പി.എം. മോഹനൻ | ഫോട്ടോ: മാതൃഭൂമി
ഏതാനും മാസംമുമ്പ് കോഴിക്കോട്ടെ എന്‍.ബി.എസ്. ബുക്സ്റ്റാളില്‍ പോയപ്പോള്‍ 'ദേവലാനി' എന്ന ശീര്‍ഷകമുള്ള ഒരു വലിയ പുസ്തകത്തില്‍ എന്റെ കണ്ണുടക്കി. ചരിത്രസംബന്ധിയായ രചനയായിരിക്കുമെന്ന് ഊഹിച്ച് അത് മറിച്ചുനോക്കി. അവിടെ നിന്നുകൊണ്ട് പത്തുപതിനഞ്ച് പുറം വായിച്ചു. സംഗതി ചരിത്രമല്ല. ഒരു പ്രത്യേകതരം സയന്‍സ് ഫിക്ഷനാണ്. ചരിത്രവും നരവംശശാസ്ത്രവും പുരാവൃത്തവും സൈദ്ധാന്തിക ഭൗതികശാസ്ത്രവും ഉപയോഗിച്ച് ഗലാക്ടിക് സംസ്കൃതികളെ ആഖ്യാനംചെയ്യുന്ന കൃതിയാണ്.
680 പേജുള്ള പുസ്തകം വാങ്ങി വായിച്ചപ്പോള്‍ മറ്റൊരു കാര്യംകൂടി ബോധ്യപ്പെട്ടു. ഐസക് അസിമോവിന്റെ രചനകളെപ്പോലെ അടിമുടി സയന്‍സ് കടന്നുവരുന്ന ആഖ്യായികയല്ല. എന്നാല്‍, കേവലം ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും പുനരാഖ്യാനവുമല്ല. പുരാവൃത്തത്തെ ചരിത്രവത്കരിക്കുകയും ചരിത്രത്തെ പുരാവൃത്തവുമായി കൂട്ടിക്കുഴയ്ക്കുകയും ചെയ്യുന്ന അമീഷ് ത്രിപാഠിയുടെ കൃതികളെപ്പോലെയുമല്ല. ഡാന്‍ബ്രൗണിന്റെ 'ഡാവിഞ്ചികോഡ്' പോലെയോ അശോക് ബാങ്കറുടെ 'പ്രിന്‍സ് ഓഫ് അയോധ്യ' പോലെയോ നിക്കോളാസ് നൊട്ടോവിച്ചിന്റെ 'ലൈഫ് ഓഫ് സെയ്ന്റ് ഇസ്സ' പോലെയോ അശ്വിന്‍ സംഘിയുടെ 'ദ കൃഷ്ണ കീ' പോലെയോ ഉള്ള പുസ്തകവുമല്ല. സോവിയറ്റ് ജ്യോതിശ്ശാസ്ത്രജ്ഞനായ നിക്കോളായ് കര്‍ദാഷേവും ജാപ്പനീസ്-അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ മിചിയാ കാക്കുവുമൊക്കെ സൂചിപ്പിക്കുന്ന ഗലാക്ടിക് സംസ്‌കൃതികളെ വിഭാവനംചെയ്യുന്ന കൃതിയാണ്. മനുഷ്യസംസ്‌കൃതിക്കപ്പുറത്ത് പ്രപഞ്ചത്തിലെ അഞ്ചുഘട്ടങ്ങളായ സംസ്‌കൃതികളെക്കുറിച്ച് നിരൂപിക്കുന്ന ഈ ഗ്രന്ഥം, ഇന്നോളമുള്ള മനുഷ്യസംസ്‌കൃതി പൂജ്യം ഘട്ടത്തിലാണെന്ന് പറയുന്നു.
മെസപ്പൊട്ടേമിയന്‍ നഗരമായ ഉര്‍, സിന്ധുനദീതട സംസ്‌കാരത്തിലെ നഗരങ്ങളായ വറുസുക്(മോഹന്‍ജദാരോ), ഉദവ്രജ(ഹാരപ്പ), ഋക്ഷപര്‍വതം(ലങ്ക), സരസ്വതീതീരത്തെ ഭരതരാജ്യം, യമുനാതടത്തിലെ ദേവലോകം, സരയൂതീരത്തെ സാകേതം എന്നിവയൊക്കെ നോവലിലെ മുഖ്യസ്ഥലരാശികളാണ്. ഇവിടങ്ങളിലാണ് കഥ നടക്കുന്നത്. മുഖ്യകഥാപാത്രമായ ദേവലാനി അഹല്യയുടെയും ഇന്ദ്രന്റെയും പുത്രിയാണ്. ദേവലോകത്ത് രംഭ എന്ന സ്ഥാനപ്പേരുള്ള കലാകാരി. ശദാര്‍ഥവും (ആന്റിമാറ്റര്‍) ശദാര്‍ഥത്തോക്കുകളും കാര്‍ബോ അറ്റോറുകൊണ്ട് ഉണ്ടാക്കിയ ശൂശേന്ദ്രമെന്ന ശൂന്യാകാശനൗകയും പ്രതുങ്കമാര്‍ഗത്തിലൂടെ നക്ഷത്രത്തില്‍നിന്ന് മറ്റൊരു നക്ഷത്രത്തിലേക്ക് സഞ്ചരിക്കുന്ന ദേവകളും ടെലിപ്പതിയും ടെലിപോര്‍ട്ടിങ്ങും തന്ത്രിസിദ്ധാന്തവും (സ്ടിങ് തിയറി) തമോഗര്‍ത്തങ്ങളും മഹാവിസ്‌ഫോടനങ്ങളുമെല്ലാം കടന്നുവരുന്ന ഈ ആഖ്യായികയില്‍ ദേവസഭയിലെ പണ്ഡിതരെന്ന സ്ഥാനപ്പേരുള്ള രാവണനും കുബേരനെന്ന വൈശ്രവണനും ഏകശൃംഗനെന്ന വര്‍ത്തകപ്രമാണിയും മയന്റെ പുത്രിയായ മണ്ഡോദരിയുടെയും രാവണന്റെയും മകളായ വേദവതി എന്ന ജാനകിയും ആര്യഗോത്രദേവനായ ഇന്ദ്രനും സുമേറിയക്കാരുടെ ദേവനായ അനുനാകിയുമെല്ലാം മുഖ്യകഥാപാത്രങ്ങളാണ്.
.jpg?$p=48405e6&&q=0.8)
പി.എം. മോഹനന്‍ എന്ന മോഹനന്‍ പുത്തന്‍ മഠത്തിലാണ് ഗ്രന്ഥകാരന്‍. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരെഴുത്തുകാരന്‍. ഇദ്ദേഹത്തിന് ചരിത്രത്തിലും പുരാവൃത്തങ്ങളിലും നരവംശശാസ്ത്രത്തിലും സൈദ്ധാന്തികഭൗതികത്തിലും സാമാന്യത്തില്‍ കവിഞ്ഞ അറിവുണ്ടെന്ന് വായന പാതിയായപ്പോള്‍തന്നെ മനസ്സിലായി. പ്രസാധകരെ വിളിച്ച് അദ്ദേഹത്തിന്റെ നമ്പര്‍ സംഘടിപ്പിച്ചു. വിളിച്ചു. പരിചയപ്പെടാനുള്ള ആഗ്രഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ നരിക്കുനിക്കടുത്തുള്ള ഇടുക്കപ്പാറയിലാണ് താമസം. മേല്‍പ്പറഞ്ഞ ജ്ഞാനശാഖകളിലെല്ലാം അവഗാഹമുള്ള ഒരു അക്കാദമിക പണ്ഡിതനെയാണ് കാണാന്‍ പോകുന്നത്. അദ്ദേഹം റോഡരികില്‍ കാത്തുനിന്നു. ഓട്ടോറിക്ഷ ഇടുക്കപ്പാറയിലെത്തിയപ്പോള്‍ ഹരിതാഭമായ ഒരു ചെറിയ കുന്നിന്‍മുകളിലുള്ള വീട്ടിലേക്ക് ഒരിടവഴിയിലൂടെ തിരിച്ചുവിട്ടു. പി.എം. മോഹനന്‍ സ്വയം പരിചയപ്പെടുത്തി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ലബോറട്ടറിയില്‍നിന്ന് അടുത്തൂണ്‍പറ്റിയ ജീവനക്കാരനാണ്! അക്കാദമിക പശ്ചാത്തലമില്ല. എല്ലാം സ്വയം പഠിച്ചെടുത്തതാണ്. ഒരു പതിറ്റാണ്ടോളം ഈ നോവല്‍ രചനയ്ക്കുവേണ്ടി വ്യത്യസ്ത ജ്ഞാനമേഖലകളിലെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ വായിച്ചു. മോഹനനോട് ദേവലാനിയെക്കുറിച്ച് തുടര്‍ന്ന് സംസാരിച്ചു.
ദേവലാനി വായിച്ച കൗതുകത്തില്‍ വന്നതാണ്. കാരണം, ചരിത്രവും പുരാവൃത്തവും സയന്‍സുമെല്ലാം എനിക്കും ഇഷ്ടമാണ്. സയന്‍സിന്റെ ഭാവന ഉപയോഗിച്ച് പുരാവൃത്തം ആഖ്യാനംചെയ്യുന്ന വ്യത്യസ്തമായ സയന്‍സ് ഫിക്ഷനാണിത്. ഇങ്ങനെ ഒരു കൃതി എഴുതാന്‍ തോന്നിയ സാഹചര്യം പറയാമോ?
പുരാണങ്ങളും ഇതിഹാസങ്ങളും പരിശോധിച്ചാല്‍ അന്നത്തെ സമൂഹവുമായി ഇണങ്ങിച്ചേരാന്‍ വിഷമമുള്ള പല സംഭവങ്ങളും ജ്ഞാനശകലങ്ങളും അവയില്‍ ചിതറിക്കിടക്കുന്നതു കാണാം. ഉദാഹരണത്തിന് ദശരഥന്‍ പുത്രകാമേഷ്ടിയാഗം നടത്തുമ്പോള്‍ ഋഷ്യശൃംഗന്റെ യാഗാഗ്‌നിയില്‍നിന്നും ദിവ്യപ്രസാദവുമായി ഉയര്‍ന്നുവരുന്ന പ്രജാപതി, ആകാശത്തുനിന്നും വന്നുപതിച്ച മാലയില്‍ പിടിച്ച് അപ്രത്യക്ഷയാകുന്ന ഇന്ദുമതി, ഇങ്ങനെ മറ്റനേകം ഉദാഹരണങ്ങളുണ്ട്. അയ്യായിരം വര്‍ഷംമുമ്പത്തെ സുമേറിയന്‍ കളിമണ്‍ ഫലകങ്ങളില്‍ ക്യൂണിഫോമിലെഴുതിയ രേഖകള്‍ സൗരയൂഥത്തെക്കുറിച്ചും സൂര്യനുചുറ്റും സഞ്ചരിക്കുന്ന ഗ്രഹങ്ങളെക്കുറിച്ചും പരാമര്‍ശങ്ങള്‍ നടത്തിയത് അദ്ഭുതാവഹമാണ്. നെപ്റ്റിയൂണിനു പുറത്തുള്ള ഒരു ഗ്രഹത്തില്‍നിന്നു തുടങ്ങി ഏഴാമത്തെ ഗ്രഹമായാണ് ഭൂമിയെ രേഖപ്പെടുത്തിയത്. അവരുടെ ദേവകള്‍, അനുനാകി ആകാശത്തുനിന്നും ഭൂമിയിലേക്ക് പറന്നിറങ്ങി മനുഷ്യരെ സൃഷ്ടിക്കുകയും അവരുടെകൂടെ ജീവിക്കുകയും ചെയ്തുവെന്ന് രേഖകള്‍ പറയുന്നു. മനുഷ്യര്‍ ദേവകള്‍ക്കുവേണ്ടി ചില ജോലികള്‍ ചെയ്തതായും രേഖയിലുണ്ട്. നിബിരു, നഫിലിം എന്നീ ഗ്രഹങ്ങളില്‍നിന്നാണ് അനുനാകിയും സംഘവും വരുന്നതെന്നും പറയുന്നുണ്ട്. ഭാരതപുരാണങ്ങളിലും ഇതിഹാസങ്ങളിലും അതിനും മുന്‍പ് ക്യൂണിഫോം ലിപികളില്‍ രേഖപ്പെടുത്തിയ സുമേറിയന്‍ മിത്തോളജിയിലും ആകാശമാര്‍ഗം ചലിക്കുന്ന രഥങ്ങളെയും വിമാനങ്ങളെയും കുറിച്ച് വിവരണങ്ങള്‍ കാണാം. വായുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന പട്ടണങ്ങളെയും പ്രതിപാദിക്കുന്നുണ്ട്. ഇന്ദ്രനും ഗന്ധര്‍വന്മാരും അപ്സരസ്സുകളുമാണ് ഇത്തരം വാഹനങ്ങളില്‍ സഞ്ചരിക്കുന്നത്. മേല്‍പ്പറഞ്ഞ കാലഘട്ടത്തില്‍ വിമാനങ്ങളും ശൂന്യാകാശ പട്ടണങ്ങളും മറ്റും നിര്‍മിക്കുന്നത് പ്രാവര്‍ത്തികമല്ലല്ലോ. ഇത്തരം വിവരണങ്ങളെല്ലാം വെറും കടങ്കഥകളായി കാണുന്നതിനു പകരം ഇന്ന് ശാസ്ത്രീയമായിത്തന്നെ വ്യാഖ്യാനിക്കാന്‍ കഴിയും എന്ന ചിന്തയാണ്, ചരിത്രത്തിന്റെയും ജ്യോതിശ്ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ പുരാണങ്ങളെ പുനരാഖ്യാനം ചെയ്തുകൊണ്ട് ഇങ്ങനെയൊരു നോവല്‍ എഴുതാന്‍ പ്രേണനല്‍കിയത്.
ഇന്ത്യയില്‍ പൊതുവിലും കേരളത്തില്‍ വിശേഷിച്ചും സയന്‍സ് ഫിക്ഷന്റെ അവസ്ഥ സ്വാഭാവികമായും താങ്കള്‍ നിരീക്ഷിച്ചുകാണുമല്ലോ? എന്താണ് പൊതുവേയുള്ള അഭിപ്രായം.
സയന്‍സ് ഫിക്ഷന്‍ നോവലുകള്‍ വായിച്ച പരിചയം എനിക്കില്ല. ദേവലാനി ഒരു സയന്‍സ് ഫിക്ഷന്‍ എന്ന ധാരണയിലല്ല ഞാന്‍ എഴുതിയത്. എറിക് വോണ്‍ ഡാനിക്കിന്റെ പുസ്തകങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. ഐസാക് അസിമോവിനെയും ആര്‍തര്‍ സി ക്ലാര്‍ക്കിനെയും ഫ്രാങ്ക് ഹര്‍ബര്‍ട്ടിനെയും പോലെ ലോകത്തെ വലിയ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാര്‍ ഇന്ത്യയിലില്ല. സുമിത് ബസു, വന്ദന സിങ്, അനില്‍ മേനോന്‍ ഇങ്ങനെ പലരും സയന്‍സ് ക്ഷന്‍ എഴുതിയവരാണ്. മിക്കവാറും ഇ.ടി. വിഷയം കൈകാര്യം ചെയ്യുന്ന എല്ലാ നോവലുകളിലും അന്യഗ്രഹജീവികളെ വലിയ കണ്ണുകളുള്ള വിരൂപികളായോ അല്ലെങ്കില്‍ കൂര്‍ത്തപല്ലുകളും മറ്റുമായി ഭീകരജീവികളായോ ആണ് അവതരിപ്പിക്കുന്നത്. ഒരുപക്ഷേ അവര്‍ മനുഷ്യരെക്കാളും ഊര്‍ജസ്വലരും ആകര്‍ഷണീയരുമായിരിക്കും എന്നാണ് എന്റെ കാഴ്ചപ്പാട്. അതുപോലെ മനുഷ്യനുമായി ഏറ്റുമുട്ടുന്ന പാശ്ചാത്യസിനിമകളിലെ ഇ.ടി. എപ്പോഴും പരാജയപ്പെടുന്ന മട്ടിലാണ് അവതരിപ്പിക്കാറ്. ഇത് അസംഭവ്യമാണ്. മനുഷ്യന് ഒരിക്കലും അവരെ ജയിക്കാന്‍ കഴിയില്ല. മലയാളത്തില്‍ അറിയപ്പെടുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ഉണ്ടോ? എന്തോ എനിക്കറിയില്ല.
താങ്കളുടെ സയന്‍സ് ഫിക്ഷനെ ആകര്‍ഷണീയമാക്കുന്നത് അതില്‍ അഞ്ച് പ്രാപഞ്ചിക സംസ്‌കൃതികളുടെ തലങ്ങള്‍ കടന്നുവരുന്നു എന്നതുകൊണ്ടുകൂടിയാണ്. ഇവ വിശദമാക്കാമോ?
ചരിത്രത്തിന്റെയും സയന്‍സിന്റെയും വെളിച്ചത്തില്‍ പുരാണങ്ങളെ പുനരാഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു നോവലാണിത്. ഇതില്‍ പുരാണങ്ങളിലെ ചില കഥാപാത്രങ്ങള്‍ ഭൗമേതര സംസ്‌കൃതിയിലെ അംഗങ്ങളാണ്. അവരുടെ അമാനുഷിക കഴിവുകള്‍ ശാസ്ത്രീയമായി വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. റഷ്യന്‍ ആസ്ട്രോഫിസിസിസ്റ്റ് നിക്കോളായ് കര്‍ദാഷേവ്(1964) ഊര്‍ജവിനിയോഗം അടിസ്ഥാനമാക്കി നാഗരികതയെ മൂന്നായിത്തിരിച്ചു. ടൈപ്പ്-1, ടൈപ്പ്-2, ടൈപ്പ്-3. പിന്നീട് പലരും അത് നാലും അഞ്ചും ആക്കി വികസിപ്പിച്ച് വ്യാഖ്യാനിച്ചു. സംസ്‌കൃതിയെക്കുറിച്ചുള്ള 'കര്‍ദാഷേവ് സ്‌കെയ്ല്‍' എന്നെ ആകര്‍ഷിച്ചു. സംസ്‌കൃതി പ്രപഞ്ചത്തിലെ എണ്ണമറ്റ ഗ്രഹങ്ങളില്‍ പല ഘട്ടങ്ങളിലൂടെ വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ടാകണം. സംസ്‌കൃതിയുടെ വളര്‍ച്ച അതിലെ അംഗങ്ങളുടെ ക്രോമോസോമുകളില്‍ പ്രോഗ്രാംചെയ്തതായിരിക്കാം. പ്രപഞ്ചശക്തിയായ ബ്രഹ്‌മ(ടൈപ്പ്-4)യില്‍ വിലയംപ്രാപിക്കാന്‍ അവര്‍ക്ക് വളരാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നാഗരികത ഏതെങ്കിലും ഒരു ഗ്രഹത്തില്‍ മാത്രം ഒറ്റപ്പെട്ടു നിലനില്‍ക്കുന്നതല്ലെന്നും മറിച്ച് പ്രപഞ്ചം മുഴുവനായും വ്യാപിച്ചുകിടക്കുന്ന ഒരു പ്രതിഭാസമാണെന്നുമുള്ള ചിന്ത എന്നെ ഗ്രഹിച്ചു. ഇത് ഒരു പ്രപഞ്ചനാഗരികതയായിരിക്കണം എന്ന തോന്നല്‍. കര്‍ദാഷേവ് ടൈപ്പ്-1 പുരോഗതി പ്രാപിച്ച പ്ലാനറ്ററി നാഗരികതയാണ്. അവര്‍ക്ക് പ്രകൃതിദുരന്തങ്ങളെയും കാലാവസ്ഥയെയും നിയന്ത്രിക്കാന്‍ കഴിയും. മാതൃനക്ഷത്രത്തിലെ ഊര്‍ജം ഏതാണ്ട് പൂര്‍ണമായും ഉപയോഗപ്പെടുത്താനുള്ള സാങ്കേതികജ്ഞാനം കൈവരിക്കും. സൗരയൂഥത്തിലെ (നക്ഷത്രയൂഥത്തിലെ) എല്ലാ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും അവര്‍ കോളനികള്‍ സ്ഥാപിക്കും. അടുത്തുള്ള നക്ഷത്രയൂഥത്തിലേക്ക് യാത്രചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.
.jpg?$p=cc29bd4&&q=0.8)
ടൈപ്പ്-2 സ്റ്റല്ലാര്‍ സംസ്‌കൃതിയാണ്. പലതരം നക്ഷത്രങ്ങളില്‍നിന്നുള്ള ഊര്‍ജം ഉപയോഗപ്പെടുത്തും. ഇവരുടെ ശരീരത്തില്‍ പലതരം നാനോ യന്ത്രസമുച്ചയങ്ങള്‍ സംയോജിപ്പിച്ചിരിക്കും. പല നക്ഷത്രയൂഥങ്ങളില്‍ കോളനികള്‍ സ്ഥാപിക്കും. ഗാലക്സിയിലെ ഒരു ശക്തിക്കും ഇവരെ നശിപ്പിക്കാനാവില്ല. അന്ത്യഘട്ടത്തില്‍ ഇവര്‍ അടുത്തുള്ള ഗാലക്‌സികളിലേക്ക് യാത്രചെയ്തു തുടങ്ങും. നോവലില്‍ പ്രതിപാദിക്കുന്ന അനുന്നാകിയും ഇന്ദ്രനും അപ്‌സരസ്സും മറ്റും ഇതിലെ അംഗങ്ങളായാണ് വിഭാവനംചെയ്തത്. ടൈപ്പ്-3 ഗലാക്ടിക് സംസ്‌കൃതിയാണ്. ഇവര്‍ ഗ്രഹങ്ങളില്‍ വസിക്കുന്നവരല്ല. പല ഗാലക്‌സികളിലായി വ്യാപരിക്കും. ഇവര്‍ക്ക് ദശലക്ഷങ്ങളോളം നക്ഷത്രങ്ങളുടെ ഊര്‍ജം ആവശ്യമായിവരും. അതിനാല്‍ നക്ഷത്രവൃന്ദങ്ങളില്‍ സ്വന്തം പട്ടണങ്ങള്‍ നിര്‍മിക്കും. ടെലിപോര്‍ട്ടേഷന്‍ ആയിരിക്കും ഇവരുടെ സഞ്ചാരരീതി. ആവശ്യമായിവരുമ്പോള്‍ പട്ടണം മുഴുവനായും ഇവര്‍ മറ്റു ഗാലക്‌സിയിലേക്ക് ടെലിപോര്‍ട്ട് ചെയ്യും. നബ്യൂലയില്‍നിന്ന് നക്ഷത്രവ്യൂഹങ്ങള്‍ നിര്‍മിക്കാനും അവയെ ബാഷ്പീകരിക്കാനും ഇവര്‍ക്ക് കഴിയും. ശരീരമുള്ളതുകൊണ്ട് ഇവര്‍ക്ക് പ്രപഞ്ചത്തിനു പുറത്തുപോകാന്‍ കഴിയില്ല. ടൈപ്പ്-4 പ്രപഞ്ചശക്തിയാണ്. അവര്‍ പ്രപഞ്ചം മുഴുവനായും വ്യാപിച്ച് സ്ഥിതിചെയ്യും. പ്രപഞ്ചത്തിലെ തമോഗര്‍ത്തങ്ങളുള്‍പ്പെടെ എല്ലാ ഊര്‍ജ ഉറവിടങ്ങളും ഇവര്‍ ഉപയോഗിക്കും. ശരീരത്തിനകത്തും ശരീരമില്ലാതെയും ഇവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയും. ഗാലക്സി നിര്‍മിക്കാനും നശിപ്പിക്കാനും ശക്തിയുള്ള ഇവരെ സര്‍വശക്തന്‍ അല്ലെങ്കില്‍ എല്ലാ അര്‍ഥത്തിലും ദൈവം എന്നു വിളിക്കാം. ടൈപ്പ്-5 പ്രപഞ്ചത്തില്‍ ഇടപെടുന്നവരല്ല. പ്രപഞ്ചത്തിനു പുറത്താണ് ഈ ശക്തി നിലകൊള്ളുക. ഒരു പ്രപഞ്ചം സൃഷ്ടിക്കാനും അതിനെ ബാഷ്പീകരിക്കാനും നിഷ്പ്രയാസം കഴിയുന്ന ശരീരമില്ലാത്ത മഹാശക്തി.
ഭൂമി ആ അവസ്ഥയില്‍ എവിടെയാണ്?
ഭൂമിയിലെ മനുഷ്യസംസ്‌കൃതി കാര്‍ദാഷേവ് സ്‌കെയിലില്‍ ടൈപ്പ് പൂജ്യം ആണെന്നാണ് വിഖ്യാത ഫിസിസിസ്റ്റ് മിച്ചിയോ കാക്കു പറയുന്നത്. പ്രപഞ്ചസംസ്‌കൃതിയിലെ പ്രാഥമികഘട്ടത്തിലാണ് മനുഷ്യന്റെ സ്ഥാനം. ടൈപ്പ് പൂജ്യത്തിന്റെ അന്തിമഘട്ടത്തിലാണ് മനുഷ്യനെന്നും ഇന്റര്‍നെറ്റ് ടൈപ്പ് ഒന്നിന്റെ ടെലിഫോണ്‍ സംവിധാനമാണെന്നും അദ്ദേഹം പറയുന്നുണ്ട്. സംഘട്ടനങ്ങളും കലാപങ്ങളുംകൊണ്ട് വളര്‍ച്ച മുരടിക്കാതിരുന്നാല്‍ അടുത്ത ഇരുനൂറ് വര്‍ഷത്തിനുള്ളില്‍ മനുഷ്യസംസ്‌കൃതി ടൈപ്പ് ഒന്നിലേക്ക് വളരുമെന്നും കാക്കു പറഞ്ഞുവെക്കുന്നുണ്ട്. കഥ പക്ഷേ, നടക്കുന്നത് നാല് സഹസ്രാബ്ദം മുമ്പുള്ള ഭൂമിയിലാണ്.
ഇന്ത്യനും അല്ലാത്തതുമായ ധാരാളം പുരാണകഥാപാത്രങ്ങള്‍ ഇതിലുണ്ട്. അവരെക്കുറിച്ച് പറയാമോ?
ഇത് ഒരു വലിയ കാന്‍വാസില്‍ ഒരുക്കിയ കഥയായതുകൊണ്ട് പലസ്ഥലങ്ങളും വ്യത്യസ്തതയുള്ള ജനങ്ങളും സംസ്‌കാരങ്ങളും ഉള്‍ക്കൊണ്ട വ്യക്തികളാണ് കഥാപാത്രങ്ങള്‍. നര്‍മദാ നദിയുടെ ഉറവിടംമുതല്‍ സുമറിലെ ഉര്‍ തുറമുഖംവരെയും സപ്തസിന്ധു തുടങ്ങി ഹിമാലയത്തിലെ അളകനന്ദയുടെ തീരംവരെയും ചിതറിക്കിടക്കുന്ന പ്രദേശങ്ങള്‍, ജനങ്ങള്‍, അക്ഷരങ്ങളില്ലാത്ത ഭാഷകള്‍, സംഭവങ്ങള്‍, കൂടെ സമൂഹത്തില്‍ ഇടപെടല്‍ നടത്തുന്ന ഭൗമേതര നാഗരികതയിലെ അംഗങ്ങള്‍, ഇതെല്ലാമാണ് കഥയുടെ ജീവന്‍. വിവിധതലങ്ങളില്‍ വ്യാപരിക്കുന്ന വ്യക്തികള്‍, പേരുകള്‍, സ്ഥാനപ്പേരുകള്‍, പേരില്ലാത്ത അടിമകള്‍. ശിലായുഗക്കാരും വെങ്കലയുഗക്കാരും ഇരുമ്പുയുഗത്തിലേക്ക് പ്രവേശിച്ചവരും അങ്ങനെ പലതലത്തിലും ജീവിതശൈലികളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന വ്യക്തികള്‍ ഈ സമൂഹത്തിലുണ്ട്. അതനുസരിച്ച് വിവിധ പ്രദേശങ്ങളില്‍ നിലനിന്ന വ്യക്തികളുടെ പേരുകളും ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ദേവലാനി ആണ് ഈ ഫിക്ഷനിലെ മുഖ്യകഥാപാത്രം. ഒരു പുരുഷനല്ല. ഈ തിരഞ്ഞെടുപ്പ് വളരെ കൗതുകകരമാണ്. എങ്ങനെ ദേവലാനിയിലേക്ക് എത്തി?
അഹല്യക്ക് ഇന്ദ്രനില്‍ പിറന്ന മകളാണ് നോവലിലെ മുഖ്യകഥാപാത്രമായ ദേവലാനി. ഭൗമേതര സംസ്‌കൃതിയുടെ ജീന്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്ത്രീകഥാപാത്രമായിരുന്നു എന്റെ മനസ്സില്‍. ദേവനര്‍ത്തകിമാര്‍ക്ക് സുമേറിയന്‍ സംസ്‌കാരവും സിന്ധുനദീതട സംസ്‌കാരവും വലിയ പ്രാധാന്യം നല്‍കിയതായി കാണാന്‍ കഴിയും. ക്ഷേത്രങ്ങളിലും രാജകൊട്ടാരങ്ങളിലും അവര്‍ ക്ഷണിക്കപ്പെട്ടതായി കാണാം. അതുകൊണ്ട് അന്നത്തെ പുരോഹിതന്മാരും ഭരണത്തലവന്മാരും ഒരുപോലെ ആദരിച്ച ഒരു കഥാപാത്രം എന്നനിലയിലാണ് ഭൗമേതര നാഗരികതയിലെ ചില ഗുണവിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന നര്‍ത്തകിയെ മുഖ്യകഥാപാത്രമാക്കിയത്.
Content Highlights: p m mohanan, writer, a m shinas, interview, weekend newspaper, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..