'ബിനാലെ; പുറമേനിന്ന് നോക്കുമ്പോള്‍ കാര്യങ്ങള്‍ ഗംഭീരമാണ്, പക്ഷേ അകമേ അങ്ങനെയല്ല'- ബോസ് കൃഷണമാചാരി.


ബോസ് കൃഷ്ണമാചാരി/ മധുരാജ്‌ബോസ് കൃഷ്ണമാചാരി/ ഫോട്ടോ: മധുരാജ്‌

ഇന്ത്യയിലെ ഏക ബിനാലെയാണ് കൊച്ചി-മുസ്‌രിസ് ബിനാലെ. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ കലാപ്രദര്‍ശനം. 2012-ല്‍ കൊച്ചിയില്‍ നങ്കൂരമിട്ട ബിനാലെ പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഒരു പതിറ്റാണ്ട് കൊണ്ട് നമ്മുടെ കലാപ്രവര്‍ത്തനത്തിലും സമൂഹത്തിലും ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കൊച്ചിന്‍-മുസ്‌രിസ് ബിനാലെ പ്രസിഡണ്ട് ബോസ് കൃഷ്ണമാചാരി വിലയിരുത്തുന്നു.

കൊച്ചിന്‍ മുസ്‌രിസ് ബിനാലെ അഞ്ചാമത്തെ എഡിഷനില്‍ വന്നുനില്‍ക്കുന്നു. ഈ ബിനാലെ രണ്ടു മാസം പിന്നിടുമ്പോള്‍ താങ്കള്‍ വിലയിരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?

ആളുകള്‍ ശരിക്കും അവരുടെ ജീവിതം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നു. കൊവിഡ് സൃഷ്ടിച്ച ആ ശൂന്യതയിലും ഒരുതരം ശുഭാപ്തിവിശ്വാസമുണ്ട്.. എല്ലാവരും പുറത്തുവന്ന് പരസ്പരം ആശ്ലേഷിക്കാന്‍ ആഗ്രഹിക്കുന്നു.. അവര്‍ ഇപ്പോള്‍ ഭയപ്പെടുന്നില്ല. വാരന്ത്യങ്ങളില്‍പോലും നല്ല തിരക്ക് അനുഭവപ്പെടുന്നു. പുതിയതായി കാണുന്ന ഒരു മാറ്റം വിദ്യാര്‍ത്ഥികളുടെ സാന്നിധ്യമാണ്.

മഹാരാഷ്ട്രയിലെ ഒരു ആര്‍ക്കിടെക്ചര്‍ കോളേജില്‍ നിന്നും വന്ന കുട്ടികളെയാണ് നിങ്ങള്‍ ഇപ്പോള്‍ കണ്ടത്. പത്ത് ദിവസമാണ് അവര്‍ ബിനാലേയ്ക്ക് വേണ്ടി നീക്കിവച്ചത്. പഠനത്തിനുള്ള ഒരു പ്രധാന സൈറ്റാണിത്. വാസ്തുശില്‍പ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഒരു പൈതൃക മേഖല ആണ്. ചിത്രകല പഠിക്കുന്നവര്‍ക്ക് സമകാലീന ഗ്യാലറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പഠിക്കാനുള്ള ഇടം. ഫോട്ടോഗ്രാഫി, നവമാധ്യമങ്ങള്‍, ഓഗ്മെന്റഡ് റിയാലിറ്റി, സയന്‍സ് ഓറിയന്റഡ് പ്രോജക്ടുകള്‍, ആര്‍ക്കിടെക്ചര്‍ ഓറിയന്റഡ് പ്രോജക്ടുകള്‍, പ്രിന്റ് മേക്കിംഗ് ഇതെല്ലാം പ്രധാനപ്പെട്ട സമകാലീന മാധ്യമങ്ങളാണ്. ഇത് എല്ലാ ബിനാലേകളിലും നമ്മള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ ക്യുറേറ്ററെ മുപ്പത്തി അഞ്ച് രാഷ്ട്രങ്ങളിലാണ് റിസര്‍ച്ചിനായി പറഞ്ഞയച്ചത്. 24 രാജ്യങ്ങളിലെ നൂറില്‍ പരംകലാകാരന്‍മാര്‍ ഇതില്‍ പങ്കെടുത്തു.

ബിനാലേ ഈ എഡിഷനിലെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?

ബിനാലെ ഫൗണ്ടേഷന്‍ ഇത്തവണ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഉള്ളടക്കസ്വഭാവമുള്ള കുറെ പ്രൊജക്ടുകള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട് എന്നതാണ്. നമ്മുടെ ഈ എക്‌സിബിഷന്‍ പോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 10 പ്രൊജക്റ്റുകള്‍. സ്ഥാപനങ്ങള്‍, ട്രിനാലെ, ബിനാലെ പോലുള്ള പ്രവര്‍ത്തങ്ങള്‍ നടത്തുന്ന സംഘടനകളെ ക്ഷണിച്ച് അവരുടെ പദ്ധതി ചെയ്യാന്‍ വേണ്ടിയുള്ള ഇടം കൊടുത്തിട്ടുണ്ട്. സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാക്കുക, കമ്യൂണിറ്റി ബില്‍ഡിങ്... ഇതെല്ലാം പ്രധാനപ്പെട്ടതാണ. ജീവിതം തന്നെയാണ് കല എന്ന് വിശ്വസിക്കുന്ന പ്രവര്‍ത്തകരാണ് ബിനാലേ ഫൗണ്ടേഷനില്‍ ഉള്ളത്.

ഈ ബിനാലെ എങ്ങിനെ വ്യത്യസ്തമായിരിക്കുന്നു?

കമ്യൂണിറ്റി പൊളിറ്റിക്‌സ്, ഐക്യദാര്‍ഢ്യം, കാലാവസ്ഥാ വ്യതിയാനം, ആത്മവിശ്വാസം...അങ്ങനെ പലതു കൊണ്ടും... ഇവത്തവണ കൂടുതലും (40%)ഡിജിറ്റല്‍ വര്‍ക്കുകള്‍ ആണ്. 'സിരകളില്‍ ഒഴുകുന്ന മഷിയും തീയും ' എന്ന ബിനാലെയുടെ ഇത്തവണത്തെ ടൈറ്റില്‍ തന്നെ വളരെ മനോഹരമാണ്. മഹാമാരിയ.്ക്കുശേഷം മനുഷ്യന്റെ ഒരു സ്ഥിതിയെയാണ് ഇത് സൂചിപ്പിക്കുന്നത്..

പത്ത് വര്‍ഷം കൊണ്ട് ബിനാലെ ഉണ്ടാക്കിയ നേട്ടങ്ങള്‍ എന്തൊക്കെയാണ്?

ഇതിന്റെ സാമ്പത്തിക നേട്ടം പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടാണ്. നമ്മുടെ ഹോട്ടലുകള്‍ക്ക് ഉണ്ടാക്കി കൊടുത്ത നേട്ടം വലുതാണ്. ഒരു ഹോട്ടല്‍ പോലും ഒഴിവില്ല. ചാര്‍ജ്ജും വലിയ രീതിയില്‍ കൂട്ടിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ചായക്കടക്കാരനായാലും ഓട്ടോ റിക്ഷക്കാരനായാലും ഹോം സ്റ്റേക്കാരനായാലും ആ മാറ്റം എല്ലാരിലും ഉണ്ടായിട്ടുണ്ട്.

പത്ത് വര്‍ഷം മുമ്പ് ആദ്യ ബിനാലെ തുടങ്ങുമ്പോള്‍ ആകെ 47 ഹോംസ്റ്റേകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അറുനൂറ് എണ്ണം ഉണ്ടെന്നാണ് എന്റെ അറിവ്. അത് വലിയ അളവിലുള്ള വളര്‍ച്ചയാണ്. സാമ്പത്തികമായ വളര്‍ച്ച. എത്രയോ പ്രൈവറ്റ് ജെറ്റുകള്‍ വരുന്നു. നമ്മുടെ നാടിനാണ് ആ സമ്പത്ത് വരുന്നത്. വിശദമായി നോക്കുകയാണെങ്കില്‍ പല നേട്ടങ്ങളും ഉണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കില്‍ നമ്മുടെ കുട്ടികളില്‍ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പറ്റിയിട്ടുണ്ട്. ഒരു സെന്‍സിറ്റിവിറ്റി വളര്‍ത്തിയെടുക്കാന്‍ പറ്റിയിട്ടുണ്ട്. സൗന്ദര്യശാസ്ത്രം പഠിപ്പിക്കാന്‍ കഴിയില്ല. പക്ഷെ അത് കണ്ടറിഞ്ഞ് പഠിക്കനുള്ള സാഹചര്യം ഉണ്ടാക്കി എന്നതാണ് ബിനാലെ ചെയ്ത പ്രധാന കാര്യം. ചിത്രകലയുടെ എക്‌സിബിഷനുവേണ്ടി എന്തിനാണ് ഇത്രയും കോടിക്കണക്കിന് കാശ് ചിലവഴിക്കുന്നത് എന്നാണ് ആദ്യമൊക്കെ ജനങ്ങള്‍ ചിന്തിച്ചത്.

സര്‍ക്കാര്‍ തന്ന അഞ്ചു കോടിയില്‍ നിന്ന് നമ്മള്‍ കാലാവസ്ഥ നിയന്ത്രിതമായ ഇടം സൃഷ്ടിക്കണം എന്നാണ് ആദ്യം തന്നെ തീരുമാനിച്ചത്. അവിടെ മാത്രമേ ഒരു പിക്കാസോവിനെയോ വാന്‍ഗോഗിനെയോ സമകാലീനരായ പ്രധാനപ്പെട്ട കലാകാരന്‍മാരെയോ എക്‌സിബിറ്റ് ചെയ്യുകയുള്ളൂ. എന്റെ ഓര്‍മയില്‍ ഉള്ള ഒരു കാര്യം പറയാം. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ നവീകരിച്ച കാര്യം. ആദ്യംഅവിടെ വാതിലുകളും ജനാലകളും നിറഞ്ഞ അവസ്ഥയിലായിരുന്നു. ചെറിയ ഒരു ഭാഗത്ത് ക്ലിപ്പ് വച്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയായിരുന്നു. അത് പാടേ മാറി. നല്ല വെളിച്ച വിന്യാസങ്ങളോടെ 11,000 സ്‌ക്വയര്‍ ഫീറ്റ് എക്‌സിബിഷന്‍ ഏരിയയാക്കി മാറ്റിയ ശേഷം ഒരു ജര്‍മ്മന്‍ ആര്‍ട്ടിസ്റ്റിന്റെ വര്‍ക്ക് ഇവിടെ കൊണ്ടുവരാന്‍ ശ്രമിച്ചു; ജര്‍മ്മനിയിലെ ഡ്രെസ്‌ഡെന്‍ മ്യൂസിയത്തില്‍ നിന്ന്. അപ്പോള്‍ അവര്‍ പറഞ്ഞത് എക്‌സിബിഷന്‍ നടക്കുന്ന സ്ഥലത്തെ അകത്തും പുറത്തും ഉള്ള ഒരു മാസത്തെ താപനില അയച്ചു തരൂ. അതിന് ശേഷം നോക്കാം എന്നാണ്.

കൊച്ചി ബിനാലെയില്‍ നിന്ന്‌

അതിന് ശേഷമാണ് നല്ല കുറെ പ്രദര്‍ശനങ്ങള്‍ നമുക്ക് കാണാന്‍ പറ്റിയത്. ഉദാഹരണത്തിന് എ രാമചന്ദ്രന്‍ കെ.ജി. സുബ്രമണ്യം എന്നിവരുടെ സെമി റെട്രോസ്പക്റ്റീവ്. ഇന്ത്യയിലെ ഏററവും പ്രധാനപ്പെട്ട ഒരു ആര്‍ട്ട് ഗ്യാലറികളില്‍ ഒന്നാണ് ഇപ്പോള്‍ അക്കാഡമിയുടെ കീഴിലുള്ള ദര്‍ബാര്‍ ഹാള്‍. നമുക്ക് സമകാലീനമായ നല്ല ഗ്യാലറികള്‍ ഇല്ലാത്ത സമയത്താണ് നാം ബിനാലേ ആരംഭിച്ചത്. ഇന്ന് വളരെ അധികം പോപ് അപ് ഷോപ്പുകള്‍ ഉണ്ട്. ഫാഷന്‍ ഇന്‍ഡസ്ട്രിയുടെ ഏറ്റവും പുതിയ ഡിസൈനുകള്‍. ഹാന്‍ഡ് ലൂം തുടങ്ങിയവയില്‍ മാത്രം ഡിസൈന്‍ കേന്ദ്രീകരിക്കുന്ന അഞ്ചാറ് സ്‌പേസുകള്‍ വന്നിട്ടുണ്ട്. ഇതൊക്കെ സൗന്ദര്യശാസ്ത്തിന്റെ വളര്‍ച്ചയുടെ ഭാഗമാണ്. നമ്മുടെ ബിനാലെ കാണാന്‍ വരുന്നവരില്‍ സാധാരണക്കാരും വിദ്യാസമ്പന്നരും മ്യൂസിയം പ്രൊഫഷണലുകളും ഗാലറി പ്രൊഫഷണലുകളും എല്ലാവരുമുണ്ട്.

ദല്‍ഹി, കൊല്‍ക്കത്താ, ബാംഗ്ലൂര്‍, കാശ്മീര്‍ തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള കാഴ്ച്ചക്കാരും, ഉപഭോക്താക്കളും സംരംഭകരും ബിനാലയിലേക്ക് വരാന്‍ കാരണം കൊച്ചി ഏഷ്യയിലെ പ്രധാന കലാആസ്ഥാനം ആയി മാറിയതിനാലാണ്. ധാരാളം മ്യൂസിയം ക്യൂറേറ്റര്‍, കളക്ടര്‍ എന്നിവര്‍ വരുന്നു. അവരാണ് നമ്മുടെ അന്താരാഷ്ട്ര അംബാസഡര്‍മാര്‍. അവര്‍ നമ്മളെ ധാരാളം സഹായിച്ചിട്ടുണ്ട്. ഈയിടെ ബെല്‍ജിയത്തില്‍ നിന്ന് വന്ന ഒരു ആര്‍ട് കലക്ടര്‍ ട്വീറ്റ് ചെയ്തത് കണ്ടപ്പോള്‍ സന്തോഷം തോന്നി. സിംഗപ്പൂര്‍ ബിനാലെ, ബാങ്കോക്ക് ബിനാലെ എന്നിവ കണ്ട് അദ്ദേഹം ഏറ്റവും കൂടുതല്‍ മാര്‍ക്കിട്ടത് നമ്മുടെ ബിനാലെയ്ക്ക് ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ട്ട് കളക്ടര്‍മാര്‍ ഇവിടേക്ക് വരുന്നു. ബിനാലെയില്‍ വര്‍ക്കുകള്‍ വില്‍ക്കുന്നില്ല. എന്നാല്‍ പിന്നീട് വിറ്റുപോകാനുള്ള ഒരവസരമാണ് ഒരുക്കുന്നത്. ദര്‍ബാര്‍ ഹാളില്‍ ലളിത കലാ അക്കാദമിയുമായി സഹകരിച്ച് നടക്കുന്ന പ്രദര്‍ശനം 'ഇടം' ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്. മൂന്നുപേര്‍ ചേര്‍ന്നാണ് ഇത് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. 34 മലയാളി കലാകാരന്‍മാരുടെ വര്‍ക്കുകള്‍ ആണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ബിനാലെയില്‍ 10 മലയാളി കലാകാരന്‍മാരുടെ വര്‍ക്കുകള്‍ ഉണ്ട്. എപ്പോഴും ഉള്ള പരാതി മലയാളി കലാകാരന്‍മാരുടെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല എന്നതാണല്ലോ. ദര്‍ബാര്‍ ഹാളില്‍ നടന്ന എക്‌സിബിഷന്‍ കണ്ട് സ്വിറ്റ്‌സ്വര്‍ലാന്റില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്ന ആര്‍ട്ട് കലക്ടര്‍മാര്‍ ഇവരെ അവരുടെ രാജ്യത്തേക്ക് റസിഡന്‍സിക്കായി ക്ഷണിച്ചിട്ടുണ്ട്.

ഇതൊക്കെ വലിയ അവസരമാണ്. ഇതൊക്കെ കൊണ്ടുവന്നത് ബിനാലെയാണ്. ബിനാലെ ഫൗണ്ടേഷന്‍ ചെയ്യുന്നത് ബിനാലെ മാത്രല്ല. സ്റ്റുഡന്റ്‌സ് ബിനാലെ വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നിടുന്നത് വലിയ ഒരു ലോകമാണ്. ഇന്ത്യയിലെ അറുപതോളം കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കുന്നു. അതുപോലെ ABC(Art by Children), അതില്‍ നമ്മള്‍ ഒരുക്കിയ ആര്‍ട്ട് റൂം. സംഗീതം, പ്രകടനം, എഴുത്തുകള്‍ അങ്ങനെ പലതും ചേര്‍ന്നതാണ് അത്.

ഇത്രയും വലിയ ഇവന്റ് സംഘടിപ്പിക്കുമ്പോള്‍ ചെയ്യുമ്പോള്‍ താങ്കള്‍നേരിടുന്ന വെല്ലുവിളി എന്താണ്? തുടക്കത്തില്‍ ചില കല്ലുകടി ഉണ്ടായല്ലോ?

തുടക്കത്തില്‍, മഴയായിരുന്നു പ്രശ്‌നം. സ്ഥലപരിമിതിയുടെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം നീങ്ങി. ഇതേക്കുറിച്ച് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. ഇവിടെ തുടക്കത്തില്‍ വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ വേണ്ടി ഒരു ട്രക്ക് വി ബോര്‍ഡ് ചെന്നൈയില്‍ നിന്ന് വന്നു. അത് ഇറക്കാന്‍ ഞങ്ങള്‍ക്ക് മൂന്ന് ദിവസം വേണ്ടി വന്നു. നമ്മുടെ നാട്ടിലെ പ്രാദേശിക തൊഴിലാളികളും തൊഴിലാളി യൂണിയനില്‍ ഉള്ള തൊഴിലാളികളും തമ്മിലുള്ള വഴക്കായിരുന്നു കാരണം. പണിയെടുക്കുന്ന തൊഴിലാളികളെ കൊല്ലും എന്ന ഭീഷണി പോലും ഉണ്ടായി. ലേബര്‍ ഓഫീസറെയും തൊഴിലാളികളെയും ഒന്നിച്ചിരുത്തി സംസാരിച്ചു. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇപ്പോള്‍ നല്ല സുഹൃദ് ബന്ധത്തിലാണ് കാര്യങ്ങള്‍ നടന്നുപോകുന്നത്. കലാപ്രദര്‍ശനവുമായി ബന്ധപ്പെട്ട് നമുക്ക് അറിയാന്‍ പാടില്ലാത്ത കുറേ കാര്യങ്ങള്‍ ഉണ്ട്. കലാവസ്തു എങ്ങിനെയാണ് സ്ഥാപിക്കേണ്ടത്, അവയുടെ ഗതാഗതം, ഇന്‍ഷുറന്‍സ് എന്നിങ്ങനെ. ഇന്‍ഷുറന്‍സിന്റെ കാര്യം മാത്രം എടുത്താല്‍ സൈറ്റ്, ജോലി, ഗതാഗതം, ഇവയ്ക്ക് എല്ലാം ഇന്‍ഷുറന്‍സ് എടുക്കണം. വര്‍ക്കുകള്‍ തിരിച്ചയക്കണം. വിദേശത്ത് നിന്ന് വര്‍ക്കുകള്‍ ആറ് മാസത്തിനകം തിരിച്ചയക്കണം. അയച്ചില്ലെങ്കില്‍ ബാങ്ക് ഗ്യാരണ്ടി വച്ചതില്‍ നിന്ന് അവര്‍ പണം എടുക്കും. ബാങ്ക് ഗ്യാരണ്ടി എന്താണെന്ന് പോലും ചിലര്‍ക്ക് അറിയില്ല. കലാകാരന്‍ വരുമ്പോള്‍ പ്രതിഫലം കൊടുക്കണം. ഒരു പ്രൊഫഷണല്‍ പദ്ധതി ചെയ്യുമ്പോള്‍ അങ്ങിനെ ധാരാളം കീഴ്‌വഴക്കങ്ങള്‍ ഉണ്ട്.

പ്രധാനപ്പെട്ട കാര്യം സാമ്പത്തികമാണ്. അത് കിട്ടാന്‍ വൈകിയത് കാരണം ചില കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടി. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ കലാപ്രദര്‍ശനമാണ് ബിനാലെ. ഇന്ത്യയിലെ ഏക ബിനാലെ. ഇത് 18 കോടിയുടെ പദ്ധതിയാണ്. പതിനൊന്നര കോടി കടത്തിലാണ്. ബിനാലെ നടത്താനുള്ള ചിലവിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി തുക നമ്മുടെ വ്യക്തിബന്ധങ്ങളും ബിനാലേ ഫൗണ്ടേഷന്‍ ഉണ്ടാക്കിയിട്ടുള്ള അന്താരാഷ്ട്ര പ്രശസ്തിയും ദേശീയ പ്രശസ്തിയും വഴിയാണ്. ഇപ്പോള്‍ പതിനൊന്നര കോടി രൂപ കടത്തിലാണ്. പണം സമയത്ത് കിട്ടിയില്ല. അത് കാരണം തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. സര്‍ക്കാര്‍ പണം ഇനിയും തരാനുണ്ട്. പലരോടും നമ്മള്‍ യാചിച്ചുകൊണ്ടിരിക്കുന്നു. എത്ര പേരോട് കടം ചോദിക്കും? പൈസ കൊടുക്കേണ്ട സമയത്ത് പൈസ കൊടുക്കണ്ടേ....നിര്‍ഭാഗ്യവശാല്‍ ഇവിടെ സാംസ്‌കാരിക ധനസഹായം വളരെ കുറവാണ്. നമ്മളെ മനസ്സിലാക്കുന്ന എല്ലാവരുടെയും സഹായം കൊണ്ടാണ് കാര്യങ്ങള്‍ നടന്നുപോകുന്നത്. ഡല്‍ഹിയിലെ ഒരു ആര്‍ട്ട് കലകടര്‍ തുടക്കത്തില്‍ നമ്മുടെ ചുറ്റുപാടുകള്‍ കണ്ട് ചോദിക്കാതെതന്നെ 20 ലക്ഷം രൂപ തന്നു. നമ്മുടെ കഷ്ടപ്പാട് കണ്ടത് കൊണ്ടുമാത്രമല്ല. കലയുടെ പ്രാധാന്യം അറിഞ്ഞുതരുന്ന സഹായമാണ് അത്. രാവും പകലും പണിയെടുക്കുന്ന, നമ്മളെ മനസ്സിലാക്കുന്ന ഒരു പാട് പേരുടെ പരിശ്രമഫലമാണ് ഇത്. ശമ്പളം കൊടുക്കാനില്ലാത്ത, ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. പുറമേ നിന്ന് നോക്കുമ്പോള്‍ ഇത് വളരെ നന്നായി പോകുന്നു. പക്ഷെ അകമേ കാര്യങ്ങള്‍ അങ്ങനെയല്ല...

Content Highlights: kochi muziris biennale, Bose Krishnamachari, Madhuraj, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented