എസ്. ജയചന്ദ്രൻ നായർ/ഫോട്ടോ: ജോസ് എ റാഫേൽ
എം. കൃഷ്ണന്‍ നായര്‍ എന്ന പേര് ഉള്‍ഭയത്തോടെയല്ലാതെ മലയാളസാഹിത്യത്തിന് ഇന്നേവരെ ഉച്ചരിക്കാന്‍ കഴിഞ്ഞിട്ടില്ല. എം.കൃഷ്ണന്‍ നായരെന്നാല്‍, സാഹിത്യവാരഫലമെന്നാല്‍, അടിമുടി വിമര്‍ശനമായിരുന്ന ഒരുകാലം മലയാളത്തിനുണ്ടായിരുന്നു. മലയാളനാട് എന്ന സാഹിത്യപ്രസിദ്ധീകരണത്തില്‍ നിന്നുതുടങ്ങി കലാകൗമുദിയിലൂടെയും പിന്നീട് സമകാലികമലയാളത്തിലൂടെയും മൂന്നരപ്പതിറ്റാണ്ട് കാലം സാഹിത്യവാരഫലം എഴുത്തുകാരുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും പ്രവചിച്ചു. എസ്. ജയചന്ദ്രന്‍ നായര്‍ എന്ന എഡിറ്റര്‍ മലയാളസാഹിത്യത്തില്‍ സംഭവിച്ച പല നല്ല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായി. എം. കൃഷ്ണന്‍ നായരുടെ ജന്മശതാബ്ദിയില്‍ എസ്.ജെ സാഹിത്യവാരഫലത്തെക്കുറിച്ചും പംക്തീകാരനെക്കുറിച്ചും സംസാരിക്കുന്നു.
മുപ്പത്തിയാറ് വര്‍ഷം തുടര്‍ച്ചയായി മലയാളി വായിച്ച പംക്തിയാണ് എം. കൃഷ്ണന്‍ നായര്‍ എഴുതിയ സാഹിത്യവാരഫലം. മലയാളനാടിനുശേഷം എസ്.ജെ പത്രാധിപരായിരിക്കുമ്പോഴാണ് കലാകൗമുദിയില്‍ സാഹിത്യവാരഫലം പംക്തിയായി പ്രസിദ്ധീകരിച്ചുവരുന്നത്. ഈ പംക്തിയുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വിശദമാക്കാമോ?
മലയാളനാട്ടില് നിന്ന് കലാകൗമുദിയില്‍ പറിച്ചുനട്ട ഒരു ചെറിയ തൈ ക്രമേണ വളര്‍ന്ന് മഹാവൃക്ഷമായി മലയാളസാഹിത്യത്തിന് തണലയിത്തീര്‍ന്നതാണ് സാഹിത്യവാരഫലം. വായനക്കാരുടെ കൗതുകവും താല്പര്യവും ചോര്‍ന്നുപോകാതിരിക്കാനായി, ആ പംക്തിയെ ജീവസ്സുള്ളതാക്കി നിലനിര്‍ത്താന്‍ കൃഷ്ണന്‍നായര്‍ സാര്‍ അനുഭവിച്ച ക്ലേശങ്ങള്‍ വിശ്വിസിക്കാവുന്നതിനും അപ്പുറത്തായിരുന്നു. വിശ്രമം എന്ന വാക്ക് അദ്ദേഹത്തിന് അപരിചിതമായിരുന്നു. ഒരര്‍ത്ഥത്തില്‍ ഇതിന് കൂട്ടുപ്രതിഫലമായിരുന്നു സാറിന്റെ വരുമാനം. പെന്‍ഷനു പുറമേ, വേറേ നീക്കിയിരുപ്പുകളൊന്നും അദ്ദേഹത്തിനില്ലായിരുന്നു. എങ്കിലും സാര്‍, ധാരാളിയായിത്തന്നെ ജീവിച്ചു. പുസ്തകങ്ങള്‍ വിലയ്ക്കു വാങ്ങുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ധൂര്‍ത്ത്. മിതമായ ആഹാരം പൂര്‍ണ്ണ തൃപ്തി. സാഹിത്യഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന് എല്ലാം നല്‍കി. അക്ഷരങ്ങളെ സ്‌നേഹിക്കുകയല്ല സാര്‍ ചെയ്തത്. പൂജിക്കുകയായിരുന്നു; വിശുദ്ധമായ പൂജ.
നിര്‍ദ്ദയം വിമര്‍ശനം എന്നതിന്റെ മറ്റൊരു രൂപമാണ് സാഹിത്യവാരഫലം. എസ്. ജെയിലെ എഡിറ്റര്‍ക്ക് ഇരയാക്കപ്പെടുന്ന എഴുത്തുകാരോട് സഹതാപം തോന്നിയിരുന്നോ?
ഒരുപാട് പേരെ ദേഷ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍. അമ്പ് എയ്യുക മാത്രമല്ല ചെയ്തത്. ലക്ഷ്യവേധിയായി അത് പ്രയോഗിക്കുന്നതില്‍, സാര്‍ പ്രദര്‍ശിപ്പിച്ച സാമര്‍ത്ഥ്യം അനുകരണീയമായിരുന്നു. എന്തിന് സഹതാപം? അദ്ദേഹം പറയുമായിരുന്നു, ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന്. നല്ലതെന്ന് തോന്നിയ, അല്ലെങ്കില്‍ ഇഷ്ടപ്പെട്ട രചനകളെ വാനോളം വാഴ്ത്തുന്നതില്‍ അദ്ദേഹം ഒരിക്കലും ലുബ്ധനായില്ല. കൊടുക്കാനും, തടവാനും അതിശയകരമായ ആ വിദ്യ അദ്ദേഹം പ്രയോഗിച്ചു.
എന്താണ് സാഹിത്യം എന്നതിനേക്കാള്‍ എന്തല്ല സാഹിത്യം എന്നായിരുന്നു എം.കൃഷ്ണന്‍ നായര്‍ തന്റെ വിമര്‍ശനങ്ങളിലൂടെ പറഞ്ഞത്. എഡിറ്റര്‍ എന്ന നിലയില്‍ എഴുത്തുകാരനോട് വിയോജിക്കേണ്ട സന്ദര്‍ഭം ഉണ്ടായിരുന്നോ?
ശരിയാണ്. നിശിതമായ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്ന പലരും എന്നോട് അമര്‍ഷത്തോടെ പെരുമാറിയിട്ടുണ്ട്. എന്നാല്‍ തുടക്കം മുതല്‍ക്കേ, ആ പംക്തിയില്‍ നിന്ന് ഒരു വാക്കോ ഒരു വരിയോ എടുത്തുകളയില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. വ്യക്തിപരമായ നിലയില്‍, അതൊരു വിശ്വാസപ്രമാണമായി ഞാന്‍ നിലനിര്‍ത്തി.
വ്യക്തിപരമായി എങ്ങനെയുള്ള ആളായിരുന്നു അദ്ദേഹം? എഴുത്തിലെ കാര്‍ക്കശ്യം സ്വഭാവത്തിലും പ്രകടമായിരുന്നോ?
ബാഹ്യമായി കര്‍ക്കശക്കാരനാണെന്ന് തോന്നിപ്പിച്ച അദ്ദേഹം ഹൃദയാലുവായിരുന്നു. എല്ലാ സായാഹ്നങ്ങളിലും വീട്ടില്‍ നിന്നിറങ്ങി മോഡേണ്‍ ബുക്‌സില്‍പ്പോയി സുധീറുമായി കുശലം പറച്ചിലും പുതുതായെത്തിയ പുസ്തകങ്ങള്‍ വാങ്ങലും പതിവായിരുന്നു. മടങ്ങുമ്പോള്‍ കൊച്ചുമോള്‍ക്ക് ചെറിയ ഒരു കേക്ക്, കൂട്ടത്തില്‍ ഒരു പേക്കറ്റ് പ്ലയേഴ്‌സ് സിഗരറ്റ്. അതുമുഴുവന്‍ അദ്ദേഹം പുകച്ചു കളയുമായിരുന്നില്ല. ആഴ്ചയിലൊരിക്കല്‍ ചെല്ലുന്ന എനിക്ക് നല്‍കാനായി, ഒന്നു രണ്ടു സിഗരറ്റുകള്‍ സൂക്ഷിക്കും. ചായയ്‌ക്കൊപ്പം സിഗരറ്റ്.

വിശ്വസാഹിത്യത്തിലെ പല മികവുറ്റ കൃതികളും വിഖ്യാതരായ എഴുത്തുകാരുടെ പ്രശസ്തമായ വചനങ്ങളും സാഹിത്യവാരഫലത്തില്‍ അദ്ദേഹം ഉപയോഗിച്ചു, എഴുത്തുകാരെ വാരിയടിച്ചുനിലത്തിടാന്‍ പാകത്തിലായിരുന്നു അതിലെ പല പ്രയോഗങ്ങളും. സാഹിത്യത്തിന്റെ സര്‍വവിജ്ഞാനകോശം എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാമോ?
ഇടപെടലുകളില്‍ ചില മര്യാദകള്‍ പുലര്‍ത്തണമെന്നതില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച കാണിച്ചില്ല. 'സുജനമര്യാദ' സാറിന് പ്രിയപ്പെട്ട വാക്കായിരുന്നു. താന്‍ നല്‍കുന്ന സ്‌നേഹവും ബഹുമാനവും തിരികെ കിട്ടണമെന്ന് സാര്‍ നിര്‍ബന്ധം പിടിച്ചു. അതുകൊണ്ട് പല നഷ്ടങ്ങള്‍ വ്യക്തിപരമായി അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. ഒരു മകന്‍ മാത്രമായിരുന്നു പെണ്‍മക്കള്‍ക്ക് പുറമെ അദ്ദേഹത്തിന്. ആ ചെറുപ്പക്കാരന്റെ അകാല മരണം സാറിന്റെ ജിവിതത്തെ ആഴത്തില്‍ ഉലച്ചിരുന്നു. അതിനുശേഷം ആരെയും കലവറയില്ലാതെ ഇഷ്ടപ്പെടുകയോ സ്‌നേഹിക്കുകയോ അദ്ദേഹം ചെയ്തില്ലെന്ന് എനിക്കറിയാം. എല്ലാത്തരം വൈഷമ്യങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച സാറിന്റെ പത്‌നിയെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍... ഇല്ല, എനിക്കത് വിശദീകരിക്കാനാവില്ല.
എഴുത്തുകാരുടെ സാമൂഹിക-സാംസ്‌കാരിക സ്വാധീനം തെല്ലുമേ ബാധിക്കാത്ത ഒരു വിമര്‍ശകന്‍. ഇന്നത്തെ കാലത്തെ സാഹിത്യവിമര്‍ശന മേഖലയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എഡിറ്റര്‍ എന്ന നിലയില്‍ എങ്ങനെ വിലയിരുത്തുന്നു?
സാഹിത്യ വാരഫലത്തില്‍ തന്റെ രചനകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വായിച്ച് പലരും അസഹിഷ്ണുക്കളായിരുന്നു. ചിലരൊക്കെ എന്നെ ശകാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിരുന്നു. ആഴ്ചപ്പതിപ്പിലെ നാല് പേജുകള്‍ സാറിന് വിട്ടു കൊടുത്തിരിക്കുകയാണെന്നും അതില്‍ ഇടപെടാനോ കൈവെക്കാനോ ഉള്ള ധാര്‍മ്മികാവകാശം എനിക്കില്ലെന്നും അവരോട് വിശദീകരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി അത്രമാത്രം വിധേയത്വം പ്രദര്‍ശിപ്പിക്കാന്‍ ഞാനൊരിക്കലും തയ്യാറായിട്ടില്ല. നിരവധി നഷ്ടങ്ങള്‍ അത് എനിക്ക് നല്‍കിയിട്ടുണ്ട്. യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന തടസ്സങ്ങള്‍ മാത്രം.
എഴുത്തുകാരുടെ വ്യക്തിവിദ്വേഷത്തിന് ഇരയായ അനുഭവം അദ്ദേഹത്തിനുണ്ടായിട്ടുണ്ടോ? എഡിറ്റര്‍ക്കു വരുന്ന കത്തുകളില്‍ അത്തരം വിദ്വേഷങ്ങള്‍ പ്രകടമായിരുന്നോ?
സാഹിത്യ വാരഫലത്തിന്റെ സവിശേഷത, മലയാളിയുടെ മനസ്സിനെ മികച്ച സാഹിത്യ കൃതികളില്‍ എത്തിച്ചുവെന്നതായിരുന്നു. ഒന്നോ രണ്ടോ വാക്യങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തത്തക്കവിധം, സാറിന്റെ അറിവും ധാരണയും ആഴത്തിലുള്ളതായിരുന്നു. എഴുത്തുകാര്‍ വ്യക്തിവിദ്വേഷം പ്രകടിപ്പിച്ചോ എന്ന് ഞാന്‍ നോക്കിയില്ല. എഴുത്തുകാര്‍ സ്വന്തം മേല്‍വിലാസത്തില്‍ കത്തുകള്‍ എഴുതിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ അതും പ്രസിദ്ധീകരിച്ചേനെ. പക്ഷേ വായനക്കാരുടെ കത്തുകള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. ഒറ്റകാര്യത്തിലേ എനിക്ക് അദ്ദേഹത്തോട് വിയോജിപ്പുണ്ടായിട്ടുള്ളൂ. അദ്ദേഹം കവിത ചൊല്ലുന്നത് അസഹ്യമായിരുന്നു. എന്നാല്‍ അതൊന്നും അതില്‍ നിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല.
എങ്ങനെയായിരുന്നു വായനക്കാരുടെ പ്രതികരണങ്ങള്‍? ഒരു സാഹിത്യസൃഷ്ടിയെ എങ്ങനെയാണ് വായിക്കേണ്ടതെന്ന് എം.കൃഷ്ണന്‍ നായര്‍ കാണിച്ചു തന്ന വഴി പൊതുവില്‍ വായനക്കാരെ സംബന്ധിച്ചിടത്തോളം സ്വീകാര്യമായിരുന്നോ? അതോ സോകാള്‍ഡ് ഇന്റലക്ച്വല്‍ റീഡിങ് ഗൈഡന്‍സ് ആയിരുന്നോ സാഹിത്യവാരഫലം?
എത്രയെത്ര വിവാദങ്ങള്‍! നിശിതമായ തന്റെ നിരീക്ഷണങ്ങളോട് മുറിഞ്ഞ എത്ര മനസ്സുകള്‍. ഒപ്പം സാറിന്റെ ആ നല്ല വാക്യത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം അസംഖ്യമായിരുന്നു. താനൊരു ദൗത്യം നിര്‍വഹിക്കുകയാണെന്നു സാര്‍ വിശ്വസിച്ചു. വരും വരായ്കകള്‍ അദ്ദേഹം കണക്കിലെടുക്കുത്തില്ല.
മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ല എന്നു പ്രസ്താവിച്ച എം. കൃഷ്ണന്‍ നായരോട് എഡിറ്റര്‍ എന്ന നിലയിലും വായനക്കാരന്‍ എന്ന നിലയിലും എസ്. ജെയ്ക്ക് എന്ത് നിലപാടാണ് ഉണ്ടായിരുന്നത്?
ജീവിതകാലം മുഴുവന്‍ ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. കലാകൗമുദിവിട്ട് സമകാലിക മലയാളം തുടങ്ങിയപ്പോള്‍, രണ്ടുപേര്‍ എന്നോടൊപ്പം തന്നെ വന്നു. ആര്‍ടിസ്റ്റ് നമ്പൂതിരിയും കൃഷ്ണന്‍ നായര്‍ സാറും. എന്തായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്? ഇനിയും എനിക്ക് മറുപടിയിലെത്താന്‍ സാധിച്ചിട്ടില്ല.
ആരോഗ്യകരമായ തര്‍ക്കങ്ങള്‍ അദ്ദേഹം അനുവദിച്ചിരുന്നോ?
സ്‌നേഹിതരുമൊത്ത് സായാഹ്നം ചെലവിടുന്ന ഫലപ്രദമാക്കാന്‍ തന്റെ അനുഭവങ്ങളും വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും പങ്കുുവെക്കാനുള്ള വേദിയായിട്ടാണ് പംക്തിയെ സാര്‍ കണ്ടത്. ഒരുനിമിഷം പോലും പാഴാക്കാനുള്ളതല്ല ജീവിതം എന്നത് വിശ്വാസക്കാരനായിരുന്നു. സ്വന്തം ജീവനേക്കാള്‍ വാക്കുകള്‍ക്ക് അര്‍ഥവും പവിത്രയും നല്‍കിയ വിശുദ്ധനായ ഒരു സാഹിത്യസൂഫിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
.jpg?$p=e291388&&q=0.8)
അദ്ദേഹം എഴുതുന്ന പംക്തിയില്‍ പേനവെക്കല്‍ പ്രക്രിയ നടത്തിയ ആള്‍ എന്ന നിലയില്‍ എഡിറ്റിങ് അനുഭവം പങ്കുവെക്കാമോ?
തീര്‍ച്ചയായും, ആ പംക്തി ആഴ്ചപ്പതിപ്പിന്റെ പ്രചാരത്തെ സഹായിച്ചിരുന്നു. അതില്ലാതെ ആഴ്ചപ്പതിപ്പ് നിലനില്‍ക്കുകയില്ലെന്നു പോലും ഞാന്‍ ഭയപ്പെട്ടിരുന്നു. അതേപ്പറ്റി സാറിനും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ പംക്തിയില്‍ അച്ചടിക്കുമ്പോള്‍ അക്ഷരത്തെറ്റു വരുത്തുന്നതിനോട് ഒരിക്കലും അദ്ദേഹം പൊറുത്തിരുന്നില്ല. പംക്തിയില്‍ പേന വെക്കില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നു.
പംക്തിയില്‍ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുമ്പോള്‍, വ്യക്തിപരമായി താന്‍ അയാളുടെ സ്വാതന്ത്ര്യത്തെയാണ് ധ്വംസിക്കുകയാണെന്ന് സാര്‍ കരുതിയിട്ടില്ല. പൊതുസമൂഹത്തിനുവേണ്ടിയുള്ള കുരിശുയുദ്ധം അദ്ദേഹം സങ്കല്പിച്ചു. പലപ്പോഴും 'സാഞ്ചോ പാൻസ'യെ അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.
സാഹിത്യപത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍ എന്നാണ് സാഹിത്യവാരഫലത്തെ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. സാഹിത്യവാരഫലത്തെ എഡിറ്റര്‍ എന്ന നിലയില്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
പംക്തിയുടെ പേരില്‍ ശത്രുക്കള്‍ എന്നെ കൊല്ലാതെ കൊന്നുവെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒറ്റയ്ക്കിരുന്ന് ചിരിക്കാനാണെന്നു തോന്നുന്നത്. കല്ലെറിഞ്ഞവര്‍, അതൊരു പാഴ്‌വേലയാണെന്ന് വിശ്വസിച്ചില്ല. ഞാന്‍ മറിച്ചും!

Content Highlights: S.Jayachandran Nair, M.Krishnan Nair, Sahithyavaraphalam, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..