'അനുസരണയും വിധേയത്വവും എന്നില്‍ നിന്ന് പ്രതീക്ഷിക്കേണ്ട'


ഷബിത

''എടുത്തപണിയ്‌ക്കേ കുറ്റള്ളൂ''എന്നുപറഞ്ഞുകൊണ്ടാണ് കല്യാണിയുടെ ഫെയ്​സ്ബുക്ക് ഫസ്റ്റ് എന്‍ട്രി. അത് ഒരുപാട് പേര്‍ക്ക് ഇഷ്ടമായി. ഓരോരുത്തരുടെയും അനുഭവമണ്ഡലങ്ങളുമായി അവര്‍ ആ ഡയലോഗ് ചേര്‍ത്തുവായിച്ചു.

-

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവൽ പിന്നിട്ടപതിപ്പുകൾ വായനയുടെ മറ്റൊരുതലത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. മലയാള നോവൽസാഹിത്യത്തിലേക്ക് തികച്ചും പുതുമയുള്ള ആഖ്യാനവുമായി കടന്നുവന്ന ഈ നോവൽ പറഞ്ഞുവച്ചതേറെയും മനുഷ്യനെന്ന സാധാരണജീവിയെക്കുറിച്ചാണ്. സ്ത്രീകളെന്ന അസാധാരണ വ്യക്തിത്വങ്ങളെക്കുറിച്ചുമാണ്. ആർ. രാജശ്രീയുടെ പ്രഥമ നോവൽ പരിശ്രമങ്ങളെക്കുറിച്ച് ഒരു സംഭാഷണം.

ഒരു കാലത്ത് കഥകളെഴുതുകയും സാഹിത്യത്തിൽ സാന്നിധ്യമറിയിക്കുകയും ചെയ്ത ആർ. രാജശ്രീ പെട്ടെന്ന് അപ്രത്യക്ഷയായി. പിന്നെ കാണുന്നത് രണ്ട് സ്ത്രീകളിലൂടെയാണ്. കല്യാണി എന്നും ദാക്ഷായണി എന്നും പേരായ രണ്ട് സ്ത്രീകളിലൂടെ.

ആ അപ്രത്യക്ഷമാകലിന് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അന്ന് എഴുതിക്കൊണ്ടിരുന്ന, സമപ്രായക്കാരായ, സമകാലീനരായ ഒരുപാട് പേരുണ്ടായിരുന്നു. പടിപടിയായി സാഹിത്യത്തിൽനിന്നും പിൻവാങ്ങി മിക്കവരും. വളരെ കുറച്ചുപേർ എഴുത്ത് മുന്നോട്ട് കൊണ്ടുപോയി. കുറേ കാരണങ്ങളുണ്ട് അതിന് പിറകിൽ. ഒന്നാമത് പ്ളാറ്റ്ഫോം എന്നൊരു പ്രതിസന്ധിയാണ്. നമ്മൾ എഴുതുന്നത് വായിക്കപ്പെടുന്ന, വിശ്വസിക്കപ്പെടുന്ന, അംഗീകരിക്കുന്ന സാഹിത്യലോകത്തിന്റെ അഭാവമാണ് ഒന്നാമത്തെ കാരണം. മത്സരവേദികളായിരുന്നു ഞങ്ങളുടെ കച്ചിത്തുരു. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ പരിഗണനയിലും വന്നില്ല. അപ്പോൾ തോന്നി മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഇന്നത്തെപ്പോലെയുള്ള വിശാലമായ തുറസ്സുകൾ ഇല്ലായിരുന്നു എന്ന് ചുരുക്കം.

പരമ്പരാഗത മാധ്യമങ്ങളെ ആശ്രയിക്കാതെ സ്വന്തം ഇടത്തിലൂടെ കല്യാണിയെയും ദാക്ഷായണിയെയും അവതരിപ്പിക്കാനുണ്ടായ വികാരം അതാണോ?

എഴുതുന്ന സമയത്ത് ഇതൊരു നോവലാവുമെന്നോ സാഹിത്യരൂപം കൈവരിക്കുമെന്നോ എന്നൊന്നുമുള്ള പ്രതീക്ഷയൊന്നുമില്ലായിരുന്നു. നേരത്തെയുള്ള എഴുത്തിന്റെ പശ്ചാത്തലം തന്ന ധൈര്യം കാരണം അങ്ങ് എഴുതി. അത് കൊണ്ടുതന്നെ ആ തരത്തിലുള്ള ഗൗരവം മാത്രമേ കൊടുത്തിരുന്നുള്ളൂ ആദ്യമൊക്കെ. നോവലാണ് ഇതെന്ന് ഞാൻ എവിടെയും അവകാശപ്പെട്ടിട്ടില്ല. പ്രസാധകരും വായനക്കാരുമാണ് ഇത് നോവലാണെന്ന് വിലയിരുത്തിയത്. നോവൽ ഘടനയെക്കുറിച്ചോ ആഖ്യാനരീതിയെക്കുറിച്ചോ ഒന്നും ആലോചിച്ചിട്ടില്ല. ഇങ്ങനെയൊക്കെ എഴുതാൻ സോഷ്യൽമീഡിയ പ്ളാറ്റ്ഫോം തന്ന വലിയ സപ്പോർട്ടാണ് മുന്നോട്ട് നയിച്ചത്. പ്രിന്റിൽ നമ്മൾ കഥയ്ക്കും കവിതയ്ക്കും സാഹിത്യത്തിനും ഒരു നിശ്ചിതരൂപം പിന്തുടരാൻ നിർബന്ധിതരാണ്. സാമൂഹ്യമാധ്യമത്തിൽ ഇങ്ങനെയൊന്നുമുള്ള വിഷയങ്ങളില്ല. പിന്നെ ഇതിന്റെയൊക്കെയൊരു ഫലമെന്നത് ഏത് ജോണറിലാണ് ഒരു സാഹിത്യരൂപം നിൽക്കുന്നത് എന്ന് പറയാൻ കഴിയാതെയായി. ധാരാളം അനുഭവാഖ്യാനങ്ങൾ വരുന്നു, കഥയും കവിതയും തമ്മിലുള്ള അതിർവരമ്പുകൾ ഏകദേശം മാഞ്ഞ അവസ്ഥയിലാണ്.

കല്യാണിയുടെയും ദാക്ഷായണിയുടെയും പ്രചോദനം എന്തായിരുന്നു സത്യത്തിൽ? ഈ സ്ത്രീകളെ ഇങ്ങനെതന്നെ അവതരിപ്പിച്ചാലേ ശരിയാകൂ എന്നു തോന്നാനുണ്ടായ കാരണമെന്താണ്?

2017-മുതൽ ഫെയ്​സ്ബുക്കിൽ കല്യാണി എന്ന കഥാപാത്രമുണ്ട്. എല്ലാ വിഷയങ്ങളിലും നമ്മൾ അക്കാദമിക് കാഴ്ചപ്പാടിൽ നിന്ന് പ്രതികരിക്കുക, പൊളിറ്റിക്കൽ കറക്ട്നസ്സോടുകൂടി സംസാരിക്കുക എന്നതിനൊക്കെയപ്പുറത്ത് നമ്മളിൽ ചില പൊട്ടിത്തുറക്കലുകൾ കാണുമല്ലോ. സാഹിത്യം കൈകാര്യം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം സോഷ്യൽമീഡിയ എന്ന തുറസ്സ് അവനവന്റെ ചിന്തകളെയും അസ്വസ്ഥതകളെയും തുറന്നുവിടുന്നൊരു പ്രഷർവാൽവ് കൂടിയാണ്. നമുക്ക് നേരിട്ട് പറയാൻ പറ്റാത്ത കാര്യങ്ങൾ പലമാർഗങ്ങളിലൂടെയും ഭാഷകളിലൂടെയും സോഷ്യൽമീഡിയയിൽ കുറിക്കാം. സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ള ശൈലി അതിന് പറ്റില്ല. നാടൻ ഭാഷയാണ് ഏറ്റവും യോജ്യം. നാടൻഭാഷ മാത്രം പറയാൻ പറ്റുന്ന ഒരു കഥാപാത്രത്തെ അതിനായി സൃഷ്ടിച്ചു. അതാണ് കല്യാണി. ''എടുത്തപണിയ്ക്കേ കുറ്റള്ളൂ''എന്നുപറഞ്ഞുകൊണ്ടാണ് കല്യാണിയുടെ ഫെയ്​സ്ബുക്ക് ഫസ്റ്റ് എൻട്രി. അത് ഒരുപാട് പേർക്ക് ഇഷ്ടമായി. ഓരോരുത്തരുടെയും അനുഭവമണ്ഡലങ്ങളുമായി അവർ ആ ഡയലോഗ് ചേർത്തുവായിച്ചു. എല്ലാ തൊഴിൽ മേഖലയ്ക്കും ഇതുബാധകമാണല്ലോ. ഈ നാടൻ കഥാപാത്രവും ആഖ്യാതാവും തമ്മിലുള്ള സംഭാഷണങ്ങൾ അങ്ങനെ പോപ്പുലറായി. കല്യാണി കഥകൾ എല്ലാംകൂടി ഒരു സമാഹാരമാക്കാനേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. പക്ഷേ ദിശമാറി. നോവൽ സങ്കേതത്തിലേക്ക് ചുവട് മാറി.

''സ്വന്തമായി ദേശമില്ലാത്തവരാണ് പെണ്ണുങ്ങൾ എന്നൊരാധി കുട്ടിക്കാലത്തേ പിടികൂടിയതാണ് ''എന്ന് ആമുഖത്തിൽ ആഖ്യാതാവ് പറയുന്നുണ്ട്. അസ്തിത്വ പ്രതിസന്ധി തൊട്ടുതീണ്ടാത്ത കല്യാണി-ദാക്ഷായണിമാരുടെ സ്രഷ്ടാവാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

എല്ലാ സ്ത്രീകളും പൊതുവേ പങ്കുവെക്കുന്ന ഒരാശങ്കയാണ്. വളർത്തുന്നതുതന്നെ ആരാന്റെ വീട്ടിൽ പോകാനുള്ളതാണ് എന്ന് ഓർമിപ്പിച്ചുകൊണ്ടല്ലേ. ഭാവിയിലെ പെൺകുട്ടിയുടെ വിജയിച്ച ദാമ്പത്യം എന്നത് അവളെ വളർത്തിയവരുടെ സ്റ്റാറ്റസ് സിംബലാണ്. വിജയിച്ച കുടുംബം എന്നതാണ് കേരളീയസമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ കാര്യം. അടുക്കളയിലെ വിജയം എന്ന് എടുത്ത് പറയണം.

കുടുംബജീവിതത്തെ വിജയിപ്പിച്ചുകൊണ്ട് കലാസാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളാണ് നമ്മുടെ പെൺമാതൃകകൾ. ഏറ്റവും കൂടുതൽ ഉപദേശങ്ങൾ കിട്ടുന്നതും അവൾക്കാണ്. സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ സ്വന്തം വീടും ചെന്നുകയറുന്ന വീടും രണ്ടും വൈകാരികപ്രതിസന്ധികൾ തരുന്നതാണ്. പുരുഷനെ സംബന്ധിച്ച് അങ്ങനെയൊരു പ്രശ്നം ഉദിക്കുന്നതേയില്ല. അയാൾ രണ്ടുവീടുകളിലും സെലിബ്രിറ്റിയാണ്. സ്വന്തം ദേശത്ത് ബഹിഷ്കൃതയാവുകയും ചെന്നുകയറുന്ന വീട്ടിലെ അടുക്കള തീറെഴുതിക്കിട്ടിയവളുമാണ് സ്ത്രീ.

KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത വാങ്ങാം">
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത വാങ്ങാം

എന്റെ അച്ഛനും അമ്മയും തിരുവിതാംകൂറുകാരാണ്. ജോലിസംബന്ധമായി കണ്ണൂരിൽ സെറ്റിൽ ചെയ്തവരാണ് അവർ. രണ്ടുപേരും അധ്യാപകരാണ്. അപ്പോൾ ഇങ്ങ് വടക്കരെ സംബന്ധിച്ചിടത്തോളം ഞങ്ങൾ തെക്കുള്ളവരാണ്. തെക്കുകാർ ഞങ്ങളെ വിളിക്കുന്നത്. കണ്ണൂരുകാർ എന്നാണ്. ഇതിലേതാണ് ഞങ്ങൾ എന്ന വിഷമസന്ധി എനിക്കുണ്ട്. അത് അത്ര നിസ്സാരമായ പ്രശ്നമല്ല. അത് അനുഭവിച്ചറിയേണ്ടതാണ്.

തങ്ങളുടെ ദാമ്പത്യത്തിലെ പുരുഷന്മാരായ ആണിക്കാരനെയും കോപ്പുകാരനെയും ദാക്ഷായണിയും കല്യാണിയും നിസ്സാരവത്‌ക്കരിച്ചുകളയുന്നുണ്ട്. സ്ത്രീകൾക്ക് ഒരുതരം ആത്മരതിവന്നുപോകുന്നുണ്ട് ആ സന്ദർഭത്തിൽ. തങ്ങൾക്ക് ഇന്ന് നടക്കാത്തത് അമ്പത് കൊല്ലം മുമ്പത്തെ രണ്ട് സ്ത്രീകൾ വെച്ചുപൊറുപ്പിച്ചിരുന്നില്ല എന്ന എക്സ്ക്ളൂസീവ്നെസ് അതിൽ ഉണ്ട്.

കുടുംബം എന്നത് ഒരു സങ്കൽപമാണല്ലോ. അമ്പത് കൊല്ലം മുമ്പ് ഇന്നു കാണുന്നയത്ര മുറുക്കം ദാമ്പത്യബന്ധങ്ങളിലില്ലായിരുന്നു. വളരെ ആഴത്തിൽ ചെന്നന്വേഷിച്ചാൽ ഇന്നുള്ള തരത്തിലെ സദാചാരബോധ്യങ്ങളൊന്നുമല്ല അന്നുണ്ടായിരുന്നത്. കുട്ടികൾ എല്ലാം ഒന്നിച്ചു വളരും. ചേയി എന്ന കഥാപാത്രവും അവരുടെ ചേച്ചിയും മകനായ കോപ്പുകാരൻ നാരായണനും തമ്മിലുള്ള ബന്ധമതാണ്. പഴയകാലത്ത് ഇതൊക്കെ സർവസാധാരണമായിരുന്നു മണ്ണും ചാണകവുംപോലെ. വളരെ നൈസർഗികമായിട്ടുള്ള ജീവിതം. ആ ജീവിതത്തിന്റെ തുടർച്ചകൾക്കായുള്ള സന്ധികൾ അവിടെയുണ്ടാകുംം.

സെക്സിന്റെ സദാചാരത്തെ പാടെ മറിച്ച കല്യാണി-ലക്ഷ്മണൻ ബന്ധം, ദാക്ഷായണിയുടെ സംഗീതാസ്വാദനം അതിനിഗൂഢമായിട്ട് സ്ത്രീ സൂക്ഷിക്കുന്ന രഹസ്യങ്ങളെ നോവൽ മുഖവുരകളില്ലാതെ, ആടയലങ്കാരങ്ങളില്ലാതെ പറഞ്ഞു.

അത്തരത്തിലുള്ള സ്ത്രീകളുണ്ടായിരുന്നല്ലോ, ഉണ്ടല്ലോ. നമ്മളത് നിഷേധിക്കാൻ പോയിട്ടില്ല. എന്തുവിലകൊടുത്തും കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുക എന്നൊക്കെ പറയുന്നത് സ്ത്രീകളിൽ മാത്രം നിക്ഷിപ്തമായ ഒന്നൊന്നുമല്ലല്ലോ. അപ്പോൾ അവരുടെ വിശപ്പിനെക്കുറിച്ചും രതിയെക്കുറിച്ചും രഹസ്യങ്ങൾ നിലനിർത്തേണ്ട കാര്യം അവർക്കില്ല. അത് ചിലപ്പോൾ സമൂഹത്തിന്റെ കാഴ്ചപ്പാടും നിലപാടുകളുമായി ഒത്തുപോകുമായിരിക്കും. ചിലപ്പോൾ ഇല്ലായിരിക്കും. സമൂഹത്തിന്റെ അചേതനമായ ഒരു ലോകം കൂടിയുണ്ട്. മരണപ്പെട്ട ആൾക്കാർ ഭാഗഭാക്കാവുന്ന ജീവിതമാണത്. മനുഷ്യന്റെ സങ്കുചിതമായ കാഴ്ചപ്പാടിനപ്പുറത്ത് കുറച്ചുകൂടി വിശാലമായ അർഥത്തിലാണ് ഓരോ കഥാപാത്രങ്ങളും ഈ നോവലിൽ ചിന്തിക്കുന്നത്.
തിരിച്ചും പറയാം. മനുഷ്യനേക്കാൾ ഇടുങ്ങിയിട്ട് ചിന്തിക്കുന്ന ആത്മാക്കളുണ്ടതിൽ. വിശാലമായും സങ്കുചിതമായും ചിന്തിക്കുന്ന പശുക്കളുമുണ്ട് ഈ ആഖ്യായികയിൽ. ജൈവലോകത്തിന്റെ ആകർഷണ-വികർഷണമാണ് ഈ നോവലിലുടനീളം. ഈ വലിയ ലോകത്തിന്റെ കേന്ദ്രബിന്ദുവായിട്ടിരിക്കുന്ന മനുഷ്യന്റെ സദാചാര സങ്കൽപങ്ങളും കുടുംബവും വിശ്വാസങ്ങളും ഒന്നു പരിശോധിക്കേണ്ടതുതന്നെയല്ലേ.

ഗോവിന്ദേട്ടന്റ പശു കാര്യങ്ങളിൽ ഇടപെടുന്നു, കല്യാണിയുടെയും ദാക്ഷായണിയുടെയും പശുക്കൾ അതി ബുദ്ധിയുള്ളവരാണ്. തദ്ദേശീയ പശു, കുടിയേറ്റ പശു- ഇവർ തമ്മിൽ അസ്വാരസ്യങ്ങളുണ്ടാകുന്നു. ത്വാത്വികമായ അവലോകനങ്ങൾ നടക്കുന്നു. എന്താണ് ഇങ്ങനെയൊരു പശുവികാരത്തിന്റെ രാഷ്ട്രീയം കൊണ്ടുവന്നത്?

അമ്പത് വർഷങ്ങൾക്കുമുമ്പുള്ള നാട്ടിൻപുറത്തെ ഏതൊരു വീട്ടിലെയും അംഗമാണ് പശു. പട്ടിയും ഇതിലെ കഥാപാത്രമാണ്. പഞ്ചതന്ത്രം കഥകളിൽ ജന്തുജാലങ്ങളുടെ സാന്നിധ്യമാണല്ലോ കാണാൻ കഴിയുക. ആഖ്യാനപരമായ ടെക്നിക് എന്ന രീതിയിൽ എഴുത്തിന്റെ ബാഹുല്യം കുറയ്ക്കാൻ എന്നെ സഹായിച്ചത് ഈ പശുക്കളാണ്. വ്യക്തിപരമായി മൃഗങ്ങളെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അവരോട് ഞാൻ സംസാരിക്കാറുണ്ട്. നമ്മൾ പേരിട്ട് വിളിച്ച് നമ്മുടെ ജീവിതത്തിൽ ഒരംഗമാക്കിമാറ്റുന്ന മൃഗം കൂടിയാണ് പശു.

പക്ഷേ കാലാന്തരത്തിൽ പശുവിന് വന്നു സംഭവിച്ച അർഥമാറ്റങ്ങൾ പറയേണ്ടതുണ്ട്. നമ്മുടെ സ്നേഹസംരക്ഷണത്തിൽ നിന്നും പശു പുറത്തിറങ്ങി. അത് ഒരു രാഷ്ട്രീയജീവിയായി മാറി. പഴയ പശു എന്നത്, നമ്മുടെ കുടുംബവും ആവാസവ്യവസ്ഥയും മാറിയതുപോലെ അതും മാറി. നമ്മുടെ സ്വഭാവത്തിന്റെ സ്വാധീനം നമ്മുടെ വളർത്തുമൃഗങ്ങളിലും കാണാം.

ഇഷ്ടാനിഷ്ടങ്ങളുടെ സമാഹാരമായ കുടുംബത്തിൽ ബാക്കിയുള്ളവരുടെ എല്ലാ മനോവികാരങ്ങളെയും ഒരുമിപ്പിച്ചുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം സ്ത്രീയിൽ നിക്ഷിപ്തമാണ് എന്ന കൗൺസിലിങ്ങാണ് നാരായണമൂർത്തിയുടെ കഥാപാത്രം ആഖ്യാതാവിന് കൊടുക്കുന്നത്.

വ്യക്തി എന്നത് വളരെ അപ്രസക്തനാവുകയും കുടുംബത്തിനകത്ത് എത്തിപ്പെടുമ്പോൾ ഓരോ സ്ഥാനങ്ങൾ അലങ്കരിക്കാൻ ബാധ്യസ്ഥരാവുകയും ചെയ്യുന്നു. ലക്ഷ്മണന്റെ സംഘർഷം എന്നത് ഭാര്യയുടെ അമിതമായ സ്നേഹമാണ്. കുടുംബത്തിന്റെ ഉത്തരവാദിത്തവും സുസ്ഥിതിയും ഏകപക്ഷീയമായി സ്ത്രീകളിൽ അടിച്ചേൽപ്പിക്കുക എന്നത് അന്യായമാണ്. സ്വയം എത്ര പരിക്കുകൾ പറ്റിയാലും സ്ത്രീ ഒരു സംഘർഷത്തിൽ നിന്നും പതുക്കെ തടിയൂരും. അതിനുമുമ്പേ കിട്ടിയ ചാൻസിൽ പുരുഷൻ എന്നേ ഊരിയിട്ടുണ്ടാകും.

ഇതിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത് കുടുംബവ്യവസ്ഥയാണ്. ഇന്നത്തെ കുടുംബവ്യവസ്ഥയിൽ ജനാധിപത്യമുണ്ടെങ്കിൽ സമാധാനിക്കാം. ജനാധിപത്യപരമല്ലാത്ത ഏതൊരു വ്യവസ്ഥയും തകരും. അതാണ് ചിത്രസേനനും കുഞ്ഞിപ്പെണ്ണും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നത്.

ആർ. രാജശ്രീ അനുസരണയുള്ള ഭാര്യയായിരുന്നോ?

ഒരിക്കലുമല്ലായിരുന്നു. ഒരാളിന്റെ ഇഷ്ടങ്ങൾക്കുമേൽ നമ്മുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സ്ഥാപനമല്ല കുടുംബം. കുട്ടികളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അനുസരിപ്പിക്കുക എന്നതിന്റെ അർഥം നമ്മുടെ വഴിയേ നടത്തുക എന്നതാണ്. അനുസരണ എന്നത് രണ്ട് വ്യക്തികൾ തമ്മിൽ ആവശ്യമില്ലാത്ത കാര്യമാണ്. മൃഗങ്ങളുടെ കാര്യത്തിലാണ് അത് സാധാരണ സംഭവിക്കാറ്. പരസ്പരം മനസ്സിലാക്കുക എന്നതാണ് പ്രധാനം. പക്ഷേ കാലാകാലങ്ങളായി സമൂഹം സ്ത്രീയിൽ നിന്ന് പ്രതീക്ഷിക്കുന്നത് അനുസരണയും വിധേയത്വവുമാണ്. ഇത് രണ്ടും എന്റെ രക്തത്തിലില്ല. എനിക്കത് ബുദ്ധിമുട്ടാണ്. നമ്മുടെ ജീവിതത്തിൽ നമ്മുടെ കൂടെയുള്ള ആളിനെ പരിക്കേൽപ്പിക്കാതെ മുന്നോട്ടുപോവുക എന്നതാണ് ഏതു ബന്ധത്തിന്റെയും അടിസ്ഥാനം.
ഏകപക്ഷീയമായ അടിച്ചേൽപ്പിക്കലുകൾ എന്റെ ജീവിതത്തിൽ ഞാൻ അനുവദിക്കുകയില്ല.

കൗൺസിലിംഗ് എന്ന പ്രൊഫഷനെ ഈ നോവൽ സമീപിച്ചിരിക്കുന്നത് വേറിട്ട ഒരു കാഴ്ചപ്പാടിലൂടെയാണ്.

ഉപദേശകവൃന്ദം ഏറ്റവും കൂടുതൽ വർത്തിക്കുന്നത് കുടുംബബന്ധത്തിലാണ്. അതിൽ ഏറ്റവും കൂടുതൽ ഉപദേശങ്ങൾ ഏറ്റുവാങ്ങുന്നതാവട്ടെ സ്ത്രീകളും. നമ്മൾക്കു തന്നെ തോന്നും കുഴപ്പം നമ്മുടെ ഭാഗത്താണെന്ന്. പ്രതിവിധിയ്ക്കായി ഡോക്ടറെ സമീപിക്കുന്നതുപോലെ നമ്മൾ കൗൺസിലിങ്ങിനുപോകും. ഉപദേശം കൊണ്ടോ, അനുരഞ്ജനചർച്ചകൽകൊണ്ടോ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് പരസ്പരം ബോധ്യപ്പെടുമ്പോൾ വേർപിരിഞ്ഞുപോകുന്നതാണ് നല്ലത്. അത് ചെയ്യാതിരിക്കുമ്പോളാണ് മരണങ്ങൾ നടക്കുന്നത്. ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോകാതാവുമ്പോൾ കൊന്നൊഴിവാക്കുന്നു. ആത്മഹത്യ ചെയ്ത് ഒഴിവായിക്കൊടുക്കുന്നു.

കാലങ്ങളായി യാതൊരു പുതുക്കലും നടന്നിട്ടില്ലത്ത മേഖലയാണ് മനഃശാസ്ത്രം. നമ്മൾ ജനിക്കുന്നതിന് മുമ്പേയുള്ള ടൂളുകൾ ഉപയോഗിച്ചുകൊണ്ടാണ് നമ്മുടെ മനസ്സിനെ അളക്കുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അഞ്ചുവർഷം എന്ന കാലയളവ് തന്നെ വലുതാണ്. അപ്പോളാണ് പത്തമ്പത് വർഷം മുന്നത്തെ ടൂളുകൾ ഉപയോഗിച്ചിട്ട് ഇന്നത്തെ മനുഷ്യനെ അളക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ സിദ്ധാന്തങ്ങൾക്കും കാലാനുസൃതമായി പരിഷ്കരണം ആവശ്യമാണ്. തിരുത്തലുകൾക്ക് വിധേയമാണ് ഏതു സിദ്ധാന്തവും കുടുംബസിദ്ധാന്തവും അതിൽ ഉൾപ്പെടും. അവിടെ ഫാമിലി ട്രീ മാറ്റിവരയ്ക്കപ്പെടും. സ്വവർഗവിവാഹം, ദത്തെടുക്കൽ, സിംഗിൾ പാരന്റിംഗ്... ഇതൊക്കെ വന്നുകൊണ്ടിരിക്കുന്നില്ലേ. അപ്പോൾ നമ്മുടെ ഫാമിലി ട്രീ മാറ്റിവര ആവശ്യപ്പെടുന്നുണ്ട്.

Content Highlights: Malayalam Novelist R Rajasree Kalyaniyemum Dakshayaniyennum Peraya Randu Sthreekalude KathaAlso Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented