സച്ചിദാനന്ദൻ, പ്രഭാവർമ
കേന്ദ്രസാഹിത്യ അക്കാദമി ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ മാധവ് കൗശിക് അധ്യക്ഷസ്ഥാനത്തേക്കും കുമുദ് ശര്‍മ വൈസ്പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രസാഹിത്യഅക്കാദമി എന്ന സ്വയംഭരണ സ്ഥാപനത്തെക്കുറിച്ചും തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ചും അക്കാദമി മുന്‍ സെക്രട്ടറിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍, അക്കാദമി മുന്‍നിര്‍വാഹകസമിതിയംഗം പ്രഭാവര്‍മ എന്നിവര്‍ വിലയിരുത്തുന്നു.
മാധവ് കൗശിക്ക് എന്തുകൊണ്ടും അനുയോജ്യൻ- സച്ചിദാനന്ദന്‍
മാധവ് കൗശിക് കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഉപാധ്യക്ഷനായി സേവനം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം എന്തുകൊണ്ടും അധ്യക്ഷപദവിയിലേക്ക് അനുയോജ്യനാണ്. തികച്ചും നിഷ്പക്ഷവും
മതേതരത്വത്തില്‍ അധിഷ്ഠിതവുമായ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് മാധവ് കൗശിക്കിന്റേത്. ഇന്ത്യന്‍ സാംസ്‌കാരികസമൂഹം ആഗ്രഹിച്ചിരുന്നതും മാധവിനെപ്പോലുള്ളവര്‍ കേന്ദ്രസാഹിത്യഅക്കാദമിയുടെ അമരക്കാരനാവണമെന്നതാണ്. സംഘപരിവാര്‍ കാലങ്ങളായി തങ്ങളുടെ പ്രതിനിധികളെ ഉപവിഷ്ടരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇടമാണ് കേന്ദ്രസാഹിത്യ അക്കാദമി. പക്ഷേ അവരുടെ സ്ഥാനാര്‍ഥികള്‍ പലപ്പോഴും ദുര്‍ബലരായി മാറിയതിനാല്‍ പ്രവേശനം സാധ്യമാകാതെ പോയി. സി. രാധാകൃഷ്ണന്‍ ഒരുവോട്ടിന് പിന്നിലായി എന്നത് സങ്കടകരമാണ്. അദ്ദേഹത്തിന്റെ വിജയവും ഞാന്‍ ആഗ്രഹിച്ചിരുന്നു.
അക്കാദമിയുടെ ഭരണഘടന ജവാഹര്‍ലാല്‍ നെഹ്‌റു ഉണ്ടാക്കിയതാണ്. വളരെ ശ്രദ്ധാപൂര്‍വം നിര്‍മിക്കപ്പെട്ട ഒന്ന്. അധ്യക്ഷനുള്‍പ്പെടെയുള്ള എക്‌സിക്യുട്ടീവ് കൗണ്‍സിലാണ് അക്കാദമിയുടെ ഭരണം നിയന്ത്രിക്കുക. ഭരണകക്ഷി ആരായാലും അക്കാദമിയെ ബാധിക്കുകയില്ല; തിരഞ്ഞെടുപ്പിലൂടെയല്ലാതെ. മാധവ് കൗശിക്കിന് നല്ല ഭൂരിപക്ഷം ലഭിച്ചുവെങ്കില്‍, മതിയായ പിന്തുണയുണ്ടെങ്കില്‍, വളരെ സ്വതന്ത്രമായി അക്കാദമിയെ മുന്നോട്ട് നയിക്കാന്‍ കഴിയും.
സി. രാധാകൃഷ്ണന്റെ പരാജയം നിർഭാഗ്യകരം- പ്രഭാവര്‍മ
മാധവ് കൗശിക് കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷനായതില്‍ വളരെയധികം സന്തോഷമുണ്ട്. അതോടൊപ്പം തന്നെ സി. രാധാകൃഷ്ണന് ഒറ്റ വോട്ടിന് ഉപാധ്യക്ഷസ്ഥാനം നഷ്ടപ്പെട്ടതില്‍ സങ്കടവുമുണ്ട്. സി. രാധാകൃഷ്ണന്‍ ഉപാധ്യക്ഷനായിരുന്നുവെങ്കില്‍ മാധവ് കൗശിക്കിന് തന്റെ കാര്യങ്ങളുടെ നിര്‍വഹണത്തില്‍ വളരെയേറെ സഹയകമാവുമായിരുന്നു. അദ്ദേഹത്തിന്റെ പരാജയം നിര്‍ഭാഗ്യകരമാണ്. മാധവ് കൗശിക് ഹിന്ദിയിലെ വളരെ പ്രശസ്തനായ കവിയാണ്. വളരെ നല്ല മതേതര കാഴ്ചപ്പാടുകള്‍ എഴുത്തിലും ജീവിതത്തിലും പുലര്‍ത്തുന്നയാളാണ്. ഇന്ത്യന്‍ സാഹിത്യത്തെ ഒരുപോലെ കാണാന്‍ കഴിയുന്നയാളാണ് അദ്ദേഹം. എല്ലാ ഭാഷകള്‍ക്കുമിടയില്‍ സമതുലിതമായ സമീപനമാണ് അക്കാദമി സ്വീകരിക്കേണ്ടത് എന്നതില്‍ വളരെ സവിശേഷമായ നിഷ്‌കര്‍ഷയുള്ള ആളാണ് അദ്ദേഹം. എല്ലാ നിലയ്ക്കും സാഹിത്യ-സാംസ്‌കാരികരംഗത്ത് വളരെയേറെ പ്രയോജനപ്പെടുന്നതാണ് മാധവ് കൗശിക്കിന്റെ ഈ അധ്യക്ഷപദവി എന്നതില്‍ സംശയമില്ല.
എം.ടി. അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ നാലോ അഞ്ചോ വോട്ടിനാണ് അന്ന് പരാജയപ്പെട്ടത്. കേരളത്തില്‍നിന്ന് ഇന്നേവരെ ഒരാളുപോലും അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കോ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കോ വന്നിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ട കാര്യമാണ്. ഭാഷാപരമായ പ്രാദേശിക അസന്തുലിതാവസ്ഥ വരാതെ നോക്കേണ്ടതായിരുന്നു. പൊതുവേ അക്കാര്യം ശ്രദ്ധിക്കാറുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍നിന്ന് ചന്ദ്രശേഖര കമ്പാര്‍ അക്കാദമി അധ്യക്ഷനായപ്പോള്‍ ഉത്തരേന്ത്യയില്‍നിന്നുള്ള മാധവ് കൗശിക് ഉപാധ്യക്ഷനായി. അങ്ങനെയൊരു സന്തുലനം ഉണ്ടായിരുന്നു. അത് ഇത്തവണ ഇല്ലാതെ പോയി.
സെക്കുലര്‍ വോട്ടുകള്‍ വിഭജിക്കപ്പെട്ടുപോയി എന്നതാണ് ഇത്തവണത്തെ അക്കാദമി ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍നിന്ന്
മനസിലാക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പില്‍നിന്ന് വ്യക്തികളെ സ്വാധീനിക്കുന്ന വിധത്തില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനമുള്ള ആകെയൊരു അക്കാദമി മാത്രമേ ഇന്ത്യയില്‍ ഉള്ളൂ. സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയവയൊക്കെതന്നെ നിര്‍ദ്ദേശിക്കപ്പെടുന്നവരാല്‍ ഭരിക്കപ്പെടുന്നവയാണ്. ജനാധിപത്യസ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നത് കേന്ദ്രസാഹിത്യ അക്കാദമി മാത്രമേയുള്ളൂ എന്ന് ഓര്‍ക്കണം. ഞാന്‍ അംഗമായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാരില്‍നിന്ന് നിരന്തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. അക്കാദമിയുടെ ബൈലോ അമെന്‍ഡ് ചെയ്യണം എന്നായിരുന്നു നിരന്തരമായുള്ള ആവശ്യം. അക്കാദമിയുടെ സ്വയംഭരണം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. അക്കാദമിയുടെ ജനാധിപത്യഭരണം മാറ്റി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഭരണസമിതിയെക്കൊണ്ട് അക്കാദമിയെ നിയന്ത്രിക്കുക എന്നതായിരുന്നു കേന്ദ്രസര്‍ക്കാറില്‍നിന്നുള്ള സമ്മര്‍ദം. ആ നീക്കത്തെ അന്നത്തെ അക്കാദമി ഭരണസമിതി അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി ചെറുത്തുനിന്നു. ആ ചെറുത്തുനില്‍പ് അന്ന് നടത്തിയത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടന്നത് തന്നെ.
Content Highlights: Kendra Sahithya Academy, Satchidanandan, Prabhavarma, Madhav Kaushik, C. Radhakrishnan, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..