'മലയാള പുസ്തകങ്ങള്‍ മുഴുമിക്കുന്നതുതന്നെ അപൂര്‍വം, പലതും പകുതിവഴിക്ക് നിര്‍ത്തുന്നു'- എം.ടി


എം.ടി | എൻ.പി.വിജയകൃഷ്ണൻഭാഷ വലിയൊരു ഘടകമാണ്. എഴുത്തുകാര്‍ പുതിയ ഭാഷ സൃഷ്ടിക്കണം. ചന്തുമേനോനെപ്പോലെയല്ല സി.വി. രാമന്‍പിള്ള എഴുതിയത്. തുടര്‍ന്ന് തകഴിയും കേശവദേവും വേറിട്ട് എഴുതി. ഓരോ കാലത്തുംവന്ന എഴുത്തുകാര്‍ അവരുടെ ഭാഷയെ മാറ്റി. ഭാഷയും പ്രമേയവും ആകര്‍ഷണീയമായാലേ വായന മുന്നോട്ടുപോകൂ.

എം.ടി

അസാധാരണമായൊരു ദിവസമല്ലാത്ത കര്‍ക്കടകത്തിലെ ഉത്രട്ടാതി കേരളീയരുടെ കലണ്ടറില്‍ ആഘോഷത്തീയതിയാണ്. എം.ടി. വാസുദേവന്‍ നായരുടെ ജന്മമാസവും നക്ഷത്രവും എന്നതാണ് ഈ ദിവസത്തിന്റെ സവിശേഷത. നാളെയാണ് ആ നാള്‍. 89-ാം വയസ്സിലും സാഹിത്യത്തറവാട്ടിലെ നാലുകെട്ടില്‍ പ്രതാപിയായിട്ടാണ് എം.ടി.യുടെ കുലീനനില. പിറന്നാളിന്റെ പശ്ചാത്തലത്തില്‍ ഡോ. എന്‍.പി. വിജയകൃഷ്ണന്‍ മാതൃഭൂമിക്കുവേണ്ടി നടത്തിയ അഭിമുഖം

'കാഴ്ച'യ്ക്കുശേഷം എം.ടി. കഥകള്‍ എഴുതിയിട്ടില്ല. 24 വര്‍ഷമായി കഥ എഴുതാത്ത എം.ടി. വാസുദേവന്‍ നായര്‍ തന്നെയാണ് ഇപ്പോഴും മലയാളികളുടെ പ്രിയകഥാകാരന്‍. മനസ്സില്‍ എഴുതിക്കഴിഞ്ഞ കഥയുണ്ടോ? കേരളം കാത്തിരിക്കുന്ന ഒരു കഥ എന്നാണ് കടലാസിലാവുക?

ബാല്യകാല അനുഭവങ്ങളെല്ലാം എഴുതിക്കഴിഞ്ഞു. കഞ്ഞി, കാശ്, കുപ്പായം, കുമരനല്ലൂരിലെ കുളങ്ങള്‍, മുത്തശ്ശിമാരുടെ രാത്രി. അതെല്ലാം കഥയായിത്തന്നെ വായിക്കാം. ആ കാലത്തെ അനുഭവങ്ങളിലേക്ക് തിരിച്ചുപോകാന്‍ തോന്നുന്നില്ല. ആവര്‍ത്തനമാകും. മനസ്സില്‍ കഥകളുണ്ട്. പലതും തോന്നുന്നുണ്ടെങ്കിലും റിയല്‍ഷേപ്പില്‍ ആയിട്ടില്ല.

ഇത്രയുംകാലം കഥ എഴുതാതിരിക്കുന്നതില്‍ സര്‍ഗാത്മകമായ അസ്വസ്ഥതതോന്നിയിട്ടുണ്ടോ?

അങ്ങനെയൊന്നും തോന്നിയിട്ടില്ല. 'മുത്തശ്ശിമാരുടെ രാത്രി'യെ ഓര്‍മയ്ക്കപ്പുറം കഥയായിത്തന്നെ കണക്കാക്കാം. മൂന്നു മുത്തശ്ശിമാരുടെ കഥ. അവസാനം ഫാന്റസിയാണ്.

ആത്മകഥാപരം എന്നു പറഞ്ഞുകൂടേ?

അവനവന്‍ കഥാപാത്രമായ കഥകളായും വായിക്കാം. 'കുപ്പായ'മൊക്കെ ആനിലയിലാണ് എഴുതിയിട്ടുള്ളത്.

ഒരു നോവലും മനസ്സിലുണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. മനസ്സിരുത്തിയുള്ള മനസ്സിലെഴുത്ത് നടക്കുന്നുണ്ടോ?

കുറച്ചുനാളായി മനസ്സിലിട്ട് നടക്കുന്നു. കൂടല്ലൂരും അവിടത്തെ പഴയ ആളുകളെയും കേന്ദ്രമാക്കി എഴുതാനാണ് ഉദ്ദേശിക്കുന്നത്.

'അസുരവിത്തി'ന്റെ രണ്ടാംഭാഗമായി അതു സങ്കല്പിക്കാമോ?

ചിലപ്പോള്‍ ഗോവിന്ദന്‍കുട്ടി തിരിച്ചുവന്നേക്കാം എന്ന തോന്നലുണ്ട്.

എം.ടി.യുടെ കുട്ടിക്കാലത്തെ കൃഷിയനുഭവങ്ങള്‍ എന്തൊക്കെയാണ്?

ഞാന്‍ കന്നുപൂട്ടിയിട്ടൊക്കെയുണ്ട്. കാര്‍ന്നോന്മാര്‍ കന്നിനെ തെളിച്ച് പാടം മുറിച്ച് പുഴയിലേക്കിറക്കും. പാടത്ത് ഏതെങ്കിലും സ്റ്റേജില്‍വളരുന്ന നെല്ലുകളുണ്ടാവും. ഈ നെല്ല് കന്നുകള്‍ കടിക്കാതിരിക്കാന്‍ പോത്തിനെ നിയന്ത്രിക്കേണ്ട ജോലി കുട്ടികള്‍ക്കുള്ളതാണ്. കന്നുകള്‍ നെല്ലു കടിക്കാന്‍ മുതിര്‍ന്നാല്‍ മുടിങ്കോലുകൊണ്ട് അടിച്ചു പിന്തിരിപ്പിക്കണം. അതിനായി കുട്ടികള്‍ക്ക് പ്രത്യേക മുടിങ്കോലൊക്കെയുണ്ട്. കന്നുകളെ നന്നായി തെളിച്ച് നടത്തിക്കാന്‍കഴിഞ്ഞ ഒരു കുട്ടിയെ ഭാവിയിലെ നല്ല കൃഷിക്കാരനായി കാരണവന്മാര്‍ മനസ്സില്‍ വലിയിരുത്തി കുറിച്ചിടും.

ആളുകള്‍ കൃഷിയില്‍നിന്ന് പിന്നാക്കംനില്‍ക്കുന്ന അവസ്ഥയ്ക്ക് കാരണം എന്തായിരുന്നു?

കൂടല്ലൂരില്‍ നിറയെ പാടങ്ങളായിരുന്നു. കാലംതെറ്റിയ കാലാവസ്ഥ കാരണമാണ് കൃഷി മന്ദതയിലേക്കുവന്നത്. വെള്ളപ്പൊക്കക്കാലത്ത് പടിവരെ, മുറ്റംവരെ, പടികഴിഞ്ഞ് മുകളിലേക്കുവരെ വെള്ളംവന്നിട്ടുണ്ട്. കുന്നിന്‍ചെരിവുവരെ എത്തിയ സന്ദര്‍ഭങ്ങളുണ്ട്. പുഴയുടെ മുഖച്ഛായയും മാറി. തെക്കു-വടക്ക് പുഴ ചേരുന്ന കൂട്ടക്കടവ്. വടക്കേ പുഴയില്‍ എപ്പോഴും വെള്ളമുണ്ടാവും. ഇപ്പുറത്ത് കുറവായിരിക്കും. അങ്ങനെ ശോഷിപ്പുവന്നു. കന്നുകളെ വളര്‍ത്തുന്ന സമ്പ്രദായം കുറഞ്ഞുവന്നു. ട്രാക്ടര്‍ വന്നപ്പോള്‍ പൂര്‍ണമായും ഇല്ലാതെയുമായി. നോവലില്‍ പഴയ കൃഷിസമ്പ്രദായങ്ങളൊക്കെ കൊണ്ടുവരണമെന്നുണ്ട്. രാവിലെ കന്നുകളെ തെളിച്ചുകൊണ്ടുപോയി പാടത്തിറക്കി ഒരു ചുറ്റുകഴിഞ്ഞ് അവയ്ക്ക് വെള്ളംകൊടുത്ത് പിന്നെ പൂട്ടും. ഉച്ചയ്ക്ക് കഞ്ഞികുടിക്കാന്‍ ഒരു വിശ്രമം. വീണ്ടും തുടങ്ങും. നേരിട്ടായാലും ആളുകളെ വെച്ചായാലും കൃഷി ജീവിതത്തിന്റെ ഭാഗമായിരുന്നവരുടെ കഥയാണ് പറയുന്നത്. സന്ധ്യയ്ക്ക് ഇടി മുരളാന്‍ തുടങ്ങിയാല്‍ രാത്രി, അല്ലെങ്കില്‍ രാവിലെ മഴപെയ്‌തേക്കാം എന്ന തോന്നല്‍, കണക്കുകൂട്ടല്‍, പ്രതീക്ഷ എല്ലാം അവരുടെ ജീവിതത്തിന്റെ രീതികളായിരുന്നു.

കോവിഡുകാലത്തെ ഏകാന്തതയില്‍ നോവല്‍വിചാരങ്ങള്‍ക്ക് സമയം കണ്ടെത്തിയിരുന്നോ?

അന്ന് ആകെ അസ്വാസ്ഥ്യമായിരുന്നു. എവിടെ, എപ്പോള്‍, എന്തുസംഭവിക്കും എന്ന അസ്വാസ്ഥ്യമുണ്ടായിരുന്നു. പഴയപോലെ വായനയിലും എഴുത്തിലും ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നില്ല. 1942-കാലത്ത് കോളറമരണങ്ങള്‍ ധാരാളമായിരുന്നു. സന്ധ്യകഴിഞ്ഞാല്‍ പുഴവക്കത്തെ റോഡിലൂടെ പള്ളിയിലേക്ക് മയ്യത്ത് കൊണ്ടുപോവുന്ന സമയത്തെ പ്രാര്‍ഥന കേള്‍ക്കുമായിരുന്നു. ഉമ്മറത്തിരുന്ന് അതാപോകുന്നു എന്നു പറഞ്ഞിരുന്നു. ഇന്ന് വൈകുന്നേരം കണ്ടയാളെ നാളെ രാവിലെ കാണില്ല. 'കഴിഞ്ഞു' എന്നുപറയുന്നതുകേള്‍ക്കാം.

കോളറക്കാലത്തെക്കാള്‍ ഭയാനകമായിരുന്നോ കോവിഡുകാലം?

ഇന്ന് ചികിത്സാവിധികള്‍ കണ്ടെത്തിയല്ലോ. കൂടല്ലൂരിലൊക്കെ കോളറയ്ക്കുള്ള മരുന്ന് പൊന്നാനിയില്‍നിന്ന് വരുത്തണമായിരുന്നു. ഡോ. അച്യുതമേനോന്‍ കൂടല്ലൂരില്‍ വന്ന് സ്പിരിറ്റ് ലാമ്പിനുകീഴില്‍ വെള്ളം തിളപ്പിച്ച് സിറിഞ്ച് കഴുകി ഉണക്കാന്‍ വെപ്പിച്ചിരുന്നു. അതിനെയും എതിര്‍ത്തവരുണ്ട്. ചാണകംതെളിച്ചാല്‍ മതി. അതാണ് പ്രതിരോധ മാര്‍ഗം എന്നും ചിലര്‍ വിശ്വസിച്ചു. പീടികകളുടെ മുന്‍ഭാഗം കുത്തിവെപ്പുകേന്ദ്രങ്ങളായി മാറിയിരുന്നു. അതിനുംമുമ്പ് വസൂരി ഉണ്ടായിരുന്നു. അത് ദൈവികമാണ് എന്നും ചിലര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. വെളിച്ചപ്പാട് 'വെതയ്ക്കണോ' എന്ന് വെളിച്ചപ്പെട്ട് ചോദിച്ച് അതിനെയൊക്കെ വസൂരിയുമായി ബന്ധപ്പെടുത്തി പറഞ്ഞിരുന്നു. ഒരു സന്ധ്യക്ക് കൂടല്ലൂര്‍ അങ്ങാടിയില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന ഈര്‍ച്ചപ്പണിക്കാര്‍, അവര്‍ മീനൊക്കെ വാങ്ങി വീട്ടിലെത്തി. പിറ്റേദിവസം അവര്‍ മരിച്ചതായി കേള്‍ക്കുന്നു. അവര്‍ അന്യനാട്ടില്‍ പണിയെടുക്കുന്നവരായിരുന്നു. അവിടന്നാണ് അവര്‍ക്ക് കോളറ പകര്‍ന്നത്. അന്ന് തമിഴ്നാട്ടിലൊക്കെ ഈര്‍ച്ചപ്പണിക്കു പോയിരുന്നവര്‍ കൂടല്ലൂരിലുണ്ടായിരുന്നു.

വ്യക്തികേന്ദ്രിതമായ പ്രമേയങ്ങളിലേക്ക് നോവല്‍സങ്കല്പം മാറുന്നതായി തോന്നിയിട്ടുണ്ടോ?

കാഫ്ക്കയുടെയും കാമുവിന്റെയും കാലത്തുതന്നെ അങ്ങനെ തുടങ്ങിയിട്ടുണ്ട്. ഇക്കാലത്ത് കൂടുതലായിട്ടുണ്ട് എന്നേ പറയാന്‍പറ്റൂ. കാമുവിന്റെ കാലത്തൊക്കെ യൂറോപ്പില്‍ പലസ്ഥലത്തും പ്ലേഗ് പരന്നു. പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചു. ചികിത്സ നിശ്ചയിക്കലില്ല. രോഗികളെ വീടുകളില്‍ താമസിപ്പിക്കുകയായിരുന്നു പരിഹാരമാര്‍ഗം. അതുകഴിഞ്ഞ് ചികിത്സാവിധികള്‍ കണ്ടെത്തി, മരുന്നുകളായി. കൃഷിസ്ഥലങ്ങളിലെ കന്നുകാലികളെ ഭ്രാന്തന്‍കുറുക്കന്മാര്‍ കടിക്കുന്നു, മാന്തുന്നു. കന്നുകാലികള്‍ക്ക് ഭ്രാന്തിളകുന്നു. കൃഷിക്കാരെയും കുറുക്കന്മാര്‍ കടിക്കാന്‍ തുടങ്ങി. അങ്ങനെ ഭ്രാന്തിളകിയ രോഗികളുടെ ഒരുസമൂഹം ഉണ്ടായി. ഇതിങ്ങനെ പകര്‍ന്നാന്‍ എന്തുചെയ്യും. പക്ഷേ, ഒറ്റരാത്രികൊണ്ട് എല്ലാം ശാന്തമായി. എല്ലാവരെയും ഇഞ്ചക്ഷന്‍ചെയ്ത് കൊന്നു. അങ്ങനെയും ഒരുകാലം ഉണ്ടായിട്ടുണ്ട്.

എം.ടി. തൊണ്ണൂറിനോട് അടുക്കുന്നു. എങ്കിലും കര്‍മനിരതനാണ്. പ്രായം ചിന്തകളെ നിയന്ത്രിക്കുന്നുണ്ടോ?

ചിന്തകള്‍ക്ക് പ്രശ്‌നമില്ല. പൊതുസമൂഹത്തിലെ അസ്വാസ്ഥ്യം നമ്മളെയും ബാധിക്കുന്നുണ്ട്. ജീവിതത്തിലെ, പട്ടണത്തിലെ അസ്വാസ്ഥ്യങ്ങള്‍ എല്ലാവരും അനുഭവിക്കുന്നു. സാമ്പത്തികനിലയെക്കുറിച്ച് ആശങ്കവരുന്നു. വായനയുടെ ഒഴുക്ക് കുറയുന്നു. ജീവിതത്തിലെ മോഹങ്ങള്‍ മാറുകയാണ്. ഇതെല്ലാം എഴുത്തുകാരെയും എഴുത്തിനെയും ബാധിക്കും ബാധിച്ചിട്ടുമുണ്ട്.

വ്യര്‍ഥതാബോധത്തിന്റെ ഒരുകാലംകൂടി എന്നു പറയാമോ?

പഴയ ആളുകള്‍ക്ക് വ്യര്‍ഥതാബോധം കൂടിയിട്ടുണ്ട്. ജീവിതം അവസാനിച്ചാല്‍മതി എന്ന തോന്നല്‍ സ്വാഭാവികമാവുന്നു. കുട്ടികളില്‍ ആത്മഹത്യക്കുള്ള പ്രവണത ഏറിവരുന്നു. ജീവിതത്തിലെ അനിശ്ചിതത്വമാണ് അതിനു കാരണം. താന്‍ ആരാണ്? എന്തിനാണ് ജീവിക്കുന്നത് എന്ന തോന്നല്‍ വരുകയാണ്. പരീക്ഷയില്‍ തോറ്റത് എന്റെ കുറ്റമാണ് എന്ന് കുട്ടിക്കു തോന്നുന്നു. പലരും അത് സ്വന്തം കുറ്റമായി ഏറ്റെടുക്കുന്നു.

ലോകം അരാജകത്വത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും നീങ്ങുന്നതായി തോന്നിയിട്ടുണ്ടോ?

ഇന്ന മരുന്നുകഴിച്ചാല്‍ ആശ്വാസമാകുമെന്ന് വിശ്വസിച്ച് കഴിക്കാന്‍ ഒരു മരുന്നില്ല. പണ്ടൊക്കെ കവികള്‍ ആകാശത്തോടും നക്ഷത്രത്തോടുമൊക്കെ സംവദിച്ചിരുന്നു.

'ഞാനെത്താതിരിക്കില്ല
നിന്നടുത്തൊരിയ്ക്കലും
ആ നല്ല നാളിന്നായി
കാത്തിരിന്നോളൂ ദൂരെ
ഗോളങ്ങളെടുത്തുഞാന്‍
പന്തടിയ്ക്കുമ്പോള്‍
വിദ്യുത്നാളങ്ങള്‍
കെടുത്തിയും കത്തിച്ചും രസിയ്ക്കുമ്പോള്‍
നീരവനീലാകാശമേഖലയുടെമോളില്‍
താരകേ നിന്നെക്കൊണ്ടു
നര്‍ത്തനം ചെയ്യിക്കും ഞാന്‍...'എന്ന് വയലാര്‍ എഴുതി. അങ്ങനെ ചെയ്യിക്കാമെന്ന് ഉള്ളില്‍ ആഗ്രഹിക്കുക എന്നല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. പറയാനും സാധിക്കുകയില്ല

എന്തുകൊണ്ടാണത്?

ജീവിതത്തെ സംബന്ധിച്ച് മൂര്‍ത്തമായ ചിത്രം കിട്ടുന്നില്ല എന്നതുകൊണ്ടുതന്നെ

എഴുത്തുകാരന് 'എഴുത്തിന്റെ ശക്തി' നഷ്ടപ്പെടുന്നുണ്ടോ?

എഴുത്തുകാരന്‍ പലതും ആഗ്രഹിക്കുന്നു. ഈ ലോകത്തിന്റെ പന്തികേടുകളെല്ലാം തിരുത്താന്‍ കഴിയണേ എന്ന് ആഗ്രഹിക്കുന്നു. കഴിഞ്ഞിട്ടല്ല, എങ്കിലും എവിടെയെങ്കിലും പരിഹാരമുണ്ടാകണേ എന്ന് ആഗ്രഹിക്കുന്നു. സാധിക്കുന്നില്ല. കാരണം ലോകത്തിന്, ജീവിതത്തിന്, കാഴ്ചപ്പാടുകള്‍ക്ക് വ്യത്യാസംവന്നു.

നാല്പത്തിയഞ്ചാം വയസ്സില്‍ എം.ടി.കണ്ട കേരളവും അതിന്റെ ഇരട്ടി വയസ്സില്‍ ഇന്നുകാണുന്ന കേരളവും തമ്മിലുള്ള കാലത്തിന്റെ വ്യത്യാസം എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്?

പ്രധാനപ്പെട്ട മാറ്റമായിത്തോന്നുന്നത് ഗ്രാമങ്ങളിലെ കാര്‍ഷികസംസ്‌കാരം നഷ്ടപ്പെട്ടതാണ്. പ്രകൃതിക്ഷോഭം എപ്പോള്‍ വേണമെങ്കിലും വരാം എന്ന ആശങ്ക എല്ലാവരിലുമുണ്ട്

കൂട്ടുകുടുംബത്തിലെ ദുരിതങ്ങളും ദുഃഖങ്ങളും എം.ടി. കലാപരമായിത്തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. കൂട്ടുകുടുംബം ശരിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?

കൂട്ടുകുടുംബവ്യവസ്ഥിതിയില്‍നിന്ന് പലതും പഠിക്കാനുണ്ടായിരുന്നെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇന്ന് കുടുംബനാഥന്‍ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു.

പേടിയുടെ ആള്‍രൂപമായി ഒരു കേന്ദ്രപുരുഷന്‍ വീട്ടില്‍ മുഖ്യസ്ഥാനത്തില്ലായെന്നത് അണുകുടുംബത്തിന്റെ പ്രശ്‌നമല്ലേ?

അതെ. പക്ഷേ, അണുകുടുംബത്തിന് ഒരു ഗുണമുണ്ട്. കൂട്ടായി അധ്വാനിച്ച് നേടുക എന്ന നന്മയാണത്.

കോവിഡില്‍ പരിമിതപ്പെടുത്തിയ ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയായി നടക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. സമൂഹം ഇനിയും പഠിക്കുന്നില്ലല്ലോ?

ഒരു പകവീട്ടല്‍പോലെയാണ് അത് തോന്നിയിട്ടുള്ളത്. ഇത്രയും കാലം നമ്മളെ ബന്ധനസ്ഥരാക്കിയതിനോടുള്ള പ്രതികാരംപോലെ.

ജീവിതത്തിലെ ലക്ഷ്യം കലയിലൂടെ സാക്ഷാത്കരിക്കുന്ന അപൂര്‍വപ്രമേയമാണ് എം.ടി.യുടെ തിരക്കഥയായ 'രംഗം'. രൗദ്രഭീമന്‍ കെട്ടിയ വേഷക്കാരന്‍ ദുശ്ശാസനന്‍ കെട്ടിയ വേഷക്കാരനെ അരങ്ങില്‍വെച്ചു കൊല്ലുക. 'രംഗം' തിരക്കഥ ഇപ്പോള്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നു. ഈയൊരു തിരക്കഥയ്ക്കുപിന്നിലെ എഴുത്തുപ്രേരണ എന്തായിരുന്നു?

ഗ്രാമത്തിലൊക്കെ നിലനിന്നിരുന്ന കഥകളിസംസ്‌കാരമാണ് അങ്ങനെയൊരു തിരക്കഥയ്ക്ക് പ്രേരണയായത്. കലാമണ്ഡലം രാമന്‍കുട്ടി നായരുടെ ആത്മകഥയില്‍ കുളക്കടവില്‍വെച്ച് സ്ത്രീകള്‍ തലേദിവസത്തെ കളിയെക്കുറിച്ച് പറയുന്ന ഭാഗമുണ്ട്. കഥകളിക്കാരുടെ ചൊല്ലിയാട്ടംകണ്ട് കുട്ടികള്‍ നില്‍ക്കുന്നത്; കളിക്കാര്‍ വീടുകളില്‍ തങ്ങുന്നത് എന്നിങ്ങനെയുള്ള കലാസംസ്‌കാരം ഇവിടെയുണ്ടായിരുന്നു. 'രംഗ'ത്തില്‍ ശത്രു എന്ന സങ്കല്പമുണ്ട്. ജീവിതത്തില്‍ ഇയാള്‍ ശത്രുവാണ്. ശത്രുവിനെ വകവരുത്തണം. അതിന് കലയെ ഉപാധിയാക്കി.

ശത്രുവിന് രണ്ടാമത് അവസരം കൊടുക്കരുതെന്ന് രണ്ടാമൂഴത്തിലെ ഭീമനും നിര്‍ദേശം ലഭിക്കുന്നുണ്ടല്ലോ. മൃഗത്തിനെ വിടാം, പക്ഷേ മനുഷ്യനെ അരുത് എന്നത് ഭീമന് ജീവിതപാഠമാവുകയാണ്. അത്തരമൊരു സങ്കല്പം തന്നെയാണോ ഈ സിനിമയിലും വരുന്നത്?

അതെ. അതിനുചേര്‍ന്ന കഥയും അരങ്ങും ദുര്യോധനവധമാണ്. ഒപ്പം കഥകളിക്കാരുടെ ജീവിതകഥയും പറയാം എന്നുതോന്നി.

തായമ്പകയിലെ വിശിഷ്ടമായ മലമക്കാവ് ശൈലിയുണ്ടല്ലോ. മലമക്കാവിന് തൊട്ടാണ് കൂടല്ലൂര്‍. കുട്ടിക്കാലത്ത് കൊട്ട് കേട്ടിട്ടുണ്ടോ. എഴുത്തിലെ മലമക്കാവ് ശൈലിതന്നെയല്ലേ എം.ടി.യുടേത്. തായമ്പകയില്‍ പഞ്ചാരി/ചമ്പക്കൂറിന്റെ വാദനചാരുതപോലെ...

മലമക്കാവ് ഭാഗങ്ങളില്‍ ജനിച്ചവര്‍ക്ക് കൊട്ടിലെ താത്പര്യം സ്വാഭാവികമാണ്. മലമക്കാവ് കേശവപ്പൊതുവാളെ ഞാന്‍ കണ്ടിട്ടുണ്ട്. മലമക്കാവ് അച്യുതമാരാര്‍, ശങ്കുണ്ണിമാരാര്‍, തൃത്താല കുഞ്ഞികൃഷ്ണപ്പൊതുവാള്‍, തൃത്താല കേശവന്‍ എന്നിവരുടെ തായമ്പക കേട്ടിട്ടുണ്ട്.

സംഗീതത്തോടുള്ള ആഭിമുഖ്യം എങ്ങനെയാണ്?

കാറില്‍പ്പോകുമ്പോള്‍ പാട്ടുകേള്‍ക്കാറുണ്ട്. കവിതകളും കേള്‍ക്കുക പതിവാണ്.

പുസ്തകം വാങ്ങാം

എം.ടി.യുടെ പത്തുകഥകള്‍ സിനിമയാവുന്നു. പുതിയ സിനിമാക്കാലത്ത് ഈ ചലച്ചിത്രങ്ങളുടെ 'കാഴ്ച' എപ്രകാരമായിരിക്കും?

'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന കഥ 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന സിനിമയായിവന്നതാണ്. ഇപ്പോള്‍ ഫോമില്‍ വ്യത്യാസംവരുത്തി വീണ്ടും ആവിഷ്‌കരിക്കുകയാണ്. വില്‍പ്പന എന്ന കഥ മകള്‍ അശ്വതിയാണ് സംവിധാനം ചെയ്യുന്നത്.

മകളിലെ സംവിധായികയെ, തിരക്കഥാകൃത്തും സംവിധായകനും കൂടിയായ അച്ഛന്‍ എങ്ങനെയാണ് കാണുന്നത്?

ചില റഷസ് കണ്ടു. അശ്വതിക്ക് ചില കണ്‍സെപ്റ്റുണ്ട്. അത് എനിക്ക് വ്യക്തമായി.

ന്യൂജെന്‍ സിനിമകളെ എം.ടി.യിലെ ചലച്ചിത്രകാരന്‍ നിരീക്ഷിക്കുന്നത് എങ്ങനെയാണ്?

പഴയകാല സിനിമകള്‍ ഇന്നയിന്നതരം ആളുകളെ ഉദ്ദേശിച്ചായിരുന്നെന്ന് അവരുടെ പരസ്യത്തില്‍നിന്നുതന്നെ വ്യക്തമായിരുന്നു. ഇന്ന് സിനിമകളുടെ സ്വഭാവം മാറി. ചെറിയ മാറ്റങ്ങള്‍ മാത്രം. ഏതുതരത്തിലുള്ള സംവേദനതലമെന്നു പറയാന്‍ കഴിയില്ല. എന്താണ് പുതിയ സിനിമയില്‍ അവര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തവുമല്ല. ടി.വി.യില്‍ പലതും കാണുമ്പോള്‍ മുഴുവന്‍ കാണണമെന്ന് തോന്നാറില്ല.

എം.ടി. തിരക്കഥയെഴുതിയ സിനിമകള്‍ ടി.വി.യില്‍ കാണുമ്പോള്‍ ഇപ്പോള്‍ എന്തുതോന്നും?

അന്ന് വല്ല തെറ്റും പറ്റിയോ എന്നു നോക്കാറുണ്ട്. തിരക്കഥയെഴുതിയ സന്ദര്‍ഭമൊന്നും മനസ്സില്‍വരാറില്ല.

മാര്‍ക്കേസിനെ വായിക്കണമെന്ന് മലയാളികളോട് ആദ്യം നിര്‍ദേശിച്ചത് എം.ടി.യാണ്. അഥവാ വായിപ്പിച്ചത് എം.ടി.യാണ്. മാര്‍ക്കേസിനുശേഷം എം.ടി.ക്ക് പ്രിയങ്കരനായ എഴുത്തുകാരനാരാണ്?

കാര്‍ലോസ് ഫ്യൂവന്റസ്. സ്പാനിഷ് എഴുത്തുകാരനാണ്. ലാറ്റിനമേരിക്കന്‍ പരിസരങ്ങളാണ് പ്രമേയമായി കൊണ്ടുവരാറുള്ളത്. മാര്‍ക്കേസിനുശേഷം ശക്തന്‍ ഈ എഴുത്തുകാരനാണ്.

എം.ടി. അധികവും ഇംഗ്‌ളീഷ് പുസ്തകങ്ങളാണ് വായിക്കുന്നത്. ഇപ്പോള്‍ വായിക്കുന്ന പുസ്തകം ഏതാണ്?

വോള്‍ സോയിങ്കയുടെ 'ക്രോണിക്കിള്‍സ് ഫ്രം ദ ലാന്‍ഡ് ഓഫ് ദ ഹാപ്പിയസ്റ്റ് പീപ്പിള്‍ ഓണ്‍ എര്‍ത്ത്'.

മലയാള പുസ്തകങ്ങള്‍?

എടുത്തുപറയാനുള്ളവ ഇല്ല. മുഴുമിക്കുന്നതുതന്നെ അപൂര്‍വം. പലതും പകുതിവഴിക്ക് നിര്‍ത്തുന്നു.

വായനയെ നിശ്ചലമാക്കുന്ന ഘടകമെന്താണ്?

പ്രധാനമായും ഭാഷതന്നെ. ഭാഷ വലിയൊരു ഘടകമാണ്. എഴുത്തുകാര്‍ പുതിയ ഭാഷ സൃഷ്ടിക്കണം. ചന്തുമേനോനെപ്പോലെയല്ല സി.വി. രാമന്‍പിള്ള എഴുതിയത്. തുടര്‍ന്ന് തകഴിയും കേശവദേവും വേറിട്ട് എഴുതി. ഓരോ കാലത്തുംവന്ന എഴുത്തുകാര്‍ അവരുടെ ഭാഷയെ മാറ്റി. ഭാഷയും പ്രമേയവും ആകര്‍ഷണീയമായാലേ വായന മുന്നോട്ടുപോകൂ. ഭാഷകൊണ്ട് വായനക്കാരെ അടുപ്പിക്കണം. ഇപ്പോള്‍ അകറ്റുന്ന ഒരു രീതിയാണ് കാണുന്നത്.

ഈയൊരു ഊഷരഭാഷയിലെഴുതാനുള്ള മനോഭാവത്തിന് കാരണമെന്താകാം?

കാലത്തിനുവന്ന മാറ്റമാകാം. ശാസ്ത്രത്തില്‍വന്ന മാറ്റമാവാം. കംപ്യൂട്ടര്‍ എന്ന മഹാപ്രപഞ്ചമുണ്ടായി. വ്യക്തിപരമായ അനുഭവങ്ങളും ഉള്ളില്‍ക്കൊള്ളുന്ന അനുഭവങ്ങളും നഷ്ടപ്പെടുന്നതുകൊണ്ടാണ് ഭാഷയുടെ സൗന്ദര്യം ഇല്ലാതാവുന്നത്.

Content Highlights: M.T Vasudevan Nair, N.P Vijayakrishnan, Aswathy V Nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented