്ദിക്കാണ് പറഞ്ഞത് ചില്ലുകൊണ്ട് നെറ്റിയില്‍നിന്ന് ചോര പൊടിയുന്നുണ്ടെന്ന്. ഞാന്‍ പറഞ്ഞു: 'കാര്യമാക്കേണ്ട വണ്ടി പോട്ടെ' എന്ന്. പോലീസിന്റെ ഒരു പരിപാടിക്കാണ് പോയത്. ചടങ്ങ് കഴിഞ്ഞ് ഡോക്ടറെ കണ്ടു. കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞു. ഇതു കഴിഞ്ഞപ്പോഴാണ് രമേശ് ചെന്നിത്തല എന്നെ വിളിക്കുന്നത്. നാളെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നതായി പറഞ്ഞു. ഞാന്‍ അത് നിരുത്സാഹപ്പെടുത്തി. എനിക്ക് ഏറുകൊണ്ടതിന് നാട്ടുകാരെ എല്ലാം ബുദ്ധിമുട്ടിക്കുന്നതിനോട് ഞാന്‍ യോജിച്ചില്ല. അങ്ങനെ ഹര്‍ത്താലില്‍നിന്ന് രമേശ് പിന്തിരിഞ്ഞു.
സുധീരന് എന്റെ നാടായ അന്തിക്കാട്ടുകാരനാണ്. പുറമേയുള്ള ഒരു സംസാരം, നിങ്ങള്‍ തമ്മില്‍ എന്തോ വിയോജിപ്പ് ഉണ്ടെന്നാണ്. പരിഹരിക്കാന്‍ പറ്റാത്ത എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ?
പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങളൊന്നുമില്ല. അന്നും ആ രീതിയിലുള്ള പ്രശ്നങ്ങളായിരുന്നില്ല. നയപരമായ ചില കാര്യങ്ങളാണ് ഉണ്ടായിരുന്നത്. അത് ഞങ്ങള്‍ സോര്‍ട്ട് ഔട്ട് ചെയ്താണ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏതു മതത്തിനാണോ വോട്ടു കൂടുതല്‍, ആ വിഭാഗത്തില്‍പ്പെട്ടയാളെ സ്ഥാനാര്‍ഥിയാക്കുന്ന രീതി കണ്ടിട്ടുണ്ട്. കഴിവുള്ള ആള് ഉണ്ടായാലും മതമാണ് അടിസ്ഥാനമാക്കാറുള്ളത്. എല്ലാ പാര്‍ട്ടികളിലും ഈ രീതിയാണ്. മതനിരപേക്ഷത എന്നത് ഒരു മൂടുപടമാണോ?
ഗൗരവമായി ചര്‍ച്ചചെയ്യേണ്ട ഒരു സംഗതിയാണത്. രാജ്യത്തിന്റെ ശക്തി മതേതരത്വമാണ്. അതില്‍ വെള്ളം ചേര്‍ക്കാന്‍ ഒരു കക്ഷിയും തയ്യാറാവരുത്. എല്ലാവര്ക്കും ഇക്കാര്യത്തില്‍ ജാഗ്രത വേണം.
ചില പ്രശ്നങ്ങളെ മറയാക്കാന്‍ കോവിഡ് കാലത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിച്ചിട്ടുണ്ടോ?
നാം ഭാവനയില്‍പ്പോലും കണ്ടിട്ടുള്ള ഒന്നല്ല കോവിഡ് കാലം. അതിന്റെ ഫലമായി ചില സമരങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞെങ്കില്‍ അതൊരു താത്കാലിക ആശ്വാസമാണ്. സാമ്പത്തികപ്രതിസന്ധി എല്ലാവരെയും ബാധിക്കുന്നുണ്ട്. ഇതിനെ എങ്ങനെ മറികടക്കാന്‍ കഴിയും എന്നത് നമ്മള് ആലോചിക്കണം. നമ്മള് കുറെക്കാലം കോവിഡിനൊപ്പം ജീവിക്കണം. അടച്ചിട്ട് ഈ പ്രശ്നം പരിഹരിക്കാം എന്നാലോചിച്ചിട്ട് കാര്യമില്ല. അല്ലെങ്കില്‍ പട്ടിണിമരണം ആയിരിക്കും ഉണ്ടാവുക. ജാഗ്രത പാലിക്കുക. സാമൂഹിക അകലം പാലിക്കുക.
Content Highlights :Sathyan Anthikad interviews Oommen Chandy excerpts from Pokkuveyilile Kuthirakal Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..