പുസ്തകം അച്ചടിക്കാന്‍ വീട് പണയപ്പെടുത്തിയ കവിയച്ഛന്‍; പരാതിയുമില്ല, പ്രതിഷേധവുമില്ല, സ്മാരകവുമില്ല!


ഷബിത

അദ്ദേഹത്തിന്റെ കവിതയിലെ നാല് വരികള്‍ വായിക്കുമ്പോള്‍ കുടുംബത്തില്‍ നടന്ന ഒരു സംഭവം വ്യക്തിജീവിതത്തില്‍ വല്ലാതെ ഉലച്ചുകളഞ്ഞെന്നും തന്നെക്കുറിച്ച് സ്വയം ബോധമുണ്ടായതും അപ്പോഴാണെന്നും എനിക്കു തോന്നുന്നു.

മഹാകവി പി.കുഞ്ഞിരാമൻ നായർ. മകളുടെ ശേഖരത്തിൽ നിന്ന്. (മാതൃഭൂമി ആർക്കൈവ്സ്)

അസ്തിത്വ പ്രതിസന്ധിയുടെ ആഴം ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞ മലയാള കവി ആരായിരിക്കുമെന്ന ചോദ്യത്തിൽ ആദ്യത്തെ പേര് മഹാകവി പി കുഞ്ഞിരാമൻ നായരുടേതാണ്. ഇടമെവിടം എന്ന തിരച്ചിലിൽ നാടൊട്ടാകെ അലഞ്ഞ മഹാകവിയുടെ ജീവിതത്തിൽ കുടുംബം ഒരു ഇടത്താവളം മാത്രമായിരുന്നു. അച്ഛൻ എന്നുച്ചരിക്കാതെ മഹാകവി പി എന്നാണ് അദ്ദേഹത്തിന്റെ മൂത്തമകൻ രവീന്ദ്രൻ നായർ സംസാരത്തിലുടനീളം പറഞ്ഞത്. പി ഒരു പൊതുസ്വത്താണ് എന്ന് ചെറുപ്പം മുതലേ തിരിച്ചറിഞ്ഞ മകനോട് മഹാകവിയുടെ ശേഷിപ്പുകളെക്കുറിച്ചാരാഞ്ഞപ്പോൾ മനസ്സുതുറക്കുന്നു.

രുകയ്യും വീശിനടക്കുന്ന കവിയുടെ ചിത്രങ്ങൾ കാണുമ്പോൾ ഇതായിരുന്നല്ലോ ജീവിതത്തിലും മഹാകവി പി കുഞ്ഞിരാമൻ നായർ എന്നോർക്കാറുണ്ട്. മഹാകവി എന്ന പേരല്ലാതെ സ്വന്തമായി ഒന്നും സൂക്ഷിച്ചുവയ്ക്കുന്ന ശീലം പണ്ട് തൊട്ടേ അദ്ദേഹത്തിനുണ്ടായിരുന്നില്ല. പല പത്രമാപ്പീസുകളിലും ചെന്ന് കവിതയെഴുതിക്കൊടുത്തു പണം വാങ്ങാറുണ്ടെന്നു കേട്ടിട്ടുണ്ട്.

വല്ലാത്ത ദുരൂഹതയായിരുന്നു കവിയുടെ ജീവിതത്തിലുടനീളം. ഒരു കാലത്തും എവിടെയും സ്ഥിരമായി ഉറച്ചുനിൽക്കുന്ന സ്വഭാവമില്ലായിരുന്നു. പട്ടാമ്പി കോളേജിൽ പഠിച്ചുകൊണ്ടിരുന്ന അമ്മയെ വിവാഹം കഴിച്ചു കൊണ്ടുവന്നത് വീട്ടുകാരോട് ആലോചിക്കാതെയായിരുന്നു. പിന്നെ അമ്മയെ വീട്ടിലാക്കി ഒരു പോക്കു പോയി. വർഷങ്ങളോളം കവിയെക്കുറിച്ച് ഒരു വിവരവുമില്ലാതെ അമ്മ അദ്ദേഹത്തിന്റെ വീട്ടിൽ കഴിഞ്ഞു. കവിയുടെ അച്ഛനായിരുന്നു ഞങ്ങളുടെ ആശ്രയം. അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ ഞങ്ങൾ കഴിഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം വെറുകയ്യോടെ ഇറങ്ങേണ്ടി വന്നു.

നാളേയ്ക്കുവേണ്ടി കരുതുന്ന ഒരു സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു. അത്താഴമെങ്ങനെ എന്ന ചിന്തപോലും ഉണ്ടായിരുന്നില്ല. പക്ഷേ കാശുണ്ടാവുന്ന സമയത്ത് വാരിക്കോരി കൊടുത്തുതീർക്കും. പലപല ഉപഹാരങ്ങളും ലഭിച്ചു, സ്വർണമാല കഴുത്തിലണിയിച്ചു എന്നൊക്കെ കേൾക്കാമെന്നല്ലാതെ അപ്പോൾ കാണുന്ന ആശ്രിതന് അത് ദാനം ചെയ്യുമായിരുന്നു അദ്ദേഹം.

പിയുടെ ശേഷിപ്പുകൾ എന്തുണ്ട് എന്ന് അന്വേഷിച്ചാൽ അത്ഭുതപ്പെട്ടുപോകും. എഴുതിയതും അച്ചടിച്ചതുമായ പകുതി പുസ്തകങ്ങൾ പോലും കാണാനില്ല എന്നേ പറയാനുള്ളൂ. എത്രയെത്ര വീടുകളിൽ അദ്ദേഹം മാറിമാറി താമസിച്ചു! ആയിടങ്ങളിലൊന്നും നിൽപുകൊള്ളാതെ രാപകൽ ഇറങ്ങിനടന്നു, അലഞ്ഞുതിരിഞ്ഞു. കോഴിക്കോട് സ്റ്റാൻഡിലും തെരുവുവിളക്കിന്റെ ചുവട്ടിലും ഇരുന്ന് ഉറക്കമൊഴിച്ച് കവിതകളെഴുതിക്കൊടുത്തു. ഉദയരാഗവും ശ്രീരാമചരിതവുമൊക്കെ അങ്ങനെ എഴുതിയ പുസ്തകങ്ങളാണ്. കവിയുടെ മനസ്സ് ആർക്കും പിടി തന്നിരുന്നില്ല. കിട്ടിയിരുന്ന സ്നേഹമൊന്നും മതിയായിരുന്നില്ല അദ്ദേഹത്തിന്.

ഒരിക്കൽ അഴീക്കോട് പറഞ്ഞു: ചങ്ങമ്പുഴയും കുഞ്ഞിരാമൻ നായരും സൗന്ദര്യത്തെക്കുറിച്ചെഴുതി. ചങ്ങമ്പുഴ എഴുതിയത് സ്ത്രൈണമായ സൗന്ദര്യത്തെക്കുറിച്ചായിരുന്നെങ്കിൽ പി എഴുതിയത് ദിവ്യമായ സൗന്ദര്യത്തെക്കുറിച്ചായിരുന്നു. കേരള കാല്പനികതയെ പി അടിവരയിട്ടടയാളപ്പെടുത്തുക തന്നെ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിലവിലുള്ള പുസ്തകങ്ങളുടെ റോയൽറ്റി പി സ്മാരക ട്രസ്റ്റിന് ലഭിക്കുന്നുണ്ട്. അതിന്റെ ഒരു ഭാഗം സാഹിത്യത്തിനായി തന്നെ ഉപയോഗിക്കുന്നു.

p kunhiraman nair
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ മക്കളായ രാധമ്മയും രവീന്ദ്രനും കാഞ്ഞങ്ങാട് ബെല്ലിക്കോത്ത് ആനന്ദാശ്രമത്തിലെ പി.യുടെ തറവാട് വീടിന് മുന്നിൽ. (ഫയൽ ചിത്രം). ഫോട്ടോ: രാമനാഥ് പൈ

അച്ഛനെ ഓർക്കുമ്പോൾ ഒരുപാട് നഷ്ടബോധങ്ങളുണ്ട്. അച്ഛനെന്ന സ്നേഹം അനുഭവിച്ചിട്ടില്ല എന്നു തന്നെ പറയാം. പത്താം ക്ളാസിനുശേഷം എന്റെ കാര്യത്തിൽ ഞാൻ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ തുടങ്ങി. കവിയോട് അങ്ങനെയൊക്കെയായിരുന്നു എന്റെ പ്രതിഷേധം. അമ്മയെ ഓർക്കുമ്പോൾ കവിയോട് കൂടുതൽ വിദ്വേഷവും തോന്നിയ കാലമുണ്ടായിരുന്നു. പക്ഷേ അതെല്ലാം വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോകുന്നത് അദ്ദേഹത്തിന്റെ രചനകൾ വായിക്കുമ്പോളാണ്, അതിലെ സംഘർഷങ്ങളും വൈകാരിക വിക്ഷോഭങ്ങളും അടുത്തറിയാൻ കഴിയുമ്പോളാണ്. അദ്ദേഹത്തിന്റെ കവിതയിലെ നാല് വരികൾ വായിക്കുമ്പോൾ കുടുംബത്തിൽ നടന്ന ഒരു സംഭവം വ്യക്തിജീവിതത്തിൽ വല്ലാതെ ഉലച്ചുകളഞ്ഞെന്നും തന്നെക്കുറിച്ച് സ്വയം ബോധമുണ്ടായതും അപ്പോഴാണെന്നും എനിക്കു തോന്നുന്നു. ഹോട്ടൽ ഊണും വാടകമുറിയും എന്ന കവിതയിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചിരിക്കുന്നത്;

വക്രമാർഗ്ഗത്തിൽ കൂടി
ക്കുടുക്കിട്ടെന്നെത്തീരു-
വിൽക്കുമാപ്പീസിലൊപ്പു
വെപ്പിച്ച ദിനമോർപ്പൂ

വിചാരവിഹാരം1, 2 മണിവീണ, വാസന്തിപ്പൂക്കൾ, പൂമ്പാറ്റകൾ എന്നീ പുസ്തകങ്ങൾ അച്ചടിച്ചു കാണാൻ മഹാകവി പി ഏറെ ആശിച്ചനാളുകളിലാണ് തികച്ചും വിചിത്രമായ ഒരു ബുദ്ധി അദ്ദേഹത്തിന്റെ മനസ്സിലുദിച്ചത്. തോന്നുന്നത് തോന്നുമ്പോൾത്തന്നെ ചെയ്തുകളയുമായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ താൻ ജനിച്ചുവളർന്ന തറവാടിന്റെ ആധാരം കൂടാളി ഗോവിന്ദൻ നമ്പ്യാർക്ക് ചൂണ്ടിപ്പണയമാക്കി കാശുവാങ്ങി പുസ്തകം അച്ചടിച്ചു. കാലങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന് വീടിനവകാശമില്ലാതായി. കവിയുടെ മക്കൾ പലയിടങ്ങളിലായി താമസിച്ചു. മഹാകവിപ്പട്ടം ചൂടി നടക്കുമ്പോഴും ആ കൈകൾ ശൂന്യമായിരുന്നു.

വൈകാരികാനുഭവങ്ങളുടെ ചൂളയിൽ സ്വയം വെന്തുതീർന്നതാണ് കവി. തിരിഞ്ഞുനോക്കുമ്പോൾ പിതാവ് എന്നതിനപ്പുറം മഹാകവിയോടുള്ള സ്നേഹവും ബഹുമാനവും കൂടുന്നേയുള്ളൂ. അദ്ദേഹത്തിനായി ഒരു സ്മാരകം വേണം. കാവ്യജീവിതത്തിലെ അവശേഷിപ്പുകൾ അല്പമുള്ളത് ഇനിയുള്ള തലമുറയ്ക്കായി സൂക്ഷിച്ചു വെക്കാനൊരിടം വേണം. സമയമാവട്ടെ, കവി ഓർത്തതുപോലെ, പാവയെക്കൊടുത്ത കയ്യിവനു പത്നിയെയും സാവധാനം കൊടുക്കുമായിരിക്കും...

Content Highlights: Ravindran Nair son of Mahakavi P Kunhiraman Nair Speaks about the life of his father


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented