പ്രൊഫ. നളിന ബാബുവും റൊണാൾഡ് ഇ. ആഷിറും
വിവര്‍ത്തന കൃതികളിലൂടെ മലയാളത്തെ ലോകവായനക്കാരിലേക്ക് വ്യാപിപ്പിച്ച ഭാഷാശാസ്ത്രജ്ഞനായി റൊണാള്‍ഡ് ഇ. ആഷര്‍ മാറുന്നതിന് മുന്‍പുള്ള ആഷറിനെയാണ് റീത്തയ്ക്ക് പരിചയം. ഭാഷാപ്രേമത്താല്‍ കേരളത്തിലെത്തിയ ചെറുപ്പക്കാരനായ സായിപ്പിനെ വീട്ടിലിരുത്തി അമ്മാവന് അക്ഷരം പഠിപ്പിക്കുന്ന കാഴ്ച ഇന്നുമുണ്ട് റീത്തയുടെ മനസ്സില്‍.
കോഴിക്കോട് കുണ്ടൂപറമ്പിലെ വീട്ടിലിരുന്ന് റൊണാള്‍ഡ് ഇ. ആഷറിന്റെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ അവരുടെ കണ്ണില്‍ പഴയകാലം നിറഞ്ഞു. കേരളത്തിലെത്തിയ ആഷറിനെ മലയാളം പഠിപ്പിച്ചവരില്‍ റീത്തയുടെ അമ്മാവന് പ്രൊഫ. നളിന ബാബുവും ഉണ്ടായിരുന്നു. വീട്ടിലേക്ക് ഭാഷ പഠിക്കാന്‍ വന്നുകൊണ്ടിരുന്ന 'സായിപ്പി'നെ കൗതുകത്തോടെ നോക്കിനിന്ന അന്നത്തെ റീത്ത എസ്. സംസാരിക്കുന്നു;
എറണാകുളത്തെ വീട്ടിലെത്തിയ സായിപ്പ്
കേരള യൂണിവേഴിസിറ്റിക്ക് കീഴിലായിരുന്ന സേക്രഡ് ഹാര്‍ട്ട് കോളേജിലെ പ്രൊഫസറായിരുന്നു അമ്മാവന് പ്രൊഫ. നളിന ബാബു. അമ്മാവനും അദ്ദേഹത്തിന്റെ സുഹൃത്തായ ഡോ. ഉണ്ണിക്കൃഷ്ണന് നായരും ചേര്‍ന്ന് ആഷറിനെ മലയാളം പഠിപ്പിച്ചിരുന്നു. "ഭാഷാപഠനത്തിന് എന്നും ഞങ്ങളുടെ എറണാകുളത്തെ വീട്ടിലേക്ക് വന്നിരുന്ന അദ്ദേഹത്തെ കാണുമ്പോള്‍ ഞങ്ങള്‍ കൊച്ചുകുട്ടികള്‍ക്ക് വലിയ കൗതുകവും സന്തോഷവുമൊക്കെയായിരുന്നു. ദൂരെനിന്നേ അദ്ദേഹത്തെ കാണുമ്പോള്‍ വാതില്ക്കല് ഒളിച്ചിരിക്കുമായിരുന്ന എന്നെ അദ്ദേഹം 'ഷൈ ഗേള്‍' എന്ന് കളിയാക്കി വിളിച്ചു.
"അക്ഷരങ്ങള്‍ പഠിച്ചശേഷം അദ്ദേഹം ബഷീറിന്റെ 'പാത്തുമ്മായുടെ ആട്' സ്വന്തമായി വായിക്കാന്‍ പഠിച്ചു. പുസ്തകത്തില്‍ പറഞ്ഞ ഞാലിപ്പൂവന് പഴം ഏറെ ഇഷ്ടപ്പെട്ട അദ്ദേഹത്തിന് വീട്ടിലെത്തിയാല്‍ കഴിക്കാന്‍ നല്‍കുമായിരുന്നു. അത് അദ്ദേഹത്തിനടുത്തെത്തിക്കല് എന്റെ ജോലിയായിരുന്നു.

"പറവൂര്‍ വടക്കേകരയിലുള്ള ഞങ്ങളുടെ തറവാടായ ചെറുപിള്ളില്‍ തറവാട്ടിലേക്കും അദ്ദേഹം വന്നിരുന്നു. എറണാകുളത്ത് വരുമ്പോഴൊക്കെ അദ്ദേഹം അവിടെ വന്ന് താമസിക്കും. വലിയ കൂട്ടുകുടുംബമായിരുന്നു തറവാട്ടില്‍. അവിടെ എല്ലാവര്‍ക്കുമൊപ്പം ഭക്ഷണംകഴിച്ച് അവിടെ താമസിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. 1963 അവസാനത്തിലാണ് ഇതെല്ലാം.
തറവാടും ഉത്സവവുമെല്ലാം ഇഷ്ടപ്പെട്ട ഒരു 'തനികേരളീയന്'
"ഒരുപാട് അംഗങ്ങളുള്ള ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ അദ്ദേഹം വലിയ സന്തോഷത്തോടെ കാണപ്പെട്ടിരുന്നത്. എല്ലാവരേയും നിരത്തിനിര്‍ത്തി ഫോട്ടോ എടുത്താണ് മടങ്ങുക. അമ്മാവന്റെ മരണശേഷം വീട്ടിലേയ്ക്കുള്ള വരവ് കുറഞ്ഞു. എന്റെ ഇളയ അമ്മാവന് ഡോ. രാധാകൃഷ്ണന് പത്ത് വര്‍ഷം മുമ്പ് വരെ ആഷറുമായി ഇ-മെയിലിലൂടെ ആശയവിനിമയം നടത്തിയിരുന്നു.
.jpg?$p=f1b1304&&q=0.8)
"ആയിടയ്ക്ക് എഴുത്തുകാരി മാധവിക്കുട്ടിയുടെ മരണവാര്‍ത്ത അദ്ദേഹത്തെ അറിയിച്ചിരുന്നു. അമ്മാവനോട് എന്നെപ്പറ്റിയും അദ്ദേഹം തിരക്കുമായിരുന്നു. പിന്നീട് കുറേക്കഴിഞ്ഞ് ആ ബന്ധം മുറിഞ്ഞുപോയി.
"അന്നത്തെ നല്ലോര്മകള് ഒരുപാട്. മിക്കതും മറന്നുപോയി. എങ്കിലും അദ്ദേഹത്തിന്റെ അന്നത്തെ മുഖം ഇന്നും കണ്ണില്മായാതെ കിടപ്പുണ്ട്. അവസാനമായി കേരളത്തില്‍ വന്നപ്പോഴൊന്നും അദ്ദേഹത്തെ കാണാന്‍ കഴിയാതെ പോയതില്‍ ചെറിയ വിഷമമുണ്ട്."
Content Highlights: prof ronald e asher, british linguist, pathummayude aadu, kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..