അനിൽ പനച്ചൂരാൻ/ ഫോട്ടോ: ബിനുലാൽ ജി
കവിയും ഗാനരചയിതാവും പ്രഭാഷകനുമായ അനില്‍ പനച്ചൂരാന് അന്തരിച്ചിട്ട് രണ്ട് വര്‍ഷം തികയുന്നു. കോവിഡ് അതിന്റെ മൂര്‍ധന്യത്തില്‍ നില്ക്കുന്ന കാലത്താണ് ആകസ്മികമായ മരണം. അനില്‍ പനച്ചൂരാനെക്കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹത്തിന്റെ ഭാര്യ മായ പനച്ചൂരാന് പങ്കുവെക്കുന്നു.
2021 ജനുവരി മൂന്നിനാണ് അനില്‍ പനച്ചൂരാന് വിടപറഞ്ഞത്. അന്ന് രാവിലെ സുഹൃത്തിനൊപ്പം മാവേലിക്കരയിലെ മറ്റം മഹാദേവക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ആദ്യമായിട്ടാണ് അവിടെ പോകുന്നത്. വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ ക്ഷേത്രമുറ്റത്ത് ബോധം കെട്ടുവീഴുകയായിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്നവരും സുഹൃത്തും കൂടി അപ്പോള്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അദ്ദേഹത്തിന്റെ സുഹൃത്ത് ഫോണ്‍ വിളിച്ച് പറഞ്ഞതനുസരിച്ച് ഞാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ കോവിഡ് പോസീറ്റീവാണ് എന്ന് സ്ഥിരീകരിച്ചതായി അറിഞ്ഞു. അത്രയും സൂക്ഷിച്ചിട്ടും കോവിഡ് വന്നുപെട്ടതില്‍ വളരെയധികം വിഷമം വന്നെങ്കിലും 101 വയസ്സായവര്‍ വരെ രോഗമുക്തി നേടിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യമായിരുന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ഇരുന്നത്. ഞാന്‍ എന്റെ അമ്മയെ വിളിച്ച് ഇനിയുള്ള പതിനഞ്ച് ദിവസം ആശുപത്രിയിലായിരിക്കുമെന്നും ഞങ്ങളുടെ മക്കളുടെ കൂടെ ഉണ്ടാവണമെന്നും അറിയിച്ചു. ഇനിയുള്ള കുറച്ചുദിവസത്തേക്ക് അദ്ദേഹത്തെ ഒറ്റയ്ക്ക് കിട്ടിയ സന്തോഷവും എനിക്കുണ്ടായിരുന്നു.
ആശുപത്രിയില്‍ എത്തിയപ്പോള്‍ ഞാന്‍ അറിഞ്ഞത് അവിടെ കോവിഡിനുള്ള ചികിത്സയില്ല എന്നായിരുന്നു. ഇ.സി.ജിയില്‍ വ്യതിയാനം കാണുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു. അന്ന് ഞായറാഴ്ചയായിരുന്നു. കോവിഡ് ചികിത്സയും ഒപ്പം കാര്‍ഡിയോളജി സൗകര്യവുമുള്ള ആശുപത്രിയിലേക്ക് മാറ്റണം എന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ചത്. അങ്ങനെ കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലന്‍സില്‍ കിടക്കുമ്പോള്‍ ഒരു കാല് അനക്കമില്ലാതായിട്ടുണ്ടായിരുന്നു. വലിയ ആശുപത്രിയാണെങ്കിലും അവിടെ മതിയായ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. കാലില്‍ രക്തയോട്ടം നടക്കുന്നില്ല, എന്താണ് കാരണം എന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണം എന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: എന്താണ് വേണ്ടത്, എവിടെയാണ് പോകേണ്ടത്? അദ്ദേഹത്തിന് പക്ഷേ തീരുമാനമെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്താണ് എനിക്ക് തോന്നുന്നത് അതുപോലെ ചെയ്യാന്‍ പറഞ്ഞു. എന്റെ സൗകര്യവും കൂടെ നില്ക്കാന് ആളുകള്‍ ഇല്ലാത്ത സാഹചര്യവും പരിഗണിച്ചുകൊണ്ട് കിംസിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.
രാവിലെ ബോധം കെട്ടുവീണ ആള് കിംസിലേക്ക് റഫര്‍ ചെയ്യപ്പെടുമ്പോള്‍ വൈകിട്ട് ആറുമണി ആയിട്ടുണ്ടായിരുന്നു. ആംബുലന്‍സില്‍ പോകുമ്പോള്‍ എന്നോട് അദ്ദേഹത്തിന്റെ കയ്യില്‍ പിടിക്കാന്‍ പറഞ്ഞു. 'നീ തളരരുത്, നീ തളര്‍ന്നാല്‍ പിന്നെ എനിക്കൊന്നും പറ്റില്ല' എന്നുപറഞ്ഞു. അദ്ദേഹം വളരെ ബോള്‍ഡ് ആയ വ്യക്തിയാണ്. ആദ്യമായിട്ടാണ് ഞാന്‍ ഇങ്ങനെയൊരു മാനസികാവസ്ഥയില്‍ അദ്ദേഹത്തെ കാണുന്നത്. ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അദ്ദേഹം എല്‍.എല്‍.ബി. ചെയ്യുമ്പോള്‍ ഞാന്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ആ സമയത്ത് പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ്. വീട്ടുകാരുടെ പിന്തുണയൊന്നും ഇല്ലാതെയാണ് അദ്ദേഹം എന്നെ ജീവിതത്തിലേക്ക് കൂടെകൂട്ടിയത്. സംന്യാസിയാവാന്‍ ആയിരുന്നത്രേ ആദ്യം താല്പര്യമുണ്ടായിരുന്നത്. വേദങ്ങള്‍ എല്ലാം അറിയാം. പൂജകള്‍ ചെയ്യും. വിഷചികിത്സയും ജോതിഷവും അറിയാം. ആത്മീയതയോട് വലിയ ഇഷ്ടമുണ്ടായിരുന്നു. വലിയ ഭക്തനായിരുന്നു. പണ്ടുമുതലേ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ മനസ്സില്‍ അദ്ദേഹത്തിന് ഒരു സംന്യാസിയുടെ ഇമേജായിരുന്നു ഉണ്ടായിരുന്നത് എന്നെല്ലാം പറഞ്ഞുകേട്ടിട്ടുണ്ട്.
.jpg?$p=b4643a5&&q=0.8)
ആശുപത്രിയിലെത്തി ആറരയോടെ ഐ.സി.യുവിലേക്ക് കയറ്റി. കാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ ക്ഷമ കെട്ടു. അപ്പോഴേക്കും എന്റെ സഹോദരിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സ്ഥിതി അറിയണമെന്ന് പറഞ്ഞ് ഞാന്‍ വാശിപിടിച്ചപ്പോള്‍ ഡോക്ടര്‍ പുറത്തേക്ക് വന്നു. അദ്ദേഹത്തിന്റെ അവസ്ഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് വിസര്‍ജ്യത്തിന്റെ കൂടെ രക്തവും വരുന്നുണ്ട്. അതെന്താണ് അങ്ങനെ സംഭവിച്ചത് എന്നറിയാന്‍ വേണ്ടി അതത് ഡിപാര്‍ട്മെന്റിലെ ഡോക്ടര്‍മാര്‍ വരുന്നുണ്ട്, കോവിഡ് പോസിറ്റീവായതിനാല്‍ പി.പി.ഇ. കിറ്റ് ധരിക്കാനുള്ള സമയം മാത്രമേ വേണ്ടതുള്ളൂ എന്ന് അറിയിച്ചു. കോവിഡ് പ്രതിസന്ധിയുടെ ഗൗരവം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല അപ്പോള്‍. ഞാനവരോട് കയര്‍ത്താണ് സംസാരിച്ചത്. ആറെ അമ്പത് ആയപ്പോള്‍ ഡോക്ടര്‍ എന്നെ വിളിച്ചു. അദ്ദേഹത്തെ ക്ലീന്‍ ചെയ്യിക്കുമ്പോള്‍ അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പതിനെട്ട് വര്‍ഷം മുമ്പ് ഒരു സര്‍ജറിക്കുവേണ്ടി ആശുപത്രിയില്‍ പോയിട്ടുള്ളതല്ലാതെ അതിനുശേഷം ഒരു അസുഖവും വന്നിട്ടില്ല, ആശുപത്രിയിലും പോയിട്ടില്ല എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കേ ഹൃദയം നിലച്ചുപോയി. സി.പി.ആര്. കൊടുത്തുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ഈ അവസ്ഥയില്‍ തിരികെ കിട്ടാന്‍ പ്രയാസമാണ്. പരമാവധി ശ്രമിക്കാം. ആന്തരിക രക്തസ്രാവം എന്തുകൊണ്ടാണ് വന്നത് എന്ന് പരിശോധിക്കാനുള്ള സമയം കിട്ടിയിട്ടില്ല എന്നും അവര്‍ പറഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോള്‍ എന്റെ കൂടെയാരെങ്കിലും ഉണ്ടെങ്കില്‍ അവരെ വിളിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. എന്റെ സഹോദരിയും ഭര്‍ത്താവും വന്നിട്ടുണ്ടായിരുന്നു. ഡോക്ടര്‍ സഹോദരിയുടെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ വിശദമാക്കി. അവര്‍ പരമാവധി ശ്രമിച്ചു. കോവിഡ് പലതരത്തിലാണ് ആളുകളെ ബാധിക്കുന്നത്. രക്തം പലയിടങ്ങളിലും കട്ടപിടിക്കുകയും പ്രഷര്‍ കയറി ആര്‍ട്ടറി പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തതാണ്. അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടാവരുത് എന്ന ഉദ്ദേശ്യത്തോടെ പോസ്റ്റുമോര്‍ട്ടം നടത്തുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദ്ദേശിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ ഹാര്ട്ടില് ധാരാളം ബ്ലോക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
.jpg?$p=8384990&&q=0.8)
ഇരുപത് കൊല്ലത്തെ നല്ല ദാമ്പത്യജീവിതം അദ്ദേഹം തന്നു. പാട്ടെഴുത്തില്നിന്നു വരുമാനം എത്ര കണ്ട് ലഭിക്കും എന്ന് അറിയാമല്ലോ. ഒരു സിനിമയ്ക്ക് നാലു പേര് പാട്ടെഴുതുന്ന കാലമാണ്. അദ്ദേഹം നല്ലൊരു പെര്‍ഫോമിങ് ആര്ടിസ്റ്റായിരുന്നു. നന്നായി പ്രസംഗിക്കും. ഭംഗിയായി കവിതകള്‍ ചൊല്ലും. കിട്ടുന്ന വരുമാനമെല്ലാം ഞങ്ങള്‍ക്കായി സ്വരുക്കൂട്ടി. മക്കളുടെ ആവശ്യങ്ങള്‍ക്കായി ആരുടെയും മുമ്പില്‍ കൈനീട്ടരുത് എന്ന നിര്‍ബന്ധത്തില്‍ കുറച്ചു വസ്തു വാങ്ങിയിട്ടു. മക്കളോട് എപ്പോഴും നല്ല കൂട്ടുണ്ടായിരുന്ന അച്ഛനായിരുന്നു. അദ്ദേഹത്തിന്റെ വരുമാനം കൊണ്ടായിരുന്നു ഞങ്ങള്‍ ജീവിച്ചത്. അദ്ദേഹത്തിന് ഒരു ആര്‍ഭാടത്തിലും താല്പര്യമില്ലായിരുന്നെങ്കിലും ഞങ്ങള്‍ എപ്പോഴും നല്ല രീതിയില്‍ നടക്കണം എന്ന ആഗ്രഹക്കാരനായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും എന്നെ ഏല്പിക്കുമെങ്കിലും ഞാന്‍ ബില്ലടയ്ക്കുന്നത് ഓര്മപ്പെടുത്തുമ്പോഴായിരുന്നു. മക്കളെ നല്ലരീതിയില്‍ പഠിപ്പിക്കണം എന്ന നിര്‍ബന്ധം എപ്പോഴും പറയും. ആ ആഗ്രഹം പൂര്‍ത്തീകരിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം.
ഏറെ കഷ്ടപ്പെട്ടാണ് സ്വന്തം നിലയില്‍ അറിയപ്പെടുന്ന ഒരു കലാകാരനായി മാറിയത്. അദ്ദേഹം മലയാള കവിതയ്ക്കും ഗാനരചനാ ശാഖയ്ക്കും നല്കിയ സംഭാവനകള്‍ അവഗണിക്കപ്പെടുന്നു എന്ന സങ്കടം ഉണ്ട്. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് അര്‍ഹമായ പരിഗണന കിട്ടിയിട്ടില്ല. വരുംതലമുറയും അനില്‍ പനച്ചൂരാന് എന്ന പ്രതിഭ മലയാളത്തില്‍ ജീവിച്ചിരുന്നു എന്ന സത്യം വിസ്മരിക്കപ്പെട്ടു പോകുന്നതില്‍ വിഷമമുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതൊന്നും ഒരു കാലത്തും വിഷയമേയല്ല. എഴുതുക, പാടുക, അതിനുള്ള സാഹചര്യം കുടുംബം ഒരുക്കിക്കൊടുക്കുക എന്നതിനപ്പുറം അദ്ദേഹത്തിന് മറ്റൊരു അംഗീകാരവും ഒരു കാലത്തും ആഗ്രഹമില്ലായിരുന്നു.
Content Highlights: Anil Panachooran, Maya Panachooran, Poetry, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..