അച്ഛന്‍ എന്നെ പഠിപ്പിച്ചത് ഞാനായി ജീവിക്കാനാണ്- എം.വി ശ്രേയാംസ് കുമാര്‍ 


എം.വി. ശ്രേയാംസ്‌ കുമാര്‍/ ഷബിത

''എം.പി വീരേന്ദ്രകുമാറിന്റെ മകന്‍ എന്ന നിലയില്‍ ശ്രേയാംസ്‌കുമാര്‍ ഭാഗ്യവാനും അതേസമയം തന്നെ വലിയ ഉത്തരവാദിത്തമുള്ളയാളുമാണ്. വീരേന്ദ്രകുമാറിനെപ്പോലുള്ള ഒരാളുടെ മകനായി ജനിക്കുക എന്നത് വലിയ ഭാഗ്യമാണ്. അദ്ദേഹത്തെപ്പോലെ ആവുക എന്നത് വലിയ  പ്രയാസകരവുമാണ്.''

എം.പി വീരേന്ദ്രകുമാറും എം.വി ശ്രേയാംസ്‌കുമാറും/ ഫോട്ടോ: ജയേഷ് പി

ജേണലിസ്റ്റ്, വാഗ്മി, ഗ്രന്ഥകാരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, രാഷ്ട്രീയനേതാവ് തുടങ്ങിയ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മാതൃഭൂമി മാനേജിങ് ഡയറക്ടറും രാജ്യസഭാംഗവുമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍. തനിക്ക് ഭൂമിയില്‍ അനുവദിച്ചു കിട്ടിയ എണ്‍പത്തിമൂന്ന് സംവത്സരങ്ങളത്രയും ജനങ്ങള്‍ക്കും പ്രകൃതിയ്ക്കുമായി നീക്കിവെച്ച പച്ചയായ ആ മനുഷ്യന്‍ വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം തികയുന്ന വേളയില്‍ അദ്ദേഹത്തിന്റെ മകനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാര്‍ പിതാവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നു.

'സായാഹ്നങ്ങളുടെ അച്ഛന്‍' വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം തികയുകയാണ്. എം.വി. ശ്രേയാംസ് കുമാറിന്റെ ഓരോ പൊതുപ്രസംഗങ്ങളിലും ആ നഷ്ടബോധം വ്യക്തമാവാറുണ്ട്. ഏറ്റവും ഒടുവിലായി നടന്ന ഇരുപത്തിമൂന്നാമത് പത്മപ്രഭാസ്മാരക പുരസ്‌കാരദാനച്ചടങ്ങില്‍ 'അച്ഛനെപ്പോലെ സംസാരിക്കാന്‍ എനിക്കറിയില്ല' എന്നു പറഞ്ഞുകൊണ്ടാണ് താങ്കള്‍ അധ്യക്ഷപ്രസംഗം തുടങ്ങിയത്. എം.പി. വീരേന്ദ്രകുമാര്‍ എന്ന മഹാസാന്നിധ്യമില്ലാത്ത രണ്ടു വര്‍ഷത്തെക്കുറിച്ച്...

അദ്ദേഹത്തെപ്പോലെയുള്ള ഒരച്ഛന്റെ വിയോഗം തരുന്ന വേദന അതിന്റെ ആഴത്തില്‍ത്തന്നെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ദിവസമായാലും രണ്ട് വര്‍ഷമായാലും ആ നഷ്ടത്തിന്റെ വ്യാപ്തിയില്‍ വ്യത്യാസം വരുന്നില്ല. ഓരോ വര്‍ഷം കഴിയുംതോറും അച്ഛന്റെ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യത കൂടിക്കൊണ്ടിരിക്കുകയെന്നല്ലാതെ. വ്യക്തിപരമായും രാഷ്ട്രീയ സംബന്ധമായും ജോലി സംബന്ധമായും... അങ്ങനെ പല സന്ദര്‍ഭങ്ങളിലും ഞാനദ്ദേഹത്തെ മിസ് ചെയ്യുന്നു.

സാധാരണ വീടുകളിലെന്ന പോലുള്ള അച്ഛന്‍-മകന്‍ ബന്ധമായിരുന്നില്ല ഞങ്ങളുടേത്. എല്ലാ പിതാക്കന്മാരെയുമെന്നപോലെ അദ്ദേഹം തന്നെയായിരുന്നു എന്റെയും വഴികാട്ടി. പക്ഷേ, ആ മാര്‍ഗദര്‍ശനങ്ങള്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ചൂട് പകര്‍ന്നു തരാനുള്ള കഴിവുണ്ടായിരുന്നു. ചില നിലപാടുകളുടെയും കാഴ്ചപ്പാടുകളുടെയും പേരില്‍ ഞാന്‍ അദ്ദേഹത്തോട് മൗനം പാലിച്ചിട്ടുണ്ട്. അങ്ങനെ പെരുമാറാന്‍ വ്യക്തി എന്ന നിലയില്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് ജനാധിപത്യപരമായി ചിന്തിക്കുകയും ന്യായീകരിക്കുകയും ചെയ്ത മനുഷ്യനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ഞങ്ങള്‍ തമ്മില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാവുമായിരുന്നു. സംവാദങ്ങള്‍ പല വിഷയങ്ങളിലും സംഭവിക്കുന്നത് സാധാരണമായിരുന്നു.

എല്ലായ്പ്പോഴും ഓര്‍ക്കുകയും പറയുകയും ചെയ്യുന്ന ഒരു ഉദാഹരണം തന്നെ പറയാം: മാതൃഭൂമിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ ചുമതലയായിരുന്നു അദ്ദേഹം ആദ്യം എന്നെ ഏല്‍പിച്ചത്. കൊക്കക്കോള കമ്പനിക്കെതിരായി പ്ലാച്ചിമടയില്‍ സമരം നടക്കുന്ന സമയത്ത് അച്ഛന്‍ സമരത്തിന് അനുകൂലമായ നിലപാട് എടുക്കുകയും സമരത്തില്‍ സജീവമാവുകയും ചെയ്തു. മാതൃഭൂമിയും കൊക്കക്കോളയ്ക്കെതിരായി നിലപാട് സ്വീകരിച്ചു. കമ്പനിയ്ക്ക് പരസ്യം തരുന്ന വലിയൊരു സ്രോതസ്സിനെ നഷ്ടപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. ഞാന്‍ അച്ഛന്റെ നിലപാടിനെ വിമര്‍ശിച്ചു. പരസ്യത്തിന്റെ അനിവാര്യതയെക്കുറിച്ചും വരുമാനത്തെക്കുറിച്ചും പത്രത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചുമൊക്കെ അച്ഛനെ ബോധവല്‍ക്കരിക്കാന്‍ ശ്രമം തുടങ്ങി. എന്തുകൊണ്ടാണ് ഈ സമരം എന്നതിനെക്കുറിച്ച് അച്ഛന്‍ വിശദമാക്കി. കേരളത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സുകളിലൊന്നായ പ്ലാച്ചിമടയില്‍ കുത്തക കമ്പനി ജലമൂറ്റാന്‍ തുടങ്ങിയാലുള്ള അവസ്ഥയെക്കുറിച്ച് അച്ഛന്‍ ഏറെ നേരം സംസാരിച്ചു. അന്ന് അച്ഛന്‍ പറഞ്ഞ വാക്കുകളാണ് ഇന്നെനിക്ക് മാര്‍ഗദര്‍ശിയായിരിക്കുന്നത്: 'എടോ, സമൂഹത്തില്‍, ജീവിതത്തില്‍, ഏറ്റവും നിരാലംബരായവര്‍ക്കു വേണ്ടിയുള്ള നിലപാടിനെയാണ് മാധ്യമധര്‍മം എന്നുപറയുന്നത്. മയിലമ്മയെപ്പോലുള്ള പാവപ്പെട്ട ആദിവാസികളുടെ ജീവിതം നശിപ്പിച്ചിട്ട് എന്ത് മാധ്യമപ്രവര്‍ത്തനമാണ് നേടാന്‍ പോകുന്നത്? ജനങ്ങള്‍ക്ക് ഒരു മാധ്യമത്തോട് വേണ്ടത് അടിസ്ഥാനപരമായ വിശ്വാസമാണ്. ഇത് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ വേണ്ടി ആരംഭിച്ച പത്രമാണ്. ഇവിടെ ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ വിലക്കുന്ന ഒന്നിനെയും അനുകൂലിക്കാന്‍ സാധ്യമല്ല'.

അച്ഛന്റെ സമരം കൂടുതല്‍ ശക്തമായി. കൊക്കക്കോളയ്ക്കെതിരായ നിലപാടില്‍നിന്നും അണുവിട മാറിയില്ല. പിന്‍മാറിയത് കൊക്കക്കോളയും ഞാനുമാണ്.

പ്രകൃതിയെക്കുറിച്ച്, മനുഷ്യബന്ധങ്ങളെക്കുറിച്ച്, പൊതുജനങ്ങളെക്കുറിച്ച്, സംസ്‌കാരത്തെക്കുറിച്ച്, മനുഷ്യവിഭവങ്ങളെക്കുറിച്ച് എല്ലാം ദീര്‍ഘവീക്ഷണം വെച്ചുപുലര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. എന്റെ ചിന്താഗതികള്‍ക്കുമേല്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ, എന്നാല്‍ ആ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാക്കിക്കൊണ്ട് എന്നെ മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

അച്ഛന്‍ എന്നെ കൂട്ടിക്കൊണ്ടുപോയ മേഖലകള്‍, പകര്‍ന്നുതന്ന വിജ്ഞാനം, ജീവിതങ്ങള്‍, പങ്കുവെച്ച അനുഭവങ്ങള്‍, ചരിത്രങ്ങള്‍, വ്യക്തിത്വങ്ങള്‍... അതെത്ര കണ്ട് എനിക്ക് സ്വാംശീകരിക്കാനായി എന്നെനിക്ക് പറയാനാവില്ല. അച്ഛന്‍ കണ്ടപോലെ ലോകത്തെ കാണാന്‍ ഇനിയും ഞാന്‍ കാലമെടുക്കുമായിരിക്കും.

എം.പി. വീരേന്ദ്രകുമാര്‍ കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിബന്ധങ്ങളുടെ മഹാകലവറയിലേക്ക് എത്തിനോക്കുമ്പോള്‍ എന്താണ് അദ്ദേഹത്തിന്റെ അടുത്ത തലമുറയ്ക്കുള്ള പാഠം?

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ഒരിക്കല്‍ പറഞ്ഞ കാര്യമാണ് ഓര്‍മ വരുന്നത്. 'ഒരു പുസ്തകം വായിച്ചു കഴിഞ്ഞാല്‍ അതേക്കുറിച്ച് സംസാരിക്കാന്‍ ഒരാളുണ്ടാവുമായിരുന്നു, ആ നഷ്ടം ഇന്നു ഞാന്‍ തിരിച്ചറിയുന്നു' എന്നാണ് അവര്‍ അച്ഛനെക്കുറിച്ച് പറഞ്ഞത്. ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളുടെ ആഴവും സ്നേഹവും ഇപ്പോഴും ഞാന്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് എനിക്കറിയില്ലായിരുന്നു ഇത്രയും വിശാലമായിരുന്നു അദ്ദേഹത്തിന്റെ ബന്ധങ്ങളെന്ന്. അദ്ദേഹം മരിച്ചപ്പോള്‍ ജീവിതത്തിന്റെ നാനാതുറയില്‍പ്പെട്ട ആളുകള്‍ എന്നെ വിളിച്ച് അനുശോചനം അറിയിച്ചു കൊണ്ടേയിരുന്നു. ആറു മാസത്തോളം എനിക്കറിയാത്തവരുമായി അച്ഛന്റെ നാമത്തില്‍ ഞാന്‍ നിരന്തരം സംസാരിച്ചു. ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ കുടുംബത്തിനു വന്നുചേര്‍ന്ന തീരാനഷ്ടത്തില്‍ അവര്‍ പങ്കു ചേരുന്നതോടൊപ്പം അദ്ദേഹവുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധം എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നും വിശദമാക്കുമ്പോള്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരാളായിട്ടാണല്ലോ ഇവരെല്ലാം സംസാരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഈ സ്‌നേഹസമ്പത്തെല്ലാം അദ്ദേഹം അടുത്ത തലമുറയ്ക്കായി സ്വരുക്കൂട്ടിയിട്ടുള്ളതാണ്. മനുഷ്യസ്‌നേഹത്തില്‍ അദ്ദേഹം ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു.

'സ്‌നേഹമേ തീര്‍ത്ഥങ്കര, നിന്‍ കൊടിയടയാളം' എന്ന കവിത ആലങ്കോട് ലീലാകൃഷ്ണന്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് എഴുതിയതാണ്. ആ കവിത ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. ബന്ധങ്ങള്‍ക്കു മുമ്പില്‍ യാതൊരുവിധ വലിപ്പച്ചെറുപ്പങ്ങളും അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ സൗഹൃദങ്ങളെ നിര്‍ണയിക്കുന്നതില്‍ സാമൂഹികപദവികളോ സാമ്പത്തികമോ വിദ്യാഭ്യാസമോ ധൈഷണികതയോ ലിംഗമോ പ്രായമോ ഭാഷയോ ദേശമോ ഒന്നുമൊരു മാനദണ്ഡമല്ലായിരുന്നു.

കയ്യില്‍ പണം സൂക്ഷിച്ചു നടക്കുന്ന സ്വഭാവം അച്ഛനില്ലായിരുന്നു. പോക്കറ്റില്‍ മിക്കവാറും പണമുണ്ടാവില്ല. കൂടെയുള്ളവര്‍ അതു മനസ്സിലാക്കി കയ്യില്‍ കരുതും. ഒറ്റയ്ക്കുള്ള സഞ്ചാരങ്ങളിലും പണം കരുതാത്തതിന്റെ വേവലാതിയൊന്നും അദ്ദേഹത്തിനുണ്ടാവാറില്ല. വിശക്കുമ്പോള്‍ ഹോട്ടലില്‍ കയറും. പണം തന്നിട്ട് പോയാല്‍മതി എന്ന് അദ്ദേഹത്തോട് ആരും പറഞ്ഞിട്ടില്ല. അങ്ങനെ പറയില്ലെന്ന് അദ്ദേഹത്തിനുമറിയാം. ഭക്ഷണം കഴിക്കാന്‍ അദ്ദേഹം തങ്ങളുടെയടുക്കല്‍ കയറിയല്ലോ എന്ന് സന്തോഷം പ്രകടിപ്പിച്ചവരുമുണ്ട്.

പലപ്പോഴും അപ്രതീക്ഷിതമായി ആരെയെങ്കിലുമൊക്കെ സാമ്പത്തികമായി സഹായിക്കാനുണ്ടാവും. അനുശോചനമറിയിച്ചുകൊണ്ട് വിളിച്ചവരില്‍ പലര്‍ക്കും പറയാനുണ്ടായിരുന്നത് അത്തരത്തിലുള്ള സാമ്പത്തിക സഹായങ്ങളുടെ കഥയായിരുന്നു. അച്ഛന്‍ ഇങ്ങനെയും ആയിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. എന്തു കാര്യത്തിനായിക്കൊള്ളട്ടെ, സ്വന്തം കയ്യില്‍നിന്നു പണം ചെലവാക്കാന്‍ യാതൊരു മടിയും ഉണ്ടായിരുന്നില്ല. 'വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയാന്‍ പാടില്ലെടോ' എന്ന് ചിരിച്ചുകൊണ്ട് പറയും. എടോ എന്നായിരുന്നു എന്നെ വിളിക്കുക. ആ വിളിയില്‍ ഒരു സൗഹൃദം തെളിഞ്ഞുനിന്നിരുന്നു. അച്ഛന് സുഹൃത്താവാനായിരുന്നു കൂടുതല്‍ ഇഷ്ടം. എന്റെ കൗമാര-യൗവ്വന കാലങ്ങളില്‍ ആ സൗഹൃദമാണ് എന്നെ വഴിനടത്തിച്ചത്.

കമ്പനിയില്‍ പരമപ്രധാനമായ ചില തീരുമാനങ്ങളെടുക്കാനൊരുങ്ങുമ്പോള്‍, ജോലിക്കാരുടെ കാര്യം വരുമ്പോള്‍, അവരുടെ പ്രശ്‌നങ്ങള്‍ പേരെടുത്ത് ചര്‍ച്ച ചെയ്യുമ്പോള്‍, അച്ഛന്‍ ജാഗരൂകനാവും. തീരുമാനങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിക്കും. ഒരാളുടെ ജോലി പോകുമ്പോള്‍ അയാളുടെ കുടുംബത്തിന്റെ സ്ഥിതി എന്തായിത്തീരുമെന്ന് ആലോചിക്കണ്ടേ എന്നാണ് ചോദിക്കുക. പ്രകൃതി, മനുഷ്യന്‍ ഈ രണ്ട് കാര്യങ്ങളിലും അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല.

അച്ഛനെപ്പറ്റി പറഞ്ഞുകൊണ്ട് എനിക്കറിയാത്ത, എന്നെയറിയാത്തവര്‍ വിളിക്കുമ്പോള്‍ അദ്ദേഹം എനിക്ക് ആരൊക്കെയായിരുന്നു എന്നതിലുപരി അവര്‍ക്കെല്ലാം ആരൊക്കെയോ ആയിരുന്നല്ലോ എന്നുഞാന്‍ ചിന്തിച്ചിട്ടുണ്ട്. ആ ചിന്ത എന്നില്‍ ഒരുപാട് മാറ്റം സൃഷ്ടിച്ചു. അച്ഛന്‍ തന്നത് കാഴ്ചപ്പാടായിരുന്നു. എന്റെ നാലു മക്കളുടെയും ഹീറോ അദ്ദേഹമാണ്. അദ്ദേഹത്തിലുണ്ടായിരുന്ന ഗുണങ്ങളില്‍ എന്തെങ്കിലുമൊക്കെ നാലു പേര്‍ക്കും കിട്ടിയിട്ടുണ്ട്. അവര്‍ മുത്തശ്ശനെ മനസ്സാ ഉള്‍ക്കൊള്ളുന്നുണ്ട്.

വിവേകാനന്ദന്‍ സംന്ന്യാസിയും മനുഷ്യനും, രാമന്റ ദു:ഖം, ഗാട്ടും കാണാച്ചരടും, ഹൈമവതഭൂവില്‍, ആമസോണും കുറേ വ്യാകുലതകളും തുടങ്ങി അനവധി പുസ്തകങ്ങളുടെ സ്രഷ്ടാവാണ് എം.പി. വീരേന്ദ്രകുമാര്‍. യാത്രയെന്ന യാഥാര്‍ഥ്യത്തിലൂടെ, അനുഭവത്തിലൂടെ ലോകം കണ്ട മനുഷ്യന്‍. അദ്ദേഹത്തിന്റെ യാത്രകളുടെ മുന്നൊരുക്കങ്ങളെന്തൊക്കെയായിരുന്നു? യാത്രാനുഭവം അദ്ദേഹം പങ്കുവെക്കുമായിരുന്നോ? 'യാത്ര പറയാതെ' എന്ന പുസ്തകം പിറന്നത് അത്തരമൊരു പ്രചോദനത്തിലാണോ?

കേരളത്തിലെ പലരും എം.പി. വീരേന്ദ്രകുമാര്‍ എന്ന എഴുത്തുകാരനെ അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. നിങ്ങള്‍ ജേണലിസ്റ്റുകള്‍ പ്രത്യേകിച്ചും. വേറെയാരോ എഴുതുന്നു, അദ്ദേഹത്തിന്റെ പേരില്‍ അച്ചടിച്ചുവരുന്നു എന്ന അപഖ്യാതി ധാരാളം കേട്ടിട്ടുണ്ട്. അദ്ദേഹം എഴുതിയിരുന്നില്ല എന്നത് ശരിയാണ്. ഡിക്‌റ്റേറ്റ് ചെയ്യിക്കുകയായിരുന്നു പതിവ്. സാമൂഹിക, സാമ്പത്തിക, സമകാലിക, രാഷ്ട്രീയ, പാരിസ്ഥിതിക പ്രശ്‌നങ്ങളും പ്രതിസന്ധികളും അവതരിപ്പിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത മാധ്യമങ്ങള്‍ പുസ്തകവും പ്രസംഗവുമായിരുന്നു. എവിടെപ്പോയാലും അവിടത്തെ പ്രകൃതിയും ആവാസവ്യവസ്ഥയുമായിരുന്നു അദ്ദേഹത്തിന്റെ പരിഗണനയില്‍ ആദ്യം സ്ഥാനം പിടിച്ചിരുന്നത്. തത്വശാസ്ത്രവും ഉള്‍പ്പെട്ടിരുന്നു. ഭാഷയും ചരിത്രവും സംസ്‌കാരവും അച്ഛന്റെ ഇഷ്ടമേഖലകളായിരുന്നു.

വായനക്കാരുമായി ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്ന വിഷയത്തപ്പറ്റി വിദൂരതയിലേക്ക് കണ്ണുംനട്ട് ഒഴുക്കോടെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ് ചെയ്യുക. ആ ഒഴുക്കിനനുസരിച്ച് എഴുതാന്‍ ഉത്സാഹമുള്ളവരെ അദ്ദേഹത്തിനറിയാം. അവരെ ഒപ്പം ഇരുത്തും. വൈകാതെ ഒരു പുസ്തകം പിറക്കും. ഇടപെട്ട മേഖലകളിലെല്ലാം അഗാധമായി അറിവായിരുന്നു. വായിച്ച പുസ്തകങ്ങളിലെ ഓരോ വരിയും ഓര്‍മയുണ്ടാകും. റഫറന്‍സിനായി പുസ്തകങ്ങള്‍ എടുക്കാന്‍ പറയുമ്പോള്‍ ലൈബ്രറിയിലെ ഇത്രാമത്തെ വരിയില്‍ ഇന്ന പുസ്തകത്തിന്റെ ഇത്രാമത്തെ പേജ് എന്ന് കൃത്യമായി പറയും. അത് അങ്ങനെതന്നെ നമ്മള്‍ കൊണ്ടുകൊടുത്തിരിക്കണം.

പുസ്തകങ്ങളോട് പ്രതിബദ്ധതയുള്ള വായനക്കാരനായിരുന്നു അദ്ദേഹം. ഇഷ്ടപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന പുസ്തകം കിട്ടിയാല്‍ പോകുന്നിടത്തെല്ലാം അതുമുണ്ടാകും. യാത്രയ്ക്കിടയില്‍ കാറിലിരുന്ന് വായിക്കുന്ന ശീലമുണ്ടായിരുന്നു. കുറേക്കാലം കഴിഞ്ഞപ്പോള്‍ ആ വായന അച്ഛന് ബുദ്ധിമുട്ടായി. പുലര്‍ച്ചെ മൂന്നു മണിയ്ക്ക് എഴുന്നേല്‍ക്കുന്നതാണ് ശീലം. രണ്ടു മണിക്കൂര്‍ വായനയാണ്. എത്ര തിരക്കുണ്ടെങ്കിലും ഏത് നാട്ടിലായാലും അത് നടന്നിരിക്കും. അച്ഛന്റെ ഗന്ധം നിറഞ്ഞു നില്‍ക്കുന്നത് കൂടുതലും പുസ്തകങ്ങളിലാണ്. വായിച്ചിടത്തുവെച്ച ബുക്മാര്‍ക്കുകള്‍ 'ഇനി നീ വായിക്കെടോ' എന്നു പറയുന്നതുപോലെ തോന്നും. ഒരു പുസ്തകത്തില്‍നിന്നും എന്തെല്ലാം കാര്യങ്ങള്‍ അദ്ദേഹം തന്റെ ജീവിതത്തിലേക്കെടുത്തു എന്നറിയാനും എളുപ്പമായിരുന്നു. ഓരോ പുസ്തകത്തിലും അദ്ദേഹത്തിന്റെ കുറിപ്പുകള്‍ കാണാം. വായിച്ചതൊന്നുംതന്നെ അദ്ദേഹം വെറുതെയാക്കിയിട്ടുമില്ല. ഏത് വിഷയത്തിലും മണിക്കൂറുകളോളം പൊതുമധ്യത്തില്‍ സംസാരിക്കാനുള്ള വിജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. ചടുലമായ ഭാഷാപ്രയോഗങ്ങളിലൂടെ തന്റെ നിലപാടുകളെയും ആശയങ്ങളെയും അദ്ദേഹം അവതരിപ്പിച്ചത് ഈ വായന നല്‍കിയ വിജ്ഞാനത്തിലൂടെയായിരുന്നു.

അച്ഛന് യാത്രചെയ്യാന്‍ യാതൊരു മുന്നൊരുക്കങ്ങളും ആവശ്യമില്ലായിരുന്നു; ടിക്കറ്റ്, പാസ്പോര്‍ട്ട്,വിസ തുടങ്ങിയ കാര്യങ്ങളൊഴികെ. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ നമ്മളും കാര്യമായ തയ്യാറെടുപ്പുകളൊന്നും നടത്തേണ്ടതില്ല. പോകാനുദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് ഒരു റിസര്‍ച്ചും നടത്തേണ്ടതില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. യാത്ര ചെയ്യുന്ന പ്രദേശത്തിന്റെ ഭൂഘടന, ഭാഷ, സംസ്‌കാരം, മാനവികവിഭവശേഷി, സാമ്പത്തികസ്രോതസ്സുകള്‍, വനം-പരിസ്ഥിതി സമ്പത്തുകള്‍, നാണ്യവിളകള്‍, ഇറക്കുമതി കയറ്റുമതി തുടങ്ങി അറിവിന്റെ ഭണ്ഡാരം യാത്രയ്ക്കിടയില്‍ തുറക്കപ്പെടുകയായി. എല്ലാ വിവരങ്ങളും അദ്ദേഹം നേരത്തെ അറിഞ്ഞുവെക്കും, അതേക്കുറിച്ച് നേരത്തേ വായിച്ചിട്ടുണ്ടാകും. വിമാനമിറങ്ങിയാല്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാനാണ് ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ആയിരക്കണക്കിന് കിലോ മീറ്ററുകളോളം മടുപ്പില്ലാതെ അദ്ദേഹം സഞ്ചരിക്കുമായിരുന്നു- he was an explorer. അദ്ദേഹത്തിന്റെ കൂടെ പോവുക എന്നാല്‍ പുതിയൊരു കാര്യം പഠിക്കുക എന്നാണ് അര്‍ഥം. 'യാത്ര പറയാതെ' എന്ന പുസ്തകം എഴുതാനുണ്ടായ പ്രചോദനവും അച്ഛന്‍ തന്നെയാണ്. പല കാര്യങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ പറയുന്നത് മുഴുവനായും കേട്ടതിനു ശേഷം പറയും; 'ഇതൊക്കെ ഒന്ന് എഴുതിവെക്കെടോ'. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഭാഷയും നിരീക്ഷണപാടവവുമെല്ലാം ഇനിയും കയ്യെത്താദൂരത്തു തന്നെയാണ് ഉള്ളത്.

എഴുത്തില്‍ അച്ഛന്‍ അവലംബിച്ചിട്ടുള്ള ഒരു മാതൃക ഞാനിപ്പോള്‍ പിന്തുടരുന്നുണ്ട്. അദ്ദേഹം സൂക്ഷിച്ചിരുന്ന ചെറുകുറിപ്പുകള്‍ എന്നപോലെ എന്റെ മനസ്സില്‍ വരുന്ന ചിന്തകളെ ഓഡിയോ റെക്കോഡായി സൂക്ഷിക്കാന്‍ തുടങ്ങി. അച്ഛന്‍ ഒരു ഭൗതികനഷ്ടം മാത്രമല്ല, എക്കാലത്തക്കുമുള്ള വേദന തന്നെയാണ്. വിയോഗം എന്ന വാക്കിന്റെ കനം താങ്ങാനാവുന്നതിലും കൂടുതലാണ് എന്ന് തിരിച്ചറിയുന്ന സന്ദര്‍ഭം കൂടിയാണ് ഇത്.

ആസിയാന്‍ കരാര്‍ വിശദമാക്കുന്ന അതേ വീക്ഷണത്തോടെ, ആഗോളതാപനം ചര്‍ച്ചചെയ്യുന്ന അതേ വ്യഗ്രതയോടെ, ആമസോണിനെക്കുറിച്ചുള്ള വ്യാകുലതകള്‍ പങ്കുവെക്കുന്ന അതേ ഗൗരവത്തോടെ സിനിമയും സാഹിത്യവും ചര്‍ച്ച ചെയ്യുമായിരുന്നു എം.പി. വീരേന്ദ്രകുമാര്‍.

സാഹിത്യം അച്ഛന് അന്യമായിരുന്നില്ല. വായനയില്‍ നോവലുകളും കഥകളും നിരൂപണങ്ങളും ഉള്‍പ്പെട്ടിരുന്നു. ചരിത്രപുസ്തകങ്ങളും ലേഖനങ്ങളും ഉപന്യാസങ്ങളുമായിരുന്നു വായനയില്‍ പ്രഥാനസ്ഥാനം കയ്യാളിയിരുന്നത്. എഴുത്തുകാരോട് അവരുടെ കൃതികളെപ്പറ്റി പറയാന്‍ വലിയ ഉത്സാഹമായിരുന്നു. അവര്‍ അംഗീകരിക്കപ്പെടുമ്പോള്‍, പുരസ്‌കൃതരാവുമ്പോള്‍ ആ സന്തോഷത്തില്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം സജീവമാവും. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം എന്നും മുന്‍കയ്യെടുത്തിരുന്നു. നവാഗതരുടെ സൃഷ്ടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ അഭിനന്ദിക്കും. പലരേയും എഴുത്തിലേക്ക് കൊണ്ടുവരാന്‍ മുന്‍കയ്യെടുത്തിട്ടുണ്ട്. ഒരാള്‍ക്ക് എഴുതാന്‍ കഴിവുണ്ട് എന്ന് മനസ്സിലാക്കിയാല്‍ അച്ഛന്‍ എഴുത്ത് പ്രകാശിപ്പിക്കാനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

സിനിമയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. സുഹൃത്തുക്കളായ ഒരുപാട് സിനിമാപ്രവര്‍ത്തകരുണ്ട്. ചിത്രീകരണവേളകളില്‍ അദ്ദേഹം അവരുടെ ലൊക്കേഷനില്‍ പോകും. കലയെ അങ്ങോട്ട് പോയി പ്രോത്സാഹിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം. എന്റെ മുത്തഛ്ഛനും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനുമായ പത്മപ്രഭാ ഗൗഡര്‍ സ്മാരകപുരസ്‌കാരം സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ പ്രതിഭാത്വം തെളിയിച്ചവര്‍ക്കായി വര്‍ഷത്തിലും നല്‍കാന്‍ മുന്‍കയ്യെടുത്തതും അദ്ദേഹമായിരുന്നു. അതുപോലെ മാതൃഭൂമി പുരസ്‌കാരവും അദ്ദേഹത്തിന്റെ ആശയമാണ്.

ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം എന്ന നിലയില്‍ വേറിട്ടുനില്‍ക്കുന്ന കൃതിയാണ് 'തിരിഞ്ഞുനോക്കുമ്പോള്‍'. ഏതസുഖത്തിനും ക്വയ്‌നാവ് കലക്കിക്കൊടുക്കുന്ന അച്യുതന്‍ റൈറ്ററും സമനില തെറ്റിയ ബൊമ്മനും ചെകിടന്‍ കൃഷ്ണന്‍ നായരും മറ്റുമടങ്ങുന്ന ജീവിതഗന്ധിയായ മനുഷ്യരാല്‍ സമ്പന്നമായ ഓര്‍മക്കുറിപ്പുകള്‍. അതില്‍ അദ്ദേഹം പറയുന്ന വളരെ പ്രസക്തമായ വാചകമുണ്ട്; ''ഭൂപ്രഭുക്കന്മാരായ കോടീശ്വരന്മാരുടെ അന്തഃപുരങ്ങളിലെ ദുഃഖങ്ങള്‍ വരച്ചുകാട്ടുന്ന ഒരു നോവലെഴുതിയാല്‍ കൊള്ളാമെന്ന് പലപ്പോഴും തോന്നാറുണ്ട്.''

ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാനും സഹായം അഭ്യര്‍ഥിക്കാനും അനുവാദമുള്ള കുടുംബപശ്ചാത്തലത്തിലാണ് അദ്ദേഹം ജനിച്ചത്. മുത്തച്ഛന്‍ വലിയ ജന്മിയായിരുന്നു. എന്നാല്‍, സോഷ്യലിസ്റ്റ് ആശയങ്ങള്‍ ആദ്യം അദ്ദേഹം പ്രചരിപ്പിച്ചതും പ്രാവര്‍ത്തികമാക്കിയതും സ്വന്തം വീട്ടില്‍തന്നെയായിരുന്നു. വീട്ടില്‍ ജോലിക്കു വരുന്നവരെ ബഹുമാനിച്ചിരിക്കണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഏത് ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്ന തത്വമായിരുന്നു മുത്തച്ഛന്‍ നടപ്പാക്കിയിരുന്നത്. ജോലിയെ ബഹുമാനിച്ചിരിക്കണം; എത്ര വലുതായാലും ചെറുതായാലും. കഴിവുകളും കഴിവുകേടുകളും നോക്കാതെ മനുഷ്യരെ മനുഷ്യരായിത്തന്നെ കാണാന്‍ അദ്ദേഹം പഠിപ്പിച്ചു. അച്ഛന്‍ അത് കുറച്ചുകൂടി വിശാലമായ അര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കി. അദ്ദേഹത്തിന്റെ അടുത്ത തലമുറയും ഇതൊക്കെ കണ്ടുതന്നെയാണ് വളര്‍ന്നതും അതിനടുത്ത തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കുന്നതും. സോഷ്യലിസം സിദ്ധാന്തമായിട്ടല്ല, പ്രായോഗികമായിട്ടാണ് എന്റെ പിതാമഹന്മാര്‍ പഠിപ്പിച്ചത്.

സ്ത്രീകളോട് വളരെ ജനാധിപത്യപരമായും മാന്യമായും പെരുമാറണം എന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. എന്റെ കൗമാരകാലങ്ങളില്‍ ഒരച്ഛനായിട്ടല്ല, സുഹൃത്തായിട്ടാണ് അദ്ദേഹം സ്ത്രീസൗഹൃദങ്ങളെക്കുറിച്ച് പറഞ്ഞുതന്നത്. അങ്ങനെ ചിന്തിക്കുന്ന മനുഷ്യന്‍ എന്ന നിലയില്‍ അകത്തളങ്ങളിലെ ജീവിതങ്ങളെക്കുറിച്ച് അദ്ദേഹം ആകുലപ്പെട്ടിരിക്കാം. അത് ഉള്‍ക്കൊണ്ടിട്ടായിരിക്കണം അമ്മയോട് വളരെ ജനാധിപത്യപരമായി പെരുമാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.

അവസാനമായി പങ്കെടുത്ത പൊതുവേദിയില്‍ (2020-ല്‍ കല്‍പറ്റയില്‍ വെച്ചുനടന്ന കൈരളി ടി.വിയുടെ അവാര്‍ഡുദാനച്ചടങ്ങ്) അദ്ദേഹം പറഞ്ഞത് മരണത്തെക്കുറിച്ചുള്ള ഒരു കഥയാണ്. ഖലീല്‍ ജിബ്രാന്‍ പറഞ്ഞ കഥ- ഒരു ധനികന്റെയടുക്കല്‍ മരണം എത്തുന്നു. അയാള്‍ ചോദിക്കുന്നു താങ്കളാരാണ് എന്ന്. ഞാന്‍ മരണമാണ് എന്നു പറയുമ്പോള്‍ ധനികന്റെ മറുപടി, എനിക്കിപ്പോള്‍ സമയമില്ല എന്നാണ്. കൊണ്ടുപോകാന്‍ തന്നെയാണ് വന്നത് എന്ന് മരണം തറപ്പിച്ച് പറഞ്ഞപ്പോള്‍ അത്യാവശ്യമാണെങ്കില്‍ എന്റെ ജോലിക്കാരെ കൊണ്ടുപോയ്‌ക്കോളൂ എന്നായി ധനികന്‍. മരണം പക്ഷേ അയാളെ അനുസരിക്കാതെ തന്റെ ആഗമനോദ്ദേശ്യം നടപ്പിലാക്കി. ഈ കഥയ്ക്ക് അനുബന്ധമായി എം.പി. വീരേന്ദ്രകുമാര്‍ എഴുതി: 'മരണം മരിച്ചുപോയി.' ജീവിക്കാന്‍ അത്രയേറെ കൊതിയുള്ള ആ മനുഷ്യനെ കൊണ്ടുപോകുന്നിടത്ത് മരണദേവത മരിച്ചുപോകുന്നു. അടുത്തതായി മരണം ചെല്ലുന്നത് ഒരു ചെറുപ്പക്കാരന്റെയടുത്താണ്. മരണത്തിന്റെ മാസ്മരിക സൗന്ദര്യം കണ്ട് മതിമയങ്ങിപ്പോയ അയാള്‍ ചോദിച്ചു: 'ഇത്ര സൗന്ദര്യമുള്ള നീ ആരാണ്?' താന്‍ മരണമാണ് എന്ന് ഉത്തരം നല്‍കിയപ്പോള്‍ ചെറുപ്പക്കാരന്‍ അത്ഭുതപ്പെടുന്നു. മരണത്തിന് ഇത്രയും സൗന്ദര്യമോ, തന്നെയും കൂടെകൊണ്ടുപോകുമോ? എന്നായി അയാള്‍. മരണം അയാളെ കുറേനേരം കേട്ടുനിന്നു. പിന്നീട് അയാളുടെ നിര്‍ബന്ധം കൊണ്ട് മരണം തന്റെ ചിറകിലേറ്റി കൊണ്ടുപോയി. അപ്പോള്‍ എം.പി വീരേന്ദ്രകുമാര്‍ എഴുതി; 'മരണം ജീവിച്ചു!' മരണം ജീവിക്കണം എന്നു കൊതിച്ച ഒരു മനുഷ്യനായിരുന്നില്ലേ അദ്ദേഹവും?

അദ്ദേഹം പഠിച്ചത് തത്വശാസ്ത്രമാണ്. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ യാഥാര്‍ഥ്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ അദ്ദേഹം എന്നോ തയ്യാറെടുത്തതാണ്. നമ്മള്‍ ജീവിച്ചിരിക്കാന്‍ കാരണം നമ്മളെ മറ്റുള്ളവര്‍ക്ക് വേണം എന്ന ബോധ്യം നമുക്കുള്ളതു കൊണ്ടാണ്. അല്ലാത്ത ജീവിതം നിരര്‍ഥകമാണ്. ആര്‍ക്കും ആവശ്യമില്ലാത്ത ജീവിതം കൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുക എന്ന് അദ്ദേഹം ചോദിക്കാറുണ്ടായിരുന്നു. വിയോഗത്തിന്റെ രണ്ടാം വര്‍ഷമാകുമ്പോള്‍ രാവിലെ എന്റെ മെയില്‍ ബോക്‌സുകളെല്ലാം നിറഞ്ഞിട്ടുണ്ട്. എനിക്ക് നേരിട്ട് പരിചയമില്ലാത്തവരുടെ ഓര്‍മകളും സന്ദേശങ്ങളുമാണ്. മരണം ജീവിച്ചു എന്ന് അദ്ദേഹം പറഞ്ഞതിന് ഇങ്ങനെയൊരു വ്യാഖ്യാനം കൂടിയാവാം. അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ ഓര്‍മകളിലൂടെ ജീവിക്കുന്നു. അനവധി ആളുകളുടെ ജീവിതം അദ്ദേഹം തൊട്ടറിഞ്ഞു.

ജീവിതം എന്ന യാഥാര്‍ഥ്യത്തില്‍ മരണത്തെ ഒപ്പം നിര്‍ത്തിക്കൊണ്ടായിരുന്നു അദ്ദേഹം അംഗീകരിച്ചത്. അനായാസേന മരണം എന്നദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ആഗ്രഹിച്ചതുപോലെ തന്നെ സംഭവിച്ചു. 2020 മേയ് 27-ന് രാമനാട്ടുകരയില്‍ പീരിയോഡിക്കല്‍ സെക്ഷന്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ മൂര്‍ധന്യമായതിനാല്‍ തിരികെ വേഗം തന്നെ വീട്ടിലെത്തി. വിശ്രമിക്കുമ്പോള്‍ അതുവരെ തനിക്ക് എല്ലാ സഹായങ്ങളും ചെയ്തുതന്ന എല്ലാ ജോലിക്കാരേയും കാണാനാവശ്യപ്പെട്ടു. എല്ലാവരോടും കൈകൂപ്പി നന്ദി പറഞ്ഞു. പിന്നെ എന്നെ വിളിപ്പിച്ചു. 'എടോ ഞാന്‍ പോവുകയാണ്. സന്തോഷത്തോടുകൂടിയാണ് പോകുന്നത്. എല്ലാവരും നല്ലതുപോലെ നോക്കി. നന്ദിയുണ്ട്. എല്ലാ അനുഗ്രഹവുമുണ്ടാവും എല്ലാവര്‍ക്കും.' അതും പറഞ്ഞ് അദ്ദേഹം കൈ കൂപ്പി.

പിറ്റേന്ന് ഓണ്‍ലൈനിലൂടെ പേരക്കുട്ടിയുടെ കുട്ടിയ്ക്ക് പേരിടല്‍ കര്‍മം നിര്‍വഹിച്ചു. അന്ന് എന്റെ വിവാഹ വാര്‍ഷികമായിരുന്നു. രാവിലെ എനിക്ക് എറണാകുളത്തേക്ക് പോകേണ്ടതുണ്ടായിരുന്നു. എന്റെ ഇളയമകള്‍ ഗായത്രിയോടും സഹോദരിയുടെ മകള്‍ നിധിയോടും വാര്‍ഷികം ആഘോഷിക്കണമെന്ന് അച്ഛന്‍ പറഞ്ഞു. കേക്ക് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. തയ്യാറേക്കേണ്ട വിഭവങ്ങളെപ്പറ്റിയും പറഞ്ഞു.

വൈകിട്ട് ഏഴരയായപ്പോള്‍ അച്ഛന്‍ പതിവായി ഇരിക്കുന്ന കസേരയില്‍ ഇരുന്നുകൊണ്ട് എന്റെ ഭാര്യ കവിതയോട് കുറച്ചു കഞ്ഞി കൊടുക്കാന്‍ ആവശ്യപ്പെട്ടു. കവിത അതനുസരിച്ച്, പിന്നെ അമ്മയോടും കഞ്ഞി തരാന്‍ ആവശ്യപ്പെട്ടു. പതുക്കെ പിറകോട്ടു ചാഞ്ഞു. അച്ഛന്‍ പറയുന്ന അനായാസേന മരണം അതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അര്‍ഥപൂര്‍ണമാണ്. അദ്ദേഹം അഭിപ്രായപ്പെട്ടതുപോലെ മരണം ജീവിക്കട്ടെ.

എം.പി. വീരേന്ദ്രകുമാറും കുടുംബവും (ഫയല്‍ഫോട്ടോ)

സോഷ്യലിസ്റ്റ് ആശയത്തിന്റെ കേരളത്തിലെ തലമുതിര്‍ന്ന നേതാവ്, യോജിപ്പുകളോടും വിയോജിപ്പുകളോടും അണുവിട വ്യതിചലിക്കാത്ത വ്യക്തിത്വം. പരിസ്ഥിതി പ്രവര്‍ത്തകന്‍, പ്ലാച്ചിമട സമരനേതാവ്, എഴുത്തുകാരന്‍, വാഗ്മി, ചിന്തകന്‍... ഒരു പിതാവ് പകര്‍ന്നു തരേണ്ടതായ എല്ലാ പാഠങ്ങളും വളരെ മുമ്പേ എഴുതിവെച്ച വ്യക്തിത്വം. ആ പാത പിന്തുടരുക എന്നത് അത്ര എളുപ്പമാണോ?

അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ഞാന്‍ ഡല്‍ഹിയിലായിരുന്നു. പാര്‍ലമെന്റ് നടക്കുന്ന സമയമാണ്. കോവിഡ് പിന്‍മാറാതെ നില്‍ക്കുന്ന സമയം. ഡല്‍ഹിയില്‍ അന്നുണ്ടായിരുന്ന കേരളാ എം.പിമാരെല്ലാം അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കാന്‍ ഒത്തുകൂടി. അന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു: ''എം.പി വീരേന്ദ്രകുമാറിന്റെ മകന്‍ എന്ന നിലയില്‍ ശ്രേയാംസ്‌കുമാര്‍ ഭാഗ്യവാനും അതേസമയം തന്നെ വലിയ ഉത്തരവാദിത്തമുള്ളയാളുമാണ്. വീരേന്ദ്രകുമാറിനെപ്പോലുള്ള ഒരാളുടെ മകനായി ജനിക്കുക എന്നത് വലിയ ഭാഗ്യമാണ്. അദ്ദേഹത്തെപ്പോലെ ആവുക എന്നത് വലിയ പ്രയാസകരവുമാണ്.''

അതിന് ഞാന്‍ നല്‍കിയ മറുപടി ഇതാണ്: 'അച്ഛന്‍ എന്നെ പഠിപ്പിച്ചത് ഞാനായി ജീവിക്കാനാണ്.' അതുതന്നെയാണ് ഇപ്പോഴും മറുപടി. വളരെ ചെറുപ്പം മുതലേ ഒരുപാട് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്, എല്ലാ മക്കള്‍ക്കും തുല്യമായി തന്നെ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യാന്ത്രികമായിട്ട് ഇനിയൊന്നും ചെയ്യേണ്ട ആവശ്യമില്ല. മാതൃഭൂമിയില്‍ ആദ്യമായി വരുമ്പോള്‍ ഞാന്‍ ആരായിരുന്നോ, ആ ആളല്ല ഇന്നത്തെ ഞാന്‍. അച്ഛന്റെ സോഷ്യലിസ്റ്റ് ചിന്താഗതിയും എന്റെ ബിസിനസ് താല്‍പര്യവും രണ്ടും രണ്ടായിരുന്നു അന്ന്. ഇന്നത് അച്ഛന്റെ വഴിയേ സ്വാഭാവികമായിട്ടും മാറിക്കൊണ്ടിരിക്കുന്നു. മാതൃഭൂമിയും ചിന്തിക്കുന്നുണ്ടാവും എങ്ങനെയായിരിക്കും മുന്നോട്ടുള്ള യാത്രയെന്ന്. പൂര്‍ണമായും അദ്ദേഹമാവാന്‍ എനിക്കാവില്ല. ഞാനതിന് മുതിരുകയുമില്ല.

വൈവിധ്യമാര്‍ന്നതും ആഴത്തിലുള്ളതുമായ അറിവുണ്ടായിരുന്നു അച്ഛന്. മരിക്കുംവരെ താന്‍ വായിച്ചതെല്ലാം അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഭദ്രമായിരുന്നു. എനിക്കങ്ങനെയാവാന്‍ കഴിഞ്ഞിട്ടില്ല. ആ പാത തികച്ചും വ്യത്യസ്തവും നമുക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത തരത്തില്‍ വളരെ ഉയരത്തിലുള്ളതുമാണ്. തന്റെ നിലപാടുകളെക്കുറിച്ച് വ്യക്തത അദ്ദേഹത്തിനുണ്ടായിരുന്നു. സോഷ്യലിസ്റ്റ് എന്ന നിലയില്‍ തന്റെ ആശയങ്ങള്‍ നടപ്പിലാക്കിയ വ്യക്തിത്വമാണ് അദ്ദേഹം. മാതൃഭൂമിയിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്ത് എല്ലാ മേഖലകളിലുമെന്ന പോലെ മാധ്യമരംഗത്തും സ്ഥിതികള്‍ രൂക്ഷമായപ്പോള്‍, ദേശീയ, അന്തര്‍ദേശീയ പത്രമാധ്യമങ്ങളെല്ലാം ജീവനക്കാരെ വെട്ടിക്കുറച്ചപ്പോള്‍, മാതൃഭൂമിയുടെ ജീവനക്കാരെ സംരക്ഷിച്ചു നിര്‍ത്താന്‍ ലഭിച്ച കരുത്ത് അച്ഛന്റെ ആശയങ്ങളില്‍നിന്ന് ലഭിച്ചതാണ്. മനുഷ്യരെയായിരുന്നു അദ്ദേഹം മുമ്പില്‍ നിര്‍ത്തിയിരുന്നത്. ലാഭത്തെക്കുറിച്ച് ഏറ്റവും അവസാനമേ ചിന്തിച്ചിരുന്നുള്ളൂ. ലാഭം വന്നുചേര്‍ന്നോളും, അതിനുവേണ്ടി ജീവിക്കരുത് എന്നായിരുന്നു പറയുക.

ചില നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. പക്ഷേ, നിലപാടുകള്‍ക്കായിരുന്നു മുന്‍തൂക്കം. പ്ലാച്ചിമട തന്നെ വലിയ ഉദാഹരണം. കോടിക്കണക്കിന് രൂപയുടെ പരസ്യം തരുന്നവരാണ് കോളക്കമ്പനി എന്നു ഞാന്‍ ആവര്‍ത്തിച്ചപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു; ''ശബ്ദമില്ലാത്ത നിശബ്ദമായി മാറിക്കഴിഞ്ഞെങ്കില്‍ പിന്നെന്തിനാണ് മാധ്യമം? ഒരു മയിലമ്മയ്ക്കുവേണ്ടി, അവിടത്തെ സാധാരണക്കാര്‍ക്കുവേണ്ടി പോരാടാന്‍ സാധിച്ചില്ലെങ്കില്‍, അതിജീവനത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടത്തില്‍ ഒപ്പം നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ മാധ്യമത്തിന്റെ ആവശ്യമില്ല. ലാഭവും നഷ്ടവും എന്റെ പ്രശ്‌നമല്ല, സാധാരണക്കാരായ ആദിവാസികളും അവരുടെ കുടിവെള്ളവും അതിജീവനവുമാണ് എന്റെ പ്രശ്‌നം.''

അടിയന്തരാവസ്ഥക്കാലത്ത് ഒരു പേപ്പറില്‍ മാപ്പെഴുതിക്കൊടുത്താല്‍ വെറുതെ വിടാം എന്ന് പലരും പല തവണ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹം തയ്യാറായില്ല. സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കാറും താമസസ്ഥലവും അദ്ദേഹത്തിന്റെതായിട്ടുള്ള എല്ലാ വസ്തുക്കളും കണ്ടുകെട്ടി. അമ്മയുടെ അച്ഛന്‍ മരിക്കുമ്പോള്‍ അദ്ദേഹം ജയിലിലാണ്. നിലപാട് ആയിരുന്നു അദ്ദേഹത്തെ നയിച്ചത്. അങ്ങനെയുള്ള വ്യക്തിത്വത്തിന്റെ മകന്‍ എന്ന നിലയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ സംരക്ഷിക്കുക, പിന്തുടരുക എന്ന കടമ എനിക്കുണ്ട്.

വനം- പരിസ്ഥിതി സംരക്ഷണം എന്നത് അദ്ദേഹത്തിന്റെ മറ്റൊരു ഉറച്ച നിലപാടായിരുന്നു. സംസ്ഥാന വനം മന്ത്രിയായി ചുമതലയേറ്റപ്പോള്‍ 'വനത്തിലെ മരം മുറിക്കരുത്' എന്നാണ് അദ്ദേഹം ഉത്തരവിട്ടത്. പക്ഷേ, പ്രചരിപ്പിക്കപ്പെട്ടത് മരം മുറിക്കരുത് എന്നായിരുന്നു. വനസമ്പത്തിനെ പ്രകൃതിയുടെ മൂലധനമായിട്ടായിരുന്നു അദ്ദേഹം കണ്ടിരുന്നത്. നാല്‍പത്തിയെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്റെ നിലപാടുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം രാജിവെച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് നാശം സംഭവിച്ച മരങ്ങളാണ് മുറിക്കുന്നത് എന്നായിരുന്നു. മുറിച്ച മരങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ മാറ്റാന്‍ പാടില്ല എന്നദ്ദേഹവും നിര്‍ദ്ദേശിച്ചു. വനസമ്പത്തിനെ വരുമാനമാര്‍ഗമായിട്ടല്ല, മറിച്ച് പ്രകൃതിധനമായിട്ടായിരുന്നു അദ്ദേഹം കണ്ടിരുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച ചുരുക്കം എം.എല്‍.എമാരില്‍ ഒരാളായിരുന്നു ഞാന്‍. അതെനിക്ക് അച്ഛന്‍ തന്ന വെളിച്ചമായിരുന്നു. ഞാനെന്റെ നിലപാട് പരസ്യമായിത്തന്നെയാണ് സ്വീകരിച്ചത്. ആ നിലപാടിന്റെ പേരില്‍ തോല്‍ക്കുകയാണെങ്കില്‍ അങ്ങനെയായിക്കോട്ടെ എന്നാണ് ഞാന്‍ കരുതിയത്. എന്റെ തോല്‍വിയില്‍ ആ നിലപാട് നല്ല പങ്കുവഹിക്കുകയും ചെയ്തു. പരിസ്ഥിതിലോല പ്രദേശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ജനപ്രതിനിധി എന്ന നിലയില്‍ എന്റെ കടമയാണ്. പോപ്പുലര്‍ പൊളിറ്റിക്‌സില്‍ എനിക്ക് വിശ്വാസവുമില്ല. അങ്ങനെയുള്ള നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ എനിക്ക് സാധ്യമായത് അദ്ദേഹത്തോടൊപ്പം ജീവിച്ചതുകൊണ്ട് മാത്രമാണ്.

മനുഷ്യരില്‍ വളരെയധികം വിശ്വാസവും പ്രതീക്ഷയും വെച്ചുപുലര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാര്‍. ആണ്‍-പെണ്‍ വ്യത്യാസമോ പ്രായമോ സോഷ്യല്‍ സ്റ്റാറ്റസോ അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങള്‍ക്ക് ഒരു തടസ്സവുമല്ലായിരുന്നു. ജനകീയന്‍ എന്ന പദം ആ പേരിനോട് ചേര്‍ന്നുനിന്നിരുന്നു. അതേസമയം തന്നെ തികഞ്ഞ ഒരു മാനേജ്‌മെന്റ് വിദഗ്ധന്‍ കൂടിയായിരുന്നു.

90% മൈന്‍ഡ്, 10% മാറ്റര്‍ എന്ന പോളിസിയായിരുന്നു അദ്ദേഹത്തെ ജനകീയനായ മാനേജ്‌മെന്റ് വിദഗ്ധനാക്കി മാറ്റിയത്. അതിന്റെ അടിസ്ഥാനം നോക്കിയാല്‍ സോഷ്യലിസം തന്നെയാണ്. സമരരംഗത്ത് അത്യന്തം ആവേശത്തോടെ പങ്കെടുക്കുകയും പ്രസംഗിക്കുകയും സമരത്തെ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്ന വ്യക്തിത്വം. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഇങ്ങനെയാവാന്‍ പാടുള്ളതാണോ എന്നത് അദ്ദേഹത്തിന്റെ വിഷയമേ അല്ലായിരുന്നു. ജനങ്ങളുണ്ടാവണം, പ്രശ്‌നങ്ങളുണ്ടാവരുത്. അതായിരുന്നു അദ്ദേഹത്തിന്റെ നയം.

വയനാട് നൂല്‍പ്പുഴ സമരത്തില്‍ പങ്കെടുക്കുമ്പോള്‍ അച്ഛന്റെ കുടുംബം ജന്മികളായിരുന്നു. അവര്‍ ആദ്യം തങ്ങളുടെ ഭൂമി ദാനം ചെയ്തു. കല്‍പറ്റ ടൗണ്‍ പാടേ വിട്ടുകൊടുത്തു. അഞ്ഞൂറ് ഏക്കറോളം ഭൂമി ജനങ്ങള്‍ക്ക് വിട്ടുകൊടുത്തു. എന്നിട്ടാണ് ജന്മിത്വത്തിനെതിരായി സമരം ചെയ്തത്. മുത്തച്ഛന്‍ അങ്ങനെ ചെയ്തത് അച്ഛനെയും സ്വാധീനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു ട്രേഡ് യൂണിയന്‍ നേതാവിന്റെ സന്ദേശം എനിക്കുവന്നു. എഴുപതുകളില്‍ നടന്ന ഒരു സംഭവമാണ് അയാള്‍ പറഞ്ഞത്. തൊഴില്‍ത്തര്‍ക്കത്തിന്റെ പേരില്‍ ഈ നേതാവിനെതിരെ കേസ് വന്നപ്പോള്‍ ആ കേസ് അച്ഛന്‍ ഏറ്റെടുത്ത് നടത്തി. എല്ലാ ചെലവുകളും അച്ഛന്‍ വഹിച്ചു. അത്തരം സംഭവങ്ങള്‍ പറഞ്ഞാല്‍ തീരാത്ത അത്രയുമുണ്ട്.

അദ്ദേഹം വളരെ ആസ്വദിച്ചിരുന്ന ഒരു പേരായിരുന്നു 'മിസ്റ്റര്‍ കുമാര്‍'. ഉഷ വീരേന്ദ്രകുമാര്‍ ചില അവസരങ്ങളില്‍ താക്കീതോടെ വിളിക്കുന്നത്. എം.പി. വീരേന്ദ്രകുമാര്‍ എന്ന മഹാമേരുവിന്റെ വളര്‍ച്ചയ്ക്ക് പോഷകമായി വര്‍ത്തിച്ച വ്യക്തിത്വമാണ് ഉഷ വീരേന്ദ്രകുമാര്‍. അച്ഛനെക്കുറിച്ചു പറയുമ്പോള്‍ അമ്മയെയും കൂടി പറയേണ്ടതുണ്ട്.

എം.പി. വീരേന്ദ്രകുമാറും ഭാര്യ ഉഷ വീരേന്ദ്രകുമാറും രണ്ട് കാലഘട്ടങ്ങളില്‍

അമ്മയ്ക്കല്ലാതെ മറ്റൊരു സ്ത്രീയ്ക്കും അച്ഛന്റെ ഭാര്യയായി ഇത്രയും കാലം കഴിയാന്‍ പറ്റുമായിരുന്നില്ല. അമ്മയെക്കുറിച്ച് വളരെ വേദനാജനകമായി അച്ഛന്‍ എഴുതിയിട്ടുണ്ട് 'ഒരു സ്വകാര്യ ദുഃഖം' എന്ന പേരില്‍. എന്റെ സഹോദരന്‍ വളരെ ചെറുപ്പത്തില്‍, ഒന്നാം വയസ്സില്‍, മരണമടഞ്ഞപ്പോള്‍ ചിതയുടെ ചൂടാറും മുമ്പേ അച്ഛന്‍ പൊതുതിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെട്ടുപോയി. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയെപ്പറ്റി കൂടുതല്‍ പറയേണ്ടതില്ലല്ലോ. ഭര്‍ത്താവിന്റെ സാമീപ്യവും ആശ്വാസപ്പെടുത്തലും അമ്മ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ, അച്ഛന് അതുകൊടുക്കാന്‍ കഴിഞ്ഞില്ല.

പതിറ്റാണ്ടുകള്‍ക്കു ശേഷം ഒരു യാത്രാവേളില്‍, സ്വിറ്റ്‌സര്‍ലാന്റിലെ ലോസോണ്‍ തടാകക്കരയില്‍, അച്ഛനും അമ്മയും ഇരിക്കുമ്പോള്‍ അതിപ്രസന്നമായ കാലാവസ്ഥയെ നോക്കിക്കൊണ്ട് വളരെ റൊമാന്റിക്കായി അച്ഛന്‍ സമീപിച്ചപ്പോഴാണ് അമ്മ അത്രയും കാലം മനസ്സില്‍ കൊണ്ടുനടന്നിരുന്ന താപത്തെ സ്വതന്ത്രമാക്കിയത്. കണ്ണീര്‍ത്തുള്ളികളേക്കാള്‍ അച്ഛനെ പൊള്ളിച്ചത് അമ്മയുടെ വാക്കുകളായിരുന്നു: 'നിങ്ങളെന്നില്‍ ഭാര്യയെ മാത്രമേ കണ്ടുള്ളൂ, അമ്മയെ കാണാന്‍ മറന്നു.'

ചുറ്റും കാണുന്ന പ്രകൃതിസൗന്ദര്യത്തിലോ നക്ഷത്രത്തിളക്കത്തിലോ തനിക്ക് സന്തോഷമില്ലെന്ന് അമ്മ പറഞ്ഞു. മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് ഒന്നിലും സന്തോഷം കാണാന്‍ കഴിയില്ല എന്നും പറഞ്ഞു. അന്ന് അമ്മ പറഞ്ഞ വാക്കുകള്‍ അച്ഛന്റെ ഹൃദയത്തില്‍ കൊണ്ടു. അദ്ദേഹം ദുഃഖത്തോടെ എഴുതിയത് ഇങ്ങനെയായിരുന്നു: 'അക്കാലത്ത് ഞാനൊരു രാഷ്ട്രീയമൃഗമായിരുന്നു.'

എം.പി. വീരേന്ദ്രകുമാര്‍ എന്ന വലിയ പേരിനു പിറകില്‍ അമ്മയുടെ പ്രയത്‌നം തെളിഞ്ഞുതന്നെ നില്‍ക്കുന്നുണ്ട്. അമ്മയും അച്ഛനും പരസ്പരം വഴക്കുണ്ടാക്കുന്നതോ പിണങ്ങുന്നതോ ഞങ്ങള്‍ മക്കള്‍ കണ്ടിട്ടില്ല. എന്നാല്‍, ഞങ്ങളുടെ പങ്കാളികളോട് ആ മാതൃക പിന്തുടരാന്‍ ഞങ്ങള്‍ക്ക് പറ്റിയിട്ടുമില്ല. അവര്‍ക്കിടയില്‍ എന്തു പ്രശ്‌നമുണ്ടായാലും അത് അവര്‍ തന്നെ തീര്‍ത്തിരിക്കും. ഞങ്ങള്‍ക്ക് മുമ്പിലേക്ക് അത് വലിച്ചിടുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അച്ഛന്‍ ഏതു സമയത്ത് വന്നാലും അമ്മ എഴുന്നേല്‍ക്കും. അമ്മയുടെ മിസ്റ്റര്‍ കുമാറിന് വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കും. വേറൊരു സ്ത്രീയായിരുന്നെങ്കില്‍ അച്ഛന് ഇത്രയും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ലായിരുന്നു. കുടുംബത്തിന്റെ ബാധ്യതകളില്‍ അച്ഛനെ അമ്മ ഒരിക്കലും തളച്ചിട്ടിരുന്നില്ല. ഏതു പാതിരാത്രിയില്‍ കയറി വന്നാലും, അതും മാസങ്ങള്‍ക്കു ശേഷമാണെങ്കിലും, അമ്മ തുറന്ന മനസ്സോടെ അച്ഛനെ സ്വീകരിക്കും. കുട്ടിക്കാലത്തൊന്നും അച്ഛനെ കണ്ട ഓര്‍മപോലും എനിക്കില്ല. മറ്റേതെങ്കിലും സ്ത്രീയായിരുന്നെങ്കില്‍ പരാതികളുടെ കെട്ടഴിച്ചുവിട്ട് അച്ഛന്‍ ശ്വാസംമുട്ടിപ്പോവുമായിരുന്നു. അമ്മ അവിടെയും പക്വതയോടെ പെരുമാറി.

അച്ഛന്‍ പെണ്ണുകണ്ടത് അമ്മയുടെ സഹോദരിയെ ആയിരുന്നു. അച്ഛന് പക്ഷേ ഇഷ്ടപ്പെട്ടത് അമ്മയെയും. ഉഷയെ ആണ് ഇഷ്ടം എന്ന് പറഞ്ഞ് അമ്മയെ സ്വന്തമാക്കിയതാണ് അച്ഛന്‍. സമരങ്ങളുടെയും ആദര്‍ശങ്ങളുടെയും രാഷ്ട്രീയത്തിന്റെയും തിരക്കുകളില്‍ അമ്മ പലപ്പോഴും ഏകാകിയായിരുന്നു. ഒരു കാലഘട്ടത്തില്‍ മുഴുവന്‍ സമയവും കൂടെ നില്‍ക്കാന്‍ പറ്റാത്തതിന്റെ പശ്ചാത്താപം അച്ഛന്‍ തീര്‍ത്തത് ജീവിതത്തിന്റെ മറ്റൊരു ഘട്ടമെത്തിയപ്പോള്‍ നിഴലുപോലെ അമ്മയ്‌ക്കൊപ്പം നിന്നുകൊണ്ടായിരുന്നു. ആ 'സ്വകാര്യ ദുഃഖം' തിരിച്ചറിഞ്ഞതില്‍ പിന്നീട് യാത്രയില്‍ എല്ലായ്‌പ്പോഴും അച്ഛന്റെയൊപ്പം അമ്മയുമുണ്ടായിരുന്നു. എപ്പോള്‍ നോക്കിയാലും അവര്‍ രണ്ടുപേരും സംസാരിക്കുകയോ, തമാശപറയുകയോ ആയിരിക്കും. അമ്മയെ ഡോക്ടറെ കാണിക്കുന്നതും അഡ്മിറ്റായാല്‍ കൂടെ നില്‍ക്കുന്നതും എല്ലാം അച്ഛനാണ്. അമ്മയുടെ ആവശ്യങ്ങളെല്ലാം അച്ഛനായിരുന്നു ജോലിക്കാരോട് പറയുക. അമ്മയ്ക്ക് പ്രമേഹമുണ്ട്. അച്ഛന്‍ മൂന്നു മണിക്ക് എഴുന്നേറ്റ് അമ്മയെ നോക്കുന്നവരെ വിളിച്ചുണര്‍ത്തും. ഷുഗര്‍ എത്രയുണ്ടെന്ന് ആദ്യം അച്ഛനറിയണം. മരിക്കുന്നതിനു തൊട്ടുമുമ്പത്തെ ദിവസംവരെ അച്ഛന്‍ ഇതെല്ലാം ചെയ്തു.

വീട്ടില്‍ ഒരു ഓളം സൃഷ്ടിക്കാന്‍ ഇടയ്ക്കിടെ രണ്ടു പേരും കൂടി ഭക്ഷണത്തെ ചൊല്ലിയും യാത്രകളെപ്പറ്റിയുമൊക്കെ പരസ്പരം വഴക്കുണ്ടാക്കും. നല്ല രസമാണ് അത് കണ്ടിരിക്കാന്‍. അവര്‍ രണ്ടുപേരും ഒരേപോലെ ആസ്വദിച്ചിരുന്ന വഴക്കുകളായിരുന്നു അതെല്ലാം. രണ്ടു പേരും നന്നായി തമാശ പറയും. എത്ര രസകരമായാണ് ദാമ്പത്യത്തിന്റെ അവസാനകാലങ്ങള്‍ അവര്‍ ആഘോഷിച്ചത്!

കഴിഞ്ഞ ഒരാഴ്ചയായി അമ്മ ആശുപത്രിയിലാണ്. അച്ഛന്‍ പോയിട്ട് രണ്ട് വര്‍ഷമായല്ലോ എന്ന ആധിയാണ് പ്രധാന കാരണം. ദിവസമടുക്കും തോറും അമ്മ കൂടുതല്‍ തളര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. അമ്മ ഇപ്പോഴും ആ വിയോഗം ഉള്‍ക്കൊണ്ടിട്ടില്ല. അച്ഛനേക്കാള്‍ മനക്കരുത്തുള്ളയാളാണ് അമ്മ. അപാരമായ സഹനശേഷി ഉള്ളയാളാണ്. അമ്മയുടെ മിസ്റ്റര്‍ കുമാര്‍ കൂടെയില്ല എന്ന ഏകാന്തത അനുഭവിക്കുന്നുണ്ടാവാം, പക്ഷേ, പ്രകടിപ്പിക്കാറില്ല. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും അമ്മ എന്നോട് പറഞ്ഞു:' എന്നെ ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നുണ്ട്, ചോദിക്കാനും പറയാനും ആരുമില്ല.' അച്ഛനായിരുന്നു എല്ലാം ചോദിക്കുകയും പറയുകയും ചെയ്തിരുന്നത്. അച്ഛന്‍ കൂടെയില്ലാത്തതിന്റെ വിഷമം അവിടെ കണ്ടു.

ആശുപത്രിയില്‍ കിടക്കുമ്പോഴും അമ്മയുടെ നര്‍മബോധം ഒട്ടും കുറഞ്ഞിട്ടില്ല. ഹും! വയ്യാത്ത നാല് കുട്ടികളെയും ഏല്‍പിച്ച് നിങ്ങളുടെ അച്ഛന്‍ അങ്ങ് പോയതു കണ്ടോ എന്നുംപറഞ്ഞാണ് ഞങ്ങളെ നോക്കിയത്. ഞങ്ങള്‍ക്ക് നാലുപേര്‍ക്കും ചെറിയ ഓരോ അസുഖങ്ങള്‍ ഉണ്ട്.

മാതൃഭൂമി നൂറാം വാര്‍ഷികത്തിന്റെ നിറവിലാണ്. ആ ചരിത്രനിമിഷം അനുഭവിക്കാന്‍ താനുണ്ടാവില്ല എന്ന് ആദ്യമേ അദ്ദേഹം പറഞ്ഞുവെച്ചു. എന്നാല്‍, അദ്ദേഹം കൂടുതല്‍ ആഗ്രഹിച്ചതും ആ ചരിത്രനിമിഷത്തില്‍ പങ്കാളിയാവുക എന്നതായിരുന്നു...

അദ്ദേഹത്തിന്റെ ഓര്‍മകള്‍ മാതൃഭൂമിയില്‍ എക്കാലവും നിറഞ്ഞുനില്‍ക്കും. അതുപോരെ? അദ്ദേഹത്തിന്റെ അദൃശ്യമായ സാന്നിധ്യം മാതൃഭൂമിയില്‍ അനുഭവപ്പെടാത്തവര്‍ കുറവായിരിക്കും. ഓരോ ജീവനക്കാരിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ട്. നൂറാം വര്‍ഷം ഞാന്‍ ഉണ്ടാവില്ല എന്ന് അദ്ദേഹം ഒരു പ്രവചനം പോലെ പറഞ്ഞപ്പോള്‍ മാതൃഭൂമിയുടെ നവതി ആഘോഷിച്ചു. താനുണ്ടാവില്ല എന്ന് അദ്ദേഹം പറയുമ്പോഴും ഞങ്ങളൊക്കെ പ്രതീക്ഷിച്ചതും വിശ്വസിച്ചതും അദ്ദേഹം ഉണ്ടാവും എന്നുതന്നെയായിരുന്നു. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മെയ് ഇരുപത്തിയെട്ടിനാണ് മാതൃഭൂമിയുടെ പ്രഥമ ബോര്‍ഡ് മീറ്റിങ് നടന്നത്. തൊണ്ണൂറ്റിയെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള മെയ് ഇരുപത്തിയെട്ടിനാണ് അദ്ദേഹം മരിക്കുന്നത്. ജന്മം കൊണ്ടും കര്‍മം കൊണ്ടും സുകൃതം കൊണ്ടും മാതൃഭൂമിയുമായി അത്രമേല്‍ അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. നാല് ദശാബ്ദക്കാലം അദ്ദേഹം മാതൃഭൂമിയെ നയിച്ചു. അദ്ദേഹം വരുമ്പോള്‍ മാതൃഭൂമി ലോക്ഡൗണിലായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യത്തിലാണ് കരകയറുന്നത്. അച്ചടി മേഖലയില്‍ സാധ്യമാവുന്ന ആധുനികതയെല്ലാം അദ്ദേഹം നടപ്പാക്കി. കലുഷിതമായിരുന്നു സ്ഥാപനത്തിനകത്തെ അവസ്ഥ. അവിടെ സമാധാനം സൃഷ്ടിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. എങ്കില്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ എന്നദ്ദേഹത്തിന് അറിയാമായിരുന്നു.

എം.ബി.എയ്ക്ക് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കൊടുത്തത്. 90% മൈന്‍ഡ്, 10% മാറ്റര്‍ എന്നത് ഞാന്‍ അദ്ദേഹത്തില്‍നിന്നു വളരെയധികം ആവര്‍ത്തിച്ചു കേട്ടിട്ടുള്ള ഒന്നാണ്. വളരെ ചെറിയ ഒരു കാര്യമായിരിക്കാം, പക്ഷേ, അത് സാധിച്ചുകൊടുക്കുമ്പോള്‍ ജോലിക്കാര്‍ക്ക് ലഭിക്കുന്ന സംതൃപ്തിയെക്കുറിച്ച് അദ്ദേഹത്തിനറിയാമായിരുന്നു. മാതൃഭൂമിയെ ഈ നിലയില്‍ എത്തിച്ചതിലുള്ള അദ്ദേഹത്തിന്റെ പങ്ക് ചരിത്രത്തിന് മറക്കാന്‍ പറ്റില്ല. 2020 ജൂണ്‍ പതിനഞ്ചിന് മാതൃഭൂമിയെ ഏറ്റെടുക്കുമ്പോള്‍ ഞാന്‍ പറഞ്ഞത് ഇതാണ്: 'എന്റെ അച്ഛന്‍ മാതൃഭൂമി ഏറ്റെടുക്കുമ്പോള്‍ മാതൃഭൂമിയില്‍ ലോക്ഡൗണ്‍ ആയിരുന്നു. ഇന്ന് ഞാന്‍ മാതൃഭൂമി ഏറ്റെടുക്കുമ്പോള്‍ ലോകം മൊത്തം ലോക്ഡൗണിലാണ്.' ഭൗതികമായ അഭാവം ഇവിടെയുണ്ടെങ്കിലും അദ്ദേഹത്തിന്റെ മനസ്സും യശ്ശസും മാതൃഭൂമിയില്‍ എക്കാലവും ഉണ്ടാവും.

Content Highlights: M.V Shreyams kumar, M.P Veerendra kumar, Mathrubhumidotcom


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented