
-
ഒരാഴ്ചയോ മറ്റോ വന്നു മടങ്ങുന്ന സഞ്ചാരികള്‍ക്ക് സ്വര്‍ഗമാണ് ജപ്പാന്. സ്ഥിരമായി ഇവിടെ നില്ക്കുന്ന, സംസാരിക്കാന്‍ സുഹൃത്തുക്കള്‍ ഇല്ലാത്ത ഒരു മലയാളിക്ക് മറിച്ചാവും അഭിപ്രായം. ജപ്പാനില്‍ തന്നെ ചുഴറ്റിവലിക്കുന്ന ഏകാന്തതയ്ക്ക് അമല്‍ എന്ന മലയാളി എഴുത്തുകാരന് ആമുഖം കുറിച്ചു. തീവണ്ടിയില്‍ ഇരുന്നും മെട്രോ കാത്തുനില്ക്കുമ്പോഴും അമല്‍ രേഖപ്പെടുത്തിയ തന്റെ ദിനസരിക്കുറിപ്പാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അമ്പത്തിരണ്ടാം ലക്കം കവര്‍സ്റ്റോറി. ഒരു ദിവസത്തെ തന്നെ അടയാളപ്പെടുത്തുമ്പോള്‍ ജപ്പാന് എന്ന ഭൂമിക അത്രമേല്‍ ആഴത്തില്‍ അമലിനെ വരച്ചിടുന്നതായി കാണാം. ആ അനുഭവത്തിന്റെ അനുബന്ധമെന്നോണം മാതൃഭൂമിഡോട്ട്കോമിന് അനുവദിച്ച സംഭാഷണത്തിന്റെ ചില ഭാഗങ്ങള്‍.
ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍സ്റ്റോറി അമലിന്റെ കുറിപ്പാണ്. കവര്‍ ചിത്രവും താങ്കളാണ്. എന്ത് തോന്നുന്നു?
ഒരിക്കലും കരുതിയില്ല. മറിച്ച് വളരെ ഞെട്ടിപ്പിച്ചു. നമ്മള് ആരാധിക്കുന്ന കഥകള്‍ എഴുതിയ കഥാകാരന്, ഒരു കഥ അയക്കാന്‍ സ്നേഹത്തോടെ പറഞ്ഞപ്പോള്‍ ആ സമയത്ത് എഴുത്തു പറ്റിയില്ല. ഒരു കഥ ആവേശത്തോടെ എഴുതി വന്നത് പ്ലോട്ട് വലുതായി നോവലിലേക്ക് പോയതോടെ എഴുത്ത് മുടങ്ങിപ്പോയി. പിന്നെയും ഒന്നുരണ്ട് കഥകള്‍ പ്ലാനിട്ട് വന്നെങ്കിലും ജോലികള്‍ എല്ലാം തുലച്ചു. ആ കാരണങ്ങള്‍ എഴുതി അയക്കാനായി ട്രെയിനില്‍ വെച്ച് എഴുതിത്തുടങ്ങിയ കുറിപ്പാണ് ഈ അനുഭവം. ഒരു ദിവസം ഇത്രയും നീണ്ടൊരു അവസ്ഥയാണെന്ന് എനിക്ക് തന്നെ ബോധ്യമായത് എഴുതിക്കഴിഞ്ഞപ്പോഴാണ്.
പലരുടെയും ഒരു ദിവസം ഇതിലും എത്രയോ മനോഹരമോ സംഭവബഹുലമോ ഒക്കെയാവും. ഇതിന് പ്രാധാന്യമുണ്ടോ എന്നത് എന്നെ ഇപ്പോഴും അമ്പരപ്പിക്കുന്നു.
തിരുവനന്തപുരത്തെ ഉള്‍നാടന്‍ ഗ്രാമമായ പിരപ്പന്‍കോടില്‍ നിന്നും എന്നെങ്കിലും എവിടേക്കെങ്കിലും പുറപ്പെട്ടുപോകുമെന്ന് കരുതിയിരുന്നോ?
ഹ...ഹ... ടിക്കറ്റില്ലാതെ തീവണ്ടി കയറി ബോംബേക്കോ ഡല്‍ഹിക്കോ ഒക്കെ ഓടിപ്പോയി അധോലോക രാജാവായി മാറി പെട്ടി നിറയെ പണവുമായി നാട്ടില്‍ വന്നിറങ്ങുന്ന സ്വപ്നം കാണാത്ത ആരാണ് ഉള്ളത്.. പിരപ്പന്‍കോടും വെഞ്ഞാറമൂടും മാത്രമായിരുന്നു നമ്മുടെ കുഞ്ഞുലോകം. എട്ടാം ക്ലാസില്‍ എത്തിയത് മുതലാണ് ഒറ്റയ്ക്ക് തിരുവനന്തപുരം സിറ്റിയില്‍ കറങ്ങാന്‍ പോകാനൊക്കെ തുടങ്ങിയത്. അതിന്റെ കാരണം ഇപ്പോള്‍ പറയാനാവില്ല. വളരെ വ്യക്തിപരമാണ് അത്. വരയും വായനയും ഗൗരവമായി തുടങ്ങിയപ്പോള്‍ യാത്രകള്‍ പോകാനുള്ള വലിയ ആഗ്രഹങ്ങളും ഉണ്ടായി.
2002-ല്‍ എസ്.എസ്.എല്‍.സിയ്ക്ക് പഠിക്കവേ സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുക്കാനായി ഒറ്റയ്ക്ക് കോഴിക്കോട് പോയതാണ് ആദ്യ ദീര്‍ഘയാത്ര. മാവേലിക്കര രാജാരവിവര്‍മ്മ കോളജില്‍ പഠിച്ച നാല് വര്‍ഷം എഴുത്തും വരയും ക്യാമ്പുകളും ഒക്കെയായി കേരളത്തിലങ്ങോളമിങ്ങോളവും ഇന്ത്യയില്‍ പലയിടത്തും സഞ്ചരിക്കാനായി. ബിരുദാനന്തര ബിരുദത്തിന് കൊല്‍ക്കത്ത ശാന്തിനികേതനില്‍ പഠിക്കാനായതുകൊണ്ട് നോര്‍ത്ത് ഈസ്റ്റും പല ഉത്തരേന്ത്യന്‍ സ്ഥലങ്ങളും കാണാനായി. ബംഗാളി കലാപം എഴുതാന്‍ സഹായിച്ചതും അന്നത്തെ ട്രെയിന്‍ യാത്രകളാണ്. ഇന്ത്യയല്ലാതെ വേറൊരു നാടും ആകര്‍ഷിച്ചിട്ടില്ല. അന്നുമിന്നും നിരന്തര ഭാരതയാത്രകള്‍ മാത്രമാണ് എന്റെ സ്വപ്നം. ജപ്പാനില്‍ വരുമെന്നൊന്നും സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല.

കലാചരിത്രാധ്യാപകനായി ജോലി നോക്കുന്നതിനിടയിലാണ് ജപ്പാനിലേക്ക് പോകുന്നത്. അവിടെ ചെന്ന് ഹോട്ടലുകളിലെ അടുക്കളകളില്‍ ജോലികള്‍ ചെയ്യുമ്പോള്‍ ഈര്‍ഷ്യ തോന്നാറുള്ളതായി എഴുതിക്കണ്ടു. ഒരു വൈറ്റ്കോളര്‍ ജോബ് എന്ന മലയാളി പൊതുബോധം അമലില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?
സ്കൂളിലും കോളേജിലും പഠിപ്പിക്കുന്നതിന് മുന്‍പ് സാഹചര്യവശാല്‍ പലതരം തൊഴിലുകള്‍ ചെയ്യുന്നത് ഒരു ശീലമായിരുന്നു. അങ്ങനെയാണ് ഞാന്‍ വളര്‍ന്നത്. എന്നിട്ട് പോലും ജപ്പാനില്‍ വന്ന് ഭാഷാപ്രശ്നം പിടിച്ച് നിരാശനായി ഫാക്ടറി ജോലിയും അടുക്കളപ്പണികളും മറ്റും ചെയ്യവേ ആദ്യമൊക്കെ ഭീകരദേഷ്യം തോന്നിയിരുന്നു. എല്ലാ തൊഴിലിനും അതിന്റെ മഹത്വമുണ്ടെന്ന ചിന്തയും തൊഴിലാളിപക്ഷ രാഷ്ട്രീയവും കലയും സാഹിത്യവും ധാരാളം തിയറികളും പിന്തുടരുന്ന എനിക്ക് അത് തെറ്റാണെന്ന് പെട്ടെന്നുത്തന്നെ ബോധ്യമായി.
നമ്മുടെ സംസ്കാരത്തിന്റെ പ്രശ്നമായിരുന്നു എനിക്കുണ്ടായ ഈര്‍ഷ്യ; വൈറ്റ്കോളര്‍, ഉയര്‍ന്ന ജോലികളേ ചെയ്യൂ എന്ന വൈകല്യം ബാധിച്ച സമൂഹത്തില്‍ നിന്നു വന്നതുകൊണ്ട്. മാതാപിതാക്കളുടെ ചെലവില്‍ പഠിച്ച് ബിരുദം നേടി, ജോലി കിട്ടുന്നത് വരെ കാത്തിരിക്കുന്നു ഒടുവില്‍ വിദേശത്ത് പോയി കിട്ടുന്ന പണിയെടുക്കുന്നു. ആ സ്പേസിലേക്ക് ഇവിടെ ഇതരസംസ്ഥാനത്തുള്ളവരെ വരുത്തി പണിയെടുപ്പിക്കുന്നു.

ജപ്പാനില്‍ പരദേശിയാണ് അമല്‍. ബംഗാളി കലാപത്തിലെ അനാറുല്‍ ഇസ്ലാമുമായി എത്രത്തോളം സാദൃശ്യമുണ്ട്?
ഇതിനുള്ള ഉത്തരം ബംഗാളി കലാപത്തിന്റെ ആമുഖത്തില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. പലതരം തൊഴിലുകള്‍ ചെയ്തുവന്ന, ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ തൊഴിലാളി ആയിട്ടാണ് ഞാനെന്നെ എന്നും കരുതിപ്പോരുന്നത്. പത്തു വര്‍ഷം മുന്‍പ് ഒരു അന്യസംസ്ഥാന തൊഴിലാളികളെയും ഞാന്‍ എന്റെ നാട്ടില്‍ കണ്ടിട്ടില്ല. റബ്ബര്‍ വെട്ടാനും പെയിന്റ് അടിക്കാനും തടിപ്പണിക്കും ഫോട്ടോ ഫ്രെയിം ചെയ്യാനും പെട്രോള്‍ ബങ്കില്‍ പണി ചെയ്യാനുമൊക്കെ പോയപ്പോള്‍ എന്റെ നിരീക്ഷണപരിധിയില്‍ അങ്ങനെ ബംഗാളിയോ ഹിന്ദിയോ സംസാരിക്കുന്ന ആരും വന്നിരുന്നില്ല. കൊല്‍ക്കത്തയോടു വിടപറഞ്ഞ് 2011-ല്‍ നാട്ടില്‍ വന്നപ്പോള്‍ പുതുതായി രൂപപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ എങ്ങും കാണാമെന്ന സ്ഥിതിയായി. എന്റെ ഗ്രാമത്തിലെ ഹോളോബ്രിക്സ് കമ്പനിയില്‍ മുതല്‍ റബ്ബര്‍ത്തോട്ടങ്ങളില്‍ വരെ ബംഗാളിയും ആസാമിയും ഹിന്ദിയും സംസാരിക്കുന്നവരെ ഞാന്‍ കണ്ടു. മാവേലിക്കരയിലെ ബാര്‍ബര്‍ഷോപ്പില്‍ ഒരു ബംഗാളി യുവാവ് എന്റെ മുടി മുറിച്ചു. അറിയുന്ന ബംഗാളിയില്‍ അവരുമായി സംസാരിച്ചു. അവരുടെ അനുഭവങ്ങള്‍ അറിഞ്ഞു.
പിന്നീട് സാഹചര്യവശാല്‍ തീര്‍ത്തും വ്യത്യസ്തമായ ജപ്പാനിലെ ടോക്യോയില്‍ എത്തി കുറച്ചു കാലത്തേക്ക് ഒരു വിദ്യാര്‍ഥിയായും കമ്പനിത്തൊഴിലാളിയായും മാറിയപ്പോഴാണ് എന്നിലെ തൊഴിലാളിസ്വത്വം വീണ്ടും വലിയൊരു പ്രതിസന്ധിയില്‍ അകപ്പെട്ടത്. ചുറ്റും നേപ്പാള്‍, വിയറ്റ്നാം, ശ്രീലങ്കന്‍, ആഫ്രിക്കന്‍, ബംഗ്ലാദേശി എന്നു വേണ്ട പഞ്ചാബികള്വരെ യന്ത്രങ്ങള്‍പോലെ പണിയെടുക്കുന്നു. എഴുത്തുകാരനോ മലയാളിയോ ഇന്ത്യനോ ഒരു മനുഷ്യനോ ഒന്നുമല്ല ഞാന്‍. ഇന്ത്യന്‍ പ്രവാസികളുടെയും കേരളത്തിലെ ഒരു ബംഗാളി അന്യസംസ്ഥാന തൊഴിലാളിയുടെയുമൊക്കെ അവസ്ഥ അപ്പോഴൊക്കെ ഞാന്‍ ഭാവന ചെയ്തിരുന്നു.
അത്രയും ജനസഞ്ചയമുള്ള ഒരുരാജ്യം. ജനസംഖ്യയില്‍ ലോകരാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനമുള്ള രാജ്യം. അവിടെ ഒരു മലയാളി യുവാവിന്റെ ഏകാന്തതയ്ക്ക് ഭംഗം വരുത്താന്‍ ആര്‍ക്കും കഴിയുന്നില്ലേ?
അനേകം മലയാളികള്‍ ഉണ്ടെങ്കിലും അവര്‍ക്ക് വലിയ സംഘടന ഉണ്ടെങ്കിലും ഇതേ വരെ ആരെയും കാണാനായിട്ടില്ല. എല്ലാവരും ജോലിത്തിരക്കിലാവും. സത്യമാണത്. വ്യക്തി ബന്ധങ്ങള്‍ക്ക് പഴുതുനല്‍കാതെ നമ്മുടെ സമയം മുഴുവന്‍ ആവശ്യപ്പെട്ടു പിടിച്ച് വാങ്ങുന്ന സ്ഥലമാണിത്. ഓണം, ക്രിസ്മസ്, വാര്‍ഷികം അതിനൊക്കെ മാത്രമാവും മലയാളി സംഘടന ഒത്തുകൂടാറുള്ളത്. അത് മിക്കവാറും ഞായറാഴ്ചകളിലാവും. ഞായര്‍ റസ്റ്റോറന്റില്‍ നിന്ന് അവധി ലഭിക്കാന്‍ പാടാണ് എന്നതിനാല്‍ ഞാന്‍ അവരിലാരെയും കണ്ടിട്ടില്ല എന്നത് പരമസത്യം. കുമിക്കോയെ മാറ്റി നിര്‍ത്തിയാല്‍ ഇവിടെ ആരുമായും ഒരു ബന്ധവുമില്ല.
പിന്നെ മൂന്നു വര്‍ഷത്തിനിടെ രണ്ടുപേരുമായി സൗഹൃദം ഉണ്ടാക്കാനായിട്ടുണ്ട്. 'ഈനു' എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ശേഷം ഇവിടെ താമസിക്കുന്ന നാസി മേലതില്‍ ഫെയ്സ്ബുക്ക് വഴി സൗഹൃദത്തിലാവുകയും ഒരിക്കല്‍ നാസിയുടെ വീട്ടില്‍ പോകുകയും ചെയ്തു. പിന്നെ മലയാളിയായ നാടക കലാകാരന് പ്രഭാത് ഭാസ്കരന് ജപ്പാനീസുകാരിയായ ഭാര്യയുമായി ഒത്തിരി ദൂരെ ഒരു ഗ്രാമത്തില്‍ താമസമുണ്ടെന്ന് നാട്ടിലുള്ള സുഹൃത്തുവഴി അറിഞ്ഞു. ഉടന്‍ അദ്ദേഹമായും ഫെയ്സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചു. രണ്ടുതവണ പ്രഭാതിന്റെ ഗ്രാമത്തിലെ മനോഹരമായ വീട്ടില്‍ പോയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം കേരളത്തിലേക്ക് പോയതിനാല്‍ കാണാറില്ല. ഈ സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്നുവരെ ഒരു മലയാളിയെയും നേരില്‍ കാണാനോ സംസാരിക്കാനോ പറ്റിയിട്ടില്ല.
സോഷ്യല്‍മീഡിയ രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ അതിലംഘിക്കുന്നുണ്ട്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് വഴി കേരളത്തിലെ സുഹൃത്തുക്കളെ ബന്ധപ്പെടുവാന്‍ ശ്രമിക്കാറില്ലേ?
ഫോണ്‍ വിളി കുറവാണ്. വീട്ടിലേക്ക് വാട്സ്ആപ്പ് വഴി സ്ഥിരമായി വിളിക്കാറുണ്ട്. പിന്നെ ഇരുരാജ്യങ്ങളിലെയും സമയവ്യത്യാസം ഒരു വെല്ലുവിളിയാണ്. അതുമൂലം കൂട്ടുകാരുമായി മെസേജ് വഴി മാത്രമായി ബന്ധം. വാട്സ്ആപ്പും ഫെയ്സ്ബുക്കും അപൂര്‍വമായി ഉപയോഗിച്ചിരുന്ന ഞാന്‍ ഇവിടെ വന്നശേഷം അതിന് അഡിക്റ്റാണ്. അത് രണ്ടുമില്ലെങ്കില്‍ ഞാനില്ല എന്ന അവസ്ഥയാണ്. നാട്ടിലെ കാര്യങ്ങളറിയാന്‍ വേറെന്താ വഴി!
അമല്‍ എന്ന എഴുത്തുകാരന് ജപ്പാന് പശ്ചാത്തലമാക്കി നാലു കഥകള്‍ ഇതിനോടകം എഴുതിക്കഴിഞ്ഞു. ഇവ ഏറെ വായിക്കപ്പെടുകയും ചെയ്തു. ഒരു പ്രവാസി എഴുത്തുകാരന് വളക്കൂറുള്ള മണ്ണാണ് കേരളം. ആ അര്‍ഥത്തില്‍ ജപ്പാന്ജീവിതം ഒരു അനുഗ്രഹമല്ലേ?
ധാരാളം കൂട്ടുകാര്‍ ഒപ്പം ഉണ്ടെങ്കില്‍ ലോകത്തിലെവിടാണേലും നമ്മള് പൊളിച്ചടുക്കിയേനെ. ആ 'ഒറ്റപ്പെട്ട ഒറ്റപ്പെടല്‍' പ്രശ്നം എനിക്ക് മാത്രമല്ല, വലിയൊരു ശതമാനം ജപ്പാന്‍കാരും കടുത്ത ഏകാന്തതയിലാണ് ഉള്ളത്. അതേപ്പറ്റി പഠിച്ചു വരുന്നുണ്ട്. എഴുത്തിനെ സംബന്ധിച്ച് നൂറ്റൊന്നു ശതമാനം അനുഗ്രഹമാണ്. എന്നാല്‍ എഴുതാന്‍ സമയം തരാതിരിക്കല്‍ വഴി തൊണ്ണൂറുശതമാനവും വിരസവും സമ്മര്‍ദ്ദവും കൂടിയാണ് ഇവിടം. എവിടായാലും എഴുത്താണ് സന്തോഷം നിര്‍ണയിക്കുന്നത്.
Content Highlights: Malayalam writer Amal interview Mathrubhumi weekly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..