ജി.ആർ. ഇന്ദുഗോപൻ
മാതൃഭൂമി- ലുലു റീഡേഴ്‌സ് ഫെസ്റ്റില്‍ എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപനുമായി ആര്‍ജെ സുദേവ് നടത്തിയ അഭിമുഖം വായിക്കാം.
വായനക്കാരനെ തന്റെ ജീവിതവുമായി കണക്ട് ചെയ്യുന്ന എഴുത്താണ് ജി.ആര്‍ ഇന്ദുഗോപന്റേത്. ആളുകളെ സാഹിത്യവുമായി ബന്ധിപ്പിക്കുന്ന, വായനക്കാരന്റെ പള്‍സ് അറിയുന്ന എഴുത്തുകാരനാണ് താങ്കള്‍. എന്താണ് ഇതിനുപിന്നിലെ ടെക്‌നിക്?
വായനക്കാരുടെ പള്‍സ് അറിഞ്ഞിട്ട് ഒരെഴുത്തുകാരനും എഴുതാന്‍ പറ്റില്ല. വായനക്കാര്‍ പലമട്ടില്‍ സാഹിത്യം ആസ്വദിക്കുന്നവരാണ്. കണക്ട് ചെയ്യുക എന്ന വാക്ക് താങ്കള്‍ ഉപയോഗിച്ചല്ലോ. ജനങ്ങളുമായിട്ടും ഇവിടെ മാറിമറിഞ്ഞുവരുന്ന മനുഷ്യന്റെ അവസ്ഥയുമായിട്ടും, സംഭവങ്ങളുമായിട്ടും എല്ലായ്‌പ്പോഴും എഴുത്തുകാരന്‍ കണക്ടഡാണ്. സ്വാതന്ത്ര്യത്തിന് തടസ്സം വരുമ്പോള്‍ നമ്മള്‍ പ്രതിരോധിക്കുന്ന വിധങ്ങളെല്ലാം ചേര്‍ത്തുവെച്ച് സമൂഹത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റത്തിനൊപ്പം കണക്ട് ചെയ്യുക എന്ന പ്രോസസ് ഉണ്ട്. ആ കണക്ഷന്‍ കറക്ടാവുമ്പോള്‍ നമ്മള്‍ വായനക്കാരുമായി കണക്ടഡാവുന്നു. അതിനെയാണ് നിങ്ങള്‍ വായനക്കാരുടെ പള്‍സ് അറിയുന്നു എന്നു വ്യാഖ്യാനിക്കുന്നത്. അങ്ങനെ കണക്ടാവുന്നില്ലെങ്കില്‍ എഴുത്തുകാരനെ വായനക്കാരന്‍ 'അസ്സലായി' വിലയിരുത്തുന്നു. അങ്ങനെയാണെങ്കില്‍ നമ്മുടെ കണക്ഷന്‍ വിട്ടുപോയി എന്നുപറയാം.
എഴുതുമ്പോള്‍ അത്തരത്തിലുള്ള 'കണക്ഷന്‍' വിട്ടുപോയതായി എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?
എല്ലാ ദിവസവും ഓരോ സമയവും അനുഭവപ്പെടാറുണ്ട്. ഒരു ട്രെയിന്‍ വല്ലപ്പോഴുമേ പാളം തെറ്റുകയുള്ളൂ. എഴുത്ത് എന്നത് എപ്പോഴും പാളം തെറ്റിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന യാത്രയാണ്. വലിയൊരു നാഷണല്‍ ഹൈവേയിലൂടെ പോകുന്ന ബസ്‌യാത്ര പോലെയാണ് എഴുത്ത്. അത് കൃത്യമായി ഒരേ ദിശയിലൂടെ പോകുന്നില്ല. ഏതാണ്ടൊരു ധാരണ വെച്ചുള്ള പോക്കാണ്. അല്പം മാറിക്കഴിഞ്ഞാല്‍ എതിരെയുള്ള വണ്ടികള്‍ വന്നിടിക്കും. അങ്ങനെ ഇടിക്കാതിരിക്കാനുള്ള ശ്രമമാണ് ഓരോ ദിവസവും എഴുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ദുഗോപന്‍കഥകളിലെ ദൃശ്യാത്മകതയെക്കുറിച്ച്?
മനഃപൂര്‍വമല്ല, യാദൃച്ഛികവുമല്ല. ഓരോ എഴുത്തുകാര്‍ക്കും ഓരോ പ്രകൃതമുണ്ട്. നിങ്ങള്‍ റേഡിയോ ജോക്കികളില്‍ പലമട്ടിലുള്ളവരില്ലേ. ചിലരുടെ ശബ്ദത്തെയായിരിക്കും ഓഡിയന്‍സ് ഇഷ്ടപ്പെടുന്നതെങ്കില്‍ മറ്റുചിലരുടെ മോഡുലേഷന്‍ ആയിരിക്കും ഗംഭീരം. ഒരാള്‍ക്ക് ഇഷ്ടമില്ലാത്ത ശബ്ദം മറ്റൊരാള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും. അങ്ങനെ പല പല സ്റ്റൈലുകള്‍ ഓരോന്നിനുമുണ്ട്. ദൃശ്യാത്മകത മനഃപൂര്‍വം കൊണ്ടുവരാന്‍ കഴിയില്ല. ചില എഴുത്തുകാര്‍ ഓരോ സംഭവങ്ങളും വളരെ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കും. ആനന്ദ്, ജയമോഹന്‍ തുടങ്ങിയ എഴുത്തുകാര്‍ ഇങ്ങനെ ഡീറ്റെയ്‌ലിങ് ചെയ്യുന്നവരാണ്. എന്റെ ക്രമം അതിനെ പിന്തുടരുക എന്നതല്ല. നമുക്കൊരു ആജന്മപ്രകൃതമുണ്ട്. അതിനെ പിന്തുടര്‍ന്ന് അതില്‍നിന്നും പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം. നമ്മള്‍ രണ്ടുപേരും ചെയ്യുന്നത് ആശയവിനിമയമാണ്. അത് വളരെ കറക്ടായിക്കഴിഞ്ഞാല്‍ നമ്മുടെ ഡീല്‍ ജയിച്ചു.
വാക്കുകളിലേക്ക് ദൃശ്യാത്മകത പടര്‍ത്തുക എന്നത് നല്ലതല്ലേ. കപില്‍ദേവിന്റെ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്: 'Outswinger is gods gift to me' എന്ന്. നാച്ചുറലായി വന്നുവീഴുന്നതിനെ നിരാകരിക്കരുത്. മറ്റുള്ളവരുടെ വിജയം നിര്‍ണയിക്കുന്ന ഘടകം തേടി നമ്മള്‍ പോവരുത്. നമ്മില്‍ ആജന്മപ്രകൃതമായിട്ടുള്ളതിനെ തിരിച്ചറിയുക, ആശ്രയിക്കുക.
സിനിമ മുന്നില്‍ കണ്ടിട്ടാണോ എഴുത്ത്?
എന്റെ കുറേ കഥകള്‍ തുടര്‍ച്ചയായി സിനിമയാവുന്നു എന്നതിനെ മുന്‍നിര്‍ത്തി ഞാന്‍ നിരന്തരമായി മറുപടി കൊടുത്തുകൊണ്ടിരിക്കുന്ന ചോദ്യമാണ് ഇത്. അങ്ങനെയാണെങ്കില്‍ അത് സക്‌സസ്ഫുള്‍ റൈറ്റിംഗ് അല്ലേ? സിനിമയാവാന്‍ വേണ്ടിയുള്ള എഴുത്തുകള്‍ പലവിധത്തിലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ വളരെ കാലം മുതല്‍ക്കേ ഇവിടെ നടക്കുന്നതാണ്. ഒരു എഴുത്തുകാരന്റെ കഥ സിനിമയാവാന്‍ പറ്റിയതാണോ എന്ന് ഏറ്റവും മികച്ച രീതിയില്‍ തിരിച്ചറിയുന്നത് സിനിമാക്കാരാണ്. സിനിമയാക്കാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ ഒരു കഥ എഴുതി മുഖ്യപ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്നാലും അത് ആദ്യം തിരസ്‌കരിക്കുന്നതും സിനിമാക്കാരായിരിക്കും! അവര്‍ക്ക് വേണ്ടത് വളരെ ഫ്രെഷായിട്ടുള്ള മെറ്റീരിയലാണ്. സാറെ സിനിമയാക്കാന്‍ പറ്റുന്ന ഒരു കഥയുണ്ട് കയ്യില്‍ എന്ന് പറഞ്ഞുവരുന്ന നൂറുകണക്കിനാളുകളെ എല്ലാ സിനിമാക്കാരും ദിവസവും കണ്ടുകൊണ്ടിരിക്കുന്നുണ്ട്.
ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു കഥയ്ക്കകത്തെ ദൃശ്യാത്മകതയുടെ വലിയ സാധ്യതയാണ് സിനിമാക്കാര്‍ അന്വേഷിക്കുന്നതും തിരിച്ചറിയുന്നതും. അവരെ വിസ്മയിപ്പിക്കുക എളുപ്പമല്ല. ഒരു പത്രാധിപര്‍ക്ക് കഥ കൊടുത്ത് വിസ്മയിപ്പിക്കുന്നതിലും എത്രയോ പതിന്മടങ്ങ് അധ്വാനമുള്ള കാര്യമാണത്. കാരണം കോടികളുടെ മുതല്‍മുടക്കാണ് സിനിമ എന്നത്. ഈ കോടികള്‍ വരുന്ന വഴി പലപ്പോഴും പലയിടങ്ങളില്‍ നിന്നും സംഘടിപ്പിക്കുന്നതാണ്. അത്രയും വലിയ മുതല്‍മുടക്കുകാര്‍ എളുപ്പം സിനിമയാക്കാവുന്ന കഥകളില്‍ ഒരിക്കലും ആകൃഷ്ടരാവില്ല. ഇതുവരെ കണ്ടിട്ടില്ലാത്തതാണ് അവര്‍ക്ക് വേണ്ടത്. അതിനുള്ള സാധ്യതയും തേടി ചിലര്‍ വരാറുണ്ട്, ഭാഗ്യവശാല്‍. അത് എത്രകാലം ഉണ്ടാവുമെന്ന് അറിയില്ല. ചില സമയങ്ങളില്‍, ചില പോയിന്റുകളില്‍ നിന്നും വരുന്ന എലെമെന്റുകളാണ് അവര്‍ക്ക് വേണ്ടത്. എല്ലാകാലവും കഥകളിലൂടെ എനിക്കത് കൊടുക്കാന്‍ പറ്റില്ല. ചില കഥകളുടെ സാധ്യത തേടി സിനിമാക്കാര്‍ വരുന്നുണ്ട്. അതില്‍ പ്രചോദനം കൊണ്ട് ഞാന്‍ എന്നെത്തന്നെ അനുകരിക്കാന്‍ തുടങ്ങിയാല്‍ അതിനും ആയുസ്സുണ്ടാവില്ല.
'വിലായത്ത് ബുദ്ധ'യെ ഇരുകയ്യും നീട്ടി സ്വീകരിച്ച വായനക്കാരുടെ മനസ്സില്‍ ഒരു ചോദ്യമുണ്ടാകും. എങ്ങനെ കിട്ടി ഈ ത്രെഡ്?
'വിലായത്ത് ബുദ്ധ' എന്റെ ചിന്താശകലമോ എന്റെ ത്രെഡ്ഡോ അല്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് പറഞ്ഞ കഥയാണ്. എപ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ടത് കഥയിലെ സൂക്ഷ്മതയാണ്. അതാണ് കഥയുടെ ശക്തി. നാനോ എന്ന് നമ്മള്‍ പറയില്ലേ...അതുതന്നെ! ഒരു കയ്യില്‍ കടുകുമണിയും മറ്റേ കയ്യില്‍ ആല്‍മരത്തിന്റെ വിത്തും വെച്ചുതന്നാല്‍ കാണാന്‍ പറ്റുന്നത് ഏതാണ്? തീര്‍ച്ചയായും കടുകുമണിയായിരിക്കും. അതിലും ചെറുതാണ് ആല്‍മരത്തിന്റെ വിത്ത്. ഒരു വിത്തുകൂടയില്‍ പതിനായിരക്കണക്കിന് വിത്തുകളെ ഒളിപ്പിക്കാന്‍ കഴിയും ആല്‍മരത്തിന്. കടുകുചെടിയും ആല്‍മരവും ഒന്നു സങ്കല്‍പിച്ച് നോക്കൂ. ആല് പോലെ വലുതാവുന്ന ഒരു വൃക്ഷത്തിന്റെ വിത്ത് അതിസൂക്ഷ്മമാണ്. സൂക്ഷ്മമാവുന്നതിനാണ് ശക്തി കൂടുതല്‍. നാനോ ടെക്‌നോളജിയുടെ മഹത്വവും അതാണ്. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് ലോകം നാനോയുടെ പിറകേ കൂടിയത്.
നിങ്ങളുടെ കഥ സിനിമയാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഒരു വരിയിലോ രണ്ടുവരിയിലോ പറഞ്ഞുഫലിപ്പിക്കാന്‍ കഴിയണം. ഉദാഹരണത്തിന് 'മൃഗയ' എന്ന സിനിമയുടെ പിന്നാമ്പുറത്തേക്ക് പോകാം. ഐ.വി. ശശിയാണ് സംവിധായകന്‍. ഏറ്റവും വലിയ തിരക്കഥാകൃത്തുക്കളിലൊരാളായ ലോഹിതദാസ് ആണ് തിരക്കഥ. ഐ.വി. ശശി ഒരേ സമയം രണ്ടും മൂന്നും സിനിമകള്‍ ചെയ്യുന്ന സമയം. ലോഹിതദാസ് അദ്ദേഹത്തിന്റെയടുക്കല്‍ പോയി പറയുകയാണ് എന്റെയടുക്കല്‍ ഒരു ത്രെഡ് ഉണ്ട്. സമയമില്ല പെട്ടെന്ന് പറയൂ എന്നായി സംവിധായകന്‍. ഒരിടത്ത് പുലിയിറങ്ങുന്നു, പുലിയെ പിടിക്കാനായി ഒരാള്‍ വരുന്നു, അയാള്‍ പുലിയേക്കാള്‍ ശല്യക്കാരനായി മാറുന്നു! ഐ.വി ശശിയുടെ പ്രതികരണം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. ഭയങ്കരമായൊരു ത്രെഡ്! നിങ്ങള്‍ എഴുതൂ. എഴുതിത്തീര്‍ന്നാലുടന്‍ സിനിമയാക്കാം. മമ്മൂട്ടിയോട് ഇപ്പോള്‍ത്തന്നെ പറയാം. നോക്കൂ എത്ര പെട്ടെന്നാണ് ഒരു പ്രൊജക്ട് ഓണ്‍ ആയത്.
വിലായത്ത് ബുദ്ധയുടെ ത്രെഡ് എന്റെ സുഹൃത്തായ രാജേഷ് വന്ന് പറയുകയാണ്- ഒരു വീടിന്റെ മുമ്പില്‍ ഒരു ചന്ദനമരം നില്‍പ്പുണ്ടായിരുന്നു. ഈ മരം മുറ്റത്ത് തന്നെ നിര്‍ത്തിയിരിക്കുന്നതിന് വീട്ടിലെ വയസ്സനായ കാരണവര്‍ക്ക് കൃത്യമായ കാരണമുണ്ട്. അയാള്‍ മരിക്കുമ്പോള്‍ ആ ചന്ദനം വെട്ടി കീറാക്കിയിട്ട് വേണം ദഹിപ്പിക്കാന്‍. അധ്യാപകനാണ് അയാള്‍. അത് വെട്ടാനായി അയാളുടെ വിദ്യാര്‍ഥിയായിരുന്ന ചന്ദനക്കള്ളന്‍ വരുന്നു. അത് വലിയൊരു ത്രെഡ് അല്ലേ. വിലായത്ത് ബുദ്ധയുടെ തിരക്കഥ എഴുതുമ്പോള്‍ ഞാന്‍ രാജേഷിനെ കൂടെ നിര്‍ത്തി. സ്പാര്‍ക്കാണ് പ്രധാനം. കഥയെ അതിസൂക്ഷ്മമായി സമീപിക്കുക എന്നതാണ് പ്രധാനം. ഒരു വരി പറഞ്ഞപ്പോഴേക്കും എടുത്തുകൊണ്ടുപോയി സിനിമയാക്കിക്കളഞ്ഞു എന്നൊക്കെ ആരോപിക്കുന്നത് സ്ഥിരമായി കേള്‍ക്കാറുള്ളതാണല്ലോ. അതിന്റെ വേദന ഇവിടെയാണിരിക്കുന്നത്.
ഇന്ദുഗോപന്‍ സ്വയം സൂക്ഷ്മമായി നോക്കിക്കഴിഞ്ഞാല്‍ മനസ്സിന്റെ ഉള്ളിന്റെയുള്ളില്‍ ഒരു ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ ഉണ്ടോ?
അത് എല്ലാവരുടെയും മനസ്സില്‍ ഉണ്ട്. എല്ലാവരുടെയും മനസ്സ് എടുത്തുനോക്കിയാല്‍ ക്രൈം ചെയ്യാത്ത ഒരു ദിവസം പോലും ഉണ്ടാവുകയുമില്ല. ഞാന്‍ ഇവിടെയിരുന്ന് ചിന്തിക്കുന്ന ക്രൈം അല്ല അമേരിക്കയിലോ സൗദി അറേബ്യയിലോ ഇരുന്ന് ഞാന്‍ ചിന്തിക്കുന്ന ക്രൈം. ഇവിടെ ഞാന്‍ കുറ്റക്കാരനല്ലാത്ത ചിന്ത പക്ഷേ സൗദിയില്‍ കുറ്റമുള്ളതായേക്കാം. അമേരിക്കയിലെ ഒരു സംസ്ഥാനത്തെ കുറ്റം മറ്റൊരു സംസ്ഥാനത്ത് കുറ്റമേയല്ല. കഞ്ചാവ് വൈദ്യശാസ്ത്രപരമായി അനുവദിക്കപ്പെട്ട സ്ഥലമുണ്ട്, അല്ലാത്ത സ്ഥലമുണ്ട്. ഒട്ടുമേ അനുവദിക്കപ്പെടാത്ത സ്ഥലവുമുണ്ട്.

മനുഷ്യന്‍ അതേ ജനുസ്സില്‍പ്പെട്ട മനുഷ്യനെ തന്നെ കൊല്ലുന്നതും ആക്രമിക്കുന്നതുമാണ് എല്ലായിടത്തും കുറ്റകരമായത്. വനത്തിലുള്ള ജീവിയെ കൊല്ലുന്നത് കുറ്റം. പണ്ട് രാജാക്കന്മാര്‍ മൃഗങ്ങളെ കൊല്ലുന്ന കാലത്ത് അത് കുറ്റകൃത്യമല്ല, വീരകൃത്യമാണ്. ഇന്ന് അറസ്റ്റ് ചെയ്യുപ്പെടുന്ന കുറ്റം രണ്ട് വര്‍ഷം കഴിഞ്ഞാല്‍ കുറ്റമായേക്കില്ല. തിരിച്ചും സംഭവിക്കാം.
കഞ്ചാവ് പ്രകൃത്യായുള്ള ചെടിയില്‍ നിന്നും നിര്‍മിക്കുന്നതാണ്. അത് കൃഷി ചെയ്യുന്നത് ഇന്ത്യയില്‍ കുറ്റകൃത്യമാണ്. കഞ്ചാവിനേക്കാള്‍ ഒരുപടി അധികം വീര്യമുള്ള ഓപിയം അഥവാ കറുപ്പ് കൃഷി ചെയ്യുന്നതില്‍ കുറ്റമില്ല. അത് കയറ്റുമതിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. നിയമങ്ങള്‍ കടലാസില്‍ എഴുതിവെച്ചിട്ടുള്ളതാണ്. സബ്ജക്ടീവാണ്. ദുരൂഹമരണങ്ങള്‍, അല്ലാതുള്ള ക്രൈം, മാറിമാറി വരുന്ന നീതിവ്യവസ്ഥകള്‍, നിയമങ്ങള്‍ തുടങ്ങിയവ എല്ലാക്കാലത്തും പ്രചോദിപ്പിച്ചുകൊണ്ടേിയിരിക്കും. എനിക്കും അതെല്ലാം പ്രചോദനം തരുന്നുണ്ട്. ഒരുകാലത്ത് ഇതെല്ലാം രണ്ടാംതര സാഹിത്യമായിട്ടായിരുന്നു വിലയിരുത്തപ്പെട്ടിരുന്നുത്. ഇന്ന് അങ്ങനെയല്ല. വായന ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതോടെ ചെറുപ്പക്കാര്‍ ത്രില്ലര്‍ വായനകളോട് പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പത്രാധിപര്‍ കഥകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി.
ഇന്‍വെസ്റ്റിഗേറ്റീവ് മൈന്‍ഡ് എന്നതിനേക്കാള്‍ ഒരു വായനക്കാരനെ വിശ്വസിപ്പിക്കാനുതകുന്ന രീതിയില്‍ എഴുത്തുകാരന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് പ്രധാനം. അവിശ്വസനീയതയുടെ അടരുകള്‍ പരിശോധിക്കുമ്പോള്‍ ഒരു ലോജിക്കും കാണില്ല. അബ്‌സേഡ് ആയിരിക്കും സംഭവം. വിശ്വസിപ്പിച്ചെടുക്കുക എന്ന കെമിസ്ട്രിയാണ് വായനക്കാര്‍ എഴുത്തുകാരനില്‍ നിന്നും പ്രതീക്ഷിക്കുന്നതും അയാള്‍ അംഗീകരിക്കപ്പെടുന്നതും.
നിത്യജീവിതത്തിലെ എഴുത്തുകാരന്റെ വീക്ഷണത്തെക്കുറിച്ച്?
നിത്യജീവിതത്തില്‍ നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നതല്ല റൈറ്റേഴ്‌സ് പെര്‍സ്‌പെക്ടീവ് എന്നത്. ക്രൈം ത്രില്ലര്‍ എഴുതുന്നവര്‍ അവരുടെ പ്രമേയത്തെ സമീപിക്കുന്ന രീതികള്‍ തികച്ചും വ്യത്യാസപ്പെട്ടിരിക്കും. അതില്‍ വ്യക്തിജീവിതത്തിന് കാര്യമാത്രപ്രസക്തിയില്ല. നിത്യജീവിതത്തില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ അഭ്യാസങ്ങള്‍ കാട്ടിക്കൂട്ടുന്നവര്‍ ഉണ്ടോ എന്നെനിക്കറിയില്ല. ഞാനങ്ങനെ ചെയ്യാറില്ല.
ജീവിതത്തിലെ പല റോളുകളില്‍ ഇന്ദുഗോപന്‍ എന്ന പത്രക്കാരനെയാണോ ഇഷ്ടം അതോ എഴുത്തുകാരനെയാണോ?
എഴുത്തുകാരനെ എന്നാണ് ഞാന്‍ പറയേണ്ടതായ ഉത്തരം. എഴുത്ത് ഒരു വ്യക്തിഗതപ്രക്രിയ ആണ്. ഞാനാണ് എന്റെ പ്രജാപതി. ഞാന്‍ എന്തെഴുതണം എന്ന് ഞാന്‍ തന്നെ തീരുമാനിക്കുന്ന സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ എത്രകണ്ട് സൂക്ഷിച്ച് എഴുതണം എന്ന് ഞാന്‍ എന്നെത്തന്നെ പഠിപ്പിക്കുന്നു. ഇതിന്റെയെല്ലാം പാഠശാല തീര്‍ച്ചയായും എന്റെ പത്രപ്രവര്‍ത്തനകാലമായിരുന്നു. കുറച്ച് വിവരങ്ങളെ എങ്ങനെ ഇണക്കിക്കൂട്ടി വാര്‍ത്തയാക്കുന്നു എന്നപോലെ, സ്വര്‍ണം കൊണ്ട് തട്ടാന്‍ പല ഡിസൈനുകളിലുള്ള ആഭരണം ഉണ്ടാക്കാന്‍ പഠിക്കുന്നതുപോലെ ചില ശിക്ഷണങ്ങള്‍ പത്രപ്രവര്‍ത്തനത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതിന്റെ ഗുണവും ദോഷവും ഉണ്ടാവാം. ആവശ്യമില്ലാതെ എഡിറ്റ് ചെയ്യും. പത്രക്കാരന്റെ ടൂള്‍സ് നമ്മോട് അറിയാതെ എടുത്തുപോകും, എളുപ്പപ്പണിക്കായി ഉപയോഗിക്കും. പത്രപ്രവര്‍ത്തന കാലത്ത് ഫീച്ചറുകള്‍ക്കായി നടത്തിയ യാത്രകള്‍ എനിക്ക് എഴുത്തില്‍ ഉപയോഗപ്പെട്ടു.
കൊല്ലം ഭാഷയെ സാഹിത്യഭാഷയാക്കിയപ്പോള്‍ നേരിട്ട വെല്ലുവിളികള്‍?
അനുഗ്രഹമായിട്ടാണ് തോന്നിയത്. കേരളത്തില്‍ എവിടെയും കൊല്ലം ഭാഷ എടുത്ത് പ്രയോഗിക്കാന്‍ പറ്റും എന്നതാണ് ആ ഭാഷയുടെ പ്രത്യേകത. ആലങ്കാരികമല്ലാത്ത, വളരെ ഷാര്‍പ്പായ, ദയയില്ലാത്ത ഭാഷയായി പലപ്പോഴും എനിക്ക് കൊല്ലം ഭാഷയെക്കുറിച്ച് തോന്നിയിട്ടുണ്ട്. എന്റെ ജോണര്‍ ഓഫ് ലിറ്ററേച്ചറിന് അത് ഉപകാരപ്പെട്ടു. ആലങ്കാരിക പദങ്ങള്‍, മെറ്റഫര്‍ തുടങ്ങിയവയൊന്നും എനിക്കാവശ്യമായി വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഷാര്‍പ്പായ കൊല്ലം ഭാഷ എനിക്ക് സൗകര്യമായി. വായനക്കാരോട് അനുകമ്പയോ ദയാവായ്‌പോ അധികനാട്യങ്ങളോ ഒന്നുമില്ല. കാര്യങ്ങള്‍ പറയുക, പിന്‍വാങ്ങുക. അത്രതന്നെ.
ഇതുപോലെ ഒരെണ്ണം എഴുതിയാല്‍ കൊള്ളാം എന്നുതോന്നിയ കഥയോ നോവലോ അങ്ങനെ എന്തെങ്കിലും ഉണ്ടോ? അത്രയേറെ ഇഷ്ടപ്പെട്ടത്?
അങ്ങനെ തോന്നേണ്ടതായ ഒരു സംഗതി വന്നിട്ടില്ല. എനിക്ക് എഴുതാനുള്ള മെറ്റീരിയലിന് ഇതുവരെ ഒരു കുറവും വന്നിട്ടില്ല എന്നതാണ് കാരണം. ഇംഗ്ലീഷില്‍ നമ്മള്‍ പ്രോളിഫിക് റൈറ്റേഴ്‌സ് എന്നുപറയുന്നവരുടെ പൈപ്‌ലൈനില്‍ ഇപ്പോഴും ആശയങ്ങളുടെ വലിയ മേളനം കാണാം. ഒന്നെഴുതുമ്പോള്‍ അടുത്തതും അതിനടുത്തതും മനസ്സില്‍ വരിവരിയായി നില്‍ക്കും. എനിക്കെഴുതാനുള്ള കുറേ സംഗതികള്‍ ഇവിടെയുണ്ട്. അതില്‍ ഞാന്‍ സന്തോഷവാനാണ്.
സംതൃപ്തനുമാണോ?
ഒട്ടും പ്ലാന്‍ ചെയ്തിട്ടെഴുതുന്ന ആളല്ല ഞാന്‍. ദിവസം ഇത്ര അധ്യായം എഴുതണം, ഇത് കഴിഞ്ഞാല്‍ അടുത്ത നോവല്‍ തുടങ്ങണം. അതുകഴിഞ്ഞ് തിരക്കഥ എന്ന പദ്ധതികള്‍ ഒന്നുമില്ല. അഞ്ചുവര്‍ഷം മുമ്പ് പാതിയാക്കിയ നോവല്‍ ഇപ്പോഴും പൂര്‍ത്തിയാവാതെ കിടക്കുന്നുണ്ട്. അതിനിടയില്‍ വേറെ നോവലുകളും എഴുതിയിട്ടുണ്ട്. കഥകള്‍ വന്നിട്ടുണ്ട്. കഥാപാത്രത്തിനും കഥയ്ക്കും പറയാന്‍ ഏറെയുണ്ടെങ്കില്‍, അതിന് യാത്രയുണ്ടെങ്കില്‍ അതിനായിരിക്കും മുന്‍ഗണന.
Content Highlights: G R Indugopan, RJ Sudev, Mathrubhumi-Lulu Readers Fest, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..