ജാവേദ് അക്തർ
ഉര്‍ദു കവിതയിലെയും ഹിന്ദി ചലച്ചിത്രഗാനരംഗത്തെയുമെല്ലാം ഒറ്റയാനായിരുന്നു സാഹിര്‍ ലുധിയാന്‍വി എന്ന കവി. കവിതയിലെന്നതു പോലെ ജീവിതത്തിലും അദ്ദേഹം തന്റെ ശരികളിലൂടെ മാത്രം സഞ്ചരിച്ചു. തന്റെ ബോധ്യങ്ങള്‍ എവിടെയും ഉറക്കെപ്പറഞ്ഞു. പ്രതിഷേധത്തിന്റെയും പ്രണയത്തിന്റെയും ലോകങ്ങളെ കോര്‍ത്തിണക്കിയ കവിതാപ്രപഞ്ചം സൃഷ്ടിച്ച സാഹിറിന്റെ ജന്മശതാബ്ദിയായിരുന്നു കഴിഞ്ഞ വര്‍ഷം.സാഹിറിനെ നേരില്‍ കാണുകയും ഏറെ സംസാരിക്കുകയും ചെയ്തിട്ടുള്ളയാളാണ് പ്രശസ്ത കവി ജാവേദ് അക്തര്‍. കൊല്‍ക്കത്ത ലിറ്റററി മീറ്റിലെ ഒരു സംഭാഷണത്തില്‍ അദ്ദേഹം സാഹിറിന്റെ ജീവിതത്തെക്കുറിച്ചും രചനകളെക്കുറിച്ചും വിശദമായി സംവദിച്ചു. സാമൂഹ്യപ്രവര്‍ത്തകനും സാഹിത്യാസ്വാദകനുമായ മുദാര് പാഠേരിയയാണ് അക്തറുമായി സംസാരിച്ചത്. സംഭാഷണത്തിലെ പ്രസക്തഭാഗങ്ങളിലൂടെ:
മുദാര് പാഠേരിയ: സാഹിര്‍ താങ്കളുടെ മടിയില്‍ കിടന്നാണ് മരിച്ചതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ശരിയാണോ?
ജാവേദ് അക്തര്‍: അല്ല.ഞാന്‍ പരിസരത്തുണ്ടായിരുന്നു എന്ന് മാത്രം. സാഹിര്‍ ലുധിയാന്‍വി മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ സുഹൃത്ത് ഡോ. കപൂറിന്റെ വീട്ടില്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. അവര്‍ ചീട്ടു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സാഹിറിന് ഹൃദയാഘാതമുണ്ടായത്. ആ മേശമേല്‍ തന്നെ ചരിഞ്ഞുവീണ് മരിച്ചു. ഡോ. കപൂര്‍ എന്നെ വിവരമറിയിച്ചു. ഉടന്‍ തന്നെ ഞാന്‍ ചെന്നു. അല്‍പ്പം കഴിഞ്ഞ് അടുത്തു തന്നെയുള്ള സാഹിറിന്റെ വീട്ടിലേക്ക് മൃതദേഹം മാറ്റി. ആ രാത്രി മുഴുവന്‍ ഞാന്‍ അവിടെയാണ് ചെലവിട്ടത്. അദ്ദേഹത്തിന്റെ കൈകാലുകള്‍ നിവര്ത്തിവെയ്ക്കണം, അല്ലെങ്കില്‍ അല്‍പ്പം കഴിഞ്ഞാല്‍ നിവര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് ഡോക്ടര്‍ പറഞ്ഞു. വലതുകൈ നിവര്ത്തിവെയ്ക്കുമ്പോള് ഞാന്‍ മനസ്സില്‍ വിചാരിച്ചു, നമ്മള് പാടി നടന്ന, ആഘോഷിച്ച എത്ര ഗാനങ്ങള്‍ രചിച്ച കൈയാണിത്... ഇപ്പോള്‍ ദാ അത് നിശ്ചലമായിരിക്കുന്നു...
ആ വിരലുകള്‍ ഇന്നും സജീവമായിരുന്നുവെങ്കില്‍ പഴയതുപോലെ തന്നെ, അതേ വികാരവായ്പോടെ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലും എഴുതുമായിരുന്നുവെന്ന് തോന്നുന്നുണ്ടോ?
അദ്ദേഹത്തിന്റെ കവിതകള്‍ അതേ പോലെ തന്നെ മാറ്റമില്ലാതെ ഇന്നും എഴുതപ്പെട്ടേനെ. പക്ഷെ, ചലച്ചിത്രഗാനങ്ങളെപ്പറ്റി അത് പറയാന്‍ കഴിയില്ല. അന്നത്തെ ഗാനങ്ങള്‍ പോലെയുള്ളവ ഇണങ്ങുന്ന പ്രമേയങ്ങള്‍ ഇന്നത്തെ സിനിമകള്‍ക്കില്ല. 'വൊ സുബഹ് കഭീ തോ ആയേഗി' അല്ലെങ്കില്‍ യെ ദുനിയാ അഗര്‍ മില്‍ ഭി ജായേ തൊ ക്യാഹെ' എന്നൊക്കെയുള്ള ഗാനങ്ങള്‍ എഴുതാന്‍ പറ്റിയ കഥകളോ സന്ദര്‍ഭങ്ങളോ സിനിമകളില്‍ ഇല്ലെങ്കില്‍ അതൊക്കെ എങ്ങനെ ആവര്‍ത്തിക്കും? പക്ഷെ, കവിതകള്‍ പഴയ വിപ്ളവസ്വഭാവത്തോടു കൂടിയവ തന്നെയായിരുന്നിരിക്കും എന്നതുറപ്പാണ്.
സാഹിറിന്റെ ജീവിതത്തില്‍നിന്നും ഭരണകൂടത്തെ നേരിട്ടെതിര്‍ത്ത ഒരു സംഭവം ഓര്ത്തുപറയാനാകുമോ?
മിര്‍സാ ഗാലിബിന്റെ നൂറാം ചരമവാര്‍ഷികം ആചരിക്കുന്ന ചടങ്ങില്‍ ചെന്ന് കവിത വായിച്ച സന്ദര്‍ഭമാണ് ഓര്‍മ്മയില്‍ വരുന്നത്. ഉര്‍ദു ഭാഷയെ നശിപ്പിക്കുകയും അതിന്റെ ഏറ്റവും വലിയ കവിയെ ആഘോഷിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കളുടെ കാപട്യത്തെ വിമര്‍ശിക്കുന്നതായിരുന്നു സാഹിറിന്റെ കവിത. ആക്ഷേപഹാസ്യവും അമര്‍ഷവും നിറഞ്ഞതായിരുന്നു അത്.
'ജിസേ നാസ് ഥാ ഹിന്ദ് പര് വൊ ഹെ കഹാം' തുടങ്ങിയ വരികളും അധികാരകേന്ദ്രങ്ങള്‍ക്ക് അത്ര ഉദാരതയോടെ കാണാന്‍ പറ്റുന്നതായിരുന്നില്ല.
അത് ഇപ്പറഞ്ഞ കവിതയ്ക്കും മുന്‍പ് എഴുതിയതാണ്. 1957-ല്‍ 'പ്യാസ'യ്ക്കു വേണ്ടി അത് ഉപയോഗിക്കുകയും ചെയ്തു. പക്ഷെ, ഒരു ചടങ്ങിന് പോയി അതിന്റെ പരിഹാസ്യതയെ ചോദ്യം ചെയ്യുന്നത് അപൂര്‍വ്വമായ സംഭവമാണ്. സാഹിര്‍ അങ്ങിനെയായിരുന്നു.'ടേഡ' ആയിരുന്നു അദ്ദേഹം.
ടേഡ? തലതിരിഞ്ഞ, വഴിവിട്ട എന്നൊക്കെയാണ് ആ വാക്കിന്റെ അര്‍ത്ഥം.
ഔദ്ധത്യം കലര്‍ന്ന എന്നും പറയാം.ആ ഔദ്ധത്യമാണ് ഹിന്ദി ചലച്ചിത്രവ്യവസായത്തില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തിയതും.അദ്ദേഹത്തിന് മുന്‍പ് ഹിന്ദി ചലച്ചിത്രസംഗീതരംഗത്ത് ഗാനരചയിതാക്കള്‍ക്ക് വലിയ പരിഗണനയൊന്നും കിട്ടിയിരുന്നില്ല. ഗാനരചയിതാക്കള്‍ക്കും കൃത്യമായ പ്രതിഫലവും പേരും അംഗീകാരവും കിട്ടിയേ പറ്റൂ എന്ന് അദ്ദേഹം വാദിച്ചു. അതിന് വേണ്ടി സംഗീതസംവിധായകരോടും ഗായകരോടുമെല്ലാം കലഹിച്ചു. ഒടുവിലൊടുവിലായപ്പോഴേക്കും പല പ്രമുഖ സംഗീതസംവിധായകരോടുമൊപ്പം ജോലി ചെയ്യാന്‍ സാഹിറിന് കഴിയാതായി. അക്കാലത്ത് തുടക്കക്കാരായിരുന്ന എന്‍. ദത്ത, ഖയ്യാം തുടങ്ങിയവരോടൊപ്പമാണ് അദ്ദേഹം സഹകരിച്ചത്. 'ബര്‍സാത്ത് കി രാത്' തുടങ്ങിയ പടങ്ങളൊക്കെ ചെയ്യുന്ന കാലത്ത് റോഷനെപ്പോലുള്ളവരും പുതുമുഖങ്ങളായിരുന്നു.1957-ന് ശേഷം എസ്.ഡി. ബര്മ്മനോടൊപ്പം ഒരുമിച്ചില്ല. 'പ്യാസ' ആയിരുന്നു അവസാന ചിത്രം. 57-ല്‍ത്തന്നെ വന്ന 'നയാ ദൗറി'നു ശേഷം ഒ.പി. നയ്യാറുമായും പിരിഞ്ഞു.നൗഷാദ്, ശങ്കര്‍-ജയ്കിഷന് തുടങ്ങിയവരോടൊപ്പവും സാഹിര്‍ ഉണ്ടായിരുന്നില്ല. പക്ഷെ, ചെറുകിട സംഗീതസംവിധായകരോടൊപ്പം ചേര്‍ന്ന് ഹിറ്റ് ഗാനങ്ങളുണ്ടാക്കാന്‍ സാഹിറിന് കഴിഞ്ഞു. തന്റെ വരികളാണ് പ്രധാനം എന്ന് അദ്ദേഹം എന്നും വിശ്വസിച്ചിരുന്നു.
എന്തായിരുന്നു പ്രമുഖരോട് ഇടയാന്‍ കാരണം?
പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളായിരുന്നു കാരണം. സംഗീതസംവിധായകര്‍ക്ക് കിട്ടുന്ന അതേ തുക തനിക്കും വേണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചിരുന്നു.
ചിലപ്പോള്‍ ഗായകര്‍ക്കൊപ്പവും പ്രതിഫലം കിട്ടണമെന്ന് പറഞ്ഞിട്ടില്ലേ? ലതാജിയെക്കാള് ഒരു രൂപയെങ്കിലും കൂടുതല്‍ വേണമെന്നോ മറ്റോ?
പറഞ്ഞിരിക്കാം. അതെപ്പറ്റി ഞാന്‍ കൂടുതല്‍ പറയാനില്ല. ലതാജി ഇപ്പോള്‍ നമുക്കൊപ്പമില്ല. ഒരു കലാകാരി എന്ന നിലയില്‍ എനിക്ക് അവരോട് ഏറെ ബഹുമാനമാണ്. അതു കൊണ്ട് ആ വിഷയം തല്ക്കാലം വിടാം.
അദ്ദേഹത്തെക്കാള്‍ രണ്ടര പതിറ്റാണ്ട് പ്രായക്കുറവുള്ള താങ്കളുമായി സാഹിറിനുണ്ടായിരുന്ന സൗഹൃദം കൗതുകകരമാണ്. അതെപ്പറ്റി കൂടുതല്‍ പറയൂ.

എന്റെ അമ്മാവനും ഉര്‍ദു കവിയുമായിരുന്ന മജാസുമായി നല്ല സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിലും ഗാഢമായ സൗഹൃദമായിരുന്നു എന്റെ പിതാവുമായി ഉണ്ടായിരുന്നത്. സാഹിറിന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് പറയാവുന്നയാളായിരുന്നു എന്റെ അച്ഛന്. പിന്നീട് എന്നോടും ചങ്ങാത്തമായി. എന്നെ ഒരിക്കലും പേര് വിളിച്ചിരുന്നില്ല. 'യുവാവേ' എന്നു മാത്രമേ വിളിക്കുമായിരുന്നുള്ളൂ. അന്ന് എനിക്കൊരു 23-24 വയസ്സുകാണും. സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന കാലമാണ്. സാമ്പത്തികമൊക്കെ കണക്കാണ്. ഇടയ്ക്കിടെ അദ്ദേഹത്തെ വിളിക്കും. അപ്പോള്‍ വീട്ടിലേക്ക് വരാന്‍ പറയും. ചെന്നാല്‍ ഒപ്പമിരുന്ന് മദ്യപിക്കും. അന്ന് പുള്ളിയുടെ കൈയില്‍ സ്കോച്ചൊക്കെയുണ്ട്. എന്റെ വരുമാനംവെച്ച് സ്കോച്ചൊന്നും ചിന്തിക്കാന്‍ പോലും പറ്റില്ല. മിക്കവാറും മദ്യപാനം കഴിഞ്ഞ് അവിടെത്തന്നെ കിടന്നുറങ്ങി രാവിലെയാണ് തിരിച്ചുപോരുന്നത്.
പുതിയ ഒരു കവിതയെഴുതിയാല്‍, ഗസല്‍ എഴുതിയാല്‍ ഒക്കെ എന്നെ കാണിക്കും. അഭിപ്രായം ചോദിക്കും. എന്തുകൊണ്ടാണ് എന്നില്‍ അദ്ദേഹത്തിന് അത്ര വിശ്വാസം ഉണ്ടായിരുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ ഞാന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അന്ന് ചെറുപ്പമാണല്ലോ. ചെറുപ്പക്കാര്‍ക്ക് എല്ലാമറിയാം എന്ന ധാരണയാണ്. ഇന്നാണെങ്കില്‍ അന്ന് നടത്തിയ പല പരാമര്‍ശങ്ങളും ഒഴിവാക്കിയേനെ. പക്ഷെ, എന്റെ ചോദ്യങ്ങള്‍ കേട്ട് ക്ഷമാപൂര്‍വ്വം മറുപടി പറയാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു.
താങ്കളുടെ അഭിപ്രായം മാനിച്ച് കവിത മാറ്റിയെഴുതിയതായി ഓര്‍ക്കുന്നുണ്ടോ?
അങ്ങിനെ ഉണ്ടായതായി ഓര്‍ക്കുന്നില്ല. മാറ്റാന്‍ തയ്യാറല്ലായിരുന്നു. എന്തുകൊണ്ട് അങ്ങിനെ എഴുതി എന്ന് ന്യായീകരിക്കുകയാണ് ചെയ്യുക. പിന്നെ ഞങ്ങള്‍ മറ്റുള്ളവരുടെ കവിതകളും ചര്‍ച്ച ചെയ്യുമായിരുന്നു. അന്ന് ഞാന്‍ എഴുതിത്തുടങ്ങിയിട്ടില്ല. അസിസ്റ്റന്റ് ഡയറക്ടറുടെ 175 രൂപ മാസശമ്പളത്തില്‍ ജീവിക്കുകയാണ്. സ്റ്റുഡിയോയില്‍ തന്നെയാണ് കിടന്നുറങ്ങാറ്. പക്ഷെ, അക്കാലത്ത് എന്റെ ഒരു കുടുംബസുഹൃത്തിനോട് അദ്ദേഹം പറഞ്ഞതായി ഞാന്‍ പിന്നീട് അറിഞ്ഞു.'ഈ പയ്യന് സിനിമാരംഗത്ത് വലിയ ആളാകും. അവന്റെ പിന്നില്‍ അന്‍പതു കുതിരകളെ കെട്ടി പിന്നോട്ട് വലിപ്പിച്ചാലും അത് തടയാനാവില്ല'' എന്നൊക്കെ. ഒരു പക്ഷെ എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതായിരിക്കാം.
''ഓരോ കര്‍ബലയ്ക്കും ശേഷം ഇസ്ലാം വീണ്ടും ജീവിക്കുന്നു' എന്ന് പറയാറുണ്ട്. താങ്കളുടെ സാഹിര്‍ അനുസ്മരണങ്ങള്‍ കേട്ടുകഴിയുമ്പോള്‍ സാഹിര്‍ വീണ്ടും ജീവനോടെ നമുക്ക് മുന്നില്‍ വന്നു നില്ക്കും പോലെ തോന്നാറുണ്ട്.
ഓരോ കര്‍ബലയ്ക്കു ശേഷവും ഇസ്ലാം ജീവിക്കുന്നുവെന്നാണെങ്കില് കര്‍ബലകള്‍ ഇനിയും ഉണ്ടാകാതിരിക്കട്ടെ എന്നു മാത്രമേ പറയാനുള്ളൂ (പുഞ്ചിരിക്കുന്നു). അതുകൊണ്ട് അത് വിടാം. സാഹിറിന്റെ സമകാലികരെല്ലാം തന്നെ മണ്മറഞ്ഞു. അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന ബി.ആര്. ചോപ്ര, റോഷന് തുടങ്ങിയവരൊന്നും ഇന്നില്ല. അതുകൊണ്ട് സാഹിറിനെ നേരിട്ട് പരിചയമുള്ള എന്നെ അദ്ദേഹത്തെ അനുസ്മരിക്കാന്‍ പല വേദികളിലും വിളിക്കുന്നു.
സാഹിറിന്റെ നിലപാടുകള്‍ പലതും അധികം പേര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല. വിരുദ്ധന്‍ ആയിരുന്നുവോ പലപ്പോഴും?
അതെ. ധീരനായിരുന്നു സാഹിര്‍. പലരോടും ഏറ്റുമുട്ടി. ഒന്നും പ്രശസ്തിക്കു വേണ്ടിയായിരുന്നില്ല. ഗാലിബിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു ശിഷ്യന് എഴുതിയ വരികളുണ്ട്. ''എളിയവരോട് എളിമയും തണ്ടുള്ളവരോട് താന്പോരിമയുമുള്ളവന്' എന്ന അര്‍ത്ഥത്തില്‍. സാഹിനെ സംബന്ധിച്ചും ഇത് ചേരും. വലിയ സംഗീത സംവിധായകരോടും ഗായകരോടും അദ്ദേഹം പറഞ്ഞു- 'നിങ്ങളുടെ ഈണം കൊണ്ടോ ശബ്ദം കൊണ്ടോ അല്ല, എന്റെ വാക്കുകള്‍ കൊണ്ടാണ് എന്റെ പാട്ടുകള്‍ നിലനില്‍ക്കുന്നത്.'' അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു.
എങ്ങിനെ? ഒരു ഉദാഹരണം പറയാമോ?
1957-ല്‍ 'പ്യാസ' പുറത്തിറങ്ങി. അത് വലിയ ഹിറ്റുമായി. തൊട്ടുപിന്നാലെ സാഹിറും എസ്.ഡി. ബര്‍മ്മനും തമ്മില്‍ വലിയ വഴക്കുണ്ടായി. അടുത്ത പടത്തില്‍ സാഹിറിനെ ഒഴിവാക്കി കൈഫി ആസ്മിയെ ഗുരുദത്ത് ഗാനരചന ഏല്‍പ്പിച്ചു. ഇതേസമയത്ത് തന്നെ 'നയാ ദൗര്' എന്ന ചിത്രത്തിനു ശേഷം ഒ.പി. നയ്യാരുമായും സാഹിര്‍ തെറ്റി. ഇവിടെ പക്ഷെ നിര്‍മ്മാതാവ് ബി.ആര്. ചോപ്ര നയ്യാരെ ഒഴിവാക്കുകയാണ് ഉണ്ടായത്. പകരം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന എന്‍. ദത്തയെ സംഗീതസംവിധായകനാക്കി. ഈ ചിത്രത്തിന് ആദ്യം 'മുഝെ ജീനെ ദോ' എന്നാണ് പേരിട്ടിരുന്നത്. പക്ഷെ, സാഹിര്‍ നിര്‍മ്മാതാവിനെ സ്വാധീനിച്ച് 'ധൂല്‍ കാ ഫൂല്' എന്നാക്കി. കാരണം ഗുരുദത്തിന്റെ സിനിമയുടെ പേര് 'കാഗസ് കെ ഫൂല്' എന്നായിരുന്നു. അങ്ങിനെ രണ്ട് ചിത്രങ്ങളും നേരിട്ടുള്ള ഏറ്റുമുട്ടലായി. 'ധൂല്‍ കെ ഫൂല്' സാമ്പത്തികമായും ഗാനങ്ങളുടെ കാര്യത്തിലും വന്‍വിജയമായിരുന്നു. മികച്ച ഗാനത്തിനുള്ള ഒരു അവാര്‍ഡും ആ വര്‍ഷം അതിന് ലഭിച്ചുവെന്നാണോര്മ്മ.
അതിലെ 'ഹിന്ദു ബനേഗ ന മുസല്മാന് ബനേഗ' പാട്ടൊക്കെ നമ്മള് ഏറെ ആസ്വദിച്ചിട്ടുള്ളതാണ്. സാഹിറിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രായം ചെന്നിട്ടും ക്ഷുഭിതനായ ചെറുപ്പക്കാരന്റെ പ്രതിച്ഛായയായിരുന്നു അദ്ദേഹത്തിന് എന്നാണ് തോന്നുന്നത്. ശരിയാണോ?
തീര്‍ച്ചയായും. അദ്ദേഹത്തിന്റെ ഒരു കവിതാസമാഹാരത്തിന്റെ പേര് തന്നെ തല്ഖിയാന് (അമര്‍ഷം)എന്നായിരുന്നു. ആ അമര്‍ഷം എന്തുകൊണ്ട് ഉണ്ടായിയെന്നത് നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. അതിസമ്പന്നനായ ഒരു ജാഗിര്‍ദാര്‍ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സാഹിറിന്റെ അമ്മയില്‍നിന്ന് അദ്ദേഹം വിവാഹമോചനം നേടി. ആകെ 11 വിവാഹങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷെ, സാഹിര്‍ മാത്രമായിരുന്നു ഏക മകന്. അതുകൊണ്ട് പിന്തുടര്ച്ചാവകാശിയായ മകനുവേണ്ടി അദ്ദേഹം കോടതിയില്‍ പോയി. എട്ടു വയസ്സുകാരനായ സാഹിറിനോട് കോടതി ചോദിച്ചു ആര്‍ക്കൊപ്പം പോകണമെന്ന്. അമ്മയ്ക്കൊപ്പം എന്നായിരുന്നു സാഹിറിന്റെ മറുപടി. അങ്ങിനെ അതിസമ്പന്നനായ അച്ഛനുണ്ടായിട്ടും പരമദാരിദ്ര്യത്തില്‍ കഴിയേണ്ടി വന്നു സാഹിറിന്. പോഷകാഹാരക്കുറവും അനാരോഗ്യവുമെല്ലാം നിറഞ്ഞ ജീവിതം. പിന്നീട് അദ്ദേഹം ആരോടെല്ലാം പ്രണയത്തിന് ആഗ്രഹിച്ചുവോ അവരെല്ലാം അദ്ദേഹത്തെ കയ്യൊഴിഞ്ഞു. ഈ തിരസ്കാരങ്ങളെല്ലാമാണ് അദ്ദേഹത്തെ അമര്ഷമുള്ളവനാക്കിയത്. അതേസമയം സാഹിര്‍ നല്ലൊരു റൊമാന്റിക് കവിയായിരുന്നു താനും. ഒരുവേള വിപ്ളവകവിയെന്നതിനെക്കാള് റൊമാന്റിക് കവി എന്നറിയപ്പെട്ടയാള്.
താങ്കളുടെ നിരീക്ഷണവും അതാണോ?
അതെ.അദ്ദേഹത്തിന് ഒരു മാന്ത്രികത ഉണ്ടായിരുന്നു. എന്താണെന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ കഴിയാത്തതാണത്. സിനിമയില്‍ ഉപയോഗിച്ച 'ചലോ എക് ബാര്‍ ഫിര്‍ സേ അജ്നബി ഹോ ജായേ ഹം ദോനോം'എന്ന പാട്ട് നോക്കൂ. നിഘണ്ടുവില്‍ നമ്മളെല്ലാം കണ്ടിട്ടുള്ള പദങ്ങളാണ് അതിലുള്ളത്.പക്ഷെ സാഹിര്‍ അതെടുത്തു പ്രയോഗിക്കുമ്പോള്‍ അത് വല്ലാത്തൊരു ആശയമായി മാറുന്നു.
അമ്മയോടുള്ള സ്നേഹത്തില്‍നിന്നും അദ്ദേഹത്തിന്റെ നല്ല കവിതകള്‍ വന്നിട്ടില്ലേ?
അദ്ദേഹത്തിന് അമ്മയോടുള്ള സ്നേഹം അസാധാരണമായിരുന്നു. എല്ലാ അനുപാതത്തിനുമപ്പുറമായിരുന്നു അത്. 'സൈക്കോ' സിനിമയിലെ അമ്മ-മകന് ബന്ധത്തിനോട് ഏതാണ്ട് അടുത്തുനില്ക്കുമെന്ന് പറയാം. സാഹിറിന്റെ വൈകാരികമായ പിന്‍ബലം അമ്മയായിരുന്നു. എത്ര പാടുപെട്ടാണ് അമ്മ തന്നെ വളര്‍ത്തിയതെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. 'ത്രിശൂലി'ല്‍ ഒരു ഗാനമുണ്ട്, 'തു മേരെ സാത്ത് രഹേഗ' എന്നു തുടങ്ങുന്നത്. ഇത് അമ്മയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തില്‍ നിന്നുണ്ടായതാണ്. ഏത് ചടങ്ങായാലും അമ്മയെയും കൂട്ടി മാത്രമേ പോകുമായിരുന്നുള്ളൂ. അവരുടേത് വലിയ വീടായിരുന്നു. മൂന്ന് മുറികള്‍ കടന്ന് ചെല്ലുമ്പോഴാണ് സ്വീകരണമുറി. അവിടെ ഇരുന്ന് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കവെ ഞാന്‍ അദ്ദേഹത്തിന്റെ ഒരു കവിതയെ അഭിനന്ദിച്ചു സംസാരിച്ചു. ആദ്യം അത് കേട്ട് വിനയാന്വിതനായി പ്രതികരിച്ചു. അദ്ദേഹം സ്വയം 'ഫക്കീര്‍' എന്നാണ് വിശേഷിപ്പിക്കാറ്.''ഫക്കീറിന്റെ ചിന്തയില്‍ ചിലത് തോന്നി. അതെഴുതി. നിങ്ങള്‍ക്കെല്ലാം അത് ഇഷ്ടപ്പെട്ടതില്‍ സന്തോഷം എന്നു പറഞ്ഞു. അല്‍പ്പം കഴിഞ്ഞ് എഴുന്നേറ്റ് ഓരോ മുറിയും പിന്നിട്ട് അമ്മയുടെ മുറിയിലെത്തി അവരോട് പറയുകയാണ്, ''മാജീ,നോക്കൂ,ഞാനെഴുതിയ കവിത ഈ ചെറുപ്പക്കാരന് ഏറെ ഇഷ്ടപ്പെട്ടെന്ന്,ചെറുപ്പക്കാര്‍ക്ക് ഇഷ്ടപ്പെടുന്നുവെങ്കില്‍ അത് നല്ലതായിരിക്കുമല്ലോ?' അപ്പോള്‍ അമ്മ പറയും ''കൊള്ളാം, വളരെ നന്നായി മോനെ' എന്ന്. തിരിച്ചുവന്ന് വീണ്ടും സംഭാഷണം തുടരുന്നതിനിടെ ഞാന്‍ മറ്റൊരു കവിതാശകലത്തെപ്പറ്റി ആസ്വദിച്ച് പറയുന്നു. ഉടന്‍ കാണാം, കഴിച്ചുകൊണ്ടിരുന്ന ഗ്ലാസ്സുമായി വീണ്ടും അമ്മയുടെ അടുത്തേക്കേ് പോവുകയാണ് സാഹിര്‍. ഒരു മുതിര്‍ന്ന മനുഷ്യനാണിതെന്നോര്ക്കണം. ഒരു കളിപ്പാട്ടം അമ്മയെ കാണിക്കാന്‍ പോകുന്ന, അല്ലെങ്കില്‍ ക്രിക്കറ്റ് കളിയില്‍ ബൗണ്ടറിയടിച്ചെന്ന് ഓടിവന്ന് അമ്മയോട് പറയുന്ന ഒരു കുട്ടിയെപ്പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. സാഹിറിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്ന ഏക സ്ത്രീയും അമ്മ മാത്രമായിരുന്നു. അമ്മയെന്ന ചിന്തയില്‍ കുടുങ്ങിക്കിടന്നതുകൊണ്ട് അദ്ദേഹത്തിന് വിവാഹം കഴിക്കാന്‍ പോലും സാധിച്ചില്ല. പലരെയും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന കഥകളൊക്കെ വെറുതെയാണ്. അമൃത പ്രീതത്തിന്റേതടക്കം. അമൃതയും സാഹിറും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ ആര്‍ക്ക് തടയാനാവുമായിരുന്നു?

താങ്കളുടെ ഏകാന്തതയില്‍ സാഹിറിന്റെ ഗാനങ്ങള്‍ മൂളാറുണ്ടോ?അത്തരത്തില്‍ ഒന്ന് രണ്ട് പാട്ടുകള്‍ പറയാമോ?
പ്രശസ്തമായ ഗാനങ്ങള്‍ പലതുമുണ്ട്. പക്ഷെ, അവയൊക്കെ നിങ്ങള്‍ക്ക് പരിചിതമായതുകൊണ്ട് അവയെക്കുറിച്ച് പറയുന്നില്ല. 'ദോ ബൂന്ദേം സാവന്‍ കീ....' എന്ന പാട്ട് എന്റെ പ്രിയപ്പെട്ട ഒന്നാണ്. അതുപോലെ ''മന് രേ...' എന്ന ഗാനം. ഇതൊക്കെ തനി കവിതയാണ്. സാഹിര്‍ വളരെ ബുദ്ധിമാനായ കവിയായിരുന്നു. പുതിയ ഒരു ആശയം തന്റെ കയ്യിലുണ്ടെന്ന് ബോധ്യമായാല്‍ അദ്ദേഹം അതു മാത്രമേ എഴുതൂ. എന്നാല്‍ താന്‍ പറയാന്‍ പോകുന്ന ആശയത്തിന് നൂതനത്വമില്ലെന്ന് കണ്ടാല്‍ അദ്ദേഹം പ്രകൃതിയെ കൂട്ടുപിടിക്കും. ''തും അഗര്‍ കുച്ച് ന ചാഹോ'' എന്ന പാട്ടെടുത്താല്‍ അതില്‍ തന്റെ ആശയം മാത്രമാണ് സാഹിര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ''യേ രാത് യേ ചാന്ദ്നി..' എന്ന പാട്ടിലാകട്ടെ പ്രകൃതി കടന്നുവരുന്നു. റൊമാന്സെന്നത് ഞാനും നീയും മാത്രമല്ല. പ്രകൃതിയെക്കൂടി ചേര്‍ത്തുവെക്കുന്നതോടെ അതൊരു പ്രപഞ്ചനര്ത്തനമായി മാറുന്നു. അഭൗമമായി മാറുന്നു. വീണ്ടും 'ചലോ എക് ബാര്‍ ഫിര്‍ സേ ഹം...' എന്ന പാട്ടിലേക്ക് വന്നാല്‍ അവിടെ പ്രകൃതിയില്ല. വരൂ, നമുക്കൊരിക്കല്‍ കൂടി വീണ്ടും അപരിചിതരാകാം എന്ന് തന്റെ പ്രണയിനിയോട് പറയുകയാണ് കാമുകന്. അതൊരു പുതുമയുള്ള ആശയമാണ്. അപ്പോള്‍ പ്രകൃതിയുടെ ആവശ്യമില്ല. ഇപ്പൊള്‍ വന്നുവന്ന് പാട്ടുകളില്‍ പ്രകൃതിയേയില്ല. ആകാശം, കാറ്റ്, ഉദ്യാനം, പൂക്കള്‍, നദി ഒന്നുമില്ല. കോണ്‍ക്രീറ്റ് കാടുകളില്‍ വളര്‍ന്നവര്‍ സിനിമയെടുക്കുമ്പോള്‍ എങ്ങിനെയാണ് പാട്ടുകളില്‍ പ്രകൃതി ഉണ്ടാവുക? ഇപ്പോള്‍ നാല്‍പ്പതുകളിലേക്ക് കടക്കുന്നതടക്കമുള്ള ഒരു തലമുറ എപ്പോഴെങ്കിലും പൂര്ണചന്ദ്രന്റെ സൗന്ദര്യത്തെ ആശ്ചര്യത്തോടെ നോക്കിയിരുന്നിട്ടുണ്ടാവുമോ? എനിക്ക് സംശയമുണ്ട്. ചന്ദ്രന് ഇപ്പോള്‍ പാട്ടുകളില്നിന്ന് പുറത്തായിരിക്കുന്നു.
Content Highlights: mudar paderia interviews poet javed akthar in kolkata international book festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..