അച്ഛന്റെ ആരും കാണാത്ത നിസ്സഹായമുഖം, അമ്മയുടെ കാത്തിരിപ്പ്- വി.കെ.എന്നിന്റെ മരുമകൾ രമ


ഷബിത

9 min read
Read later
Print
Share

വി.കെ.എൻ, വേദവതിയമ്മ

തിരുവില്വാമലയിലെ വടക്കേകൂട്ടാലവീട്. സാഹിത്യത്തിലെ ഒരേയൊരു വി.കെ.എന്നിന്റെ സ്വകാര്യസാമ്രാജ്യം. വായനക്കാര്‍ ആക്ഷേപഹാസ്യത്തില്‍ ആര്‍ത്തുചിരിച്ചപ്പോളും അകമേ വിങ്ങിയ നെഞ്ചുമായി ഒരച്ഛന്‍ മകനെ വൃഥാ കാത്തിരുന്നു. അദ്ദേഹത്തെയറിയിക്കാതെ ഭാര്യ വേദവതിയും ഒരിക്കലും മടങ്ങിവരാത്ത മകനുവേണ്ടി കണ്ണും കാതുമോര്‍ത്തു. ജീവിതത്തിന്റെ പടവില്‍ ഒന്നുപോലും കയറിത്തികയ്ക്കാനാവാതെ മകന്റെ ഭാര്യ രമ ഈ രണ്ടു കാത്തിരിപ്പുകളെയും ജീവിതം മറന്ന് ചേര്‍ത്തുപിടിച്ചു. ആ കാത്തിരിപ്പുകളെ കാലം മുറതെറ്റാതെ കൈപിടിച്ചുകൂടെകൂട്ടിയപ്പോള്‍ രമ തനിച്ചായി. മുപ്പത്തിയൊന്നുവര്‍ഷത്തിനുശേഷം ഏകാന്തതയറിഞ്ഞത് ഇപ്പോളാണെന്ന് രമ പറയുന്നു. ഒപ്പം ആ 'നല്ല കാല'ത്തിന്റെ ഓര്‍മകളും.

ഇക്കഴിഞ്ഞ മെയ് ആറിന് വേദവതിയമ്മയും യാത്രപറഞ്ഞിരിക്കുന്നു. തിരുവില്വാമലയിലെ വടക്കേകൂട്ടാലയില്‍ ഇനി രമ തനിച്ചാണ്.

മണിയേട്ടൻ അവസാനത്തെ കത്തില്‍ എനിക്കെഴുതി; 'നീ എന്നെക്കാള്‍ സ്‌നേഹിക്കുന്നത് എന്റെ അച്ഛനെയും അമ്മയെയുമാണ്. അവരെ നന്നായി നോക്കണം.' വടക്കേകൂട്ടാലവീട്ടിലേക്ക് മണിയേട്ടന്റെ ഭാര്യായായി ഞാന്‍ വരുന്നത് ഇരുപത് വയസ്സുള്ളപ്പോളാണ്. പതിനാറ് മാസമാണ് അദ്ദേഹത്തോടൊപ്പം കഴിഞ്ഞത്. പറഞ്ഞോ പറയാതെയോ ഉള്ള മകന്റെ ഇറങ്ങിപ്പോക്കുകള്‍ അച്ഛനും അമ്മയ്ക്കും ശീലമായിക്കഴിഞ്ഞിരുന്നു. അവിടെയെത്തിയപ്പോള്‍ ഞാനുമത് ശീലിച്ചു. അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് അച്ഛനെയും അമ്മയെയും നല്ലപോലെ നോക്കാന്‍ മാത്രമായിരുന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു വിഷമവും വരാത്ത രീതിയില്‍ ഞാനവരെ സ്‌നേഹിച്ചു. മകനും അച്ഛനും അമ്മയും എന്നെ വിട്ടുപോയി. ഞാനിവിടെ എല്ലാവരുടെയും ഓര്‍മകളുമായി ബാക്കിയായിരിക്കുന്നു.

മരണത്തെ നമുക്ക് തടുക്കാനാവില്ലല്ലോ.

അതൊക്കെ ശരി തന്നെ. ഭര്‍ത്താവിന്റെയോ അച്ഛന്റെയോ അമ്മയുടെയോ മരണത്തെ എനിക്ക് തടുക്കാന്‍ പറ്റുന്നതല്ല. പക്ഷേ എല്ലാവരും ഓര്‍മകളായി എന്നും ജീവിച്ചിരിക്കുകയാണ്. മണിയേട്ടന്‍ ആത്മഹത്യ ചെയ്തു എന്ന അറിയിപ്പുമായി പോലീസ് വരുന്നത് അമ്മയുടെ പിറന്നാളിന്റെയന്നാണ്. അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മണിയനായിരുന്നു അദ്ദേഹം. വീട്ടില്‍ ഇല്ലാത്തപ്പോഴും മകന്‍ തൊട്ടടുത്ത് നില്‍ക്കുന്ന പ്രതീതി അമ്മ വര്‍ത്തമാനങ്ങളിലൂടെ സൃഷ്ടിച്ചിരുന്നു. ഞാനും അങ്ങനെ തന്നെ വിശ്വസിച്ചു. അച്ഛന്‍ മാത്രമാണ് പോലീസ് നല്‍കിയ അറിയിപ്പിനുമുന്നില്‍ നിസ്സഹായനായിപ്പോയത്. അദ്ദേഹത്തിന് ഞങ്ങളേക്കാള്‍ ലോകവിവരമുണ്ടല്ലോ.

വേദവതിയമ്മയോടൊപ്പം മകൻെറ ഭാര്യ രമ

വി.കെ എന്നിനായിരുന്നു രമയുടെ കാര്യത്തില്‍ കൂടുതല്‍ സങ്കടം എന്നു കേട്ടിട്ടുണ്ട്

മകന്റെ വിയോഗത്തിലുണ്ടായിരുന്ന അതേ സങ്കടം എന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കുമുണ്ടായിരുന്നു. മകന്റെ മരണവാര്‍ത്ത നിയമപരമായി അച്ഛന്‍ അംഗീകരിച്ചെങ്കിലും പക്ഷേ മനസ്സില്‍ ഒരു പ്രതീക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്തു. അമ്മയാകട്ടെ മണിയനെക്കുറിച്ചും മണിയന്റെ ഇഷ്ടങ്ങളെക്കുറിച്ചും ഇഷ്ടക്കേടുകളെക്കുറിച്ചും മാത്രം പറഞ്ഞ് മകന്‍ ഇപ്പോള്‍ ഇറങ്ങിപ്പോയതേയുള്ളൂ, വൈകാതെ മടങ്ങിവരും എന്ന അനുഭവം എല്ലായ്‌പ്പോഴും സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മണിയേട്ടന്‍ ഇനിയില്ല എന്ന് തീര്‍ച്ചയായപ്പോള്‍ അമ്മ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. പിറ്റേ ദിവസം തന്നെ അച്ഛന്റെ കാര്യസ്ഥന്‍ കോരി എന്റെ വീട്ടിലെത്തി ഒരു എഴുത്തുതന്നു. അച്ഛന്‍ എഴുതിയിരിക്കുന്നു: 'നീ ഇറങ്ങിയതുമുതല്‍ അമ്മ കിടക്കുന്നു, ഒന്നു കുടിച്ചിട്ടില്ല. എനിക്കും ഒന്നിനും പറ്റുന്നില്ല. അവന്റെ കൂടെ ഇങ്ങുവരൂ' എന്നായിരുന്നു എഴുതിയത്. ഞാനപ്പോള്‍ തന്നെ കോരിയുടെ പിറകേ ഇറങ്ങി നടന്നു. തിരിച്ചുപോകുകയാണെന്ന് അമ്മയോട് പറഞ്ഞു. അന്നുമുതല്‍ രണ്ടുപേരെയും എന്റെ ഉത്തരവാദിത്തമായി കൊണ്ടുനടന്നു. അച്ഛന്‍ ഒരിക്കല്‍ കോഴിക്കോട് പോയപ്പോള്‍ രാത്രി ഉറക്കം കിട്ടാതെ കണ്ണുതുറന്നുകിടക്കുന്നത് കണ്ട് അടുത്തുള്ളയാള്‍ അന്വേഷിച്ചു. അപ്പോള്‍ അയാളോട് പറഞ്ഞു: 'രമയുടെ കാര്യമോര്‍ക്കുമ്പോഴാണ് എനിക്ക് സങ്കടം'. അച്ഛന് ഉറങ്ങാന്‍ കഴിയാത്ത വേദനയായി ഞാന്‍ മാറിയിട്ടുണ്ടായിരുന്നു. ഇടയ്ക്ക് ഞാനെന്റെ വീട്ടിലേക്ക് പോകുമ്പോള്‍ അച്ഛന്‍ അന്വേഷിക്കാന്‍ തുടങ്ങും. അവളെപ്പഴാ വര്വാ? എന്ന് അമ്മയോടിങ്ങനെ ചോദിച്ചുകൊണ്ടേയിരിക്കും.

'അച്ഛന് വലിയ സ്‌നേഹമായിരുന്നു. മണിയേട്ടന്‍ ഉള്ള കാലത്താണ്. അന്ന് ദൂരദര്‍ശനില്‍ വാര്‍ത്ത വായിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ കാതില്‍ നല്ല ഭംഗിയുള്ള കമ്മല്‍ കണ്ടു. ഞാന്‍ അതേപ്പറ്റി നല്ല ഭംഗിയുണ്ടെന്ന് പറഞ്ഞു. അച്ഛന്‍ ഉടന്‍ തന്നെ ഒരു കടലാസെടുത്ത് ആ കമ്മലിന്റെ ഡിസൈന്‍ വരച്ച് മണിയേട്ടന്റെ കയ്യില്‍ കൊടുത്തു. എന്നെയും കൂട്ടി ഇതുപോലൊരെണ്ണം പണിയിക്കാന്‍ കൊടുക്കാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും അച്ഛന്‍ വരച്ചുതന്ന ഡിസൈനുമായി സ്വര്‍ണക്കടയില്‍ പോയി കമ്മല്‍ പണിയിക്കാന്‍ ഏല്‍പിച്ചു. അത് പണിത്തരമായി കിട്ടുന്നതുവരെ അച്ഛന് ആകാംക്ഷയായിരുന്നു.

മണിയേട്ടന്‍ എന്നെയോര്‍ത്തില്ല എന്ന കാര്യത്തില്‍ അച്ഛന് വളരെ സങ്കടമുണ്ടായിരുന്നു. എന്റെ ഭാവിയോര്‍ത്ത് ധാരാളം അസ്വസ്ഥനായിട്ടുണ്ട്. എനിക്കടുപ്പമുള്ള ഒരു സ്ത്രീയെക്കൊണ്ട് ഒരു ജീവിതം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചൊക്കെ എന്നോട് ചോദിപ്പിച്ചു. അച്ഛന്‍ നേരിട്ടൊന്നും പറഞ്ഞിട്ടില്ലായിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും വേണ്ടിയായിരുന്നു അവര്‍ എന്നോട് വിവാഹക്കാര്യം അവതരിപ്പിച്ചത്. ഞാന്‍ ഇനി വിവാഹം കഴിക്കുന്നില്ല. ഇവിടെയങ്ങ് തുടരുകയാണെന്ന് പറഞ്ഞു.

അച്ഛനും മകനും നല്ല ബന്ധമായിരുന്നോ?

അച്ഛനിരുന്ന് എഴുതുമ്പോള്‍ ആള് കൂടെച്ചെന്നിരിക്കുമായിരുന്നു. എഴുതുന്ന വിഷയത്തെക്കുറിച്ച് രണ്ടാളും പരസ്പരം പറഞ്ഞ് പൊട്ടിച്ചിരിക്കും. നന്നായി വായിക്കും. ആസ്വദിച്ച് വായിക്കുന്നത് കാണാന്‍ നല്ല രസായിരുന്നു. എഴുതുന്നതൊന്നും കണ്ടിട്ടില്ല. അതൊക്കെ മെനക്കേടുള്ളതല്ലേ, മടിയാണ്. മണിയേട്ടന് മദ്യം കഴിക്കുന്ന സ്വഭാവമൊക്കെ ഉണ്ടായിരുന്നു. അതങ്ങനെ നീണ്ടുപോകുന്നത് കാണുമ്പോള്‍ അച്ഛന്‍ ദേഷ്യപ്പെട്ട് കയര്‍ത്ത് സംസാരിക്കുകയും അങ്ങോട്ടും അങ്ങനെയൊക്കെ പെരുമാറുകയുമൊക്കെ ചെയ്തിട്ടുണ്ട്. മണിയേട്ടന്‍ ഒരിക്കലും എവിടെയും ഉറച്ച് നില്‍ക്കില്ലായിരുന്നു. എവിടെ ജോലിയ്ക്കുപോയാലും വര്‍ഷം തികയ്ക്കില്ല. അച്ഛന് നല്ല വിഷമമുണ്ടായിരുന്നു മണിയേട്ടന്റെ ഈ പ്രകൃതത്തോട്. മണിയേട്ടന്‍ ഇനിയില്ലെന്ന് ഉള്‍ക്കൊണ്ടതിനുശേഷം എന്നെ കാണുമ്പോഴൊക്കെ അച്ഛന് വല്യ സങ്കടമായിരുന്നു. എന്റെ മുഖത്ത് നോക്കില്ലായിരുന്നു. മകനെ വല്ലാതെ ഓര്‍മ വരുന്നു എന്നു പറഞ്ഞുകൊണ്ട് തകര്‍ന്നിരിക്കുന്ന അച്ഛന്റെ മുഖം എന്റെ മനസ്സിലുണ്ട്. അച്ഛന്റെ അവസാനകാലത്ത് അച്ഛന്‍ എല്ലാവരോടും പറഞ്ഞത് മകന്റെ അടുത്തേക്ക് പോവുകയാണെന്നായിരുന്നു. പത്തുവര്‍ഷമായി അവന്‍ പോയിട്ട് എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു.

എല്ലായിടവും മണിയേട്ടന് പെട്ടെന്ന് മടുക്കുമായിരുന്നു. വീട്ടില്‍നിന്നും പോയാല്‍ കുറേകാലത്തേക്ക് ഒരു വിവരവും ഉണ്ടാവില്ലായിരുന്നു എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ വരും. കുറച്ചുമാസം ഇരിക്കും. പിന്നെയും പോകും. അവസാനമായി ജോലിയ്ക്കു കയറി ഒരുമാസത്തെ ശമ്പളം വാങ്ങി അത് അച്ഛന്റെ കയ്യില്‍ വച്ചുകൊടുത്തു. പിന്നെ ഒരു പത്തു ദിവസം കൂടി ആ കമ്പനിയില്‍ ഒപ്പിച്ചു. പതിവുപോലെ ഒരു പോക്കങ്ങ് പോയി. എട്ടുമാസം കഴിഞ്ഞിട്ടാണ് പിന്നെ കയറിവരുന്നത്. വന്നപ്പോള്‍ കണ്ടത് എന്നെയാണ്. അപ്പോള്‍ തമാശയോടെ പറഞ്ഞു;''നീ ഇവിടെ മതിയാക്കിപോയിട്ടുണ്ടാവുമെന്ന് കരുതി ഞാന്‍.' ഞാനെവിടെപ്പോവാനാണെന്നും ചോദിച്ച് ചിരിച്ചു. അച്ഛനെപ്പോലെ എഴുതാനിരുന്നെങ്കില്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടാകുമായിരുന്നു. അപാര ബുദ്ധിയായിരുന്നു ആള്‍ക്ക്.

വി.കെ.എന്നിന്റെ ആരും കാണാത്ത നിസ്സഹായമുഖം, വേദവതിയമ്മയുടെ കാത്തിരിപ്പ്... എങ്ങനെയാണ് ഈ രണ്ട് വിഷമങ്ങള്‍ അതിജീവിച്ചത്?

ഞാന്‍ വിഷമത്തില്‍ കുളിച്ചിരിക്കുന്നതിനാല്‍ എനിക്കെളുപ്പമായിരുന്നു. അച്ഛന്‍ ഉണ്ടായിരുന്ന കാലത്ത് വീട്ടില്‍ എപ്പോഴും ആള്‍ക്കാര്‍വരും. അധികവും സാഹിത്യകാരും പത്രക്കാരുമൊക്കെയായിരിക്കും. ആരെയും ഫോട്ടോ എടുക്കാന്‍ സമ്മതിക്കില്ലായിരുന്നു. അച്ഛന്‍ മുഖം തിരിച്ചുകളയും. പുറമേ അച്ഛന്‍ തമാശകളൊക്കെ പറഞ്ഞെങ്കിലും മകന്റെ വിയോഗത്തില്‍ വല്ലാതെ തകര്‍ന്നുപോയിരുന്നു. അമ്മയ്ക്ക് പക്ഷേ മകന്‍ മരണപ്പെട്ടിട്ടില്ല എന്ന് വിശ്വസിച്ചതുകാരണം സാഹചര്യങ്ങളെ കുറച്ചുകൂടി ലഘൂകരിച്ച് കാണാന്‍ പറ്റിയിട്ടുണ്ടാവണം. അമ്മ നന്നായി പാചകം ചെയ്യും. അമ്മയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. അച്ഛന് അതല്ലല്ലോ. സ്വൈര്യവും സ്വസ്ഥതയും വേണ്ടിയിരുന്ന എഴുത്തില്‍ അത് ലഭിച്ചിരുന്നോ എന്നറിയില്ല. മണിയേട്ടന്‍ പോയതിനുശേഷം അധികമൊന്നും എഴുതിയിട്ടില്ല. മകന്‍ ഇനി മടങ്ങി വരില്ല എന്ന് തീര്‍ച്ചയായതിനുശേഷമാണ് അച്ഛന്റെ എഴുത്തിലെ ശ്രദ്ധയെല്ലാം കുറഞ്ഞത്. ഭക്ഷണപ്രിയനായിരുന്നു. മകന്റെ സംഭവത്തോടെ ഭക്ഷണം വിശപ്പിനോ പേരിനോ കഴിക്കുന്നത് മാത്രമായി. മുമ്പെല്ലാം വളരെ കൃത്യമായി സ്വാദ് ആസ്വദിച്ച് ഭക്ഷണം കഴിച്ചിരുന്ന അച്ഛന്‍ സമയത്ത് കഴിക്കാതായി.

അവര്‍ രണ്ടുപേരും എന്നെ മാത്രമേ സ്‌നേഹിക്കുന്നുള്ളൂ എന്നെനിക്ക് തോന്നിയിരുന്നു. അച്ഛന്റെ ആ വലിയ ജീവിതത്തില്‍ എനിക്ക് അര്‍ഹതപ്പെട്ടതിലും വലിയ സ്ഥാനമുണ്ടായിരുന്നു. അച്ഛന്‍ പോയപ്പോള്‍ എനിക്കത്ര വിഷമം തോന്നിയില്ല. കാരണം അച്ഛന് വയ്യാതായിരുന്നു. അച്ഛന്‍ അമ്മയെ വേദേ എന്നേ വിളിച്ചിരുന്നുള്ളൂ. അവസാനം 'വേദേ മാപ്പ്, മാപ്പ്' എന്നു പറഞ്ഞു. അമ്മ അതെല്ലാം ഏറ്റുവാങ്ങി. അമ്മയുടെ ക്ഷമയും സഹനവും ഓര്‍ക്കുമ്പോള്‍ എനിക്കൊന്നുമില്ലല്ലോ. പക്ഷേ അമ്മ പോയപ്പോഴാണ് ഞാന്‍ തകര്‍ന്നുപോയത്. എല്ലാവരും പറയും വയസ്സ് തൊണ്ണൂറായില്ലേ, ഒട്ടും ബുദ്ധിമുട്ടിയില്ലല്ലോ എന്നൊക്കെ. പക്ഷേ എന്റമ്മയ്ക്ക് ഒരസുഖവും ഇല്ലായിരുന്നല്ലോ. എപ്പോഴും കിടക്കണമെന്ന സ്ഥിതിയായിട്ട് കുറച്ചുകാലമായിട്ടേയുള്ളൂ. ആരെങ്കിലും വന്നാല്‍ വര്‍ത്തമാനം പറയും, പിന്നെ വിശ്രമം തന്നെയാണ്. എപ്പോഴും എന്നെ കണ്ടുകൊണ്ടേയിരിക്കണം. അമ്മ എനിക്ക് വലിയൊരു ശക്തിയായിരുന്നു. മണിയേട്ടന്‍ പോയപ്പോഴും, അച്ഛന്‍ പോയപ്പോഴും അമ്മയുടെ സാമീപ്യം എനിക്ക് വലിയ ധൈര്യം തന്നിരുന്നു. ഞാന്‍ ഒറ്റയ്ക്കായത് ഇപ്പോഴാണ്. ആരോടും ഒരു പരാതിയും പരിഭവവുമില്ലാതെ, അച്ഛന്‍ എങ്ങനെ വന്നുകയറിയാലും പ്രസന്നമായ പുഞ്ചിരിയോടെ അമ്മ ഉമ്മറത്ത് നിന്ന് അച്ഛനെ നോക്കുമായിരുന്നു. അച്ഛന് ആ മുഖം വലിയ ആശ്വാസമായിരുന്നു. അമ്മയില്‍ നിന്ന് പഠിച്ചതാണ് ഞാന്‍ ജീവിതത്തിലെ എല്ലാ പാഠങ്ങളും. അമ്മ പോയപ്പോള്‍ ഈ ലോകത്ത് ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കായി. ഞാന്‍ നോക്കിക്കോളുമായിരുന്നു. എത്ര വയ്യാതായാലും അമ്മയൊരിക്കലും മുഷിഞ്ഞ് സംസാരിച്ചിട്ടില്ല. വേദനയെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. അമ്മയോട് നമ്മള്‍ എപ്പോഴും സംസാരിച്ചുകൊണ്ടേിയിരിക്കണം. തൊട്ടടുത്തുതന്നെയുള്ള വി.കെ.എന്‍ സ്മാരകത്തിലെ കെയര്‍ ടേക്കറായി ഞാന്‍ ജോലി ചെയ്യുന്നുണ്ട്. ദിവസവും അത് തുറക്കാനും വൃത്തിയാക്കാനും പോകുന്ന ഇടവേളകളില്‍ അടുത്തിരിക്കാന്‍ ആളെ ഏര്‍പ്പാടാക്കുകയായിരുന്നു പതിവ്. വരുന്ന സമയം കുറച്ച് തെറ്റിയാല്‍ അമ്മ അന്വേഷണം തുടങ്ങും. അമ്മ അത്രയും സ്‌നേഹിച്ചു.

രമ, വേദവതിയമ്മ, മകൾ രഞ്ജന

അമ്മയുടെ കട്ടിലിനുതാഴെയാണ് ഞാന്‍ കിടക്കാറ്. എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിച്ചാല്‍ കേള്‍ക്കാന്‍ പറ്റുന്ന അകലത്തിലേ ഞാന്‍ കിടക്കാറുള്ളൂ. മെയ് അഞ്ചിന് രാത്രി ഒന്നര മണിയൊക്കെ ആയിക്കാണും. അമ്മയുടെ കുറുകുറുപ്പ് കേട്ടു. മണിയേട്ടന്റെ സഹോദരി രഞ്ജനചേച്ചി വീട്ടിലുണ്ട്. എഴുന്നേറ്റ് നോക്കിയപ്പോള്‍ വായില്‍ നിന്നും കഫം വന്നുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അതെല്ലാം തുടച്ച് അമ്മയുടെ അടുത്തേക്ക് ഞാന്‍ കയറിക്കിടന്നു. അപ്പോള്‍ അമ്മ സംസാരിക്കാന്‍ തുടങ്ങി. അമ്മയുടെ അമ്മയെ ചേച്ചി എന്നാണ് അമ്മ വിളിച്ചിരുന്നത്. ചേച്ചി സ്വര്‍ഗത്തിലേക്ക് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു. അമ്മ പറയുന്നത് കാര്യമാക്കാതെ ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു. അപ്പോഴും പറഞ്ഞു, എന്നെ ചേച്ചി വിളിക്കുന്നുണ്ട് ഞാന്‍ പോവാണ് ട്ടോ... ഒരു കറുത്ത നായയും ഒരു വെളുത്ത നായയും ഒരു പാമ്പും നില്‍ക്കുന്നുണ്ട് എന്നുകൂടി പറഞ്ഞു. 'ഒന്നുമിണ്ടാതെ കിടക്കൂ അമ്മേ, ചേച്ചി വിളിക്യല്ലേ' എന്നുംപറഞ്ഞ് ഞാന്‍ അമ്മ പറയുന്നത് പ്രോത്സാഹിപ്പിച്ചില്ല. പിന്നെ അമ്മ ഒന്നും മിണ്ടിയില്ല. വായില്‍ നിന്നും കഫം വരുന്നത് കൂടിക്കൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ ഡോക്ടറെ വിളിച്ചു. വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അമ്മ പോവുകയാണ് എന്ന തിരിച്ചറിവ് അപ്പോഴും എനിക്ക് വന്നിട്ടില്ലായിരുന്നു. ചെറിയ അസ്വസ്ഥതെന്തോ വന്നു,വേഗം തന്നെ ആശുപത്രിയിലെത്തിച്ച സമാധാനത്തിലാണ് ഞാന്‍ ഇരുന്നത്. കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് ഡോക്ടര്‍ പറഞ്ഞത് ഒരു ഭാഗത്ത് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്, അതിനുള്ള ഇന്‍ജക്ഷന്‍ തുടങ്ങി. ഗ്ലൂക്കോസ് കയറുന്നുണ്ട്. ഓക്‌സിജന്‍ കൊടുക്കാന്‍ തുടങ്ങി. അപ്പോഴും സ്ഥിതി മോശമാവുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. രണ്ടുദിവസം മുമ്പ് ഡോക്ടര്‍ വന്ന് ബിപിയും മറ്റും പരിശോധിച്ചുപോയതാണ്. യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പക്ഷേ അമ്മ ഒന്നുമറിയിക്കാതെ പോയി. ജീവിതത്തില്‍ ഇനിയങ്ങോട്ട് ഒരു ലക്ഷ്യമില്ല എന്ന തോന്നല്‍ വന്നത് ഇപ്പോഴാണ്.

മുപ്പത്തിയേഴുകാരനായ ബാലചന്ദ്രനുമൊത്ത് ഇരുപതുകാരിയായ രമ ജീവിച്ചത് പതിനാറു മാസം മാത്രം. അപ്പോഴേക്കും ജീവിതം സ്വയം നിര്‍ത്തിപ്പോയിരുന്നു ബാലചന്ദ്രന്‍. ഓര്‍ത്തെടുക്കാമോ ആ നാളുകളെ?

1991 ഡിസംബറിലാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. അന്ന് എനിക്ക് ഇരുപത് വയസ്സും മണിയേട്ടന് മുപ്പത്തിയേഴ് വയസ്സുമായിരുന്നു. എനിക്ക് അച്ഛനില്ല, ആങ്ങളയുമില്ല. അമ്മയ്ക്കാണേല്‍ അത്ര വല്യ സ്ഥിതിയുമില്ല. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളായിരുന്നു. രണ്ടാമത്തെയാളാണ് ഞാന്‍. ഇങ്ങനെയൊര് ആലോചന വന്നപ്പോള്‍ എല്ലാവരും പറഞ്ഞു വികെഎന്നിന്റെ വീട്ടിലേക്കാണ് എന്നതായിരുന്നു എല്ലാവരുടെയും സംസാരം. കൂടെയുണ്ടായിരുന്നപ്പോഴെല്ലാം ഒരു ഭര്‍ത്താവിന്റെ എല്ലാ കരുതലും സ്നേഹവും മണിയേട്ടന്‍ തന്നു. ഞാന്‍ വന്ന സമയത്ത് അച്ഛനും മകനും തമ്മിലുള്ള സാഹിത്യ ചര്‍ച്ചകളും സ്ഥലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുമൊക്കെ നല്ല രസമായിരുന്നു കണ്ടിരിക്കാന്‍. പിന്നെ ഓരോ മനുഷ്യരല്ലേ എന്നു സമാധാനിക്കാം. എന്നോട് നീതി പുലര്‍ത്തിയില്ല എന്നുപറഞ്ഞ് അച്ഛന്‍ മകനോട് കയര്‍ത്തുസംസാരിക്കാറുണ്ടായിരുന്നു. മകന്‍ പക്ഷേ ഇരുപതുകാരിയായ ഒരു നാട്ടിന്‍പുറത്തുകാരി സ്വപം കണ്ട ജീവിതത്തില്‍ ഒതുങ്ങുന്നയാളായിരുന്നില്ല.

1994 ഏപ്രില്‍ പതിനാറാം തീയതി ശനിയാഴ്ച് സന്ധ്യയ്ക്കാണ് ഇവിടെ നിന്നും അവസാനമായി മണിയേട്ടന്‍ പോയത്. മൂകാംബികയില്‍ ഭജനയിരിക്കാന്‍ വേണ്ടി പോയതാണ്. അച്ഛന്‍ പാവം കുറേ ഡ്രസ്, പണം, കത്തെഴുതാനുള്ള ഇൻലന്റുകള്‍, പേന തുടങ്ങി എന്തൊക്കെയോ കൊടുത്തുവിട്ടു. നാല്പത്തൊന്നു ദിവസത്തെ വ്രതമിരിക്കാന്‍ പോയതാണല്ലോ. പോയതിനുശേഷം ബാലചന്ദ്രന്‍ എന്നൊരു ശബ്ദമേയില്ല. ഒരു വര്‍ത്തമാനവുമില്ല ആളെപ്പറ്റി. ദിവസവും ഗേറ്റിലേക്ക് നോക്കിയങ്ങനെ നില്‍ക്കും അച്ഛന്‍. കത്തുണ്ടാവുമല്ലോ. എഴുതാനുള്ളതെല്ലാം കൊടുത്തുവിട്ടിട്ടുണ്ടല്ലോ.

മാസങ്ങള്‍ക്കുശേഷം കാര്യസ്ഥന്റെ മകള്‍ അമ്മയോട് പറഞ്ഞു, മണിയേട്ടനെപ്പറ്റി ഇങ്ങനെയൊക്കെ കേള്‍ക്കുന്നുണ്ടല്ലോ എന്ന്. അമ്മയത് അച്ഛനോട് പറഞ്ഞു. അച്ഛന്‍ അത് പാടേ നിരസിച്ചു. ആഗസ്ത് -സെപ്തംബര്‍ മാസത്തിലാണ് ഇതെല്ലാം.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തിലെ ഒരു പട്ടേല്‍ ബാബാ എന്ന പള്ളിയില്‍ ആള് കണക്കെഴുതാനൊക്കെ പോയി ഇരുന്നിട്ടുണ്ട്. ഇപ്പോഴും അവിടെ നിന്ന് കത്തുകള്‍ വരാറുണ്ട്. അത് പൊട്ടിച്ചുവായിക്കുമ്പോളൊക്കെ അച്ഛന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയും ഇത് മണിയന്റെ കയ്യക്ഷരം പോലെയുണ്ടല്ലോ എന്ന്. മാനസികസമ്മര്‍ദ്ദം വല്ലാതെ പിടികൂടി രാത്രിയില്‍ ഉറക്കമില്ലായിരുന്നു അദ്ദേഹത്തിന്. പുറത്തുനിന്നാണെങ്കില്‍ ഇങ്ങനെയുള്ള സംസാരവും കൂടിക്കൂടി വരുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ പി എ ആയിരുന്ന സി.പി നായര്‍ മുഖാന്തരം അച്ഛന്‍ കാര്യങ്ങള്‍ അന്വേഷിച്ചു.അപ്പോഴേക്കും നവംബര്‍ മാസമായിട്ടുണ്ട്.

രഞ്ജനചേച്ചിയുടെ ഭര്‍ത്താവ് കൃഷ്ണകുമാര്‍ ഉഡുപ്പിയില്‍ പോയി നേരിട്ടന്വേഷിച്ചപ്പോള്‍ കാര്യം വ്യക്തമായി. മെയ് ഇരുപത്തിയൊന്നിന് ആള് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്തു എന്ന് വിവരം കിട്ടി. മറ്റ് തെളിവുകള്‍ വച്ച് അത് ബാലചന്ദ്രനാണെന്ന് സ്ഥിരീകരിച്ചു. അച്ഛന്‍ നേരത്തെ തന്നെ ഈ വിവരം അറിഞ്ഞെന്നും അമ്മയില്‍ നിന്നും എന്നില്‍ നിന്നും മൂടിവെച്ചു എന്നൊക്ക കഥകളിറങ്ങിയിരുന്നു. പക്ഷേ അങ്ങനൊന്നില്ല. രേഖകളുമായി പോലീസ് വന്ന് മരണം അറിയിക്കുന്നതുവരെ അച്ഛന്‍ മകനെ പ്രതീക്ഷിച്ചുതന്നെ ഇരുന്നിരുന്നു. യാഥാര്‍ഥ്യം അംഗീകരിച്ചത് പോലീസ് വന്ന് പറഞ്ഞപ്പോളാണ്. അതൊരു ഡിസംബറിലായിരുന്നു.

ഇനിയൊരു ജീവിതത്തെക്കുറിച്ച്...

ഇങ്ങനെയങ്ങ് പോകട്ടെ. ഇവിടെ അച്ഛന്റെ സ്മാരകമുണ്ട്. അമ്മയുടെ ഓര്‍മകളുണ്ട്. ചീത്ത സ്വഭാവങ്ങളെല്ലാം ഉപേക്ഷിച്ച് നന്നായി തിരികെ വരാനായി മൂകാംബികയില്‍ വ്രതമിരിക്കാന്‍ പോയ ഒരാളുടെ ഓര്‍മകളുണ്ട്...തീരെ വയ്യാതാവുമ്പോള്‍ വൃദ്ധസദനങ്ങളൊക്കെയില്ലേ. ഞാന്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ എന്റെ വേണ്ടപ്പെട്ടവരെല്ലാം വഴക്ക് പറയാറുണ്ട്. എല്ലാവര്‍ക്കും ഞാനൊരു വേദനയാണ് എന്നറിയുമ്പോള്‍ എനിക്കുമൊരു വിഷമമാണ്. മണിയേട്ടന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്തെ മെഡിക്കല്‍ സൗകര്യങ്ങളുണ്ടായിരുന്നെങ്കില്‍ എനിക്ക് അദ്ദേഹത്തെ നഷ്ടപ്പെടില്ലായിരുന്നു. ആ ഓര്‍മകളില്‍ നിമിഷങ്ങളൊഴിയാതെ നീറിക്കഴിഞ്ഞ അച്ഛന്റെയും അമ്മയുടെയും മുഖങ്ങള്‍ കാണേണ്ടിവരില്ലായിരുന്നു. സാഹിത്യത്തിലെ അതികായന്‍ ചിന്താധീനനായി, ഒന്നും മിണ്ടാതെ ഇരിക്കുന്നത് കാണേണ്ടി വരില്ലായിരുന്നു.

ബാലചന്ദ്രനോടൊപ്പം രമ

അമ്മ ഒരാഗ്രഹവും ഇന്നേവരെ പറഞ്ഞിട്ടില്ല. അമ്മയ്ക്ക് ആഗ്രഹങ്ങളുണ്ടായിരുന്നോ എന്നുപോലും ഞങ്ങള്‍ക്കറിയില്ല. അമ്മയെ ആകര്‍ഷിക്കുന്ന ഒന്നും ഇൗ ഭൂമിയില്‍ ഇല്ലായിരുന്നു. സാധനങ്ങള്‍ വാങ്ങാനായി ഞാന്‍ ടൗണിലേക്ക് പോകുമ്പോള്‍ അമ്മ ഇങ്ങനെ നോക്കി കിടക്കും. സാരി മാറ്റിയാല്‍ ചോദിക്കും എവിടേക്കാണ് പോകുന്നതെന്ന്. കാര്യം പറയുന്ന കൂട്ടത്തില്‍ അമ്മയ്‌ക്കെന്തെങ്കിലും വാങ്ങണോ, എന്തെങ്കിലും കഴിക്കാന്‍ തോന്നുന്നുണ്ടോ എന്നുചോദിച്ചാല്‍ പറയും; നിനക്കാഗ്രഹമുള്ളത് വാങ്ങിക്കോ. ദോശയാണ് ഭക്ഷണത്തില്‍ ഇഷ്ടം. നല്ല ചൂടോടെ നന്നായി ചുവന്നിരിക്കണം ദോശ. മധുരത്തോട് വല്യ ഇഷ്ടമായിരുന്നു. ലഡ്ഡുവും ജിലേബിയുമൊക്കെ കഴിക്കും. കുറച്ചുകാലമായി ഐസ്‌ക്രീം കഴിക്കുമായിരുന്നു. ആരെങ്കിലും കാണാന്‍ വരുമ്പോള്‍ എന്താ കൊണ്ടുവരേണ്ടതെന്ന് ചോദിക്കുമ്പോള്‍ അവരോടൊക്കെ ഞാന്‍ പറയാറ് ഐസ്‌ക്രീം വാങ്ങിക്കാനായിരുന്നു.

അച്ഛന്‍ ഉമ്മറത്തുണ്ട് എന്ന വിചാരത്തിലായിരുന്നു അവസാനംവരെയും. കട്ടിലില്‍ കിടന്ന് ഇടയ്ക്കിടെ എന്നെ വിളിച്ച് ചോദിക്കും: അച്ഛന് ചോറ് കൊടുത്തോ, കാപ്പി കുടിച്ചോ എന്നൊക്കെ. അച്ഛന് ഭക്ഷണം കൊടുക്കുന്നതിന്റെ ആ തിരക്ക് അമ്മയുടെ മനസ്സിലുണ്ടായിരുന്നു. അമ്മയുടെ മണിയന്‍ എന്നും സംസാരത്തില്‍ എങ്ങനെയെങ്കിലുമൊക്കെ എത്തിച്ചേര്‍ന്നു. അദ്ദേഹവും അമ്മയോട് അങ്ങനെതന്നെയായിരുന്നു. എപ്പോഴും വന്നും പോയുമിരിക്കുന്നയാളായിരുന്നല്ലോ. ഭൗതികശരീരം ഞങ്ങളാരും കണ്ടിട്ടില്ല. ഊഹങ്ങള്‍ വെച്ച് സ്ഥിരീകരിച്ചതാണല്ലോ. അമ്മയുടെ മനസ്സ് ആ സ്ഥിരീകരണത്തിന് തയ്യാറല്ലായിരുന്നു.

വടക്കേകൂട്ടാലയുടെ കാത്തിരിപ്പിന്റെ കാലം കഴിയുകയാണോ?

അമ്മയുടെ ജീവിതകാലം മുഴുവന്‍ കാത്തിരിപ്പായിരുന്നു. ഒരു കാലമത്രയും അച്ഛനെയും കാത്തായിരുന്നു ആ ഇരിപ്പ്. അച്ഛന്‍ വീടുവിട്ടിറങ്ങിയാല്‍പ്പിന്നെ ഒരു പോക്കായിരുന്നു. അച്ഛന്റെ എഴുത്തിന്റെ അപാരത അമ്മ ഉള്‍ക്കൊണ്ടിരുന്നതിനാല്‍ കലഹങ്ങളോ പിണക്കങ്ങളോ ഉണ്ടായിരുന്നില്ല. അച്ഛനുവേണ്ടി മാത്രം ജീവിച്ചയാളായിരുന്നു. അച്ഛന്‍ എത്രയാളുകളെയും കൊണ്ടുവന്നാലും അമ്മ മുഷിപ്പേതും കൂടാതെ വെച്ചുവിളമ്പിക്കൊടുക്കുമായിരുന്നു. അച്ഛന്റെ സാഹിത്യം പോലെ തന്നെ അടുപ്പക്കാര്‍ക്ക് പ്രശസ്തമായിരുന്നു അമ്മയുടെ മോരൂട്ടാന്‍. ആരൊക്കെയോ അതേക്കുറിച്ച് എഴുതിയിട്ടുമുണ്ട്. അച്ഛന്‍ എന്തെങ്കിലും ദേഷ്യം കാണിച്ചാല്‍ അമ്മയ്ക്ക് വലിയ സങ്കടം വരുമായിരുന്നു. അതേപോലെത്തന്നെ അമ്മ മൗനിയായി ഇരിക്കുന്നത് കണ്ടാല്‍ അച്ഛനും അസ്വസ്ഥനായിരുന്നു.

മണിയേട്ടന്റെ തിരോധാനത്തെക്കുറിച്ച് പല കഥകളും കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ രാപകല്‍ ഉറക്കം നഷ്ടപ്പെട്ട്, ചെറിയശബ്ദം പോലും മകന്റെ കാലൊച്ചയാണെന്നു കരുതി കണ്ണും കാതും തുറന്നു തന്നെ ഇരുന്നു അച്ഛന്‍. പണ്ടത്തെ പത്തായമിട്ടിരുന്ന മുറിയിലായിരുന്നു അച്ഛന്‍ കിടന്നിരുന്നത്. ചിലനേരങ്ങളില്‍ മുറിയ്ക്കകത്തെ ജനലിലൂടെ കുത്തനെയുള്ള പറമ്പിലേക്കുനോക്കിക്കൊണ്ട് അച്ഛന്‍ ഏറെ നേരം നില്‍ക്കുന്നത് കാണാമായിരുന്നു. അച്ഛന്റെ ആലോചനയില്‍ മകനല്ലാതെ മറ്റാരുമായിരിക്കില്ല എന്ന് നെടുവീര്‍പ്പുകളില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ നില്‍പ് കാണുമ്പോഴെല്ലാം വല്ലതും പറഞ്ഞ് അച്ഛന്റെ ശ്രദ്ധ തിരിക്കാന്‍ നോക്കിയിട്ടുണ്ട്. മൂന്നുപേരും പോയി. മണിയേട്ടന്‍ ഇനിയില്ലെന്നറിഞ്ഞപ്പോള്‍ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നിയില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കായി.

Content Highlights: Rama, VKN, Vedavathi VKN, Balachandran, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജയമോഹന്‍

5 min

നായകസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാവുന്ന പതിനഞ്ചുകഥാപാത്രങ്ങളെങ്കിലും മഹാഭാരതത്തിലുണ്ട്-ജയമോഹന്‍

Nov 29, 2020


Mohammed Abbas
Premium

10 min

വിശപ്പ്, പ്രണയം, ഉന്മാദം;പുറംലോകമറിയണം എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഞാനെഴുതിയത്‌- മുഹമ്മദ് അബ്ബാസ്

Sep 4, 2023


C.Radhakrishnan

4 min

'ജോലി, എഴുത്ത്, കുടുംബം; പുതിയ തലമുറയ്ക്ക് വേണ്ടെന്നുവെക്കാവുന്നത് പലപ്പോഴും എഴുത്താവുന്നു'

Feb 15, 2023


Most Commented