എം.ടി വാസുദേവൻ നായർ/ ഫോട്ടോ: മധുരാജ്
ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട കാലത്താണ് ആയുസ്സ് എം.ടിക്ക് രണ്ടാമതൊരു ഊഴം കൂടി നല്‍കുന്നത്. നീണ്ട ആശുപത്രിവാസം കഴിഞ്ഞു വിശ്രമത്തിലിരിക്കുമ്പോള്‍ ഇനി എഴുതാന്‍ പോകുന്നത് എന്തായിരിക്കണം എന്നുള്ളതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം മനസ്സില്‍ വരച്ചുകൊണ്ടേയിരുന്നു എം.ടി. ഒന്നര ദശാബ്ദക്കാലത്തെ അന്വേഷണങ്ങളും വായനകളും ചര്‍ച്ചകളും അക്ഷരങ്ങളായി മാറി. ഭാരതത്തിലെ മഹാകുടുംബത്തിന്റെ ഐതിഹാസിക കഥ മലയാളത്തില്‍ പുനര്‍ഭാവനം ചെയ്യപ്പെട്ടു; രണ്ടാമൂഴം എന്ന നോവലിലൂടെ. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അസാമീസ് വിവര്‍ത്തനം ഉള്‍പ്പെടെ ഒട്ടേറെ വിവര്‍ത്തനങ്ങള്‍, പഠനങ്ങള്‍, നിരൂപണങ്ങള്‍... മുപ്പത്തിയെട്ട് സംവത്സരങ്ങളായി ആ ആഘോഷം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. രണ്ടാമൂഴം എന്ന മാസ്റ്റര്‍പീസിന് പിറകിലേക്ക് പോയാല്‍...
മഹാഭാരതത്തിലെ ചില മാനുഷിക പ്രതിസന്ധികളാണ് എന്റെ പ്രമേയം. ആ വഴിക്ക് ചിന്തിക്കാന്‍ അര്‍ത്ഥഗര്‍ഭമായ നിശബ്ദതകള്‍ വ്യാസന് കഥ പറയുമ്പോള്‍ കരുതിവെച്ചിട്ടുണ്ട്. ആ നിശബ്ദതയിലൂടെ സഞ്ചരിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. മഹാഭാരതത്തിലൂടെ, കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ എല്ലാവരും തെറ്റു ചെയ്തിട്ടുണ്ടെന്നു മനസ്സിലായി. നന്മ ചെയ്തവരും തെറ്റ് ചെയ്തിട്ടുണ്ട്. അപ്പോള്‍ ആര് ശരി, ആര് തെറ്റ് എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും? അവസാനം ധർമ്മപുത്രര്‍ പറയുന്നത് നമ്മള് ഇതൊക്കെ വിട്ടിട്ട് പോവുകയാണ് എന്നാണ്. അദ്ദേഹത്തിന് മതിയായി. എല്ലാവരിലും വലിയ വില്ലാളിയാവണം എന്നാഗ്രഹിച്ചയാളാണ് അര്ജുനന്. അര്‍ജുനനെ തോല്പിക്കാന് ആരുമില്ലെന്ന് ഗുരുനാഥനടക്കം പറഞ്ഞതാണ്. പക്ഷേ, എല്ലാവരിലും തെറ്റുകളുണ്ട്, കുറ്റങ്ങളുണ്ട്. അതെല്ലാം വെച്ചുകൊണ്ട് ഇന്നതാണ് പെര്‍ഫെക്ട് എന്ന് നമുക്ക് പറയാന്‍ കഴിയില്ല. ഇതാണ് ഭാരതത്തില്‍ സംഭവിച്ചതെന്ന് എങ്ങനെയാണ് ഉറപ്പിച്ചു പറയാന്‍ പറ്റുക? വലിയ യുദ്ധങ്ങളില്‍ പങ്കെടുത്ത അഭിമന്യുവിനെപ്പോലെയുള്ളവര് അവസാനം കൊല്ലപ്പെടുകയാണ് ചെയ്യുന്നത്. ഇന്‍വിന്‍സിബിള്‍; തോല്പിക്കാന് കഴിയാത്തവര്‍ എന്നു പറയുന്നവരായി ആരുമില്ല. മഹാഭാരതം എടുത്തുനോക്കിയാല്‍ ഇവര്‍ക്കൊക്കെയും പിഴവുകള്‍ സംഭവിച്ചിരുന്നു. കര്ണന് പറ്റിയിട്ടുണ്ട്. കര്ണന് അജയ്യനാണ്, എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. പക്ഷേ, കര്ണന് രണ്ടോ മൂന്നോ തവണ യുദ്ധക്കളത്തില്‍ തോറ്റ് ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയാതെ നിന്നിട്ടുണ്ട്. അമ്പുകളേറ്റ് ആയുധങ്ങളുടെ മുമ്പില്‍നിന്നു പിന്‍വാങ്ങിയിട്ടുണ്ട് കര്ണന്.
നകുലസഹദേവന്മാര്- സുമുഖരും അതിസുന്ദരന്മാരുമായിരുന്നു രണ്ടു പേരും. കുതിരകളെ മെരുക്കുന്നതില്‍ അസാമാന്യമായ പാണ്ഡിത്യമുണ്ടായിരുന്നു നകുലന്. അത് നകുലന്റെ പ്ലസ് പോയിന്റായിരുന്നു. ദ്രൗപദിക്കും തെറ്റുകള്‍ വന്നില്ലേ? അതുകൊണ്ടാണ് മാനുഷികകഥ എന്നുള്ള നിലയ്ക്ക് മഹാഭാരതത്തെ കാണുന്നത്. നല്ല കാര്യങ്ങള്‍ ചെയ്ത കൃഷ്ണനും ചില വീഴ്ചകള്‍ സംഭവിച്ചു. എല്ലാവര്ക്കും നന്മയുമുണ്ട്; കഴിവുമുണ്ടായിരുന്നു. ദ്രൗപദിയെ പണയംവെച്ച് ചൂതാട്ടം നടന്നു. അതെല്ലാം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ യുധിഷ്ഠിരനോട് കൃഷ്ണന് ചോദിക്കുകയാണ്: 'താനെന്തൊരു മണ്ടനാണ്, ഇങ്ങനെ ആരെങ്കിലും ചെയ്യുമോ? അവനവന്റെ ഭാര്യയെ പണയം വെച്ചിട്ട് ആരെങ്കിലും കളിക്കുമോ? ഞാനുണ്ടായിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നു.' അന്ന് യാദവന്മാരുടെ വേറൊരു യുദ്ധം നടക്കുന്നുണ്ടായിരുന്നു. അതിലായിരുന്നു കൃഷ്ണന്. യുദ്ധം കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് നടന്ന സംഭവങ്ങളെല്ലാം അറിയുന്നത്.
ഈ കഥാപാത്രങ്ങളെയൊക്കെയും എനിക്ക് പഠിക്കേണ്ടതായി വന്നു. യുദ്ധത്തിന്റെ രീതി പഠിക്കേണ്ടിയിരുന്നു. എങ്ങനെയാണ് യുദ്ധം ചെയ്യുക എന്നത് അറിഞ്ഞിരിക്കണം. ഈയാളുകളൊക്കെയും വീരന്മാരാണ്. ഗുരുനാഥന്മാരുമാണ്. എനിക്കു വേണ്ടതായ മെറ്റീരിയലുകളെല്ലാം മഹാഭാരതത്തില്‍നിന്നു ശേഖരിച്ചു. പതിനാല് വര്‍ഷം കൊണ്ടാണ് ആ ശേഖരണം പൂര്‍ത്തിയായത്. എഴുത്തിനു മാത്രമായി രണ്ടു വര്‍ഷമെടുത്തു.
'രണ്ടാമൂഴം' എന്റെ ഒരു പ്രധാനപ്പെട്ട വര്‍ക്കാണ്. കാരണം അതിനുവേണ്ടി മാത്രം കുറേയധികം ബുദ്ധിമുട്ടിയിട്ടുണ്ട്. അത്രയധികം വായിച്ചിട്ടുണ്ട്. അതെല്ലാം കൂടി എന്നില്‍ കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കി, ഞാന്‍ ചെയ്യാന്‍ പോകുന്നത് ശരിയാണ് എന്ന ബോധ്യമുളവാക്കി. അത് തെറ്റാണ്, അങ്ങനെ പറയാന്‍ പാടില്ല എന്നൊക്കെ ചിലര്‍ക്ക് പറയാം. അത് ഓരോരുത്തരും വ്യാഖ്യാനിക്കുന്നതിന് അനുസരിച്ചാണ്. എഴുപത്തിയേഴില്‍ കുറേക്കാലം ഞാന്‍ അസുഖബാധിതനായി കിടന്നിരുന്നു. അന്ന് മരണത്തെ മുന്നില്‍ കണ്ട് തിരിച്ചുവന്നു. പിന്നെയുള്ള നാളുകളില്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഇനി എഴുതേണ്ടതായിട്ടുള്ള ഒരു നോവലിനെക്കുറിച്ചായി വായനയത്രയും. അന്യഭാഷകളില്‍നിന്നുള്ള ധാരാളം പുസ്തകങ്ങള്‍ കണ്ടെത്തി, എന്റെ ഉറ്റവരായവര് തന്നു. മഹാഭാരതത്തിലെ മാനുഷിക പ്രതിസന്ധികളിലൂടെ നിശബ്ദമായി കുറേക്കാലം ഞാന്‍ യാത്ര നടത്തി.
പതിനെട്ട് പര്വങ്ങളുള്ള മഹാഭാരതം എട്ട് അടരുകളാക്കി തിരിച്ചുകൊണ്ടാണ് 'രണ്ടാമൂഴം' സൃഷ്ടിച്ചിരിക്കുന്നത്. സംഭവങ്ങളെയും കഥാപാത്രങ്ങളെയും ഒഴിവാക്കുക എത്രത്തോളം ഫലവത്തായിരുന്നു?
ഞാനതിനെ പലയിടത്തും കംപ്രസ് ചെയ്തിട്ടുണ്ട്. അല്ലാതെ പറ്റില്ലായിരുന്നു. എനിക്കൊരു കഥ പറയലായിരുന്നില്ല ആവശ്യം. എന്റെ ആവശ്യം ആ കാലത്തെ ഒരു ജീവിതത്തിന്റെ ചിത്രം പിടികിട്ടുക എന്നുള്ളതായിരുന്നു. അവരില്‍ പലരും യുദ്ധം ചെയ്യുന്നുണ്ട്, മരിക്കുന്നുണ്ട്. അതൊന്നും പുതുമയുള്ളതല്ല. അപ്രതീക്ഷിതമായിട്ടുള്ള സംഭവങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവും. ആര്‍ക്കും വേണ്ടാത്ത സ്ഥലത്ത് യുദ്ധം കാണാന്‍ പോയവരെ 'കുട്ടികള്‍ പോവട്ടെ' എന്ന ലാഘവത്തോടെ കാരണവന്മാര് അയക്കുന്നുണ്ട്. ഈ കാരണവന്മാരുടെ അപ്പുറത്ത് കുഴിയെല്ലാം കുത്തി അവരെ കൊല്ലാന്‍ മറ്റൊരു വിഭാഗം തയ്യാറായി നില്‍ക്കുന്നുണ്ട്. മഹാഭാരതം വായിക്കുമ്പോള്‍ അതെല്ലാം നമ്മുടെ കണ്മുന്നില് തെളിഞ്ഞുകാണും. പക്ഷേ, രചനയില്‍ എനിക്കതൊന്നും ആവശ്യമില്ലാത്തതാണ്.
വ്യാസന് പലതും മറച്ചുവെച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇന്നയിന്നത് പറഞ്ഞില്ല എന്ന് ഭാരതം വായിക്കുമ്പോള്‍ നമുക്കുതന്നെ വിഷമം തോന്നും. അതെല്ലാം എടുത്ത് പുതിയൊരു ടെക്സ്റ്റ് ഉണ്ടാക്കാനുള്ള ധൈര്യവുമില്ല. വ്യാസന്റെ ടെക്സ്റ്റ് മാറ്റുക എന്നുപറഞ്ഞാല്‍ നമുക്ക് പറ്റുന്നതാണോ? നമ്മളെക്കൊണ്ട് കഴിയുന്നത് ചെയ്യുക എന്നതാണ് അടുത്ത വഴി. ഇവരൊക്കെയും ദഃ:ഖിക്കുന്നു എന്നുള്ളതായിരുന്നു മഹാഭാരതം വായിച്ചപ്പോള്‍ എന്നെ സ്പര്‍ശിച്ചത്.
വ്യാസനെ നമുക്ക് കുറ്റം പറയാന്‍ കഴിയില്ല. ചില നിശബ്ദതകള്‍ മറച്ചുവെക്കേണ്ടിവരും. പില്ക്കാലത്ത് വന്ന വലിയ വലിയ എഴുത്തുകള്‍ക്കെല്ലാം അത്തരം മറച്ചുവെക്കലുകള്‍ ഉണ്ടായിട്ടുണ്ട്. ടോള്‍സ്റ്റോയി ചെയ്തിട്ടുണ്ട്. വ്യാസന് എഴുതിയ ഭാരതത്തില്‍നിന്നു ഞാനങ്ങനെ വലിയ സ്വാതന്ത്ര്യമൊന്നും എടുത്തിട്ടില്ല. വ്യാസന് എന്തുകൊണ്ട് വിട്ടുകളഞ്ഞു എന്നത് പരിശോധിക്കണം എന്നെല്ലാം നമുക്ക് തോന്നും. ചില സന്ദര്‍ഭങ്ങളില്‍ എനിക്ക് തോന്നിയിട്ടുണ്ട്. അല്ലാതെ കൃതിയെ പരിഷ്കരിക്കാനോ പുതിയ ടെക്സ്റ്റ് ഉണ്ടാക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിച്ചത് വ്യാസന്റെ കൃതിയില്ത്തന്നെയാണ്. അദ്ദേഹം മിണ്ടാതെയിരുന്ന ഇടങ്ങളിലെല്ലാം ഞാനും മിണ്ടാതെ ഇരുന്നിട്ടുണ്ട്. അല്ലാതെ അത്ഭുതകരമായ മാറ്റങ്ങളൊന്നും തന്നെ ഞാന്‍ ചെയ്തിട്ടില്ല.
.jpg?$p=a3c1fa2&&q=0.8)
'കടലിന് കറുത്ത നിറമായിരുന്നു... ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴുങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്തപോലെ തിരകള്‍ തീരത്ത് തലതല്ലിക്കൊണ്ടലറി.' ഇതിഹാസകഥയുടെ പുനര്ഭാവനമായ 'രണ്ടാമൂഴം' തുടങ്ങുന്നതിങ്ങനെയാണ്.
ഏതൊരു കൃതിക്കും തുടക്കം പ്രധാനമാണ്. ചിലയിടങ്ങളില്‍നിന്ന് നോക്കുമ്പോള്‍ കടലിന് നീലയല്ല, നിറം കറുപ്പാണ് കാണുക. ഞാനും കടലിന്റെ വക്കത്തുകൂടി ഒരുപാട് നടന്നതല്ലേ. ഞാന്‍ കണ്ട കടലിന്റെ കറുത്ത നിറം എന്റെ മനസ്സിലുണ്ടായിരുന്നു. രണ്ടാമൂഴം കടലിന്റെ കറുത്ത നിറത്തില്‍നിന്ന് ആരംഭിച്ചു.
എം.ടി. മുമ്പ് പറഞ്ഞിട്ടുണ്ട്. 'മാതാവേ' എന്നെഴുതാതെ 'അമ്മേ' എന്നെഴുതാന്‍ കഴിയേണമേ' എന്ന്. ഒരര്‍ഥത്തില്‍ ഭാഷയോടുള്ള അപേക്ഷ കൂടിയാണത്. ഉണ്ണി, വല്യച്ചന്, അമ്മ തുടങ്ങി മലയാളി നിത്യജീവിതത്തില്‍ പരിചിതമായ വാക്കുകള്‍ ഉപയോഗിക്കുകയും അതേസമയം, മറ്റു കൃതികളില്‍നിന്നും തികച്ചു വ്യത്യസ്തവുമായ ഒരു ഭാഷ 'രണ്ടാമൂഴം' സൂക്ഷിക്കുന്നുമുണ്ട്.
ഭാഷയില്‍ മാറ്റമുണ്ട്. അത് ഞാന്‍ സമ്മതിക്കുന്നു. അതിനു കാരണം അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഉള്ളത് എന്നതുതന്നെയാണ്. ആ കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോള്‍ വേറിട്ടൊരു രീതിതന്നെയുണ്ടാകും എന്നുറപ്പാണ്. 'രണ്ടാമൂഴ'ത്തിനു വേണ്ടി ഒരു പുതിയ ഭാഷ ഉണ്ടാക്കണം എന്നാഗ്രഹമുണ്ടായിരുന്നു. ഏകദേശം അത് സാധിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. സംസ്കൃതസ്വാധീനത്തില്നിന്നു മാറിനില്ക്കാന് നേരത്തേ തീരുമാനിച്ചിരുന്നു. എന്റെ മറ്റു പുസ്തകങ്ങളിലെ ഭാഷയില്‍നിന്നു വിട്ടുനിന്നുകൊണ്ടുള്ള ഭാഷയാണ് ഞാനിതില്‍ ഉപയോഗിച്ചത്. അതാണ് ശരി എന്നെനിക്ക് തോന്നി. ഭാഷാപരമായ അന്വേഷണങ്ങള്‍ നിരവധി നടത്തി. പതിനാല് വര്‍ഷം മനസ്സിലിട്ട്, അന്വേഷിച്ച്, വായിച്ച്, ചോദിച്ചറിഞ്ഞ് കൊണ്ടുനടന്നതാണ് ഇതിന്റെ പ്രമേയം. അതിലൊക്കെയും ഭാഷ വേറിട്ടുനില്‍ക്കുന്നതായി തോന്നി. ഭാഷ അങ്ങനെ പെട്ടെന്ന് ഉണ്ടാവുന്നതല്ലല്ലോ. ഞാന്‍ കടന്നുപോയ പുസ്തകങ്ങള്‍ പരിശോധിച്ചപ്പോള്‍ എഴുതിയവരൊക്കെയും പ്രത്യേകം പ്രത്യേകം ഭാഷകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധിച്ചു. ഞാന്‍ ഉപയോഗിച്ച ഭാഷ ശരിയാണോ എന്നെനിക്കറിയില്ല. ആ കാലവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും നോക്കി. വിശേഷപ്പെട്ടതും വളരെ അപൂര്വമായിട്ടുള്ളതുമായ പുസ്തകങ്ങള്‍ പരിശോധിക്കാനും വായിക്കാനും സാധിച്ചു. പല യൂണിവേഴ്സിറ്റികളിലും പോയി. അതില്‍നിന്ന് എനിക്ക് വേണ്ടതെല്ലാം കുറിച്ചെടുത്തു. ഭാഷയില്‍ കൃത്യത വരുത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
കഥാപാത്രങ്ങള്‍ക്കനുസരിച്ച് ഭാഷ ക്രമീകരിക്കുക എന്നത് എല്ലാവരും ചെയ്യുന്ന ഒന്നാണ്. ദസ്തയേവ്സ്കി അങ്ങനെ ചെയ്തിട്ടുണ്ട്. ദസ്തയേവ്സ്കിയുടെ മുഴുവന്‍ കൃതികളുടെയും പുതിയ തര്‍ജമ ഈയടുത്ത കാലത്ത് വന്നു. സമൂഹത്തിലെ ഓരോ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും ഓരോ പ്രത്യേക ഭാഷയുണ്ട്. അതിനനുസരിച്ചായിരിക്കണം കൃതി എന്ന തത്വത്തിലൂന്നിക്കൊണ്ടാണ് പുതിയ വിവര്‍ത്തനങ്ങള്‍ വന്നത്. ഓരോ വിഭാഗത്തിനും അവരുടെ ഭാഷയുണ്ട്. ആ ഭാഷയോട് ചേര്‍ന്നുകൊണ്ടായിരിക്കണം കൃതികളിലെ കഥാപാത്രങ്ങള്‍ എന്ന് ദസ്തയേവ്സ്കി പറഞ്ഞിട്ടുണ്ട്.
പാണ്ഡവരില്‍ രണ്ടാമന് എന്നതിനേക്കാള്‍ ദ്രൗപദിയുടെ രണ്ടാമൂഴക്കാരന് എന്നൊരു വ്യാഖ്യാനം കൂടി ഭീമന് എം.ടി. നല്‍കുന്നുണ്ട്. ദ്രൗപദിയും ഭീമനും തമ്മിലുള്ള രതിവേഴ്ചയ്ക്കിടെ അവള് ഭീമനോട് ആവശ്യപ്പെടുന്നത് കീചകവധം വിവരിക്കാനാണ്. രതിയും വധവും ഒരേസമയം ആസ്വദിക്കുന്ന ദ്രൗപദി. ആനന്ദകരമായ വേഴ്ചയ്ക്കിടെ ഭീകരമായൊരു വധം കേള്‍ക്കാന്‍, ആവര്‍ത്തിച്ചു കേള്‍ക്കാന്‍ കൊതിയുള്ളവളായിട്ടാണ് ദ്രൗപദിയെ ചിത്രീകരിച്ചിരിക്കുന്നത്.
മഹാഭാരതം അങ്ങനെയാണ് ദ്രൗപദിയെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷേ, അവരങ്ങനെയായിരിക്കാം. എനിക്ക് ഭാരതത്തില്‍ നിന്നുതന്നെയാണ് ഇതും ലഭിച്ചത്. ഞാന്‍ കൂട്ടിച്ചേര്‍ത്തതല്ല. മനുഷ്യരുടെ ചോദനകള്ക്കനുസരണമായൊരു ഭാഷയോടെ ആ സന്ദര്‍ഭം ഞാന്‍ അവതരിപ്പിച്ചു എന്നുമാത്രം. വലിയ വലിയ യുദ്ധങ്ങള്‍ കണ്ടു രസിക്കുന്നത് ദ്രൗപദിയുടെ ഒരു ഇഷ്ടമായിരുന്നു എന്നാണെന്റെ തോന്നല്‍. പല സന്ദര്‍ഭങ്ങളിലും അതുപറയൂ, ഇതുപറയൂ എന്നുപറഞ്ഞ് യുദ്ധത്തിന്റെ വര്‍ണനകളില്‍ അവര്‍ ആവേശഭരിതയാവുന്നുണ്ട്. അത് വേണ്ടിയിരുന്നോ എന്നത് വേറെ ചോദ്യം.

ദ്രൗപദിയുടെ ജീവിതത്തിലൂടെ വ്യാസന് സ്ത്രീവിരുദ്ധതയെ പരാമര്‍ശിച്ചതായി എനിക്കു തോന്നിയിട്ടില്ല. പണ്ട് ആരോ കുറിച്ചുവെച്ച ഒരു കഥ ഫോളോ ചെയ്യുന്നതുപോലെയുമാണ് ദ്രൗപദിയുടെ പെരുമാറ്റം നമുക്ക് മഹാഭാരതത്തിലും കാണാന്‍ കഴിയുക. മക്കള്‍ മരിച്ചതില്‍ ദുഃഖമില്ല. നേരെ മറിച്ച് ഗാന്ധാരിയൊക്കെ ആദ്യംതന്നെ മണ്മറഞ്ഞുപോയ മക്കള്‍ക്കുവേണ്ടി കര്‍മങ്ങള്‍ ചെയ്തുകൊണ്ട് ആ നഷ്ടം ഓര്‍മിക്കുന്നുണ്ട്. ദ്രൗപദിയുടെ കാര്യത്തില്‍ അതൊന്നും തന്നെ കാണുന്നില്ല.
ദ്രൗപദിയുടെ സങ്കടം മഹാഭാരതം കാണിക്കുന്നില്ല. മക്കളെയൊക്കെ അശ്വത്ഥാമാവാണ് രാത്രിയില്‍ച്ചെന്ന് കൊല്ലുന്നത്. ആര്‍ക്കു വേണ്ടിയാണ് മരിച്ചത്, ആര്‍ക്കു വേണ്ടിയാണ് കൊന്നത് എന്നത് ഒരു പ്രശ്നമായിത്തന്നെ നില്ക്കുന്നു. എല്ലാവരും അങ്ങനെ പലരെയും കൊന്നിട്ടുള്ളവരാണ്.
സ്വന്തം സഹോദരന് കൊല്ലപ്പെട്ടിട്ടും ശിഖണ്ഡിക്ക് എന്ത് ദുഃഖമുണ്ടായി? അത്ര വലിയ ദുഃഖമൊന്നും ഉണ്ടായതായി മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നില്ല.
ഇതിഹാസത്തെ പുനര്‍ഭാവന ചെയ്യാന്‍ ഘടോല്ക്കചന് ഒരു കാരണമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പാണ്ഡവരുടെ മറ്റു മക്കളോടില്ലാത്ത ഒരു വാത്സല്യം എം.ടിക്ക് ഘടോല്‍ക്കചനോട് ഉണ്ടായിരുന്നല്ലോ?
ഘടോല്ക്കചന് കാട്ടില്‍നിന്നു വരുന്നയാളാണ്. കുരുക്ഷേത്ര യുദ്ധത്തില്‍ മുന്നിന്ന് പ്രവര്‍ത്തിച്ചതാണ്. കുന്തിയടക്കമുള്ള ആളുകളെ ഗുഹയില്നിന്നെല്ലാം രക്ഷപ്പെടുത്തുന്നത് ഘടോല്‍ക്കചനാണ്. യുദ്ധത്തിനായി എല്ലാവരും അണിനിരന്ന ആ രാത്രിയിലാണ് ഘടോല്‍ക്കചന്റെ പട്ടാളക്കാര്‍ പാണ്ഡവപക്ഷത്തെ സഹായിക്കാനായി വരുന്നത്. അയാള്‍ പറയുന്നത് ഒന്നും വിഷമിക്കുകയേ വേണ്ട എന്നാണ്. അവരുടെ ഭക്ഷണവും എല്ലാം കരുതിയിട്ടാണ് വരുന്നത്. എല്ലാറ്റിനും തയ്യാറായിട്ട് വരികയാണ് ഘടോല്‍ക്കചനും കൂട്ടരും. ഭീമന് ഹിഡുംബിയിലുണ്ടായ മകന്, അച്ഛന്റെ ലാളനകളോ പരിചരണമോ ഇല്ലാതെ അമ്മ വളര്‍ത്തി വലുതാക്കിയ മകന്. എനിക്കൊരു വിഷമം വന്നത് ഇത്രയും വലിയ യോദ്ധാവായിരുന്ന ഘടോല്ക്കചന് നേരായ ഒരു ചിതയൊരുക്കാന്‍ ആരും തയ്യാറായില്ല എന്നതാണ്. ഘടോല്ക്കചനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. എനിക്ക് വിഷമം തോന്നിയിട്ടുണ്ട് എന്നത് ഞാനെഴുതിയതില്‍ കാണാം. ഘടോല്‍ക്കചന്റെ ഭാഗത്തായിരുന്നു ഞാന്‍ എന്നുള്ളത് എന്റെ നോവലില്‍ പ്രകടമാണ്. ഇവരെയൊക്കെ രക്ഷപ്പെടുത്തിയതും ആകാശത്തും ഭൂമിയിലും ഒരേസമയം യുദ്ധം ചെയ്ത് എതിരാളികളെ തോല്‍പ്പിച്ചതും ഘടോല്ക്കചനായിരുന്നു. അയാള്‍ ധീരയോദ്ധാവായിരുന്നു. രാത്രിയുദ്ധം ചെയ്യാന്‍ കഴിവുള്ളവനായിരുന്നു. എവിടെയെങ്കിലും വെച്ച് തന്റെ ആവശ്യം വരും അപ്പോള്‍ ഞാന്‍ വന്നിരിക്കും എന്ന് അയാള്‍ ഭീമന് കൊടുത്ത വാക്ക് പാലിച്ചു. അയാള്‍ ചെയ്തതുപോലൊരു യുദ്ധം മഹാഭാരതത്തില്‍ ഉണ്ടായിട്ടില്ല. പക്ഷേ, മരിച്ചുപോയി.
ഘടോല്‍ക്കചന്റെ കരുത്തും ശക്തിയും കൃഷ്ണന് മനസ്സിലാക്കിയിട്ടുണ്ട്. അതേപ്പറ്റി യാതൊരു സംശയവുമില്ല. പക്ഷേ, അയാളുടെ ഭാഗത്ത് കൃഷ്ണന് നിന്നിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത് എന്നുചോദിച്ചാല്‍ ഒരുപക്ഷേ നമ്മള് കുറേക്കൂടി പിറകിലേക്ക് പോവേണ്ടിവരും.
ഘടോല്‍ക്കചന്റെ മരണത്തില്‍ ദുഃഖിച്ചവരുമുണ്ട്. കൃഷ്ണന് ദുഃഖിക്കുന്നത് മഹാഭാരതത്തില്‍ കാണിക്കുന്നില്ല. ഞാന്‍ കണ്ടിട്ടില്ല, എഴുതിയതുമില്ല. ഇളംപ്രായമുള്ള ഒരു പയ്യന് മഹായുദ്ധത്തില്‍ അത്രയും വലിയ പോരാട്ടം നടത്തി കളമൊഴിയുമ്പോള്‍ അര്‍ഹിക്കുന്ന ചിത ആരും ഒരുക്കിയില്ല എന്ന തെറ്റ് തെറ്റായി നില്ക്കുന്നു. തന്റെ പക്ഷത്തുനില്‍ക്കുന്ന, എല്ലാവരേക്കാളും വലിയ പെര്‍ഫോമന്‍സ് കാഴ്ചവെച്ച, യുദ്ധത്തിലുടനീളം ശോഭിച്ചുനിന്ന, മറ്റുള്ളവര്‍ക്ക് പ്രോത്സാഹനമായി മാറിയ ആ യോദ്ധാവ് അവഗണിക്കപ്പെട്ടത് ഹിഡുംബിയുടെ മകനായത് കൊണ്ടു മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. പാണ്ഡവപക്ഷത്താണെങ്കിലും എല്ലാവരെയും മറികടന്നുള്ള വിജയത്തിലേക്കായിരുന്നു ഘടോല്ക്കചന് പോയിരുന്നത്. അയാളോട് ഒരുതരം അസൂയ സ്വപക്ഷത്തുനിന്നും തന്നെ വന്നിരിക്കാം. എനിക്കതാണ് തോന്നിയത്. ഭീമന്റെ മകന് എന്ന പേരല്ലാതെ ആ ഐഡന്റിറ്റിയുടെ ഒരു ഗുണവും അയാള്‍ അനുഭവിച്ചിട്ടില്ല. അയാള്‍ പക്ഷേ തന്റെ അച്ഛന്റെ പക്ഷക്കാര്‍ക്കുവേണ്ടി യുദ്ധം ചെയ്യാനായി പട്ടാളസമേതം വന്നു. മരണപ്പെട്ടു. മറ്റെല്ലാ മക്കളെയും കൃത്യമായ ആചാരമര്യാദകളോടെ സംസ്കരിച്ചപ്പോള്‍, ബലിതര്‍പ്പണങ്ങള്‍ നടത്തിയപ്പോള്‍ ഘടോല്ക്കചന് അനാഥശവമായി മാറി. അതിന്റെ കാരണം ഞാന്‍ ആലോചിക്കുന്നത് അവന് രാജകുമാരനല്ല, അവനെയങ്ങനെ മാനിക്കേണ്ടതായ ഒരു കാര്യവുമില്ല എന്ന നിലപാടാണ്.
ഘടോല്‍ക്കചന്റെ സ്വത്വം ഹിഡുംബിയാണ്. ഭീമന്റെയടുക്കല്‍ അയാള്‍ തന്റെ പിതൃത്വം അവകാശപ്പെടുന്നില്ല. ഭീമന്റെ മകന് എന്ന ഒരു പ്രിവിലേജും അയാള്‍ എവിടെയുമെടുക്കുന്നില്ല. കുരുക്ഷേത്ര യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്ന മകനോട് ഹിഡുംബി നല്കിയ ഉപദേശമെന്തായിരിക്കാം?
മകന് എന്ന നിലയില്‍ അയാള്‍ ഭീമന്റെയടുക്കല്‍ പോയി സ്വയം പരിചയപ്പെടുത്തുന്നുണ്ട്. താന്‍ ഭീമന്റെ മകനാണ് എന്ന വിചാരം അയാളുടെ ഉള്ളിലുണ്ട്. അഭിമാനമാണോ എന്ന് നമുക്കറിയില്ല. ഹിഡുംബിയെ മകന് വളരെയധികം സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നുണ്ട്. അമ്മ വളര്‍ത്തിയ ഒരു മകനാണ്. ഹിഡുംബി മകനോട് പറയുന്നത് ഭീമനെ പോയിക്കണ്ട് വന്ദിക്കണമെന്നാണ്. അതവര് പ്രത്യേകം പറയുന്നുണ്ട്. കൂട്ടത്തിലുള്ള കാരണവന്മാരെയെല്ലാം വന്ദിക്കണമെന്നും ഉപദേശിക്കുന്നു. ഇത്രയധികം ആ അമ്മയും മകനും ചെയ്തിട്ടും അയാള്‍ നിന്ദിക്കപ്പെട്ടു.
ഹിഡുംബിയെപ്പോലെ തന്നെ മൗനമവലംബിച്ച ഭീമന്റെ മറ്റൊരു വധുവാണ് ബലന്ധര.
ബലന്ധര നല്ല സ്ത്രീയായിരുന്നു. നല്ല കാരക്ടറുമായിരുന്നു. അധികം സംസാരിക്കില്ല. പക്ഷേ, ഭീമന്റെ ശ്രദ്ധ ദ്രൗപദിയിലായിരുന്നു എന്നും പറയാം. ആര് ആരെ കൂടുതല്‍ പരിഗണിച്ചു എന്ന് നമുക്ക് പറയാന്‍ പറ്റില്ല.
മൃത്യുവിനെ അതിസുന്ദരിയായ സ്ത്രീയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മരണത്തിന്റെ ദേവത യുദ്ധക്കളമുടനീളം രാപകലില്ലാതെ നടക്കുന്നു. അവളുടെ വശ്യമനോഹാരിതയാണ് വര്‍ണിച്ചിരിക്കുന്നത്. മൃത്യു തന്നിലേക്ക് ആളുകളെ ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. മരണം എന്ന യാഥാര്‍ഥ്യത്തോട് മനുഷ്യന് പാലിക്കുന്ന മാനസികമായ അകലത്തെ ഇല്ലാതാക്കുകയാണ് മൃത്യു എന്ന സ്ത്രീ ചെയ്തുകൊണ്ടിരിക്കുന്നത്. കാലന് എന്ന പുരുഷനെ ഉപയോഗിക്കാതെ മൃത്യു എന്ന സ്ത്രീയെ കുരുക്ഷേത്രയുദ്ധത്തില്‍ നിയോഗിച്ചതെന്തിനാണ്?
അത് മഹാഭാരതത്തില്‍ ഉള്ളതാണ്. ഞാന്‍ കൂട്ടിച്ചേര്‍ത്തതല്ല. വ്യാസന് സൃഷ്ടിച്ച മൃത്യുവാണ്. വ്യാസന്, മൃത്യുവിന് ഇങ്ങനെയൊരു പരിവേഷവും സ്വാതന്ത്ര്യവുമാണ് കൊടുത്തിരിക്കുന്നത്. സുന്ദരിയായ ഒരു സ്ത്രീ, യുദ്ധത്തിന്റെ ഭാവങ്ങളൊന്നും തന്നെ ഒട്ടും ബാധിക്കാത്ത തരത്തില്‍ മൃത്യുവായി നടക്കുമ്പോള്‍ നമുക്കുതന്നെ ഒരു വിഷമം തോന്നും. ഈ സുന്ദരിയായ സ്ത്രീയാണ് മരണത്തിന്റെ മുഴുവന്‍ കണക്കുമെടുക്കുന്നത്. ഓരോ മരണം നടന്നുകഴിയുമ്പോഴും ആളുകള്‍ മൃത്യുവിന്റെ കേളിയെക്കുറിച്ചാണ് പറയുന്നത്.
മഹാഭാരതത്തിലെ പാര്ശ്വവത്ക്കരണത്തെക്കുറിച്ച്
അങ്ങനെ ഞാന്‍ ചിന്തിച്ചിട്ടില്ല. അത്തരം സംജ്ഞകളുമായി മഹാഭാരതത്തെ ഞാന്‍ ചേര്ത്തുവായിച്ചിട്ടില്ല.
കഥയില്‍നിന്നും നോവലില്‍നിന്നും സിനിമയിലേക്കുള്ള ദൂരം എം.ടിക്ക് അന്യമല്ല. കൃതിയുടെ ഭാഷ എന്നപോലെ ക്യാമറയുടെ ഭാഷയും വഴങ്ങുന്ന കൈകളാണ് അങ്ങയുടേത്. 'രണ്ടാമൂഴം' അതിന്റെ ദൃശ്യസാക്ഷാത്ക്കാരത്തിലേക്കുള്ള വഴിയേ സഞ്ചരിക്കുകയാണ്. നോവലിസ്റ്റായ എം.ടി. തിരക്കഥാകൃത്തായ എം.ടിയോട് എത്രകണ്ട് കോംപ്രമൈസ് ചെയ്തു?
കോംപ്രമൈസ് വരും. സ്വാഭാവികമാണത്. സിനിമയെന്നു പറയുമ്പോള്‍ എങ്ങനെയായാലും കുറച്ച് കോംപ്രമൈസ് വരും. ഇതിഹാസം പ്രമേയമാകുന്ന കഥകള്‍ക്കു മാത്രമല്ല, സോഷ്യല്‍ ആയാലും ഹിസ്റ്റോറിക്കല്‍ ആയാലും സിനിമയുടെ പ്ലാറ്റ്ഫോമില്‍ എത്തുമ്പോള്‍ കോംപ്രമൈസ് ഉണ്ടാവും. അത് മുമ്പും ഞാന്‍ ചെയ്തിട്ടുള്ളതാണ്. അത് ഇവിടെയും നടന്നിട്ടുണ്ട്.
അപ്പോള്‍ നോവലില്‍ നിലനില്ക്കുന്നതും സിനിമയില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടതുമായിട്ടുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവില്ലേ?
അങ്ങനെ എനിക്ക് തോന്നിയിട്ടില്ല. 'രണ്ടാമൂഴ'ത്തിലേക്ക് ഞാന്‍ കൊണ്ടുവന്നത് അവതരിപ്പിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുള്ള കഥാപാത്രങ്ങളെയാണ്. അങ്ങനെ ഒഴിച്ചുകൂടാനാവാത്തതെന്നു തോന്നിയ കഥാപാത്രങ്ങളെയെല്ലാം ഞാന്‍ തിരക്കഥയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഉപേക്ഷിക്കേണ്ടതാണ് എന്ന തോന്നലില്‍ ഒരു കഥാപാത്രത്തെയും ഞാന്‍ മാറ്റിവെച്ചിട്ടില്ല. ഇതൊക്കെ വരേണ്ടതാണെന്ന ബോധ്യത്തോടെയാണ് തിരക്കഥയില്‍ പണിയെടുത്തിട്ടുള്ളത്. ഇത് 'രണ്ടാമൂഴ'ത്തിന്റെ മാത്രം കാര്യമല്ല, മറ്റ് തിരക്കഥകള്‍ എഴുതുമ്പോളെല്ലാം അങ്ങനെയാണ് ചെയ്തിട്ടുള്ളത്.
ഒന്നരവര്‍ഷം കൊണ്ടാണ് 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ദിവസവും കുറേശ്ശെ എഴുതുക എന്നതായിരുന്നു ശീലം. അതുകൊണ്ടുതന്നെ ഒരു ലോംഗ് പ്രോസസ് ആയിരുന്നു. രാത്രിയോ പകലോ ഏതെങ്കിലുമൊരു സമയം ദിവസവും കുറച്ചധികം നേരം തിരക്കഥയിലിരുന്നു. വലിയൊരു പ്രോജക്ട് ആണ് മനസ്സിലുള്ളത്. ആര്‍ട്ടിസ്റ്റുകള്‍, ആര്‍ട്വര്‍ക്ക്, മാന്വലായിട്ടുള്ള ധാരാളം പണികള്‍...എങ്ങനെയൊക്കെ ആയിത്തീരും എന്നുള്ളത് ഇപ്പോള്‍ പറയാന്‍ പറ്റില്ല. എല്ലാം കൂടി ഒത്തുവരേണ്ടതുണ്ട്. നമുക്ക് നോക്കാം. അതേപ്പറ്റിയുള്ള വിശദാംശങ്ങള്‍ പിന്നീട് പറയാം.
''സംതൃപ്തിയില്ലായ്മ എന്നൊന്നുണ്ടെങ്കില്‍ അതൊരു കുറവായിട്ട് ഞാന്‍ കാണുന്നില്ല'' എന്ന് എം.ടി. പറഞ്ഞിട്ടുണ്ട്
അതെല്ലാവര്ക്കുമുള്ളതാണ്. മതിയായിരുന്നില്ല എന്ന തോന്നല്‍ എഴുതിക്കഴിഞ്ഞാല്‍ എല്ലാവര്ക്കും തോന്നുമായിരിക്കാം. ദിസ് ഈസ് ദി ലാസ്റ്റ് എന്നു ഉറപ്പിച്ചു പറയത്തക്കവണ്ണം പൂര്‍ണമായിട്ടുള്ള ഒരു കൃതിയും ആരും എഴുതുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. അവിടെ അത് വേണ്ടിയിരുന്നില്ല, അവിടെ മറ്റൊന്നു കൂടിയാവായിരുന്നു എന്നെല്ലാം എഴുതിക്കഴിഞ്ഞാല്‍ ആര്‍ക്കും തോന്നുന്നതാണ്. എനിക്ക് മാത്രമല്ല.
ഈ സംതൃപ്തിയില്ലായ്മയാണ് എഴുത്തുകാരെ മുന്നോട്ടു നയിക്കുന്ന ശക്തികളില്‍ ഒന്ന്. ഡ്രൈവിങ് ഫോഴ്സ് എന്നുപറയുന്നത്. കഴിഞ്ഞതു കഴിഞ്ഞു, ഇനിയുള്ളത് നോക്ക് എന്ന് ഉള്ളില്‍നിന്ന് ഏതോ ഒരു ശബ്ദം പറയുന്നുണ്ടാവും. 'രണ്ടാമൂഴം' എഴുതിക്കഴിഞ്ഞപ്പോഴും പലതും വിട്ടുകളഞ്ഞു എന്നെനിക്ക് തോന്നിയിട്ടുണ്ട്. നിങ്ങള്‍ പറഞ്ഞ സംതൃപ്തിയില്ലായ്മ എല്ലാ കൃതികള്‍ക്കും ബാധകമാണ്.
കഥകള്‍ പാടിനടന്ന സൂതന്മാരെക്കുറിച്ച് പറയാം നമുക്ക്. ഒരര്‍ത്ഥത്തില്‍ ഇന്നുകാണുന്ന എല്ലാ ഭാഷയിലേയും കഥപറച്ചിലുകാര്‍ സൂതന്മാരുടെ പിന്‍ഗാമികളല്ലേ?
ആയിരിക്കണം. സൂതന്മാര് ഗ്രാമങ്ങള്‍ തൊട്ട് എല്ലാ ദിക്കിലും നടന്ന് കഥകള്‍ പറഞ്ഞവരാണ്. പറയുന്ന കഥകള്‍ ഒരു ദിക്കില്‍നിന്നു വേറൊരു ദിക്കിലെത്തും. അങ്ങനെയത് പ്രചരിക്കുന്നു എന്നാണ്. അങ്ങനെയായിരിക്കണം കഥപറച്ചില്‍ എന്ന കല വികാസം പ്രാപിച്ചത്.
മന്ദാ... എന്നാണ് ഭീമന് വിളിക്കപ്പെടുന്നത്. ഏതൊരു കുടുംബത്തിലും കാണാവുന്ന, എല്ലാവരുടെയും പരിഹാസം ഏറ്റുവാങ്ങാന്‍ നിയോഗിക്കപ്പെട്ട, സ്വന്തം ശരീരം തനിക്കുതന്നെ മെരുക്കാന്‍ കഴിയാത്ത, അപകര്‍ഷതയുടെ പടുകുഴിയില്‍ വീണുപോകുന്ന മനുഷ്യനെയാണ് 'രണ്ടാമൂഴ'ത്തിലെ നായകനായ ഭീമനായി എം.ടി. തിരഞ്ഞെടുത്തത്. അതുവരെ ഭാരതകഥകളുടെ അനുകല്പ്പനങ്ങളില്നിന്നു കാണാവുന്ന ഭീമനില്നിന്നു എം.ടിയുടെ ഭീമന് വളരെയധികം കരുണയും അലിവും ലഭിച്ചിട്ടുണ്ട്. എം.ടി. വ്യക്തിപരമായി ഭീമനോട് വളരെയധികം സ്നേഹം കാണിക്കുന്നുണ്ട്.
എല്ലാം കുടുംബങ്ങളിലും കാണാം നിങ്ങള്‍ക്കൊരു ഭീമനെ. ഏതെങ്കിലും ഒരു കുട്ടി ആകാരം കൊണ്ടോ ബുദ്ധികൊണ്ടോ സ്വഭാവം കൊണ്ടോ ഭാരതത്തിലെ ഭീമനെപ്പോലെയുണ്ടാവും. അയാളെ മറ്റുള്ളവര്‍ മണ്ടനായിട്ട് സ്റ്റാമ്പ് ചെയ്യും. കുറച്ചു കാലം കഴിയുമ്പോള്‍ അയാളില്‍ വന്നുചേരും നിങ്ങളുടെ ആശ്രയം.
വ്യക്തിപരമായി എനിക്കയാളുടെ ശക്തിയിലും നിസ്സഹായതയിലും അലിവ് തോന്നിയിട്ടുണ്ട്. എല്ലാറ്റിലും ചരട് വലിക്കുന്ന സൂത്രശാലിയായ യുധിഷ്ഠിരനെപ്പോലുള്ള ജ്യേഷ്ഠന്മാര് പല കുടുംബങ്ങളിലുമുണ്ട്. എന്റെ വീട്ടില്‍ അറുപത്തിനാല് അംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. അറുപത്തിനാല് പേര് ഒരു വീട്ടില്‍ കഴിയുമ്പോള്‍ ആലോചിച്ചു നോക്കൂ, ഇവരെങ്ങനെയായിരിക്കും താമസിച്ചിട്ടുണ്ടാവുക? അവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവും, അടിപിടിയുണ്ടാവും. കൊലപാതകം വരെ സംഭവിച്ചെന്നിരിക്കും. ഒരു കാരണവരെ മരുമക്കള്‍ ചേര്‍ന്ന് കൊന്നിട്ടുണ്ട്. ചെറുപ്പക്കാരായ പുതിയ തലമുറ വന്നപ്പോള്‍ സ്ത്രീകളോട് അവര്‍ പറഞ്ഞുവത്രേ, ആരും ഒച്ചയിടണ്ട; ഇവിടെ ഇന്ന് പല ശബ്ദകോലാഹലങ്ങളും കേള്‍ക്കും, വാതിലടച്ചു കിടന്നോളൂ എന്ന്. അന്ന് ഒരു കാരണവര്‍ കൊല്ലപ്പെട്ടു. തുടക്കത്തില്‍ പറഞ്ഞതുപോലെ കുരുക്ഷേത്ര യുദ്ധത്തില്‍ കാരണവന്മാരെ വീഴ്ത്താനുള്ള പണികള്‍ ഒപ്പിച്ചുവെച്ചതുപോലെ പ്രവര്‍ത്തിച്ചു യുവാക്കള്‍...
ശിഥിലമായ കുടുംബബന്ധങ്ങളുടെയും അതിനിടയില്പ്പെട്ട മനുഷ്യരുടെയും കഥകള്‍ എന്റെ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. കുറേക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബകഥയാണ് ഞാന്‍ 'രണ്ടാമൂഴ'ത്തില്‍ പറഞ്ഞത്.
Content Highlights: m t vasudevan nair interview on his masterpiece randamoozham
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..