'മനുഷ്യരോട് സ്വതന്ത്രമായി ഇടപഴകാം എന്ന വിശ്വാസം ഉണ്ടാക്കിയത് പുനത്തില്‍'- നളിനി ജമീല


ഷബിത

4 min read
Read later
Print
Share

ഒന്നാവള്‍, രണ്ടാവള്‍, മൂന്നാവള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. ഒന്നാമത്തെവള്‍ അദ്ദേഹത്തിന്റെ അമ്മയും രണ്ടാമത്തെത് ഭാര്യയും മൂന്നാമത് നളിനി ജമീലയുമാണ് എന്നദ്ദേഹം എഴുതി. പുനത്തിലിന്റെ സൗഹൃദം ആത്മാര്‍ഥമായിരുന്നു എന്നുതിരിച്ചറിയാന്‍ എനിക്കാ വാക്കുകള്‍ ധാരാളമാണ്.

പുനത്തിൽ, നളിനി ജമീല

പതിനെട്ടാം വയസ്സില്‍ 'ഭാഗ്യക്കുറി' എന്ന കഥയെഴുതി മലായളസാഹിത്യത്തിലെ ഭാഗ്യതാരകമായി മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഉദിച്ചുയര്‍ന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള ഓര്‍മയായിട്ട് അഞ്ചുവര്‍ഷം തികയുന്നു. ആത്മകഥയുടെ പേരുപോലെ തന്ന 'നഷ്ടജാതകം' എന്ന് സ്വന്തം ജീവിതത്തെയും കളിയാക്കിയ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ജീവിച്ചതത്രയും പരസ്യമായ, പരമാര്‍ഥമായ സത്യത്തിലായിരുന്നു. പുനത്തിലുമായുണ്ടായിരുന്ന അഗാധസൗഹൃദത്തെ ഓര്‍ത്തെടുക്കുകയാണ് നളിനിജമീല.

പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനെപ്പറ്റി കേട്ട അറിവുമാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഞാനദ്ദേഹത്തെ വായിച്ചിട്ടുണ്ടായിരുന്നില്ല. എന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ പുനത്തിലിനെ പുസ്തകപ്രകാശനവേളയില്‍ കാണാന്‍ പറ്റിയെങ്കിലും കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട്‌ ഒരു കവിതാസമാഹാരം എനിക്ക് തന്നുകൊണ്ടായിരുന്നു അദ്ദേഹം പ്രകാശനം ചെയ്തത്. അന്നുമുതല്‍ അദ്ദേഹവുമായി നല്ല സൗഹൃദം ഞാന്‍ സൂക്ഷിച്ചുപോന്നു. അദ്ദേഹം താമസിക്കുന്ന സ്ഥലത്തേക്ക് എന്നെ വിളിക്കും ഞാന്‍ പോകും. ചിലപ്പോള്‍ ഹോട്ടലില്‍ മുറിയെടുത്ത ശേഷമാണ് വിളിക്കുക. പുനത്തില്‍ വിളിച്ചാല്‍ എവിടെയായാലും ഞാന്‍ പോകും. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ മൂന്നു സ്ത്രീകളെക്കുറിച്ച് പറയുന്നുണ്ട്: ഒന്നാവള്‍, രണ്ടാവള്‍, മൂന്നാവള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. ഒന്നാമത്തെവള്‍ അദ്ദേഹത്തിന്റെ അമ്മയും രണ്ടാമത്തെത് ഭാര്യയും മൂന്നാമത് നളിനി ജമീലയുമാണ് എന്നദ്ദേഹം എഴുതി. പുനത്തിലിന്റെ സൗഹൃദം ആത്മാര്‍ഥമായിരുന്നു എന്നുതിരിച്ചറിയാന്‍ എനിക്ക് ആ വാക്കുകള്‍ ധാരാളമാണ്.

പുനത്തില്‍ എന്നെക്കുറിച്ച് തന്റെ ജീവിതത്തിലെ മൂന്നാവള്‍ എന്ന് പരസ്യമായി എഴുതിയതിനുശേഷമാണ് അദ്ദേഹം എന്റെ സുഹൃത്താണ് എന്ന് ഞാന്‍ ആളുകളോട് പറയാന്‍ തുടങ്ങിയത്. പൊതുവേ എന്റെ കൂട്ടുകാരെപ്പറ്റി ഞാന്‍ ആരോടും പറയാറില്ല. കാരണം എന്റെ സൗഹൃദത്തിന് വേറെയൊരു അര്‍ഥം കൂടി ആളുകള്‍ കല്‍പ്പിക്കുമല്ലോ. പുനത്തില്‍ ഇങ്ങനെ എഴുതിയതിനുശേഷമാണ് പൊതുവിടങ്ങളില്‍ വെച്ച് അദ്ദേഹത്തോട് സംസാരിക്കാനുള്ള ധൈര്യമൊക്കെ ഉണ്ടായത്. അഞ്ചാറ് വര്‍ഷക്കാലം ഞങ്ങള്‍ പരസ്പരം കാണുകയും വിശേഷങ്ങള്‍ പറയുകയും ചെയ്തു. എല്ലാത്തരത്തിലും നല്ല അര്‍ഥത്തില്‍ മാത്രമുള്ള സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്കു പറ്റി. ഞാന്‍ അസുഖബാധിതയായി ആശുപത്രിയില്‍ കിടന്നപ്പോള്‍ അദ്ദേഹം തന്റെ സുഹൃത്തിനെ വിട്ട് എല്ലാ സാമ്പത്തിക സഹായങ്ങളും ചെയ്തുതന്നിരുന്നു.

ഒരാണും പെണ്ണും തമ്മിലുള്ള സൗഹൃദം എന്ന നിലയില്‍ നിന്നും രണ്ട് എഴുത്തുകാര്‍ തമ്മിലുള്ള സൗഹൃദം എന്ന പടിയിലേക്ക് എന്നെ പിടിച്ചുയര്‍ത്തിയത് പുനത്തിലാണ്. വളരെ ഊഷ്മളമായ ബന്ധം അദ്ദേഹം എന്നോട് പുലര്‍ത്തിയിരുന്നു. പുനത്തില്‍ ഒരു തുറന്ന പുസ്തകമായിരുന്നു. ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്കിഷ്ടപ്പെട്ട താളുകള്‍ മറിച്ച് വായിക്കാം, പഠിക്കാം, അടച്ചുവെക്കാം. സ്വന്തം ജീവിതത്തില്‍ എന്തു സംഭവിച്ചാലും, നല്ലതായാലും മോശപ്പെട്ടതായാലും തുറന്നുപറയാനും അതേപോലെതന്നെ തുറന്നെഴുതാനും പുനത്തില്‍ മടി കാണിച്ചിരുന്നില്ല. സമൂഹത്തില്‍ താന്‍ ആരാണ്, താന്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയോടെ ജീവിച്ചയാളാണ് പുനത്തില്‍. ഞാന്‍ കണ്ട ആണുങ്ങളില്‍ ഇത്രമേല്‍ തുറന്ന മന:സ്ഥിതിയുള്ള ഒരാള്‍ പുനത്തില്‍ മാത്രമേയുള്ളൂ. പലരും തങ്ങളുടെ കുടുംബബന്ധങ്ങളെയും സമൂഹത്തിലെ സ്ഥാനമാനങ്ങളെയും ഭയന്നും ബഹുമാനിച്ചും തന്റെ നിലവിലെ സാമൂഹികസ്ഥാനമാനങ്ങള്‍ക്ക് കോട്ടംവരുത്താത്ത തരത്തില്‍ പരമരഹസ്യമായി മറ്റൊരു ജീവിതം നയിക്കുകയും മാന്യരാവുകയും ചെയ്തപ്പോള്‍, പുനത്തില്‍ എന്ന വ്യക്തി അഭിനയിക്കാതെ ജീവിച്ചു. അത്തരത്തില്‍ പച്ചയായ മനുഷ്യനായി നിന്നതുകൊണ്ട് അദ്ദേഹത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയുംചെയ്ത വ്യക്തിയാണ് ഞാന്‍.

Punathil

പുനത്തില്‍ എനിക്ക് നല്ലൊരു വഴികാട്ടിയായിരുന്നു. ജീവിതത്തില്‍ നമുക്ക് തുറന്നുപറയാന്‍ പാടുള്ള കാര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് അദ്ദേഹം പറയുമായിരുന്നു. ഒരാളെ കൊന്നാല്‍, ആരെയെങ്കിലും വഞ്ചിച്ചാല്‍ നമുക്ക് വെളിപ്പെടുത്താനാവില്ല. അതുകൊണ്ടു തന്നെ അക്കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും പാടില്ല എന്ന് പുനത്തില്‍ പറയുമായിരുന്നു. അദ്ദേഹത്തിന് തുറന്നുപറയാന്‍പറ്റുന്ന തരത്തിലുള്ള ബന്ധമായിരുന്നു എന്നോടുണ്ടായിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മൂന്നുപെണ്ണുങ്ങളില്‍ അവസാനത്തേത് ഞാനായത് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആ ധൈര്യത്തെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അക്ഷരങ്ങളുമായി സ്‌നേഹത്തിലാകാന്‍ എന്നെ പ്രേരിപ്പിച്ചത് പുനത്തിലാണ്. ഓരോ പുസ്തകത്തെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും പറഞ്ഞുകൊണ്ടേയിരിക്കും. കഥകള്‍ പറയുന്ന പുനത്തില്‍ കേള്‍വിക്കാര്‍ക്ക് ഒരു അനുഭവം തന്നെയാണ്.

സംസാരിക്കണമെന്ന് തോന്നിയാല്‍ അദ്ദേഹം എന്നെ ഫ്‌ലാറ്റിലേക്ക് വിളിപ്പിക്കുകയാണ് പതിവ്. പുനത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവുകളാണ്. ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു: 'നീയെന്റെ മുറിയിലേക്ക് നില്‍ക്ക് ഞാന്‍ നിനക്ക് ഒരു കാഴ്ച കാണിച്ചുതരാം.' ഞാന്‍ എഴുന്നേറ്റ് പോയി വേഗം തന്നെ മുറിയിലെ കര്‍ട്ടനുപിറകില്‍ നിന്നു. മുന്‍വശത്തെ വാതില്‍ തുറന്ന് ഒരാള്‍ വന്ന് മേശപ്പുറത്തുവച്ചിരിക്കുന്ന ഭക്ഷണം എടുത്തിട്ടുപോയി. അദ്ദേഹം നന്നായി ഭക്ഷണം ഉണ്ടാക്കുമായിരുന്നു. ഞങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട്. അതിലൊരു പങ്കാണ് വന്നയാള്‍ കൊണ്ടുപോയത്. അവര്‍ പോയതിനുശേഷം പുനത്തില്‍ പറഞ്ഞു; 'ഇപ്പോള്‍ വന്നുപോയത് എന്റെ മകളാണ്.' പുനത്തിലിന്റെ ഫ്‌ലാറ്റിലേക്ക് ആരോ വരുന്നത് കൊണ്ടാണ് എന്നോട് മറഞ്ഞുനില്‍ക്കാന്‍ പറഞ്ഞത് എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നെ കാണുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമുണ്ടാവരുത് എന്ന കരുതലിനോടൊപ്പം തന്നെ മകളെ കണ്ടാല്‍ ഞാന്‍ തിരിച്ചറിയണം എന്ന ഉദ്ദേശത്തിലായിരുന്നു വാതിലടച്ചിരുത്താതെ കര്‍ട്ടനുപിറകില്‍ നില്‍ക്കാന്‍ പറഞ്ഞത്. താനും ഭാര്യയും വെവ്വേറെയാണ് താമസിക്കുന്നത് എന്ന കാര്യം അന്നാണ് അദ്ദേഹം പറഞ്ഞത്. പുനത്തില്‍ കുടുംബകാര്യങ്ങള്‍ പറയുമ്പോള്‍ ഞാനത്ര ശ്രദ്ധ കൊടുക്കാറില്ലായിരുന്നു. ആരുടെയും സ്വകാര്യജീവിതത്തില്‍ കൈകടത്താനോ അറിയാനോ എനിക്കിഷ്ടമില്ല. നിങ്ങള്‍ ഭാര്യയോടും കുടംബത്തോടും എന്താണിങ്ങനെ ചെയ്തത് എന്ന് അന്വേഷിക്കാറില്ല. പകരം അവര്‍ പറയുന്നതില്‍ എനിക്ക് ശരികേട് തോന്നിയാല്‍ അത് പറയാറുമുണ്ട്. പുനത്തില്‍ പക്ഷേ, ഒരിക്കല്‍പോലും സ്വന്തം കുടുംബത്തെ അന്യര്‍ക്കുമുമ്പില്‍ വിചാരണയ്‌ക്കോ വിശകലനത്തിനോ വെക്കില്ലായിരുന്നു. അത്യധികം സ്വകാര്യതയോടെ ആ ബന്ധത്തെ അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചിരുന്നു. എഴുത്തുകാരന്‍ എന്ന നിലയിലുള്ള പുനത്തിലിനെയാണ് എനിക്കിഷ്ടം. സ്വതന്ത്രമായിട്ട് മനുഷ്യനോട് ഇടപഴകാന്‍ പറ്റും എന്ന വിശ്വാസം എന്നിലുണ്ടാക്കിയത് പുനത്തിലാണ്.

പുനത്തില്‍ വളരെ കാല്‍പനികനായ മനുഷ്യനായിരുന്നു. തന്റെ പെണ്‍സുഹൃത്തുക്കളെക്കുറിച്ചും അവരോടൊന്നിച്ചുളള യാത്രകളെക്കുറിച്ചുമെല്ലാം വിശദീകരിച്ചു തന്നെ പറയും. നല്ലൊരു കഥപറച്ചിലുകാരനാണ് പുനത്തില്‍. അദ്ദേഹത്തിനുവേണ്ടിയിരുന്നത് നല്ലൊരു കേള്‍വിക്കാരിയെയായിരുന്നു. മിണ്ടാതിരിക്കുന്ന ഒരു കേള്‍വിക്കാരിയായിട്ടാണ് പലപ്പോഴും ഞാന്‍ പുനത്തിലിനുമുന്നില്‍ ഇരുന്നിട്ടുള്ളത്. ഒരു പകല്‍ അദ്ദേഹത്തോടൊപ്പം ഇരുന്നാല്‍ വൈകുന്നേരം തന്നെ ഞാന്‍ വീട്ടില്‍ പോകണം എന്നു പറയും. ഒരു ദിവസത്തില്‍ കൂടുതല്‍ ഒരാളോടൊപ്പം ഇരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. എനിക്ക് തൃശൂരേക്കാണ് പോകേണ്ടത്. എന്റെ സുഹൃത്ത് അവിടെ കാത്തിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു കാറ് വിളിച്ചാണ് എന്നെ പറഞ്ഞുവിട്ടത്. കാറില്‍ വന്നിറങ്ങുന്ന എന്നെ കണ്ടപ്പോള്‍ സുഹൃത്ത് ചോദിച്ചു, നീയെന്താ കാറില്‍ വന്നിറങ്ങുന്നത് എന്ന്. ഞാന്‍ പുനത്തിലിന്റെ അടുത്തുനിന്നാണ് വരുന്നത്, അദ്ദേഹമാണ് എനിക്ക് കാറ് വിളിച്ചു തന്നത് എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ എന്റെ സുഹൃത്തുക്കള്‍ക്കൊക്കെ പുനത്തില്‍ എന്ന മനുഷ്യന്‍ നളിനിജമീലയ്ക്ക് കാറ് വിളിച്ചുകൊടുക്കാന്‍ വരെ അടുപ്പമുള്ളയാള്‍ എന്ന നിലയില്‍ അറിയപ്പെട്ടുതുടങ്ങി.

പുനത്തിലിന്റെ ഫ്‌ലാറ്റിലേക്ക് ഞാന്‍ പലപ്പോഴും ക്ഷണിക്കപ്പെട്ട അതിഥി തന്നെയായിരുന്നു. ഒരുപാട് നിലകളുള്ള ഫ്‌ലാറ്റിലെ ലിഫ്റ്റ് ഉപയോഗിക്കാനൊന്നും എനിക്ക് പരിചയമുണ്ടായിരുന്നില്ല. അപ്പോള്‍ അദ്ദേഹം താഴെ സെക്യൂരിറ്റിക്കാരെ വിളിച്ചിട്ട് പറയും എന്റെയൊരു സുഹൃത്ത് വരുന്നുണ്ട്, ലിഫ്റ്റില്‍ കയറ്റിയിട്ട് ബട്ടണ്‍ അമര്‍ത്തിവിടണം എന്ന്. പലപ്പോഴും വാച്ച്മാന്‍ ഫ്‌ലാറ്റുവരെ അനുഗമിച്ചിരുന്നു. ഞാന്‍ ആരാണെന്ന് വാച്ച്മാനും അറിയാമായിരിക്കും.

പുനത്തില്‍ എന്നെ കാണണം എന്നാവശ്യപ്പെട്ടപ്പോഴെല്ലാം ഞാന്‍ പോയിട്ടുണ്ട്. അങ്ങനെയാരിക്കല്‍ പുനത്തില്‍ അന്വേഷിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാനദ്ദേഹത്തെ വിളിച്ചു. പക്ഷേ ഫോണെടുത്തില്ല. പുനത്തിലിന്റെയും എന്റെയും സുഹൃത്തുക്കളായിട്ടുള്ളവരോട് ഞാനിക്കാര്യം പറഞ്ഞു. അദ്ദേഹം കാണണം എന്നുപറയുന്നു, പക്ഷേ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. അസുഖബാധിതനായി കുടുംബവീട്ടിലാണ് ഉള്ളതെന്നും സന്ദര്‍ശനം നിയന്ത്രിച്ചിരിക്കുന്നുവെന്നും അറിയാന്‍ കഴിഞ്ഞു. ഒന്നുരണ്ടു പേരോട് അദ്ദേഹത്തെ കാണണം എന്ന് നിര്‍ബന്ധം പറഞ്ഞപ്പോള്‍ അവര്‍ക്കുപോലും പോകാന്‍ പറ്റിയിട്ടില്ല എന്ന മറുപടിയാണ് കിട്ടിയത്. അവര്‍ക്ക് പോകാന്‍ അനുവാദമില്ലാത്തിടത്തേക്ക് എനിക്കൊരിക്കലും കയറാന്‍ പറ്റില്ല. അങ്ങനെ പ്രശ്‌നമുണ്ടാക്കി ഇടിച്ചുകയറി രംഗം വഷളമാക്കാനുള്ള ഉദ്ദേശമൊന്നും എനിക്കില്ലാത്തതുകൊണ്ട് അദ്ദേഹത്തെ കാണാന്‍ ഞാന്‍ പ്രയത്‌നിച്ചുമില്ല. അദ്ദേഹത്തിന്റെ അവസാനനാളുകളാണ്. കുടുംബത്തോടൊപ്പം ഒന്നിച്ചുനില്‍ക്കുകയാണ്. അപ്പോള്‍ ഞാന്‍ അവിടെ കരടായി മാറാന്‍ പാടില്ല. എന്നെ പുനത്തിലിനെ കാണിക്കാന്‍ ശ്രമിച്ചവര്‍ക്ക് പിന്നെ അവിടേക്ക് പ്രവേശനം കിട്ടിയിട്ടില്ല എന്നുകേട്ടിട്ടുണ്ട്. 'നിന്നെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. അത് നീ വായിക്കണം' അതാണ് പുനത്തില്‍ അവസാനം കണ്ടപ്പോള്‍ പറഞ്ഞത്. ആ പുസ്തകം എന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഞാന്‍ വായിച്ചു. അതുവായിച്ചപ്പോള്‍ തന്നെ തോന്നി പുനത്തിലിന്റെ വീട്ടിലേക്ക് ഇനിയെനിക്ക് പ്രവേശനം ഇല്ലെന്ന്.

Content Highlights ; Punathil Kunjabdulla 4th Death anniversary Nalini Jameela Talks

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
subhashchandran
Premium

14 min

ജീവിച്ചിരിക്കുന്ന എന്നേക്കാള്‍ വിശ്വാസം മരണാനന്തരമുള്ള എന്നെയാണ്; അനശ്വരനാവാൻ കൊതി- സുഭാഷ് ചന്ദ്രൻ

Sep 15, 2023


Mohammed Abbas
Premium

10 min

വിശപ്പ്, പ്രണയം, ഉന്മാദം;പുറംലോകമറിയണം എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഞാനെഴുതിയത്‌- മുഹമ്മദ് അബ്ബാസ്

Sep 4, 2023


Rafeeq Ahamemd
Premium

8 min

സിനിമയ്ക്ക് പാട്ട് വേണ്ടാതാവുന്ന കാലം വിദൂരമല്ല, അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്- റഫീക്ക് അഹമ്മദ്

Aug 17, 2023

Most Commented