എം.എൻ കാരശ്ശേരി/ ഫോട്ടോ: ജയേഷ് പി
എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനും അധ്യാപകനുമായ എം.എന്‍. കാരശ്ശേരി ജീവിതത്തില്‍ താന്‍ പിന്നിട്ട എഴുപത്തിയൊന്ന് സംവത്സരങ്ങളെ ഓര്‍ക്കുന്നു. എം.എന്‍. കാരശ്ശേരി എന്ന പേര് സാംസ്കാരിക മലയാളത്തില്‍ പ്രതിഷ്ഠിക്കപ്പെടാന്‍ നിമിത്തമായ മാതാപിതാക്കളെയും ഗുരുജനങ്ങളെയും അദ്ദേഹം ഈയവസരത്തില്‍ ഓര്‍ക്കുന്നതോടൊപ്പം തന്റെ നിലപാടുകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും വ്യക്തമാക്കുന്നു.
ഇക്കൊല്ലം എഴുപത്തിയൊന്ന് പൂര്‍ത്തിയായി. ജൂലായ് രണ്ടിനാണ് ഞാന്‍ ജനിച്ചത്. പിറന്നാളുകള്‍ കൊണ്ടാടുന്ന പതിവൊന്നും ഇല്ല. എല്ലാ പിറന്നാളിനും ഒരു വൃക്ഷത്തൈ നടുക എന്ന പതിവുണ്ട്. അത് ഇക്കുറിയും തെറ്റിച്ചില്ല. വീടിന് പിന്നാമ്പുറത്ത് ഒരു ഞാവല്‍ത്തൈ ആണ് എഴുപത്തിയൊന്നിന്റെ ഓര്‍മയ്ക്കായി നട്ടിരിക്കുന്നത്. എത്രയോ നൂറ്റാണ്ടു കാലം മുമ്പ് നമ്മളുണ്ടായിരുന്നില്ല. ഇനിയെത്രയോ നൂറ്റാണ്ടു കാലത്തേക്ക് നമ്മള് ഉണ്ടാവുകയുമില്ല. അതിനിടയ്ക്കുള്ള തമാശകളാണ് ഇതൊക്കെ. പിറന്നാള്‍ മരം എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് വൃക്ഷത്തൈ നടുന്നത്.
കഴിഞ്ഞ എഴുപത്തിയൊന്ന് സംവത്സരങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഏറെക്കുറേ തൃപ്തനാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിത്വം എന്റെ ഉമ്മയാണ്. 2000 ജനുവരി 9-ന് അവര്‍ മരിച്ചു. ഇരുപത്തിരണ്ട് കൊല്ലമായി. ഉമ്മ അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുണ്ടായിരുന്നുള്ളൂ. പന്ത്രണ്ടാം വയസ്സില്‍ എന്റെ ബാപ്പ വിവാഹം ചെയ്തു. ഉമ്മയ്ക്ക് മികച്ച സാമാന്യബുദ്ധിയുണ്ടായിരുന്നു, നീതിബോധമുണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കണം എന്ന മനസ്സിനുടമയായിരുന്നു. തെറ്റാണ് എന്ന് ഉമ്മയ്ക്ക് തോന്നുന്ന കാര്യങ്ങള്‍ വിമര്‍ശനബുദ്ധിയോടെ തന്നെ മുഖത്തുനോക്കി അവര്‍ പറയുമായിരുന്നു. ഉമ്മ ആരോടും ഒരിക്കലും പിണങ്ങിയിട്ടില്ലായിരുന്നു. തെറ്റ് ആരുടെ ഭാഗത്ത് കണ്ടാലും അവര്‍ പറയും. അതില്‍ എന്റെ ബാപ്പയെ മാറ്റി നിര്‍ത്തുന്ന ഏര്‍പ്പാടൊന്നും ഉമ്മയ്ക്കില്ലായിരുന്നു. ഞാന്‍ കണ്ട ചില പൂര്ണവ്യക്തിത്വങ്ങളില് ഒരാള്‍ എന്റെ ഉമ്മയായിരുന്നു.
ബാപ്പ വളരെ നര്‍മബോധമുള്ള ആളായിരുന്നു. അദ്ദേഹം ഭക്ഷണപ്രിയനായിരുന്നു. ഉമ്മ അങ്ങനെയായിരുന്നില്ല. അക്കാര്യത്തില്‍ ഞാന്‍ ഉമ്മയെപ്പോലാണ്. ബാപ്പ ആളുകളെ പരിഹസിക്കുന്നതില്‍ മിടുക്കനായിരുന്നു. പരിഹാസത്തിലൂടെയായിരുന്നു ബാപ്പ ആളുകളെ വിമര്‍ശിച്ചിരുന്നത്. എന്റെ ജീവിതത്തില്‍ മിടുക്കുള്ള അധ്യാപകരുടെ കീഴില്‍ വിദ്യ അഭ്യസിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. കാരശ്ശേരി സ്കൂളില്‍ എല്‍.പി. വിഭാഗത്തില്‍ പഠിപ്പിച്ച അബ്ദുറഹ്മാന് മാഷ്, ഇംഗ്ലീഷ് പഠിപ്പിച്ച ഫിലിപ്പ് മാഷ്, മലയാളം പഠിപ്പിച്ച നെട്ടയം ശിവദാസ് മാഷ്...ഇവരെയൊക്കെ ഈയവസരത്തില്‍ ഓര്‍ക്കുന്നത് സുഖകരമായ കാര്യമാണ്. ഫിലിപ്പ് മാഷ് ആണ് എനിക്ക് പ്രസംഗിക്കാന്‍ കഴിവുണ്ട് എന്ന് കണ്ടെത്തിയത്. സാഹിത്യസമാജങ്ങളില്‍ അദ്ദേഹം പ്രസംഗിപ്പിക്കുമായിരുന്നു. എഴുതാന്‍ എനിക്ക് കഴിയും എന്ന് കണ്ടെത്തിയത് ശിവദാസന്‍ മാഷാണ്. സ്കൂളില്‍ പഠിക്കാന്‍ മോശമല്ലാത്ത വിദ്യാര്‍ഥിയായിരുന്നു ഞാന്‍. എഴാം ക്ളാസ് കഴിഞ്ഞപ്പോള്‍ ശിവദാസന്‍ മാഷ് എന്നോട് പറഞ്ഞു: താന്‍ മലയാളം വിദ്വാന് പരീക്ഷ എഴുതണം. വിദ്വാന് പരീക്ഷ എന്നുപറഞ്ഞാല്‍ എന്താണെന്ന് എനിക്കന്ന് അറിയില്ല. പത്താം തരം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: താന്‍ മലയാളം എം.എയ്ക്ക് പോകണം. അധ്യാപകരുടെ നിര്‍ദ്ദേശവും സ്വാധീനവുമൊക്കെ അക്കാലത്ത് വലുതായിരുന്നു.
ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളിലാണ് ഞാന്‍ പിന്നീട് പഠിച്ചത്. അവിടെ വി. മാഞ്ഞു മാഷ് എന്ന പ്രഗത്ഭനായ അധ്യാപകനുണ്ടായിരുന്നു. തലശ്ശേരിക്കടുത്തുള്ള ഉളി എന്ന ദേശത്തുകാരനാണ്. ഇംഗ്ലീഷും കണക്കുമായിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങള്‍. ഇംഗ്ലീഷ് ഞാന്‍ നന്നായി പഠിച്ചപ്പോള്‍ കണക്കില്‍ മോശം തന്നെയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിയും ഡിഗ്രിയും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളേജിലാണ് പഠിച്ചത്. ഡിഗ്രിയ്ക്ക് സോഷ്യോളജി -മലയാളം ഡബിള്‍ മെയിന്‍ ആണ് എടുത്തത്. അവിടെ വലിയൊരു അധ്യാപകനുണ്ടായിരുന്നു- പി.സി. ഏട്ടനുണ്ണി രാജ! മഹാപണ്ഡിതനാണ്. ഓര്‍മശക്തിയുടെ വലിയൊരു തമ്പുരാനാണ്. ഒരു പുസ്തകവുമില്ലാതെ ക്ലാസില്‍ വരും. വായിക്കുന്നതെല്ലാം ഹൃദിസ്ഥമാണ് അദ്ദേഹത്തിന്. അതിഗംഭീരമായി ക്ലാസെടുത്തുതരും. ബി.എയ്ക്ക് ഒന്നാം റാങ്കോടുകൂടി പാസ്സായി നേരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എം.എ. മലയാളത്തിന് ചേര്‍ന്നു.
അഴീക്കോട് മാഷായിരുന്നു ഡിപ്പാര്‍ട്ട്മെന്റ് മേധാവി. ചാത്തനാത്ത് അച്യുതനുണ്ണി, ടി.ബി. വേണുഗോപാലപ്പണിക്കര്‍ എന്നീ പ്രഗത്ഭരായ രണ്ട് അധ്യാപകര്‍ അവിടെയുണ്ടായിരുന്നു. ഭാരതീയ സാഹിത്യശാസ്ത്രം പഠിച്ചത് ചാത്തനാത്ത് മാഷിന്റെയടുക്കല്‍ നിന്നാണ്. ഗ്രാമര്‍ പഠിപ്പത് വേണുഗോപാലപ്പണിക്കരും. അതത് മേഖലകളില്‍ കഴിവുറ്റവരായിരുന്നു എന്റെ യൂണിവേഴ്സിറ്റി അധ്യാപകര്‍.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 'രണ്ട് അഭിവാദനങ്ങള്‍' എന്ന പാഠം പഠിക്കാനുണ്ടായിരുന്നു. കുട്ടികൃഷ്ണമാരാരുടെ ''ഭാരതപര്യടനം എന്ന പുസ്തകത്തില്‍ നിന്നുള്ള അധ്യായം. ഭാരതയുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരെ അഭിവാദ്യം ചെയ്യാന്‍ കര്ണന് വരുന്ന രംഗത്തെക്കുറിച്ചാണ് മാരാര്‍ക്കു പറയേണ്ടത്. സമാനമായ രംഗം ഭാരതയുദ്ധം തുടങ്ങുമ്പോഴുമുണ്ട്. യുധിഷ്ഠിരന് ഭീഷ്മ പിതാമഹനെ വന്ന് നമസ്കരിക്കുന്ന രംഗമാണ് അത്. രൂപപ്പൊലിമകൊണ്ട് യുധിഷ്ഠിരന്റേത് ഗംഭീരമായിരിക്കുമ്പോള് തന്നെ ഭാവപ്പൊലിമകൊണ്ട് ഗംഭീരമായിരിക്കുന്നത് കര്ണന്റേതാണെന്ന് സമര്‍ഥിക്കുന്ന ലേഖനമാണ് അത്. അത് മുഴുവനായും വായിച്ചതോടു കൂടി ഞാന്‍ അതുവരെയുള്ള ആളല്ല, വേറൊരാളായി മാറുകയായിരുന്നു. മാഷ് പാഠമായി ക്ലാസിലെടുക്കുന്നതിനു മുമ്പേ തന്നെ ഞാന്‍ ലേഖനം മുഴുവനായും വായിച്ചു. പിന്നീട് ഞാന്‍ മാരാര്‍ ഭക്തനായിട്ടാണ് വളര്‍ന്നത്. ഗുരുവായൂരപ്പന് കോളേജില്‍ ചെന്നിട്ടുള്ള പണികളില്‍ പ്രധാനപ്പെട്ടത് മാരാരുടെ കൃതികള്‍ വായിക്കുക എന്നതായിരുന്നു. കുട്ടികൃഷ്ണമാരാരെ നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. അദ്ദേഹത്തിന്റെ ഭൗതികശരീരമാണ് കണ്ടത്.
1970-ലാണ് ഞാന്‍ ബഷീറിനെ നേരിട്ട് കാണുന്നത്. 1994-ലാണ് അദ്ദേഹം മരിക്കുന്നത്. ആ കാല്‍നൂറ്റാണ്ട് എനിക്ക് ബഷീറുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ സാധിച്ചു. വ്യക്തിജീവിതത്തില്‍ സ്വാധീനിച്ചു എന്നു ഞാന്‍ കരുതുന്ന എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീറാണ്. എന്റെ എഴുത്തിനെ രൂപപ്പെടുത്താന്‍ സഹായിച്ച എഴുത്തുകാരന് എന്നാല്‍, കുട്ടികൃഷ്ണമാരാരാണ്. ആദ്യകാലങ്ങളില്‍ കഥകളും നോവലുമൊക്കെ എഴുതിയിട്ടുണ്ട് ഞാന്‍. എം.എ പഠിക്കുമ്പോള്‍ 'ബഷീറിന്റെ നോവലുകള്‍: ഒരു പഠനം' എന്നായിരുന്നു എന്റെ ഡിസര്‍ട്ടേഷന്റെ തലക്കെട്ട്. നാല്പത്തിയെട്ട് വര്‍ഷത്തിനുശേഷം 'ബഷീര്‍ നന്മയുടെ വെളിച്ചം' എന്ന പേരില്‍ ഫിംഗര്‍ പ്രിന്റ്സ് അത് പുസ്തകമാക്കി. എന്റെ ആദ്യത്തെ പുസ്തകം അച്ചടിക്കുന്നത് എഴുതിക്കഴിഞ്ഞ് 48 വര്‍ഷങ്ങള്‍ക്കുശേഷമാണ് എന്ന് വേണമെങ്കില്‍ പറയാം. അതിനു മുമ്പ് പതിനാറ് ലക്കങ്ങളാക്കി ചന്ദ്രിക വാരികയില്‍ അത് അച്ചടിച്ചുവന്നിരുന്നു,1975-ല്‍.നാല് ദശകങ്ങള്‍ക്ക് ശേഷം ചന്ദ്രിക അത് പുനഃപ്രസിദ്ധീകരിച്ചു. അങ്ങനെയാണ് പുസ്തകമാവുന്നത്. ബഷീറിനെക്കുറിച്ച് നടത്തിയ ആദ്യത്തെ സമഗ്രപഠനം കൂടിയായിരുന്നു അത്.
എം.എ. കഴിഞ്ഞയുടന്‍ മാതൃഭൂമിയില്‍ ജോലി കിട്ടി. കെ.പി. കേശവമേനോന്, വി.എം. നായര്‍, വിംസി, ടി. വേണുക്കുറുപ്പ് തുടങ്ങി കേമന്മാര് മാത്രമുള്ള മാതൃഭൂമിക്കാലം. കെ.സി. നാരായണന്, ഗോപി പഴയന്നൂര്‍, വി. രവീന്ദ്രനാഥ് തുടങ്ങിയവര്‍ എന്റെ സഹപ്രവര്‍ത്തകരായിരുന്നു. ആഴ്ചപ്പതിപ്പില്‍ എന്‍.വി. കൃഷ്ണവാരിയര്‍, എം.ടി. വാസുദേവന്‍ നായര്‍, ജി.എന്‍ പിള്ള, ഗോവിന്ദനുണ്ണി തുടങ്ങിയവര്‍... എ.എസ്., ആര്‍ടിസ്റ്റ് നമ്പൂതിരി തുടങ്ങിയ കലാകാരന്മാര്... എവിടെത്തിരിഞ്ഞാലും പ്രതിഭകള്‍ തന്നെ. ആഴ്ചപ്പതിപ്പില്‍ ജി.എന്‍. പിള്ള നിരൂപണലേഖനങ്ങള്‍ എഴുതുമായിരുന്നു. എം.എന്‍. കാരശ്ശേരി എന്ന പേര് അദ്ദേഹം അംഗീകരിച്ചിരുന്നില്ല. എന്‍. മൊഹിയുദ്ദീന്‍ എന്ന യഥാര്‍ഥ പേര് തന്നെയായിരുന്നു അദ്ദേഹം കൊടുത്തത്. അങ്ങനെയിരിക്കെ 1978-ല്‍ മഹാകവി പി. കുഞ്ഞിരാമന് നായര്‍ മരണപ്പെട്ടു. ലേഖനം എഴുതണമെന്ന് നിര്‍ദ്ദേശം വന്നു. 'കവിയുടെ മാമ്പൂ' എന്ന പേരില്‍ ലേഖനം എഴുതി. എഡിറ്ററോട് ഒരു അപേക്ഷയും; എം.എന്‍. കാരശ്ശേരി എന്ന പേരില്‍ വേണം ഇത് അച്ചടിച്ച് വരാന്‍. അദ്ദേഹം സമ്മതിച്ചു. അങ്ങനെ എം.എന്‍. കാരശ്ശേരിയുടെ മാതൃഭൂമിയില്‍ വന്ന ആദ്യത്തെ ലേഖനം പിയെക്കുറിച്ചുള്ളതായി.
മാതൃഭൂമിയില്‍ അധികകാലം നിന്നില്ല. സര്‍ക്കാര്‍ കോളേജ് അധ്യാപകനായി നിയമനം ലഭിച്ചു. എട്ടു വര്‍ഷം വിവിധ കോളേജുകളില്‍ സേവനം. ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ലക്ചററായി, പിന്നീട് റീഡറായി, പ്രൊഫസറായി, ഡിപ്പാര്‍ട്മെന്റ് ഹെഡ്ഡായി. 2012-ല്‍ വിരമിച്ചു.
എം.എയ്ക്ക് ബഷീര്‍, എംഫിലിന് മാരാര്‍, പിഎച്ഡിയ്ക്ക് മാപ്പിളപ്പാട്ട്, പോസ്റ്റ് ഡോക്ടറല്‍ തീസിസിന് അറബി മലയാളം തുടങ്ങിയ ഏരിയകളായിരുന്നു ഞാന്‍ തിരഞ്ഞെടുത്തത്. റിട്ടയേഡായതിനു ശേഷം അലിഗഡ്ഡില് ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് പേര്‍ഷ്യന്‍ സ്റ്റഡീസില്‍ നിന്നും ക്ഷണം വന്നു. മലയാളത്തിലെ പേര്‍ഷ്യന്‍ പദങ്ങളെക്കുറിച്ച് പഠനം നടത്തി. മാഡം സഫാവി എന്ന വലിയ പണ്ഡിതയായിരുന്നു വകുപ്പ് മേധാവി. പേര്‍ഷ്യന്‍ ഭാഷയില്‍ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് അവര്‍. അക്കാലത്ത് ഡല്‍ഹിയുമായി നല്ല ബന്ധമായിരുന്നു. എഴുത്തുകാരന് ആനന്ദ്, സച്ചിദാനന്ദന് തുടങ്ങിയവരുമായ നല്ല ബന്ധമായിരുന്നു.
വ്യക്തിജീവിതത്തിലേക്ക് തലശ്ശേരിക്കാരിയായ വി.പി ഖദീജ എന്ന പോസ്റ്റ് ഓഫീസ് ക്ലര്‍ക്കായ യുവതി പ്രവേശിക്കുന്നത് 1978-ലാണ്. മാതൃഭൂമിയില്‍നിന്നു സബ്എഡിറ്റര്‍ ജോലി വിട്ട് അധ്യാപനത്തിലേക്ക് പ്രവേശിച്ച നാളുകള്‍ കൂടിയായിരുന്നു അത്. ഞങ്ങള്‍ക്ക് മൂന്ന് കുട്ടികളുണ്ടായി- നിഷ, എന്‍.പി ആഷ്ലി, മുഹമ്മദ് ഹാരിസ്. വി.പി. ഖദീജ കൂടരഞ്ഞിയില്‍നിന്നു പോസ്റ്റ് മിസ്ട്രസായി റിട്ടയര്‍ ചെയ്തു. ഇക്കാലത്തിനിടയില്‍ മലയാളത്തിലെ ഒട്ടു മിക്ക പ്രസാധകരും പുസ്തകം അച്ചടിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ Makers of Indian Literature Series-ല്‍ വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി എഴുതാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. 2008-ലാണ് പുസ്തകം വന്നത്. അതിന്റെ തമിഴ്, ഹിന്ദി, കന്നട, ഇംഗ്ലീഷ് പരിഭാഷകള്‍ വന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ എഴുതിയത് ബഷീറിനെപ്പറ്റിയാണ്. ബഷീറിനെക്കുറിച്ച് ഒരു പാട്ട് എഴുതി. ജീവിതത്തില്‍ ഒരേയൊരു പാട്ടു മാത്രമേ എഴുതിയിട്ടുള്ളൂ. അത് ബഷീറിനെപ്പറ്റിയാണ്, പാടിയത് യേശുദാസുമാണ്. ബി.പി. മൊയ്തീന് നിര്‍മിച്ച് സീമ ആദ്യമായി അഭിനയിച്ച സിനിമയ്ക്ക് തിരക്കഥ എഴുതിയിരുന്നു. പക്ഷേ, സിനിമ പുറത്തുവന്നില്ല. ലേഖനങ്ങളും നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും വിവര്‍ത്തനങ്ങളും വിയോജിപ്പുകളും പ്രകടിപ്പിച്ച് ധാരാളം എഴുതി. പുസ്തകങ്ങളായി വന്നു. ചെറുതും വലുതുമായ അംഗീകാരങ്ങള്‍ നേടി. എഴുപത്തിയൊന്ന് സംവത്സരങ്ങള്‍ ഈ ഭൂമിയില്‍ ഇങ്ങനെയൊക്കെ ചിലവഴിച്ചു.
പറയാനുള്ളത് ആരോടായാലും പറയും എന്ന ഉമ്മയുടെ നിലപാട് എന്നെയും നന്നായി സ്വാധീനിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ പണക്കാര് കോണ്‍ഗ്രസ്സിലും പാവങ്ങള്‍ മുസ്ലീം ലീഗിലുമായിരുന്നു. എന്റെ ബാപ്പ കോണ്‍ഗ്രസ്സായിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരൊക്കെ പണക്കാരാണ്. അദ്ദേഹത്തിന് അത്ര പണമൊന്നും ഉണ്ടായിരുന്നില്ല. ഉമ്മയുടെ ആളുകളെല്ലാം ലീഗുകാരായിരുന്നു. കുട്ടിക്കാലത്ത് എനിക്ക് അനുഭാവം ലീഗിനോടായിരുന്നു. കാരണം പാവങ്ങളുടെ പാര്‍ട്ടിയാണല്ലോ. കോളേജില്‍ എത്തിയപ്പോഴാണ് മനസ്സിലായത് ലീഗുകാരും പണക്കാരാണ്, ഞങ്ങളുടെ കാരശ്ശേരി നാട്ടില്‍ മാത്രമുള്ള പ്രത്യേകത മാത്രമാണ് പാവപ്പെട്ടവരുടെ ലീഗ് എന്നത്.
എക്കാലവും എന്നെ ആകര്‍ഷിച്ചിരുന്ന ഒരേയൊരാള്‍ ഗാന്ധിയാണ്. ഞാന്‍ തീര്‍ത്തും ഒരു ഗാന്ധി ഭക്തനാണ്. 1971-ല്‍ തലശ്ശേരി കലാപമുണ്ടായപ്പോള്‍ ഞാന്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. കേരളത്തില്‍ ഒരു വര്‍ഗീയ കലാപം ഉണ്ടായി എന്നുകേട്ടപ്പോള്‍ വലിയ അസ്വസ്ഥയുണ്ടായി. ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സമാധാനസമ്മേളനം നടക്കുന്നു എന്ന് പത്രത്തില്‍ വായിച്ചു. തലശേരി കലാപത്തില്‍ രക്തച്ചൊരിച്ചിലുകളോ സായുധ ആക്രമങ്ങളോ ഒന്നുമില്ലായിരുന്നു, പക്ഷേ, അന്തരീക്ഷം കലുഷിതമായിരുന്നു. അന്ന് സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍നിന്നു ഒളിച്ചുപോയി. അന്ന് സമ്മേളനത്തില്‍ ഉണ്ടായിരുന്ന ആളായിരുന്നു കല്‍പ്പറ്റ നാരായണന്. ഞങ്ങള്‍ അവിടെനിന്നാണ് ആദ്യമായി പരിചയപ്പെടുന്നത്. രഘുനാഥ് പലേരിയും ഉണ്ടായിരുന്നു. കോഴിക്കോട് ആര്‍ട്സ് കോളേജില്‍നിന്നാണ് അവര്‍ രണ്ടുപേരും വന്നത്.
അഹിംസ എന്ന തത്വം വളരെ കുട്ടിക്കാലത്തേ എന്നെ ആകര്‍ഷിച്ചിരുന്നു. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ വോയ്സ് ഓഫ് പ്രൊഫസി എന്ന സംഘടനയുടെ വേദപാഠം തപാല്പള്ളിക്കൂടം ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്നതാണ് വേദപാഠ ക്ലാസുകള്‍. ക്രിസ്തുവിനെക്കുറിച്ചറിയുവാന് അത് എന്നെ ധാരാളം സഹായിച്ചു. തപാലില്‍ വന്നിരുന്ന പുസ്തകങ്ങള്‍ ക്രിസ്തുവിന്റെ സ്നേഹം, അഹിംസ തുടങ്ങിയവ പ്രചരിപ്പിച്ചിരുന്നു. 'നിന്റെ വാള് നീ ഉറയിലിടുക, വാള് എടുത്തവന് വാളാല്‍'...തുടങ്ങിയ വാക്യങ്ങള്‍ എനിക്ക് കാണാപ്പാഠമായി. മാതൃഭൂമി പത്രമാണ് വീട്ടില്‍ ബാപ്പ വരുത്തുന്നത്. ഗാന്ധിയെപ്പറ്റിയും നെഹ്റുവിനെപ്പറ്റിയും ധാരാളം വായിക്കാനുണ്ടാവും പത്രത്തില്‍. എന്നെ പഠിപ്പിച്ച അധ്യാപകരൊക്കെയും ദേശീയപ്രസ്ഥാനം, കോണ്‍ഗ്രസ് ,ഗാന്ധി...ഇവ മൂന്നിന്റെയും വക്താക്കളുമായിരുന്നു.
പക്ഷേ, ഞാന്‍ മുതിര്‍ന്നപ്പോഴേക്കും കോണ്‍ഗ്രസ് കോലം മാറിപ്പായിരുന്നു. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ പരിപാടികളിലൂടെ ജീര്‍ണിക്കാന്‍ തുടങ്ങിയിരുന്നു. അപ്പോഴാണ് കലാപവും ഉണ്ടാവുന്നത്. കോണ്‍ഗ്രസ്സും ഗാന്ധിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. 1924-ല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അധ്യക്ഷനായിരുന്നു എന്നു ചരിത്രം പറയുന്നുവെന്നല്ലാതെ അഹിംസയിലോ അഴിമതിനിരോധനത്തിലോ സ്വജനപക്ഷപാതം നിരുത്സാഹപ്പെടുത്തുന്നതിലോ ഒന്നും കോണ്‍ഗ്രസ്സിന് ഒരു താല്പര്യവും ഇല്ല എന്ന് ഞാന്‍ മനസ്സിലാക്കി. ഗാന്ധിയുടെ കോണ്‍ഗ്രസിനെ മനസ്സില്‍ക്കണ്ട് ഒരു ഖദര്‍ കുപ്പായമൊക്കെ ഞാനും തയ്പ്പിച്ചിരുന്നു. ഗാന്ധി, നെഹ്റു എന്നീ വ്യക്തിത്വങ്ങളെപ്പോലെ എന്നെ ആകര്‍ഷിച്ച മറ്റൊരാളായിരുന്നു മുഹമ്മദ് അബ്ദുറഹ്മാനും മൊയ്തുമൗലവിയും. കോളേജില്‍ പഠിക്കുമ്പോള്‍ താമസിച്ചിരുന്ന വീടിന്റെ അയല്പക്കത്തായിരുന്നു എന്‍.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ താമസിച്ചിരുന്നത്. മുഹമ്മദ് അബ്ദുറഹ്മാന് പോറ്റിവളര്‍ത്തിയ കുട്ടിയാണ് കെ.എ. കൊടുങ്ങല്ലൂര്‍. അദ്ദേഹവുമായി വളരെ നല്ല അടുപ്പമായിരുന്നു. എന്റെ അധ്യാപകന് അഴീക്കോട് മാഷും തികഞ്ഞ ഗാന്ധിഭക്തന്‍ തന്നെ. അതുകൊണ്ട് കോണ്‍ഗ്രസ് അല്ല എന്റെ പ്രശ്നം, ഗാന്ധിയാണ് എന്ന് ഞാന്‍ മനസ്സിലാക്കി.
മാതൃഭൂമിയില്‍ ജോലി ലഭിക്കുക എന്നത് അക്കാലത്ത് വളരെ അഭിമാനമുളവാക്കുന്ന ഒന്നാണ്. അഭിമുഖത്തിന് ചെന്നപ്പോള്‍ വി.എം. നായര്‍ എന്നോട് ചോദിച്ചു: 'നിങ്ങളേത് പാര്‍ട്ടിയാണ്'? ഞാന്‍ പറഞ്ഞു: 'എനിക്കങ്ങനെ പാര്‍ട്ടിയൊന്നുമില്ല'. അദ്ദേഹം വീണ്ടും ചോദിച്ചു:'അപ്പോള്‍ നിങ്ങള്‍ കോണ്‍ഗ്രസ് അല്ലേ'? ഞാന്‍ പറഞ്ഞു: 'അല്ല'. എന്തുകൊണ്ടാണ്? ഞാന്‍ കാരണങ്ങള്‍ നിരത്തി. വി.എം. നായര്‍ വീണ്ടും പറഞ്ഞു: 'നിങ്ങള്‍ മാര്‍ക്സിസ്റ്റാണെന്നു തോന്നുന്നു'. ഞാന്‍ പറഞ്ഞു: 'ഞാന്‍ മാര്‍ക്സിസ്റ്റല്ല'. എന്തുകൊണ്ട് അല്ല എന്ന ചോദ്യം വന്നു. കാരണങ്ങള്‍ നിരത്തി. മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഞാന്‍ ഫയലാക്കി കൊണ്ടുപോയിരുന്നു. അധികവും ചന്ദ്രികയിലായിരുന്നു അച്ചടിച്ചത്. അതുകണ്ട് അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍ മുസ്ലീംലീഗിലാണോ'? ഞാന്‍ പറഞ്ഞു: 'ഞാന്‍ ലീഗല്ല'. അപ്പോള്‍ വി.എം. നായര്‍ ചോദിച്ചു: 'മാതൃഭൂമി കോണ്‍ഗ്രസ് പത്രമാണെന്നറിയില്ലേ'? അറിയാം; ഞാന്‍ പറഞ്ഞു. 'കോണ്‍ഗ്രസ് വിരുദ്ധനായ നിങ്ങള്‍ എങ്ങനെ ഇവിടെ പണിയെടുക്കും'? അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു: 'എന്റെ രാഷ്ട്രീയാഭിപ്രായവും എന്റെ പ്രൊഫഷനും രണ്ടും രണ്ടാണ്. വലിയ പാരമ്പര്യവും സമൂഹത്തിന് വിലപ്പെട്ട സംഭവനകള്‍ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് മാതൃഭൂമി. ഞാന്‍ കോണ്ഗ്രസ്സല്ലാത്തതുകൊണ്ട് മാതൃഭൂമിയുടെ മൂല്യം കുറയുന്നില്ല'.
വി.എം. നായര്‍ പിന്നെ ഒന്നും പറഞ്ഞില്ല. അന്ന് എന്റെ കൂടെ ജോലിക്കു ചേര്‍ന്നവരെല്ലാം കോണ്‍ഗ്രസ്സുകാരാണ്. കെ.പി. മോഹനനന്‍, എന്‍. അശോകന്, വി. രാജഗോപാല്‍, സി.എച്ച് . ഹരിദാസ്... സി.എച്ച്. ഹരിദാസ് കാരണമാണ് എനിക്ക് ജോലി കിട്ടിയത്. റാങ്ക് ലിസ്റ്റില്‍ ഒന്നാമത് ഹരിദാസായിരുന്നു. അദ്ദേഹം ജോയിന്‍ ചെയ്തതും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായി. അപ്പോള്‍ വി.എം. നായര്‍ പറഞ്ഞു: ഒന്നുകില്‍ മുഴുവന്‍ സമയം കോണ്‍ഗ്രസ്സുകാരനാവുക, അല്ലെങ്കില്‍ മാതൃഭൂമിക്കാരനാവുക. രണ്ടുംകൂടി പറ്റില്ല. ഹരിദാസ് ഇടയ്ക്ക് കോടതില്‍ പോകും, വൈകുന്നേരം മാതൃഭൂമിയില്‍ വരും. അദ്ദേഹം മാതൃഭൂമിയിലെ ജോലി വേണ്ട എന്ന് എഴുതിക്കൊടുത്തു. ഹരിദാസ് പോയ ഒഴിവിലേക്ക് മാതൃഭൂമിയില്‍നിന്നും എനിക്ക് കത്ത് വന്നു. സി.എച്ച് ഹരിദാസ് വളരെ നേരത്തേ മരിച്ചുപോയി. അദ്ദേഹം കാണുമ്പോഴൊക്കെ പറയുമായിരുന്നു, എടാ ഞാന്‍ ഉണ്ടായിട്ടാണ് നിനക്ക് ജോലികിട്ടിയതെന്ന്.
ആം ആദ്മി പാര്‍ട്ടി വന്നപ്പോള്‍ എനിക്ക് വലിയ ആവേശമായിരുന്നു. ഞാന്‍ റിട്ടയര്‍ ചെയ്തിരിക്കുന്ന കാലത്താണ് ആ പാര്‍ട്ടി വരുന്നത്. അഴിമതി വിരുദ്ധ പാര്‍ട്ടി വരാന്‍ പോകുകയാണെന്ന് നാനാഭാഗത്തുനിന്നും വലിയ തോതിലുള്ള പ്രചരണങ്ങള്‍ വന്നു. അന്ന് ആ പാര്‍ട്ടി വലിയ ഓളം സൃഷ്ടിച്ചു. രാജ്മോഹന്‍ ഗാന്ധി, മേധാ പട്ക്കര്‍, ആര്.ബി. ശ്രീകുമാര്‍, ഉദയകുമാര്‍ തുടങ്ങിയവരൊക്കെയും പ്രതീക്ഷയര്‍പ്പിച്ചതുപോലെ ഞാനും പാര്‍ട്ടിയില്‍ പ്രതീക്ഷിച്ചു. ഞാന്‍ അംഗത്വം എടുത്തു. ഏതായാലും പെന്‍ഷനായി ഇരിക്കുകയാണല്ലോ, ഇനിയിപ്പോള്‍ പുതിയൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോവുകയാണ്. ആം ആദ്മിക്കാരോട് ആദ്യമേ പറഞ്ഞു: 'ഞാന്‍ നിങ്ങളുടെ ഒരു സ്ഥാനമാനങ്ങളിലേക്കും ഇല്ല, പ്രവര്‍ത്തിക്കാനും ഇല്ല. ഞാന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റല്ല, നിരീക്ഷണമാണ് എനിക്കിഷ്ടം'. ഒരു ഘട്ടത്തില്‍ സംസ്ഥാന അധ്യക്ഷനാവാന്‍ നിര്‍ബന്ധം വന്നു, ഇല്ലെന്ന് പറഞ്ഞു. സെക്രട്ടറിയാവാന്‍ നിര്‍ബന്ധിച്ചു. പറ്റില്ലെന്ന് ഞാനും നിര്‍ബന്ധം പിടിച്ചു. വക്താവാകണം എന്നുപറഞ്ഞു. ഞാന്‍ എന്റെ മാത്രം വക്താവാണ്. ഒരു പാര്‍ട്ടിയുടെയും വക്താവാകാന്‍ പറ്റില്ല. മൂന്നുനാല് മാസം അതില്‍ ഇരുന്നപ്പോള്‍ മനസ്സിലായി അത് വെറുമൊരു സാധാരണ പാര്‍ട്ടി തന്നെയാണ്. പിന്നെ ഞാന്‍ അതിന്റെ പിറകേ പോയിട്ടില്ല. രാജി വെക്കാന്‍ മാത്രമുള്ള പ്രധാന്യമൊന്നും ആം ആദ്മിക്ക് അന്നുമില്ല, ഇന്നുമില്ല.
സംസ്ഥാന അധ്യക്ഷനാവണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. ആം ആദ്മി പാര്‍ട്ടിയെങ്കിലും ഒരു സ്ത്രീയെ സംസ്ഥാന പ്രസിഡണ്ടാക്കണം. ഇവിടത്തെ കമ്യൂണിസ്റ്റുകാരോ കോണ്‍ഗ്രസ്സുകാരോ ലീഗ്കാരോ ബി.ജെ.പിക്കാരോ ആരും തന്നെ അത് ചെയ്തിട്ടില്ല. നിങ്ങള്‍ ആരുടെ പേര് നിര്‍ദ്ദേശിക്കും? അവര്‍ ചോദിച്ചു. ഒന്നുകില്‍ അനിത പ്രതാപിന്റെ പേര് പറയും അല്ലെങ്കില്‍ സാറാ ജോസഫ്. സാഹചര്യവശാല്‍ സാറാ ജോസഫ് പ്രസിഡണ്ടായി. അത് ഒരു ചരിത്രമാണ്. 51 ശതമാനം സ്ത്രീകളുള്ള സംസ്ഥാനമായ കേരളത്തില്‍, പെണ്ണധിക നാടായ കേരളത്തില്‍, ഒരു സ്ത്രീയെ പ്രസിഡണ്ടാക്കാന്‍ ആം ആദ്മി തയ്യാറായി. മത്സരിക്കാന്‍ എനിക്ക് മോഹമില്ല. കോഴിക്കോടും വയനാടുമൊക്കെ അവര്‍ നിര്‍ദ്ദേശിച്ചു. എനിക്കതിനുള്ള കഴിവില്ല എന്ന് എനിക്കറിയാമായിരുന്നു. ഒരാളെ കണ്ടാല്‍, ഒന്നാമതോ രണ്ടാമതോ മൂന്നാമതോ ഇടപഴകിയാല്‍, അയാള്‍ ഏത് തരമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് വേണം. രാഷ്ട്രീയ പ്രവര്ത്തകന് അതാണ് ആദ്യം വേണ്ടത്. എനിക്ക് ഒരാളെയും ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല. അതില്‍ ഞാന്‍ 100 ശതമാനം പരാജയമാണ്. നേര്‍ക്കുനേര്‍ കാണുമ്പോളുള്ള സ്വഭാവമാണ് ഞാന്‍ നോക്കുക. അധികം പേരും ഒറ്റ നോട്ടത്തില്‍ ആളുകളെ മനസ്സിലാക്കുന്ന വിദ്യയൊക്കെ പറയുന്നത് കേള്‍ക്കാം. എനിക്ക് അതൊന്നുമറിയില്ല. താന്‍ പറയുന്നത് കളവാണ് എന്ന് പറയുന്നയാള്തന്നെ പറഞ്ഞാലല്ലാതെ എനിക്ക് തിരിച്ചറിയാന്‍ കഴിയാറില്ല. അതുകൊണ്ട് പല പ്രശ്നങ്ങളും ഞാന്‍ ജീവിതത്തില്‍ നേരിട്ടതാണ്. പണമൊന്നും ആരും പറ്റിച്ചിട്ടില്ല, കാരണം എന്റെ കയ്യില്‍ ഇല്ല എന്നതുതന്നെയാണ്.
പൊളിറ്റിക്സ് എന്നത് നീതിക്കുവേണ്ടിയുള്ള ദാഹമാണ്. അങ്ങനെയെങ്കില്‍ ഞാന്‍ ഹൈലി പൊളിറ്റിക്കല്‍ ആണ്. 'നീതി തേടുന്ന വാക്ക്' എന്നാണ് എന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ പേര്. അനീതിയാണ്, അന്യായമാണ്, അക്രമമാണ് എന്ന് തോന്നുന്നതെല്ലാം നമ്മളെക്കൊണ്ടാവുന്നതു പോലെ എതിര്‍ക്കുക. നീതിയാണ് എന്ന് തോന്നുന്നതിനെ ഉയര്‍ത്തിപ്പിടിക്കുക. ഏറ്റവും വലിയ അന്യായം ഇവിടെ നടക്കുന്നത് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വര്ഗീതയതയാണ്. ഞാന്‍ അതിനെതിരാണ്. അതാണ് എന്റെ രാഷ്ട്രീയം. അല്ലാതെ കക്ഷി രാഷ്ട്രീയമല്ല. 'ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം' എന്നാണ് അക്കിത്തം പറഞ്ഞത്. അത് പച്ചയാണോ ചുവപ്പാണോ നീലയാണോ എന്നതില്‍ കാര്യമില്ല. വി.എം. സുധീരന്, വി.എസ്. അച്യുതാനന്ദന്, എ.കെ. ആന്റണി ഇവരാരും കൈക്കൂലി വാങ്ങുന്നില്ല എന്ന് പറയുന്നവരുണ്ട്. കൊള്ളാവുന്ന ആളുകളും രാഷ്ട്രീയത്തിലുണ്ട്. കൈക്കൂലി വാങ്ങുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. അഴിമതിയെ എല്‍.ഡി.എഫ്., യു.ഡി.ഫ്., ബി.ജെ.പി. എന്നൊന്നും തിരിക്കാന്‍ പറ്റില്ല.
'ലണ്ടന്‍ വിവാദം' കൂടി പറയാം. ഞാന്‍ ബെര്‍ലിനില്‍ പോയപ്പോള്‍ അവിടത്തെ സുഹൃത്തുക്കളില്‍ ആരോ ട്രെയിനില്‍ ഇരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടു. കെ. റെയിലിനെ ഞാന്‍ പ്രധാനമായും എതിര്‍ത്തത് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന പദ്ധതിയായതുകൊണ്ടാണ്. ആ കുടിയൊഴിപ്പിക്കല്‍ കേരളത്തിന് താങ്ങാന്‍ പറ്റില്ല. അതിന്റെ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഒരു കാര്യം ചോദിക്കട്ടെ, കെ.എസ്.ആര്.ടി.സി. നേരാംവണ്ണം നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് സില്‍വര്‍ലൈന്‍ നടപ്പാക്കുക? എത്ര വര്‍ഷമായി കെ.എസ്.ആര്.ടി.സി. തുടങ്ങിയിട്ട്? ഒന്നാം പിണറായി, രണ്ടാം പിണറായി സര്‍ക്കാറുകള്‍ കൊണ്ടുണ്ടായ വലിയ കാര്യം കെ.എസ്.ആര്.ടി.സി. തകര്‍ന്നു എന്നുള്ളതാണ്. യാത്ര ചെയ്യാന്‍ നേരത്തിനും കാലത്തിനും ബസ് സൗകര്യമോ ഇല്ല. അതിലും പ്രധാനപ്പെട്ടതാണ് ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുന്നില്ല എന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ ഓഫീസര്‍മാര്‍ ശമ്പളം വാങ്ങണ്ട എന്ന് ഹൈക്കോടതി വരെ ഉത്തരവിട്ടു. അത്ര പിടിപ്പുകേടുള്ള ഗതാഗത വകുപ്പ് നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തെത്തുന്ന തീവണ്ടി എങ്ങനെയാണ് നടപ്പിലാക്കാന്‍ പോവുന്നത്?
എ.കെ. ആന്റണി മുഖ്യന്ത്രിയും എ.കെ. മുനീര്‍ പൊതുമരാമത്ത് മന്ത്രിയുമായിരിക്കുമ്പോള്‍ റോഡ് മാര്‍ഗം അഞ്ച് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തെത്തുന്ന പദ്ധതി അവതരിപ്പിച്ചതാണ്. അന്ന് എല്‍.ഡി.എഫ്. എതിര്‍ത്തതല്ലേ? ആ എതിര്‍പ്പിന്റെ കൂടെ നിന്ന ആളുകളാണ് ഞങ്ങളൊക്കെ. യു.ഡി.എഫിന്റെ പദ്ധതികളെ എതിര്‍ക്കുന്നത് മുതലാളിത്ത വികസന സങ്കല്പത്തെ എതിര്‍ക്കലാണ്. എല്‍.ഡി.എഫിന്റെ പദ്ധതികളെ എതിര്‍ക്കുന്നത് വികസന വിരുദ്ധരായതുകൊണ്ടാണ്! രണ്ടും എങ്ങനെയാണ് ശരിയാവുക? ഭരണത്തില്‍ ആന്റണിയാണോ, പിണറായി ആണോ എന്ന് നോക്കിയിട്ടല്ല എതിര്‍ക്കുന്നത്. കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ ആണ് എന്നതിനാലാണ്. ബി.ജെ.പി. കേന്ദ്രസര്‍ക്കാര്‍ എന്തായാലും സില്‍വര്‍ ലൈന്‍ അനുമതി നല്‍കില്ല. കാരണം അടയാളം വെക്കുന്ന കല്ല് പിഴുതെറിയുന്നത് കേന്ദ്രമന്ത്രി വി. മുരളീധരനും കൂടിയുള്ള നേതൃത്വത്തിലാണ്.
എന്റെ മകന് ലണ്ടനിലാണല്ലോ എന്ന കമന്റിനടിയില് അബദ്ധവശാല്‍ ഞാനും മറുപടി കമന്റെഴുതി; പിണറായി വിജയന്റെ മകനും ലണ്ടനിലാണ്.. അദ്ദേഹം പക്ഷേ, ലണ്ടനില്‍ നിന്നും മാറിയിരുന്നു. കൊടിയേരിയുടെ മക്കള്‍ ബാംഗ്ലൂരില്‍നിന്നു താമസം മാറിയിരുന്നു. തെറ്റ്പറ്റിയത് തിരിച്ചറിഞ്ഞപ്പോല് ഖേദം പ്രകടിപ്പിച്ച് മാപ്പ് പറഞ്ഞു. പിണറായിയുടെ മകന് മാഞ്ചസ്റ്ററില്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ കേട്ടിരുന്നു. അവിടെനിന്നും അദ്ദേഹം മാറി ദുബായില്‍ പോയത് ഞാന്‍ അറിഞ്ഞില്ല.
സില്‍വര്‍ലൈനിന് എതിരെ നിന്നതിനാല്‍ റഫീഖ് അഹമ്മദിനും എനിക്കുമൊക്കെ സൈബര്‍ ആക്രമണങ്ങള്‍ വന്നു. അതേപ്പറ്റിയൊന്നും ആശങ്കയും പരാതിയുമൊന്നുമില്ല. എന്റെ വ്യക്തിജീവിതത്തില്‍ പറയാന്‍ പറ്റുമോ ഞാന്‍ ജര്‍മനിയില്‍ പോയത് ഒരു കുറ്റമാണെന്ന്? എന്റെ പേര് മൊഹിയുദ്ദീന്‍ എന്നായത് ഒരു പോരായ്മയാണോ? മകന് ലണ്ടനില്‍ ജോലിയാണ് എന്നത് കുറ്റമാണോ? അതൊന്നും നിലവാരമുള്ള ചര്‍ച്ചകളല്ല. സില്‍വര്‍ലൈനിന് എതിരായിട്ടാണ് ഞാന്‍ പറഞ്ഞത്. അതിന് പറയാനുള്ളത് പറയാം.
ചോദ്യം ഇതാണ്; സില്‍വര്‍ലൈന്‍ കേരളത്തിന് അത്യാവശ്യമുള്ള കാര്യമാണോ? കുടിയൊഴിപ്പിക്കലുകള്‍ക്ക് ആര് ഉത്തരം നല്‍കും? ഈ പദ്ധതി വരുത്തിവെക്കുന്ന താങ്ങാനാവാത്ത കടത്തിന് ആര് ഉത്തരം നല്‍കും? കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരുന്നില്ലേ കെ.എസ്.ആര്.ടി.സി.? അതിനെ എങ്ങനെ രക്ഷിച്ചെടുക്കും? ആക്രി വിലയ്ക്ക് കഴിഞ്ഞ ദിവസവും തൂക്കിക്കൊടുത്തില്ലേ?
ജനാധിപത്യത്തിലാണ് എന്റെ വിശ്വാസം. ജനാധിപത്യം നിലനില്ക്കണമെങ്കില് അഹിംസ പ്രധാനഘടകമാണ്. എ.കെ.ജി. സെന്ററായലും രാഹുല്‍ ഗാന്ധിയുടെ ഓഫീസായാലും അക്രമം ജനാധിപത്യവിരുദ്ധമാണ്. തലവെട്ടി കാര്യങ്ങള്‍ നടപ്പിലാക്കുന്നത് രാജാധിപത്യത്തിലാണ്. തല എണ്ണിയിട്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് ജനാധിപത്യം. ഒരു തെറ്റും പറ്റാത്ത ദൈവമാണ് ഗാന്ധി എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അഹംസയുടെ പ്രാധാന്യം മനസ്സിലാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യനാണ് ഗാന്ധി.
വിമര്‍ശിച്ചാല്‍ കൊന്നുകളയും എതിര്‍ത്താല്‍ കൈ വെട്ടിക്കളയും എന്നതിനെതിരാണ് എന്റെ രാഷ്ട്രീയം. എന്റെ നിലപാടുകള്‍ ആരോടും പത്തു രൂപ വാങ്ങിയിട്ട് പറയുന്നതല്ല, ആരെയും പേടിച്ചിട്ടും പറയുന്നതല്ല. എനിക്ക് സത്യമാണ് എന്ന് തോന്നുന്നത് അപ്പപ്പോള്‍ പറയും, ആവുംപോലെ എഴുതുകയും ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..