നെഹ്രു, ഇ.എം.എസ്, ഗൗരിയമ്മ
സംഘപരിവാരം അതിന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അപരസ്ഥാനത്ത് ജവാഹര്‍ലാല്‍ നെഹ്രുവിനെ പ്രതിഷ്ഠിക്കുന്നതില്‍ കാലങ്ങളായി ബദ്ധശ്രദ്ധരായിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തിലെത്തിയതോടെ നെഹ്രുവിനെ പഴിപറയല്‍ പുതിയ ഉയരങ്ങളിലെത്തി. നെഹ്രു എന്തുകൊണ്ടാണ് ഹിന്ദുത്വശക്തികള്‍ക്ക് ഇത്രയധികം വെറുക്കപ്പെട്ടവനായത് ?
ഹിന്ദുത്വയുടെ 'അപര' മായി സംഘപരിവാരം നെഹ്രുവിനെ അവരോധിക്കുമ്പോള്‍ തെളിയുന്നത് അവര്‍ക്കെതിരായ ഏറ്റവും ശക്തമായ വെല്ലുവിളിയെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്നുവെന്നാണ്. നെഹ്രുവിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ എല്ലാ പൗരര്‍ക്കും തുല്യമായി അവകാശപ്പെട്ടതായിരുന്നു. തുല്യമായ അവകാശങ്ങള്‍ ഉള്ളതായിരുന്നു. പൗരത്വം ആര്‍ക്കെങ്കിലും നഷ്ടപ്പെടുന്ന പ്രശ്നംതന്നെ അവിടെ ഉദിക്കുന്നില്ല. ഹിന്ദുത്വയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമാണ്. മറ്റുള്ളവരെല്ലാം ഒരുതരം അനിശ്ചിതത്വത്തിലാണ്. ഈ അനിശ്ചിതത്വം സാമൂഹികമായും രാഷ്ട്രീയമായും ഭരണഘടനാപരമായുമെല്ലാം അനുഭവപ്പെടുന്നു. കോണ്‍ഗ്രസും മറ്റുള്ള മതേതര കക്ഷികളും നെഹ്രുവിന്റെ ഒപ്പമായിരുന്നെങ്കിലും അവരില്‍ പലരും ആവര്‍ത്തിച്ച്് ഒത്തുതീര്‍പ്പുകളില്‍ ഏര്‍പ്പെട്ടിരുന്നു. പക്ഷേ, നെഹ്രു ഒത്തുതീര്‍പ്പുകള്‍ക്ക് ഒരിക്കലും വഴങ്ങിയില്ല. ആ നിലയില്‍ അതിന്റെ ഏറ്റവും ജനപ്രിയമായ ചിഹ്നമായി ഇപ്പോഴും തുടരുന്നു.
സര്‍ദാര്‍ പട്ടേലിനെയും സുഭാഷ് ചന്ദ്ര ബോസിനെയുംപോലുള്ള ദേശീയ ബിംബങ്ങളെ നെഹ്രുവിന് എതിരായി ഹിന്ദുത്വശക്തികള്‍ ഉയര്‍ത്തിക്കാട്ടുന്നു. പട്ടേലിന്റെയും സുഭാഷ്ചന്ദ്ര ബോസിന്റെയും കാര്യത്തില്‍ സാധ്യമായതുപോലെ അവര്‍ക്ക് ഏറ്റെടുക്കാന്‍ പറ്റാത്ത എന്തോ ഒന്ന് നെഹ്രുവിന്റെ ഒസ്യത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട് എന്നു പറയാമോ?
നെഹ്രുവിനെ കൈയടക്കാന്‍ സാധിക്കായ്കയല്ല. അവര്‍ അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അവരുടെ ലക്ഷ്യം പരാജയപ്പെടും. ഭിന്നിപ്പിക്കാനുള്ള വര അവര്‍ വരയ്ക്കും. പട്ടേലും ബോസും കോണ്ഗ്രസുകാരായിരുന്നെങ്കിലും അവര്‍ക്ക് നെഹ്രുവുമായുള്ള അഭിപ്രായഭിന്നതകളെ മുതലെടുക്കുന്നതിനു വേണ്ടിയാണ് ഇരുവരെയും ഏറ്റെടുക്കാനുള്ള ശ്രമം. ഇരുവര്‍ക്കും നെഹ്രുവുമായി ഭിന്നതകളുണ്ടായിരുന്നു. അതിനെ പെരുപ്പിച്ചുകാട്ടുകയാണ്. അവര്‍ എല്ലായ്പ്പോഴും കോണ്‍ഗ്രസുകാരായിരുന്നു. അവര്‍ ഒരിക്കലും ഹിന്ദുത്വ ആശയത്തെ സ്വീകരിച്ചിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ അവര്‍ ആര്.എസ്.എസിലോ ഹിന്ദു മഹാസഭയിലോ ചേരുമായിരുന്നു. പക്ഷേ, അവര്‍ അത് ചെയ്തില്ല.
നെഹ്രുവിന്റെ 100 വാല്യങ്ങളുള്ള തിരഞ്ഞെടുത്ത കൃതികളുടെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ പട്ടേലും നെഹ്രുവും തമ്മില്‍ അപരിഹാര്യമായ ഭിന്നതകള്‍ നിലനിന്നതായി എന്തെങ്കിലും താങ്കളുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ?
ഭിന്നതകള്‍ ഉണ്ടായിരുന്നു. അപരിഹാര്യമായ ഭിന്നതകള്‍ തീര്‍ച്ചയായും ഇല്ലായിരുന്നു.
സംഘപരിവാര്‍ മാത്രമല്ല നെഹ്രുവിമര്ശകര്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷവും അദ്ദേഹത്തിന്റെ വിമര്‍ശകരായിരുന്നു. സംഘപരിവാറില്‍നിന്നും തികച്ചും ഭിന്നമായിരുന്നു അവരുടെ വിമര്‍ശനം. നെഹ്രുവിന്റെ മതേതരത്വവും സോഷ്യലിസവും നാട്യങ്ങള്‍ മാത്രമാണെന്നായിരുന്നു അവരുടെ വാദം. ഇടതുപക്ഷത്തുനിന്നുള്ള നെഹ്രു വിമര്‍ശനത്തെ എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുക ?
സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് വിമര്‍ശനങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. കോണ്‍ഗ്രസിനകത്ത് വലതുപക്ഷത്തിന് അദ്ദേഹം കൂടുതല്‍ ഇടമനുവദിക്കുന്നു എന്നായിരുന്നു സോഷ്യലിസ്റ്റുകളുടെ പ്രധാന പരാതി. സാമൂഹിക പരിഷ്കരണങ്ങള്‍ പ്രത്യേകിച്ചും ഭൂപരിഷ്കരണവും രാഷ്ട്രീയാവകാശങ്ങള്‍ ഉറപ്പാക്കുന്നതിലും നടപ്പാക്കുന്നതിനും വേണ്ടത്ര ശുഷ്കാന്തി പ്രകടിപ്പിച്ചില്ല എന്നും അവര്‍ക്ക് പരാതിയുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരും അതേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. അവര്‍ അതിനെ കൂടുതല്‍ വിപുലമാക്കി. ബൂര്ഷ്വകളുമായും മുതലാളിത്തവുമായും ആവശ്യത്തിലധികം വിട്ടുവീഴ്ചകള്‍, മുതലാളിമാരില്‍നിന്ന് വേണ്ടത്ര നികുതി പിരിക്കാതിരിക്കല്, കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് നേരെയുള്ള അടിച്ചമര്‍ത്തല്‍, വിദേശ നയത്തില്‍ അമേരിക്കയോടുള്ള എതിര്‍പ്പില്‍ വേണ്ടത്ര ദൃഢതയില്ലായ്മ, ചൈനയോടുള്ള കടുംപിടിത്തം ഇവയെല്ലാമായിരുന്നു അവരുടെ വിമര്‍ശനം.
Also Read
നെഹ്രുവിമര്ശനത്തിന്റെ മറ്റൊരു ധാര വൈജ്ഞാനിക (അക്കാദമിക്) മേഖലയാണ്. സോഷ്യല്‍ സയന്സടക്കമുള്ള വൈജ്ഞാനിക മേഖലകളിലെ യൂറോകേന്ദ്രിത സമീപനങ്ങളോടുള്ള എതിര്‍പ്പും ആധുനികതയെപ്പറ്റിയുള്ള വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ടാണ് അതിന്റെ ഉറവിടം. നെഹ്രുവിനെതിരായ വ്യക്തിപരമായ വിമര്ശനങ്ങളെക്കാള് വളരെ സ്വാഭാവികമെന്നു കരുതപ്പെട്ടിരുന്നു ധാരണകളെപ്പറ്റിയുള്ള ഗൗരവമായ വിമര്‍ശനങ്ങളാണ് ഈ വിഭാഗത്തില്‍നിന്നുള്ള പണ്ഡിതസമൂഹത്തില്നിന്ന് ഉയര്‍ന്നത്. ദേശീയത, കൊളോണിയല്‍ വിരുദ്ധത, ജാതി മര്‍ദനം, വംശീയവും അല്ലാത്തതുമായ ന്യൂനപക്ഷങ്ങളുടെ സവിശേഷവിഷയങ്ങള് അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. ആഷിസ് നന്ദിയാണ് പെട്ടെന്ന് ഓര്‍മവരുന്ന ഒരു പേര്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ 1990കള്‍ക്കുശേഷം അക്കാദമിക മേഖലയില്‍ ഈയൊരു ധാര വളരെ പ്രബലമായി. എന്താണ് ഇക്കാര്യത്തില്‍ താങ്കളുടെ വീക്ഷണം ?
ഈ വിമര്‍ശനത്തിന്റെ പ്രധാനലക്ഷ്യം ദേശീയതയാണ്. പ്രാദേശികമായ വ്യത്യാസങ്ങളുടെയും മതപരവും അല്ലാത്തതുമായ എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും മുകളിലൂടെ അവരുടെ ചെലവില്‍ കൃത്രിമമായ ദേശീയഐക്യം അടിച്ചേല്‍പ്പിച്ചു എന്നാണ് അവരുടെ വാദം. ഭിന്നതകളും വ്യത്യസ്തതകളും ആഘോഷിക്കുകയാണ് അവരുടെ ഐഡിയല്‍. നെഹ്രുവും ഇക്കാര്യങ്ങള്‍തന്നെ അനേകം പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യന്‍ ദേശീയത ശക്തിപ്രാപിക്കുമ്പോള്‍ അത് വ്യത്യസ്തതകളെ തുടച്ചുനീക്കുന്നതായി അവര്‍ വീക്ഷിക്കുന്നു. അതിന്റെ മൂലകാരണം ദേശീയതയില്ത്തന്നെ അവര്‍ കണ്ടെത്തുന്നു. സോവിയറ്റ് യൂണിയന്റെ തകര്ച്ചയ്ക്കുമുമ്പുതന്നെ ഈ വിമര്‍ശനങ്ങള്‍ തുടങ്ങിയെങ്കിലും തകര്‍ച്ച തീര്‍ച്ചയായും അതിന് കൂടുതല്‍ ശക്തിനല്കി. അടിച്ചേല്‍പ്പിക്കപ്പെട്ട ഐക്യം ഒരു വലിയ രാഷ്ട്രത്തില്‍ ശിഥിലമാവുന്നതിന്റെ ഉദാഹരണമെന്ന നിലയില്‍.
.jpg?$p=c19727f&&q=0.8)
നിയോലിബറല്‍ നയങ്ങളുടെ ആവിര്‍ഭാവത്തോടെ നെഹ്രുവിയന്‍ നയങ്ങളുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു. 1991ല്‍ വിപണിയാണ് പുതിയ ദൈവമെന്ന് കോണ്‍ഗ്രസ് തന്നെ തീരുമാനിച്ചതോടെ നെഹ്രുവിയന്‍ മേലാപ്പ് മുഴുവനായി തകര്‍ന്നു. അതിന്റെ ലക്ഷണങ്ങള്‍ നേരത്തേ പ്രകടമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഖുഷ്വന്ത് സിങ്ങിന് നല്കിയ അഭിമുഖത്തില്‍ മുത്തച്ഛന്റെ കൃതികളൊന്നും താന്‍ വായിച്ചിട്ടില്ലെന്ന സഞ്ജയ് ഗാന്ധിയുടെ പരാമര്‍ശം ഒരുദാഹരണം. ഇന്ദിരാഗാന്ധിയുടെ 1980ലെ ഭരണകാലത്തും പിന്നീട് അധികാരത്തിലെത്തിയ രാജീവ് ഗാന്ധിയും സ്വീകരിച്ച ചില നയങ്ങളും അതിന്റെ സൂചനകള്‍ നല്കുന്നു. താങ്കളുടെ വിലയിരുത്തല്‍ എന്താണ്.
വ്യത്യസ്തങ്ങളായ ഒട്ടേറെ ചോദ്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. നിയോലിബറലിസം സൂചിപ്പിക്കുന്നത് ആസൂത്രണവും സോഷ്യലിസ്റ്റ് ആദര്‍ശവും കൈയൊഴിഞ്ഞതിനെയാണ്. തീര്‍ച്ചയായും അതൊരു കൈയൊഴിയലായിരുന്നു. നെഹ്രുവിയന്‍ ആദര്‍ശമെന്ന പേരില്‍ മറ്റുള്ളവര്‍ പ്രതിനിധാനം ചെയ്തതിന്റെ കൈയൊഴിയല്‍. അത്തരമൊരു മാറ്റം മിക്കവാറും നെഹ്രു സ്വയം നടപ്പില്‍ വരുത്തുമായിരുന്നു. ആസൂത്രണവും സംരക്ഷണ നയങ്ങളും അതിന്റെ ചില ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചതോടെ സാമ്പത്തികമേഖലയില്‍ ഭരണകൂടത്തിന്റെ നേതൃപരമായ സാന്നിധ്യത്തിന് കോട്ടംതട്ടാതെയുള്ള ഒരു തിരുത്തലിന് ഇന്ത്യ സജ്ജമായിരുന്നു. നെഹ്രു ഒരിക്കലും സ്വവാദനിര്ബന്ധക്കാരന് ആയിരുന്നില്ല. സാമൂഹിക നീതിയെപ്പറ്റി നിരന്തരം ഓര്‍മപ്പെടുത്തുന്ന ആദര്‍ശമായിരുന്നു അദ്ദേഹത്തിന്റെ സോഷ്യലിസം. പക്ഷേ, അത് പ്രയോഗത്തില്വരുത്തിയത് വളരെ ഉപരിപ്ലവമായ നിലയിലായിരുന്നു. മുതലാളിമാര്‍ക്ക് ഏറ്റവും മികച്ച നേട്ടം ലഭിച്ചത് നെഹ്രുവിന്റെ കാലത്തായിരുന്നെന്ന് റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറായിരുന്നു ഐ.ജി. പട്ടേല്‍ പറഞ്ഞിരുന്നു. ഗ്രാമീണ മുതലാളിമാരും ഗ്രാമങ്ങളിലെ ജാതി വരേണ്യരും അക്കാലങ്ങളില്‍ കേമമായ സൗകര്യങ്ങള്‍ നേടിയെടുത്തു. അതിപ്പോഴും തുടരുന്നു. മൂന്നാം പദ്ധതി കഴിഞ്ഞതോടെ ആസൂത്രണം ഗൗരവമായി കണക്കിലെടുക്കുന്ന രീതി അവസാനിച്ചു. ആസൂത്രണം സോഷ്യലിസമല്ല. മുതലാളിത്ത രാജ്യങ്ങള്‍ യുദ്ധകാലത്തും അതിന് തൊട്ടുപിന്നാലെയുള്ള കാലത്തും ആസൂത്രണം നടപ്പാക്കിയിരുന്നു. 1980നുശേഷം ഹിന്ദു വലതുപക്ഷത്തെ കൂടുതലായി ഉള്‍ക്കൊള്ളുന്ന സമീപനം ഇന്ദിരാഗാന്ധി സ്വീകരിച്ചുവെന്നത് ശരിയാണ്. രാജീവ് ഗാന്ധിയും അതേ പാത തുടര്‍ന്നു. സഞ്ജയ് ഗാന്ധി നെഹ്രുവിനെ കൂടുതലായി വായിച്ചിട്ടില്ല എന്നതു ശരിയായിരിക്കാം. പക്ഷേ, അത് ആശയപരമായ കാരണങ്ങളെക്കാള്‍ വായന തന്നെ വെറുതേ സമയം പാഴാക്കലാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായിരിക്കാനാണ് കൂടുതല്‍ സാധ്യത.
കൊളോണിയല്‍ ഭരണം അവസാനിച്ചതിനുശേഷമുള്ള ദേശനിര്‍മിതിയില്‍ തന്റെ വീക്ഷണങ്ങളും ആശയങ്ങളും ബലമായി അടിച്ചേല്‍പ്പിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്ന വ്യക്തിയാണ് നെഹ്രുവെന്നാണ് താങ്കളുടെ ഒരു വിലയിരുത്തല്‍. ഇന്ത്യയുടെ പോസ്റ്റ്കൊളോണിയല്‍ ചരിത്രത്തിലെ ചില നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അദ്ദേഹത്തിന്റെ ഈ ഉദാസീനശൈലി തടസ്സമായി എന്ന വിലയിരുത്തലുമായി താങ്കള്‍ യോജിക്കുമോ ?
ഇല്ല. അത്തരമൊരു വിലയിരുത്തലിനോട് യോജിക്കാനാവില്ല. ഭിന്നിച്ചുനില്ക്കുന്ന രാജ്യത്ത് കൂടുതല്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുകയും രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്തുകയും മാത്രമാണ് ബലമായി തന്റെ വീക്ഷണങ്ങള്‍ അദ്ദേഹം നടപ്പാക്കിയിരുന്നെങ്കില്‍ സംഭവിക്കുക. വിഭജനത്തിന്റെ ആഘാതത്തില്‍നിന്നു പുറത്തുവരുന്ന രാജ്യത്തിന് അന്നത്തെ സാഹചര്യത്തില്‍ ആവശ്യം കഴിയുന്നത്ര സ്ഥിരതയുള്ള സംവിധാനമായിരുന്നു. സ്വന്തമായ പ്രത്യയശാസ്ത്രവും പദ്ധതിയും സ്വായത്തമായ അച്ചടക്കമുള്ള ഒരു പാര്‍ട്ടിയെ നയിക്കുന്നതിനുപകരം ഭിന്നവീക്ഷണങ്ങളും ആശയങ്ങളും പേറുന്നവരുടെ ഐക്യത്തോടെയുള്ള ഒരു പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവുക എന്നതായിരുന്നു അദ്ദേഹം തിരഞ്ഞെടുത്ത വഴി. എല്ലവരെയും ഉള്‍ക്കൊള്ളാന്‍ അദ്ദേഹം ആഗ്രഹിച്ചു. കോണ്‍ഗ്രസില്‍ വലതുപക്ഷത്തിന് വേണ്ടത്ര പ്രാതിനിധ്യമുണ്ടായിരുന്നു. ഇടതുപക്ഷക്കാര്‍ കൂടുതല്‍ ഉണ്ടാവണമെന്ന് നെഹ്രു ആഗ്രഹിച്ചെങ്കിലും സോഷ്യലിസ്റ്റുകള്‍ പിന്മാറി. അതിന്റെ നഷ്ടം അവര്‍ക്കായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള അദ്ദേഹത്തിന്റെ ശേഷിയുടെ ഫലമായിരുന്നു പ്രതിപക്ഷത്തിന്റെ അഭാവം. അത് ദൗര്‍ബല്യമായിരുന്നില്ല. ശക്തിയായിരുന്നു.
ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ചില സുപ്രധാന സംഭവങ്ങളില്‍ നെഹ്രുവിന്റെ പങ്ക് കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നു. 1945'47 കാലത്ത് ബ്രിട്ടീഷുകാരില്‍നിന്നുള്ള അധികാരക്കൈമാറ്റത്തിന്റെ ഘട്ടം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. കൊളോണിയല്‍ ഭരണാധികാരം ഏറ്റെടുക്കാനുള്ള നെഹ്രുവിനെയും പട്ടേലിനെയുംപോലുള്ള നേതാക്കളുടെ ധൃതിയാണ് വിഭജനത്തിന് നിമിത്തമായതെന്ന വിലയിരുത്തലുകളുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട നിലയില്‍ ഉള്‍ക്കൊള്ളാനുള്ള ഒരു സമീപനം ഈ നേതാക്കള്‍ പുലര്ത്തിയെങ്കില് ജിന്നയെ പ്രീതിപ്പെടുത്താനും വിഭജനം ഒഴിവാക്കാനും സാധിക്കുമായിരുന്നുവെന്നും കരുതപ്പെടുന്നു. എന്തെങ്കിലും അടിസ്ഥാനമുള്ളതാണോ അങ്ങനെയൊരു വിലയിരുത്തല്‍ ?
ഞാന്‍ അതിനോട് യോജിക്കുന്നില്ല. ജിന്നയെ പ്രീതിപ്പെടുത്താന്‍ ഒന്നിനും കഴിയുമായിരുന്നില്ല. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സമ്പൂര്‍ണ പിന്തുണയും അദ്ദേഹത്തിനായിരുന്നു. അത് ഏതാണ്ട് കൊളോണിയല്‍ സര്‍ക്കാരിനെ പ്രീതിപ്പെടുത്തുക എന്നു പറയുന്നപോലത്തെ സ്ഥിതി ആയിരുന്നു. 1937ലെ തിരഞ്ഞെടുപ്പില്‍ പൂര്‍ണതോതില്‍ പരാജയപ്പെട്ട ജിന്നയെ അദ്ദേഹം മുന്നോട്ടുെവച്ച ഉപാധികളോടെ ഒരു കൂട്ടുകക്ഷിയാക്കുന്നതില് നെഹ്രുവിന് താത്പര്യമില്ലായിരുന്നു. അതിനെ പ്രതീക്ഷയുടെ അവസാനമാക്കി ജിന്ന ചിത്രീകരിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും കൂട്ടുമുന്നണി രൂപവത്കരണത്തിന്റെയും യുക്തിയുമായി സമരസപ്പെടുന്ന സമീപനമായിരുന്നു നെഹ്രു സ്വീകരിച്ചത്. ജിന്ന ഉയര്‍ത്തിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ എണ്ണം (തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ) അദ്ദേഹത്തിന്റെ പക്കലില്ലായിരുന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും ജമീന്ദാര്‍മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതായിരുന്നു. അവ അംഗീകരിക്കുന്ന പക്ഷം ഭൂപരിഷ്കരണം അസാധ്യമായിരുന്നു. മുസ്ലിം ജനതയുടെ ഏക പ്രതിനിധി താനാണെന്ന ജിന്നയുടെ അവകാശവാദത്തെ അംഗീകരിച്ചില്ലെന്നു മാത്രമല്ല ഹിന്ദുമുസ്ലിം ധാരണയുടെ വിഷയമാണ് എന്ന കാഴ്ചപ്പാടും നെഹ്രുവിന് സ്വീകാര്യമായിരുന്നില്ല.
ഷെയ്ഖ് അബ്ദുള്ളയുടെ അറസ്റ്റും ഇ.എം.എസ്. മന്ത്രിസഭയെ പിരിച്ചുവിട്ടതും നെഹ്രുവിന്റെ കണക്കുകൂട്ടലുകളില്‍ വന്ന ചില പിഴവുകളാണെന്ന് ഒരു അഭിമുഖത്തില്‍ താങ്കള്‍ പരാമര്‍ശിച്ചിരുന്നു ?
അവ നെഹ്രുവിന്റെ കണക്കുകൂട്ടലില്‍ വന്ന പിഴവുകളാണെന്നു വിലയിരുത്തുമ്പോള്‍ത്തന്നെ എന്തുകൊണ്ടാണ് അത്തരം പിഴവുകള്‍ അദ്ദേഹം വരുത്തിയതെന്ന ചോദ്യം ബാക്കിയാവുന്നു. ഷെയ്ഖ് അബ്ദുള്ളയുടെ കാര്യമെടുക്കുക. സ്വതന്ത്ര കശ്മീരെന്ന ആശയം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചെന്നു തോന്നുന്നു. അമേരിക്കക്കാര്‍ അതിനുവേണ്ട ഒത്താശയും നല്കുന്നുണ്ടായിരുന്നു. നെഹ്രു അന്ന് നടപടി സ്വീകരിച്ചില്ലായിരുെന്നങ്കില് ജമ്മുകശ്മീരിന്റെ കാര്യങ്ങളില്‍ അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നതിന് നാം സാക്ഷ്യംവഹിക്കുമായിരുന്നു. 1990നുശേഷം യുക്രൈന്റെ കാര്യങ്ങളില്‍ അമേരിക്കക്കാര്‍ ഇടപെടുന്നതിന് സമാനമായി സ്ഥിതിയാവുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ നെഹ്രു ഉറച്ച നടപടി സ്വീകരിച്ചില്ലെന്നാവും നമ്മുടെ പരാതി. നെഹ്രുവും നെഹ്രുവിനുശേഷം വന്നവരും ആവര്‍ത്തിച്ച് തങ്ങളുടെ കണക്കുകൂട്ടലുകളില്‍ പിഴവ് വരുത്തിയത് എന്തുകൊണ്ട് എന്നതാണ് ചോദ്യം. വിഷയം പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തില്‍ അല്ലെന്നതാണ് വ്യക്തമായ കാര്യം. അമേരിക്കയുടെ മുന്‍കൈയിലുള്ള ഒരു ആഗോളപ്രശ്നമാണത്. അതേ സമയം വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ സര്‍ക്കാരുകള്‍ക്ക് മെച്ചപ്പെട്ട നിലയില്‍ ഇടപെടാന്‍ കഴിയുന്നു. 1957ലെ ഇ.എം.എസ്. മന്ത്രിസഭയെ പിരിച്ചുവിടാന്‍ നെഹ്രുവിന് ഒട്ടും താത്പര്യമില്ലായിരുന്നു. എന്നാല്‍, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും എന്‍.എസ്.എസും ക്രിസ്ത്യന്‍ പൗരോഹിത്യശക്തികളും അതിനായി നിര്‍ബന്ധം പിടിച്ചു. അത്രത്തോളം അതിശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് അദ്ദേഹം സമ്മതം മൂളിയത്. മന്ത്രിസഭകളുടെ മാറ്റം തിരഞ്ഞെടുപ്പിലൂടെ മാത്രമാവണമെന്നും അല്ലാതെ പാര്ലമെന്ററിയല്ലാത്ത മാര്‍ഗങ്ങളിലൂടെ ആവരുതെന്നുള്ള അദ്ദേഹത്തിന്റെ നിലപാടിന് വിരുദ്ധമായ തീരുമാനമായിരുന്നു അത്. മന്നത്ത് പദ്മനാഭന്, ആര്. ശങ്കര്‍, രാമകൃഷ്ണറാവു തുടങ്ങിയവരുമായി അദ്ദേഹം നടത്തിയ ആശയവിനിമയങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമാണ്. തിരഞ്ഞെടുത്ത കൃതികളുടെ 49 വാല്യത്തില്‍ അവയെല്ലാം ലഭ്യമാണ്.
(തുടരും)
(ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ 19742004 കാലഘട്ടത്തില്‍ പ്രൊഫസറായിരുന്ന മാധവന് പാലാട്ട്, റഷ്യയുടെയും ആധുനിക യൂറോപ്പിന്റെയും ചരിത്രപഠന മേഖലയില്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനുമാണ്. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍ വിസിറ്റിങ് പ്രൊഫസറുമായിരുന്നു)
Content Highlights: prof madhavan k palat interview jawaharlal nehru 1957 ems ministry dismissal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..