കുമാരനാശാൻ ഭാര്യ ഭാനുമതിയ്ക്കൊപ്പം, ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രത്തിൽ നിന്നുള്ള രംഗം
കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ പരിവര്‍ത്തനങ്ങളുടെ പതാകവാഹകരില്‍ പ്രമുഖനാണ് മഹാകവി കുമാരനാശാന്. മലയാളകവിതയിലെ ധീരോജ്ജ്വലമായ ആ ശബ്ദം, 'മാറ്റുവിന്‍ ചട്ടങ്ങളെ!' ഗ്രാമഗ്രാമാന്തരങ്ങളില്‍ ഇന്നും മാറ്റൊലികൊള്ളുന്നു. 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നാണ് മുണ്ടശ്ശേരി ആശാനെ വിശേഷിപ്പിച്ചത്. സ്നേഹഗായകനായ ആശാന്റെ ജീവിതം പക്ഷേ, ക്ലേശകരമായിരുന്നു. ജാതി-മതാന്ധര്‍ അദ്ദേഹത്തിന്റെ നിതാന്തശത്രുക്കളായി. സങ്കീര്‍ണമായ ആ ജീവിതം അഭ്രപാളികളില്‍ ആവിഷ്കരിക്കുകയാണ് കെ.പി. കുമാരന്, ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന സിനിമയിലൂടെ. കെ.പി. കുമാരന് സംസാരിക്കുന്നു.
.jpg?$p=0a546dd&&q=0.8)
കുമാരനാശാന് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന് തുല്യനായ മറ്റൊരു മലയാളിയെ ആധുനിക കേരളചരിത്രത്തില്‍ കാണാന്‍ സാധ്യമല്ല. ഇന്ത്യ മുഴുവനും അറിയപ്പെടുന്ന രാജാ രവിവര്‍മ എന്ന ചിത്രകാരന്‍പോലും ആശാന് പിന്നിലാണ്. കുമാരനാശാന് സ്വന്തം ജീവിതത്തില്‍ ചെയ്തുതീര്‍ത്തിട്ടുള്ള മഹത്തായ അനേകം കാര്യങ്ങള്‍ - കവി, പത്രാധിപര്‍, എസ്.എന്‍.ഡി.പി.യുടെ കാര്യദര്‍ശി, പുസ്തകപ്രസാധകന്, വ്യവസായി എന്നിങ്ങനെ ഒരേ സമയം നിരവധി വ്യത്യസ്തവേഷങ്ങള്‍ - അവിശ്വസനീയമാണ്. വാസ്തവത്തില്‍ ആശാന്റെ ജീവിതത്തിലെ ഏറ്റവും സജീവമായ കാലഘട്ടം കേവലം ഇരുപതുവര്‍ഷമാണ് - 1903 മുതല്‍ 1924 ജനുവരിയില്‍ 51-ാം വയസ്സില്‍ മരിക്കുന്നതുവരെയുള്ള കാലം. അക്കാലത്ത് ഈ മനുഷ്യന് ചെയ്തുതീര്‍ത്ത കഠിനമായ ജോലികള്‍, ജാതി ഗര്‍വിനെതിരെ മതവൈര്യത്തിനെതിരെ ചെയ്ത പ്രക്ഷോഭങ്ങള്‍, സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍. ഈ ധീരനായ മനുഷ്യസ്നേഹി നേരിട്ട പ്രതിസന്ധികള്‍, എതിര്‍പ്പുകള്‍, അവഗണനകള്‍ എത്രയെത്ര? അത്രയ്ക്ക് ശക്തമായിരുന്നു ആ തൂലിക. സാമൂഹികപരിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്ന കവിതകളെഴുതുകയും (മാറ്റുവിന്‍ ചട്ടങ്ങളെ) പ്രജാസഭയിലും നിയമസഭയിലും പ്രതിനിധിയായി പാവങ്ങള്‍ക്കുവേണ്ടി ഗര്‍ജിക്കുകയും അതിനിടയില്‍ ഗംഭീരമായ കവിതകളെഴുതുകയും ശങ്കരാചാര്യരുടെ സൗന്ദര്യലഹരി മുതല്‍ അശ്വഘോഷന്റെ ബുദ്ധചരിതം വരെയുള്ള ഉഗ്രന്‍ തര്‍ജമകള്‍ ചെയ്യുകയും കുട്ടികള്‍ക്കുവേണ്ടി ബാലരാമായണം രചിക്കുകയും ചെയ്തു. മര്യാദയ്ക്ക് റോഡുകളോ ടെലിഫോണ്‍ സൗകര്യമോ ഇല്ലാതിരുന്ന കാലത്ത് തീവണ്ടിപോലും പരിമിതമായിരുന്നപ്പോള്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ ബോട്ടിലും വള്ളത്തിലും മറ്റുമായി നിരന്തരം സഞ്ചരിക്കുകയും സമുദായസംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും വിവേകോദയം മാസികയുടെ എഡിറ്ററായി ശക്തമായ ഭാഷയില്‍ മുഖപ്രസംഗങ്ങളെഴുതുകയും ചെയ്ത കുമാരനാശാന് കേരളത്തെയും മലയാളിയെയും സ്നേഹിച്ചതിന് കണക്കില്ല.
ഒരുപക്ഷേ, ഇതൊക്കെയായിരിക്കാം എന്നെ കുമാരനാശാനിലേക്ക് ആകര്‍ഷിച്ചത്. അസാധാരണമായ ആ വ്യക്തിത്വമാണ് എന്നെ ആ ജീവിതവുമായി ബന്ധിപ്പിച്ചത്. ആശാന് ഒരുവേള, ആദ്യത്തെ കേരളീയ രാഷ്ട്രീയ

നേതാവാണ്! നിയമസഭാംഗമെന്ന നിലയില്‍ ആശാന്റെ ഉജ്ജ്വലപ്രകടനങ്ങള്‍ ഗംഭീരങ്ങളായിരുന്നു. അതാണ് കുമാരനാശാന് 'ഗ്രാമവൃക്ഷത്തിലെ കുയില്‍' എന്ന കവിതയില്‍ പറയുന്നത്. അത് ആത്മകഥാപരമായ ഒരു കൃതിയാണ്. തന്റെതന്നെ സമുദായത്തിലെ ആളുകള്‍ എത്രമാത്രം പീഡിപ്പിച്ചിട്ടുണ്ടെന്നും എന്തുമാത്രം സങ്കടപ്പെടുത്തിയിട്ടുണ്ടെന്നും പറയുക മാത്രമല്ല, കഴിഞ്ഞവര്‍ഷങ്ങളില്‍ താന്‍ എന്തൊക്കെ മഹത്തായ കാര്യങ്ങള്‍ ചെയ്തുതീര്‍ത്തു എന്ന് അസന്ദിഗ്ധമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 'കടല്‍ത്തീരത്തുനിന്ന് സഹ്യനിലേക്ക് പോകുന്ന കാറ്റുപോലെ' എന്റെ വാക്കുകള്‍ ചെന്നെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ഈ മഹനീയ മാതൃക സൃഷ്ടിച്ചത് ആശാനാണ്. ശക്തിയുക്തമായി കാര്യങ്ങള്‍ പറയുമ്പോള്‍പോലും അദ്ദേഹം മാന്യത കൈവിടുന്നില്ല. 'പൂജ്യവൈദികന്മാരെ' എന്ന് സംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം അവരെ ചോദ്യം ചെയ്യുന്നത്.
ഈ മനുഷ്യന് ഇരുപതുകൊല്ലംകൊണ്ട് മലയാളിക്ക് പ്രേമത്തെക്കുറിച്ച് ഉദാത്തമായ ഒരു അനുഭൂതിലോകം സൃഷ്ടിച്ചു. മറ്റാരാണുള്ളത്, ആശാനല്ലാതെ? ചന്തുമേനോന്റെ പ്രേമം ഇന്ദുലേഖയും മച്ചുനനായ മാധവനും തമ്മിലുള്ളതാണ്. സി.വി.യുടേതാകട്ടെ, പരമാവധി പാറുക്കുട്ടിയും അനന്തപത്മനാഭനുമായിട്ടുള്ളത്. സാധാരണപ്രേമം എന്നാല്‍ നളിനി യിലും ലീലയിലുമുള്ള പ്രേമം, വാസവദത്തയുടെ അചഞ്ചലമായ പ്രേമം, എന്തിന് മാതംഗിയുടെ പ്രേമംപോലും എത്ര ചേതോഹരമാണ്! അഭൗമമായ ഒരു മേഖലയിലേക്കല്ലേ ആ ദിവ്യപ്രേമം ഉയരുന്നത്? പക്ഷേ, എന്തുകൊണ്ട് കുമാരനാശാന് ഒരു പ്രത്യേക ജാതിയുടെ ആളായിമാത്രം നില്ക്കുന്നു? മലയാളിസമൂഹം എന്തുകൊണ്ട് അദ്ദേഹത്തെ അംഗീകരിക്കാന്‍ മടിക്കുന്നു. ഇതൊരു പ്രശ്നമാണ്. ഈ ചോദ്യം എന്നെ കുമാരനാശാന് എന്ന പ്രതിഭാശാലിയെക്കുറിച്ചുള്ള സിനിമയില്കൊണ്ടെത്തിക്കാന് പ്രേരണയായി. അങ്ങനെയാണ് നിസ്വനായ ഞാന്‍ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന സിനിമാസംരംഭത്തിന് ഒരുമ്പെട്ടത്, 'ടു ബി, ഓര് നോട്ട് ടു ബി' എന്ന പ്രതിസന്ധി ഘട്ടത്തില്‍.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും
Content Highlights: kp kumaran interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..