ലളിതാ ചങ്ങമ്പുഴ ജോസഫ് മാഷിനെ പൊന്നാട അണിയിക്കുന്നു| ഫോട്ടോ: ഉമാ ആനന്ദ്
പാലാരിവട്ടം നടുവില്‍വീട്ടില്‍ ജോസഫ് മാഷ് ഇനി ഓര്‍മ. ചങ്ങമ്പുഴയുടെ ആത്മസുഹൃത്തായിരുന്ന ജോസഫ് മാഷില്‍ നിന്നാണ് ചങ്ങമ്പുഴയെ അന്വേഷിക്കുന്നവര്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ചറിഞ്ഞിരുന്നത്. നൂറ്റിയേഴാം വയസ്സില്‍ ജോസഫ് മാഷ് യാത്രയാകുമ്പോള്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ചങ്ങമ്പുഴയുടെ ഇളയ മകള്‍ ലളിതാ ചങ്ങമ്പുഴ.
അച്ഛന്റെ സതീര്‍ഥ്യരില്‍ അവസാനത്തെയാളും കഴിഞ്ഞദിവസം യാത്രയായി. ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും ഉറ്റ സുഹൃത്തായിരുന്ന ജോസഫ് മാഷ്. കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ പോയി കണ്ട് ഞാന്‍ പൊന്നാടയണിയിച്ചിരുന്നു. അച്ഛന്റെ സഹപാഠിയിലൂടെ അച്ഛനെ തന്നെ കാണുന്ന ഒരുനുഭവം. ജോസഫ് മാഷിന്റെ ഓര്‍മകളില്‍ ഒട്ടും മങ്ങാതെയിരുന്നത് അവരുടെ കുട്ടിക്കാലമായിരുന്നു. പ്രൈമറി ക്ലാസുകളില്‍ ഒന്നിച്ചുപഠിച്ച നാളുകളെക്കുറിച്ച് അദ്ദേഹം വാചാലനായി. ബാലകൃഷ്ണ വാര്യര്‍ എന്ന അധ്യാപകനെക്കുറിച്ചാണ് ആദ്യം തന്നെ പറഞ്ഞത്. ചങ്ങമ്പുഴയും ജോസഫ് മാഷും അടുത്തടുത്തായിരുന്നത്രേ ഇരിക്കാറ്. രണ്ടുപേരും വായ പൂട്ടാതെ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നവര്‍. സംസാരത്തില്‍ ഒന്നിനൊന്ന് മെച്ചം. സംസാരം ശല്യമായപ്പോള്‍ ജോസഫ് മാഷിനെ ചങ്ങമ്പുഴയുടെ അടുത്ത് നിന്നും എഴുന്നേല്‍പിച്ച് സ്ഥാനം മാറ്റി ഇരുത്തിയത്രേ. എന്നിരുന്നാലും സൗഹൃദത്തിന് കോട്ടം തട്ടിയില്ല. അതേ ക്ലാസില്‍ തന്നെയായിരുന്നു ഇടപ്പള്ളി രാഘവന്‍ പിള്ളയും പഠിച്ചിരുന്നത്. ചങ്ങമ്പുഴയും ജോസഫ് മാഷും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറിമാറി വാങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഇടപ്പള്ളി പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നില്ല. അദ്ദേഹം ആ വര്‍ഷം തോറ്റുപോയതിനാലാണ് ഇവരുടെ കൂടെയും ഇരിക്കേണ്ടിവന്നത്.
ഇടപ്പള്ളിയുടെ പഠനം മോശമായതിനെക്കുറിച്ച് വളരെ അനുകമ്പയോടെയാണ് ജോസഫ് മാഷ് പറഞ്ഞത്. ഇക്കാര്യം അമ്മയും മറ്റുള്ളവരും പറഞ്ഞ് ഞാന്‍ മുമ്പും കേട്ടതാണ്. ഇടപ്പള്ളി ഒരു ധനികന്റെ വീട്ടില്‍ ജോലിയ്ക്കു നിന്നാണ് പഠിച്ചിരുന്നത്. ആ വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും ഓടിത്തളര്‍ന്നതിനു ശേഷം മാത്രമേ അദ്ദേഹത്തിന് പഠനത്തെക്കുറിച്ച് ചിന്തിക്കാനാവൂ. ജോസഫ് മാഷിന്റെയും ചങ്ങമ്പുഴയുടെയും വീടുകളിലെ അന്തരീക്ഷമല്ല ഇടപ്പള്ളിയുടേത്. തികച്ചും അനാഥത്വം അദ്ദേഹം അന്നനുഭവിക്കുകയായിരുന്നു. ഇതൊന്നും പക്ഷേ മറ്റു കുട്ടികള്‍ക്കറിയില്ലല്ലോ. ചങ്ങമ്പുഴയും ജോസഫും കുട്ടികളുമടങ്ങുന്ന ഒരു സംഘം ഇടപ്പള്ളിയും കൂട്ടരുമടങ്ങുന്ന മറ്റൊരു സംഘം എന്ന നിലയില്‍ രണ്ട് ഗ്യാങ്ങുകള്‍ ക്ലാസില്‍ ഉരുത്തിരിഞ്ഞു. ആ രണ്ട് സംഘങ്ങളുടെയും മുഖ്യവിനോദം പരസ്പരം കളിയാക്കിക്കൊണ്ട് കവിതകള്‍ എഴുതുക എന്നതായിരുന്നു. ചങ്ങമ്പുഴ എഴുതുന്ന കവിതയുടെ പാരഡി ഉടന്‍ തന്നെ ഇടപ്പള്ളിയില്‍ നിന്നും തിരിച്ച് ഇടപ്പള്ളിയുടെ കവിതയ്ക്കുള്ള പാരഡി ചങ്ങമ്പുഴയില്‍ നിന്നും വന്നുകൊണ്ടിരുന്നു.
'ആരുവാങ്ങുമിന്നാരു വാങ്ങുമിന്നാരാമത്തിന്റെ രോമാഞ്ചം' എന്നു തുടങ്ങുന്ന കവിത ചങ്ങമ്പുഴ എഴുതി. 'ആരുവാങ്ങുമിന്നാരുവാങ്ങുമീ ആറുകാശിന്റെ കടലയ്ക്ക' എന്ന് ഇടപ്പള്ളി മറുകവിത ചൊല്ലി. ആറു കാശിന്റെ കടലയ്ക്ക എന്നു ചൊല്ലാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. ചങ്ങമ്പുഴയുടെ മുത്തശ്ശിയുടെ കവിളില്‍ കടലമണി വലിപ്പത്തില്‍ ഒരു അരിമ്പാറയുണ്ടായിരുന്നു. മുത്തശ്ശിയെ കുട്ടികള്‍ കളിയാക്കി 'കടലയ്‌ക്കേ കടലയ്‌ക്കേ' എന്നു വിളിക്കും. മുത്തശ്ശി പിറകേ ഓടി കുട്ടികളെ വഴക്ക് പറയും. ആ വഴക്ക് കേള്‍ക്കാന്‍ വേണ്ടിയാണ് കുട്ടികള്‍ മുത്തശ്ശിയെ ഇരട്ടപ്പേരില്‍ വിളിക്കുന്നത്. കൊട്ടാരത്തിലെ തമ്പുരാട്ടിമാരെ തിരുവാതിര പഠിപ്പിക്കലായിരുന്നു മുത്തശ്ശിയുടെ ജോലി. കൊട്ടാരത്തില്‍ നിന്നും കിട്ടുന്ന ഭക്ഷണസാധനങ്ങള്‍ വീട്ടിലേക്ക് മുത്തശ്ശി കെട്ടിപ്പേറി കൊണ്ടുവരും. അത് രാഘവന്‍ പിള്ളയ്ക്കറിയാം. അദ്ദേഹം അതേ വിഷയത്തില്‍ വീണ്ടും എഴുതി. ''പച്ചക്കടലയ്ക്ക തിന്നാലാര്‍ക്കം പദ്യമെഴുതുവാനൊക്കും മെച്ചമായിത്തീര്‍ന്നിടും കൂടെ കുറച്ചെച്ചിലും കൂടി ഭുജിച്ചാല്‍....''
ചങ്ങമ്പുഴ ഭക്ഷിക്കുന്നത് കൊട്ടാരത്തിലെ എച്ചിലാണെന്ന് സാരം. ജോസഫ് മാഷ് ചങ്ങമ്പുഴയെ സമാധാനിപ്പിക്കും. ഇടപ്പള്ളിയ്‌ക്കൊപ്പം ചെറിയാന്‍ എന്ന വിദ്യാര്‍ഥിയും ഉണ്ടായിരുന്നു. അദ്ദേഹം വളരെ നേരത്തേ മരിച്ചുപോയി. ചങ്ങമ്പുഴ മരിക്കുന്നതിനു മുന്നേ ചെറിയാന്‍ മരിച്ചുവെന്നാണ് ജോസഫ് മാഷ് പറഞ്ഞത്. വളരെ നല്ല മനുഷ്യനായിരുന്നു ജോസഫ് മാഷ്. ചങ്ങമ്പുഴയുടെ സതീര്‍ഥ്യന്‍ എന്ന് വളരെ അഭിമാനത്തോടെയാണ് പറഞ്ഞത്. അക്കാലത്തുള്ള സുഹൃത്തുക്കളുടെ മുഴുവന്‍ പേരും അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞു. ചങ്ങമ്പുഴ എന്ന വിദ്യാര്‍ഥിയെക്കുറിച്ച് അദ്ദേഹം പറഞ്ഞാണ് എനിക്ക് കൂടുതല്‍ മനസ്സിലാക്കാനായത്.

ഇടപ്പള്ളിയുടെ മരണത്തെ ജോസഫ് മാഷ് സങ്കടത്തോടെയാണ് വിമര്‍ശിച്ചത്. രാഘവന്‍ പിള്ളയ്ക്കറിയാമായിരുന്നു ചന്ദ്രികയെ ജീവിതസഖിയാക്കാന്‍ കഴിയില്ലെന്ന്. പിന്നെന്തിന് കടുംകൈ ചെയ്തു എന്നാണ് അദ്ദേഹം ചോദിച്ചത്. രമണനിലെ നായികയുടെ പേരാണ് ജോസഫ് മാഷ് ഇടപ്പള്ളിയുടെ നായികയ്ക്ക് കൊടുത്തത്; യഥാര്‍ഥ പേര് അറിയാമായിരുന്നിട്ടും. ഇടപ്പള്ളിയുടെ പ്രണയം നായിക അറിഞ്ഞിരുന്നില്ല എന്നാണ് ജോസഫ് മാഷ് പറഞ്ഞത്. ഇടപ്പള്ളിയെ യാഥാര്‍ഥ്യം പറഞ്ഞ് പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ജോസഫ് മാഷും ചങ്ങമ്പുഴയും ശ്രമിച്ചിരുന്നു. ചങ്ങമ്പുഴയും ഇടപ്പള്ളിയും ദിവസവും സായാഹ്ന സവാരിയ്ക്കിറങ്ങും. അങ്ങനെ ഒരു ദിവസം ചങ്ങമ്പുഴ ഈ വിഷയം എടുത്തിട്ടു. അവര്‍ തമ്മില്‍ വഴക്കായി. പിന്തിരിയണം എന്ന് ചങ്ങമ്പുഴ ഉപദേശിച്ചത് ഇടപ്പള്ളിയ്ക്ക് ഇഷ്ടമായില്ല. തെറ്റിപ്പിരിഞ്ഞു. ഒരുമിച്ചുള്ള സായാഹ്നസവാരി മുടങ്ങി. ചങ്ങമ്പുഴ പിണക്കം മാറ്റാന്‍ പോയില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇടപ്പള്ളി തന്നെ ചങ്ങമ്പുഴയെ വീട്ടില്‍ വന്ന് കണ്ട് പിണക്കം തീര്‍ത്തു. ഈ സംഭവം അമ്മ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. ജോസഫ് മാഷും ഇതേ സംഭവം പറഞ്ഞപ്പോള്‍ ചങ്ങമ്പുഴയും അദ്ദേഹവും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ആഴമാണ് എന്നെ അതിശയിപ്പിച്ചത്. ജോസഫ് മാഷ് അറിയാത്ത ഒരു കാര്യവും ചങ്ങമ്പുഴയ്ക്കില്ലായിരുന്നു. ചങ്ങമ്പുഴയെ അടുത്തറിഞ്ഞ, തൊട്ടടുത്തിരുന്ന, കൂടെനടന്ന അവസാനത്തെയാളും ഭൂമി വിട്ടുപോയിരിക്കുന്നു. ഇനിയുള്ളതെല്ലാം കേട്ട കഥകള്‍ മാത്രം!
Content Highlights : Lalitha Changampuzha shares memories about Joseph Master friend of poet Changampuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..