'മയ്യഴിപ്പുഴയുടെ തീരങ്ങളെ' മറികടക്കുന്ന ഒന്നെഴുതുക പ്രയാസമാണ്'- എം. മുകുന്ദന്‍


എം. മുകുന്ദന്‍/ ഡോ. ദിനേശന്‍ കരിപ്പള്ളി

ചെറുപ്പകാലത്ത് ജീവിതം നമുക്കൊരു സമരമാണ്. ഒരു ജോലിയുണ്ടാവണം, അതില്‍ പിടിച്ചുനില്‍ക്കണം, കുട്ടികളുണ്ടാവണം, അവരെ നന്നായി വളര്‍ത്തണം, പെണ്‍കുട്ടികളുണ്ടെങ്കില്‍ കല്യാണംകഴിച്ചയ്ക്കണം...

എം. മുകുന്ദൻ/ ഫോട്ടോ: എൻ.എം പ്രദീപ്

കഥയിലും നോവലിലും നിത്യഹരിതയുവത്വം നിറഞ്ഞ പ്രതിഭയുടെ മുദ്രകള്‍ ചാര്‍ത്തിയ എഴുത്തുകാരനാണ് എം. മുകുന്ദന്‍. ആധുനികതയ്ക്കുമുമ്പും ആധുനികതയിലും ആധുനികോത്തരതയിലും മുകുന്ദന്റെ മാജിക്കല്‍ പ്രതിഭയുടെ തീക്ഷ്ണവെളിച്ചം മലയാളിവായനക്കാര്‍ അതിശയത്തോടെ കണ്ടതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന 'നിങ്ങള്‍' എന്ന ഏറ്റവും പുതിയ നോവലിലും പുതുമയുടെ ചൈതന്യം ആവാഹിക്കുന്ന, സര്‍ഗാത്മകതയുടെ യുവത്വം ആഘോഷിക്കുന്ന മണിയമ്പത്ത് മുകുന്ദന്‍ എന്ന മലയാളികളുടെ പ്രിയപ്പെട്ട എം. മുകുന്ദന് ഇന്ന് 80 വയസ്സാകുന്നു.

1942 സെപ്റ്റംബര്‍ പത്തിന് 'പൂരംപിറന്ന എഴുത്തിന്റെ പുരുഷന്‍' മയ്യഴിക്കുസമീപം പള്ളൂരിലാണ് ഇപ്പോള്‍ താമസം. ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍നിന്ന് ഡെപ്യൂട്ടി കള്‍ച്ചറല്‍ അറ്റാഷെയായി വിരമിച്ച്, നാലുപതിറ്റാണ്ടുനീണ്ട പ്രവാസം മതിയാക്കി, നാട്ടിന്‍പുറത്തിന്റെ പ്രശാന്തതയില്‍ പിറക്കാനിരിക്കുന്ന രചനകളിലെ കഥാപാത്രങ്ങളെ മനസ്സില്‍ താലോലിക്കുന്ന എം. മുകുന്ദന്‍ സംസാരിക്കുന്നു.

? ബാല്യകൗമാരങ്ങളില്‍ നിരന്തരം അലട്ടിയിരുന്ന അനാരോഗ്യത്തെ അതിജീവിച്ച് ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗസ്ഥനായി, മലയാളത്തില്‍ പ്രശസ്തനായ എഴുത്തുകാരനായി, വിജയിച്ച കുടുംബസ്ഥനായി...ഇപ്പോള്‍ എണ്‍പതുവയസ്സില്‍ എത്തിനില്‍ക്കുമ്പോള്‍ എന്തുതോന്നുന്നു

= വിസ്മയം തോന്നുന്നു. ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല, മോഹിച്ചിട്ടില്ല. എഴുതണമെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നു. എഴുതി പ്രശസ്തനാകണം, പണമുണ്ടാക്കണം, അവാര്‍ഡുകള്‍ നേടണം- അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.

?വാര്‍ധക്യത്തെ പേടിയുണ്ടായിരുന്നോ

= ഇപ്പോള്‍ തലമുഴുവന്‍ നരച്ചു, കഴുത്തിലാകെ ചുളിവുകള്‍ വീണു. ദീര്‍ഘകാലം ഞാന്‍ ജീവിച്ചുവെന്നതിന്റെ തെളിവുകളാണവ. ഇപ്പോള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍, നരച്ച തല കാണുമ്പോള്‍ എനിക്ക് സംതൃപ്തിയാണുള്ളത്-ഇത്രയുംകാലം ഞാന്‍ ജീവിച്ചല്ലോ എന്ന സംതൃപ്തി.

?പ്രായമാകുന്നതില്‍ വേവലാതി ഇല്ലെന്നാണോ

= വേവലാതികളൊന്നുമില്ല. ചെറുപ്പകാലത്ത് വാര്‍ധക്യത്തെക്കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ ഭയമുണ്ടായിരുന്നു. ഇപ്പോള്‍ വാര്‍ധക്യത്തിലെത്തിനില്‍ക്കുമ്പോള്‍ സംതൃപ്തിയാണ് തോന്നുന്നത്. ചെറുപ്പകാലത്ത് ജീവിതം നമുക്കൊരു സമരമാണ്. ഒരു ജോലിയുണ്ടാവണം, അതില്‍ പിടിച്ചുനില്‍ക്കണം, കുട്ടികളുണ്ടാവണം, അവരെ നന്നായി വളര്‍ത്തണം, പെണ്‍കുട്ടികളുണ്ടെങ്കില്‍ കല്യാണംകഴിച്ചയ്ക്കണം...അങ്ങനെ ഒരുപാട് ഉത്തരവാദിത്വങ്ങള്‍. പക്ഷേ, പ്രായമാവുമ്പോള്‍ ഇത്തരം ഉത്തരവാദിത്വങ്ങളൊന്നുമില്ല. മക്കള്‍ നല്ലനിലയിലായിട്ടുണ്ടാവും. ജോലിയുടെ ടെന്‍ഷന്‍ ഒഴിഞ്ഞിട്ടുണ്ടാവും. ദീര്‍ഘകാലം ജോലിചെയ്തതുകൊണ്ട് അല്പം കാശ് കൈയിലുണ്ടാവും... അങ്ങനെ സമാധാനമുള്ള ഒരു കാലമാണ് വാര്‍ധക്യം. ഈയൊരു തിരിച്ചറിവ് എനിക്ക് അദ്ഭുതമായിരുന്നു.

?മരിച്ചുപോയേക്കുമെന്ന തോന്നലുണ്ടായതിനെത്തുടര്‍ന്നാണ് 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' വേഗം എഴുതിത്തീര്‍ത്തതെന്ന് പറഞ്ഞതോര്‍ക്കുന്നു

= പൂര്‍ണമായിട്ടല്ലെങ്കിലും ആ നോവലിന്റെ ചിതറിയ ചില രൂപങ്ങള്‍ കുട്ടിക്കാലംമുതലേ മനസ്സിലുണ്ടായിരുന്നു. കഥാപാത്രങ്ങള്‍, സന്ദര്‍ഭങ്ങള്‍... അതങ്ങനെ വളര്‍ന്നുവരുകയായിരുന്നു. 14-15 വയസ്സുള്ളപ്പോള്‍മുതല്‍ അത് മനസ്സിലുണ്ടായിരുന്നു. നോവലിനെക്കുറിച്ചോ അതിന്റെ ഘടനയെക്കുറിച്ചോ അക്കാലത്ത് ധാരണയൊന്നുമില്ലല്ലോ. പെട്ടെന്ന് ഒരുനാള്‍ നോവല്‍ പൂര്‍ണതയില്‍ വന്നതല്ല. അതിന്റെ ചെറിയ തുണ്ടുകളും ചീളുകളും വളര്‍ന്നുവളര്‍ന്ന് ശ്വാസംമുട്ടിക്കുന്ന അവസ്ഥയിലെത്തുകയായിരുന്നു. അങ്ങനെ, എഴുതാതെ കഴിയില്ലെന്ന ഘട്ടമെത്തിയപ്പോള്‍ 25 വയസ്സാകുമ്പോഴേക്കും ഞാനത് എഴുതിത്തീര്‍ത്തു.

?എസ്.കെ. പൊറ്റെക്കാട്ട് മയ്യഴിയെക്കുറിച്ച് ഒരു നോവലെഴുതുന്നുവെന്ന് അക്കാലത്ത് പറഞ്ഞുകേട്ടിരുന്നു. അല്ലേ

= അതെ, അങ്ങനെ കേട്ടിരുന്നു. എസ്.കെ.യ്ക്ക് മയ്യഴി നന്നായി അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യവീട് മയ്യഴിയിലായിരുന്നു. എന്തുകൊണ്ടോ അദ്ദേഹം അത്തരമൊരു നോവല്‍ എഴുതിയില്ല. എഴുതിയിരുന്നെങ്കില്‍ മയ്യഴിയെക്കുറിച്ച് വ്യത്യസ്തമായ രണ്ടുനോവലുകള്‍ നമുക്ക് കിട്ടിയേനെ.

?അങ്ങയുടെ തലമുറയില്‍പ്പെട്ട എഴുത്തുകാര്‍ (കാക്കനാടന്‍, ഒ.വി. വിജയന്‍, പുനത്തില്‍, സേതു, സക്കറിയ) തമ്മില്‍ ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നതായി അറിയാം. പുതിയകാലത്തെ എഴുത്തുകാര്‍ തമ്മില്‍ അത്തരമൊരു ബന്ധമുണ്ടോ

= ഇപ്പോഴത്തെ എഴുത്തുകാര്‍ തമ്മില്‍ ഗാഢമായ ബന്ധം കുറവാണെന്നുതോന്നുന്നു. സോഷ്യല്‍ മീഡിയയുടെയും മൊബൈല്‍ ഫോണിന്റെയും വരവോടെ പരസ്പരം കാണാനുള്ള അവസരങ്ങള്‍ കുറഞ്ഞതാവാം പ്രധാന കാരണം. ജീവിതത്തിന്റെ വേഗവും കാരണമാണ്. പഴയകാലത്ത് ദാരിദ്ര്യമുണ്ടായിരുന്നു. സമ്പന്നരായവര്‍ സമൂഹത്തില്‍ കുറവായിരുന്നു. പക്ഷേ, അന്ന് നമ്മള്‍ സ്‌നേഹസമ്പന്നരായിരുന്നു. എന്നാല്‍, സാമ്പത്തികമായി മെച്ചപ്പെട്ടതോടെ നമ്മള്‍ പരസ്പരം അകലാന്‍ തുടങ്ങി. എല്ലാവരും അവനവനെക്കുറിച്ചുമാത്രം ചിന്തിച്ചുതുടങ്ങി. മലയാളിയുടെ ജീവിതത്തില്‍വന്ന മാറ്റമാണിത്. മനുഷ്യര്‍ പരസ്പരം കാണണം, സ്പര്‍ശിക്കണം, കൈകൊടുക്കണം, ചുമലില്‍ത്തട്ടി സംസാരിക്കണം. നമുക്കിപ്പോള്‍ അതൊന്നുമില്ലല്ലോ. മുമ്പൊക്കെ ആളുകള്‍ തോളില്‍ കൈയിട്ട് നടക്കുമായിരുന്നു. ഇപ്പോഴത് കാണാറേയില്ല

?അടുത്തിടെ പുതിയ എഴുത്തിന്റെ ചില പരിമിതികള്‍ ഒരു അഭിമുഖത്തില്‍ എം.ടി. പരാമര്‍ശിച്ചപ്പോള്‍ സാമൂഹികമാധ്യമങ്ങളിലത് ഏറെ ഒച്ചപ്പാടുണ്ടാക്കി. ശ്രദ്ധിച്ചിരുന്നോ

=അതൊക്കെ കണ്ടപ്പോള്‍ വിഷമം തോന്നിയിരുന്നു. എം.ടി.യെപ്പോലെ ഗുരുസ്ഥാനീയനായ ഒരാള്‍ അങ്ങനെയൊരു അഭിപ്രായം പറയുമ്പോള്‍ എന്തുകൊണ്ട് അദ്ദേഹം അപ്രകാരം പറഞ്ഞുവെന്നത് ആലോചിക്കണം. അത് ചെയ്തില്ല. പകരം അധിക്ഷേപിക്കുകയാണ് ചെയ്തത്. നമ്മുടെ സോഷ്യല്‍ മീഡിയ നിലനില്‍ക്കുന്നതുതന്നെ ഇങ്ങനെയാണ്. ഗുരുസ്ഥാനീയരായ വ്യക്തികളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ആദരവോടെയാകണം, അധിക്ഷേപമാകരുത്.

? ഫ്രഞ്ച് സാഹിത്യം എഴുത്തില്‍ പ്രചോദനമായിട്ടുണ്ടോ

= ഫ്രഞ്ച് സാഹിത്യമാണ് എന്റെ വായനയിലേറെയും. ഫ്രഞ്ച്, മലയാളം, ഇംഗ്‌ളീഷ്-ഭാഷ ഏതായാലും വായന എപ്പോഴും സെലക്ടീവാണ്. ലോകസാഹിത്യത്തില്‍ എന്തുസംഭവിക്കുന്നുവെന്നത് നമ്മളറിയണം. അതിനുവേണ്ടി ഏറ്റവും പുതിയ പുസ്തകങ്ങള്‍ വായിക്കുന്നു. കൂടുതല്‍ വായിക്കുന്നത് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളാണ്.

?മദ്യവും മയക്കുമരുന്നും മറ്റും ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചവരില്‍ മുമ്പന്‍ എം. മുകുന്ദനാണ്. വ്യക്തിജീവിതത്തില്‍ ഇവ ഉപയോഗിക്കുന്നുണ്ടോ

=ഇല്ല. രചനകളില്‍ ആവിഷ്‌കരിച്ചതെല്ലാം അനുഭവിച്ചറിഞ്ഞതല്ല. നിരീക്ഷിച്ചറിഞ്ഞതാണ്. ഓഫീസിലെ പാര്‍ട്ടികളില്‍ മദ്യം സുലഭമായിരുന്നു. വൈനാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. വൈന്‍ നമ്മുടെ ഉള്ളിലെ സര്‍ഗാത്മകതയെ ഉണര്‍ത്തും. മദ്യപിച്ചുകഴിഞ്ഞാല്‍ ഒന്നും എഴുതാന്‍ സാധിക്കില്ല. അമിതമായി മദ്യപിച്ചതുകാരണം പ്രതിഭാശാലികളായ പല എഴുത്തുകാരും നശിച്ചുപോയിട്ടുണ്ട്. കഞ്ചാവിന്റെയും ലഹരിമരുന്നുകളുടെയും ലോകത്ത് പ്രവേശിച്ചാല്‍ പിന്നെ മടങ്ങിവരാന്‍ പറ്റിയെന്നുവരില്ല. 60-കളില്‍ ഡല്‍ഹിയില്‍ മയക്കുമരുന്നിന്റെ അതിപ്രസരമായിരുന്നു. ചിത്രകാരന്മാരും മറ്റുകലാകാരന്മാരും അവ യഥേഷ്ടം ഉപയോഗിച്ചിരുന്നു. അവരുടെയൊക്കെ ജീവിതം അടുത്തറിയാനുള്ള സന്ദര്‍ഭമുണ്ടായിട്ടുണ്ട്. അത് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.

?മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന 'നിങ്ങള്‍' വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച നോവലാണ്. അതിനുശേഷം പുതിയ എഴുത്ത്

=ചില ആശയങ്ങള്‍ മനസ്സിലുണ്ട്. വ്യക്തമായ രൂപമായിട്ടില്ല. പുതിയ മയ്യഴിയെക്കുറിച്ച് നോവലെഴുതണമെന്ന് പലരും സ്‌നേഹത്തോടെ നിര്‍ബന്ധിക്കുന്നുണ്ട്. 'മയ്യഴിപ്പുഴയുടെ തീരങ്ങളെ' മറികടക്കുന്ന ഒന്നെഴുതുകയെന്നത് പ്രയാസമാണ്. ഒരു എഴുത്തുകാരനെ പ്രചോദിപ്പിക്കുന്ന ഒന്നുംതന്നെ പുതിയ മയ്യഴിയില്‍ ഇല്ലതാനും. അതിനാല്‍ അത്തരമൊരു നോവല്‍ എഴുതേണ്ടെന്നാണ് തീരുമാനം. ഇനിയത് പുതിയ തലമുറ എഴുതട്ടെ!

?ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിനുപകരം കേരളത്തിലെ ഒരു സ്ഥാപനത്തിലായിരുന്നെങ്കില്‍

=തീര്‍ച്ചയായും വ്യത്യാസമുണ്ടാവും. ഡല്‍ഹിയിലായതുകാരണം ജാതി, മതം തുടങ്ങിയ ഒട്ടേറെ കുടുക്കുകളില്‍നിന്ന് മോചനം സാധ്യമായി. ശുദ്ധസംഗീതം, ശാസ്ത്രീയസംഗീതം, ഗംഭീരപെയിന്റിങ്ങുകള്‍ എന്നിവ കാണുന്നതും കേള്‍ക്കുന്നതും മനസ്സിലാക്കുന്നതും അവിടെനിന്നാണ്. വൈവിധ്യമാര്‍ന്ന കാഴ്ചകള്‍, വ്യക്തികള്‍, യാത്രകള്‍ ഒക്കെ സാധ്യമാക്കിയത് ഡല്‍ഹിയാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഡല്‍ഹിയില്‍ പോയതുകൊണ്ട്, മലയാളിയായി ജനിച്ച ഞാന്‍ മനുഷ്യനായി വളര്‍ന്നു.

എം. മുകുന്ദന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: M.Mukundan, Dr. Dinesan Karippally, Modernism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented