'നീതിനടപ്പാക്കണ്ടേത് ഭരിക്കുന്നവര്‍'- അംബികാസുതന്‍ മാങ്ങാടിന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മറുപടി


ഷബിത

അവരോടൊപ്പം ചേര്‍ന്നാല്‍ നീതി ലഭിക്കുമെന്നാണെങ്കില്‍ ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി വിചാരിച്ചാല്‍ പോരേ കാസര്‍കോടിന് നീതി കൊടുക്കാന്‍? അംബികാസുതന്റെ ധാര്‍മിക രോഷം മനസ്സിലാക്കുന്നു.

രാജ്‌മോഹൻ ഉണ്ണിത്താൻ, അംബികാസുതൻ മാങ്ങാട്‌

മാതൃഭൂമി ഡോട് കോമില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അംബികാസുതന്‍ മാങ്ങാടുമായുള്ള അഭിമുഖത്തില്‍ കാസര്‍കോട്ടെ എം.എല്‍എ മാരെയും എം.പിയെയും വിമര്‍ശിച്ചുസംസാരിച്ചതിനും ഇങ്ങനെയാണെങ്കില്‍ കാസര്‍കോടിനെ'കര്‍ണാടകത്തോട് ചേര്‍ക്കുന്നതാണ് ഭേദം എന്ന പ്രസ്താവനയോടും കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിക്കുന്നു.

ഞാന്‍ കാസര്‍കോട് പാര്‍ലമെന്റ് അംഗമായിട്ട് രണ്ടര വര്‍ഷമേ ആയിട്ടുള്ളൂ. മുപ്പത്തിയഞ്ച് വര്‍ഷം ഒരേ രാഷ്ട്രീയപാര്‍ട്ടിയുടെ എം.പിമാര്‍ മാറിമാറി ഇരുന്നതാണല്ലോ ഈ കസേരയില്‍. എന്‍ഡോസള്‍ഫാന്‍ ദുരന്തം നടന്നിട്ട് വര്‍ഷങ്ങളെത്ര കഴിഞ്ഞു! ഇന്നുവരെ അംബികാസുതന്‍ മാങ്ങാടിന് തോന്നാത്ത ഒരഭിപ്രായമാണ് ഇപ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്. കാസര്‍കോടിനെ കര്‍ണാടകത്തോട് ചേര്‍ത്താല്‍ പ്രശ്‌നങ്ങള്‍ തീരുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

ഉത്തര മലബാറിനെക്കുറിച്ച് ഈയവസരത്തില്‍ പറയേണ്ടതുണ്ട്. കേരളത്തില്‍ ആദ്യത്തെ മുഖ്യമന്ത്രി ഇഎം.എസ് നമ്പൂതിരിപ്പാട് ജനിച്ചത് മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള ഏലംകുളം മനയിലാണെങ്കിലും അദ്ദേഹം ആദ്യമായി മത്സരിക്കുന്നത് നീലേശ്വരത്തുനിന്നാണ്. അന്ന് നീലേശ്വരം ദ്വയാംഗമണ്ഡലമാണ്. കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു, ഇന്നത് കാസര്‍കോട്ടാണ്. കേരളത്തിന്റെ പ്രഥമമുഖ്യമന്ത്രി കാസര്‍കോഡിനെയാണ് പ്രതിനിധീകരിച്ചത്. 1960-ല്‍ പട്ടം താണുപിള്ള കേരള ഗവര്‍ണര്‍ ആയി പോയപ്പോള്‍ ആര്‍. ശങ്കര്‍ മത്സരിച്ച് ജയിച്ചത് കണ്ണൂരില്‍ നിന്നാണ്. കെ. കരുണാകരനും ഉത്തരമലബാറിന്റെ പ്രതിനിധിയായിരുന്നു. ഇ.കെ നായനാര്‍, കണ്ണൂരിന്റെ സന്തതിയായിരുന്നു. തൃക്കരിപ്പൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളം ഭരിക്കുന്നതും കണ്ണൂര്‍ക്കാരനാണ്. ഇത്രയും ആളുകള്‍ ഉത്തരമലബാറില്‍ നിന്നും വന്ന് കേരളം ഭരിച്ചിട്ടും മലബാറിന് എന്ത് വികസനമാണ് വന്നിട്ടുള്ളത് എന്നാണ് എന്റെ ആദ്യത്തെ ചോദ്യം. അത് കാണാതെയാണ് അംബികാസുതന്‍ മാങ്ങാട് കാസര്‍കോട്ടെ അഞ്ച് എം.എല്‍.എ മാരെക്കുറിച്ചും ഒരു എം.പിയെക്കുറിച്ചും പറയുന്നത്.

പാര്‍ലമെന്റിലെ എന്റെ കന്നി പ്രസംഗം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടിയുള്ളതായിരുന്നു. സുപ്രീം കോടതി ഇടപെടലിനെക്കുറിച്ചും ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് അന്ന് പറഞ്ഞത്. പ്രധാനമന്ത്രി, ധനകാര്യമന്ത്രി, കൃഷി മന്ത്രി എന്നിവര്‍ക്ക് വെവ്വേറെ നിവേദനം കൊടുത്തു. ഇതൊക്കെ പോരാഞ്ഞിട്ട് പ്രധാനമന്ത്രിയേക്കാള്‍ ഇന്ത്യയെ അന്ന് ഭരിച്ചുകൊണ്ടിരുന്ന അമിത് ഷായെയും പോയി കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു, നിവേദനം കൊടുത്തു. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഞാന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ വിസ്മരിക്കുന്നതെന്താണ്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എം.പി എന്ന നിലയില്‍ എന്നെക്കുറിച്ച് പരാതിയുണ്ടാവാന്‍ സാധ്യതയില്ലാത്തവിധം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈയിടെയാണ് പ്രതിപക്ഷ നേതാവിനൊപ്പം സ്‌നേഹവീടുകളില്‍ പോയി കാര്യങ്ങള്‍ നേരിട്ട് സംസാരിച്ചത്. ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയും കേരളം ഭരിക്കുന്നത് പിണറായി വിജയനുമാണ്. പിണറായി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി എല്ലാം ചെയ്യും എന്നാണ് പറഞ്ഞത്. ഡി.വൈ.എഫ്.ഐ ആണ് സുപ്രീം കോടതിയില്‍ പോയി കേസ് നടത്തി അഞ്ച് ലക്ഷം രൂപാ വീതം നഷ്ടപരിഹാരമെന്ന വിധി വാങ്ങിയെടുത്തത്. എന്നിട്ട് ഇപ്പോള്‍ ഇവര്‍ ആരും രംഗത്തില്ല. കഴിഞ്ഞ തവണ എം.പിമാരുടെ കോണ്‍ഫറന്‍സ് വെച്ചപ്പോള്‍ കാസര്‍കോട് ഒരു സെല്‍ ചെയര്‍മാനെ വെക്കാത്തതുകൊണ്ട് സെല്‍ കമ്മറ്റി നടക്കുന്നില്ല, ഉടന്‍ തന്നെ അതിന് പരിഹാരം കാണണം, എന്‍ഡോള്‍ഫാനുമായി ബന്ധപ്പെട്ട ഒരു വിഷയവും ആധികാരികമായ തലത്തില്‍ ചര്‍ച്ച ചെയ്യാനാവുന്നില്ല, അതുകൊണ്ട് അടിയന്തിരമായി സെല്‍ ചെയര്‍മാനെ വെക്കണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. ഒരു മന്ത്രിയായിരിക്കണം സെല്‍ ചെയര്‍മാന്‍. മുഖ്യമന്ത്രി ആ യോഗത്തില്‍ മറുപടിയും തന്നു എത്രയും വേഗം സെല്‍ ചെയര്‍മാനെ വെക്കാം എന്ന്. പക്ഷേ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഒരു പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയുടെ എം.പി എന്ന നിലയിലുള്ള പരിമിതിയില്‍ക്കവിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട്, കാസര്‍കോടിന്റെ സമഗ്രവികസനത്തിനുവേണ്ടി, ഞാന്‍ നടത്തിയിട്ടുണ്ട്.

കോഴിക്കോട് കിനാലൂരില്‍ എയിംസിന് ഭൂമി കണ്ടെത്തുമെന്ന് പറയുന്നുണ്ടല്ലോ. എയിംസിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ആരോഗ്യപഠനമാണ്. ഈ ദുരിതവും പേറി ജനിതക വൈകല്യമുള്ള ഒരുപാട് കുഞ്ഞുങ്ങള്‍ ജനിച്ചുകൊണ്ടിരിക്കുകയാണ്. മാരകമായ രോഗങ്ങള്‍ ഇവരെ കീഴ്‌പ്പെടുത്തുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉണ്ടാവുന്നത് എന്നു കണ്ടുപിടിക്കാന്‍ അന്താരാഷ്ട്രതലത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണ്. അത്തരം പഠനങ്ങള്‍ക്ക് എയിംസ് പോലുള്ള സ്ഥാപനമാണ് ആവശ്യം. അതുകൊണ്ടാണ് എയിംസ് കാസര്‍കോടിന് വേണം എന്ന് നിരന്തരം ആവശ്യപ്പെടുന്നത്. ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പി, കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി. രണ്ടിടത്തും ഞാന്‍ പ്രതിപക്ഷമാണ്. ഒരു പ്രതിപക്ഷ എം.പിയുടെ പരിമിതികളെ മറികടന്നാണ് ഇടപെടുന്നത്. ഭരിക്കുന്നവര്‍ക്ക് ദീനാനുകമ്പ തോന്നാത്തതിന് എന്ത് ചെയ്യാന്‍ പറ്റും? കാസര്‍കോടിനോടുള്ള കേന്ദ്രത്തിന്റെയും കേരളത്തിന്റെയും സമീപനമാണ് മാറേണ്ടത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പുനരധിവാസം വേണം. അവരുടെ കാര്‍ഡുകളെല്ലാം ബി.പി.എല്‍ ആക്കണം. ഒരു ന്യൂറോളജിസ്റ്റിനെ വെച്ചുകൊടുക്കണം. സായ്ബാവാ ട്രസ്റ്റ് നിര്‍മിച്ചുകൊടുത്ത വീടുകളില്‍ പോലും താമസിക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

'ഇങ്ങനെ തുടരുകയാണെങ്കില്‍ കാസര്‍കോടിനെ കര്‍ണാടകയോട് ചേര്‍ക്കുന്നതാണ് ഭേദം'- അംബികാസുതന്‍ മാങ്ങാട്.

അംബികാസുതന്‍ മാങ്ങാട് പറഞ്ഞത് ഒരു പ്രതിഷേധസ്വരമെന്നതിലപ്പുറത്തേക്ക് വ്യക്തിപരമായി ആര്‍ക്കും അത് കൊള്ളേണ്ട കാര്യമില്ല. കര്‍ണാടകത്തോട് കാസര്‍കോടിനെ ചേര്‍ക്കുന്നതാണ് ഇതിലും ഭേദം എന്നു പറഞ്ഞ അംബികാസുതന്‍ മാങ്ങാടിനോട് ചോദിക്കട്ടെ, കര്‍ണാടക ആരുടെ പക്ഷത്താണ്? ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ്. അവരോടൊപ്പം ചേര്‍ന്നാല്‍ നീതി ലഭിക്കുമെന്നാണെങ്കില്‍ ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി വിചാരിച്ചാല്‍ പോരേ കാസര്‍കോടിന് നീതി കൊടുക്കാന്‍? അംബികാസുതന്റെ ധാര്‍മിക രോഷം മനസ്സിലാക്കുന്നു. കര്‍ണാടകത്തോട് ചേര്‍ത്തതുകൊണ്ട് എന്തുനേട്ടമാണ് ലഭിക്കാന്‍ പോവുന്നത്. അങ്ങനെ ചേര്‍ത്തുകൊടുക്കേണ്ടതാണോ കേരളത്തിന്റെ ഇങ്ങേയറ്റമായ കാസര്‍കോട്?

പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് കേരളത്തിലെ പിന്നോക്ക ജില്ലയാണ്. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മാറണമെങ്കില്‍ 18123 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാനസര്‍ക്കാറും പ്ലാനിങ് കമ്മീഷനും കൂടി നീക്കിവെക്കണം. അതില്‍ത്തന്നെ കാസര്‍കോടിന്റെ ആരോഗ്യ മേഖലയ്ക്കാണ് പ്രാഥമിക പരിഗണന കൊടുക്കേണ്ടത്. 2678.77 കോടി രൂപ ഈയിനത്തില്‍ വകയിരുത്തി ആരോഗ്യമേഖലയില്‍ മാത്രം ചെലവാക്കണം. ഒരുപാട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. താലൂക്കാശുപത്രികളും ജനറല്‍ ആശുപത്രികളും ജില്ലാ ആശുപത്രിയും ഉണ്ട്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രമേ വന്നിട്ടുള്ളൂ. കാസര്‍കോട്ട് ആവശ്യത്തിന് ഡോക്ടര്‍മാരില്ല, നഴ്‌സുമാരില്ല, റേഡിയോളജിസ്റ്റുകളില്ല. ഒരു അപകടം സംഭവിച്ചാല്‍ ട്രോമാകെയര്‍ നല്‍കാന്‍ സംവിധാനങ്ങളില്ല. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ന്യൂറോളജിസ്റ്റുകളില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആശുപത്രികളെല്ലാം റഫറല്‍ ആശുപത്രിയാണ്. കോഴിക്കോട്, പരിയാരം, മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് രോഗികളെ റഫര്‍ ചെയ്യുന്നത്. കോഴിക്കോടും, പരിയാരവും അപേക്ഷിച്ചുനോക്കുമ്പോള്‍ കാസര്‍കോടുകാര്‍ക്ക് പോകാന്‍ എളുപ്പം മംഗലാപുരം ആണ്. ആളുകള്‍ മംഗലാപുരം തിരഞ്ഞെടുക്കുന്നു. മംഗലാപുരത്തെ ആശ്രയിക്കുക എന്നു പറഞ്ഞാല്‍ കര്‍ണാടകയിലുള്ള ആശുപത്രിയെ ആശ്രയിക്കുക എന്നര്‍ഥമാകുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരും ചികിത്സാസൗകര്യവും കാസര്‍കോടിന് നല്‍കിയാല്‍ ഒരൊറ്റയാളും മംഗലാപുരത്തെ ആശ്രയിക്കില്ല. അതിന് പരിഹാരം കാണേണ്ടത് സര്‍ക്കാറാണ്. ശാശ്വതമായ പരിഹാരമാണ് എം.പി എന്ന നിലയില്‍ ഞാനും ആഗ്രഹിക്കുന്നത്.

Content Highlights : Rajmohan Unnithan MP reacts against the statements of Ambikasuthan Mangad interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented