'31 വര്‍ഷത്തെ പോരാട്ടമാണിത്; അവന്‍ ജയില്‍മോചിതനാകുന്നത് വരെ എനിക്ക് ജീവിച്ചിരുന്നേ മതിയാകൂ'


അര്‍പ്പുതമ്മാള്‍ / അനുശ്രീ

'കുറച്ച് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്, മകനെ ഒന്ന് പറഞ്ഞയക്കു, ഇപ്പോള്‍ തിരിച്ചയക്കാം'' എന്ന് പറഞ്ഞ സി.ബി.ഐ ഉദ്യോഗസ്ഥനെ വിശ്വസിച്ച് മല്ലിഗൈ എന്ന സി.ബി.ഐ ഓഫീസില്‍ മകനെ കൊണ്ടു പോയി ആക്കിയതിനുശേഷം വര്‍ഷം 31 കഴിഞ്ഞിരിക്കുന്നു. പേരറിവാളന്‍ എന്ന ആ പഴയ 19കാരന്‍ ഇപ്പോള്‍ 49ാം വയസ്സില്‍ വാര്‍ധകൃത്തിലേക്ക് കാലൂന്നി നില്‍ക്കുകയാണ്.

പേരറിവാളൻ, അർപ്പുതമ്മാൾ | Photo: PTI

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പേരറിവാളന്‍ മോചിതനാവുകയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2021 മാര്‍ച്ച് 14-21 ലക്കം 52) പ്രസിദ്ധീകരിച്ച പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാളുമായുള്ള അഭിമുഖം വായിക്കാം

ര്‍പ്പുതമ്മാള്‍ പോരാടുന്ന ഇന്ത്യന്‍ മാതൃത്യത്തിന്റെ അസാധാരണ മാതൃകയാണ്. രാജീവ് ഗാന്ധി വധക്കേസില്‍ തെറ്റായി പ്രതിയാക്കപ്പെടുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരസ്യമായി പറഞ്ഞിട്ടും അര്‍പ്പുതമ്മാളിന്റെ മകന്‍ അറിവ് എന്ന പേരറിവാളന്‍ 31 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്, മകനു വേണ്ടിയുള്ള മുന്നു പതിറ്റാണ്ടു നീളുന്ന ഒരമ്മയുടെ പോരാട്ടം മാത്രമല്ല അവരുടേത്. നീതിയ്ക്കും മനുഷ്യാവകാശത്തിനും വേണ്ടി പോരാടുന്ന മുഴുവന്‍ മനുഷ്യരുടെയും പ്രതിനിധി കൂടിയാണ് അര്‍പ്പുതമ്മാള്‍. പോരാട്ടത്തിന്റെയും കാത്തിരിപ്പിന്റെയും തീവ്രവും ഹൃദയസ്പര്‍ശിയുമായ അനുഭവങ്ങള്‍ പങ്കുവെയ്യുകയാണ് അര്‍പ്പുതമ്മാള്‍.

പത്തുവര്‍ഷം മുന്‍പ് തമിഴ്‌നാട്ടിലെ കത്തിനില്‍ക്കുന്ന ഉച്ചവെയിലില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ വെച്ചാണ് ആദ്യമായി അര്‍പ്പുതമ്മാളിനെ കാണുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വെയിലിനെ വകവെക്കാതെ പദയാത്രയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. നാലോ അഞ്ചോ ദിവസം കഴിഞ്ഞ് തൂക്കുമരത്തിലേറാന്‍ പോകുന്ന മകനുവേണ്ടി പിടയുന്ന ആ അമ്മയുടെ വാക്കുകള്‍ കനലായി മനസ്സിനെ നീറ്റി. പ്രായം തളര്‍ത്താത്ത ഈര്‍ജസ്വലതയും നിറഞ്ഞുനില്‍ക്കുന്ന പോരാട്ടവീര്യവുമായിരുന്നു അവരുടെ പ്രത്യേകത. ദ്രാവിഡത്തനിമയുടെ ആള്‍രൂപം. തൂക്കിലേറ്റാന്‍ പോകുന്ന മൂന്ന് തമിഴര്‍ക്കുവേണ്ടി തമിഴ്‌നാട് മുഴുവനും അവര്‍ക്ക് പിന്നില്‍ അണിനിരന്നു. പോരാട്ടം ഫലം കണ്ടു. വധശിക്ഷ സ്റ്റേചെയ്തു. സുപ്രീംകോടതി പിന്നീടത് ജീവപര്യന്തമായി കുറച്ചു. പതുക്കെ പതുക്കെ പേരറിവാളന്റെ നിരപരാധിത്വത്തിന് തെളിവുകള്‍ പുറത്തു വന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പിയായിരുന്ന വി. ത്യാഗരാജന്‍ പേരറിവാളന്‍ നിരപരാധിയാണെന്നും കുറ്റസമ്മതമൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ താന്‍ രേഖപ്പെടുത്തുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുപറഞ്ഞു. സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രതികള്‍ക്കെതിരേ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് കെ.ടി. തോമസും അവരെ പരസ്യമായി പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. മകനുവേണ്ടി പോരാടുന്ന ഒരമ്മ എന്നതിലുപരി ലോകത്തിന് മുന്നില്‍ നീതിക്കുവേണ്ടി പോരാടുന്ന സ്ത്രീകളുടെ മുഴുവന്‍ പ്രതിനിധിയായി മാറിക്കഴിഞ്ഞിരുന്നു അവര്‍.

ഇതിനിടയില്‍ അര്‍പ്പുതമ്മാളും കുടുംബവും എന്റെകുടി കുടുംബമായി മാറുകയായിരുന്നു. കേരളത്തിലെ എന്റെ വീട്ടില്‍ അവരും ജ്വാലാര്‍പേട്ടയിലും ചെന്നൈയിലുമുള്ള അവരുടെ വീടുകളില്‍ ഞാനും അതിഥിയായി. അര്‍പ്പുതമ്മാള്‍ എന്ന അസാധാരണയായ അമ്മയും അവരുടെ മകനും അടഞ്ഞ വാതിലുകള്‍ക്ക് മുന്പില്‍ എന്ന പുസ്തകത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതരായി. ഈ പുസ്തകം ഇതേ പേരില്‍ യുമ വാസുകി തമിഴിലേക്ക് പരിഭാഷ ചെയ്തു. തൂക്കുകയറിന്‍ മുന്‍പില്‍നിന്നും ഒരു നിവേദനം എന്ന പേരില്‍ പേരറിവാളന്റെ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ പേരറിവാളനെ പരിചയപ്പെടുത്തുക എന്ന നിയോഗം വീണ്ടും തേടിയെത്തി. ഇതിനിടെ ജയിലില്‍ പോയി രണ്ടുതവണ പേരറിവാളനെ സന്ദര്‍ശിച്ചു. ജയിലില്‍നിന്നും മാസത്തിലൊരിക്കലെങ്കിലും എന്നെ വിളിക്കുന്നത് പേരറിവാളന്‍ അപ്പോഴേക്കും പതിവാക്കിയിരുന്നു. ജയിലിലടകയ്ക്കപ്പെട്ട് 27 വര്‍ഷങ്ങാള്‍ക്ക് ശേഷം ആദ്യമായി പരോള്‍ നേടി 'അറിവണ്ണ' ജ്വാലാര്‍പേട്ടയിലെ വീട്ടിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കാണരുത് എന്ന നിബന്ധനയുള്ളതിനാല്‍ സന്ദര്‍ശിക്കാനാവില്ല എന്ന് ഞാന്‍ ആശങ്കപ്പെട്ടു. ആദ്യത്തെ പരോളായതിനാല്‍ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന പരാതി ഉണ്ടാകരുതല്ലോ. 'വീട്ടിലെ അംഗങ്ങള്‍ക്ക് ഇത്തരം നിബന്ധനകഠം ബാധകമല്ല' എന്ന് പറഞ്ഞുകൊണ്ടാണ് അണ്ണന്‍ അന്ന് എന്നെ നിര്‍ബന്ധിച്ച് ജ്വാലാര്‍പേട്ടയിലുള്ള വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്. 27 വര്‍ഷം കഴിഞ്ഞ് വീട്ടിലെത്തിയ അറിവിനെ വീട്ടുകാരും നാട്ടുകാരും സ്‌നേഹംകൊണ്ട് പൊതിയുന്ന കാഴ്ചയാണ് അവിടെ കണ്ടത്. പക്ഷേ, ഒരുമാസം മാത്രമായിരുന്നു ആ സന്തോഷത്തിന്റെ ആയുസ്സ്.

മോചനം എന്ന വാഗ്ദാനം നല്‍കി നിരവധി തവണ പറ്റിക്കപ്പെട്ട ആ അമ്മ ഇപ്പോഴും കാത്തിരിക്കുകയാണ്. 1991 മേയിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. അതിനുശേഷം ചന്ദ്രശേഖറും അടല്‍ ബിഹാരി വാജ്‌പേയും ഐ.കെ. ഗുജ്‌റാളും നരസിംഹറാവുവും മന്‍മോഹന്‍ സിങ്ങും നരേന്ദ്ര മോദിയും ഇന്ത്യ ഭരിച്ചു. പക്ഷേ, അര്‍പ്പുതമ്മാളുടെ ജീവിതത്തിലെ നീതിനിഷേധത്തിനും ദുരിതങ്ങള്‍ക്കുക്കും മാത്രം ഒരറുതിയും ഉണ്ടായില്ല. 'കുറച്ച് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്, മകനെ ഒന്ന് പറഞ്ഞയക്കു, ഇപ്പോള്‍ തിരിച്ചയക്കാം'' എന്ന് പറഞ്ഞ സി.ബി.ഐ ഉദ്യോഗസ്ഥനെ വിശ്വസിച്ച് മല്ലിഗൈ എന്ന സി.ബി.ഐ ഓഫീസില്‍ മകനെ കൊണ്ടു പോയി ആക്കിയതിനുശേഷം വര്‍ഷം 31 കഴിഞ്ഞിരിക്കുന്നു. പേരറിവാളന്‍ എന്ന ആ പഴയ 19കാരന്‍ ഇപ്പോള്‍ 49ാം വയസ്സില്‍ വാര്‍ധകൃത്തിലേക്ക് കാലൂന്നി നില്‍ക്കുകയാണ്. മകനുവേണ്ടി അസാമാന്യമായ ഇച്ഛാശക്തിയോടെ പോരാടിയ ആ അമ്മയുടെ ജീവിതം ഇന്നും പോരാട്ടത്തിലും കാത്തിരിപ്പിലും വെന്തുനീറിക്കൊണ്ടിരി ക്കുകയാണ്.

അനുശ്രീ: പത്ത് വര്‍ഷം മുന്‍പ് ഞാന്‍ ആദ്യം കണ്ട അതേ അവസ്ഥയിലൂടെ തന്നെയാണ് ഇന്നും അമ്മ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 31 വര്‍ഷത്തെ പോരാട്ടം ഇന്നും തുടരുകയാണ്. തമിഴകത്തെ രാഷ്ടീയ കക്ഷികളുടെ കൈകളിലെ പാവയായി മാറുകയാണ് ഈ കേസ് എന്ന് അമ്മതന്നെ പറയുന്നു. തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പെങ്കിലും അറിവ് പുറത്തുവരുമെന്ന് കരുതുന്നുണ്ടോ?

അര്‍പ്പുതമ്മാള്‍: അങ്ങനെയല്ല മോളേ, ഞാന്‍ ഓരോ ദിവസവും അവനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ ഇന്നുവരും നാളെ വരും എന്ന തോന്നലിലാണ് ഞാന്‍ ജീവിതം തള്ളിനീക്കുന്നതുതന്നെ. 2021 ജനുവരി 9ന് തമിഴ്‌നാട് മക്കള്‍ മുഴുവനും പ്രതീക്ഷിച്ചത് അറിവ് പുറത്തു വരുമെന്നാണ്. സുപ്രീംകോടതി, ഗവര്‍ണറോട് ആവശ്യപ്പെടുകയായിരുന്നല്ലോ തീരുമാനം അറിയിക്കണമെന്ന്. അതോടെ കാത്തിരിപ്പിന് വിരാമമായി എന്ന് എല്ലാവരും കരുതി. വീണ്ടും ഞാന്‍ പറ്റിക്കപ്പെട്ടു. സുപ്രീംകോടതിയെപോലും അവര്‍ വഞ്ചിക്കുകയാണ്. 31 വര്‍ഷത്തെ പോരാട്ടമാണിത്. ഒറ്റലക്ഷ്യത്തിനുവേണ്ടി രാഷ്ട്രീയക്കാര്‍ക്ക് പോലും ഇത്രയും നീണ്ട പോരാട്ടം നടത്താന്‍ കഴിയുമോ എന്ന് സംശയമാണ്. മകന്‍ നിരപരാധിയാണ് എന്ന് തെളിയിക്കുന്നതിനുവേണ്ടി ഇന്ത്യയില്‍ ഞാന്‍ മുട്ടാത്ത വാതിലുകളില്ല. അവന്‍ ജീവിതം ലഭിക്കണം എന്ന പിടിവാശിയോടെയാണ് ഞാന്‍ ഓരോ തോല്‍വിയിലും ഇടറിവീഴാതെ മുന്നോട്ടുനീങ്ങുന്നത്. പക്ഷേ, എനിക്കും വയസ്സാകുകയാണ്. ഇനിയും എത്രനാള്‍ എനിക്ക് ഈ പോരാട്ടം തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിയും? 73ാം വയസ്സിലേക്ക് കടന്നിരിക്കുകയാണ് ഞാന്‍.

കേസിന്റെ ആദ്യംമുതല്‍ ന്യായമായ ചെറിയ ചെറിയ കാര്യങ്ങള്‍ക്കുവേണ്ടിപോലും കോടതിയെ സമീപിക്കേണ്ടി വരുന്ന അവസ്ഥയാണല്ലോ. ഇപ്പോള്‍ അറിവിന്റെ മോചനവുമായി ബന്ധപ്പെട്ട കേസിന്റെ സ്ഥിതിയെന്താണ്?

സി.ബി.ഐയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ എസ്.പിയായിരുന്ന വി. ത്യാഗരാജന്‍ അറിവിന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയത് തെറ്റായിരുന്നുവെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്ന് അറിവ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതുപ്രകാരം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 161 പ്രയോജനപ്പെടുത്തി സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ 2018ല്‍ എടപ്പാടി സര്‍ക്കാര്‍, വധക്കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴ് തമിഴര്‍ക്കും വിടുതലൈ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി, ഗവര്‍ണറുടെ അനുമതിക്കുവേണ്ടി സമര്‍പ്പിച്ചു. എന്നാല്‍ ഗവര്‍ണര്‍ ഒരു തീരുമാനവും എടുത്തില്ല. രണ്ടുവര്‍ഷത്തിനുശേഷവും ഇക്കാര്യത്തില്‍ തീരുമാനം എടുത്തില്ലെന്ന് കാണിച്ച് വീണ്ടും പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചു.

രാജീവ്ഗാന്ധി വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന എം.ഡി.എം.എയുടെ (Multi disciplinary monitoring agency) റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് മറുപടി വൈകുന്നത് എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. എന്നാല്‍ ഗുഢാലോചനക്കേസും പേരറിവാളണ്‍ന്റെ മോചനവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് എം.ഡി.എം.എ മറുപടി നല്‍കി. വീണ്ടും പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണര്‍ നിര്‍ബന്ധമായും മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഏകദേശം മൂന്നര വര്‍ഷത്തിനുശേഷം സുപ്രീംകോടതിയില്‍ ഗവര്‍ണര്‍ക്കുവേണ്ടി ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കി. ഗവര്‍ണര്‍ പേരറിവാളന് അനുകൂലമായ തീരുമാനമെടുക്കും എന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി തന്റെ പരിധിക്കുള്ളില്‍ വരുന്ന വിഷയമല്ല ഇതെന്നും രാഷ്ടപതിയാണ് തീരുമാനം എടുക്കേണ്ടത് എന്നുമായിരുന്നു മറുപടി. അങ്ങനെ സംസ്ഥാന സര്‍ക്കാര്‍ അവനെ വിട്ടയഷ്‌ക്കുന്നതിനുള്ള അധികാരം കേന്ദ്രത്തിന് നല്‍കി.

തന്നെ മോചിപ്പിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിതന്നെ ഇടപെടണം എന്നാ വശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് അറിവ് ഇപ്പോള്‍. അല്ലേ?

അതെ. സുപ്രീംകോടതി നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാറിന് അഥവാ ഗവര്‍ണര്‍ക്ക് നല്‍കിയ അധികാരത്തെ ഗവര്‍ണര്‍തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. വര്‍ഷങ്ങള്‍ കഴിയുന്നതല്ലാതെ തീരുമാനം ഉണ്ടാകുന്നില്ല, അതിനാല്‍ സുപ്രീംകോടതി ഇടപെട്ട് മോചിപ്പിക്കണം എന്നാണ് അറിവ് ആവശ്യപ്പെട്ടിട്ടുള്ളത്. നീയാണോ ഞാനാണോ വലുത് എന്ന തര്‍ക്കത്തിലും അധികാര വടംവലിയിലും 30 വര്‍ഷം കഴിഞ്ഞുപോയി. ഇവരാരും ജയിലിനുള്ളില്‍ കഴിയുന്ന മനുഷ്യജീവിതത്തെക്കുറിച്ച് ഓര്‍ത്തതേയില്ല. അവസാനം, സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഇവരെ മോചിപ്പിക്കുമെന്ന് ജനങ്ങാള്‍ക്ക് ഉറപ്പ് നല്‍കിയിട്ടും കോടതിയെപോലും വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും സ്വീകരിച്ചത്. 30 വര്‍ഷം തടവ് അനുഭവിച്ചതിനുശേഷവും ഇവരോട് എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നതാണ് മനസ്സിലാകാത്തത്. രാഷ്ട്രപിതാവ് ഗാന്ധിജിയെ കൊന്നവരെപോലും വെറുതെ വിട്ട രാജ്യമാണ് ഇത്. എന്നിട്ടും ഇവരോട് മാത്രം എന്താണിങ്ങനെ? രാജീവ്ഗാന്ധിയെ കൊന്നവരല്ല, കൊലപ്പെടുത്താന്‍ സഹായം ചെയ്തു എന്നതാണ് ഇവരുടെ പേരിലുള്ള കേസ്. എന്നിട്ടും ഇത്രയും കാലം ശിക്ഷ അനുഭവിച്ചിട്ടും എന്തുകൊണ്ട് മോചിപ്പിക്കുന്നില്ല? 19 വയസ്സില്‍ ജയിലിലേക്ക് പോയതാണ് എന്റെ മകന്‍. എല്ലാം നഷ്ടപ്പെട്ടു. ജീവിതത്തിലെ നല്ല കാലം മുഴുവന്‍ അവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. സി.ബി.ഐ എസ്.പി. ത്യാഗരാജന്‍, കേസ് വിധി പറഞ്ഞ കെ.ടി തോമസ്, എസ്.ഐ.ടി തലവന്‍ കാര്‍ത്തികേയന്‍, രാഹുല്‍ ഗാന്ധി എല്ലാവരും പറഞ്ഞുകഴിഞ്ഞു ഇവരെ മോചിപ്പിക്കണമെന്ന്. എന്നാല്‍ രാഷ്ട്രീയനാടകം തുടരുകയാണ്.

തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന ഈ സമയത്ത് ഈ പ്രശ്‌നം തമിഴകത്ത് ഒരു വിഷയമാകില്ലേ?

വോട്ടിങ് മെഷീനും പണവും കൈയിലുണ്ടെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പ് ജയിക്കാന്‍ മറ്റെന്തെങ്കിലും വേണോ? അവര്‍ ജനങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെയെല്ലാം സംഭവിക്കുമോ? ജനങ്ങളോട് ഇവരെ മോചിപ്പിക്കുമെന്ന് നുണ പറയുകയും അതിന് നേരേ വിപരീതമായ കാര്യങ്ങള്‍ കോടതിയില്‍ പറയുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഗവര്‍ണര്‍ തനിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ല എന്നു പറഞ്ഞ് കൈയൊഴിഞ്ഞതിനുശേഷവും അവരെ മോചിപ്പിക്കാനാവശ്യമായ എല്ലാം കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍. സുപ്രീംകോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷ.

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നോ?

ആദ്യം മുതലേ ശ്രമിച്ചിരുന്നു. അപ്പോയിന്റ്‌മെന്റ് തന്നില്ല. പിന്നീട് ശ്രമിച്ചതുമില്ല.

മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പേരറിവാളന്‍ മാത്രമാണല്ലോ സുപ്രീംകോടതിയെ സമീപിച്ചത്? താന്‍ അറിവിന്റെ കുറ്റസമ്മതമൊഴി തെറ്റായാണ് രേഖപ്പെടുത്തിയത് എന്ന ത്യാഗരാജന്റെ സത്യവാങ്മൂലം അറിവിന് അനുകുലമായി ചിന്തിപ്പിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തമിഴ്‌നാട് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതും പേരറിവാളനെ മോചിപ്പിക്കണം എന്നായിരുന്നു. എന്നിട്ടും ഏഴ് പേരെയും വിട്ടയക്കണം എന്ന പ്രമേയമാണ് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയത്. ഇതെന്തുകൊണ്ടാണ്?

ഹരജി നല്‍കിയ പേരറിവാളനെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ അധികാരം ഉപയോഗപ്പെടുത്തണം എന്നാണ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ എപ്പോഴും ഏഴുപേരുടേയും മോചനത്തെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയും ആശയക്കുഴപ്പമുണ്ടാകുന്നത്. പോളിസി ഡിസിഷനാണ് ഇതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഏഴുപേരെയും മോചിപ്പിക്കണം എന്നതാണ് സര്‍ക്കാരിന്റെ ആവശ്യം എന്നും പറയുന്നു. പറയുന്ന കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഏഴുപേരെയും മോചിപ്പിക്കട്ടെ. 80 വര്‍ഷമായി ഇവരെല്ലാം തടവറയില്‍ കിടക്കുകയല്ലേ? അതിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞോ? ഇല്ല. സുപ്രീംകോടതി പറഞ്ഞതനുസരിച്ച് അറിവിനെ മോചിപ്പിക്കാന്‍ കഴിഞ്ഞോ? അതുമില്ല.

എന്തിനുവേണ്ടിയാണ് സര്‍ക്കാര്‍ അങ്ങനെ പറയുന്നത്? വോട്ട് ബാങ്ക് രാഷ്ട്രീയമാണോ സര്‍ക്കാര്‍ പയറ്റുന്നത്?

പല പല സന്ദര്‍ഭങ്ങളിലും ഇവരുടെ ജയില്‍വാസം ഉയര്‍ത്തി സമരങ്ങള്‍ നടത്തുകയും അതിന്റെ ഗുണഫലങ്ങാള്‍ അനുഭവിക്കുകയും ചെയ്തവരാണ് ഇവര്‍. ഇതെല്ലാം തമിഴകം കണ്ടിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവിനെ വധിച്ച ഒരാളെ വെറുതെവിട്ട സര്‍ക്കാര്‍ എന്ന പേര് വാങ്ങിക്കുന്നതെന്തിന് എന്നായിരിക്കാം ഭരണത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷി ചിന്തിക്കുന്നത്.

മുഖ്യമന്ത്രിയായാലും ഗവര്‍ണര്‍ ആയാലും, അവരെ മോചിപ്പിക്കാന്‍ ഞങ്ങാള്‍ ഉദ്ദേശിക്കുന്നില്ല എന്ന്, ജനങ്ങളോട് തുറന്ന് പറയണം. ഇല്ലെങ്കില്‍ നിയമത്തെ അനുസരിക്കണം. ജനങ്ങളെ ഇവര്‍ പറഞ്ഞുപറ്റിച്ചുകൊണ്ടിരിക്കുകയാണ്. 2021 ജനുവരി 25ന് തനിക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അധികാ രമില്ലെന്നും രാഷ്ടപതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഗവര്‍ണര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജനുവരി 30ന് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി 'നല്ല തീരുമാനം ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം' എന്നാണ് പറയുന്നത്. ജനങ്ങളോട് നുണപറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍. ഇവരെ മോചിപ്പിക്കാന്‍ പ്രമേയം പാസാക്കിയവര്‍ എന്ന ഇമേജുണ്ടാക്കി ഒരു വിഭാഗത്തിന്റെയും എന്നാല്‍ തീരുമാനമെടുക്കാതെ മറുവിഭാഗത്തിന്റെയും വോട്ട് ഒരുപോലെ വാങ്ങിയെടുക്കാനാണ് ശ്രമം.

ജയലളിത ഉണ്ടായിരുന്നുവെങ്കില്‍ ഈ കേസിന്റെ അവസ്ഥ ഇങ്ങനെയാകുമായിരുന്നില്ല എന്ന് തോന്നുന്നുണ്ടോ? ഇതിനോടകം അറിവിന് മോചനം ലഭിച്ചിരിക്കും എന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും. എന്തെങ്കിലും മാര്‍ഗം ഉണ്ടായിരുന്നുവെങ്കില്‍ ജയലളിതാമ്മ അറിവിനെ മോചിപ്പിക്കുമായിരുന്നു. ആര്‍ട്ടിക്കിള്‍ 161 ഉപയോഗപ്പെടുത്തി സംസ്ഥാനസര്‍ക്കാറിന് അറിവിനെ മോചിപ്പിക്കാമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചത് അവരുടെ മരണത്തിന് ശേഷമായിരുന്നു. സ്റ്റേറ്റിന്റെ അധികാരം നല്ല കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ ധൈര്യമുള്ള സ്ത്രീയായിരുന്നു അവര്‍. സുപ്രീംകോടതി ഉത്തരവ് ലഭിച്ചാല്‍ പിന്നെ അവര്‍ മടിച്ചു നില്‍ക്കില്ല.

ജയലളിതയോടൊപ്പം അര്‍പ്പുതമ്മാള്‍

അധികാരം കൈയില്‍ വെച്ചുകൊണ്ട് നാണംകെട്ട രാഷ്ടീയക്കളിയാണ് ഈ സര്‍ക്കാര്‍ കളിക്കുന്നത്. ഞങ്ങള്‍ക്ക് ശിക്ഷ വാങ്ങിത്തരുന്ന കാര്യത്തില്‍ മാത്രമാണോ കോടതിയുടെ ഉത്തരവുകളെ അനുസരിക്കേണ്ടത്? മോചനത്തിന്റെ കാര്യത്തിലും സുപ്രീംകോടതിയുടെ ഉത്തരവുകള്‍ പാലിക്കേണ്ടതല്ലേ? നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാണ് എന്നല്ലേ പറയാറുള്ളത്? അധികാരം ഉള്ളവനും ഇല്ലാത്തവനും വെവ്വേറെ നീതിയാണോ ലഭിക്കേണ്ടത്?

2011ല്‍ മുന്ന് തമിഴരെയും തുക്കിലേറ്റാന്‍ ഉത്തരവ് വന്ന സമയത്ത് അതുവരെ കാണാത്ത പ്രക്ഷോഭങ്ങള്‍ക്കാണ് തമിഴകം സാക്ഷിയായത്. 22 വര്‍ഷം അമ്മ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനുള്ള പിന്തുണയായിരുന്നു അത്. ഇപ്പോള്‍ വൈകോ, സീമാന്‍, കമല്‍ഹാസന്‍, വിജയ് സേതുപതി തുടങ്ങിയ രാഷ്ട്രീയ സിനിമ മേഖലയിലെ പ്രഗല്ഭരുടെയെല്ലാം പിന്തുണ ലഭിച്ചിട്ടുണ്ട്. ഇനിയും അത്തരത്തിലുള്ള സമരങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ?

ആ ഒരു മാര്‍ഗം പോലും ഇല്ലല്ലോ.. ഏത് സമരത്തെയും നേരിടാന്‍ സര്‍ക്കാറിന് ഇപ്പോള്‍ കൊറോണ എന്ന ആയുധം കിട്ടിയിട്ടുണ്ട്. അമാവാസിക്കും തിഥിക്കും ഉത്സവത്തിനും ലക്ഷക്കണക്കിന് ആളുകളാണ് തടിച്ചുകൂടുന്നത്. അപ്പോള്‍ ആരും നിയമം ലംഘിച്ചുവെന്ന് പറയുന്നില്ല. എന്നാല്‍ നീതി തേടി ആരെങ്കിലും തെരുവിലിറങ്ങിയാല്‍ അത് നിയമലംഘനമാണെന്ന് പറഞ്ഞ് അടിച്ചമര്‍ത്തും. അധികാരം ഇവരുടെ കൈയിലാണല്ലോ. ഇനിയും അറിവിനെ രാഷ്ട്രീയക്കാരുടെ കൈകളിലെ കളിപ്പാട്ടമാകാന്‍ എറിഞ്ഞുകൊടുക്കാതെ സുപ്രീംകോടതിതന്നെ തീരുമാനമെടുക്കണം എന്നാണ് എന്റെ ആവശ്യം.

എന്ത് സംഭവിച്ചാലും ആഴ്ചയിലൊരിക്കല്‍ അറിവിനെ കാണാന്‍ ജയിലില്‍ പോകാറുണ്ടല്ലോ. ഇപ്പോള്‍ മകനെ കാണാന്‍ സാധിക്കാറുണ്ടോ?

കൊറോണ വന്നതിനാല്‍ രണ്ട് തവണ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. കോവിഡ് മൂലം അറിവിനെ കാണാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കേണ്ടിവന്നു. എന്നെ മാത്രമാണ് ജയിലിന് ഉള്ളിലേക്ക് കടത്തിവിട്ടത്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്ത് റിസല്‍റ്റും കോര്‍ട്ട് ഓര്‍ഡറും ഉണ്ടായിരുന്നതിനാലാണ് കാണാന്‍ അനുവാദം ലഭിച്ചത്. ഇപ്പോള്‍ മാസങ്ങളായി അറിവിനെ കണ്ടിട്ട്. നമുക്ക് മാത്രമാണ് കൊറോണയും അതിനോട് ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഉള്ളത്. രാഷ്ട്രീയക്കാരുടെ ആവശ്യമനുസരിച്ച് കൊറോണ കൂടും കുറയും.

കേസിനും മറ്റുമായി ചെന്നൈയില്‍ തന്നെയാണല്ലോ താമസിച്ചിരുന്നത്. ലോക്ഡൗണിലും മറ്റും ഒറ്റക്കാണോ താമസിച്ചിരുന്നത്?

കൊറോണയും ലോക്ഡൗണും ഒക്കെ വന്നതിനുശേഷം ചിദംബരത്തുള്ള മകളുടെ വീട്ടിലാണ് താമസം. അറിവിന്റെ അച്ഛന്‍ കൃഷ്ണഗിരിയിലുള്ള മകളുടെ അടുത്താണ് താമസിക്കുന്നത്. ഞങ്ങളുടെ കുടുംബം ചിതറിപ്പോയി. എന്തായാലും അവന്‍ പുറത്തുവരുന്നതുവരെയെങ്കിലും ഞാന്‍ ജീവിച്ചിരുന്നേ മതിയാകൂ. കാത്തിരിപ്പും നിരാശയും എനിക്ക് ശീലമായിക്കഴിഞ്ഞു. എന്നാലും ഓരോ തവണയും പ്രതീക്ഷിക്കും. ഇനി അവന്‍ പുറത്തിറങ്ങിയാല്‍ പോലും ജീവിതം എത്രത്തോളം ബാക്കിയുണ്ടാകും? അസുഖവും മറ്റും ഇപ്പോള്‍ത്തന്നെ കുഴക്കുകയാണ്. രാഷ്ട്രീയക്കാര്‍ക്ക് എന്റെ വേദന മനസ്സിലാകുന്നില്ല. ഏതോ അമ്മമാര്‍ പെറ്റ മക്കളെ വെച്ചുകൊണ്ട് രാഷ്ട്രീയലാഭം നേടുന്നവരാണ് അവര്‍. എന്നാല്‍ നിയമം പഠിച്ചവര്‍ക്കും ഞാന്‍ അനുഭവിക്കുന്ന വേദന മനസ്സിലാകുന്നില്ലല്ലോ എന്നതാണ് സങ്കടമുണ്ടാക്കുന്നത്.

മാധ്യമപ്രവര്‍ത്തകയും അര്‍പ്പുതമ്മാളുടെ ജീവിതകഥയായ അടഞ്ഞ വാതിലുകള്‍ക്കു മുന്നില്‍ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് അനുശ്രീ

Content Highlights: perarivalan mother arputhammal interview rajiv gandhi assassination case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented