കടപ്പാട്: Getty Images
*സിവിക് ചന്ദ്രനെതിരെ #മീറ്റു പറഞ്ഞ് പരാതി കൊടുത്തതിന് സാമൂഹിക വിചാരണ നേരിടുന്നവളാണ് ഞാന്‍ *മെന്റല്‍ ട്രോമയുടെ പല ഘട്ടങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത് * 23-24 വയസ്സിലുള്ള കാമുകിമാര്‍ വരെ എനിക്കുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി!* അതിനോടൊപ്പം ഉംനൈറ്റ്, ഉമ്മോണിങ് തുടങ്ങിയ തരത്തിലുള്ള വാക്കുകള്‍ അയക്കുകയും ചെയ്തിരുന്നു. *ദലിത് സമൂഹത്തില്‍ നിന്നു വരുന്നവര്‍ വള്‍നറബിളായ ചുറ്റുപാടില്‍ നിന്നുമുള്ളവരാണെന്നും അവര്‍ എളുപ്പത്തില്‍ വഴങ്ങുമെന്നും സ്വയം സഹിക്കാന്‍ പഠിച്ചവരാണെന്നും ഇതൊരിക്കലും പുറത്തറിയിക്കാന്‍ ധൈര്യമില്ലാത്തവരാണെന്നും ഇയാള്‍ മുന്നനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കിയിട്ടുണ്ട്- സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ് കൊടുത്ത സാഹിത്യകാരി സംസാരിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിലെ സാഹിത്യ ചര്‍ച്ചകള്‍, കവിതാനടത്തങ്ങള്, രചനാ ക്യാംപുകള്‍, പുസ്തകപ്രകാശനങ്ങള്‍... പിന്നാലെ വരുന്നതാവട്ടെ മുതിര്‍ന്ന സാംസ്കാരിക നായകന്മാര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും. എന്താണ് സാഹിത്യ- സാംസ്കാരിക ഇടങ്ങളില്‍ സംഭവിക്കുന്നത്?
കേരളത്തിലെ സാഹിത്യ സാംസ്കാരികരംഗത്തെ ലൈംഗിക ചൂഷണത്തിന്റെ തെളിവുകളാണ് അടുത്ത കാലത്തുണ്ടായ മീറ്റൂ സംഭവങ്ങളെല്ലാം. അച്ചടിമാധ്യമങ്ങളും അവ സൃഷ്ടിച്ച രാഷ്ട്രീയ പൊതുമണ്ഡലവും പുരുഷകേന്ദ്രിതമായിരുന്നു.
പുരുഷപ്രമത്തതയുടെ ആട്ടുകട്ടിലിലിരുന്ന് സാഹിത്യ രംഗത്തെത്തുന്ന സര്‍ഗ്ഗവാസനയുള്ള സ്ത്രീകളെ പ്രശസ്തിയുടെ കൊടുമുടികള്‍ ചൂണ്ടി പ്രലോഭിപ്പിച്ച് ശാരീരികമായി മുതലെടുപ്പ് നടത്തുന്ന പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്നതായി കാണാം. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരില്‍നിന്ന് തങ്ങള്‍ക്ക് കിട്ടുന്ന പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും പുറങ്കാലുകൊണ്ട് തട്ടിയെറിഞ്ഞ് സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ ഇന്നത്തെ സ്ത്രീകള്‍ തയ്യാറാകുന്നു. എന്നെ സംബന്ധിച്ച് ഞാന്‍ ഞാനായിട്ടുത്തന്നെ നില്ക്കാന് ആഗ്രഹിക്കുന്നു. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവരോട് അസ്സോസിയേറ്റ് ചെയ്യുന്നത് പോലും കുറ്റകരം ആയി തന്നെ ആണ് ഞാന്‍ കണക്കാക്കുന്നത്. അതുകൊണ്ടാണ് എനിക്ക് മാസികയില്‍ ലഭിച്ച പ്രത്യേക പദവി ഉപേക്ഷിച്ചത്.
കുറ്റം ആരോപിച്ചാള് സാമൂഹികമാധ്യമങ്ങളിലൂടെ വിചാരണ നേരിടുകയും കുറ്റാരോപിതന് പലതരം ന്യായീകരണങ്ങളാലും ചരിത്രം ഓര്‍മപ്പെടുത്തിയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു തരം Prey and Predator സംഘര്‍ഷം അഭിമുഖീകരിക്കുന്നതായി തോന്നുന്നുണ്ടോ?
സിവിക് ചന്ദ്രനെതിരെ മീറ്റു പറഞ്ഞ് പരാതി കൊടുത്തതിന് സാമൂഹിക വിചാരണ നേരിടുന്നവളാണ് ഞാന്‍. സ്വന്തം മുഖം മറച്ച് പ്രതികരിക്കേണ്ട സാഹചര്യമാണ് എനിക്കുള്ളത്. ഒരു സ്ത്രീ, മറ്റൊരാളുടെ പ്രവൃത്തി കൊണ്ട് മുറിവേറ്റ് നീതിക്കുവേണ്ടി സ്വയം വെളിപ്പെടുത്തുകയാണ്. എന്റെ അഭിമാനത്തിനും അന്തസ്സിനും വിലയിടാന്‍ ഞാന്‍ ആരെയും അനുവദിക്കുകയില്ല. ഈ മുഖംമൂടി സത്യം തെളിയിക്കുന്നതുവരെ മാത്രം. ഇതെല്ലാം എന്റേതല്ലാത്ത കാരണംകൊണ്ട് സംഭവിച്ചതാണ്. അതുകൊണ്ട് സത്യത്തിനും നീതിക്കും വേണ്ടി ഞാന്‍ മുന്നോട്ടു തന്നെ പോകും.
ഈ കേസ് കാരണം വ്യക്തിപരമായി ഒരുപാട് സംഘര്‍ഷങ്ങള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നിരന്തരം സംസാരിക്കുന്ന സ്ത്രീവാദ പ്രത്യയശാസ്ത്രങ്ങള്‍ മുറുകെ പിടിക്കുന്ന, ഞാന്‍ ഏറെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന, എന്റെ സാമൂഹിക സാഹചര്യങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കിയ ഒരാള്‍ എന്നെ ശാരീരികമായും മാനസികമായും അപമാനിച്ചു എന്നതാണ് ആദ്യത്തെ സംഘര്‍ഷം. ഇയാളില്‍നിന്ന് എന്നെക്കൂടാതെ മറ്റു പല സ്ത്രീകള്‍ക്കും പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇരകള്‍ തന്നെ എന്നോട് തുറന്നു പറയുകയും അവരെല്ലാം ദലിത്- പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും തിരിച്ചറിഞ്ഞത് രണ്ടാമത്തെ സംഘര്‍ഷം. ഒരു ദലിത് ഫെമിനിസ്റ്റ് എഡിറ്റോറിയല്‍ അംഗമായിട്ടുള്ള മുഖ്യധാരാപ്രസിദ്ധീകരണത്തിലെ എഡിറ്റര്‍ ദലിത് - പിന്നാക്ക സ്ത്രീകളെ തിരഞ്ഞുപിടിച്ചുനടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ ലളിതവത്കരിക്കുകയും ഒതുക്കപ്പെടുകയും ലോകത്തിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് സംസാരിക്കുന്ന ദലിത് ഫെമിനിസ്റ്റിന് ഇതൊരു വിഷയമാകാതിരിക്കുകയും ചെയ്യുന്നത് മറ്റൊരു സംഘര്‍ഷം. എല്ലാറ്റിനുമുപരിയായി എന്നെപ്പോലെ ഏറ്റവും താഴെത്തട്ടില്‍നിന്ന് യാതൊരു പ്രിവിലേജുമില്ലാതെ സാഹിത്യരംഗത്തേക്കും പൊതുവിടത്തിലേക്കും കടന്നുവരുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളുടെ സ്വഭാവം ഫ്യൂഡല്‍ വ്യവസ്ഥിതിയിലെ പഴയ ജന്മിക്ക് അടിയാള സ്ത്രീശരീരത്തോടുള്ള ആസക്തിയെയും ചൂഷണത്തെയും ഓര്‍മ്മിപ്പിക്കുന്നതാണെന്നും കേവലം 'ദലിത്', 'സ്ത്രീ 'എന്ന നിശ്ചിത സംജ്ഞാപദങ്ങള് വിട്ട് ചിന്തിക്കാന്‍ ഒരിക്കലും അനുവദിക്കുകയില്ലെന്നും പൊതുഇടങ്ങളില്‍നിന്ന് നിരന്തരം ഇത് നേരിടേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ചിന്തിക്കുന്ന സഹൃദരായ മനുഷ്യരോടൊപ്പം സര്‍ഗാത്മകമായി കൂടിയിരിക്കാന്‍ പടുത്തുണ്ടാക്കുന്ന ഇടങ്ങള്‍ തകര്‍ന്നുവീഴുന്നത് ഞെട്ടലോടെ കണ്ടുനില്‍ക്കേണ്ടി വരുന്നത്.
'അതിജീവിതയോടൊപ്പം' എന്ന ഹാഷ് ടാഗുകള്‍ നിര്‍ലോഭം ഉപയോഗിക്കപ്പെടുന്ന കാലം കൂടിയാണിത്.
ഒപ്പമെന്ന വ്യാജേന അടുത്തുകൂടി വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന കപടസൗഹൃദങ്ങള്. സൗഹൃദവും സംരക്ഷണവും പറഞ്ഞ് നമ്മളെ ഒത്തുതീര്പ്പിലേക്കായി പാകപ്പെടുത്തുന്നവര്‍. ഏതുതരം മനുഷ്യരെ, ആരെ, എങ്ങനെ വിശ്വസിക്കാം എന്നറിയാതെയാകുകയാണ്. ചോദിക്കുന്നവരോടെല്ലാം അനുഭവിച്ച കാര്യങ്ങള്‍ വിവരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്, കേള്‍ക്കുന്നവരുടെ മുന്‍വിധിയില്‍ പരാതിയുന്നയിക്കുന്നവരുടെ സ്വഭാവം ഇഴകീറി പരിശോധിക്കപ്പെടുന്നത്.
വളരെയേറെ സഹനങ്ങള്‍ക്കൊടുവില്‍ ലൈംഗികാതിക്രമത്തിന് വിധേയയായി എന്ന് ഞാന്‍ തുറന്നുപറഞ്ഞിട്ടും പല തരത്തിലുള്ള ആരോപണങ്ങള്‍ തൊടുത്തുവിടുകയും കുറ്റം ചെയ്തയാളെ വിശ്വസിക്കുകയും സൗഹൃദം ആഘോഷിക്കുകയും ചെയ്യുന്നത് നിസ്സഹായതയില്‍ കണ്ടു നില്‍ക്കേണ്ടി വരുന്നത്, എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുവെങ്കിലും സ്വയം വെളിപ്പെടുത്താന്‍ സാഹചര്യങ്ങള്‍ അനുവദിക്കാത്തത്... അങ്ങനെ മെന്റല്‍ ട്രോമയുടെ പല ഘട്ടങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്.
ലൈംഗികാതിക്രമം എന്ന ഗുരുതരമായ ആരോപണത്തിനൊപ്പം തന്നെ ദളിത് അട്രോസിറ്റീസ് ആക്ടുകൂടി താങ്കളുടെ പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. സാഹിത്യത്തില്‍ പ്രിവിലേജുകാര്‍, പ്രിവിലേജില്ലാത്തവര്‍ എന്ന തരത്തില്‍ വിഭാഗീയത ഉണ്ടാക്കുകയല്ലേ ചെയ്യുന്നത്?
പൊതുസമൂഹത്തില്‍ മാറ്റങ്ങള്‍ പലതുണ്ടായെങ്കിലും നടപ്പുകാലഘട്ടത്തിലും ജാതിവ്യവസ്ഥ പരോക്ഷമായി നിലനില്ക്കുകയും ദലിത് സ്ത്രീകളെ തങ്ങള്‍ക്ക് വിധേയരായി പരുവപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. അതിനെ മറികടന്നു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഫെമിനിസ്റ്റുകള്വരെ ഉയര്‍ത്തുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. പ്രിവിലേജുകളുടെ മുകളിലിരുന്ന് വേദാന്തം പറയുന്ന സ്ത്രീകള്‍ക്ക് അവര്‍ 'ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന'വരായിത്തീരുന്നു. എന്നുവച്ചാല്‍, സാമൂഹ്യ രാഷ്ട്രീയത്തില്‍ സക്രിയമായി ഇടപെടുന്ന വ്യക്തികളില്‍ നിന്നുമേല്ക്കുന്ന പരിക്കുകള്‍ നിങ്ങള്‍ (ദലിത് സ്ത്രീകള്‍) സഹിക്കേണ്ടതുതന്നെയാണ് എന്നര്‍ത്ഥം. നിങ്ങള്‍ക്ക് ഇനി ഒരു രക്ഷാകര്ത്താവുണ്ടാവില്ലെന്ന വര്യേണ ഫെമിനിസ്റ്റുകളുടെ ജീര്‍ണ്ണിച്ച സാമൂഹികബോധം! പഴയ ഫ്യൂഡല്‍ ഗൃഹാന്തരീക്ഷങ്ങളില്‍ ജന്മിയില് നിന്നുമേല്ക്കുന്ന ശാരീരിക പീഡനങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ കെട്ടിലമ്മമാരില്നിന്നു കിട്ടിയ ഉത്തരം ഇതു തന്നെയായിരുന്നു.
നെല്ക്കറ്റകള്ക്കുള്ളില് നടക്കുന്നത് മറ്റാരെയുമറിയിക്കാതെ അടിയാള സ്ത്രീകള്‍ അനുഭവിക്കേണ്ടതാണെന്ന സവര്‍ണ പൊതുബോധം ഇക്കാലത്തും തുടരണമെന്ന വരേണ്യബോധത്തില്‍ നിന്നുള്ള ഉപദേശ പ്രസംഗം കൂടിയാകുന്നു അത്. ഇത്തരം അപമാനം സഹിച്ചവര്‍ എത്രയോപേരുണ്ടായിട്ടും കുടുംബത്തെയും സമൂഹത്തെയും ഭയന്ന് സ്വയം ഒളിവില്‍പ്പോകുന്നത് ഇക്കാരണംകൊണ്ടുതന്നെയാണ്. ടിയാന് അര നൂറ്റാണ്ടു കാലമായി ചവിട്ടി നില്ക്കുന്ന രാഷ്ട്രീയ-സാംസ്കാരിക ഇടത്തില്‍ നിന്ന് വീഴ്ത്തിയിടേണ്ടത് അയാളില്‍നിന്ന് ഇത്തരം അനുഭവങ്ങളുള്ള സ്ത്രീകളുടെ സാമൂഹിക ഉത്തരവാദിത്തമാണ്. ഇത്തരക്കാര്‍ ഇനിയും വാഴ്ത്തപ്പെടുമ്പോള്‍ കൂടുതല്‍ മുറിവേല്‍ക്കുന്നത് ഇവര്‍ കൈയ്യേറ്റം നടത്തിയ സ്ത്രീകള്‍ക്കാണ്.
സാമൂഹ്യ അസമത്വത്തിനെതിരെയുള്ള ഇവരുടെയൊക്കെ പ്രതികരണങ്ങള്‍ അങ്ങേയറ്റം നിന്ദ്യമായിരുന്നു എന്ന തിരിച്ചറിവോടെയാണിത് പറയുന്നത്. സാഹിത്യം മുതലാക്കി എഴുതാനാഗ്രഹിക്കുന്ന ഒരു വ്യക്തിക്കുനേരെയും ഇനിയൊരു കടന്നുകയറ്റം ഉണ്ടാവരുതെന്ന ആഗ്രഹവും നിശ്ചയദാര്‍ഢ്യവുമാണ് കേസ് കൊടുക്കാനുള്ള പ്രചോദനം.
വളര്‍ന്നുവരുന്ന എഴുത്തുകാരികള്‍ ഇടറി വീഴാതിരിക്കാനും കൂടുതല്‍ വളരാനും ആശ്രയിക്കുന്ന കരങ്ങളുടെ എണ്ണം കൂടുന്നു, ആരോപണങ്ങള്‍ സാധാരണമാകുന്നു. എഴുത്തിടങ്ങളില്‍ വിരാജിക്കുന്ന ഗോഡ്ഫാദര്‍മാര്‍ മീറ്റൂവും മാപ്പും ഇരുകക്ഷങ്ങളിലും കൊണ്ടുനടക്കേണ്ട അവസ്ഥയാണോ?
സാഹിത്യത്തില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന മീറ്റൂ വെളിപ്പെടുത്തലുകള്‍ക്ക് സമാനസ്വഭാവമുണ്ട്. പ്രമുഖരായ സാഹിത്യകാരന്മാര്ക്ക് വഴങ്ങിയാല്‍ അറിയപ്പെടുന്ന എഴുത്തുകാരിയായി സാഹിത്യരംഗത്ത് ഉയര്‍ന്നുവരാമെന്ന പ്രലോഭനങ്ങള്‍ ധാരാളമുണ്ട്. സാഹിത്യരംഗത്ത് സിവിക് ചന്ദ്രനെ ഞാന്‍ പരിചയപ്പെടുന്നത് പാഠഭേദം സബാള്‍ട്ടേണ്‍ ഫെസ്റ്റില്വെച്ചാണ്. അന്ന് എന്റെ ഒരു പുസ്തക പ്രകാശനം അയാളുടെ അധ്യക്ഷതയില്‍ നടന്നു. പ്രമുഖയായ ഒരു എഴുത്തുകാരി വഴിയാണ് ഞാന്‍ അതിലേക്കെത്തുന്നത്. അതിനു വേണ്ടി മൂവായിരം രൂപ പരിപാടിയിലേക്ക് ഞാന്‍ സംഭാവന ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ വടകരയില്‍വെച്ച് നടത്തിയ കവിതാ ക്യാംപിലാണ് ഞാന്‍ അയാളെ വീണ്ടും കാണുന്നത്. വി ടി. ജയദേവനാണ് എന്നെ ക്യാമ്പിലേക്ക് ക്ഷണിക്കുന്നത്. അവിടെവെച്ച് കണ്ടപ്പോള്‍ പരിചയം പുതുക്കി. പൊളിറ്റിക്സ് കൃത്യമായി പറയുന്ന അയാളോട് ഏറെ ബഹുമാനത്തോടെ സംസാരിച്ചു. ആ ക്യാമ്പില്‍വെച്ച് എന്റെ കവിതകള്‍ അവതരിപ്പിച്ചിരുന്നു. എന്റെ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിക്കാനുള്ള വര്‍ക്കുകളെല്ലാം പൂര്‍ത്തിയായതായി അറിയിച്ചു. പ്രസാധകരെ കണ്ടെത്താനാവാത്തതിനെ കുറിച്ചും പറഞ്ഞു. പ്രസിദ്ധീകരണത്തിന് കവിതയുമായി സമീപിച്ചപ്പോള്‍ കവിതയ്ക്ക് മാര്‍ക്കറ്റില്ലെന്ന് പറഞ്ഞ് പ്രസാധകരെല്ലാം കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നു. അത്രയും പണം നല്കി പ്രസിദ്ധീകരിക്കാന്‍ എനിക്ക് സാധിക്കില്ല എന്ന കാര്യം എഴുത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഞാന്‍ പറഞ്ഞിരുന്നു. അപ്പോഴാണ് കുറഞ്ഞ ചെലവില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്ന പ്രസാധകരെപ്പറ്റി അയാള്‍ പറഞ്ഞത്. ചിലരുടെ പേരുകളും നിര്‍ദ്ദേശിച്ചിരുന്നു.
അതിനു ശേഷമാണ് ക്യാമ്പില്‍വെച്ച് അയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത്. പ്രായം കൊണ്ട് എന്റെ അച്ഛനേക്കാള്‍ മുതിര്‍ന്ന ഒരു വ്യക്തി എന്നോട് പ്രണയമെന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത പ്രയാസം തോന്നിയിരുന്നു. എനിക്കങ്ങനെ കാണാന്‍ കഴിയില്ല, ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് നിങ്ങള്‍ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 23-24 വയസ്സിലുള്ള കാമുകിമാര്വരെ എനിക്കുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി! ഞാന്‍ അതിലും പ്രായം കൂടിയ വ്യക്തിയാണല്ലോ എന്ന ധ്വനി ആ സംസാരത്തിലുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. പക്ഷേ, എന്നെ ഇത്തരത്തില്‍ കാണുന്നതിലെ അനിഷ്ടം ഞാന്‍ പ്രകടിപ്പിച്ചിരുന്നു.
അങ്ങനെ ക്യാമ്പ് കഴിഞ്ഞു പോന്നതിനു ശേഷമാണ് സിവിക് മൊബൈല്‍ ഫോണില്‍ കാമുകറോളില് ചാറ്റ് ചെയ്ത് തുടങ്ങുന്നത്. പലതും എനിക്ക് അസഹ്യമായതായിരുന്നു. ഇത്തരം മെസേജുകള്‍ എനിക്ക് അയക്കരുതെന്ന് ഞാന്‍ ഫോണ്‍ ചെയ്ത് പറയുകയും ചെയ്തു. ഒറ്റപ്പെട്ടു ജീവിക്കുന്ന മനുഷ്യരെ കേള്‍ക്കുക എന്നത് ഒരു സാമൂഹിക പ്രവര്‍ത്തനമായാണ് ഞാന്‍ കരുതുന്നതെന്നും ഞാന്‍ ജെന്റര്‍ അടിസ്ഥാനമാക്കിയല്ല മനുഷ്യരോട് ഇടപഴകുന്നതെന്നും എന്നെ അത്തരത്തില്‍ തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു. ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച നടത്തുകയും അതിനോടൊപ്പം ഉംനൈറ്റ്, ഉമ്മോണിങ് തുടങ്ങിയ തരത്തിലുള്ള വാക്കുകള്‍ അയക്കുകയും ചെയ്തിരുന്നു. പലപ്പോഴും മറുപടി നല്‍കാതെ വിട്ടുനിന്നു. ചിലപ്പോഴൊക്കെ പോയറ്റിക്കായി എടുക്കുന്നതായി ഭാവിച്ചു.
കവി ഗ്രൂപ്പായ 'നിലാനടത്ത'ത്തിന്റെ സംഘാടനത്തില്‍ കൊയിലാണ്ടി നന്തിയില്‍വെച്ച് തീരുമാനിക്കപ്പെട്ട ബാവുള്‍ സംഗീതനിശയില്വെച്ച് എന്റെ കവിത പുസ്തകം പ്രകാശനം ചെയ്യാന്‍ ധാരണയാകുകയും അങ്ങനെ ഒരു പ്രസാധകനുമായി സംസാരിക്കുകയും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ധാരണയാവുകയും ചെയ്തു. സിവിക് ചന്ദ്രനെ സംബന്ധിച്ചിടത്തോളം എന്റെ രണ്ട് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ് പ്രകാശിതമാവുന്നത്. ആ പ്രിവിലേജ് അദ്ദേഹം പ്രകടിപ്പിക്കാന്‍ തുടങ്ങി.
ബൗദ്ധികനിലവാരം ഉയര്‍ത്തുന്ന ചര്‍ച്ചകളില്‍ പങ്കാളിയാക്കുക, അര്‍ഹിക്കുന്നതിലും വലിയ സ്ഥാനമാനങ്ങള്‍ നല്‍കുക, ഗോഡ്ഫാദര്‍മാരുടെ വീക്ഷണങ്ങളില്‍ പങ്കുചേര്‍ക്കുക... ഇതെല്ലാമാണ് ആദ്യപടി എന്നുകേള്ക്കുന്നുണ്ടല്ലോ?
വളരെ ഉയര്‍ന്ന ബൗദ്ധികനിലവാരമുള്ള വിഷയങ്ങള്‍ സംസാരിക്കും. തികച്ചും ഗൗരവമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. അദ്ദേഹം എഴുതിയ കവിത അയച്ചുതരും. വായിച്ചിട്ട് അഭിപ്രായം എഴുതാന്‍ പറയും. സമയക്കുറവുകൊണ്ട് ഞാന്‍ മറുപടി എഴുതാറില്ല. പ്രണയാഭ്യര്‍ഥന നടത്തിയ സിവിക്കിനെ എവിടെയും കാണില്ല അപ്പോള്‍. അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് പാഠഭേദം എഡിറ്റോറിയല്‍ അംഗമാകാനുള്ള നിര്‍ദ്ദേശം സിവിക് മുന്നോട്ട് വെക്കുന്നത്. മാസികയുടെ എഡിറ്റര്ഷിപ്പിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് പറഞ്ഞാണ് വിളിക്കുന്നത്. എന്റേതായ തിരക്കുകള്‍ കാരണം വിമുഖത അറിയിച്ചപ്പോള്‍ അതു സാരമാക്കേണ്ട എന്നു പറഞ്ഞു നിര്‍ബന്ധിക്കുകയായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു പദവികൂടി വന്നുചേരുകയാണ്. എന്റെ സാംസ്കാരികമായ ഇടപെടലിനു പറ്റിയ ഇടം തേടി വന്ന ഓഫറാണ്. വലിയ ആലോചനയൊന്നും കൂടാതെ ഞാനത് സ്വീകരിച്ചു. പക്ഷേ, നമ്മുടെമേല്‍ ഒന്നുകൂടി അധികാരവും അധീശത്വവും സ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു ഈ എഡിറ്റര്‍ഷിപ്പ് എന്ന് പിന്നീട് എനിക്ക് മനസ്സിലായി. ഇതൊക്കെ അദ്ദേഹം എനിക്ക് തന്ന സൗജന്യമാണ്, ഉദാരതയാണ്. അപ്പോള്‍ ഞാന്‍ അതിനനുസരിച്ച് കുറച്ചുകൂടി ഉദാരത കാണിക്കേണ്ടതുണ്ട് എന്ന ശാരീരിക ഭാഷയൊക്കെ വരാന്‍ തുടങ്ങി. ഒരു തരം മാനിപ്പുലേഷന്.
രണ്ട് തരത്തിലാണ് ഞാന്‍ ചൂഷണം ചെയ്യപ്പെട്ടത്. എഴുത്തില്‍ എനിക്കുള്ള താല്പര്യമാണ് ആദ്യം ചൂഷണം ചെയ്യപ്പെട്ടത്. മറ്റൊന്ന് സാംസ്കാരികമായി വളരെ നല്ല നിലവാരം പുലര്‍ത്തുന്നവരുമായി കൂടിച്ചേരുമ്പോള്‍ നമുക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ മുതലെടുപ്പ്. പാഠഭേദത്തില്‍ എന്റെ കവിത പ്രസിദ്ധീകരിക്കുന്നു. അഭിപ്രായങ്ങള്‍ വരുന്നു, അത് എഴുത്തില്‍ പ്രചോദനമാകുന്നു. അക്ഷരങ്ങളോടുള്ള ഇഷ്ടം കൂടി.
എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നറിയാം. എങ്ങനെ പ്രതിരോധിച്ചു ആ സന്ദര്‍ഭത്തെ?
'ഒറ്റപ്പൈസാ ചെലവില്ലാതെ ഞാന്‍ നിന്റെ രണ്ട് പുസ്തകം പ്രകാശനം ചെയ്തുതന്നിട്ടുണ്ട്' എന്ന ഡയലോഗോടുകൂടിയാണ് സിവിക് എന്നോട് മോശമായി പെരുമാറിയത്. എന്റെ ശരീരത്തില്‍ കയടന്നുകയറിയുള്ള അധികാരം സ്ഥാപിക്കലിനെ ഞാന്‍ അതിശക്തമായി എതിര്‍ത്തു. ലൈംഗികമായ ദുരുദ്ദേശ്യത്തോടെയുള്ള ഒരു പ്രതിഫലം ചോദിക്കലായിരുന്നു അത്. ഒരു സ്ത്രീയ്ക്ക് അവളുടെ ശരീരത്തില്‍ തൊടുന്ന പുരുഷന്റെ ഉദ്ദേശ്യം എന്താണ് എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. സ്പര്‍ശം ഏതു തരത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞതു മുതല്‍ എനിക്ക് അപകര്‍ഷതയും മാനസികാഘാതവുമുണ്ടായി. രണ്ടു പുസ്തകം നയാപ്പൈസയില്ലാതെ പ്രകാശനം ചെയ്തുതന്നതിന്റെ പ്രത്യുപകാരമായി എന്റെ ശരീരം അയാള്‍ക്ക് ഞാന്‍ അനുവദിച്ചുകൊടുക്കണമെന്നാണ് ആ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. പബ്ലിക്കിനു മുമ്പില്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും വേണ്ടി ഉച്ചൈസ്തരം ഘോഷിക്കുന്ന സിവിക് ചന്ദ്രന് എന്ന വ്യക്തി എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തിനുമേല്‍ നടത്തിയ കൈയ്യേറ്റവും ഭീഷണി കലര്‍ന്ന സ്വരത്തിലുള്ള ലൈംഗികത ആവശ്യപ്പെടലും എന്നെ കനത്ത മാനസികാഘാതത്തിലേക്കാണ് തള്ളിയിട്ടത്.
പ്രിവിലേജില്ലാത്തവര്‍, ദളിത് അട്രോസിറ്റി... വാക്കുകള്‍ സൂചിപ്പിക്കുന്ന ഗൗരവം കൂടി കണക്കിലെടുക്കേണ്ടതുണ്ടല്ലോ. പ്രതികരിക്കില്ലെന്ന വിശ്വാസം, അനുകൂലമായ മുന്നനുഭവങ്ങള്‍ തുടങ്ങിയവ കടന്നുകയറ്റത്തിന് പ്രചോദനമായി എന്ന് താങ്കള്‍ ആരോപിക്കുന്നുണ്ട്.
ഞാന്‍ സാമൂഹികമായി വളരെ താഴ്ന്ന സാഹചര്യത്തില്‍ നിന്നാണ് വരുന്നത്. സാംസ്കാരിക മൂലധനമില്ലാത്ത ഞാന്‍ എഴുതുകയും വായിക്കുകയും അതിലൂടെ ഉയര്‍ന്നു വന്നതും സ്വപ്രയത്നത്താല്‍ മാത്രമാണ്. ജോലിയുണ്ടായിട്ടും ഇനിയുമെന്തിനാണ് പുസ്തകം വായിച്ചു പഠിക്കുന്നത് എന്നു മനസ്സിലാകാത്ത സാമൂഹിക നിരക്ഷതയുള്ള സമൂഹമാണ് എന്റേത്. എഴുത്തില്‍ ആരും കൈപിടിച്ചുയര്ത്തിയിട്ടില്ല. ഒരാളുടെയും ഔദാര്യം പറ്റിയിട്ടുമില്ല. ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ആരുടെ മുന്നിലും സ്തുതി പാടാറുമില്ല. എന്റെ കുടുംബ-ജീവിതപശ്ചാത്തലം പൂര്‍ണമായും അറിയുന്ന ഒരാളാണ് സിവിക്. പല സന്ദര്‍ഭങ്ങളിലായി, പല സാഹിത്യ പരിപാടികളിലായി, എന്റെ സുഹൃത്തുക്കളില്‍ നിന്നായി, അദ്ദേഹം അറിഞ്ഞതാണ്. വ്യക്തിപരമായ ഞങ്ങളുടെ സംഭാഷണങ്ങളിലും കടന്നുവന്ന വിഷയവുമാണ് ഇതെല്ലാം.
ഞാന്‍ എന്താണെന്ന് കൃത്യമായി അറിയുന്ന ഒരാള്‍ എന്ന നിലയില്‍ സിവിക് ചന്ദ്രന് നടത്തിയ കടന്നുകയറ്റം കൃത്യമായും ഞാനുള്‍പ്പെടുന്ന സാമൂഹിക വിഭാഗങ്ങളോട് പ്രിവിലേജ്ഡ് പുരുഷ വര്‍ഗ്ഗം നടത്തുന്ന ലൈംഗികചൂഷണം തന്നെയാണ്.ദലിത് സമൂഹത്തിൽ നിന്നു വരുന്നവർ വൾനറബിളായ ചുറ്റുപാടിൽ നിന്നുമുള്ളവരാണെന്നും അവർ എളുപ്പത്തിൽ വഴങ്ങുമെന്നും സ്വയം സഹിക്കാൻ പഠിച്ചവരാണെന്നും ഇതൊരിക്കലും പുറത്തറിയിക്കാൻ ധൈര്യമില്ലാത്തവരാണെന്നുമുള്ള പൊതുബോധമാണ് ഇയാളെപ്പോലുളളവരെ നയിക്കുന്നത്. മുന്‍പ് ഇയാള്‍ ആക്രമിച്ച സ്ത്രീകള്‍ ദലിത്, പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. അവരാരും തന്നെ ഇക്കാര്യം പുറത്തറിയിച്ചിരുന്നില്ല. അവര്‍ അതിനെ ഭയപ്പെട്ടിരുന്നു. അവര്‍ അത് പറയാന്‍ ധൈര്യപ്പെടാത്തതുകൊണ്ടാണ് ഇയാളെ പോലുള്ള ഒരാള്‍ക്ക് വീണ്ടും വീണ്ടും ഇത്തരം അതിക്രമങ്ങള്‍ നടത്താന്‍ പ്രചോദനം നല്‍കുന്നത്. ഇനിമേലില്‍ സമ്മതമില്ലാത്ത ഒരു സ്ത്രീയുടെയും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അയാള്‍ക്ക് ധൈര്യമുണ്ടാകരുത്. ഇതുവരെ അയാള്‍ മൂടിവച്ച വികൃതമായ മുഖം വെളിപ്പെടുത്തണമെന്ന് ഞാന്‍ തീരുമാനിച്ചു. ഇത് കേവലം വ്യക്തിപരമായ ഒരു വിഷയമായിട്ടല്ല, ഗൗരവമേറിയ സാമൂഹിക വിഷയമായിട്ടാണ് ഞാന്‍ കാണുന്നത്. സാഹിത്യരംഗത്തെത്തുന്ന എന്നെപ്പോലുള്ള ദലിത് സ്ത്രീകള്‍ നേരിടുന്ന പച്ചയായ ജീവിത യാഥാര്‍ത്ഥ്യമാണിത്. ഇയാള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ മടിച്ച മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഞാന്‍ ശബ്ദമുയര്‍ത്തിയത്. നീതി നിഷേധിക്കപ്പെട്ട മുഴുവന്‍ സ്ത്രീകള്‍ക്കും ലഭിക്കേണ്ട നീതിയാണ് എനിക്ക് കിട്ടുന്ന നീതി എന്നു ഞാന്‍ കരുതുന്നു.
രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ ഇത്തരത്തില്‍ പലരും സാഹിത്യത്തിലുണ്ട്. അവരുടെ സര്‍ഗാത്മകതയും പൊതുജനാംഗീകാരവും സാംസ്കാരികമായ ഉന്നതിയുമെല്ലാം സാഹിത്യമല കേറുന്ന പാവങ്ങളായ സ്ത്രീകളുടെ മനസ്സില്‍ വലിയ നിലയില്‍ പ്രതിഷ്ഠിക്കപ്പെടുന്നു. നമ്മളെ ഇവര്‍ ഏറ്റെടുക്കുന്ന വിധം തീര്‍ച്ചയായും ഓരോ സ്ത്രീയും പഠിച്ചിരിക്കണം. നമ്മള് ആവശ്യപ്പെടാതെ തന്നെ ഉയര്‍ന്ന പരിഗണനകളും സ്ഥാനമാനങ്ങളും ഇങ്ങോട്ട് തരും. വ്യക്തിപരമായ ചിന്തയില്‍ വെള്ളവും വളവും ഒഴിച്ചുതരും. വലിയ വലിയ ചര്‍ച്ചകളില്‍ നമ്മളെക്കൂടി പങ്കാളികളാക്കും. നമ്മുടെ കാര്യങ്ങളില്‍ അഭിപ്രായം പറയും, ഒരു പരിധിവരെ നിയന്ത്രണവുമുണ്ടാക്കും. അതെല്ലാം എളുപ്പത്തില്‍ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള വഴികളാണ്. കിട്ടിയതെല്ലാം നഷ്ടപ്പെടുത്താന്‍ മടിച്ച് അതിന് വിധേയപ്പെടുന്നവര്‍ ഉണ്ടാവാം. എനിക്ക് ഞാനായി ഇരുന്നാല്‍ മതി. ഈ കോംപ്രമൈസുകള്‍ ചെയ്തുകൊണ്ട് എവിടെയും ഇരിപ്പുറപ്പിക്കേണ്ടതായ ആവശ്യം എനിക്കിപ്പോള്‍ എന്നല്ല, ഒരു കാലത്തുമില്ല.
താങ്കളുടെ ദുരനുഭവം ആദ്യം പങ്കുവെച്ചത് ഒരു സാഹിത്യകൂട്ടായ്മയിലാണ്. പിന്നെ പാഠഭേദം സമിതിയ്ക്കുമുമ്പാകെ രേഖാമൂലം പരാതി നല്കി. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മാപ്പില്‍ അകത്തൊതുങ്ങി പോകുമായിരുന്നു ഈ വിഷയം.
'നിലാനടത്തം' കവി കൂട്ടായ്മയിലാണ് ഞാന്‍ എന്റെ അനുഭവം പങ്കുവെച്ചത്. അതിന് മുമ്പ് ഈ സംഭവം ഉണ്ടായ ദിവസം തന്നെ സംഘാടകനായ ഒരു സുഹൃത്തിനോട് ഇത് സൂചിപ്പിച്ചിരുന്നു. ഞാന്‍ മാനസികമായി അതിസമ്മര്‍ദ്ദത്തിലായിരുന്നു. ഇത് പുറത്തറിയിക്കാന്‍ ഞാന്‍ ഒരവസരം പാര്‍ത്തിരുന്നു. എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. എനിക്കിത് വെറുതെ വിട്ടുകളയാൻ ആവുമായിരുന്നില്ല. തുറന്നുപറഞ്ഞാല്‍ കൂടുതല്‍ പരിക്കേല്‍ക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും ഞാന്‍ പിടിച്ചുനിന്നു. പിന്നീട് ഫേസ്ബുക്കില്‍ മീറ്റൂ എന്ന് ഒരു കവിതയെഴുതിയിട്ടു കൊണ്ട് ഞാന്‍ അയാളോട് യുദ്ധം പ്രഖ്യാപിച്ചു,
സിവിക് ചന്ദ്രന് ആയിടയ്ക്ക് ഫേസ്ബുക്കില്‍ എഴുതിയിട്ട ഒരു കവിതയുടെ ആദ്യ വരികള്‍ എടുത്ത് അതേ ടോണില്‍ കടന്നുകയറ്റം പ്രമേയമാക്കി ഞാന്‍ എഴുതി. എന്നാല്‍ പിന്നീട് അയാള്‍ എഴുതിയ കവിത ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്തു. ഇക്കാര്യം പുറത്തുപറയാനുള്ള മാനസികനില പതുക്കെ വീണ്ടെടുത്തപ്പോഴാണ് എനിക്ക് കനത്ത നഷ്ടം സംഭവിക്കുന്നത്. അപ്രതീക്ഷിതമായ ഒരു മരണം. അതോടെ എന്റെ മാനസികാരോഗ്യനില അതീവ ഗുരുതരമായി. പിന്നീട് മാസങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഗ്രൂപ്പില്‍ ഇതിനെക്കുറിച്ച് എഴുതിയിടുന്നത്. പിന്നീട് അത് ഒരു ഓണ്‍ലൈന്‍ പത്രത്തിലൂടെ പുറത്തുവന്നു. ന്യൂസ് ടാഗ് ലൈവ് യൂട്യൂബ് ചാനലിലൂടെ എന്റെ ശബ്ദം ഞാനറിയാതെ ടേപ്പ് ചെയ്ത് പുറത്തുവിട്ടു. ഇത് നീക്കം ചെയ്യാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അവര്‍ അത് നീക്കം ചെയ്തില്ല. ഒടുവില്‍ വക്കീല്‍ നോട്ടീസ് അയച്ചു. പോലീസില്‍ പരാതിയും നല്കി.
പാഠദേദം എഡിറ്റോറിയല്‍ ഗ്രൂപ്പില്‍ താങ്കള്‍ അപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയൊരു അന്വേഷണ കമ്മീഷന് രൂപം കൊള്ളുന്നതും താങ്കളുടെ പരാതി പരിഹരിക്കാനായിരുന്നു.
'പാഠഭേദം എഡിറ്റര്‍ സിവിക് ചന്ദ്രന് നടത്തിയ ചില ഇടപെടലുകളോട് വ്യക്തിപരമായി വിയോജിപ്പ് രേഖപ്പെടുത്തി എനിക്ക് നല്‍കിയിരുന്ന എഡിറ്റര്‍ സ്ഥാനം നിരസിച്ചു കൊണ്ട് ഇവിടെനിന്ന് പിന്‍വാങ്ങുന്നു, നന്ദി' എന്നെഴുതിയിട്ട് ഞാന്‍ പുറത്തുപോന്നു. ആ കുറിപ്പ് ഒരു പരാതിയായി സ്വീകരിച്ചു കൊണ്ട് അവര്‍ ഒരു ICC രൂപീകരിച്ചു. ICC മൂന്ന് തവണ കൂടിയിരുന്നു. നടന്ന സംഭവം അവിടെ വിശദീകരിച്ചു. പിന്നീട് പാഠഭേദം ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നു. മീറ്റൂവിനെ ഇടപെടലെന്ന് ലഘൂകരിച്ചുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. ഫേസ്ബുക്കില്‍ പലരും ചോദിച്ച ഈ ചോദ്യത്തിന് അവര്‍ കൊടുത്ത മറുപടി എന്നെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി.
പരാതിക്കാരി ആവശ്യപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ എഴുതിയതെന്ന അവരുടെ മറുപടി തെറ്റായിരുന്നു. വാസ്തവത്തില്‍ ഞാന്‍ അങ്ങനെ പറഞ്ഞിരുന്നില്ല. പാഠഭേദം ഇക്കാര്യം ഉടനടി തിരുത്തി വ്യക്തത വരുത്തണമെന്ന് കമ്മീഷന് മുമ്പില്‍ ആവശ്യപ്പെട്ട പ്രകാരം പിന്നീട് അവര്‍ അത് മീറ്റൂവെന്ന് തിരുത്തുകയായിരുന്നു. പാഠഭേദത്തില്നിന്ന് എഡിറ്റേഴ്സ് രണ്ടു പേര് വിളിച്ചു. എന്തു വേണമെങ്കിലും ചെയ്യാമെന്നു പറഞ്ഞു. കമ്മീഷന് ഈ സംഭവത്തില്‍ എന്തു നീതിയാണ് ഞാന്‍ ആവശ്യപ്പെടുന്നതെന്നു ചോദിച്ചു. സഹപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ച എഡിറ്ററെ മാറ്റിനിര്‍ത്തണമെന്നും പാഠഭേദം ഈ സംഭവം അഡ്രസ് ചെയ്യണമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍ന്ന് എടുക്കേണ്ട നടപടികള്‍ ഈ വിഷയത്തോടുള്ള പാഠഭേദത്തിന്റെ നിലപാട് തന്നെയാണെന്നും അത് ഞാന്‍ ആവശ്യപ്പെടേണ്ടതല്ലെന്നും പറഞ്ഞു.
പിന്നീട് പാഠഭേദം സിമിതിക്കു മുമ്പാകെ ഞാന്‍ പരാതിപ്പെട്ടത് എന്റെ പ്രശ്നം അവിടെ വെച്ചുതന്ന പരിഹരിക്കപ്പെടണം എന്ന തീരുമാനത്തിലായിരുന്നു. തുടക്കത്തില്‍ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ച ഐ.സി.സി. അംഗമായ പാഠഭേദം എഡിറ്റര്‍ പിന്നീട് വിളിക്കാതായി. ആദ്യം സിവിക് എന്ന് പറഞ്ഞുകൊണ്ട് സംസാരിച്ച ഇവര്‍ പിന്നീട് സിവിക് സാറെന്ന് മാറ്റിപ്പറഞ്ഞു സംസാരിച്ചത് ശ്രദ്ധയില്‍ പെട്ടു.

പാഠഭേദം അന്വഷണക്കമ്മീഷന് രൂപീകരിച്ചുവെങ്കിലും കഥാന്ത്യം സിവിക്കിനെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണ കമ്മീഷന് പ്രവര്‍ത്തിച്ചത്. മുന്‍പു നടന്ന സംഭവങ്ങളിലേതുപോലെ ഇതും ഒതുക്കാമെന്നവര് കരുതി. ജനാധിപത്യപരമായ കാര്യങ്ങളിലും സാംസ്കാരികമായ കാര്യങ്ങളിലും വളരെയേറെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ആളെന്ന നിലയില്‍ സിവിക്കിനെ ഇങ്ങനെ കൊണ്ടാടുമ്പോള്‍ ഞാന്‍ അനുഭവിച്ച അപമാനം അവര്‍ കാണാതെ പോയി. പാഠഭേദത്തില്‍ പരാതി കൊടുത്തപ്പോള്‍ സമാന അനുഭവം നേരിട്ട ഒന്നു രണ്ടു പേര് എന്നെ വിളിച്ചു. അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ പറഞ്ഞു. പക്ഷേ, ഐഡന്റിറ്റി പുറത്തു വെളിപ്പെടുത്തുന്നതില്‍ അവരെല്ലാം ഭയന്നിരുന്നു. ഇതുകൂടി കേട്ടപ്പോഴാണ് എന്റെ പരാതിയില്‍ ഞാന്‍ ഉറച്ചുനില്ക്കാനും ഐ.സി.സിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരാന്‍ കാത്തിരുന്നതും. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ തെളിവില്ലാത്തതുകൊണ്ട് ഇതില്‍ കൂടുതല്‍ ചെയ്യാന്‍ ഐ.സി.സിക്ക് കഴിയില്ലെന്നും പാഠഭേദം ടീമിന് മുന്നില്‍വെച്ച് സിവിക് ചന്ദ്രന് മാപ്പ് പറയുമെന്നും പറഞ്ഞു. ഒരു സ്ത്രീ ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് തെളിവാണ് നല്‍കേണ്ടതെന്ന് ഞാന്‍ അവരോട് ചോദിച്ചു.
'നീ ചെറിയ കുട്ടിയൊന്നുമല്ലല്ലോ?' 'താന്‍ ഒരു സിനിക്കാകരുത്!'
'നീ ബോള്‍ഡായി അഭിനയിക്കുകയെങ്കിലും വേണം' തുടങ്ങിയ കടുത്ത പ്രസ്താവനകള്‍ അന്വേഷണ കമ്മീഷനില്‍നിന്നു കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
കമ്മീഷന് എന്നോട് പറഞ്ഞത് സിവിക് മാപ്പ് പറയാം എന്നതാണ്. മാപ്പ് പറയുന്നതിനു പിന്നില്‍ സിവിക്കിന്റെ വിശദീകരണവുമുണ്ട്: 'എന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് ഞാന്‍ പറഞ്ഞ സമയത്ത് എന്നെക്കൂടാതെ രണ്ട് കുട്ടികള്‍ കൂടി ഉണ്ടായിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടു കൂടിയല്ല ഇടപെട്ടത്. സ്നേഹത്തോടെയുള്ള ഇടപെടല്‍ മാത്രമായിരുന്നു.' സാക്ഷികളായി രണ്ട് പേരെക്കൂടി ഐ.സി.സി. അവതരിപ്പിച്ചു. യഥാര്‍ഥത്തില്‍ സിവിക് കടന്നുകയറ്റം നടത്തിയപ്പോള്‍ ഞാന്‍ മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ. ഈ സാക്ഷികള്‍ ഐ.സി.സിയുടെ സംഭാവനയാണോ എന്ന് സംശയിക്കുന്നു. അവരുടെ പേരും ഫോണ്‍ നമ്പറും വരെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്നേഹത്തോടെ എല്ലാവരെയും ഹഗ് ചെയ്യുന്ന രീതിയില്‍ത്തന്നെയാണ് സിവിക് എന്നോടും പെരുമാറിയതെന്നും ഞാന്‍ തെറ്റിദ്ധരിച്ചതാണ് എന്നുമായിരുന്നു വിലയിരുത്തല്‍. സ്വാഭാവികമായും വാദി പ്രതിയായി. അദ്ദേഹത്തിന്റെ ആ സ്നേഹപ്രകടനം എനിക്ക് തെറ്റായി തോന്നിയെങ്കില്‍ അദ്ദേഹത്തെ വിളിപ്പിക്കാം, വേണമെങ്കില്‍ മാപ്പ് പറയിപ്പിക്കാം.
അന്ന് കാട്ടിക്കൂട്ടിയത് തെറ്റാണ് എന്ന ബോധ്യം ഞാന്‍ പരാതിപ്പെട്ടപ്പോഴെങ്കിലും ഉണ്ടായിരുന്നെങ്കില്‍, അതില്‍ ഖേദം പ്രകടിപ്പിക്കാനുള്ള മനഃസ്ഥിതി അയാള്‍ കാണിച്ചിരുന്നുവെങ്കില്‍, എനിക്ക് ക്ഷമിക്കാമായിരുന്നു. പക്ഷേ, ചെയ്ത പ്രവൃത്തിയെ ന്യായീകരിക്കുകയും തെറ്റിദ്ധരിച്ചത് ഞാനാണ് എന്ന് വരുത്തിത്തീര്‍ക്കുകയുമാണ് ചെയ്തത്. എന്നിരുന്നാലും മാപ്പ് പറയുകയും ചെയ്യുന്നു. എനിക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു, മാപ്പ് പറയുന്നു എന്നും അയാള്‍ ഐ.സി.സിയ്ക്ക് മറുപടി എഴുതി. ഐ.സി.സി. വെച്ച നിര്‍ദേശവും പാഠഭേദം സമിതിയ്ക്കു മുമ്പാകെ അയാള്‍ എന്റെയടുത്ത് മാപ്പ് പറയണം എന്നായിരുന്നു. എനിക്ക് ആ മാപ്പ് ആവശ്യമില്ല എന്ന് ഐ.സി.സിയോട് ഞാന്‍ പറഞ്ഞു. സത്യസന്ധമല്ലാത്ത ആ മാപ്പ് എന്നെ വീണ്ടും പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. എനിക്കയാളുടെ മാപ്പ് ആവശ്യമില്ല. എന്നെപ്പോലുള്ള ഒരുപാട് പെണ്‍കുട്ടികള്‍ അയാള്‍ക്കെതിരെ പേടിച്ച് മിണ്ടാതിരിക്കുന്നുണ്ട്. അവര്ക്കെല്ലാവര്ക്കുമള്ള ശബ്ദമായി ഞാന്‍ മാറണം എന്നാഗ്രഹിക്കുന്നു. കാരണം ഇതൊരു സാമൂഹിക വിഷയമാണ്. പിന്നോക്കം നില്ക്കുന്ന സമുദായങ്ങളില്‍നിന്നു വരുന്ന, പ്രിവിലേജുകള്‍ ഇല്ലാത്ത ആളുകളെ തിരഞ്ഞ് പിടിച്ച് ഇത്തരം ലൈംഗികചേഷ്ടകള്‍ക്ക് വിധേയരാക്കുന്ന രീതിയ്ക്കെതിരെയാണ് എനിക്ക് ശബ്ദിക്കേണ്ടത്. ഇതൊരു സാമൂഹിക പ്രശ്നമായിട്ടാണ് ഞാന്‍ കാണുന്നത്.
പരാതി ഉന്നയിച്ചുകഴിഞ്ഞാല്‍ പരാതിക്കാരിക്കുമേല് ഉടനടി മറ്റുപരാതികള്‍ ഉയര്‍ന്നുവരുന്ന പ്രവണതയുമുണ്ട്. പരാതിക്കാരി എത്തരത്തിലുള്ളവളാണെന്ന് സമൂഹം തീരുമാനിക്കട്ടെ എന്ന ധ്വനിയോടെ പോസ്റ്റുകള്‍ ഉയര്‍ന്നുവരികയായി. അതോടെ അടിസ്ഥാനപരമായി കുറ്റാരോപിതന് നിഷ്കളങ്കനുമായിത്തീരുന്നു.
എന്റെ മേല്‍ ആരോപിക്കപ്പെട്ടത് സാമ്പത്തിക തട്ടിപ്പായിരുന്നു.
പുസ്തകത്തിന്റെ പ്രകാശനവും അതിന്റെ സാമ്പത്തിക കാര്യങ്ങളും സിവിക്കിന്റെ ലൈംഗികാക്രമവും തമ്മില്‍ ഒരു ബന്ധവുമില്ല. അങ്ങനെയൊരു ബന്ധം ഇക്കാര്യവുമായി ബന്ധപ്പിക്കേണ്ടത് അയാളുടെയും കൂട്ടാളികളുടെയും ദുരുദ്ദേശ്യപരമായ ആവശ്യമാണ്. മൂന്ന് ഡമ്മി പുസ്തകങ്ങളാണ് പുസ്തക പ്രകാശനത്തിന് കിട്ടിയത്. ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ പുസ്തകം തരാമെന്നും അപ്പോള്‍ മുഴുവന്‍ പണവും നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, സിവിക് ആഗ്രഹിച്ച പ്രകാരം ഞാന്‍ പെരുമാറാത്തതിനാല്‍ അത് പ്രത്യക്ഷത്തില്‍ പുസ്തകത്തെയാണ് ബാധിച്ചത്. പ്രകാശനം കഴിഞ്ഞ പുസ്തകത്തിന്റെ പ്രിന്റിംഗ് അകാരണമായി നീണ്ടുപോയി. കുറഞ്ഞ ചെലവില്‍ എന്ന് പറഞ്ഞത് പിന്നീട് വന്‍ തുകയിലേക്കെത്തി. പെട്ടന്ന് വില കൂട്ടിയതെന്തെന്ന് അന്വേഷിച്ചപ്പോള്‍ പ്രിന്റിംഗിന് വില കൂടിയെന്ന് മറുപടി പറഞ്ഞു. പുസ്തക വിതരണം നടത്താന്‍ സ്പെല്‍ ബുക്സിന് ബാധ്യതകളില്ലെന്നും അതുകൊണ്ട് ഇത്രയും പണം നല്കി പുസ്തകം വാങ്ങി വില്പന സ്വയം നടത്താന്‍ സാധിക്കില്ലെന്നും ഇത്രയും വലിയ തുക നല്കിയാല് പുസ്തകം പ്രസിദ്ധീകരിച്ച് വിതരണം ചെയ്യാമെന്നും റോയല്‍റ്റി നല്‍കാമെന്നും പറഞ്ഞ പ്രസാധകരുണ്ടായിരുന്നെന്നും അറിയിച്ചു.
സിവിക് ചന്ദ്രന് വളരെ കുറഞ്ഞ ചെലവില്‍ പുസ്തകം പ്രിന്റ് ചെയ്യുന്ന പബ്ലിഷറെന്ന് പറഞ്ഞാണ് പ്രസാധകനെ പരിചയപ്പെടുത്തിയത്. അതുകൊണ്ട് നേരത്തെ പറഞ്ഞ പ്രകാരമല്ലാതെ ഒരു പൈസ പോലും അധികം നല്‍കാനാവില്ലെന്നും പബ്ലിഷറോട് പറഞ്ഞു. വീട്ടില്‍ അപ്രതീക്ഷിതമായി ഉണ്ടായ മരണത്തിന്റെ ഞെട്ടലിലാണ് പുസ്തകം പ്രസ്സില്‍ നിന്നെടുക്കാമെന്ന അറിയിപ്പ് കിട്ടിയത്. ഈ അവസ്ഥയില്‍ വീടിനു പുറത്തിറങ്ങാനാവില്ലെന്നും സാമ്പത്തികമായി പ്രതിസന്ധിയുണ്ടെന്നും മുഴുവന്‍ കോപ്പികളും പിന്നീട് നേരിട്ട് പണം നല്കി എടുക്കാമെന്നും അറിയിച്ചു. എന്നാല്‍, സിവിക് ചന്ദ്രന് പെട്ടെന്നുതന്നെ പുസ്തകം എടുക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ തന്നെ എന്റെ ഒരു സുഹൃത്തില്‍നിന്ന് ഇക്കാര്യത്തിന് പണം നല്കണമെന്നാവശ്യപ്പെട്ടുവെന്ന് സുഹൃത്ത് പറയുമ്പോഴാണ് ഞാനറിയുന്നത്. സുഹൃത്ത് നല്കിയ പതിനായിരം രൂപ എന്നാല്‍ അയാള്‍ അത് താന്‍ നല്കിയ പണമെന്ന രീതിയില്‍ പ്രചരിപ്പിച്ചു.
വീട്ടില്‍ ദുഃഖത്തിലിരുന്ന എനിക്ക് സുഹൃത്തുക്കളാണ് പുസ്തകം കൊണ്ടുവന്ന് തന്നത്. എന്നാല്‍, പ്രസാധകന് എത്ര കോപ്പി കൊടുത്തു വിടുന്നുവെന്നോ മറ്റ് കാര്യങ്ങളോ എന്നെ അറിയിച്ചില്ല. മുഴുവന്‍ പുസ്തകവും ഞാനാവശ്യപ്പെട്ടിരുന്നു. പ്രസാധകന് ഓണ്‍ലൈന്‍ വഴി പുസ്തകം വില്ക്കാന് കുറച്ച് കോപ്പികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, പിന്നീട് അതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല. പുസ്തക വിതരണത്തിനായി ചെയ്ത നോട്ടീസില്‍ പ്രസാധകന്റെയും ഗൂഗിള്‍പേ നമ്പറുണ്ടായിരുന്നു. ഞാന്‍ നല്കിയ അയ്യായിരവും സുഹൃത്ത് നല്കിയ പതിനായിരവും മൊത്തം പതിനയ്യായിരം രൂപ പ്രസാധകന് വാങ്ങിയിട്ടുണ്ട്. പുസ്തകത്തിന്റെ ബാക്കി കോപ്പികളും അയാളുടെ പക്കലുണ്ട്. ആ കോപ്പികള്‍ ചേര്‍ത്ത് ഇനി 8000 രൂപ മാത്രമാണ് നല്‍കേണ്ടത്. പ്രസാധകന് ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താന്‍ ശ്രമിച്ചിട്ടില്ല. നിലവില്‍ പുസ്തകം വില്ക്കാന് എനിക്ക് മറ്റു വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്. ഈ വിഷയത്തില്‍ ഞാന്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ല. എന്നാല്‍, ഈ പുസ്തകം ഞാന്‍ വില്ക്കുമ്പോള് എന്റെ ഐഡന്റിറ്റി ഡിസ്ക്ലോസ് ചെയ്യുമെന്ന് മനസ്സിലാക്കുന്നു.
പുസ്തകത്തിന്റെ പണം കൊടുക്കില്ലെന്ന് ഞാന്‍ എവിടെയും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍, അങ്ങനെ പ്രചരിപ്പിക്കുന്നതായി അറിയുന്നു. ഇത് ഇക്കാര്യത്തിലുള്ള തന്ത്രപരമായ നീക്കം മാത്രമാണ്. എനിക്കുണ്ടായ അനുഭവത്തില്‍നിന്ന് ജനശ്രദ്ധതിരിച്ചു വിടാനും എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുമാണ് ഇതിലൂടെ ശ്രമിച്ചത്. ഇക്കാര്യമൊന്നും സിവിക് ചന്ദ്രന് പറയാതെ പുറത്തറിയില്ല. ഇപ്പോള്‍ എന്നോട് ചേര്ന്നുനില്ക്കാന് ശ്രമിക്കുന്നവരോട് ഞാന്‍ സത്യസന്ധയല്ല എന്നും ആക്ഷേപിക്കുന്നു. ഇവര്‍ ചേര്ന്നുനില്ക്കുന്നവര് സത്യസന്ധരാണോ എന്നറിയാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടോ? ആരെ സംരക്ഷിക്കാനാണ് ഇവര്‍ യുദ്ധം ചെയ്യുന്നത്? കേവലം കുറച്ച് പണത്തിനു വേണ്ടി സ്വന്തം മാനത്തിന് വില കെട്ടാന്‍ ഏതു സ്ത്രീ തയാറാകും? അന്നത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രശസ്തരും സമ്പന്നരുമായ യുവാക്കള്‍ അവിടുണ്ടായിരുന്നു. ഇയാളെ പോലെ ഒരാള്‍ക്കു മേല്‍ ആരോപണമുന്നയിച്ച് എനിക്ക് അറ്റന്ഷന് സീക്കിങ് നേടേണ്ടതുണ്ടോ?
പ്രിവിലേജുകളില്ലാത്ത, എഴുത്ത് ആഗ്രഹിച്ചുകൊണ്ട് മുന്നോട്ടുവരാന്‍ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണ് ഇത്. എന്റെ പ്രതികരണം പാഠഭേദത്തില്‍ ഒതുങ്ങിയാല്പോരാ എന്ന നിലപാടില്‍ നിന്നാണ് ഐസിസി റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിക്കുകയും നിയമപരമായി കേസ് കൊടുക്കുകയും ചെയ്തത്. കേസ് കൊടുക്കാന്‍ വൈകിയതിന് കാരണവും ഐസിസിയിലുള്ള വിശ്വാസം തന്നെയായിരുന്നു.
ഐ.സി.സി. റിപ്പോര്‍ട്ട് രേഖാമൂലം കൈപ്പറ്റിയോ?, അതോ വാക്കാലുള്ള വിശദീകരണമാണോ?
നിലവില്‍ എനിക്ക് ഐ.സി.സി. റിപ്പോര്‍ട്ട് രേഖാമൂലം കിട്ടിയിട്ടുണ്ട്. അതില്‍ അതൃപ്തിയുള്ളതിനാലാണ് നിയമപരമായി മുന്നോട്ട് നീങ്ങിയത്. മാപ്പ് പറയാന്‍ വേണ്ടി സമയവും സൗകര്യവും കമ്മീഷന് എന്നോട് ചോദിച്ചിട്ടുണ്ടായിരുന്നു. എനിക്ക് ആ മാപ്പ് ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ കുടുംബത്തോടോ, പങ്കാളിയോടോ നടന്ന സംഭവങ്ങള്‍ അറിയിച്ചിട്ടില്ല. ഐ.സി.സിക്കകത്ത് കാര്യങ്ങള്‍ തീരുമാനിക്കപ്പെടട്ടെ എന്നുതന്നെയായിരുന്നു ഞാനും കരുതിയത്. അവര്‍ സത്യസന്ധമായ നിലപാട് എടുത്തിരുന്നെങ്കില്‍ കേസുമായി ഞാന്‍ മുന്നോട്ട് പോവില്ലായിരുന്നു. ചെയ്തത് തെറ്റാണ് എന്ന് ചെയ്തയാള്‍ക്ക് ബോധ്യം വരണം എന്നുമാത്രമാണ് എന്റെ നിലപാട്. അതിന്റെ മേല്‍ കൂടുതല്‍ ന്യായീകരണങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് താല്പര്യമില്ല. മാത്രമല്ല, മറ്റ് സ്ത്രീകള്‍ക്കു കൂടി ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായി എന്നു പറയുമ്പോള്‍ അത് ചെവിക്കൊള്ളാന്‍ സമിതി തയ്യാറായില്ല.
അന്വേഷണകമ്മീഷന് എന്നോട് തെളിവുകളാണ് ചോദിച്ചത്. ഇത്തരം വിഷയത്തില്‍ എങ്ങനെയാണ് ഒരു സ്ത്രീ തെളിവുതരേണ്ടത് എന്നാണ് ഞാന്‍ അവരോട് തിരിച്ച് ചോദിച്ചത്. അതിന് അവര്‍ക്ക് മറുപടിയില്ല. ഗൂഗിള്‍ മീറ്റ് വഴി മൂന്നോളം സിറ്റിങ്, പല ചോദ്യങ്ങള്‍ അവര്‍ ചോദിച്ചു. ഞാന്‍ മറുപടി പറഞ്ഞു. എനിക്കുണ്ടായ അനുഭവം ആവര്‍ത്തിച്ച് വിശദീകരിച്ചു. അതിനുശേഷം അനുഭവിക്കുന്ന മെന്റല്‍ ട്രോമ ഞാന്‍ പങ്കുവെച്ചു. എനിക്കെത്രത്തോളം മാനസികാഘാതമുണ്ടായിട്ടുണ്ട് എന്ന് തിരിച്ചറിയേണ്ട കമ്മീഷനാണ് തെളിവുകള്‍ ആവശ്യമില്ലാത്തവിധം ഈ സംഭവത്തെ നോക്കിക്കാണേണ്ടത്. അതിനാണല്ലോ ഐ.സി.സി. എന്ന സംവിധാനം. തെളിവുകളില്ല, സിവിക് കേസുകൊടുത്താല്‍ ഞങ്ങള്‍ എന്തുചെയ്യും എന്നാണ് അവര്‍ ചോദിക്കുന്നത്. ഞാന്‍ കേസുകൊടുക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് വേവലാതികള്‍ ഇല്ല. സിവിക് കേസിനുപോയാല്‍ എന്തുചെയ്യും എന്ന് ചിന്തിക്കുന്ന അന്വേഷണ കമ്മീഷനില്‍നിന്നു എനിക്കെന്ത് നീതി ലഭിക്കാനാണ്?
അന്വേഷണ കമ്മീഷനിലുണ്ടായിരുന്ന മൂന്നു പേരും സിവിക്കുമായും പാഠഭേദവുമായി വളരെയടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. കമ്മീഷനിലെ ഒരംഗം ഇതുപോലെ തീര്‍ത്തും നിന്ദ്യമായ ലൈംഗികാതിക്രമത്തിന് വിധേയരായവരാണ്. അവരോട് ഞാന്‍ ചോദിച്ചു; നിങ്ങള്‍ ഇത് അനുഭവിച്ചതല്ലേ, ആ ട്രോമ എത്രകാലം നിങ്ങളെ വേട്ടയാടിയതാണ് എന്ന്. അവര്‍ നിസ്സഹായയാണ്, കൂടുതല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു മറുപടി.
അവരെ സംബന്ധിച്ചിടത്തോളം രമ്യതയില്‍ ഒതുക്കാവുന്ന, ഒരു മാപ്പിലൂടെ അവസാനിപ്പാവുന്ന ഒരു പ്രശ്നം മാത്രമായിരുന്നു ഇത്. ഈ വിഷയത്തോട് പാഠഭേദം പ്രതികരിക്കുമോ എന്ന് ഞാന്‍ എഡിറ്റോറിയലിനോട് ചോദിച്ചിരുന്നു. തീര്‍ച്ചയായും അഡ്രസ് ചെയ്യാം എന്നുപറഞ്ഞു. കമ്മീഷന് റിപ്പോര്‍ട്ട് വന്നതിനുശേഷം അവരെന്നോട് വിളിച്ചു ചോദിച്ചു പാഠഭേദത്തില്‍ എന്താണ് എഴുതേണ്ടത് എന്ന്. പാഠഭേദത്തിന്റെ നിലപാട് എഴുതേണ്ടത് ഞാന്‍ പറഞ്ഞിട്ടുവേണോ എന്ന് ചോദിച്ചു. എങ്ങനെയാണ് ഈ വിഷയത്തെ സമീപിക്കേണ്ടത് എന്നത് അവരുടെ നിലപാടാണ്. ഞാന്‍ ആവശ്യപ്പെടുന്നതോ എന്റെ നിര്‍ബന്ധങ്ങളോ അല്ല അച്ചടിക്കേണ്ടത്. എന്ത് നീതിയാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നും അവര്‍. സിവിക്കിനെ മാറ്റി നിര്‍ത്തണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. അതവര് ചെയ്തില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മുമ്പും ഒരു ദലിത് സ്ത്രീയ്ക്ക് ഇയാളില്‍നിന്നു ദുരനുഭവം ഉണ്ടായിട്ടുണ്ട്. അത് ഒതുക്കിത്തീര്‍ക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ അന്വേഷണ കമ്മീഷന് അംഗം തന്നെയായിരുന്നു അതിന് മുന്‍കയ്യെടുത്തത്. അവരാകട്ടെ ദലിത് വിമോചന പ്രവര്‍ത്തകയുമാണ്. അന്നും മാപ്പായിരുന്നു പ്രധാന ടൂള്‍. നിങ്ങള്‍ എന്തുകൊണ്ട് നിശബ്ദയാവുന്നു എന്ന് ഞാന്‍ അവരോട് നേരിട്ട് ചോദിച്ചിട്ടുണ്ട്.
കൃത്യമായി ട്രാപ് ആസൂത്രണം ചെയ്യുക, പ്രാവര്‍ത്തികമായില്ലെങ്കില്‍ നേരെ ശത്രുപക്ഷമാവുക, ആരോപണങ്ങള്‍ അഴിച്ചുവിടുക. ഇത്തരത്തിലുള്ള സാംസ്കാരിക- സാഹിത്യ രക്ഷാകര്‍ത്താക്കളെ തിരിച്ചറിയേണ്ട വിധം എങ്ങനെയാണ്?
ആദ്യം നമ്മുടെ നല്ല സുഹൃത്താവുക, ബൗദ്ധികമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, അവസരങ്ങള്‍ തരിക തുടങ്ങി എല്ലാത്തരത്തിലും സപ്പോര്‍ട്ട് ചെയ്യുക ഇങ്ങോട്ട് ഒരു അതിക്രമമോ കയ്യേറ്റമോ സംഭവിച്ചാല്‍ത്തന്നെയും പ്രതികരിക്കാനാവാത്തവിധം മാനസികമായി പൂട്ടിക്കളുക. ഇതാണ് രീതി. മുമ്പ് ലൈംഗികാരോപണം നേരിട്ട പല മുതിര്‍ന്ന എഴുത്തുകാരും ഇതേ രീതിയാണ് അവലംബിച്ചിരുന്നത്. പ്രിവിലേജ്ഡ് അല്ലാത്ത, ദളിതരായ സ്ത്രീകളെ അവര്‍ തിരഞ്ഞെടുക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന സത്യം. അവര്‍ പുറത്തുപറയാന്‍ പറ്റാത്ത വിധത്തില്‍ പ്രതിസന്ധിയിലാവുകയും സഹിക്കുകയും ചെയ്യേണ്ടിവരുന്നു. എന്നോട് അനുഭവങ്ങള്‍ പങ്കുവെച്ചവരും ഇങ്ങനെയുള്ളവരായിരുന്നു. ഒരിക്കല്‍ മൗനം പാലിക്കുമ്പോള്‍ അടുത്ത പടികൂടി സാംസ്കാരിക രക്ഷിതാവ് കടന്നേറ്റം നടത്തുണ്ട്. ട്രോമയിലേക്ക് തള്ളിയിടുകയാണ് ഞങ്ങളെ.
കീഴടങ്ങലുകളില്‍ ഹരം കൊള്ളുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കേസ്. മൂടിവെക്കുംതോറും മലയാളത്തിലെ സാംസ്കാരികത ജീര്‍ണതയിലേക്ക് പോകും. സാഹിത്യക്യാമ്പുകള്‍ ഇത്തരം കൊള്ളരുതായ്മകള്‍ക്കുള്ള കൂട്ടിക്കൊടുപ്പ് വേദിയാവരുത്. എഴുത്തും വായനയും പാട്ടും കവിതയും കഥയും ഞങ്ങള്‍ക്ക് തുറന്ന മനസ്സോടെ ആസ്വദിക്കാന്‍ കഴിയണം. നീ എന്തിന് പോയി എന്ന ചോദ്യമേ പത്തില്‍ എട്ടു പേരും ചോദിക്കാന്‍ ഇടയുണ്ടാവുകയുള്ളൂ. ആ ചോദ്യത്തെ പേടിച്ച് മാറിനിന്നാല്‍ കലയും സംസ്കാരവും ഞങ്ങള്‍ക്ക് നോക്കിക്കാണാന്‍ പോലും കഴിയാത്ത ദൂരത്തിലാകും. ഇവിടെ എല്ലാം വേണം, ചൂഷണമൊഴികെ. ഞങ്ങളുടെ കവിതകള്‍, സാഹിത്യവേദികള്‍, പുസ്തകങ്ങള്‍, അംഗീകാരങ്ങള്‍ തുടങ്ങിയവ ആരുടെയും ഔദാര്യമാകരുത്. കീഴടങ്ങലും വഴങ്ങിക്കൊടുക്കലുകളും സാഹിത്യത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ ഇനി സംഭവിച്ചുകൂടാ. കവിതയോടുള്ള ഇഷ്ടമാണ് എന്നെ ഈ ട്രോമയിലെത്തിച്ചത്. നമ്മള് വായിച്ചു നെഞ്ചിലേറ്റുന്ന കവിതകളുടെ സ്രഷ്ടാക്കളെ നേരിട്ട് കാണുമ്പോള്‍ അവര്‍ നമുക്ക് വ്യക്തിപരമായ നിര്‍ദേശങ്ങള്‍ നല്കുമ്പോള്, നമ്മുടെ എഴുത്തുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുമ്പോള് അവരുടെ താല്പര്യം നമ്മുടെ ശരീരത്തില്‍ വന്നുപതിച്ചുകഴിയുന്നു. ചെറുക്കാനാവാത്തവിധം നമ്മള് അമര്‍ന്നുപോകുന്നു. ഇരയാക്കപ്പെട്ടവരെ കേള്‍ക്കാന്‍ നിയമം ഉണ്ടാവുമായിരിക്കും.
ഒരു മുന്‍പരിചയവുമില്ലെങ്കിലും സമാന അനുഭവങ്ങളെ മുന്‍നിര്‍ത്തി ഏതറ്റം വരെയും പോകാന്‍ തയ്യാറായെത്തിയ മനുഷ്യരിലാണ് ഇനി പ്രതീക്ഷ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..