-
കഥാകൃത്തും നോവലിസ്റ്റുമായ വി.ജെ. ജയിംസുമായി എഴുത്തുകാരന് ബെന്യാമിന് നടത്തുന്ന അഭിമുഖത്തില്‍ നിന്നും
ബെന്യാമിന്: ജയിംസ് സാഹിത്യ ലോകത്തേക്ക് കടന്നുവന്നിട്ട് 20 വര്‍ഷമായി.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നിരീശ്വരന് എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡുമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍. ഏഴു നോവലുകള്‍, ഒട്ടേറെ ചെറുകഥകള്‍. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനെന്ന നിലയ്ക്കുള്ള ജിവിതത്തിരക്കുകള്ക്കിടയില് എങ്ങനെയാണ് എഴുത്തിനെ കൂടെ കൊണ്ടുനടക്കുന്നത്?
വി.ജെ. ജയിംസ് : ഏത് തിരക്കിനിടയിലും ഒരുവന് തന്റെ പ്രിയപ്പെട്ടവയ്ക്കായി സമയം കണ്ടെത്തുകയും ഭക്ഷണം കഴിക്കുകയും ശ്വസിക്കുകയുമൊക്കെ ചെയ്യുകയില്ലേ? എഴുത്തും സമാന നിലയില്‍ ഒരു ജീവനക്രിയയുടെ ഭാഗമാണ്. ചിലപ്പോള്‍ മറ്റുള്ളവര്‍ ആഘോഷിക്കുന്ന ഒരുപാട് കാര്യങ്ങളെ അതിനുവേണ്ടി ത്യജിക്കേണ്ടി വരും. അത്രമേല്‍ പ്രിയം അക്ഷരത്തോട് വച്ചുപുലര്ത്തുന്നവരാണല്ലോ നമ്മള് എഴുത്തുകാര്‍. എഴുത്തിന് പ്രത്യേകമായ സമയമോ കാലമോ ഒന്നും ഞാന്‍ വച്ചിട്ടില്ല. യാതൊരു നിര്‍ബന്ധബുദ്ധിയുമില്ലാതെ അത് സ്വാഭാവികമായി കടന്നുവരുമ്പോള്‍ മാത്രം എഴുത്തില്‍ ഇടപെടുക എന്നതാണ് രീതി. അക്ഷരത്തിന് സ്വയം പ്രകാശനശേഷിയുണ്ടെന്നും അത് സ്വയം പ്രവര്ത്തിച്ചുകൊള്ളുമെന്നുമാണ് എന്റെ വിശ്വാസം. അക്ഷരം ആവശ്യപ്പെടുമ്പോള്‍ ഒരു പേനയുടെ സ്ഥാനത്ത് നിന്നുകൊടുക്കുക മാത്രമേ എഴുത്തുകാരന് ചെയ്യാനുള്ളു. അത്രമേല്‍ അനിശ്ചിതമായഎഴുത്തിനെക്കുറിച്ച് അതിനാല്‍ മേനിനടിക്കാന്‍ ഒന്നുമില്ലെന്നാണ് എന്റെ തോന്നല്‍.
'താങ്കള്‍ക്ക് പറയാനുള്ള മീഡിയം എന്ന നിലയില്‍ എന്തുകൊണ്ട് ഫിക്ഷന്‍ തിരഞ്ഞെടുത്തു ? ഫിക്ഷന്‍ താങ്കള്‍ക്ക് എന്തു തരം ആഹ്ലാദമാണ് നല്‍കുന്നത്?
വായനയുടെ ആദ്യകാലം മുതലേ ഫിക്ഷനോട് മമത തോന്നിയിരുന്നു. ചില ഇഷ്ടങ്ങള്‍ പ്രത്യേക തിരഞ്ഞെടുപ്പ് കൂടാതെ തന്നെ സ്വയം സംഭവിക്കുകയാണ്. അതിനര്‍ത്ഥം അത് നമ്മില്‍ മുന്‍പേ തന്നെ കുടികൊണ്ടിരുന്നുവെന്നും യഥാകാലം നാമത് കണ്ടെത്തുകയായിരുന്നു എന്നുമാണ്. ആമയും മുയലും കഥകേട്ട് രസിക്കുന്ന ഒരു പ്രായമുണ്ട് മനുഷ്യന്. പിന്നീട് ചിത്രകഥകളില്‍ കൗതുകപ്പെടാന്‍ തുടങ്ങും. അതുകഴിഞ്ഞാല്‍ ജീവിതഗന്ധിയായ സാഹിത്യത്തിലാവും കുറേക്കാലം ഭ്രമം. അതിനും ശേഷമാണ് ജീവിതത്തിന്റെ പൊരുള്‍ തിരയുന്ന ദാര്‍ശനിക വായനകളോട് താത്പര്യം ജനിക്കുന്നത്. അവിടെ നിന്നുള്ള തുടര്‍യാത്രയിലാണ് ഫിലോസഫിയുടെയും മതത്തിന്റെയും ബാഹ്യതകള്ക്കപ്പുറം നില്ക്കുന്ന വെറും മനുഷ്യന്റെ ആത്മീയതയെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. ജീവിതത്തെ സത്യസന്ധമായി അന്വേഷിക്കുന്ന ഒരാള്‍ക്ക് നേരിടേണ്ടിവരുന്ന ചില ദാര്‍ശനിക സമസ്യകളുണ്ട്. നല്ലതും ചീത്തയും എന്ന് വിവക്ഷിക്കുന്ന എല്ലാ ജീവതലങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവയെ സമഗ്രതയോടെ സ്വയം അനുഭവിക്കാനും മറ്റൊരാളെ അനുഭവിപ്പിക്കാനും ഫിക്ഷന്‍ നല്ലൊരു മാധ്യമമായി എനിക്കനുഭവപ്പെടുന്നുണ്ട്.
നിരീശ്വരന് എന്ന നോവലില്‍ ഇങ്ങനെ വിപരീതങ്ങളായി തോന്നുന്ന വിശ്വാസം അവിശ്വാസം എന്നീ ദ്വന്ദ്വങ്ങളെ രണ്ടിനും മീതെ നിന്ന് നോക്കിക്കാണാനാണ് ശ്രമിച്ചത്. ഏതെങ്കിലും ഒരുപക്ഷത്തിന്റെ വക്താവായി നില്‍ക്കുന്നവര്‍ക്ക് നോവല്‍ എതിര് പക്ഷത്ത് നില്ക്കുന്നതായി ചിലപ്പോള്‍ അനുഭവപ്പെടാം. ദത്താപഹാരത്തിലെ പ്രകൃതി അനുഭവം വേണമെങ്കില്‍ ഒരു ദാര്‍ശനിക പുസ്തകമായി എഴുതാം. എന്നാല്‍ ഫിക്ഷന്റെ തലത്തില്‍ അത് വായനക്കാരെ അനുഭവിപ്പിക്കുക എന്നതാണ് വെല്ലുവിളിയായി തോന്നിയത്. ആന്റിക്ലോക്കിലാവട്ടെ, മനുഷ്യന്റെ അടിസ്ഥാനജീവിത സമസ്യകളെ ഒരു ശവപ്പെട്ടിപ്പണിക്കാരന്റെ കാഴ്ചപ്പാടിലൂടെ പരിശോധിക്കാനാണ് ശ്രമിച്ചത്. ബൈബിളിന്റെ ഭാഷാസൗന്ദര്യം എന്നെ ആവേശിച്ച കൃതിയാണത്. എഴുത്ത് ഒരേ സമയം അവനവന് നടത്തുന്ന അന്വേഷണം കൂടിയാണ്. അവനവനെ സന്തോഷം കൊണ്ട് നിറയ്ക്കാനായി ഒരു വിഷയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് ചാടിച്ചാടി നടക്കുകയാണ് മനുഷ്യര്‍.
ആ അര്‍ത്ഥത്തില്‍ എഴുത്തും ഒരുതരം പൂര്‍ണത തേടലാണ്. സാധാരണ ഗതിയില്‍ മനസ്സിന്റെ ബാഹ്യതകളില്‍ പ്രത്യക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്ത വിഷയങ്ങളും വരികളും എഴുത്തിലൂടെ കടന്നുവന്ന് ജീവിതത്തെ പൂരിപ്പിക്കാന്‍ സഹായിക്കുന്നു എന്നതാണ് അനുഭവം. അതുതന്നെയാണ് എഴുത്തിന്റെ അപ്രതീക്ഷിതത്വവും ആഹ്ലാദവും. പിന്നീടൊരിക്കല്‍ എടുത്തു വായിക്കുമ്പോള്‍ ഇത് താന്‍ തന്നെയാണോ എഴുതിയത് എന്ന് തോന്നും വിധം പലതും എഴുത്തിന്റെ സ്വകാര്യ മുഹൂര്‍ത്തങ്ങളില്‍ ഉറവപൊട്ടും. അക്ഷരം കടയുന്ന പാലാഴിമഥനത്തിലെ ഇത്തരം ദിവ്യമുഹൂര്ത്തങ്ങളാണ് എഴുത്തുകാരെ തുടരെഴുത്തുകളിലേക്ക് പ്രേരിപ്പിക്കുന്നത്.
ബഹിരാകാശഗവേഷണവുമായി ബന്ധപ്പെട്ട് നില്ക്കുന്ന നോവലാണല്ലോ ലെയ്ക്ക. ശാസ്ത്രത്തിന്റെ നൈതികതയും ഏത് ജീവിക്കും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശവുമൊക്കെ അതില്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. ഏത് സ്വാധീനത്തില്‍ പെട്ടാണ് എഞ്ചിനീയറായ/ശാസ്ത്രജ്ഞനായ ജയിംസ് സാഹിത്യത്തില്‍ എത്തിപ്പെടുന്നത്? സാഹിത്യം താങ്കള്‍ക്ക് നല്കുന്ന ആഹ്ളാദം എന്ത്?
സാഹിത്യത്തിന്റെ ഒരു പ്രത്യേകത നിങ്ങള്‍ ഏതെങ്കിലുമൊരു ജീവിതാന്തസില്‍ പ്രവേശിക്കും മുന്‍പേ അത് നിങ്ങള്‍ക്കൊപ്പം ഉണ്ട് എന്നതാണ്. അക്ഷരത്തിന്റെ ഒരു കാന്തികമണ്ഡലം എന്നും ഒരുവനെ ചുറ്റി നിലവിലുണ്ടാവും. അത് വായനയോടുള്ള പ്രണയമായും ചെറിയ ചെറിയ എഴുത്തുപരിശ്രമങ്ങളായും സ്വയം പ്രകാശിക്കാന്‍ തുടങ്ങുന്ന ഒരു കാലഘട്ടമുണ്ട്. എന്നാല്‍ എഴുത്ത് ഉപജീവനമാക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതി ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ നിലവിലില്ല. പ്രീഡിഗ്രിക്ക് നല്ല മാര്‍ക്കുണ്ടായിരുന്നതിനാല്‍ അതിനുതകുന്നതെന്ന പരിഗണനയില്‍ എഞ്ചിനീയറിംഗ് തിരഞ്ഞെടുത്തു. റോക്കറ്റ് നിര്‍മ്മാണ കേന്ദ്രത്തില്‍ എഞ്ചിനീയറിംഗിന്റെ ഭാഷയാല്‍ എഴുതപ്പെടുന്ന കവിതയാണ് റോക്കറ്റെന്ന് പലയിടങ്ങളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ ഭാഷയുപയോഗിച്ച് സൃഷ്ടി നടത്തുമ്പോള്‍ അത് കഥയും നോവലുമായി മാറുന്നു. രണ്ടും രണ്ട് ഭാഷയാണെന്നേയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രവും സാഹിത്യവും പരസ്പരപൂരകമായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്.
എഞ്ചിനീയറിംഗില്‍ അവശ്യം വേണ്ട കൃത്യതയും നിര്‍മ്മിതി രഹസ്യങ്ങളും ശാസ്ത്രബോധവും എഴുത്തിന് വ്യത്യസ്തമായൊരു പോഷണമായിത്തീരാറുണ്ട്. സാഹിത്യത്തില്‍ ആഴത്തിലുള്ള ഒരു ആത്മാന്വേഷണം, തികച്ചും സ്വകീയമായത് സംഭവിക്കുന്നു എന്നതുതന്നെയാണ് അതിന്റെ ആകര്‍ഷണം. ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായങ്ങള്‍ എന്ന കഥയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ കുറിച്ചിട്ടിരുന്നു, മനസ്സില്‍ കഥ നിറയുമ്പൊഴും ഒന്നും എഴുതാതിരിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ എഴുത്തുകാരന് എന്ന്. എല്ലാ ശബ്ദങ്ങളെയും കൂട്ടിയിട്ടാല്‍ കിട്ടുന്ന നിശബ്ദതയുടെ ഒരു നിറവുണ്ട്. അതിലേക്ക് എത്തിച്ചേരുന്ന കാലം വരെ മാത്രമേ എഴുത്തിന് പ്രസക്തിയുള്ളു. ആ അര്‍ത്ഥത്തില്‍ എഴുതാതിരിക്കാനുള്ള പരിശ്രമങ്ങളുടെ പരാജയമാണ് എഴുത്തെന്നും പറയാം.
Content Highlights: Malayalam writer VJ James Benyamin Interview Mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..