കൃഷ്ണന്‍ നായരെക്കൊണ്ട് കഥയെഴുതിച്ചു, അച്ചടിച്ചതോടെ വായനക്കാര്‍ കരിമരുന്ന് പ്രയോഗിച്ചു!-തോമസ് ജേക്കബ്


ഷബിത

എം. കൃഷ്ണന്‍ നായരുടെ ജന്മശതാബ്ദിദിനത്തില്‍ മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും കോളമിസ്റ്റുമായ തോമസ് ജേക്കബ് സാഹിത്യവാരഫലത്തെക്കുറിച്ചും എം. കൃഷ്ണന്‍ നായരെക്കുറിച്ചും സംസാരിക്കുന്നു. 

തോമസ് ജേക്കബ്, എം. കൃഷ്ണൻ നായർ

സാഹിത്യവാരഫലം പോലെ അത്രയും ജനപ്രീതിനേടിയ ഒരു പംക്തി ലോകത്ത് സാഹിത്യസംബന്ധമായി മറ്റേതുഭാഷയിലെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പത്തുമുപ്പത് വര്‍ഷക്കാലം തുടര്‍ച്ചയായി നടന്ന കോളങ്ങള്‍ ധാരാളമുണ്ട്. പക്ഷേ അത്തരം കോളങ്ങളില്‍ ഓരോ ആഴ്ചയും ലോകത്തിലെ ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റിയാകും എഴുതുക. അപ്പോള്‍ അത്രയും വൈവിധ്യം ഓരോ ആഴ്ചയിലും കൊണ്ടുവരാനും കഴിയും. പക്ഷേ മലയാളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവരുന്ന കഥകളും കവിതകളും നോവലുകളും ഇലസ്‌ട്രേഷനുകളും മാത്രം അപഗ്രഥിച്ചുകൊണ്ട് മുപ്പത്തിയാറ് വര്‍ഷക്കാലം സാഹിത്യവാരഫലം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ എം. കൃഷ്ണന്‍ നായര്‍ കാണിച്ച അധ്വാനം മഹത്തായതാണ്. ഒരു പംക്തീകാരനും തന്റെ കോളം ഓരോ വര്‍ഷവും ഇത്രകണ്ട് പുതുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എഴുത്തിലോ, വിഷയാവതണത്തിലോ, ഉള്‍ക്കൊള്ളിക്കുന്ന പുതിയ വിഷയങ്ങളുടെ കാര്യത്തിലോ അങ്ങനെ എന്തെങ്കിലുമൊരു നവീകരണം, ഒരു മഹാവൈവിധ്യം എല്ലാവര്‍ഷവും അദ്ദേഹം സാഹിത്യവാരഫലത്തില്‍ നടത്തിയിരുന്നു. മലയാളത്തിലെ മറ്റൊരു കോളമിസ്റ്റും ഇത്രയും പുതുക്കല്‍ നടത്തിയിട്ടുള്ളതായി എനിക്കോര്‍മയില്ല.

ഒരാളിന്റെ കൃതിയെ വിമര്‍ശിക്കുമ്പോള്‍ തനിക്ക് ഇദ്ദേഹത്തെ പരിചയമുണ്ടോ ഇല്ലയോ എന്നതൊന്നും അദ്ദേഹം പരിഗണിക്കുകയേ ഇല്ല. നിര്‍ദയം വിമര്‍ശിക്കിക്കേണ്ടതാണെങ്കില്‍ ആളിനെ സംഹരിച്ചിട്ടേ മാറുകയുള്ളൂ. പിറ്റേന്ന് രാവിലെ അയാളെ വഴിയില്‍ വെച്ച് കണ്ടാല്‍ എഴുതിയതെല്ലാം മറന്ന് പഴയകാല സൗഹൃദത്തോടെ പെരുമാറുകയും ചെയ്യും. ഇത്രയും പുസ്തകങ്ങള്‍ വായിച്ച ഒരു മലയാളി എഴുത്തുകാരന്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. പുസ്തകവില്‍പനശാലകളില്‍ നിന്നെല്ലാം പുസ്തകങ്ങള്‍ കടം പറഞ്ഞ് വാങ്ങിക്കുമായിരുന്നു. എഴുത്തില്‍ നിന്നും പ്രതിഫലം ലഭിക്കുമ്പോളാണ് പണം കൊടുക്കുക.

അദ്ദേഹം വലിയ എഴുത്തുകാരനായി എസ്റ്റാബ്ലിഷ്ഡായതിനുശേഷമാണ് ഞാന്‍ സമീപിക്കുന്നത്. അപ്പോഴേക്കും മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോളമിസ്റ്റായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തെ എപ്പോള്‍ സമീപിച്ചാലും ഒരുമടിയും കൂടാതെ പെട്ടെന്ന് ലേഖനം എഴുതിത്തരുമായിരുന്നു. നാളെ കിട്ടണം എന്നുപറഞ്ഞാല്‍ നാളെത്തന്നെ കിട്ടിയിരിക്കും. എഡിറ്റര്‍മാര്‍ കൊടുക്കുന്ന ഡെഡ്‌ലൈന്‍ കൃത്യമായി പാലിക്കുന്ന എഴുത്തുകാരനായിരുന്നു. ഒട്ടുമിക്ക എഴുത്തുകാരും നാളെ എന്നുപറഞ്ഞാല്‍ ഒരാഴ്ച കഴിഞ്ഞാലും കിട്ടുകയില്ല.

എഴുത്തിന് പ്രത്യേക പേപ്പറും പ്രത്യേക മഷിയും അദ്ദേഹം സൂക്ഷിച്ചിരുന്നു. പേപ്പറിലെ എഴുത്ത് മറുവശം കാണാന്‍ കഴിയും. പത്രമാഫീസില്‍ കവര്‍ കിട്ടി പൊളിക്കുമ്പോഴേ അറിയാന്‍ കഴിയും ഇത് കൃഷ്ണന്‍ നായര്‍ സാറിന്റെ ലേഖനമാണെന്ന്. അദ്ദേഹം ഉപയോഗിച്ചിരുന്ന പേപ്പറും മഷിയുടെ നിറവുമായിരുന്നു അതിന് സഹായിച്ചിരുന്നത്. മറ്റെല്ലാ എഴുത്തുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്ന്.

എഴുത്തുകാരെ നിര്‍ദയം വിമര്‍ശിച്ചുകൊന്നുകൊലവിളിയ്ക്കുന്ന കൃഷ്ണന്‍ നായര്‍ സാറിന് പക്ഷേ തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ഉൾക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഓരോ വിമര്‍ശനവും അദ്ദേഹം തേടിപ്പിടിച്ച് വായിച്ച് വിഷമിച്ചിരുന്നു. വളരെ സെന്‍സിറ്റീവായ മനുഷ്യനായിരുന്നു. വാചകമേള എന്ന പംക്തി ആരംഭിച്ചപ്പോള്‍ ഒരു എരിവും പുളിയും കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തില്‍ മറ്റുപത്രങ്ങളില്‍ വന്ന ലേഖനങ്ങളെ ചര്‍ച്ചയാക്കപ്പെടാവുന്ന പ്രസ്താവനകള് എടുത്ത് പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. കൃഷ്ണൻ നായര്‍ സാറിനെ വമിര്‍ശിക്കുന്ന ഒരു വാചകം കൊടുത്തിട്ടുണ്ടെങ്കില്‍ കുറച്ചുകഴിഞ്ഞ് സാറിന്റെ കോള്‍ വരുമായിരുന്നു. എന്നെയങ്ങ് കൊന്നുകളഞ്ഞില്ലേ എന്നുചോദിച്ച് പരിഭവം തുടങ്ങും. എന്റെ സാറേ, സാറ് എല്ലാവരെയും വധിക്കുന്നയാളല്ലേ തിരിച്ചങ്ങോട്ടും ആര്‍ക്കുമെന്തെങ്കിലുമൊക്കെ പറയാനുണ്ടാവില്ലേ എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു. വളരെ പ്രസക്തവും വായിക്കപ്പെടേണ്ടതുമായ വാചകങ്ങളേ കൊടുക്കാറുള്ളൂ. സാറ് പക്ഷേ എന്നെ നശിപ്പിച്ചല്ലേ എന്നുള്ള പരാതി നിര്‍ത്തില്ല. ഇത് പതിവായപ്പോള്‍ അത്രയും തിളങ്ങിനില്‍ക്കുന്ന ഒരു മനുഷ്യനെ വിഷമിപ്പിക്കണ്ട, ഈ കരച്ചില്‍ കേള്‍ക്കാന്‍ വയ്യ, എന്ന തീരുമാനത്തില്‍ വാചകമേളയില്‍ സാറിനെ സംബന്ധിക്കുന്ന ഒന്നും തന്നെ കൊടുക്കണ്ട എന്നുതീരുമാനിച്ചു.

അതേസമയം വളരെ സ്‌നേഹസമ്പന്നനായ വ്യക്തിത്വമായിരുന്നു കൃഷ്ണന്‍ നായരുടേത്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വളരെ വ്യക്തിപരമായിരുന്നു. നമ്മളുടെ വ്യക്തിപരമായി കാര്യങ്ങളെല്ലാം അന്വേഷിക്കും, അതെല്ലാം ഓര്‍മയില്‍ വെക്കും. സന്ദര്‍ഭത്തിനനുസരിച്ച് നമ്മെ ഇങ്ങോട്ട് പലകാര്യങ്ങളും ഓര്‍മിപ്പിക്കും.

ഞായറാഴ്ചപ്പതിപ്പില്‍ വ്യത്യസ്തമായി എന്തുചെയ്യാം എന്നാലോചിച്ചപ്പോള്‍ ഇതുവരെ സാഹിത്യകാരന്മാരെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടില്ലാത്ത ഒരു സംഗതി മനസ്സില്‍ വന്നു. ടി. പത്മനാഭന്‍ യാത്രാക്കുറിപ്പുകള്‍ എഴുതാറില്ല, പക്ഷേ അദ്ദേഹം കാണാത്ത നാടുകള്‍ കുറവാണ്. ടി. പത്മനാഭനെക്കൊണ്ട് ഒരു യാത്രാവിവരണം എഴുതിക്കാം. സകലഎഴുത്തുകാരെയും വലിപ്പച്ചെറുപ്പമില്ലാതെ വധിച്ചുകൊണ്ടിരിക്കുന്ന എം.കൃഷ്ണന്‍ നായരെക്കൊണ്ട് ഒരു ചെറുകഥ എഴുതിക്കാം. ചെറുകഥ എങ്ങനെയായിരിക്കണം എന്നുപറഞ്ഞുകൊണ്ടേയിരിക്കുന്നയാള്‍ എന്നാല്‍ എഴുതിക്കാണിച്ചുകൊടുക്കട്ടെ. കെ. സുരേന്ദ്രന്‍ ധാരാളം നോവലുകള്‍ എഴുതാറുണ്ട്. പക്ഷേ ചെറുകഥ ജീവിതത്തില്‍ എഴുതിയിട്ടില്ല. അദ്ദേഹത്തെക്കൊണ്ട് ഒരു ചെറുകഥ എഴുതിക്കുക. സ്പോര്‍ട്സ് മാത്രം എഴുതുന്ന ഒരാളെക്കൊണ്ട് സംഗീതത്തെപ്പറ്റി എഴുതിക്കുക തുടങ്ങിയ പദ്ധതികള്‍ ഞാന്‍ ആസൂത്രണം ചെയ്തു. അനേകം ആളുകള്‍ക്ക് വിഷയം കൊടുത്തു. പലരും ഉരുണ്ടുകളിച്ചു. എഴുതാന്‍ പറ്റില്ല എന്നുപറയില്ല, പക്ഷേ എഴുതാന്‍ കഴിഞ്ഞില്ല. പലരും കൊടുത്ത വിഷയത്തില്‍ നിന്നും തെന്നിമാറാന്‍ ശ്രമിച്ചു. പക്ഷേ മറുവശത്തുനിന്നുള്ള ഞങ്ങളുടെ വൈകാരിക സമ്മര്‍ദ്ദമൊക്കെ വേണ്ടതിലധികം ലഭിച്ചതുകാരണം ചില എഴുത്തുകാരൊക്കെ ശ്രമം നടത്തുകയും ചെയ്തു.

കൃഷ്ണന്‍ നായര്‍ സാര്‍ പറഞ്ഞ തിയ്യതിക്കകം കൃത്യമായി 'കഥ' അയച്ചുതന്നു. വലിയ ആകാംക്ഷയോടെയാണ് സാറിന്റെ കഥ വായിക്കാനിരുന്നത്. കഥ വായിച്ച ഞാന്‍ അങ്ങനേ ഇരുന്നു. സാറ് ചെയ്തതെന്താണെന്നുവച്ചാല്‍ പേപ്പറിന്റെ ഏറ്റവും മുകളില്‍ ചെറുകഥ, എം.കൃഷ്ണന്‍ നായര്‍ എന്നെഴുതിയിട്ട് അസ്സലൊരുസാഹിത്യലേഖനം വൃത്തിയായി എഴുതിത്തന്നു! ചെറുകഥ എന്ന് പേരിട്ടിരിക്കന്നല്ലോ ഞാന്‍ പ്രസിദ്ധീകരിച്ചു. അച്ചടിച്ചുവന്നപ്പോഴേക്കും കൃഷ്ണന്‍ നായരാല്‍ വധിക്കപ്പെട്ടതും വധിച്ചുകൊണ്ടിരിക്കുന്നവരുമായ എഴുത്തുകാരെല്ലാം വലിയ കരിമരുന്ന് പ്രയോഗങ്ങള്‍ നടത്തി. അദ്ദേഹം കഥയെഴുതിയാല്‍ ഇങ്ങനെ ഇരിക്കും! പക്ഷേ കൃഷ്ണന്‍ നായര്‍ ആ സാഹസത്തിന് മുതിര്‍ന്നത് മറ്റൊരു വീക്ഷണത്തിലാണ്. ഒരു പത്രാധിപര്‍ ഇത്രാം തിയ്യതിക്കകം ഇന്ന വിഷയത്തില്‍ എഴുതിത്തരണം എന്നാവശ്യപ്പെട്ടാല്‍ അത് കൃത്യമായി ചെയ്തുകൊടുക്കുക! ബാക്കി പത്രാധിപരുടെ യുക്തിയും സ്വാതന്ത്ര്യവും മാത്രം. പത്രാധിപന്മാരുമായി ഇത്രയും നല്ല ബന്ധം സൂക്ഷിച്ചിരുന്ന ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. അവര്‍ എന്തുപറഞ്ഞാലും അത് നടപ്പാക്കേണ്ട കാര്യം തന്നെയാണ്, പ്രായോഗികപ്രശ്നങ്ങള്‍ എന്തൊക്കെതന്നെയുണ്ടെങ്കിലും ഡെഡ്ലൈന്‍ പാലിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതനിഷ്ഠകളില്‍ ഒന്നായിരുന്നു.

സാഹിത്യവാരഫലം ആരംഭിച്ചത് മലയാളനാട് എന്ന പ്രസിദ്ധീകരണത്തിലായിരുന്നു. ഒരു ഘട്ടത്തില്‍ മലയാളനാട് ഇല്ലാതെയാവുന്നു എന്നുവന്നപ്പോള്‍ അദ്ദേഹം പതുക്കെ കലാകൗമുദിയിലേക്ക് ചുവട്മാറ്റി. അന്ന് അദ്ദേഹത്തെ കലാകൗമുദിയിലേക്ക് കൊണ്ടുപോയ എസ്.ജയചന്ദ്രന്‍നായര്‍ കലാകൗമുദി വിട്ട് സമകാലികമലയാളം തുടങ്ങിയപ്പോള്‍ കൃഷ്ണന്‍ നായര്‍ സാര്‍ അദ്ദേഹത്തിന്റെ കൂടെപ്പോയി! ഒരു പത്രാധിപരുടെ കൂടെ എഴുത്തുകാര്‍ പോകുന്ന ആദ്യത്തെ ചരിത്രസംഭവം അതായിരുന്നു. എഡിറ്റര്‍ മാറിയാലും അതുവരെയുള്ള ചരിത്രത്തില്‍ എഴുത്തുകാര്‍ പ്രസിദ്ധീകരണങ്ങള്‍ വിട്ടുപോവാറില്ല, പ്രത്യേകിച്ചും പംക്തികള്‍ കൈകാര്യം ചെയ്യുമ്പോള്‍. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും ആര്‍ട്ടിസ്റ്റ് ഭട്ടതിരിയും അന്ന് എസ്.ജെയുടെ കൂടെപ്പോയി. എസ്.ജെ എഡിറ്ററായിരിക്കുമ്പോള്‍ കലാകൗമുദിയില്‍ എഴുതിയിരുന്നവരും വരയ്ക്കുന്നവരും കാലിഗ്രാഫിസ്റ്റും അദ്ദേഹത്തോടൊപ്പം പിന്നീട് കൂട്ടപ്പലായനം നടത്തി എന്നുവേണം പറയാന്‍.

മരിക്കുന്ന അന്നുവരെ കൃഷ്ണന്‍നായര്‍സാര്‍ സാഹിത്യവാരഫലം എഴുതി. ഒരു കഥയുടെ ഒഴുക്ക്, ഒരു കവിതയുടെ വാക്ചാരുത, ഒരു ലേഖനത്തിന്റെ സ്വഭാവം...ഇതെല്ലാം സാഹിത്യവാരഫലത്തില്‍ അദ്ദേഹം നിലനിര്‍ത്തിയിരുന്നു. സാഹിത്യവാരഫലം ഒരു പുസ്തകമായി നമ്മള്‍ വായിക്കുമ്പോള്‍ ചിലതെല്ലാം ആവര്‍ത്തിക്കുന്നതായിട്ട് നമ്മള്‍ക്ക് കാണാന്‍ കഴിയും. ആവര്‍ത്തിക്കുമ്പോള്‍ ചിലപ്പോള്‍ ചില ഓര്‍മത്തെറ്റുകളും കാണാം.

വായനക്കാരോട് അത്രയധികം ബഹുമാനമുള്ളയാളായിരുന്നു കൃഷ്ണന്‍നായര്‍ സാര്‍. സാഹിത്യവാരഫലം നിരന്തരമായി വായിക്കപ്പെടുന്നതായിരിക്കണം എന്നുള്ള അടങ്ങാത്ത ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. കൗമുദിയിലെ കെ. ബാലകൃഷ്ണന് ആദ്യമായി ഒരു ലേഖനം കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥപ്പേരും എം.എ ഡിഗ്രിയും കൂടി ചെര്‍ത്തുവെച്ചിട്ടായിരുന്നു പേര് കൊടുത്തിരുന്നത്. കെ. ബാലകൃഷ്ണന്‍ സ്ഥലപ്പേരും എം.എയും വെട്ടിക്കളഞ്ഞ് എം.കൃഷ്ണന്‍ നായര്‍ എന്ന് മാത്രമാക്കി അവതരിപ്പിച്ചു. മലയാളസാഹിത്യത്തിലെ ചിരപ്രതിഷ്ഠയായിമാറി എം.കൃഷ്ണന്‍ നായര്‍ എന്ന പേര്.

മലയാളനാട് എന്ന പ്രസിദ്ധീകരണം ആരംഭിക്കാന്‍ തീരുമാനമായപ്പോള്‍ അതിന്റെ ഉടമസ്ഥനും എഡിറ്റര്‍ വി.ബി.സി നായരും കൂടി തിരുവനന്തപുരത്ത് ചെന്ന് കൗമുദിയിലെ കെ. ബാലകൃഷ്ണനുമായി ചര്‍ച്ച ചെയ്തു. മലയാളനാടില്‍ ഉള്ളടക്കം എന്തൊക്കെയായിരിക്കണം എന്നാണ് പ്രധാന ചര്‍ച്ച. പുതുതായി തുടങ്ങുന്ന പംക്തിയ്ക്ക് പേര് നിര്‍ദ്ദേശിക്കണം എന്നും അവര്‍ കെ. ബാലകൃഷ്ണനോട് അഭ്യര്‍ഥിച്ചു. അദ്ദേഹം സാഹിത്യവാരഫലം എന്ന് പേരിട്ടു. അവര്‍ തിരികെയെത്തി കൃഷ്ണന്‍ നായരോട് കാര്യം പറഞ്ഞു. അദ്ദേഹം മുന്നോട്ടുവെച്ച ഉപാധി എഴുതുകയൊക്കെ ചെയ്യാം പക്ഷേ ഇതിന്റെ പേരുമാറ്റണം എന്നായിരുന്നു. സാഹിത്യവാരഫലം എന്നുപറഞ്ഞ് ഒരു പംക്തി താന്‍ എഴുതില്ല എന്നായി കൃഷ്ണന്‍ നായര്‍. വിബിസി നായര്‍ പ്രതിസന്ധിയിലായി. പേര് മാറ്റാന്‍ പറ്റില്ല, കെ. ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ച പേരാണ് എന്ന് അദ്ദേഹം പറഞ്ഞു. അതു കേട്ടതോടെ കൃഷ്ണന്‍ നായര്‍ വിനയാന്വിതനായി. ബാലകൃഷ്ണന്‍ സാര്‍ പറഞ്ഞതാണെങ്കില്‍ ഞാന്‍ ചെയ്തോളാം, എന്നെ ആദ്യമായി എഴുതിച്ച ആളാണ് എന്നായി മറുപടി.

അത്ഭുതമെന്താണെന്നുവെച്ചാല്‍ കൗമുദിയെ എല്ലാത്തരത്തിലും ബാധിച്ചേക്കാവുന്ന ഒരു പ്രസിദ്ധീകരണമാണ് മലയാളനാട്. അതിന്റെ ഉള്ളടക്കത്തിന്റെ സ്വഭാവം ചര്‍ച്ചചെയ്യുന്നതോ കൗമുദിയുടെ പത്രാധിപരുമായിട്ട്! അതായിരുന്നു അക്കാലത്തെ പത്രപ്രവര്‍ത്തനത്തിലെ സുതാര്യത. കെ. ബാലകൃഷ്ണന്‍ ഒരുമടിയും കൂടാതെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞു. ഈ കാലഘട്ടത്തില്‍ ഇരുന്ന് അതൊന്ന് ചിന്തിച്ചുനോക്കൂ.

സാഹിത്യവാരഫലം ഓരോലക്കത്തിലും ഒന്നിനൊന്ന് ഗംഭീരമായി വന്നുതുടങ്ങിയപ്പോള്‍ മറ്റ് നിരൂപകരെ കാര്യമായി ബാധിക്കാന്‍ തുടങ്ങി. അവര്‍ എഴുതുന്ന നിരൂപണങ്ങള്‍ക്ക് ശക്തിപോരാത്ത അവസ്ഥ വന്നു. പോരാത്തതിന് കൃഷ്ണന്‍ നായര്‍ സാര്‍ നിരൂപണങ്ങളെയും വെറുതെ വിട്ടിരുന്നില്ല. മുണ്ടശ്ശേരി നല്ല നിരൂപകനല്ല എന്ന് സ്ഥാപിക്കാനായി പലതവണ അദ്ദേഹം തെളിവുകള്‍ നിരത്തി എഴുതി. സമകാലികരായ പലരേയും അദ്ദേഹം വധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ബഹുമാനമുണ്ടായിരുന്ന ഏറ്റവും വലിയ കവി ജി. ശങ്കരക്കുറുപ്പാണ്. ശങ്കരക്കുറുപ്പിന് വാനോളം പുകഴ്ത്തി അങ്ങ് ഉയരത്തില്‍ പ്രതിഷ്ഠിച്ചിരുന്നു അദ്ദേഹം. ചങ്ങമ്പുഴയെയും ബഹുമാനമായിരുന്നു. ചങ്ങമ്പുഴ കഴിഞ്ഞ് വന്ന പലകവികളും മാറ്റൊലിക്കവികളാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. മലയാളത്തിലേക്ക് പുതിയൊരു പദം അദ്ദേഹം കൊണ്ടുവന്നു- മാറ്റൊലിക്കവികള്‍. ആ പദം പിന്നീട് ലബ്ധപ്രതിഷ്ഠയായി മാറി. നോവലിസ്റ്റുകളില്‍ ഒ.വി വിജയനോട് എതിര്‍പ്പില്ലായിരുന്നു.

അദ്ദേഹത്തിന്റെ അവസാന ലേഖനം കെ.എം മാത്യുസാറിനെപ്പറ്റിയായിരുന്നു. അസുഖമാണ് എന്നറിഞ്ഞപ്പോള്‍ ചികിത്സയ്ക്കായി ഒരു വലിയ തുകയുടെ ചെക്ക് മനോരമയില്‍ നിന്നും അദ്ദേഹത്തിനായി കൊടുത്തയച്ചിരുന്നു. അതിന് നന്ദി പറഞ്ഞുകൊണ്ടുള്ള ലേഖനം സമകാലികമലയാളത്തില്‍ പ്രസിദ്ധീകരിക്കുമ്പോഴേക്കും അദ്ദേഹം അന്തരിച്ചു. എം.കൃഷ്ണന്‍ നായരോടുള്ള ബഹുമാനാര്‍ഥം അന്നത്തെ സമകാലികമലയാളം പ്രസിദ്ധീകരിച്ചത് കവര്‍പേജില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ ലേഖനം ആരംഭിച്ചുകൊണ്ടായിരുന്നു. സാഹിത്യവാരഫലം എന്ന പംക്തിയുടെ പേരും എഴുത്തുകാരന്റെ പേരുമെല്ലാം പതിവുപോലെ വെച്ച് ലേഖനം തന്നെ ഒന്നാംപേജില്‍നിന്നാരംഭിച്ചു.

പ്രൊഫ.എം കൃഷ്ണന്‍ നായര്‍ എഴുത്തുകാരിലെ വ്യത്യസ്തനായിരുന്നു, വായനക്കാരിലെ തികച്ചും വ്യത്യസ്തനും. ഇന്നും സാഹിത്യവാരഫലം ഗൗരവമൊട്ടുംചോര്‍ന്നുപോകാതെ ചര്‍ച്ചചെയ്യപ്പെടുന്നുവെങ്കില്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റയത്ര ഭാഗ്യം മറ്റാര്‍ക്കുമില്ല.


Content Highlights: Thomas Jacob, M.Krishnan Nair, Sahithyavaraphalam,Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented