'എങ്ങനെ എഴുതണം, എന്തെഴുതണം തുടങ്ങിയ ഉപദേശത്തിന് പുല്ലുവിലപോലും ഞാന്‍ കല്പിച്ചിട്ടില്ല'- ചുള്ളിക്കാട്


 ബാലചന്ദ്രന്‍ ചുള്ളിക്കാട്/എസ്. ഗോപാലകൃഷ്ണന്‍

വീട്ടിലും നാട്ടിലും സ്‌കൂളിലുമൊക്കെ ഞാന്‍ എന്നും അനഭിമതനായിരുന്നു. അതിനാല്‍, ശകാരം, ശിക്ഷ, അപവാദം, പരദൂഷണം, പുച്ഛം, പരിഹാസം എന്നിവയ്‌ക്കെല്ലാം എന്നും ഞാന്‍ ഇരയായിരുന്നു. അതിന്റെ കയ്പ് ഇപ്പോഴും മനസ്സിലുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാട്/ ഫോട്ടോ: സിദ്ദിഖുൽ അക്ബർ

*അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ കോളേജുകളിലും ഹോസ്റ്റലുകളിലും ഞാന്‍ കവിതചൊല്ലി നടന്നിരുന്നു.*ഒരു തലമുറയിലെ ഒരു വിഭാഗം ചെറുപ്പക്കാരുടെ മാനസികവിഭ്രാന്തി ആ കവിതയിലുണ്ടായിരുന്നു എന്നുവേണം ഇപ്പോള്‍ കരുതാന്‍.*ഞാന്‍ തീരെ അനുസരണയില്ലാത്ത കുട്ടിയായിരുന്നു. കൗമാരത്തില്‍ കലഹപ്രിയനായിരുന്നു. യൗവനാരംഭത്തിനുമുന്‍പ് നക്‌സലൈറ്റ് അനുഭാവിയായി-മാതൃഭൂമി ഓണപ്പതിപ്പിനുവേണ്ടി എസ്. ഗോപാലകൃഷ്ണന്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള ഒരു ഭാഗം.

എസ്. ഗോപാലകൃഷ്ണന്‍: നമ്മള്‍തമ്മില്‍ ആദ്യം കാണുന്നത് 1980 ജനുവരിയിലാണ്. അതായത് 42 വര്‍ഷങ്ങള്‍ക്കുമുന്‍പ്. അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' ഇറങ്ങിയിട്ട് ഇരുപതുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. സച്ചിദാനന്ദന്റെ 'ഒരു ജീവിതത്തിന്റെ അവശിഷ്ടങ്ങള്‍' ഇറങ്ങിയിട്ട് പത്തുവര്‍ഷങ്ങളും കഴിഞ്ഞിരുന്നു. ആ വര്‍ഷമാണ് ബാലചന്ദ്രന്‍ 'കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളില്‍ നിന്റെ നക്ഷത്രമുദിക്കുന്നു പിന്നെയും' എന്നെഴുതിയത്. അതുവായിച്ച് ഞെട്ടിയതാണ് ഞങ്ങളുടെ കൗമാരത്തിന്റെ അവസാനവര്‍ഷം. മാപ്പുസാക്ഷിയുടെ പിറവിയെക്കുറിച്ച് പറയാമോ?

ബാലചന്ദ്രന്‍ ചുള്ളിക്കാട്: 1975-ല്‍, 18 വയസ്സിലാണ് ഞാനൊരു നക്‌സലൈറ്റ് അനുഭാവിയാകുന്നത്. അതിനെത്തുടര്‍ന്ന് എനിക്കു വീടും നാടും വിടേണ്ടിവന്നു. എന്റെ സുഹൃത്തും മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയുമായിരുന്ന കെ.എസ്. രാധാകൃഷ്ണന്റെ ഹോസ്റ്റല്‍മുറിയിലാണ് പിന്നീടു ഞാന്‍ താമസിച്ചുപോന്നത്.

1977-ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷമാണ് സിവിക് ചന്ദ്രനും മധുമാസ്റ്ററും മറ്റും ജയിലില്‍നിന്നു പുറത്തുവരുന്നത്. അവരുടെതായിരുന്നു വയനാട് സാംസ്‌കാരികവേദി. പടയണി എന്ന നാടകം കേരളത്തിലുടനീളം അവതരിപ്പിച്ചിരുന്നു. നാടകത്തോടൊപ്പം ഞാന്‍ കവിതയും ചൊല്ലിപ്പോന്നു. അതിനുമുന്‍പുതന്നെ അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ കോളേജുകളിലും ഹോസ്റ്റലുകളിലും ഞാന്‍ കവിതചൊല്ലി നടന്നിരുന്നു. അന്ന് കവിത പ്രസിദ്ധീകരിക്കാന്‍ നിവൃത്തിയൊന്നുമില്ലായിരുന്നു. അതുകൊണ്ട് കോളേജുകളില്‍ പോകുക, താത്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു കവിതചൊല്ലുക, ലോഡ്ജുകളില്‍ പോയി കവിതചൊല്ലുക എന്നതൊക്കെ പതിവായിരുന്നു. കേരളത്തില്‍ മാത്രമല്ല, ബോംബെയിലുംമറ്റും സിവിക് ചന്ദ്രനും മധുമാഷും ഞാനും നക്‌സലൈറ്റ് ആശയപ്രചാരണാര്‍ഥം പോയിട്ടുണ്ട്. പിന്നീട് 1978-ല്‍ ജനകീയസാംസ്‌കാരികവേദി രൂപവത്കരിച്ചപ്പോള്‍ ഞാനും അതിന്റെ ഭാഗമായി.

ഇങ്ങനെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗ്യവിപര്യയങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് നിരവധി സുഹൃത്തുക്കളുണ്ടായി. അവരില്‍ പലരും ജയിലില്‍ പോവുകയും ഭീകരമര്‍ദനങ്ങള്‍ക്കു വിധേയരാകുകയും ചിലര്‍ മാനസികരോഗികളാകുകയും ചിലര്‍ ആത്മഹത്യചെയ്യുകയും ചെയ്തു. വലിയ മാനസികാഘാതത്തിന്റെ കാലമായിരുന്നു അത്. അതിന്റെ പശ്ചാത്തലത്തിലാണ് 1978 -ല്‍ മാപ്പുസാക്ഷി എന്ന കവിത എഴുതുന്നത്. കലാകൗമുദിയാണ് അത് പ്രസിദ്ധീകരിച്ചത്.

മാപ്പുസാക്ഷിയില്‍ ഞാന്‍ പ്രകാശിപ്പിച്ച അനുഭവത്തിന് ഒരു പ്രാതിനിധ്യസ്വഭാവമുണ്ടായിരുന്നു. എന്റെമാത്രം മനസ്സായിരുന്നില്ല അത്. ഒരു തലമുറയിലെ ഒരു വിഭാഗം ചെറുപ്പക്കാരുടെ മാനസികവിഭ്രാന്തി ആ കവിതയിലുണ്ടായിരുന്നു എന്നുവേണം ഇപ്പോള്‍ കരുതാന്‍. അത് ആധുനികകവിതയായിരുന്നോ കാല്പനികകവിതയായിരുന്നോ എന്നൊന്നും ഞാനൊരിക്കലും ശ്രദ്ധിച്ചിരുന്നില്ല. കവിത എങ്ങനെ എഴുതണം, എന്തെഴുതണം തുടങ്ങിയ കാര്യങ്ങളില്‍ മറ്റുള്ളവരുടെ ഉപദേശത്തിന് പുല്ലുവിലപോലും ഒരുനാളും ഞാന്‍ കല്പിച്ചിട്ടില്ല. തോന്നുമ്പോള്‍, തോന്നിയത്, തോന്നിയതുപോലെ എഴുതുകയെന്നതാണ് എന്റെ രീതി. അതേതെങ്കിലും കവിതാപ്രസ്ഥാനത്തില്‍ പെടുന്നുണ്ടോ, ഏതെങ്കിലും സിദ്ധാന്തത്തെ അത് തൃപ്തിപ്പെടുത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ എന്നെ ഒരുകാലത്തും അലട്ടിയിരുന്നില്ല.

ഇപ്പറഞ്ഞതുമായി ബന്ധപ്പെട്ട് കാണാമെന്നുതോന്നുന്നു, ഒരിക്കല്‍ ബാലചന്ദ്രന്‍ പറഞ്ഞ ഒരു കാര്യം. ബാലചന്ദ്രന്റെ സമാനഹൃദയര്‍ ഇല്ലാതാകുമ്പോള്‍ ബാലചന്ദ്രന്റെ കവിതയും മരിക്കണം എന്ന്. താങ്കളുടെ കവിത ലോകകവിതയുടെ ഭാഗമെങ്കില്‍ താങ്കളുടെ പ്രസ്താവന എഴുതപ്പെട്ട എല്ലാ കവിതകള്‍ക്കും ബാധകമല്ലേ?

ഞാന്‍ കവിതയെഴുതുന്നത് എന്റെ സമാനഹൃദയര്‍ക്കുവേണ്ടിയാണ്. അവര്‍ ഇല്ലാതാകുന്ന ഒരു ലോകത്തില്‍ സ്വാഭാവികമായും ഞാനും എന്റെ കവിതയും വിസ്മൃതമാകും. വിസ്മൃതമാകണം.
മനുഷ്യരാശിതന്നെ അനശ്വരമാണെന്ന് പറയാനാവില്ല. അതിനാല്‍ കവിതയുടെ അനശ്വരത സംശയാസ്പദമാണ്. നമ്മള്‍ പറയുന്ന കാലമൊക്കെ വളരെ ചെറുതല്ലേ? ക്രിസ്തുവിനുംമുന്‍പുള്ള എട്ടാംനൂറ്റാണ്ടില്‍ ഹോമര്‍ ഉണ്ടായിരുന്നു. മനുഷ്യചരിത്രത്തില്‍ അതെത്ര ചെറിയ കാലമാണ്! പിന്നെ, ഭാഷയിലും വലിയ മാറ്റങ്ങള്‍ വരുമല്ലോ. നമ്മളില്‍ ആരാണ് ഹോമറിനെ പഴയ ഗ്രീക്ക് ഭാഷയില്‍ വായിക്കുന്നത്? എത്രപേര്‍ക്കറിയാം പഴയ ഗ്രീക്ക് ഭാഷ? ഹോമറിനെ ഇംഗ്‌ളീഷിലേക്ക് തര്‍ജ്ജമചെയ്ത ജോര്‍ജ് ചാപ്മാനുപോലും പഴയ ഗ്രീക്ക് ഭാഷ വലിയ പിടിയില്ലായിരുന്നു. ഫ്രഞ്ച് -ലാറ്റിന്‍ വിവര്‍ത്തനങ്ങള്‍വെച്ചാണ് ചാപ്മാന്‍ ഇംഗ്‌ളീഷിലേക്ക് തര്‍ജ്ജമചെയ്തത്. അദ്ദേഹത്തിന് അത്യാവശ്യം ഗ്രീക്ക് അറിയാമായിരുന്നു. പക്ഷേ, പഴയ ഗ്രീക്ക് ഭാഷ അറിയില്ലായിരുന്നു. അപ്പോള്‍ ഭാഷയ്ക്കുതന്നെ കാലസംബന്ധിയായ പരിമിതികളുണ്ട്. കാലാതിവര്‍ത്തി എന്നൊക്കെ നാം പറയാറുള്ളത് ഒരു അതിശയോക്തി മാത്രമാണ്.

പക്ഷേ, ഹോമറിന്റെ സമകാലികരായിരുന്ന മറ്റ് കവികളെക്കുറിച്ച് നാം സംസാരിക്കുന്നില്ലല്ലോ.

കാലത്തിന് ആപേക്ഷികമായി അങ്ങനെയൊരു തിരഞ്ഞെടുപ്പുണ്ട്. സമൂഹവും കാലവും ചില കവിതകള്‍ തിരഞ്ഞെടുക്കാറുണ്ട്. അത് തലമുറകള്‍ കൈമാറി ഇങ്ങനെ പോരാറുമുണ്ട്.

ആത്മരക്ഷാര്‍ഥം എന്ന പേരില്‍ പ്രതിനായകന്റെ മുഖവുരയില്‍ ബാലചന്ദ്രന്‍ എഴുതി: ''കുലമഹിമയോ സമ്പത്തോ ബുദ്ധിശക്തിയോ ആരോഗ്യമോ സൗന്ദര്യമോ സ്വഭാവഗുണമോ ഒന്നും എനിക്കുണ്ടായിരുന്നില്ല. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സ്‌കൂളിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അവരില്‍നിന്ന് എപ്പോഴും കടുത്ത ശിക്ഷയും നിന്ദയും അപമാനവും പരിഹാസവും അപവാദവും കുറ്റപ്പെടുത്തലും പുച്ഛവും വെറുപ്പും എനിക്ക് സഹിക്കേണ്ടിവന്നു. ഈ ലോകത്തില്‍ എനിക്കല്ലാതെ മറ്റാര്‍ക്കും എന്നെ ആവശ്യമില്ല എന്ന സത്യം കുട്ടിക്കാലത്തുതന്നെ എനിക്ക് ബോധ്യപ്പെട്ടു.'' ആത്മഹത്യ ചെയ്യാതിരിക്കാനാണ് കവിതയില്‍ അഭയംതേടിയത് എന്നും പറഞ്ഞു. ബാല്യകാലത്തെക്കുറിച്ച് പറയാമോ?

പതിനെട്ടുവയസ്സില്‍ വീടുവിട്ട ഒരാള്‍ക്ക് അതിനുമുന്‍പുള്ള കാലത്തെക്കുറിച്ച് വിദൂരസ്മരണകളേ ഉണ്ടാകാനിടയുള്ളൂ. ഞാന്‍ തീരെ അനുസരണയില്ലാത്ത കുട്ടിയായിരുന്നു. കൗമാരത്തില്‍ കലഹപ്രിയനായിരുന്നു. യൗവനാരംഭത്തിനുമുന്‍പ് നക്‌സലൈറ്റ് അനുഭാവിയായി. അതിനാല്‍ വീട്ടിലും നാട്ടിലും സ്‌കൂളിലുമൊക്കെ ഞാന്‍ എന്നും അനഭിമതനായിരുന്നു. അതിനാല്‍, ശകാരം, ശിക്ഷ, അപവാദം, പരദൂഷണം, പുച്ഛം, പരിഹാസം എന്നിവയ്‌ക്കെല്ലാം എന്നും ഞാന്‍ ഇരയായിരുന്നു. അതിന്റെ കയ്പ് ഇപ്പോഴും മനസ്സിലുണ്ട്.
കവികള്‍ക്ക് ദുരനുഭവങ്ങള്‍ മൂലധനമായി മാറുന്നു എന്നേയുള്ളൂ. സ്‌നേഹത്തിന്റെയോ അംഗീകാരത്തിന്റെയോ നിമിഷങ്ങള്‍ നാം മറന്നുപോയെന്നുവരും. പക്ഷേ, നിന്ദയുടെയും അപമാനത്തിന്റെയും ഓര്‍മകള്‍ നാം ഒരിക്കലും മറക്കില്ല.

പക്ഷേ, രമണമഹര്‍ഷിയും നാടുവിട്ടുപോയതല്ലേ? അതില്‍നിന്ന് ബാലചന്ദ്രന്റെ വിട്ടുപോകല്‍ വ്യത്യസ്തമാണോ?

രമണമഹര്‍ഷിയെപ്പോലുള്ളവര്‍ ആത്മീയമായ ഒരു ദൗത്യത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാം ഉപേക്ഷിച്ച് പോകുന്നത്. അല്ലാതെ ജീവിക്കാന്‍ നിവൃത്തിയില്ലാഞ്ഞിട്ടല്ല.
ആത്മീയത ഒട്ടുമില്ലാത്ത ലൗകികനായ ഞാന്‍ ചെയ്തത് ഏതുജീവിയും ചെയ്യുന്ന ഒരു കാര്യമാണ്. ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തെ ഉപേക്ഷിച്ചുപോകുക- അതാണ് വ്യത്യാസം. അവരുടെ ലക്ഷ്യം ആത്മസാക്ഷാത്കാരമായിരുന്നു. എന്റെ ലക്ഷ്യം വൈകാരികമായ സുരക്ഷിതത്വമായിരുന്നു.
എന്തായാലും ബാല്യംമുതലുള്ള നമ്മുടെ അനുഭവങ്ങള്‍ നമ്മെ രൂപപ്പെടുത്തുന്നു. എന്നെ രൂപപ്പെടുത്തിയതും എന്റെ അനുഭവങ്ങള്‍തന്നെ.

കുമാരനാശാന്റെ ബാല്യ-കൗമാരങ്ങള്‍ അദ്ദേഹത്തെ രൂപപ്പെടുത്തിയതില്‍ പങ്കുവഹിച്ചോ?

ജീവചരിത്രപരമായും മനഃശാസ്ത്രപരമായും ഞാന്‍ ആശാനെ വായിച്ചിട്ടില്ല. ചെറുപ്പകാലത്ത് അദ്ദേഹം പൂജാരിയായിരുന്നു. തന്ത്രിയായിരുന്നു. പ്രത്യക്ഷത്തിലല്ല, എങ്കിലും അദ്ദേഹത്തിന്റെ കവിതകളില്‍ അത് കടന്നുവരുന്നുണ്ട്. പഠിച്ച തന്ത്രവും പൂജയും തത്ത്വചിന്തയും. അദ്ദേഹത്തിന്റെ ആധ്യാത്മികബോധത്തിന്റെ അടിസ്ഥാനം അതാവണം.
ദുരനുഭവങ്ങളുമുണ്ടായിരുന്നു ആശാന്. ചെറുപ്പത്തില്‍ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചുപോയിരുന്നല്ലോ. അദ്ദേഹത്തിന്റെ മൃത്യുബോധത്തെ ആ അനുഭവം ഉദ്ദീപിപ്പിച്ചിരിക്കാം.
ഒരുപാട് ശത്രുക്കള്‍ ആശാനുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിനെതിരേ പ്രചരിപ്പിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹംതന്നെ,
'ശൃംഗാരഗായകനിവന്‍
ശഠനെന്നൊരുത്തന്‍,
തുംഗാഭിമാനി ശിഖരസ്ഥിതനെ-
ന്നൊരുത്തന്‍,
ഭൃംഗാഭപല്ലവപടചര,നന്യഗേഹസംഗാത്ത-
ദോഷ,നതിപാംസുലനെന്നൊരുത്തന്‍.'
എന്ന് ഗ്രാമവൃക്ഷത്തിലെ കുയിലില്‍ എഴുതിയിട്ടുണ്ടല്ലോ.
ചങ്ങമ്പുഴയുടെ കാര്യമെടുത്താല്‍, അദ്ദേഹം ഒരിടത്തേക്കും ഓടിപ്പോയില്ല. നാട്ടില്‍ത്തന്നെ നിന്ന് പോരാടി. ജനിച്ചുവളര്‍ന്നയിടത്തുതന്നെ അദ്ദേഹം മരിച്ചു. ഞാന്‍ വിചാരിക്കുന്നത് ശത്രുക്കളോട് നിരന്തരം മല്ലടിക്കേണ്ടിവന്നതുകൊണ്ടാണ് അദ്ദേഹത്തിന് നേരത്തേ മരിക്കേണ്ടിവന്നത് എന്നാണ്. അന്ന് ഇടപ്പള്ളി എന്നുപറഞ്ഞാല്‍, വലിയ സവര്‍ണ-ഫ്യൂഡല്‍ ആധിപത്യമുള്ള സ്ഥലമാണ്. അവിടെ അവരുടെ മൂല്യങ്ങള്‍ക്കൊക്കെ വിരുദ്ധമായിട്ട് ജീവിക്കുകയായിരുന്നു ചങ്ങമ്പുഴ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകുന്നതിനും മുന്‍പാണ് ചങ്ങമ്പുഴ ആ ഇടപ്പള്ളിയിലിരുന്ന് 'വാഴക്കുല' എഴുതിയത്. ജാതിക്കതീതമായി അന്നുതന്നെ ജീവിച്ച്, സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരോട് കൂട്ടുകൂടിനടന്നയാളായിരുന്നു ചങ്ങമ്പുഴ. യാഥാസ്ഥിതികരായ സവര്‍ണപ്രമാണിമാരെ സംബന്ധിച്ചിടത്തോളം ചങ്ങമ്പുഴ ഭ്രഷ്ടനായിരുന്നു.

ഇടപ്പള്ളി രാഘവന്‍ പിള്ളയിലേക്കുവരുമ്പോള്‍, ഒരാശ്രിതനായി ജീവിക്കേണ്ടിവന്നതിന്റെ അപമാനഭാരമായിരുന്നു ആ അഭിമാനിയുടെ മനസ്സില്‍. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ നല്‍കിയ അപമാനമായിരുന്നു അത്. അദ്ദേഹത്തിന് ആരുമില്ലായിരുന്നു. അതിഭയങ്കരമായ അനാഥത്വവും ദാരിദ്ര്യവുമായിരുന്നു അദ്ദേഹത്തിന്റെത്. ചങ്ങമ്പുഴയെപ്പോലെ ഒരു പോരാളിയായിരുന്നില്ല, നിസ്സഹായനായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ആര്‍ക്കും അത്രയൊന്നും അറിയില്ല താനും. ചങ്ങമ്പുഴയെപ്പോലെ ഒരു എക്‌സ്‌ട്രോവേര്‍ട്ട് ആയിരുന്നില്ലല്ലോ. ചങ്ങമ്പുഴയില്‍ പ്രസന്നഭാവവും യുദ്ധഭാവവും ഉണ്ടായിരുന്നു, ഇടപ്പള്ളിയില്‍ അതില്ലായിരുന്നു.

'അക്കൊച്ചുതേന്മാവിന്‍
മൂട്ടില്‍ നിന്നീ
ശര്‍ക്കരമാമ്പഴം വീണുകിട്ടി.'
എന്നും
'ഇടവഴിത്താരയിലൂടെയാ ര-
ണ്ടിടയത്തിരകള്‍ ഒലിച്ചുപോയി.'
എന്നും പറയുന്ന അതേ ചങ്ങമ്പുഴതന്നെയാണ്
'പാതിരേ, വേഗം വരൂ, വരൂ കൂരിരുള്‍-
പാറ പിളര്‍ന്നു നീ ആകാരഭീകരേ,
നിഹ്നുത നീരദ വ്രാതാസിതംബരേ
ചന്ദ്രലേഖോദ്യല്‍ സിതോഗ്രദ്രംഷ്ട്രാങ്കുരേ...' എന്നൊക്കെ എഴുതുന്നത്.

മറ്റൊരു സവിശേഷത പറയാം. ചങ്ങമ്പുഴയുടെ കവിത മഹാത്മാഗാന്ധിയെ പരിഗണിക്കുന്നില്ല. സ്വാതന്ത്ര്യസമരത്തെക്കുറിച്ചും കാര്യമായൊന്നും ചങ്ങമ്പുഴക്കവിതയിലില്ല. അതേസമയം സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്. മാത്രമല്ല, ചങ്ങമ്പുഴ പാശ്ചാത്യസംസ്‌കാരത്തിന്റെ ആരാധകന്‍കൂടിയായിരുന്നു. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും പാശ്ചാത്യസംസ്‌കാരത്തിലേയുള്ളൂ എന്ന് കരുതിയ ആളാണ് ചങ്ങമ്പുഴ.
അന്ന് കൊച്ചി ഹിന്ദുരാഷ്ട്രമായിരുന്നു. ഹിന്ദുത്വഭരണം എന്താണെന്ന് അനുഭവിച്ചറിഞ്ഞ് ജീവിച്ചയാളായിരുന്നു ചങ്ങമ്പുഴ. ഇവിടത്തെ ബ്രാഹ്‌മണമേധാവിത്വവും സവര്‍ണമേധാവിത്വവുമായിരുന്നു ചങ്ങമ്പുഴയ്ക്ക് ഇന്ത്യന്‍ സംസ്‌കാരം. അല്ലാതെ വേദങ്ങളും ഉപനിഷത്തുക്കളുമായിരുന്നില്ല. ഫ്രഞ്ച് വിപ്ലവമൂല്യങ്ങളോടുള്ള ആദരമായിരുന്നു ചങ്ങമ്പുഴയുടെ രാഷ്ട്രീയം. അവിടത്തെ അരാജകത്വത്തോടും അദ്ദേഹത്തിന് ആദരമായിരുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍ എന്നോട് ഒരുകാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ബുക്ക് സ്റ്റാളില്‍ ഫ്രഞ്ച് ചിത്രകാരന്മാരുടെ ജീവചരിത്രങ്ങള്‍ വാങ്ങിക്കൊണ്ടുവെച്ചിരുന്നു. അതുമുഴുവന്‍ ചങ്ങമ്പുഴ വായിച്ചു.
''അതിനുശേഷമാണ് അവന്റെ തല തിരിഞ്ഞുപോയത്,'' ബഷീര്‍ പറഞ്ഞു.
രമണന്‍ കാല്പനികകാവ്യമാണെന്നാണല്ലോ അധ്യാപകര്‍ കോളേജില്‍ പഠിപ്പിക്കുന്നത്. ആ രമണനില്‍ ഒരു രംഗമുണ്ട്. രാത്രിയില്‍ ചന്ദ്രിക, രമണന്റെ കഴുത്തില്‍ പൂമാലയിടുന്ന ഒരു രംഗം. അപ്പോള്‍ രമണന്‍ പറയുന്നതാണ്:
'കേള്‍പ്പു ഞാന്‍ അന്തര്‍നാദമൊന്നെന്നില്‍
ഈ നാടകം, തീര്‍ച്ചയാണ്,
അവസാനം രക്തത്തിലാണെന്നായി.'
ദുരഭിമാനക്കൊലകളുടെ ഈ കാലത്തും രമണന്റെ വാക്കുകള്‍ സ്വപ്നമല്ല. ക്രൂരയാഥാര്‍ഥ്യമാണ്.
സാമ്പത്തികവും സാമൂഹികവുമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായ രാഷ്ട്രീയശക്തിയായിരുന്നു ചങ്ങമ്പുഴയ്ക്ക് പ്രണയവും ദുഃഖവും.

സ്വാനുഭവധാരയില്‍പ്പെട്ട മറ്റ് കവികള്‍ ആരൊക്കെയാണ്?

വൈലോപ്പിള്ളിമാഷ് സ്വന്തം കവിത വെട്ടിത്തിരുത്തുമായിരുന്നു. ചിലപ്പോള്‍ അത് പുസ്തകമാക്കുമ്പോള്‍ വീണ്ടും തിരുത്തും. അദ്ദേഹം മാതൃഭൂമിക്ക് ഒരു കവിത അയച്ചാല്‍ പിന്നാലെ മറ്റൊരു കത്തുപോകും, തിരുത്ത്. ഞാന്‍ കേട്ടിട്ടുള്ളത് കൃഷ്ണവാരിയര്‍ വൈലോപ്പിള്ളിയുടെ കവിത കിട്ടിയാല്‍ ഉടനെത്തന്നെ പ്രസിദ്ധീകരിക്കുമായിരുന്നു എന്നാണ്. അല്ലെങ്കില്‍, തിരുത്തുകള്‍ വന്നുകൊണ്ടേയിരിക്കുമത്രേ. ഒരിക്കല്‍ ഞാന്‍ വൈലോപ്പിള്ളിമാഷോടുതന്നെ ചോദിച്ചു, എന്തുകൊണ്ടാണ് ഇങ്ങനെ തിരുത്തിക്കൊണ്ടേയിരിക്കുന്നത് എന്ന്. അതിനൊരു കാരണമുണ്ടായിരുന്നു. വിദ്യാര്‍ഥിജീവിതകാലത്ത് വൈലോപ്പിള്ളി കവിതയെഴുതിയാല്‍ അധ്യാപകനായിരുന്ന കുറ്റിപ്പുറത്ത് കേശവന്‍നായരെ കാണിക്കുമായിരുന്നു. അദ്ദേഹം അത് വായിച്ചുനോക്കിയിട്ട് പല തിരുത്തും പറയുമായിരുന്നു. സന്ധി, സമാസം, ഔചിത്യം എന്നിങ്ങനെ. വലിയ നിഷ്‌കര്‍ഷയായിരുന്നു, കുറ്റിപ്പുറത്ത് കേശവന്‍നായര്‍ക്ക്. കഠിനമായ സംസ്‌കൃതപദങ്ങള്‍ വന്നാല്‍, ലളിതമായവ ഉപയോഗിക്കാന്‍ പറയുമായിരുന്നു. ചങ്ങമ്പുഴയും കേശവന്‍നായരെ കവിത കൊണ്ടുവന്ന് കാണിക്കുമായിരുന്നു. പക്ഷേ, കേശവന്‍നായര്‍ ചങ്ങമ്പുഴയോട് 'അസലായി' എന്നേ പറയാറുള്ളൂ. തിരുത്തൊന്നും പറയില്ല.

ഒരിക്കല്‍ വൈലോപ്പിള്ളി കേശവന്‍നായരോട് പറഞ്ഞു: ''ചങ്ങമ്പുഴയുടെ കവിതയില്‍ ഒരുപാട് കുഴപ്പങ്ങളുണ്ടല്ലോ. പക്ഷേ, മാഷെന്താണ് അതൊന്നും തിരുത്താത്തത്? എന്റെ കവിത തിരുത്താന്‍ പറയും. അതെന്തുകൊണ്ടാണ്?''
അപ്പോള്‍ കുറ്റിപ്പുറത്ത് കേശവന്‍നായര്‍ പറഞ്ഞുവത്രേ, ''അവന്‍ പ്രതിഭയാണ്. അവന് കവിത അങ്ങനെതന്നെ വരുന്നതാണ്. അവന്‍ വിചാരിച്ചാല്‍പ്പോലും അതില്‍ തിരുത്ത് സാധ്യമല്ല. നിനക്ക് അവന്റെയത്ര പ്രതിഭയില്ല. പക്ഷേ, നല്ല കവിതാവാസനയുണ്ട്. അതുകൊണ്ട് നീ വീണ്ടും വീണ്ടും തിരുത്തി നന്നാക്കിയെഴുതിയാല്‍ നിനക്കുകൊള്ളാം.''
ഇതെന്നോട് പറഞ്ഞത് വൈലോപ്പിള്ളിതന്നെയാണ് എന്നതോര്‍ക്കുക.

സംസ്‌കൃതപഠനമുണ്ടായിരുന്നോ ബാലചന്ദ്രന്?

ഒരിക്കലുമുണ്ടായിട്ടില്ല. പലരും ഇച്ചോദ്യം എന്നോട് ചോദിച്ചിട്ടുണ്ട്. സംസ്‌കൃതപണ്ഡിതനായ എന്‍.വി. കൃഷ്ണവാരിയരും ചോദിച്ചിട്ടുണ്ട്. എന്റെ കവിതയിലെ സംസ്‌കൃതം എന്റെ കവിതാപരിചയത്തില്‍നിന്ന് വരുന്നതാണ്. ഞാന്‍ മലയാളം മൂന്നുവയസ്സുമുതല്‍ ആറുവയസ്സുവരെ എഴുത്താശാന്റെ അടുത്തുപോയി പഠിച്ചു. ആറുവയസ്സില്‍ ആശാന്‍ എന്നെ എഴുത്തച്ഛന്റെ സുന്ദരകാണ്ഡം വായിക്കാറാക്കി. സുന്ദരകാണ്ഡം മൂന്നുപ്രാവശ്യം തെറ്റുകൂടാതെ വായിച്ചുകേട്ടപ്പോള്‍ ആശാന്‍ പറഞ്ഞു, ഇനി നാളെമുതല്‍ നീ വരേണ്ട എന്ന്. രണ്ട് കാവ്യങ്ങളാണ് ആശാന്‍ പഠിപ്പിച്ചത്. ഒന്ന്, സുന്ദരകാണ്ഡം. രണ്ട്, കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ 'കുചേല സദ്ഗതി'. ആ അറിവുവെച്ചാണ് ഞാനിത്രയും കാലം ജീവിച്ചത്.
ഞാനാദ്യമായി ചങ്ങമ്പുഴയെ അറിയുന്നത് വായിച്ചിട്ടല്ല, കേട്ടിട്ടാണ്. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ കെടാമംഗലം സദാനന്ദന്റെ കഥാപ്രസംഗത്തിലൂടെയായിരുന്നു അത്. അദ്ദേഹം ഞങ്ങളുടെ സ്‌കൂളില്‍ വന്ന് 'വാഴക്കുല' കഥാപ്രസംഗമായി അവതരിപ്പിച്ചു. അതായിരുന്നു, എന്റെ ജീവിതത്തിലെ ആദ്യത്തെ സാമൂഹ്യശാസ്ത്ര ക്ലാസ്.
നമ്മുടെ സമൂഹത്തിലെ ജാതീയമായ ഉച്ചനീചത്വത്തെക്കുറിച്ചും സാമ്പത്തികമായ ഉച്ചനീചത്വത്തെക്കുറിച്ചും ആദ്യമായി ഞാന്‍ മനസ്സിലാക്കുന്നത് വാഴക്കുലയിലൂടെയാണ്. ചങ്ങമ്പുഴയിലേക്കുള്ള വാതില്‍ തുറന്നത് അങ്ങനെയാണ്.

റോബര്‍ട്ട് ഫ്രോസ്റ്റ് ഒരഭിമുഖത്തില്‍ പറഞ്ഞു, എല്ലാ നല്ല കവിതകളും എഴുതപ്പെട്ടത് കവികളുടെ മുപ്പതുവയസ്സിന് മുന്‍പാണ് എന്ന്. Insufficient Knowledge-ല്‍നിന്നാണ് എപ്പോഴും നല്ല കവിതകള്‍ ഉണ്ടായതെന്നും 1952- ല്‍ അദ്ദേഹം പറഞ്ഞു. കവിത ഏതറിവിന്റെ അടിസ്ഥാനത്തിലാണ് എഴുതപ്പെടുന്നത്, അല്ലെങ്കില്‍ പിറകൊള്ളുന്നത്? അറിഞ്ഞതില്‍ പാതി പറയാതെ പോയി എന്ന് മുപ്പതുവയസ്സിനുമുന്‍പേ ഏറ്റുപറഞ്ഞ കവിയോടാണ് ഇച്ചോദ്യം.

കവിതാരചനയെക്കുറിച്ചും എഴുതുന്ന പ്രക്രിയയെക്കുറിച്ചും പല വിശദീകരണങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. സംസ്‌കൃത ആചാര്യന്മാരുടേതുമുതല്‍ പാശ്ചാത്യ ആചാര്യന്മാരുടേതുവരെ. പക്ഷേ, എന്റെ അനുഭവവുമായി പൊരുത്തപ്പെടുന്നതായി എനിക്ക് തോന്നിയത് ഒക്ടോവിയോ പാസിന്റെ ഒരു വിശദീകരണമാണ്. Jumping into the unknown. അതുമാത്രമാണ് എന്റെ അനുഭവവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു വിശദീകരണം. അതുപോലെത്തന്നെ എന്താണ് കവിത എന്നതിനെക്കുറിച്ചും ഭാരതീയവും പാശ്ചാത്യവും പുരാതനവും ആധുനികവുമായ നിരവധി വിശദീകരണങ്ങള്‍ കേട്ടിട്ടുണ്ട്. എന്റെ അനുഭവവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു വിശദീകരണം ഞാന്‍ കേട്ടിട്ടുള്ളത് ഒരു കവിയുടേതല്ല, ഒരു കവിയുടെ ഭാര്യയുടേതാണ്. റഷ്യന്‍ കവിയായിരുന്ന Osip Emilyevich Mandelstam-ന്റെ ഭാര്യ നടാഷ മെന്‍ഡല്‍സ്റ്റാം പറഞ്ഞ നിര്‍വചനം. 'Poetry is a mystery.'

ചുള്ളിക്കാടുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇപ്പോള്‍ വിപണിയിലുള്ള മാതൃഭൂമി ഓണപ്പതിപ്പില്‍ വായിക്കാം.


Content Highlights: Balachandran Chullikkad, S. Gopalakrishnan, Mathrubhumi Onappathipp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented