ഫോട്ടോ : അജീബ് കോമാച്ചി
മാര്‍ച്ച് 27 ലോക നാടകദിനം. കേരളത്തിലെ നാടകവേദികളുടെ സുവര്‍ണകാലങ്ങളില്‍ വേദികളില്‍നിന്ന് വേദികളിലേക്ക്, വേഷങ്ങളില്‍നിന്ന് വേഷങ്ങളിലേക്ക് ഊണും ഉറക്കവുമില്ലാതെ പകര്‍ന്നാടിയ കോഴിക്കോടിന്റെ സ്വന്തം മെറ്റില്‍ഡ! അരങ്ങില്‍നിന്ന് അന്നന്ന് കിട്ടിയതെല്ലാം കുടുംബത്തിലെ വയറുകളെ പുലര്‍ത്തിയ മെറ്റില്‍ഡ ഇന്ന് ആരോരുമില്ലാതെ കോഴിക്കോട്ടെ വൃദ്ധസദനത്തില്‍ കഴിയുകയാണ. മെറ്റില്‍ഡയെ അന്വേഷിച്ച് ഭാനുപ്രകാശ് നടത്തിയ യാത്ര:
ജവാഹര്‍ലാല്‍ നെഹ്രു രചിച്ച 'ഡിസ്കവറി ഓഫ് ഇന്ത്യ' എന്ന പുസ്തകം പുറത്തിറങ്ങുമ്പോള്‍ അവള്‍ക്ക് പ്രായം വെറും രണ്ടുവയസ്സുമാത്രം. പട്ടാളക്കാരനായ അച്ഛന് ഒരിക്കല്‍ വാങ്ങിക്കൊണ്ടുവന്നതായിരുന്നു ആ വിലപ്പെട്ട സമ്മാനം. പുസ്തകത്തിന്റെ പുറംചട്ട കാണുമ്പോഴെല്ലാം അച്ഛന്റെ ഓര്‍മകള്‍ അവളുടെയുള്ളില്‍ ഒരു തിരയിളക്കമായിമാറും. കറുത്തകരയുള്ള വെള്ളമുണ്ടും വീതിയുള്ള ബെല്‍റ്റും കറുത്ത കോട്ടും ധരിച്ച ഒരു രൂപം; നിഴല്‍ച്ചിത്രംപോലെ. അച്ഛന് മരിക്കുമ്പോള്‍ ആറു വയസ്സാണവള്‍ക്ക്. മരണശേഷം ഒരു ഇരുമ്പുപെട്ടിയില്‍ സൂക്ഷിക്കപ്പെട്ട അച്ഛന്റെ വസ്ത്രങ്ങള്‍ക്കൊപ്പം ആ പുസ്തകവും ഇടംപിടിച്ചു. അച്ഛന്റെ അകാലത്തിലെ വിയോഗം ഒരു വിങ്ങലായിമാറാറുള്ള രാത്രികളില്‍ ആരും കാണാതെ ആ ആറുവയസ്സുകാരി പെട്ടിക്കുള്ളില്‍നിന്ന് 'ഡിസ്കവറി ഓഫ് ഇന്ത്യ' പുറത്തെടുക്കും. അതിന്റെ താളുകള്‍ പതിയെ മറിച്ചുനോക്കും. പിന്നെ പുസ്തകം നെഞ്ചോടുചേര്‍ത്ത് ഉറക്കത്തിലേക്ക് മെല്ലെ വഴുതിവീഴും.
പതിനാറു വയസ്സ് പിന്നിട്ടിട്ടും ആ പുസ്തകത്തിലൂടെ ഇന്ത്യയെ കണ്ടെത്താനുള്ള ശ്രമം അവള്‍ക്ക് തുടങ്ങാന്‍ കഴിഞ്ഞില്ല. അക്ഷരങ്ങള്‍ അവള്‍ക്ക് അന്യമായിരുന്നു; അപ്പോഴും അതിലും വലുത് ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരമ്മയുടെയും അച്ഛനില്ലാത്ത പത്തു മക്കളുടെയും വിശപ്പുതന്നെയായിരുന്നു. എട്ടാമത്തെ മകളായ അവളുടെ വിധിയും വിശപ്പുമാറാനുള്ള വഴികള്‍ അന്വേഷിക്കുക എന്നതായിത്തീര്‍ന്നു. ആ പ്രാരബ്ധങ്ങള്‍ക്കിടയിലും സ്കൂള്‍ വാര്‍ഷികത്തില്‍ അവളെല്ലാം മറന്ന് പാടുകയും ആടുകയും ചെയ്തു. ഫിഫ്ത് ഫോറത്തില്‍വെച്ച് ആ സ്കൂള്‍ ജീവിതം അവസാനിപ്പിക്കേണ്ടിവന്നതും മറ്റൊരു കണ്ടെത്തലിനുവേണ്ടിയായിരുന്നു. ജീവന് നിലനിര്‍ത്താനുള്ള അന്നം കണ്ടെത്താനായി ഏറെ അലച്ചിലുകള്‍ക്കൊടുവില്‍ പതിനാറാം വയസ്സില്‍ അവളാദ്യമായി ഒരു നൃത്തസംഗീത നാടകത്തില്‍ വേഷമിട്ടു. സ്ക്രിപ്റ്റ് വായിച്ചുകൊടുക്കുന്നതിനുമുമ്പായി സംവിധായകന് പറഞ്ഞു: ''നമ്മള് അവതരിപ്പിക്കാന്‍ പോകുന്നത് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതിയുടെ നൃത്താവിഷ്കാരമാണ്''. ആ വാക്കുകള്‍കേട്ട് അമ്പരപ്പിന്റെ കൊടുമുടിയിലേക്ക് കയറിപ്പോയ അവള് തിരികെയെത്താന്‍ അല്പനേരമെടുത്തു. അന്നാദ്യമായി അവള് സ്വയം ചോദിച്ചു: 'ഇത് നാടകമോ, അതോ ജീവിതമോ?'
തേടലും കണ്ടെത്തലും
നെഹ്രുവിന്റെ പുസ്തകം നെഞ്ചോടുചേര്‍ത്ത് കിടന്നുറങ്ങിയ ആന്റണി ഡിക്രൂസിന്റെ മകളുടെ ചിത്രം ഒരുപക്ഷേ, വീട്ടുകാരുപോലും ഇന്ന് ഓര്‍ക്കുന്നുണ്ടാവില്ല. കോഴിക്കോട് കുമാരി അന്നം ആന്‍ഡ് പാര്‍ട്ടിയുടെ 'ഇന്ത്യയെ കണ്ടെത്തല്‍' എന്ന നൃത്തനാടകത്തില്‍ അഭിനയിച്ച് ഇന്ത്യ മുഴുവന്‍ ചുറ്റിസഞ്ചരിച്ച ആ പതിനാറുകാരിയെയും ആര്‍ക്കും ഓര്‍മയുണ്ടാകില്ല. എന്നാല്‍, കെ.ടി. മുഹമ്മദിന്റെയും സി. എല്‍. ജോസിന്റെയും തിക്കോടിയന്റെയും ചെറുകാടിന്റെയും വാസുപ്രദീപിന്റെയും ടി. ദാമോദരന്റെയുമെല്ലാം നാടകങ്ങളില്‍ വൈവിധ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച മെറ്റില്‍ഡ എന്ന കലാകാരിയെ നാടകലോകം ഒരിക്കലും മറന്നിട്ടുണ്ടാകില്ല. പക്ഷേ, അരങ്ങില്‍ ഏറെ ആരവങ്ങള്‍ സൃഷ്ടിച്ച മെറ്റില്‍ഡ എവിടെയാണുള്ളതെന്ന് ഏറെക്കാലമായി ആര്‍ക്കും അറിയില്ലായിരുന്നു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സംഭാഷണത്തിനിടയില്‍ കെ.ടി. മുഹമ്മദ് പറഞ്ഞതും അതായിരുന്നു: ''അവളെവിടെയാണെന്ന് ഒരറിവുമില്ല''.
കേരളത്തിന്റെ ഗ്രാമീണ നാടകപ്രവര്‍ത്തകരുടെ സംഗമങ്ങള്‍ മുതല്‍ അന്താരാഷ്ട്ര നാടകോത്സവവേദികള്വരെ തിരഞ്ഞിട്ടും മെറ്റില്‍ഡയെ കണ്ടെത്താനായില്ല. തെക്കുണ്ട്, അല്ല വടക്കുണ്ട് എന്നതരത്തില്‍ അവ്യക്തമായിരുന്നു പലരുടെയും മറുപടികള്‍. മെറ്റില്‍ഡ താമസിച്ചതായി പറഞ്ഞ വാടകവീടുകളിലും അന്വേഷിച്ചു. അവിടെനിന്നും അവര്‍ പോയിട്ടു വര്‍ഷങ്ങളായെന്നാണ് അറിയാന്‍ കഴിഞ്ഞത്. മെറ്റില്‍ഡ ജീവിതനാടകത്തില്നിന്നും അരക്കൊഴിഞ്ഞുപോയി എന്നു പറഞ്ഞവരും കുറവല്ല. അതുകൊണ്ടൊന്നും അന്വേഷണം അവസാനിപ്പിക്കാന്‍ തോന്നിയില്ല. അവര്‍ എവിടെയോ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സില്‍ ശക്തമായ ഒരു തോന്നല്‍. അങ്ങനെ തുടര്‍ന്ന ആ അന്വേഷണത്തിന് വിരാമമായത് 'മെയാ ഹോമി'ലേക്ക് കടന്നുചെന്നപ്പോഴാണ്. കോഴിക്കോട് മലാപ്പറമ്പിലെത്തിയാല് ആരും പറഞ്ഞുതരും സെല്ലറ കോണ്‍വെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെയാ ഹോം എന്ന വൃദ്ധസദനത്തിലേക്കുള്ള വഴി. എന്നാല്‍, മെറ്റില്‍ഡ എന്ന നടിയെ അവിടെ അന്വേഷിച്ചപ്പോള്‍ നടത്തിപ്പുകാരില്‍ പലരും അദ്ഭുതപ്പെട്ടു. ''നാടകനടിയോ, അങ്ങനെയൊരാള്‍ ഇവിടെയോ?'' എന്ന് അവര്‍ വല്ലാത്ത ആശ്ചര്യത്തോടെ ചോദിച്ചു. ഭര്‍ത്താവിനെയും മക്കളെയും നഷ്ടപ്പെട്ടവര്‍, ഉറ്റവരെന്ന് പറയാന്‍ ആരുമില്ലാത്തവര്‍, ജീവിതത്തില്‍ താങ്ങും തണലുമാകുമെന്ന് കരുതിയിരുന്ന സ്വന്തം മക്കള്‍ നടതള്ളിയവര്‍ അങ്ങനെ പലവിധ വേദനകളില്‍ കഴിയേണ്ടിവരുന്ന ഇരുപത്തിയൊന്ന് അമ്മമാര്‍ക്കൊപ്പം അവിടെയുണ്ടായിരുന്നു, അന്പതുവര്ഷം കേരളത്തിന്റെ നാടക അരങ്ങുകളെ ഇളക്കിമറിച്ച ആ പഴയ മെറ്റില്‍ഡ.
ഓര്‍മകള്‍ നിറയെ ഉറക്കമില്ലാരാവുകള്‍
മെയാ ഹോമിന്റെ ചുമതലയുള്ള സിസ്റ്റര്‍ ഷീലാ ജോര്‍ജാണ് മെറ്റില്‍ഡയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. പാതിചാരിയ വാതില്‍തുറന്ന് സിസ്റ്റര്‍ പറഞ്ഞു: ''ഇതാണ് നിങ്ങള്‍ അന്വേഷിക്കുന്ന മെറ്റില്‍ഡ''. അമ്പരപ്പോടെ ഞങ്ങള്‍ പരസ്പരം നോക്കി. അടുത്ത പരിചയക്കാര്‍ക്കുപോലും മെറ്റില്‍ഡയെ തിരിച്ചറിയാനാവില്ല. അത്രയേറെ മാറിപ്പോയിരിക്കുന്നു ആ രൂപം. മെലിഞ്ഞ ശരീരം, ഉറങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് തോന്നിക്കുന്ന നീരുവറ്റിയ കണ്ണുകള്‍. ജീവിതം എത്രമാത്രം കഠിനമായിരുന്നു എന്ന് പറയാതെപറയുന്ന മുഖം.
''പണ്ടും ഉറക്കം കുറവായിരുന്നു. ഒരു ദിവസം രണ്ടും മൂന്നും സ്ഥലത്ത് നാടകമുണ്ടായിരുന്നു. ഇപ്പോള്‍ അരങ്ങിലില്ലെങ്കിലും അതേപോലുള്ള ജീവിതങ്ങള്‍ ഞാന്‍ നേരില്‍ കാണുകയാണ്. എനിക്കൊപ്പം ഇവിടെ കഴിയുന്ന പലരുടെയും ജീവിതം കേള്‍ക്കുമ്പോള്‍ ഇതെല്ലാം എത്രയോ വര്‍ഷംമുമ്പേ ഞാന്‍ അരങ്ങില്‍ പങ്കുവെച്ച അനുഭവങ്ങളാണല്ലോ എന്ന് ഓര്‍ത്തുപോകും. പിന്നെ ആ രാത്രി മുഴുവന്‍ മനസ്സില്‍ ഞാന്‍ കടന്നുപോയ നാടക അരങ്ങുകള്‍ വന്നുനിറയും.'' -മെറ്റില്‍ഡ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
കോഴിക്കോട് അത്താണിക്കലില്‍ ഒരു വാടകവീട്ടിലായിരുന്നു മെറ്റില്‍ഡയുടെ ജനനം. ആന്റണി സാന്റിയാഗോ ഡിക്രൂസിന്റെയും മേരി ഡിക്രൂസിന്റെയും പത്തു മക്കളില്‍ എട്ടാമത്തവള്‍. ''പട്ടാളത്തില്‍ തയ്യല്‍ക്കാരനായിരുന്നു അപ്പന്. എപ്പോഴും വയറുവേദനയായിരുന്നു അപ്പന്. ഒടുവില്‍ വേദന താങ്ങാനാകാതെ പട്ടാളപ്പണി അദ്ദേഹം അവസാനിപ്പിച്ചു. നാട്ടിലെത്തിയിട്ടും തയ്യല്‍ജോലി തന്നെയാണ് അപ്പന് തുടര്‍ന്നത്. മിഠായിത്തെരുവില്‍ ഒരു തയ്യല്ക്കടയുണ്ടായിരുന്ന അപ്പനെ 'സന്ധ്യാവ് മേസ്തരി' എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. അപ്പന്റെ പെട്ടെന്നുള്ള മരണത്തെത്തുടര്‍ന്ന് അമ്മയും ചേച്ചിയുമൊക്കെ ഒരു ബനിയന് കമ്പനിയില്‍ തയ്യല്ജോലിക്കു പോയിത്തുടങ്ങി. അക്കാലത്ത് ഒരുപാട് കഷ്ടപ്പെടേണ്ടിവന്നിട്ടുണ്ട്. പഠിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് എന്റെ സ്കൂള്‍ പഠനം ഫിഫ്ത് ഫോറത്തില്‍ ഒതുങ്ങിയത്. അമ്മാവന്റെ സഹായത്താലാണ് ചേച്ചിമാരില്‍ പലരുടെയും കല്യാണംപോലും നടന്നത്. ഇതെല്ലാം അമ്മ പറഞ്ഞറിഞ്ഞ കാര്യങ്ങളാണ്''.
പതിനാറാമത്തെ വയസ്സുമുതല്‍ നാടക അരങ്ങുകളിലേക്ക് മെറ്റില്‍ഡയുടെ ജീവിതം പകര്‍ത്തിയെഴുതപ്പെട്ടു. 'ഇന്ത്യയെ കണ്ടെത്തലി'ല്‍ ഒപ്പമുണ്ടായിരുന്ന കെ.പി. ഉമ്മര്‍, കുതിരവട്ടം പപ്പു, മച്ചാട്ട് വാസന്തി തുടങ്ങിയ പ്രമുഖരെ മെറ്റില്‍ഡ ഇന്നും ഓര്‍ക്കുന്നു. ''കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനടുത്തുള്ള ഒരു വാടകവീട്ടില്‍ ആറുമാസം നീണ്ട റിഹേഴ്സല്‍. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് ശരത്ചന്ദ്ര രഘുനാഥ് മറാഠെ സംഗീതം നല്കിയ ഇന്ത്യയെ കണ്ടെത്തലിന് ഉജ്ജ്വലമായ വരവേല്‍പ്പാണ് ലഭിച്ചത്. അതോടെ കലാരംഗത്ത് ഞാന്‍ ശ്രദ്ധേയയായി. പിന്നീട് ഉറക്കമില്ലാതെ ചായംതേച്ച മുഖവുമായി ഏതൊക്കെയോ കഥാപാത്രങ്ങളായി ഞാന്‍ ജീവിച്ചു. അഞ്ചും പത്തും വര്‍ഷങ്ങളല്ല, നീണ്ട അമ്പത് വര്‍ഷങ്ങള്‍. ദിവസം മൂന്നോ നാലാ മണിക്കുറിനപ്പുറം ഉറങ്ങിയിരുന്നോ എന്നുപോലും സംശയമാണ്''.

എന്റെ ജീവിതവും കഥാപാത്രങ്ങളുടെ ജീവിതവും
ദേശപോഷിണി കലാസമിതി നാടകരംഗത്തെ അദ്ഭുതമായിമാറിയ കാലംകൂടിയായിരുന്നു അത്. കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്, കുതിരവട്ടം പപ്പു, ശാന്താദേവി തുടങ്ങിയവരുടെയെല്ലാം അഭിനയക്കളരിയായിരുന്നു ദേശപോഷിണി. ''ദേശപോഷിണിക്കുവേണ്ടിയാണ് ആദ്യമായി ഒരു അമെച്ചര്‍ നാടകത്തില്‍ വേഷമിട്ടത്. തിക്കോടിയന്മാഷ് രചിച്ച് സംവിധാനംചെയ്ത 'അറ്റുപോയ കണ്ണി'യില്‍ അഭിനയിക്കാനെത്തുമ്പോഴാണ് കുഞ്ഞാണ്ടിയേട്ടനെയൊക്കെ നേരില്‍ക്കാണുന്നത്. ഒ.സി.യെന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഒ. ചോയിക്കുട്ടിയേട്ടനാണ് അറ്റുപോയ കണ്ണിയിലഭിനയിക്കാനായി വിളിക്കുന്നത്. ആ നാടകം വലിയ വിജയമായി മാറിയതോടെ ഉറൂബിന്റെ 'തീകൊണ്ട് കളിക്കരുത്', തിക്കോടിയന്റെ 'ജീവിതം' തുടങ്ങി പല നാടകങ്ങളിലും അഭിനയിക്കാനവസരമുണ്ടായി. പത്തും പതിനഞ്ചും രൂപയൊക്കെ ഒരു സ്റ്റേജിന് കിട്ടിത്തുടങ്ങി. വളരെ ചെറുപ്പമായിരുന്നെങ്കിലും എന്റെ ശരീരഘടന കാരണമായിരിക്കാം ലഭിച്ചതില്‍ ഏറെയും അമ്മവേഷങ്ങളായിരുന്നു. നാട്ടിലെ മിക്ക കലാസമിതികളുടെയും വാര്‍ഷികത്തിന് ഒരു നാടകം പതിവായിരുന്നു. മിക്കവാറും എനിക്കും ഒരു വേഷമുണ്ടാകും. ചില നാടകങ്ങളില്‍ ദുഷ്ടകഥാപാത്രങ്ങളെയും ലഭിച്ചു. അത് വലിയൊരു അംഗീകാരമായിരുന്നു. ഏതുതരം കഥാപാത്രങ്ങളെയും എന്നെ വിശ്വസിച്ചേല്പ്പിക്കാമെന്ന് പലര്‍ക്കും തോന്നിത്തുടങ്ങി''.
മലബാറിലെ അമെച്ചര്‍ നാടകവേദികളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്ത്ത ന്നെയാണ് പ്രൊഫഷണല്‍ നടിയെന്നനിലയിലും മെറ്റില്‍ഡ പ്രശസ്തയാവുന്നത്. കഷ്ടപ്പാടുകളാണ് എന്നെ നാടകനടിയാക്കിയതെങ്കിലും പിന്നീട് നാടകവേദിക്ക് ഞാനെന്നെത്തന്നെ സമര്‍പ്പിക്കുകയായിരുന്നു. എന്റെ വ്യക്തിജീവിതത്തെക്കാള്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞത് ഞാന്‍ ജീവന്‍പകര്‍ന്ന കഥാപാത്രങ്ങളുടെ ജീവിതമായിരുന്നു. ആ മാനസികാവസ്ഥയിലേക്ക് ആഴ്ന്നിറങ്ങുമ്പോള് പലരും പറയാറുണ്ട് -'ഓ... അത് നാടകമല്ലേ'. സത്യത്തില്‍ ഞാനവതരിപ്പിച്ച എത്രയോ കഥാപാത്രങ്ങളെ യഥാര്‍ഥജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നതും മുമ്പ് അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ ജീവിതമാണ്''.
ഏതൊരു പെണ്‍കുട്ടിയെയുംപോലെ വിവാഹത്തെക്കുറിച്ച് ചെറിയ ചില സ്വപ്നങ്ങളെല്ലാം മെറ്റില്‍ഡയും കണ്ടിരുന്നു. പക്ഷേ, നാടകനടിമാരെ സംബന്ധിച്ച് വിവാഹം എന്നത് ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുകയായിരുന്നു പതിവ്. ''രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെ നാടകം കഴിഞ്ഞ് വീട്ടിലെത്തി മുഖത്തെ ചായക്കൂട്ടുകള്‍ കഴുകിക്കളയുമ്പോള്‍ അമ്മ വേദനയോടെ നോക്കിനില്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പനില്ലെങ്കിലും ചേച്ചിമാരുടെയൊക്കെ കല്യാണം നല്ലരീതിയില്‍ത്തന്നെ നടന്നിരുന്നു. എങ്കിലും എന്റെ ജീവിതത്തെക്കുറിച്ച് അമ്മയ്ക്ക് വലിയ ആശങ്കകളുണ്ടായിരുന്നു. അമ്മയുടെ മരണശേഷം എനിക്കാരുണ്ടാകും എന്ന ചിന്ത എപ്പോഴും അമ്മയെ അലട്ടിയിരുന്നു.
പ്രൊഫഷണല്‍ നാടകത്തില്‍ ഓരോ വര്‍ഷവും സമിതികളുമായി ഉണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകാരണം തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തുമൊക്കെയായി മെറ്റില്‍ഡയ്ക്ക് ജീവിതം പറിച്ചുനടേണ്ട അവസ്ഥവരെയുണ്ടായി.
പത്തുരൂപയില്‍ തുടങ്ങിയ പ്രതിഫലം നാനൂറ് രൂപയ്ക്കപ്പുറം വാങ്ങിയ ഒരു ചരിത്രവും മെറ്റില്ഡയ്ക്കില്ല. ''കൈയില്‍ കിട്ടുന്നത് ഞാനന്നുതന്നെ ചെലവഴിച്ചു. എന്റെ സഹോദരങ്ങള്‍ക്ക്, പ്രിയപ്പെട്ടവര്‍ക്ക് എന്നാലാവുന്നത് ഞാന്‍ ചെയ്തു. നാളേക്ക് എന്തെങ്കിലും കരുതിവെക്കണമെന്നൊരു ചിന്ത എനിക്കില്ലാതെപോയത് ജീവിതം ഇത്രയൊക്കേയുള്ളൂ എന്ന് ഞാന്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞതുകൊണ്ടാണ്. അമ്പതുവര്‍ഷംകൊണ്ട് അയ്യായിരത്തിലേറെ വേദികളില്‍ അഭിനയിച്ചു. അതും പ്രഗല്ഭരായ നടീനടന്മാര്ക്കൊപ്പം മികച്ച വേഷങ്ങളില്‍. നാടകാഭിനയത്തിനു ലഭിച്ച സ്നേഹോപഹാരങ്ങളില്‍ ഒന്നുംപോലും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടില്ല. നാടകത്തില്‍ അഭിനയിക്കുന്നതിന്റെ ഒരു നല്ല ഫോട്ടോപോലും എന്റെ കൈയിലില്ല.''
ഡ്യൂപ്പായി ഹിന്ദി സിനിമയില്‍
മെറ്റില്ഡയെക്കുറിച്ച് ഒരിക്കല്‍ ബാലന് കെ. നായര്‍ പറഞ്ഞു: ''വലിയ കഴിവുള്ള നടിയായിരുന്നു മെറ്റില്‍ഡ. പക്ഷേ, അവളുടെ കഴിവുകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ നമ്മുടെ നാടക-സിനിമാ വേദികള്ക്കായില്ല''. 'ഷര്ഹദ്' എന്ന ഹിന്ദി സിനിമയില്‍ നായകനായ ദേവാനന്ദിന്റെ ഡ്യൂപ്പായിട്ടാണ് ബാലന് കെ. നായരുടെ സിനിമാപ്രവേശം. ഇതേ സിനിമയില്‍ നായികയായ സുചിത്രാ സെന്നിന്റെ ഡ്യൂപ്പായിട്ടാണ് മെറ്റില്‍ഡയുടെയും സിനിമാപ്രവേശം. നായികാനായകന്മാരുടെ ഡ്യൂപ്പുകളായിപ്പോയതുകൊണ്ട് സ്വന്തം മുഖം വെള്ളിത്തിരയില്‍ കാണാനാവാതെപോയ അനുഭവമാണ് രണ്ടുപേര്ക്കുമുണ്ടായത്. എം.ടി. വാസുദേവന്‍ നായരുടെ നിര്മാല്യത്തില് ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് മെറ്റില്‍ഡയും സിനിമയിലെത്തിയത്. തുടര്‍ന്ന് 'നിഴലാട്ടം', 'ആഭിജാത്യം', 'അങ്ങാടി', 'തീര്‍ഥയാത്ര', 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍', 'പൊന്നും പൂവും' തുടങ്ങി പതിനഞ്ചിലേറെ സിനിമകള്‍. അഞ്ഞൂറിലധികം നാടകങ്ങളില്‍ വേഷമിട്ടിട്ടും നാടകത്തിന്റെ പേരോ, സമിതിയുടെ പേരോ ഓര്‍ത്തുവെക്കാത്ത മെറ്റില്‍ഡയ്ക്ക് അഭിനയിച്ച സിനിമയുടെ പേരിന്റെ കാര്യത്തിലും ഇതുതന്നെയാണവസ്ഥ.
വിവാഹമെന്ന നാടകം
ജീവിതത്തിന്റെ നല്ലകാലത്ത് വിവാഹം ഒരു സ്വപ്നമായിരുന്നെങ്കില്‍ ആ സ്വപ്നം നാടകവേദികളിലൂടെതന്നെ സാക്ഷാത്കരിക്കപ്പെട്ടപ്പോള്‍ അത് ജീവിതത്തിലെ മറ്റൊരു നാടകമായിരുന്നുവെന്ന് മെറ്റില്‍ഡ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ഓച്ചിറ അമൃതയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് മെറ്റില്‍ഡയ്ക്ക് വിവാഹാലോചനയുമായി സഹപ്രവര്‍ത്തകരിലൊരാള്‍ എത്തുന്നത്. നാടകകലാകാരനും വൈദ്യുതിവകുപ്പില്‍ ഉദ്യോഗസ്ഥനുമായ എല്‍.ജി. കൃഷ്ണനുവേണ്ടിയായിരുന്നു ആ അന്വേഷണം. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ കൃഷ്ണന്റെ രണ്ടാമത്തെ വിവാഹമായിരുന്നു മെറ്റില്ഡയുമായി. ആദ്യബന്ധത്തില്‍ അഞ്ചു മക്കള്‍ കൃഷ്ണനുണ്ടായിരുന്നു. 'എന്നാലും ഒരു ജീവിതമാകില്ലേ' എന്ന പലരുടെയും അഭിപ്രായങ്ങള്ക്കുമുമ്പില് മെറ്റില്‍ഡ സമ്മതംമൂളി. അതിനു മറ്റൊരു കാരണവുമുണ്ടായിരുന്നു. പാട്ടും എഴുത്തും സംവിധാനവുമൊക്കെയായി അടിമുടി കലാകാരനായിരുന്നു എല്‍.ജി. കൃഷ്ണന്. ഒരു നാടകനടിയുടെ ജീവിതം പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിവുള്ള ആള് എന്നനിലയില്‍ തന്നെയാണ് മെറ്റില്‍ഡ കൃഷ്ണനുമായുള്ള വിവാഹത്തിന് ഉറപ്പുനല്‍കിയത്. ആ വിശ്വാസം മെറ്റില്‍ഡയ്ക്ക് ഒരിക്കലും തിരുത്തേണ്ടിവന്നതുമില്ല. മുപ്പതുവര്‍ഷത്തോളം നീണ്ട ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടായില്ല. മെറ്റില്‍ഡ അരങ്ങുകളില്‍നിന്ന് അരങ്ങുകളിലേക്ക് യാത്രതുടരുകയും ചെയ്തു. പക്ഷേ, കൃഷ്ണന്റെ രണ്ടു പെണ്മക്കളുടെ വിവാഹവും അദ്ദേഹത്തിന്റെ അസുഖവുമെല്ലാം സാമ്പത്തികമായി ആ കുടുംബത്തെ തകര്‍ത്തു.
''തിരുവനന്തപുരത്തെ ചെറിയ വീട് വിറ്റ് കടബാധ്യത തീര്‍ത്ത് ഞങ്ങള്‍ കോഴിക്കോട്ടേക്ക് പോന്നു. വീണ്ടും ഇവിടെ വാടകവീട്ടിലായി ജീവിതം. അസുഖം പലപ്പോഴും മൂര്‍ച്ഛിച്ചു. നാടകാഭിനയത്തില്‍നിന്നും എനിക്കുകിട്ടുന്ന പ്രതിഫലവും അദ്ദേഹത്തിന്റെ പെന്‍ഷനും ചേര്‍ത്തുവെച്ചാലും പലപ്പോഴും മരുന്നിനുപോലും തികയാത്ത അവസ്ഥയായിരുന്നു. കോഴിക്കോട് ലിഖിതയുടെ 'ആയിരം പൂര്‍ണചന്ദ്ര'നില് ആയിരുന്നു ഞാനപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്നത്. അസുഖം മൂര്‍ച്ഛിച്ചതോടെ മുഴുവന്‍ സമയവും അദ്ദേഹത്തെ പരിചരിക്കേണ്ട അവസ്ഥവന്നു. അതോടെ ഞാന്‍ നാടകാഭിനയം നിര്‍ത്തേണ്ടിവന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്നുപോയ നാളുകള്‍. ഒരു പകല്‍ എന്നെ തനിച്ചാക്കി എന്നന്നേക്കുമായി അദ്ദേഹം പോയി''.
കണ്ടെത്താനാവാതെപോയ ജീവിതം
ഭര്‍ത്താവിന്റെ മരണത്തോടെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്ക്കുമുന്പില് മെറ്റില്‍ഡ പകച്ചുപോയി. ഭര്‍ത്താവിന്റെ മരണശേഷം പെന്ഷന് ഭാര്യയ്ക്ക് അവകാശപ്പെട്ടതാണ്. പക്ഷേ, നോമിനിയുടെ കോളത്തില്‍ മെറ്റില്‍ഡയുടെ പേരുണ്ടായിരുന്നില്ല. അതിനുവേണ്ടി തിരുവനന്തപുരത്ത് അലഞ്ഞനാളുകള് എണ്ണിയാല്‍ തീരില്ല. ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുണ്ടായ അഞ്ചു മക്കള്‍ക്കും രണ്ടാനമ്മയെ ജീവിതം മുഴുവന്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാവുമായിരുന്നില്ല. മെറ്റില്‍ഡയുടെ സഹോദരങ്ങളില്‍ ആറുപേരും അപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു. ശേഷിക്കുന്ന മൂവര്‍ക്കും മെറ്റില്‍ഡയെ കൂടെനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയും. ഒടുവില്‍ ആരുടെയും സഹായത്തിനായി കൈനീട്ടാതെ മെറ്റില്‍ഡ എത്തിച്ചേര്‍ന്നത് ഇവിടെ, ഈ മെയാ ഹോമിലായിരുന്നു. ശിഷ്ടജീവിതം ഇവിടെ കഴിച്ചുകൂട്ടുകയല്ലാതെ മെറ്റില്‍ഡയ്ക്ക് മറ്റൊരു നിവൃത്തിയുമില്ല. ''മരണംവരെ നാടകരംഗത്തുണ്ടാകണമെന്ന് ആഗ്രഹിച്ചവളാണ് ഞാന്‍. പക്ഷേ, ഇപ്പോഴത്തെ എന്റെ അവസ്ഥ, അസുഖങ്ങള്‍, ആരോഗ്യസ്ഥിതി ഇതൊന്നുംവെച്ച് ഇനി നാടകത്തിലഭിനയിക്കാന്‍ എന്നെക്കൊണ്ടാവില്ല. അല്ലാതെ നാടകമെന്ന കലയെ വെറുത്തിട്ടല്ല ഞാനീ രംഗം വിട്ടത്. ഇവിടെ ഞാന്‍ തനിച്ചല്ല, എനിക്കൊപ്പം ഇരുപത്തൊന്ന് സഹോദരിമാരുണ്ടിവിടെ...''
പറഞ്ഞുനിര്‍ത്തുമ്പോള്‍, ഒരുപാട് ഭാവങ്ങള്‍ മിന്നിമറഞ്ഞുപോയ ആ കണ്ണുകളില്‍ നിര്വികാരതയോളംചെന്ന നിസ്സംഗതയായിരുന്നു. അത് കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്നതായിരുന്നില്ല. കത്തുന്ന അനുഭവങ്ങളിലൂടെ കടന്നുപോന്ന മനുഷ്യനുമാത്രം ചേര്‍ന്നതായിരുന്നു.
വിവാഹം കഴിക്കാതെ പോയതില്‍ ചിലപ്പോഴെങ്കിലും വിഷമം തോന്നിയിരുന്നു; പിന്നീട് വിവാഹം കഴിച്ചപ്പോള്‍ മക്കളില്ലാതെ പോയതിലും. പക്ഷേ ഒടുവില്‍ ഈ വൃദ്ധസദനം എനിക്ക് അഭയം തന്നപ്പോള്‍ തിരിച്ചറിയാനായി, മക്കളുണ്ടായിട്ടെന്തു കാര്യം, ഇവിടെ കഴിയുന്നവരില്‍ പലരും മക്കളുള്ളവരല്ലേ... എന്നിട്ടും...ഈ കാഴ്ച എന്നെ അസ്വസ്ഥമാക്കുന്നു. ഒരുപാട് തിരിച്ചറിവുകള്‍ നല്കുന്നു. ഇതാണ് യഥാര്‍ഥ നാടകം; ജീവിതവും''. മെറ്റില്‍ഡ പറഞ്ഞുനിര്‍ത്തുമ്പോള്‍ അവരുടെ കണ്ണുകളില്‍ അല്പംപോലും നനവ് ഉണ്ടായിരുന്നില്ല. ജീവിതാനുഭവങ്ങളുടെ കരുത്ത് ആ മുഖത്തെ കൂടുതല്‍ തെളിച്ചമുള്ളതാക്കി. നെഹ്രുവിന്റെ പുസ്തകത്തിലൂടെ ഇന്ത്യയെ കണ്ടറിഞ്ഞെങ്കിലും എഴുപത്തിയാറ് വര്‍ഷത്തെ ജീവിതത്തിനുശേഷവും സ്വയം കണ്ടെത്താന്‍ കഴിയാതെപോയ മെറ്റില്‍ഡ. അവര്‍ക്കറിയില്ല ഇപ്പോള്‍ അവര്‍ അഭിനയിക്കുന്നത് ജീവിതത്തിലാണോ അതോ നാടകത്തിലാണോ എന്ന്. അരങ്ങില്‍ പകര്‍ന്നാടിയ വൃദ്ധസദനത്തിലെ ഒരു കഥാപാത്രം ഒടുവില്‍ ജീവിതത്തിലേക്കും കടന്നുവന്നതിന്റെ അമ്പരപ്പാണോ ആ മുഖത്തിപ്പോള്‍ അതോ ജീവിതവും നാടകവും ഒന്നാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ നിസംഗതയോ?
(പുനഃപ്രസിദ്ധീകരണം)
Content highlights : malayalam movie-drama actress mettilda life story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..