ജയഭാരതിയും പ്രേം നസീറും ഗാനരംഗത്തിൽ
മാതൃഭൂമി ലുലു റീഡേഴ്‌സ് ഫെസ്റ്റില്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവിമേനോനും നടനും ഗായകനുമായ കൃഷ്ണചന്ദ്രനും തമ്മിലുള്ള സംഭാഷണം വായിക്കാം.
കൃഷ്ണചന്ദ്രന്‍: ഏറ്റവും വലിയ പാട്ടെഴുത്തുകാരന്‍ രവിയാണെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. പാട്ടെഴുത്ത് എങ്ങനെ പാട്ടിനെക്കുറിച്ചുള്ള എഴുത്താകും?
രവി മേനോന്‍: പാട്ടെഴുത്തെന്ന കോളം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടങ്ങുന്ന സമയത്ത് അതിന്റെ എഡിറ്റര്‍ മറ്റു പല പേരുകളും നിര്‍ദ്ദേശിച്ചു. ഗ്രാമഫോണ്‍, പാട്ടു ലോകം,പാട്ടുപെട്ടി എന്നിങ്ങനെ. അതൊന്നും ശരിയായില്ല. ഒടുവില്‍ പാട്ടെഴുത്ത് എന്ന പേര് നിര്‍ദേശിച്ചത് അദ്ദേഹം തന്നെ... വയലാര്‍, പി ഭാസ്‌കരന്‍, ബിച്ചു തിരുമല പോലുള്ളവരല്ലേ പാട്ടെഴുതുന്നത്. പാട്ടിനെപ്പറ്റി എഴുതുന്നത് എങ്ങനെ പാട്ടെഴുത്താകുമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ എഴുതിക്കോ അതൊക്കെ ശരിയായിക്കൊള്ളും എന്നായിരുന്നു മറുപടി. അങ്ങനെ ആ പ്രയോഗം ഉറച്ചു. ഇന്നിപ്പോള്‍ സ്വാഗതപ്രാസംഗികര്‍ പ്രശസ്ത പാട്ടെഴുത്തുകാരനായ രവിമേനോനെ സംസാരിക്കാന്‍ ക്ഷണിക്കുന്നു എന്ന് പൊതുവേദികളില്‍ പറയുന്നതാണ് എന്റെ ഏറ്റവും വലിയ ചമ്മല്‍. ഒരുപാട്ടുപോലും എഴുതാഞ്ഞിട്ടും ഞാന്‍ പാട്ടെഴുത്തുകാരനായി എന്നാണ് തമ്പി സാര്‍ പറഞ്ഞത്. കളിയെക്കുറിച്ചെഴുതുന്നത് കളിയെഴുത്തെന്ന് പറയുമ്പോള്‍ പാട്ടിനെക്കുറിച്ചെഴുതുന്നത് എന്തുകൊണ്ട് പാട്ടെഴുത്ത് ആയിക്കൂടാ എന്നും ഒരു വീക്ഷണമുണ്ട്. തമ്പി സാറില്‍നിന്നും അത്തരത്തില്‍ ഒരു അഭിപ്രായം കേട്ടത് വലിയൊരു ബഹുമതി തന്നെയാണ്.
രവി മേനോന്‍: ഞാന്‍ കൃഷ്ണചന്ദ്രനെ ശ്രദ്ധിക്കുന്നത് 'രതിനിര്‍വേദ'ത്തിലെ നായകനായാണ്. പിന്നീടാണ് പാട്ടുകാരനാണെന്ന് മനസ്സിലാക്കുന്നത്. രണ്ടും ഒന്നിച്ചു കൊണ്ടുപോകുമ്പോള്‍ ഐഡന്റിറ്റി ക്രൈസിസ് ഉണ്ടായിട്ടുണ്ടോ?
കൃഷ്ണചന്ദ്രന്‍: തീര്‍ച്ചയായും. ഇപ്പോഴും ആ ക്രൈസിസ് നിലനില്‍ക്കുന്നുണ്ട്. 'രതിനിര്‍വേദ'ത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാനൊരു സംഗീത വിദ്യാര്‍ഥിയാണ്. പദ്മരാജന്‍ സാറിന്റെ ഇടപെടലില്‍ കുറച്ചു സിനിമകളില്‍ അഭിനയിച്ചു. ആ സമയത്തൊന്നും സിനിമയില്‍ പാടിയിരുന്നില്ല. മദ്രാസില്‍ എം.എ മ്യൂസിക്കിന് പഠിക്കുമ്പോഴാണ് ആദ്യത്തെ പാട്ട് റെക്കോഡ് ചെയ്തത്. പാട്ടുകാരന്‍ എന്ന നിലയിലേക്കുയര്‍ന്നത് കോഴിക്കോട് നടന്ന സ്റ്റാര്‍നൈറ്റിലാണ്. മുഹമ്മദ് റാഫിയുടെ 'ചാഹൂങ്കാ മേം...' ആയിരുന്നു പാടിയത്. സദസ്സില്‍ ഐ.വി ശശിയും സീമയും ഉണ്ടായിരുന്നു. അങ്ങനെയാണ് 'ഇണ'യില്‍ പാടാനായി അവസരം ലഭിക്കുന്നത്. 'വെള്ളിച്ചില്ലും വിതറി...' എന്ന ഗാനം പാടിയത് 1981-ലാണ്. 40 വര്‍ഷത്തിനു ശേഷം അതേപാട്ട് റീമിക്‌സ് ചെയ്ത് 'മേരി ആവാസ് സുനോ' എന്ന സിനിമയില്‍ പാടാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.
രവി മേനോന്‍: 'രതിനിര്‍വേദ'ത്തില്‍ അഭിനയിച്ചതിനുശേഷം നാട്ടുകാരുടെ പ്രതികരണം എത്തരത്തിലുള്ളതായിരുന്നു?
കൃഷ്ണചന്ദ്രന്‍: ആളുകള്‍ എങ്ങനെ നോക്കുന്നുവെന്നത് ഞാന്‍ മൈന്‍ഡ് ചെയ്തിട്ടില്ല. അന്നത്തെ കാലത്ത് വിവാദം സൃഷ്ടിച്ച സിനിമയായിരുന്നല്ലോ അത്. സിനിമയുടെ പ്രമേയത്തെപ്പറ്റി യാതൊരു വിവരവുമില്ലാതെയാണ് അഭിനയിച്ചത്. പദ്മരാജന്‍ എന്നെ സിനിമയിലേക്കെടുത്തു എന്നറിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരോട് അച്ഛന്‍ ചോദിച്ചു: 'ഇവന് അഭിനയിക്കാനൊക്കെ അറിയാമോ?' അച്ഛനെയും അമ്മയെയും പറഞ്ഞുമനസ്സിലാക്കാന്‍ സഹായിച്ചത് സുഹൃത്തുക്കളാണ്. അങ്ങനെ പത്തുപന്ത്രണ്ട് സിനിമകളില്‍ അഭിനയിച്ചു.
രവി മേനോന്‍ : ഞാന്‍ കൃഷ്ണചന്ദ്രനെ ആദ്യമായി കാണുന്നത് ഞങ്ങളുടെ കോളേജില്‍ 'ഈ നാട്' എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വന്നപ്പോഴാണ്. 'ജയഭാരതിയുടെ കാമുകന്‍ വരുന്നേ...' എന്നു പറഞ്ഞായിരുന്നു എന്റെ കൂട്ടുകാര്‍ താങ്കളെ കണ്ട് ആര്‍ത്തുവിളിച്ചത്.
കൃഷ്ണചന്ദ്രന്‍: രവി ഇരുപതിലധികം പുസ്തകങ്ങള്‍ എഴുതിയല്ലോ. ഇങ്ങനെയൊക്കെ ഒരു തലത്തില്‍ എത്തുമെന്ന് എന്നെങ്കിലും ചിന്തിച്ചിരുന്നോ?
രവി മേനോന്‍: തുടക്കത്തില്‍ ഞാന്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ടറായിരുന്നു. പക്ഷേ എനിക്ക് പാട്ടുകളോടും പ്രിയമേറെയായിരുന്നു. ഒരിക്കല്‍ എന്റെ പ്രിയപ്പെട്ട ഗായികയായ പി. ലീലയെ കണ്ടു സംസാരിക്കാന്‍ അവസരം കിട്ടി. അഭിമുഖം എന്നതിനേക്കാള്‍ പരിചയപ്പെടാന്‍ പോയി എന്നു പറയുന്നതാണ് ഉചിതം. സംസാരം കഴിഞ്ഞിറങ്ങുന്ന സമയത്ത് ഇതെപ്പഴാ അച്ചടിച്ചുവരിക എന്ന് ലീല ചേച്ചി ചോദിച്ചു. ആകെ ആശയക്കുഴപ്പത്തിലായി ഞാന്‍. എഴുതുന്നില്ല എന്ന് പറയുന്നത് അവര്‍ക്ക് വലിയ വിഷമം ഉണ്ടാക്കും. അതുകൊണ്ട് തന്നെ എഴുതാന്‍ തീരുമാനിച്ചു. അങ്ങനെയാണ് പാട്ട് സംബന്ധിയായ എഴുത്തിന്റെ തുടക്കം.
കൃഷ്ണചന്ദ്രന്‍: പഴയകാല സംഗീതജ്ഞരെപ്പറ്റി രവി എഴുതുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. ഇത്രയും ബൃഹത്തായ സ്രോതസ്സ് കിട്ടുന്നെതെവിടെ നിന്നാണ്? നമുക്ക് അത്ര പരിചയമില്ലാത്ത പലരുടെയും കഥ രവി എഴുതിയിട്ടുണ്ട്.
രവിമേനോന്‍: അതെല്ലാം തികച്ചും യാദൃച്ഛികമാണ്. ഉദാഹരണം പറയാം. ദാസേട്ടന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍...' എന്ന ഗാനത്തിന് വീണ വായിച്ചത് ചിട്ടി ബാബുവും പുല്ലാങ്കുഴല്‍ വായിച്ചത് എന്‍ രമണിയുമാണെന്ന്. രണ്ടു പേരും ലെജന്‍ഡുകള്‍. ഇത്തരത്തിലൊക്കെയാണ് പലരുടെയും പേരുപോലും അറിയാന്‍ സാധിക്കുന്നത്. പലരുടെയും ആത്മകഥകളുടെ ചെറുശകലങ്ങളില്‍ നിന്ന് പോലും കൗതുകമുള്ള വിവരങ്ങള്‍ ലഭിക്കാറുണ്ട്. പിന്നെ അമീന്‍ സയാനി പോലെ പാട്ടുകള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ സഞ്ചരിച്ചവരില്‍ നിന്നും.
രവിമേനോന്‍ : അഭിനയിച്ച മിക്ക സിനിമകളിലും കൃഷ്ണചന്ദ്രനു വേണ്ടി പാടുന്നവര്‍ വേറെയാണ്. അതുപോലെ കൃഷ്ണന്‍ അധികവും പിന്നണി പാടിയിട്ടുള്ളത് മറ്റ് നടന്മാര്‍ക്ക് വേണ്ടിയും. സ്വന്തമായി പാടി അഭിനയിച്ച സിനിമകളുണ്ടോ?
കൃഷ്ണചന്ദ്രന്‍: തമാശപ്പാട്ടുകളാണ് കൂടുതല്‍ പാടിയിട്ടുള്ളത്. 'ബെല്‍റ്റ് മത്തായി' എന്ന സിനിമയില്‍ കടല വില്‍ക്കുന്ന രംഗത്തില്‍ 'പോക്കറുക്കാന്റെ ചുക്കുകാപ്പി...' എന്ന പാട്ട് പാടിയത് ഞാനാണ്. എന്റെ ഭാര്യയും ആ സീനില്‍ അഭിനയിച്ചിരുന്നു. അതുപോലെ തന്നെ ദാസേട്ടന്‍ പാടിയ പലഗാനങ്ങളിലും സ്‌ക്രീനില്‍ ചുണ്ടനക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
കൃഷ്ണചന്ദ്രന്‍: ദേവരാജന്‍ മാഷുമായി വളരെ അടുപ്പമുണ്ടായിരുന്നല്ലോ രവിക്ക്...
രവി മേനോന്‍: എന്റെ വ്യക്തിജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുതാര്യനായ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ ചിലവഴിച്ച ഓരോ നിമിഷവും എനിക്ക് അമൂല്യമായിരുന്നു. ഈശ്വരവിശ്വാസി അല്ലാതിരുന്ന മാഷാണ് ഏറ്റവും കൂടുതല്‍ ഭക്തിഗാനവും ചെയ്തിരുന്നത് എന്നത് ഇന്നും വിസ്മയിപ്പിക്കുന്ന കാര്യമാണ്.
രവിമേനോന്‍ : കൃഷ്ണചന്ദ്രന്റെ പാട്ടുമായി ബന്ധപ്പെട്ട കഥ ഒരിക്കല്‍ സംഗീത സംവിധായകന്‍ ശ്യാം സാര്‍ പറഞ്ഞതോര്‍ക്കുന്നു. 'ദേവദാരു പൂത്തു..' എന്ന പാട്ട് ഐ.വി ശശിയെ അദ്ദേഹം കേള്‍പ്പിച്ചപ്പോള്‍ തന്റെ സിനിമയ്ക്ക് ഈ പാട്ട് വേണമെന്ന് അദ്ദേഹം വാശിപിടിച്ച കഥ. ശശിയേട്ടന് അത്രയും ഇഷ്ടമായി ആ പാട്ട്. എന്നാല്‍ ആ പാട്ട് മറ്റൊരു സിനിമക്ക് വേണ്ടി ചെയ്തുപോയ സ്ഥിതിക്ക് അതുപോലെ മറ്റൊരു പാട്ട് ചെയ്തു തരാം എന്നായിരുന്നു ശ്യാം സാറിന്റെ പ്രോമിസ്. എന്നാല്‍ അത് കോപ്പി ആയി തോന്നരുത് താനും. അങ്ങനെയാണ് കാണാമറയത്ത് സിനിമയിലെ 'കസ്തൂരിമാന്‍ കുരുന്നേ...' എന്ന ഗാനം പിറന്നത്. നോട്ട്‌സില്‍ ചെറിയ മാറ്റം വരുത്തുകയാണ് ശ്യാം സാര്‍ ചെയ്തത്.
കൃഷ്ണചന്ദ്രന്‍: പാട്ടിന്റെ മെയില്‍ വേര്‍ഷന്‍ പാടാന്‍ എനിക്കാണ് ഭാഗ്യമുണ്ടായത്.
കൃഷ്ണചന്ദ്രന്‍: രവിക്ക് ഇയ്യിടെ പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ചല്ലോ? നസീര്‍ സാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പറയാമോ?
രവി മേനോന്‍: 'ധ്വനി' സിനിമയുടെ സമയത്ത് ഞാന്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. നസീര്‍ സാറിന്റെ അവസാനത്തെ അഭിമുഖം. അതൊരു വിധി നിയോഗം ആകാം. 'വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി ' എന്ന ഗാനം ചിത്രീകരിക്കുന്നതിനിടെയുള്ള രസകരമായ അനുഭവം അദ്ദേഹം പങ്കുവെച്ചത് ഓര്‍മ്മയുണ്ട്. പാട്ടുസീനുകളൊക്കെ കാണുമ്പോള്‍ ആള്‍ക്കാരുടെ വിചാരം വളരെ രസിച്ചാണ് നമ്മള്‍ അതു ചെയ്യുന്നതെന്നാണ്. സത്യാവസ്ഥ എന്തെന്നാല്‍ ആ പാട്ടിന് ഇടക്ക് ഒരു പുഷ്പവൃഷ്ടിയുണ്ട്.. മുകളില്‍ കയറിയിരിക്കുന്ന ആള്‍ പൂ വിതറണം. ചാലയില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന പൂക്കളില്‍ ചെറിയ ഉറുമ്പുകള്‍ ഉണ്ടായിരുന്ന കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. ഉറുമ്പുകടി ഏറ്റുകൊണ്ട് പ്രണയഗാനത്തിനൊത്ത് അഭിനയിക്കേണ്ടി വരിക എന്ന ദുര്യോഗത്തെപ്പറ്റി അദ്ദേഹം രസകരമായി പറഞ്ഞെങ്കിലും അതിനു പിന്നിലുള്ള അര്‍പ്പണബോധവും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ ദേവരാജന്‍ മാഷിന്റെ ഭാര്യ ലീലാമണിയമ്മ എന്നെ വിളിച്ചു. അഭിനന്ദനങ്ങള്‍ക്കുശേഷം പറഞ്ഞത് ഇങ്ങനെയായിരുന്നു: 'പ്രേം നസീറിന്റെ പേരിലുള്ള പുരസ്‌കാരം വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, അത് നേരിട്ടുതന്നെ പോയി ഏറ്റുവാങ്ങണം. എന്തുതന്നെ തിരക്കുകള്‍ ഉണ്ടായാലും മാറ്റിവെക്കരുത്. പല വലിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുപോലും ദേവരാജന്‍ മാസ്റ്റര്‍ നേരിട്ടുപോയി വാങ്ങിയ അവാര്‍ഡുകളില്‍ മുഖ്യമായത് പ്രേംനസീര്‍ അവാര്‍ഡാണ്. ആ വലിയ മനുഷ്യനോടുള്ള ആദരമായിട്ടായിരുന്നു മാസ്റ്റര്‍ അവാര്‍ഡിനെ കണ്ടത്'.
ദേവരാജന്‍ മാസ്റ്ററുടെ പത്നിയുടെ വാക്കുകള്‍ ഞാന്‍ ശിരസ്സാവഹിക്കുന്നു. നേരിട്ടുതന്നെ പോയി പുരസ്‌കാരം ഏറ്റുവാങ്ങും..
കൃഷ്ണ ചന്ദ്രന്‍: 'രതിനിര്‍വേദ'ത്തിന്റെ ഡബ്ബിങ്ങ് സമയത്ത് ഞാന്‍ ജയഭാരതി ചേച്ചിയോട് നസീര്‍ സാറിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മുരുഗാലയ സ്റ്റുഡിയോയില്‍ നാളെ ഷൂട്ടിങ് നടക്കുന്നുണ്ട്. ജയഭാരതി ചേച്ചി വന്നോളാന്‍ പറഞ്ഞു. മുദ്രമോതിരം എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരന്‍ തമ്പി എഴുതിയ 'മഴമുകില്‍ ചിത്രവേല' എന്ന ഗാനത്തിന്റെ ഷൂട്ടിങ്ങാണ് നടക്കുന്നത്. ഷൂട്ടിങ്ങ് കഴിഞ്ഞ് ഭാരതി ചേച്ചി കസേരയില്‍ വന്നിരുന്ന നിര്‍ത്താടെ ചിരിക്കുകയാണ്. എന്താണ് കാര്യമെന്ന് തിരക്കി. നസീര്‍ സാര്‍ നായികമാരുടെ മുടിക്കുള്ളിലേക്ക് മുഖം മറയ്ക്കുന്നത് വളരെ വികാരപരിവശനായി റൊമാന്റിക്ക് സീന്‍ ചെയ്യാനാണ് എന്നാണ് എല്ലാവരുടെയും വിചാരം. പക്ഷേ സത്യം അതല്ല, ആ ഗ്യാപ്പില്‍ പുള്ളി പറഞ്ഞത് 'ഭാരതീ, വരികളൊന്നും ഓര്‍മ്മ കിട്ടുന്നില്ലലോ എന്നായിരുന്നത്രേ!
തയ്യാറാക്കിയത്: അഖില സെല്‍വം
Content Highlights: mathrubhumi lulu reader's fest krishnachandran and ravi menon converstaion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..