35 വര്‍ഷത്തെ എന്റെ ജീവിതാനുഭവങ്ങള്‍ കൂടിയാണ് ഈ നോവല്‍- ടി.ഡി രാമകൃഷ്ണന്‍


അജ്‌നാസ് നാസര്‍

ഇത്രകാലത്തെ എന്റെ റെയില്‍വേ ജീവിതാനുഭവങ്ങളെക്കുറിച്ച് തന്നെ പല നോവലുകള്‍ എഴുതിയാല്‍ തീരില്ല. അത്രത്തോളം അനുഭവങ്ങളുണ്ട്. 19 സ്ഥലങ്ങളിലായി 35 വര്‍ഷത്തോളം ജോലി ചെയ്തു. അദ്യകാലത്ത് എന്റെ ജോലി തന്നെ യാത്രയാണ്. ഒരുപാട് കാലം ടിക്കറ്റ് എക്‌സാമിനറായാണ് ജോലി ചെയ്തിരുന്നത്. മാസം ഒരു പതിനായിരം കിലോമീറ്റര്‍ ജോലിക്കിടെ യാത്രചെയ്തിരുന്നു.

ഫ്രാന്‍സിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയും ഉള്‍പ്പടെ മലയാളത്തിലെ ജനപ്രിയ നോവലുകളുടെ സൃഷ്ടാവാണ് ടി.ഡി രാമകൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുകയാണ്. ടി.ഡി രാമകൃഷ്ണന്‍ മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ വായിക്കാം.

താങ്കളുടെ പുതിയ നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുകയാണ്. എന്താണ് ഈ നോവലിനെ കുറിച്ച് പങ്കുവെയ്ക്കാനുള്ളത്?

ഇത് എന്റെ ആറാമത്തെ നോവലാണ്. 35 വര്‍ഷത്തോളം റെയില്‍വേയില്‍ ജോലി ചെയ്ത ആളാണ് ഞാന്‍. ഇതുവരെ റെയില്‍വേയിലുള്ള എന്റെ ജീവിതാനുഭവങ്ങള്‍ എന്റെ നോവല്‍രചനയുടെ ഭാഗമായിട്ടില്ല. റെയില്‍വേയില്‍ പല കാഡറിലുള്ള ജോലികള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ടിക്കറ്റ് കളക്ടറായിട്ടാണ് ജോലിയില്‍ കയറിയത്. പിന്നീട് ഗാര്‍ഡ് ആയിരുന്നു. കൺട്രോളറായി, ഡെപ്യൂട്ടി കൺട്രോളറായി, ചീഫ് കൺട്രോളറായാണ് വിരമിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലുമെല്ലാമായി പല സ്ഥലങ്ങളില്‍ ജോലി ചെയ്തു. റെയില്‍വേ ഒരു സമാന്തര ലോകമാണ്. യാത്രക്കാര്‍ തീവണ്ടിയില്‍ കയറി യാത്ര ചെയ്യുമ്പോള്‍ അവര്‍ അറിയാത്ത മറ്റൊരു ലോകമുണ്ട് റെയില്‍വേയ്ക്ക്. ലോകത്തില്‍ കാണുന്ന എല്ലാ കാര്യങ്ങളും അവിടെയും സംഭവിക്കുന്നുണ്ട്. വളരെ സങ്കീര്‍ണമായ അധികാര സംവിധാനത്തില്‍കൂടിയാണ് അത് നടന്നുപോകുന്നത്. ഞാന്‍ ജോലിക്ക് ചേരുന്ന കാലത്ത് വളരെ മോശമായിരുന്നു തൊഴിലാളികളുടെ ജീവിതാവസ്ഥ. ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ ഏറ്റവും വലിയ തൊഴില്‍ സമരം നടന്നത് റെയില്‍വേയിലാണ്. റെയില്‍വേ സമരത്തിന് ശേഷമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. റെയില്‍വേ സമരം ഇന്ദിരാഗാന്ധി അടിച്ചമര്‍ത്തിയതുമെല്ലാം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. ഞാന്‍ അതിനുശേഷമാണ് റെയില്‍വേയില്‍ ചേരുന്നത്. ആ തരത്തിലുള്ള അനുഭവങ്ങളും ജീവിതാവസ്ഥകളെല്ലാം വരുന്ന നോവലാണിത്.

അത്തരത്തില്‍ നോക്കുമ്പോള്‍ ടി.ഡിയുടെ ആത്മകഥാംശങ്ങള്‍ ഏറെയുള്ള നോവലായിരിക്കുമോ ഇത്?

എന്റെ ഒരു ആത്മകഥാരൂപത്തിലുള്ള നോവല്‍ എന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ ഞാന്‍ ജീവിച്ച ജീവിതത്തിന്റെ സ്വാധീനം തീര്‍ച്ചയായും ഇതിലുണ്ടാകും. ആത്മകഥ എന്നതിനപ്പുറത്ത് മറ്റൊരു തലത്തിലാണ് അത് നോവലില്‍ കൈകാര്യം ചെയ്യുന്നത്. പക്ഷേ, അതിന്റെ വലിയ അംശങ്ങള്‍ അതിലുടനീളം ഉണ്ടാകും. എന്റെ അനുഭവങ്ങളില്‍കൂടിത്തന്നെ ഉണ്ടാകുന്ന നോവലാണിത്.

നോവലെഴുത്തിനായി ഏറെ അധ്വാനവും ഗവേഷണവും നടത്തുന്ന ആളാണ് ടി.ഡി. ഈ നോവലിനായുള്ള അന്വേഷണങ്ങള്‍ എങ്ങനെയൊക്കെയായിരുന്നു?

weekly
മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാം">
മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാം

ഇത്രകാലത്തെ എന്റെ റെയില്‍വേ ജീവിതാനുഭവങ്ങളെക്കുറിച്ച് തന്നെ പല നോവലുകള്‍ എഴുതിയാല്‍ തീരില്ല. അത്രത്തോളം അനുഭവങ്ങളുണ്ട്. 19 സ്ഥലങ്ങളിലായി 35 വര്‍ഷത്തോളം ജോലി ചെയ്തു. അദ്യകാലത്ത് എന്റെ ജോലി തന്നെ യാത്രയാണ്. ഒരുപാട് കാലം ടിക്കറ്റ് എക്‌സാമിനറായാണ് ജോലി ചെയ്തിരുന്നത്. മാസം ഒരു പതിനായിരം കിലോമീറ്റര്‍ ജോലിക്കിടെ യാത്രചെയ്തിരുന്നു. പലേതരത്തിലുള്ള മനുഷ്യരുമായി ഇടപഴകി. അതിനപ്പുറത്ത് ഇതിന് മാത്രമായി പ്രത്യേകമായ ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല. ഇത്രകാലത്തെ എന്റെ ജീവിതം തന്ന അനുഭവങ്ങള്‍ തന്നെ ധാരാളമായിരുന്നു. റെയില്‍വേ എന്ന സ്ഥാപനത്തിന് വളരെ വിചിത്രമായ അധികാര സ്വഭാവമുണ്ട്. അപ്പോള്‍ അതിന്റെ ഉള്ളില്‍ ഇരുന്നുകൊണ്ട് എഴുതാന്‍ സാധ്യമല്ലാത്തതുകെണ്ട് കൂടിയാണ് ഞാന്‍ റെയില്‍വേയുമായി ബന്ധമുള്ള കാര്യങ്ങള്‍ ആ കാലങ്ങളില്‍ എഴുതാതിരുന്നത്.

എന്റെ 'മാമ ആഫ്രിക്ക' എന്ന നോവലില്‍ റെയില്‍വേ നിര്‍മ്മാണത്തിനായി ആഫ്രിക്കയിലേക്ക് പോകുന്ന ചില ആളുകളുടെ തുടര്‍ച്ചായായിട്ട് വരുന്ന കഥയാണ്. അതിലും റെയില്‍വേ ഒരു വലിയ ഘടകമല്ല. പക്ഷെ ഈ നോവല്‍ പൂര്‍ണമായും റെയില്‍വേയാണ്.

ചിലപ്പോള്‍ യാദൃശ്ചികമായിരിക്കാം, ഇന്ത്യന്‍ റെയില്‍വേ ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. റെയില്‍വേ സ്വകാര്യവത്കരണം, സ്വകാര്യ തീവണ്ടികള്‍ വരുന്നു, ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു.. അത്തരം കാര്യങ്ങള്‍ ഈ നോവലിനെ സ്വാധീനിക്കുമോ?

അതിന്റെ രാഷ്ട്രീയംകൂടിയാണ് ഈ നോവലില്‍ ഞാന്‍ അഡ്രസ് ചെയ്യുന്നത്. റെയില്‍വേ ബന്ധപ്പെടുത്തി നേരത്തെ മലയാളത്തില്‍ വന്നിട്ടുള്ള കഥകളേറെയും റെയില്‍വേ യാത്രാനുഭവങ്ങളും മറ്റുമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി റെയില്‍വേ എന്ന സ്ഥാപനത്തിലെ സങ്കീര്‍ണതകളാണ് ഈ നോവലില്‍ അഡ്രസ് ചെയ്യുന്നത്. മറ്റുള്ള കാര്യങ്ങളും വരുന്നുണ്ട്. പക്ഷെ ഈ സ്ഥാപനത്തിന് ഒന്നരനൂറ്റാണ്ട് പുറകില്‍ തുടങ്ങിയിട്ട് വരുന്ന മാറ്റങ്ങള്‍ ഇപ്പോള്‍ ഒരു വലിയ ദുരന്തത്തിന്റെ വക്കിലെന്നോണം എത്തിനില്‍ക്കുകയാണ്. ഇതേരൂപത്തില്‍ പോയാല്‍ അത് എത്രകാലം തുടരാന്‍ കഴിയും എന്ന ആശങ്കകളുണ്ട്. സ്വകാര്യവത്കരണം വരുന്നു, സ്വകാര്യ തീവണ്ടികള്‍ വരുന്നു. ഞാന്‍ ചേരുന്ന കാലത്ത് 16 ലക്ഷം ആളുകള്‍ റെയില്‍വേയില്‍ ജോലിചെയ്തിരുന്നു. ഞാന്‍ റിട്ടയര്‍ ചെയ്യുമ്പോഴേക്ക് അത് 13 ലക്ഷമായി ചുരുങ്ങി. പക്ഷെ ട്രാഫിക്ക് ഇരട്ടിയായി. 35 വര്‍ഷത്തിനിടയില്‍ റെയില്‍വേ ജീവനക്കാരുടെ എണ്ണം മൂന്ന് ലക്ഷം കുറയുകയും റെയില്‍വേ ഓടിക്കുന്ന വണ്ടികളുടെ എണ്ണം പലമടങ്ങ് കൂടുകയും ചെയ്തു.

ആദ്യകാലത്ത് റെയില്‍വേയില്‍ ജോലി ചെയ്യുന്നവരുടെ ജീവിതാവസ്ഥ വളരെ മോശമായിരുന്നു. ഇപ്പോഴത് അല്‍പം മെച്ചപ്പെട്ടു എന്ന് പറയാം. പക്ഷെ ജോലി ചെയ്യുന്ന സാഹചര്യങ്ങള്‍ ഇപ്പോഴും ഒരുതരത്തിലും മെച്ചപ്പെട്ടിട്ടില്ല. ഡ്രൈവറാണെങ്കിലോ ഗാര്‍ഡ് ആണെങ്കിലോ ഒക്കെ ഇതാണ് അവസ്ഥ. ഞാന്‍ കുറച്ച്കാലം ഗുഡ്‌സ് വണ്ടികളില്‍ ഗാര്‍ഡ് ആയി ജോലി ചെയ്തിട്ടുണ്ട്. വളരെ ഏകാന്തമായി പുറകിലൊരിടത്ത് വെള്ളവും വെളിച്ചവുമില്ലാതെ യാത്രചെയ്യലാണ് ആ ജോലി. പഴയ ഐതിഹാസിക റെയില്‍വേ സമരത്തിന് ശേഷം റെയില്‍വേയിലെ ട്രേഡ് യൂണിയനുകളും വളരെ ദുര്‍ബലമാവുകയാണുണ്ടായത്. ശക്തമായ ഒരു പ്രതിരോധവും ഉയര്‍ത്താന്‍ കഴിയാത്തത്രത്തോളം വലിയൊരു ഭയംകൊണ്ട് വിറങ്ങലിച്ചുപോയ സ്ഥാപനമാണ്. ആ റെയില്‍വേ സമരം ഇന്ദിരാഗാന്ധി ക്രൂരമായി അടിച്ചമര്‍ത്തുകയാണ് ചെയ്തത്. പലരെയും പിരിച്ചുവിട്ടു. പലര്‍ക്കും ദീര്‍ഘകാലം ജോലിയില്‍ നിന്ന് പുറത്തുനില്‍ക്കേണ്ടി വന്നു. പിന്നീട് വന്ന ജനതാ സര്‍ക്കാരാണ് ഇവരെ തിരിച്ചെടുക്കുന്നത്. ആ ഭയം ഇപ്പോഴും അവര്‍ക്കുണ്ട്. പിന്നെ അമിതമായ വിധേയത്വം. അല്‍പ്പമെങ്കിലും അതിനോട് എതിര്‍ക്കുകയും സ്വന്തമായ ഐഡന്റിറ്റി നിലനിര്‍ത്തുകയും ചെയ്യുന്നത് മലയാളികളായ ജീവനക്കാരാണ്. മറ്റുള്ളവര്‍ വല്ലാതെ കീഴടങ്ങുന്ന ഒരു അടിമ സ്വഭവത്തോടെയാണ് ജോലിചെയ്യുന്നത് കണ്ടിട്ടുള്ളത്. ഇതൊരു കുറ്റമായി പറയുന്നതല്ല. പലരും ജീവിതത്തില്‍ വലിയ ദുരിതങ്ങള്‍ അനുഭവിച്ചവരാണ്.

ഞാന്‍ റെയില്‍വേയില്‍ ചേര്‍ന്ന കാലത്ത് എന്റെ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ എന്നോട് പറഞ്ഞത് റെയില്‍വേ ജീവനക്കാരെ കണ്ടാല്‍ തന്നെ നമുക്ക് തിരിച്ചറിയാം എന്നാണ്. പലരും സ്റ്റാഫാണെന്ന് പറയുമ്പോള്‍ അവരോട് പാസ്സ് ചോദിക്കാതെ വിടുകയാണ് ഇവര്‍ ചെയ്തിരുന്നത്. അപ്പോള്‍ പാസ്സ് നോക്കാതെ ഇവരെ എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. അപ്പോള്‍ എന്റെ ഇന്‍സ്‌പെക്ടര്‍ എന്നോട് പറഞ്ഞ ക്രൂരമായൊരു തമാശയുണ്ട്. റെയില്‍വേ ജീവനക്കാരെല്ലാം പോഷകാഹാരക്കുറവുള്ളവരായിരിക്കുമെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാം എന്നുമായിരുന്നു. പിന്നീട് ഈ അവസ്ഥയൊക്കെ മാറുന്നുണ്ട്.

പക്ഷെ അവരുടെ തൊഴില്‍ സാഹചര്യങ്ങളില്‍ അപ്പോഴും ഒരു മാറ്റവും ഉണ്ടാകുന്നില്ല. ലൈന്‍ സ്റ്റാഫിനൊന്നും ഒരിക്കലും ഒരു സാധാരണ ജീവിതം ഉണ്ടാവില്ല. ആഴ്ചയില്‍ ഒരു ഞായറാഴ്ച അവധി സ്വപ്‌നം കാണാന്‍ സാധിക്കില്ല. പലപ്പോഴും നൈറ്റ് ഡ്യൂട്ടികളുണ്ടാവും. ഞാന്‍ ഈ 35 വര്‍ഷവും ആഴ്ചയില്‍ രണ്ട് നൈറ്റ്ഡ്യൂട്ടികളെങ്കിലും ചെയ്തിരുന്നു. എല്ലാതരം ആവിഷ്‌കാരങ്ങളെയും നിയന്ത്രിക്കുന്ന സ്ഥാപനമാണ്. ഞാന്‍ ഈ നോവല്‍ എഴുതാന്‍ വൈകിയതിന്റെയും കാരണമതാണ്. വൈശാഖന്‍ മാഷൊക്കെ പേര് മാറ്റിയെഴുതിയത് അത് കാരണമാണ്. എനിക്ക് എന്റെ പേരില്‍തന്നെ എഴുതണം എന്നുള്ളതിനാലാണ് ഇത്രവൈകിയത്.

ഇന്ത്യ എന്ന രാജ്യത്തിന്റെ ചരിത്രത്തിലുടനീളം റെയില്‍വേയ്ക്ക് വലിയ സ്വാധീനമുണ്ട്. തീവണ്ടികള്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ സ്വച്ഛന്ദതയെ നശിപ്പിക്കും എന്ന് ഭയന്ന് ഗാന്ധിജി റെയില്‍വേയെ എതിര്‍ത്തിരുന്നു എന്ന് കേട്ടിട്ടുണ്ട്. പിന്നീട് സ്വാതന്ത്ര്യ സമരത്തിലൊക്കെ റെയില്‍വേ ഒരു വലിയ ഘടകമായി. ചരിത്രം എത്രത്തോളം ഈ നോവലിന്റെ ഭാഗമാണ്.

ഇന്ത്യ എന്ന രാജ്യത്തെ രൂപപ്പെടുത്തിയതില്‍ പോലും റെയില്‍വേയുടെ പങ്ക് വലുതാണ്. ആ ചരിത്രം വളരെ പ്രധാനപ്പെട്ടതുമാണ്. റെയില്‍വേയും ഇന്ത്യക്കാരും തമ്മിലുള്ള ചരിത്രവും രസകരമാണ്. കൊങ്കണ്‍ റെയില്‍വേയുടെ സമയത്ത് ഗോവയില്‍ അതിനെതിരെ സമരമുണ്ടായി. റെയില്‍വേ വന്നാല്‍ ഞങ്ങളുടെ സംസ്‌കാരം നശിക്കും എന്നതായിരുന്നു അവരുടെ ഭയം. റെയില്‍വേയെ വ്യവസായിക വിപ്ലവത്തിന്റെയും മുതലാളിത്തത്തിന്റെയും ഭാഗമായി കണ്ടിട്ടുണ്ട്. പിന്നീടത് വളരെ ജനകീയമായി ഏറ്റവും സാധാരണക്കാരന്റെ വാഹനമായി മാറി. പിന്നീട് പലതരത്തിലുള്ള വാഹനങ്ങള്‍ കപ്പലുകളും വിമാനങ്ങളുമെല്ലാം വ്യാപകമായെങ്കിലും റെയില്‍വേ പോലെ വളരെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു വാഹനമില്ല. അതിന്റെ ഭാഗമായി ജോലിചെയ്യുന്ന 13 ലക്ഷത്തോളം വരുന്ന ജീവനക്കാരുണ്ട്. തീവണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ ഇടക്ക് വിസില്‍ അടിക്കുന്നത് കേട്ടിട്ടില്ലേ. അത് ട്രാക്കുകള്‍ക്ക് എന്തെങ്കിലും കേടുണ്ടോ എന്ന് നോക്കി പോകുന്ന ട്രാക്ക്മാനാണ്. അവര് രാവും പകലുമില്ലാതെ ട്രാക്കിന്റെ സുരക്ഷിതത്വം നോക്കി ദിവസവും നടക്കുന്നത് എട്ട് കിലോമീറ്ററാണ്.

തീര്‍ച്ചയായും ചരിത്രത്തിന് ഈ നോവലിന് വലിയ പ്രാധാന്യമുണ്ട്. പക്ഷെ കേവലം റെയില്‍വേ സമരം മാത്രമല്ല നോവല്‍ പറയുന്നത്. അവിടുത്തെ മനുഷ്യരുടെ ജീവിതാവസ്ഥ തന്നയാണ് സംസാരിക്കുന്നത്. സ്വാഭാവികമായും അതിന്റെ സങ്കീര്‍ണതകളും ചരിത്രവും രാഷ്ട്രീയവും എല്ലാം കടന്നുവരുന്നുണ്ട്.