ആ അവകാശമാണ് ചലച്ചിത്രഗാനങ്ങള്‍ ഏറ്റവും സാധാരണക്കാരായവര്‍ക്കു നല്‍കിയത്


റഫീഖ് അഹമ്മദ് / വിജയ് സി.എച്ച്.

ജാതി ചോദിച്ചാല്‍ എന്താ എന്നാണ് ചോദിക്കുന്നത്! ഉളുപ്പില്ലാത്ത ഒരു സമൂഹമായി നമ്മള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. 

റഫീഖ് അഹമ്മദ്

വിയായിത്തുടങ്ങി ഗാനരചയിതാവായി തിളങ്ങി നോവലിസ്റ്റായി വിടർന്ന എഴുത്തുകാരനാണ് റഫീഖ് അഹമ്മദ്. ഇപ്പോൾ അദ്ദേഹം ഒരു ബോളിവുഡ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നു. കവിതയിൽനിന്ന് ഗാനങ്ങളിലേക്കും പലപല ചിന്തകളുടെ പരിണാമങ്ങളിലേക്കുമുള്ള തന്റെ യാത്രകളെക്കുറിച്ചാണ് ഇവിടെ അദ്ദേഹം സംസാരിക്കുന്നത്

തൊണ്ണൂറുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട 'പുതുമൊഴിവഴികൾ' എന്ന കവിതാസമാഹാരത്തിലൂടെ ആറ്റൂർ രവിവർമ പരിചയപ്പെടുത്തിയ ആധുനികാനന്തര കവികളിൽ ഒരാളായിരുന്ന താങ്കൾ എങ്ങനെയാണ് ചലച്ചിത്രഗാനരചനാരംഗത്തേക്ക് എത്തിപ്പെട്ടത്

തികച്ചും യാദൃച്ഛികമാണത്. ചെറുപ്പകാലംമുതലേ പാട്ടുകളോടുള്ള ഇഷ്ടം എനിക്കുണ്ടായിരുന്നെങ്കിലും ചലച്ചിത്രഗാനരചന എന്ന ഒന്നിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടുപോലുമില്ലായിരുന്നു. പി.ടി. കുഞ്ഞുമുഹമ്മദ്, വി.കെ. ശ്രീരാമൻ മുതലായവരുമായുള്ള സൗഹൃദത്തിന്റെ ഭാഗമായി സംഭവിച്ചുപോയതാണത്. കുഞ്ഞിക്കയുടെ 'ഗർഷോമി'നുവേണ്ടി പാട്ടെഴുതിയപ്പോൾ അത് അതോടെ അവസാനിച്ചെന്നേ ഞാൻ കരുതിയിരുന്നുള്ളൂ. പക്ഷേ, അറിയാതെതന്നെ ഞാൻ ഗാനരചനയുടെ ഭാഗമായി മാറുകയായിരുന്നു. സിനിമ അങ്ങനെയൊരു ലോകമാണ്. അതിലൊന്ന് തലകാട്ടുവാൻ ആശിച്ചു മോഹിച്ച് ജീവിതം പാഴാക്കിയ പലരെയും എനിക്കറിയാം. എന്നാൽ, ഏതോ അപ്രാപ്യമായ ലോകമെന്നുകരുതി അങ്ങനെയൊന്നിനെക്കുറിച്ച് ഒരിക്കലും സ്വപ്നംകണ്ടിട്ടുപോലുമില്ലാത്ത ഞാൻ അതിന്റെ ഭാഗമാകുകയും ചെയ്തു. ഒരു സർക്കാർ ആപ്പീസിൽ കുത്തിയിരുന്ന് ഗുമസ്തപ്പണിയെടുക്കുന്നതിനേക്കാൾ ആത്മസംഘർഷം കുറഞ്ഞതും സർഗാത്മകമായി സന്തോഷം തരുന്നതും സർവോപരി സാമ്പത്തികമായി ഗുണമുള്ളതുമായ ഒരു ഉപജീവനോപാധി കൂടിയാണിത്. മനുഷ്യർ കവിതകൊണ്ടുമാത്രമല്ലല്ലോ ജീവിക്കുന്നത്!

ചലച്ചിത്രലോകത്തെത്തിയതിനുശേഷം താനിപ്പോൾ എവിടെയാണെന്ന് തിരിച്ചറിവോടെ ചിന്തിച്ചിരുന്നോ...

വളരെ ഗാഢമായിത്തന്നെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, അക്ഷരംപോലും തിരിയാത്ത കാലത്ത് കവിതയുടെ മധുരസം ഞാൻ ആദ്യമായി അനുഭവിക്കുന്നത് ഒരുപക്ഷേ, പാട്ടുകളിലൂടെ ആയിരിക്കാം. വരികളെ സ്നേഹിക്കുന്ന ഒരാൾ എന്നനിലയിൽ, പാട്ടുകളുടെ ഈണത്തെക്കാൾ വരികളുടെ ചാരുതയാണ് എന്നെ ആകർഷിച്ചിരുന്നത്. 'ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി...' എന്നു കേൾക്കുന്നൊരു കുട്ടിയുടെ ഭാവന, പുഴയെക്കുറിച്ചും അതിന്റെ ഓളങ്ങളെക്കുറിച്ചും അവ പാദസരംപോലെ കിലുങ്ങുന്നതിനെക്കുറിച്ചുമുള്ള സങ്കല്പങ്ങളിലേക്ക് ചിറകുനീർത്തുന്നു. ഒരുവിധ കാവ്യവ്യൂൽപ്പത്തിയും ഇല്ലാത്തവർക്കുപോലും കവിത എന്ന ഭൂഖണ്ഡത്തിലേക്ക് പ്രവേശിക്കാൻ അവകാശമുണ്ട്. ആ അവകാശമാണ് മലയാള ചലച്ചിത്രഗാനങ്ങൾ ഏറ്റവും സാധാരണക്കാരായവർക്കു നൽകിയത്. അതുമാത്രമല്ല, അതിലും വലിയ സാമൂഹിക ദൗത്യങ്ങൾകൂടി ചലച്ചിത്രഗാനങ്ങൾ നമ്മുടെ ബഹുസ്വരസമൂഹസൃഷ്ടിക്കുവേണ്ടി നിർവഹിച്ചിട്ടുണ്ട്. അതൊന്നും ഇപ്പോൾ വിസ്തരിക്കുന്നില്ല.

ഒട്ടുമിക്ക കവികളും സാധാരണ പറയാറുള്ള കാവ്യാനുശീലനത്തെക്കുറിച്ച് താങ്കളുടെ വീക്ഷണമെന്താണ്

അങ്ങനെ ഒരു പാരമ്പര്യവും എനിക്കില്ല. ഞാൻ പുരാണങ്ങളും ഇതിഹാസകാവ്യങ്ങളും കേട്ടുവളർന്നവനല്ല. മുതിർന്നശേഷം വായിച്ചുമനസ്സിലാക്കിയതേയുള്ളൂ. എന്റെ അനുഭവങ്ങളും നേർക്കാഴ്ചകളും വിഭിന്നമാണ്. എഴുപതുകളുടെ ഒടുക്കത്തിലൂടെയും എൺപതുകളുടെ തുടക്കത്തിലൂടെയും കടന്നുപോയ എന്റെ കൗമാരയൗവന കാലഘട്ടം തീക്ഷ്ണമായ രാഷ്ട്രീയ-സാംസ്കാരിക വൈദ്യുതി നിറഞ്ഞ ഒരു ലോകത്തെയാണ് അഭിമുഖീകരിച്ചത്. അതിനകത്ത് സിനിമാഗാനങ്ങൾക്ക് ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല. ജനകീയത, ജനപ്രിയത എന്നിവയെല്ലാം വലിയ പാപങ്ങളായി കരുതിപ്പോന്നിരുന്ന ഒരു കാലമായിരുന്നു അത്. അക്കാലത്തെ സാഹിത്യാധുനികതയിൽ വ്യക്തിത്വമുള്ള സ്ത്രീകൾ ഉണ്ടായിരുന്നില്ല. വൃദ്ധരും കുട്ടികളും ഉണ്ടായിരുന്നില്ല. നിഷേധിയായ പൗരുഷത്വത്തിന്റെയായിരുന്നു ആധുനികത. അവർ ചിരിച്ചിരുന്നില്ല. ആ ആധുനികർ സദാ ബീഡി വലിക്കുകയും അതിഗൗരവത്തോടെ ചിന്തിക്കുകയും അരാജകമായി ജീവിക്കുകയും ചെയ്തു.

ഞാൻ അക്കാലത്ത് അവരെ ആരാധിച്ചവനായിരുന്നു. പാട്ടുകൾ ആസ്വദിക്കുന്നത് ഒരുതരം വൾഗർ അമ്യൂസ്മെന്റാണെന്നും കാല്പനിക ജീർണതയാണെന്നും അവരെപ്പോലെ ഞാനും കരുതിപ്പോന്നു. അതേസമയം പാട്ടുകൾ എനിക്ക് വല്ലാത്ത ദൗർബല്യവുമാണ്. ഈയൊരു ആത്മസംഘർഷം അക്കാലത്ത് ഞാൻ അനുഭവിച്ചിരുന്നു. ഏതൊരു സിനിമാപാട്ടിനെക്കാളും കാല്പനികമായ ഇമേജറികളുള്ള പ്രണയകവിതകൾ എഴുതിയ നെരൂദ മഹാകവിയും ചങ്ങമ്പുഴ മോശക്കാരനുമാകുന്നതിന്റെ സൈദ്ധാന്തികത എനിക്കൊരിക്കലും ബോധ്യമായിട്ടുമില്ല. നെരൂദയും ചാർലി ചാപ്ലിനും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം ഇന്നും ജനപ്രിയരായും വലിയ കലാകാരന്മാരായും തുടരുന്നതിനാൽ അരവിന്ദന്റെ വലിയ ലോകവും ചെറിയ മനുഷ്യരുമെന്ന കാർട്ടൂൺ സീരീസിലെ ഗുരുജി പറയുന്ന തത്ത്വബോംബുപോലെ അത്ര ലളിതമല്ല ജനപ്രിയത എന്ന സത്യം ഞാൻ മനസ്സിലാക്കി. പി. ഭാസ്കരനെപ്പോലെയുള്ള കവികൾ വെറും ഗാനങ്ങളിലൂടെ മാത്രം എങ്ങനെ മലയാളിസമൂഹത്തെ സ്വാധീനിക്കുകയും അവരുടെ ചിന്താരീതികളെ മാറ്റിപ്പണിയുകയും ചെയ്തുവെന്ന് നോക്കിക്കാണാൻ ഞാൻ ശ്രമിച്ചു.

photographer : Biju varghese

പാരമ്പര്യത്തെ നിഷേധിക്കാതെത്തന്നെ ആധുനികമായ ഭാവുകത്വം താങ്കൾ നിലനിർത്തിപ്പോരുന്നെന്ന് ഒരു പൊതുനിരീക്ഷണമുണ്ട്...

പാരമ്പര്യം എന്നാൽ, എന്താണ്? എനിക്ക് പൂർണമായും മനസ്സിലായിട്ടില്ല. നിങ്ങൾക്ക് ഒരു മകൻ ജനിക്കുമ്പോൾ നിങ്ങൾ ഒരച്ഛനാകുന്നു. ആ മകന് ഒരു സന്തതിയുണ്ടാകുമ്പോൾ അയാളും അച്ഛനാകുന്നു. രണ്ടച്ഛന്മാരും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമ്പോഴും അച്ഛൻ എന്ന പാരമ്പര്യത്തിന് മാറ്റമൊന്നുമില്ല. മലയാള കവിതയുടെ പാരമ്പര്യം എന്താണ്? മുഖ്യധാരാ മലയാള കവിത കണ്ണശ്ശപ്പണിക്കന്മാരിൽനിന്നും എഴുത്തച്ഛനിൽനിന്നും ആരംഭിച്ച് ആധുനികോത്തരതയിൽ എത്തുമ്പോൾ അതിന്റെ അന്തർധാരയായി ഒരു പാരമ്പര്യമുണ്ട്. ജീവൽസാഹിത്യത്തിനോ പുരോഗമനസാഹിത്യത്തിനോ ആധുനിക കവിതയ്ക്കുപോലുമോ അതിനെ ഭഞ്ജിക്കാനായിട്ടുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. ഒരു ചങ്ങമ്പുഴയോ അതുപോലെ ഒറ്റപ്പെട്ടവരോ ഈ പാരമ്പര്യത്തെ മറികടന്നിട്ടുണ്ടാകാം എന്നതല്ലാതെ. വ്യക്തിപരമായി ആ പാരമ്പര്യവുമായി എനിക്ക് ബന്ധമില്ല. പാരമ്പര്യം വരേണ്യമോ അക്കാദമിക്കോ ആയ ചിലതുമാത്രമല്ല. അതിന് പലതരം അടരുകളുണ്ട്. നമ്മുടെ സംസ്കാരത്തിന്, ഭാഷയ്ക്ക് പൊതുവായിട്ടുള്ളത് മലയാളമെന്ന ഭാഷ മാത്രമാണ്.

മലയാള ഭാഷയുടെയും മലയാളിയുടെ ലോകക്കാഴ്ചയുടെയും വികാസപരിണാമങ്ങളുടെ, അനുസ്യൂതിയുടെ ഭാഗമായിരിക്കാം എന്റെ എളിയ കവിതയും. ആധുനികാനന്തര കാലഘട്ടംവരെ മലയാളത്തിൽ ദളിത് കവിത ഉണ്ടായിരുന്നില്ല. യാഥാർഥ്യങ്ങൾക്കുനേരെ കണ്ണടയ്ക്കുന്നതിൽ അർഥമില്ല എന്നു കരുതുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുകൂടിയാണ് പറയുന്നത് മലയാള കവിതയ്ക്ക് ഹൈന്ദവവും വരേണ്യവുമായ ഒരു അദൃശ്യകവചം ഉണ്ട്. അതുകൊണ്ട് കവികളായി മറ്റു സമുദായങ്ങളിൽനിന്നുള്ളവർക്ക് ഇവിടെയൊരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ട്. അങ്ങനെ മുഖ്യധാരയിൽവന്ന അപൂർവം പേർക്ക് പിടിച്ചുനിൽക്കാൻ സംസ്കൃതത്തിന്റെയും പുരാണേതിഹാസങ്ങളുടെയും പിൻബലം വേണ്ടിവന്നിട്ടുണ്ട്. ആധുനികാനന്തര കവിത അതിനെയെല്ലാം അട്ടിമറിച്ചു. നോക്കൂ, ഇത്രയധികം സ്ത്രീകൾ, അരികുവത്‌കരിക്കപ്പെട്ടവർ കവിതയിൽ സജീവമായൊരു കാലം മുമ്പുണ്ടായിട്ടുണ്ടോ! ആ അർഥത്തിൽ തീർത്തും പാരമ്പര്യമുക്തമാണ് എന്റെ കവിത. എന്നാൽ, നാം ജീവിക്കുന്നത് ഒരു ഭാഷയ്ക്കകത്താണ്, ഒരു ബഹുസ്വര സമൂഹത്തിനകത്താണ്. ആയതിനാൽ ഞാനും പാരമ്പര്യബദ്ധനാണ്. ആധുനികാനന്തര മലയാളകവിതയുടെ ഏറ്റവും വലിയ യോഗ്യത -അതിന് മറ്റെന്തെല്ലാം കുറവുകളുണ്ടാകാമെങ്കിലും- അത് കൂടുതൽ ജനാധിപത്യസ്വഭാവം ആർജിച്ചുവെന്നതാണ്! അത് സെക്യുലർ ആയി, അത് അരികുവത്‌കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും മറ്റും ശബ്ദം മുമ്പൊരിക്കലുമില്ലാത്തവിധം ഉറക്കെ കേൾപ്പിച്ചു.

പുതിയകാലത്ത് കവിതയുടെ സാധ്യതകൾ എങ്ങനെ? അതിന്റെ ഭാവി...

പുതിയ കാലം സങ്കീർണമാണ്. ഭാവി അപ്രവചനീയമാണ്. നിർമിതബുദ്ധിയുടെയും സൈബോർഗുകളുടെയും യുഗമാണ് വരാനിരിക്കുന്നത്. അതിനകത്ത് കലയും സാഹിത്യവുമൊക്കെ എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. ഇന്ന് എല്ലാം പരന്നുകൊണ്ടിരിക്കുന്നു. ആഴങ്ങൾ നികന്ന ഒരു ലോകമാണ് നമ്മുടെ മുന്നിലുള്ളത്. ആദ്യംമുതൽ അക്ഷരമാല പഠിപ്പിക്കേണ്ടിവരുന്ന ഒരു കാലം. നവോത്ഥാനപ്രസ്ഥാനങ്ങളും ശാസ്ത്രദർശനങ്ങളും ശ്രീനാരായണഗുരുവുമൊക്കെ ഉഴുതുമറിച്ച ഒരു മണ്ണിൽനിന്നുകൊണ്ട് ഗോളാന്തരയാത്രയ്ക്കുവേണ്ടി പേടകങ്ങൾ തയ്യാറാക്കിക്കഴിഞ്ഞ, ചൊവ്വയിൽ ഭൂമി വാങ്ങിയതിന്റെ കരം വില്ലേജാപ്പീസിൽ ഓൺലൈനായി അടയ്ക്കാൻവരെ വളർന്നുകഴിഞ്ഞ ഒരു ലോകത്തിരുന്നുകൊണ്ടാണ് ആർത്തവം അശുദ്ധമോ എന്ന് നമ്മൾ ചർച്ചചെയ്യുന്നത്! ജാതി ചോദിച്ചാൽ എന്താ എന്നാണ് ചോദിക്കുന്നത്! ഉളുപ്പില്ലാത്ത ഒരു സമൂഹമായി നമ്മൾ മാറിക്കഴിഞ്ഞിരിക്കുന്നു.

കവിതയിലേക്കുതന്നെ വരാം. ഭാഷകൊണ്ടുള്ള ആവിഷ്കാരത്തിന്റെ സാധ്യമായ പരമോന്നത രൂപം എന്നനിലയിലാണ് കവിതയെ ഞാൻ കാണുന്നത്. സൂചിപ്പിച്ചതുപോലെ, സൈബർയുഗം വലിയ സാംസ്കാരിക കുതിച്ചുചാട്ടങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും കവിത എന്ന ആവിഷ്കാരരൂപത്തിന്റെ അടിസ്ഥാനസ്വത്വത്തെ അത് ലാഘവപ്പെടുത്തി എന്നാണെന്റെ നിരീക്ഷണം. നിങ്ങളുടെ കണ്ണുകളെ പെട്ടെന്ന് ആകർഷിക്കാനുള്ള യുക്തികളെയാണ് അതിപ്പോൾ തേടുന്നത്. നിങ്ങളുടെ മനസ്സിലേക്ക് കയറി അവിടെ പറ്റിപ്പിടിച്ചിരിക്കാൻ പുരോഗാമികളായി അവതരിച്ചിരിക്കുന്ന അക്കാദമിക്കുകളും അതിനുമേൽ അനവധി ചരടുകൾ ബന്ധിച്ചുകഴിഞ്ഞിരിക്കുന്നു. പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെക്കുറിച്ചുള്ള ശുദ്ധിവാദം അതിലൊന്നാണ്. ലാവണ്യാംശത്തെയും എഴുത്തിന്റെ അബോധതലങ്ങളെയും പാടേ നിരാകരിക്കുന്ന സാംസ്കാരിക വിമർശന പദ്ധതിയും സർഗാത്മകതയുടെ സ്വാച്ഛന്ദ്യത്തെ കെടുത്തിക്കളയുന്നു. എങ്കിലും പ്രതീക്ഷിക്കുന്നു, തെളിമയും നേരുമുള്ള ഒരു നാളെയെ!

ബോളിവുഡ് സിനിമയ്ക്കുവേണ്ടി താങ്കൾ എഴുതുന്ന തിരക്കഥയെക്കുറിച്ചുള്ള വിശേഷങ്ങൾ എന്തൊക്കെയാണ്...

ഒരു പ്രണയകഥയാണ് എഴുതാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, നമ്മൾ സാധാരണ കാണുന്നൊരു ബോളിവുഡ് പടത്തിൽനിന്ന് അല്പം വ്യത്യാസമായൊരു രീതിയിലായിരിക്കും ഈ സിനിമ. ഡൽഹിയിൽ ജീവിക്കുന്ന ഒരു മലയാളി കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണ് മൂലകഥ. കഥയുടെ കുറെ ഭാഗം നടക്കുന്നത് നഗരങ്ങളിലും ബാക്കിയുള്ളത് കേരളത്തിലെ ഗ്രാമാന്തരീക്ഷത്തിലുമാണ്. നഗരത്തിലെയും ഗ്രാമത്തിലെയും സാംസ്കാരികവും ജീവിതരീതിപരവുമായ വ്യത്യാസങ്ങൾ പ്രണയത്തിന് വിഘ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മലയാള സിനിമാനിർമാണ ലോകത്ത് കുറച്ചുകാലമായുള്ള വിജേഷ് മണിയാണ് സംവിധായകൻ. അദ്ദേഹം ഹിന്ദി, സംസ്കൃതം, ഇംഗ്ളീഷ് പടങ്ങൾചെയ്ത് പരിചയ സമ്പന്നനാണ്.

Content highlights :malayalam poet and song writer rafeeq ahammed interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented