ചാള്‍സ് ശോഭ്‌രാജ്;സ്വന്തം ജീവിതം പുസ്തകമായപ്പോള്‍ കിട്ടിയ റോയല്‍ട്ടിവെച്ചുള്ള കളികള്‍!


സുനില്‍ ഗുപ്ത/ മനോജ് മേനോന്‍

സ്വന്തം ജീവിത കഥ പുസ്തകമാക്കിയതിന് കിട്ടിയ റോയല്‍ട്ടി പണം കയ്യിലുണ്ടായിരുന്നു.അത് വച്ചായിരുന്നു കളി.ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അയാള്‍ കൈക്കൂലിയായി പണം കൊടുക്കുമായിരുന്നു.

ചാൾസ് ശോഭ്‌രാജ്, സുനിൽ ഗുപ്ത

നേപ്പാള്‍ ജയിലില്‍നിന്ന് മോചിതനാകുന്ന ചാള്‍സ് ശോഭ്‌രാജിന്റെ നാടകീയ ജീവിതത്തിന് നേരിട്ട് സാക്ഷിയായ തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥനാണ് സുനില്‍ ഗുപ്ത.സുനില്‍ ഗുപ്തയും പത്രപ്രവര്‍ത്തകയായ സുനേത്രാ ചൗധരിയും ചേര്‍ന്നെഴുതിയ ബ്ലാക്ക് വാറണ്ട് എന്ന പുസ്തകത്തിലെ ഒരു അധ്യായം ശോഭ്‌രാജിന്റെ തിഹാര്‍ ജയില്‍ കഥയാണ്.സുനില്‍ ഗുപ്തയുമായി 2019-ല്‍ മാതൃഭൂമി വാരാന്തപ്പതിപ്പിനായി നടത്തിയ അഭിമുഖത്തിന്റെ ഒരു ഭാഗം.

പുറത്തെ ചൂടിനെക്കാള്‍ അകത്തെ ചൂടായിരുന്നു കടുപ്പം. ഒരൊറ്റ നിമിഷം കൊണ്ട് ഉടലാകെ തീപിടിച്ചത് പോലെ, അയാള്‍ നിന്ന നില്‍പില്‍ ഉരുകി.ഇവിടെ ജോലിക്ക് ഒഴിവില്ലെന്ന ജയില്‍ സൂപ്രണ്ട് ബി.എല്‍.വിജിന്റെ ശബ്ദം ചെവിയില്‍ വീണ്ടും മുഴങ്ങി. അത് കേട്ട് കയ്യിലിരിക്കുന്ന നിയമന ഉത്തരവിനെക്കാള്‍ മുഖം വെളുത്ത് വിളറി. ജയില്‍ക്കാറ്റ് എവിടെയോ തടവിലായതു പോലെ.

ആവര്‍ത്തന വിരസത തോന്നിയപ്പോള്‍ റെയില്‍വെയിലെ ജോലി രാജിവച്ച് സമൂഹസേവനത്തിനുതകുന്നതെന്തെങ്കിലും വേണമെന്ന ഉള്‍ത്തോന്നലില്‍ തേടിപ്പിടിച്ചതാണ് തിഹാര്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് തസ്തിക. സൂപ്രണ്ടിന്റെ നിഷേധത്തോടെ, കിട്ടാനിരുന്ന ജോലി പോയി. കയ്യിലിരുന്ന ജോലി നേരത്ത പോയി. എന്തു ചെയ്യും? 'സര്‍,എന്റെ കയ്യില്‍ നിയമന ഉത്തരവുണ്ട്. പിന്നെ എങ്ങനെയാണ് വേക്കന്‍സി ഇല്ലാതാകുന്നത്?'- മെലിഞ്ഞുണങ്ങിയ ചെറുപ്പക്കാരന്‍ പരവേശത്തോടെ, പകുതി തര്‍ക്കത്തിന്റെയും പകുതി സങ്കടത്തിന്റെയും സ്വരമുയര്‍ത്തി. 'പഴയ ജോലി രാജിവയ്ക്കുന്നതിന് മുമ്പ് ഇവിടെ അന്വേഷിക്കണമായിരുന്നു. നിങ്ങള്‍ അത് ചെയ്തോ? 'എന്ന് വെറുപ്പോടെ ചോദിച്ച് സൂപ്രണ്ട് കസേരയില്‍ തിരിഞ്ഞ് ഇരുന്നു. സ്വയം തകര്‍ന്ന് പുറത്തെക്കിറങ്ങിയ ഇരുപത്തിനാലുകാരന്റെ പിന്നീടുള്ള ജീവിതം ബ്ലാക്ക്‌വാറണ്ട് എന്ന പുസ്തകം പറയും.

സൂപ്രണ്ടിന്റെ മുറിയുടെ പുറത്തേക്ക് ഇറങ്ങുമ്പോഴേക്ക്, സുമുഖനും സുന്ദരവേഷധാരിയുമായ ഒരു യുവാവ് കടന്നുവന്നു. കോട്ടും ജാക്കറ്റുമൊക്കെയായി ഔപചാരിക വേഷം. ഇരുപതുകളിലാണ് വയസ്സ്. പരിചയം തോന്നിക്കുന്ന മുഖം.'നിങ്ങളെന്തിനാണ് ഇവിടെ വന്നത്?' ഉഗ്രന്‍ ഇംഗ്ലീഷില്‍ ചോദ്യം. ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞു. 'സാരമില്ല, ഞാന്‍ സഹായിക്കാം.'എന്ന് പറഞ്ഞിട്ട് അയാള്‍ സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറിപ്പോയി. ആരുടെയും അനുവാദം വാങ്ങാതെ തന്നെ. അയാള്‍ ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരിക്കുമെന്ന് തന്നെ ഞാനുറപ്പിച്ചു.

കാത്തിരിപ്പ് ഒരു മണിക്കൂറോളം നീണ്ടപ്പോഴേക്ക് സൂപ്രണ്ടിന്റെ മുറിയിലേക്ക് പോയ യുവാവ് തിരിച്ചുവന്നു. കയ്യില്‍ ഒരു കടലാസ്. എന്നെ അസിസ്റ്റന്റ് സൂപ്രണ്ടായി നിയമിച്ചു കൊണ്ടുള്ള നിയമന ഉത്തരവ് ! കത്ത് കയ്യില്‍ തന്നിട്ട് അയാള്‍ നടന്നുമറഞ്ഞു. ആരാണ് ജയില്‍ അധികാരികള്‍ക്കിടയില്‍ ഇത്ര സ്വാധീന ശക്തിയുള്ള ആ യുവാവ്? ഒരു പിടിയും കിട്ടിയില്ല. അരികിലൂടെ നടന്നുപോയ ഒരു അന്തേവാസിയെ സമീപിച്ച് ആരാണയാള്‍ എന്ന് ചോദിച്ചു. 'അതാണ് ചാള്‍സ് ശോഭ്‌രാജ്. അയാളാണ് ജയിലിലെ സൂപ്പര്‍ ഐ.ജി .ഇവിടുത്തെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അയാളാണ് . 'ഞാന്‍ അത്ഭുതത്തില്‍ കുളിച്ച് തെല്ല് നേരം നിന്നു പോയി. നിരവധി കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്ന, നിരവധി രാജ്യങ്ങളിലെ വാണ്ടഡ് ക്രിമിനലായ ചാള്‍സ് ശോഭ്‌രാജ് എനിക്ക് ജോലി കിട്ടാന്‍ നിര്‍ണായക പങ്ക് വഹിച്ചിരിക്കുന്നു!

തിഹാര്‍ ജയിലില്‍ അസിസ്റ്റന്റ് സൂപ്രണ്ടായും ഡപ്യൂട്ടി സൂപ്രണ്ടായും ലാ ഓഫീസറായും പ്രസ് ഓഫീസറായും 35 വര്‍ഷം പ്രവര്‍ത്തിച്ച സുനില്‍ ഗുപ്ത മാധ്യമ പ്രവര്‍ത്തകയായ സുനേത്ര ചൗധരിക്കൊപ്പം എഴുതിയ ബ്ലാക്ക് വാറണ്ട്: കണ്‍ഫെഷന്‍സ് ഓഫ് എ ജയിലര്‍ എന്ന പുസ്തകമാണ് ഇത്രയും നേരം നമ്മളോട് സംസാരിച്ചത്. എട്ട് തൂക്കിക്കൊലകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ജയില്‍ ഉദ്യോഗസ്ഥന്‍ ആത്മകഥ എഴുതുമ്പോള്‍ ബ്ലാക്ക് വാറണ്ട് എന്നല്ലാതെ മറ്റെന്ത് പേരിടാന്‍? ഇന്ത്യയിലെ തടവറകളുടെആരുമറിയാത്ത ഉള്ളടക്കങ്ങള്‍ തുറന്ന് പറയുന്ന പുസ്തകം അസാധാരണ അനുഭവങ്ങളുടെ ശേഖരമാണ്.

ഞാന്‍ രണ്ട് ജീവപര്യന്തങ്ങള്‍ തിഹാറില്‍ അനുഭവിച്ചു. സാധാരണ ജീവപര്യന്തം ശിക്ഷ 14 വര്‍ഷമാണ്. അത് ചിലപ്പോള്‍ 15-16 വര്‍ഷം വരെ നീളാം. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ രണ്ട് ജീവപര്യന്തങ്ങള്‍ തിഹാര്‍ ജയിലില്‍ പൂര്‍ത്തിയാക്കി- പൊട്ടിച്ചിരി കൊണ്ട് സംസാരം ഇടക്കിടെ മുറിച്ച് സുനില്‍ ഗൂപ്ത പുസ്തകങ്ങള്‍ക്കപ്പുറത്തേക്കും ജീവിതം പറത്തി.

കേട്ടിരുന്നപ്പോള്‍, എഴുപതുകളിലും എണ്‍പതുകളിലും വായനക്കാരെ ത്രസിപ്പിച്ച അപസര്‍പ്പകകഥകളുടെ ശൈലിയില്‍ പറഞ്ഞാല്‍, ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്ത ചാള്‍സ് ശോഭ്‌രാജിലേക്ക് മനസ്സ് പാഞ്ഞു. ബിക്കിനി കില്ലര്‍. നേപ്പാള്‍ ജയിലില്‍ ഇപ്പോഴും കഴിയുന്ന ആ മനുഷ്യന്‍ കഥയോ പൊരുളോ?

എങ്ങനെയുള്ള വ്യക്തിയാണ് ചാള്‍സ് ശോഭ്‌രാജ്?

അന്ന് തിഹാര്‍ ജയില്‍ അടക്കി വാണത് ശോഭ്‌രാജ് ആയിരുന്നു. അന്നത്തെ ജയിലിന്റെ അവസ്ഥ അതായിരുന്നു.പണത്തിന് പണം. ഭീഷണിക്ക് ഭീഷണി. പ്രലോഭനം മേമ്പൊടി. തടവുകാരെ മാത്രമല്ല, ജയില്‍ ഉദ്യോഗസ്ഥരെയും അയാള്‍ നിയന്ത്രിച്ചു. സ്വന്തം ജീവിതകഥ പുസ്തകമാക്കിയതിന് കിട്ടിയ റോയല്‍ട്ടി പണം കയ്യിലുണ്ടായിരുന്നു. അത് വച്ചായിരുന്നു കളി. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അയാള്‍ കൈക്കൂലിയായി പണം കൊടുക്കുമായിരുന്നു. എന്നാല്‍ ഇങ്ങനെ പണം കൊടുക്കുന്നതിന് മുമ്പുള്ള സംസാരങ്ങള്‍ അയാള്‍ ഡിക്ടാഫോണ്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കും.. എന്നിട്ട് അതുപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്യും. ചാള്‍സിന് ഒത്തിരി പെണ്‍സൗഹൃദങ്ങളുണ്ടായിരുന്നു. അവര്‍ നിരന്തരം കാണാന്‍ വരും. അതിന് ജയില്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്ത് കൊടുക്കും. അന്ന് തിഹാറില്‍ കാര്യമായി നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിന് പിന്നിലെ മുറി പോലും പെണ്‍സുഹൃത്തുക്കളെ കാണാനായി ചാള്‍സിന് തുറന്നു കൊടുക്കുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. സന്ദര്‍ശിക്കുന്ന കൂട്ടുകാരികള്‍ക്ക് അന്നത്തെ അമ്പത് രൂപ (ഇന്ന് ആയിരം രൂപയ്ക്ക് തുല്യം) അയാള്‍ സമ്മാനമായി കൊടുക്കും!

ജോലികിട്ടാന്‍ സഹായിച്ച ആള്‍ എന്ന നിലയില്‍ താങ്കളെ ചാള്‍സ് സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലേ ?

അയാള്‍ ഓരോരുത്തരെയും നിരീക്ഷിക്കും. പഠിക്കും. ഓരോരുത്തരുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കും. എന്നിട്ടാണ് സ്വാധീനിക്കാന്‍ ശ്രമിക്കുക. പണം വേണ്ടവന് പണം കൊടുക്കും. എന്നെ പണം നല്‍കി സ്വാധീനിക്കാനാവില്ല എന്നയാള്‍ക്ക് അറിയാം. ഞാന്‍ നിയമ ബിരുദമുള്ളയാളാണ്. ഇംഗ്ലീഷ് സംസാരിക്കും. അതൊക്കെ അയാള്‍ക്ക് എന്നോട് ആദരവുണ്ടാക്കിയിരുന്നു. എന്റെ ഓഫീസ് മുറിയില്‍ ഞാന്‍ നിയമപുസ്തകങ്ങളുടെ ലൈബ്രറി തയ്യാറാക്കിയിരുന്നു. പുസ്തകം നോക്കാന്‍ ഇടക്കിടെ അയാള്‍ കയറി വരും. ഏറ്റവും പുതിയ കോടതി വിധി പഠിക്കാനാണ് വരുന്നത്. വരവ് നിരന്തരമായതോടെ ഞാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. എന്നാല്‍ അതൊന്നും അയാള്‍ കൂസാറില്ല.

അയാളെക്കുറിച്ചുള്ള ഒരു നല്ല കാര്യവും ഒരു മോശം കാര്യവും പറയു.

he was a very nice fellow. cunning. സൂപ്രണ്ട് മുതല്‍ താഴോട്ടുള്ള എല്ലാ ജയില്‍ ഉദ്യാഗസ്ഥര്‍ക്ക് മേലും അയാള്‍ക്ക് സ്വാധീനമുണ്ടായിരുന്നു. സുന്ദരന്‍. ആ സുമുഖത അയാളുടെ ആയുധങ്ങളിലൊന്നായിരുന്നു.പിന്നെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനും അസാമാന്യ ശേഷിയുണ്ടായിരുന്നു. സഹതടവുകാര്‍ക്ക് ഇംഗ്ലീഷില്‍ ഹര്‍ജികള്‍ തയ്യാറാക്കി കൊടുക്കും. തതടവുകാര്‍ക്ക് മാത്രമല്ല,ഇംഗ്ലീഷ് അറിയാത്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ചാള്‍സായിരുന്നു ആശ്രയം! നിയമം പഠിച്ചിട്ടില്ലെങ്കിലും കോടതികളില്‍ സ്വന്തം കേസ് സ്വയം വാദിച്ചിരുന്നു. കോടതിയില്‍ ചാള്‍സ് വാദിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകര്‍ നിയമപുസ്തകങ്ങള്‍ എടുത്തുകൊടുത്ത് അയാളെ സഹായിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിലൊരാള്‍ ജഡ്ജി പോലുമായി. പേര് ഞാന്‍ പറയുന്നില്ല. അന്ന് ഒരു സെലിബ്രിട്ടിയായിരുന്നു ചാള്‍സ് ശോഭ്‌രാജ്. രാജ്യത്തെ പല കോടതികളിലും പോകുമ്പോള്‍ കാണാന്‍ ആള്‍ കൂടും. സ്ത്രീകളും ഉണ്ടാകും. മോശം കാര്യം, സ്ത്രീകളോടുള്ള അയാളുടെ മോശം സമീപനമായിരുന്നു. സ്ത്രീകളെ ദുരുപയോഗിക്കും.

ജയില്‍ ഉദ്യോഗസ്ഥരെ മധുരപലഹാരത്തില്‍ മയക്കുമരുന്ന് കൊടുത്ത് മയക്കി കിടത്തിയിട്ടാണ് ചാള്‍സ് ശോഭ്‌രാജ് ജയില്‍ ചാടിയത് എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. ഒടുവില്‍ ഗോവയില്‍ നിന്നാണ് പിടികൂടിയത്. തിരിച്ച് തിഹാറില്‍ കൊണ്ടു വരുമ്പോള്‍ എന്തായിരുന്നു പ്രതികരണം ?

തിരിച്ചുവന്നപ്പോള്‍ അയാള്‍ക്ക് ഒരു ഖേദവുമുണ്ടായിരുന്നില്ല. സാധാരണമട്ടിലായിരുന്നു പെരുമാറ്റം. താന്‍ ജയില്‍ ചാടിയില്ലെന്നും ചാടിയെന്ന് പ്രചരിപ്പിക്കുന്നത് പോലീസിന്റെയും ശത്രുക്കളുടെയും ഗൂഢാലോചനയാണെന്നുമായിരുന്നു അയാള്‍ എല്ലാവരോടും പറഞ്ഞത്!

Content Highlights: Sunil Gupta, Manoj Menon, Charles Sobhraj, Mathrubumi, Black Warrant

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented