കെ.പി നിർമൽകുമാർ
?ആദ്യകഥ,'ഇരുമ്പിന്റെ സംഗീതം'(1968)പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു. അന്ന് എം ടി വാസുദേവന്‍ നായര്‍ ആയിരുന്നു പത്രാധിപര്‍. തുടര്‍ന്നും നിരവധി കഥകള്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. എം ടി യുടെ കഥാരീതികളില്‍ നിന്നും വ്യത്യസ്ത സമീപനമായിരുന്നു താങ്കളുടേത്. ഇപ്പോള്‍ ആ പത്രാധിപരെ എങ്ങനെ വിലയിരുത്തുന്നു
= എം ടി യുമായി ഔപചാരിക ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അയച്ച കഥ കിട്ടി എന്നൊരു വരി ഒഴികെ പരിചയം നിലനിര്‍ത്തുന്ന ഒന്നും കിട്ടുന്ന കത്തില്‍ ഉണ്ടാവില്ല. ആദ്യ കഥാ സമാഹാരം ജലം പ്രസിദ്ധീകരിച്ചത് തൃശൂര്‍ കറന്റ് ബുക്‌സ് ആയിരുന്നു. എം ടി അംഗമായ അക്കാദമി അവാര്‍ഡ് കമ്മറ്റി ആ പുസ്തകത്തിന് അവാര്‍ഡ് തന്ന് എന്നെതന്നെ വിസ്മയിപ്പിച്ചു.കാലത്തേക്കാള്‍ മികച്ച കൃതിയാണ് ഖസാക്ക് എന്ന എന്റെ ലേഖനം എം ടി പ്രസിദ്ധീകരിച്ചു.
?ചോദ്യം ജലത്തിന്റെ പുതിയ പതിപ്പ് ഇറക്കിയപ്പോള്‍ കഥകള്‍ കോപ്പി എഡിറ്റ് ചെയ്തു എന്ന് കേട്ടിട്ടുണ്ട്.
= ഈയിടെ എം ടി ഒരു അഭിമുഖത്തില്‍ പറയുന്നത് കണ്ടു, ആദ്യ നോവല്‍ നാലുകെട്ടിന്റെ അവസാനം തൃപ്തികരമായി എന്ന് ഇപ്പോള്‍ വായിക്കുമ്പോള്‍ തോന്നുന്നില്ല എന്ന്. എന്തു കൊണ്ട് ഈ പ്രശസ്ത നോവല്‍ എം ടി ക്ക് കോപ്പി എഡിറ്റ് ചെയ്ത് ഭാവി തലമുറയ്ക്ക് സമ്മാനിച്ചുകൂടാ.? ഖസാക്ക് പത്തു വര്‍ഷത്തോളം വിജയന്‍ രാകിയും മിനുക്കിയുംപുതുക്കി എന്ന് അഭിമാനിക്കുന്നവരാണ് നാം. എന്തുകൊണ്ട് എഴുത്തുകാര്‍ അവരുടെ പുതിയ പുസ്തകങ്ങള്‍ പുതിയ പതിപ്പ് ഇറക്കുമ്പോള്‍ പകര്‍ത്തി എഴുതി ആശയ വിനിമയം എളുപ്പമാക്കുന്നില്ല?
?പരമ്പരാഗത രീതികളോട് കലഹിച്ചാണല്ലോ എഴുതി തുടങ്ങിയത്.ആധുനികതയുടെ കാലത്തെ സമകാലിക എഴുത്തുകാരെ എങ്ങനെ വായിച്ചിരുന്നു
= ഇനി ഒരഞ്ചു വര്‍ഷം നീ എഴുതരുത് എന്നായിരുന്നു യുവ മുകുന്ദനോട് ഒ വി വിജയന്റെ ഗുരു കല്പന എന്ന് മുകുന്ദന്റെ ഒരഭിമുഖത്തില്‍ വായിച്ചത് ഓര്‍ക്കുന്നു.ഡല്‍ഹിയിലെ മലയാളം എഴുത്തുകാര്‍ പതിവായി കാണുമെന്നും രചനകള്‍ വായിച്ചു മറ്റുള്ളവരുമായി അഭിപ്രായം പങ്കിടുമെന്നും ഡല്‍ഹി പത്രപ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച കാലത്ത് തന്നെ വിജയന്‍ എഴുതിയത് ഓര്‍ക്കുന്നു:'എന്നോടൊപ്പം എഴുതുന്നവരുടെ രചനകള്‍ ഞാന്‍ പിന്തുടാറില്ല.'ആരെങ്കിലും ആധുനികരെ വിടാതെ വായിച്ചിട്ടുണ്ടെങ്കില്‍ പത്രാധിപതൊഴില്‍ പരമായി എം ടി യും, വിമര്‍ശനപരമായി കെ പി അപ്പനും ആയിരുന്നു. അപ്പന്‍ ആധുനികതയുടെ രക്ഷകന്‍ അര്‍ജ്ജുന്‍ തന്നെയായി. ആധുനികത യഥാസ്ഥിതികരാല്‍ നിര്‍ദയം വേട്ടയാടപെടുന്ന ആ കാലത്ത് പ്രതിരോധം തീര്‍ക്കാനും ആധികാരികതയോടെ ഒരോരുത്തരെയും സാഹിത്യത്തില്‍ അടയാള പെടുത്താനും അപ്പന്റെ രചനകള്‍ക്ക് ആക്കാലത്തു സാധിച്ചു. രാജകൃഷ്ണനും ആഷാ മേനോനും ആധുനികതക്കു അനുകൂലമായി എഴുതിയവര്‍ എങ്കിലും അപ്പന്റെ പോരാട്ട ചിട്ട അതൊന്നു വേറെതന്നെ.ഒ വി വിജയന്റെ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള രചനകളും സ്റ്റേറ്റ് മാന്‍, ഹിന്ദു പത്രങ്ങളില്‍ വന്ന കാര്‍ട്ടുണുകളും വായിച്ചിരുന്നു.അത് പോലെ കാക്കനാടന്റെ കഥകളും കൗതുകത്തോടെ വായിച്ചിരുന്നു. ആനന്ദിന്റെ മരണ സര്‍ട്ടിഫിക്കറ്റ് എം ഗോവിന്ദന്റെ സമീക്ഷയില്‍ വന്നപ്പോള്‍ തന്നെ വായിച്ചു.മറ്റുള്ളവരുടെ രചനകള്‍ ഒരെഴുത്തുകാരന്‍ എങ്ങനെ വായിക്കാതിരിക്കും.?
?കെ പി നിര്‍മ്മല്‍ കുമാര്‍ എന്ന ആധുനിക എഴുത്തുകാരനെ മലയാള വായനക്കാരന്‍ ശരിയായി വായിച്ചുള്‍ക്കൊണ്ടു എന്ന് കരുതുന്നുണ്ടോ
='ഇരുനൂറോ മുന്നൂറോ വായനക്കാര്‍ നിങ്ങള്‍ക്ക് ഉണ്ടെന്ന്' ആരെങ്കിലും പറഞ്ഞാല്‍ അതൊരു ബഹുമതിയായി കാണണ്ട സമൂഹത്തിലാണ് നാം ജീവിക്കുന്നത്.പരിചയമുള്ള കുടുംബങ്ങളിലെ യുവതലമുറ ആഴ്ചപതിപ്പ് വാങ്ങിക്കുന്നത് പോട്ടെ വായിക്കുന്നു പൊലും ഇല്ല. അത്തരം വായനാരീതി മതിപ്പോടെ ഉള്‍കൊള്ളുന്നുമില്ല. ജനപ്രിയ നോവലുകള്‍ എഴുതുന്നവര്‍ക്ക് ഉത്തമ സാഹിത്യ പട്ടം നല്‍കി പ്രസാധകര്‍ ബഹുമാനിക്കുന്നു. ആദ്യ കഥ ഇരുമ്പിന്റെ സംഗീതം മാതൃഭൂമി സ്വീകരിച്ചു. അടുത്ത ഒന്നര കൊല്ലങ്ങള്‍ക്ക് ഉള്ളില്‍ എഴോളം കഥകള്‍ മാതൃഭൂമിയില്‍ വന്നു. ആ കഥകള്‍ പുസ്തക രൂപത്തില്‍ ആയപ്പോള്‍ സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി.
?നിര്‍മ്മല്‍ കുമാറിന്റെ കഥകളെ സര്‍ഗ്ഗാത്മക ധാര്‍ഷ്ട്യം എന്നാണ് മേതില്‍ രാധാകൃഷ്ണന്‍ വിശേഷിപ്പിച്ചത്. ആ വിശേഷണം എല്ലാ കാലത്തും തുടരാന്‍ കഴിഞ്ഞോ
= ഖസാക്ക് അതിന്റെ വിസ്മയകരമായ സ്വാധീന കാലത്ത് യുവ ആരാധകരായ കുറെ പേരെ തീവ്ര അനുഭൂതിയോടെ കൂടെ നിര്‍ത്തി. സച്ചിദാനന്ദന്റെ ജ്വാല മിനി മാസിക പ്രത്യേക പതിപ്പിറക്കി ഖസാക്കിനെ പ്രകീര്‍ത്തിച്ചു. അങ്ങനെ ഖസാക്കാലയത്തില്‍ പരിചയപെട്ടയാളാണ് സുഹൃത്ത് മാസിക പത്രാധിപരായ മേതില്‍ രാധാകൃഷ്ണന്‍. മേതില്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ സൂര്യവംശം നോവല്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആദ്യ ലക്കം കണ്ട ആഹ്ലാദം ഞാന്‍ മറുനാട്ടിലിരുന്ന് അറിയിച്ചത് ടെലിഗ്രാം വഴിയായിരുന്നു. എന്റെ കഥകളെ കുറിച്ചു മേതില്‍ ആരോട് എതെല്ലാം പറഞ്ഞു എന്നൊന്നും അറിയാത്ത വിധം വേറൊരു ഭൂമികയിലാണ് ആക്കാലത്തു ഞാന്‍ കഴിഞ്ഞത്. ഏറ്റവും ഒടുവില്‍ ഒരു കൊല്ലം മുന്‍പായിരിക്കണം അനന്തപുരിയിലുള്ള മേതിലുമായി ഫോണില്‍ കുറെ സംസാരിച്ചത് . ഒ വി വിജയന്റെ മരണ ശേഷം മേതില്‍ അനുസ്മരണം എഴുതിയില്ലെന്നു ഞാന്‍ പരിഭവിച്ചു. മുഖ്യധാര പ്രസിദ്ധീകരത്തില്‍ അല്ല എഴുതിയതെന്നു പറഞ്ഞു. ദേശാഭിമാനിയിലെ മേതിലിന്റെ അഭിമുഖം ഓണ്‍ലൈനില്‍ കണ്ടപ്പോള്‍തന്നെ ലിങ്ക് ഞാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. സുരഭില യുവതയിലെ ആസ്വാദ്യകരമായ ഒരു ഭൂതകാല സ്മരണ പരിക്കേല്‍ക്കാതിരിക്കട്ടെ. അങ്ങനെ ഞാന്‍ കരുതുന്നത്തില്‍ ധാര്‍ഷ്ട്യത്തിന്റെയോ സര്‍ഗ്ഗാത്മകതയുടയോ തിരുശേഷിപ്പ് ഉണ്ടാവില്ല.മാതൃഭൂമി മനോഹരമായി പ്രസിദ്ധീകരിച്ച മേതില്‍ കഥകള്‍ ആ സൗഹൃദ സ്മരണക്കായി വാങ്ങി ഷെല്‍ഫില്‍ വെച്ചിട്ടുണ്ട്.
?സെന്‍സിബിലിറ്റി ധിക്ഷണയുടെ ജൈവ ഭാഗം തന്നെ എന്ന് സമകാലികതയെ പഠിപ്പിക്കുകയും പാരമ്പര്യത്തിന്റെ പ്രതിജ്ഞകളെ ലംഘിക്കുകയും ചെയ്യുന്ന രചന എന്നാണ് താങ്കളുടെ ഗൗതലജാറയെ
കെ പി അപ്പന്‍ വിലയിരുത്തിയത്. അപ്പന്റെ നിരീക്ഷണം അംഗീകരിക്കുന്നുവോ
='ഗൗതല ജാറ ഒരു തോട്ടക്കാരന്‍ സ്മരണിക' എന്ന കഥ തിരഞ്ഞെടുത്ത കഥകള്‍ എന്ന സമാഹാരത്തില്‍ കാണാം. കെ പി അപ്പന്‍ വളരെ നന്നായി അതിനെ കുറിച്ചും ബീര്‍ ഷേബ എന്ന കഥയെ കുറിച്ചും എഴുതിയത് താങ്കളും ഒരു പക്ഷേ ആക്കാലത്തു കണ്ടിരിക്കുമല്ലോ. ഇന്ത്യ റ്റുഡേ ഈ ലേഖനത്തെ പിന്തുടര്‍ന്നു എന്നെയും മേതില്‍ രാധാകൃഷ്ണനേയും ഒരു ഫീച്ചറിനായി അഭിമുഖം ചെയ്തിരുന്നു.അപ്പന്റെ വായനയുടെയും സാഹിത്യാസ്വാദനത്തിന്റെയും മഴവില്‍ വിതാനങ്ങള്‍ സാധൂകരിക്കുന്ന പുത്തന്‍ സംവേദന ക്ഷമത ആ കഥകളില്‍ ഉണ്ടായിരിക്കാം എന്നെ എനിക്ക് ഊഹിക്കാനാവു. അതിന് മുന്‍പോ പിന്നീടോ അദ്ദേഹവുമായി എനിക്ക് ഇടപഴകാന്‍ അവസരം ഉണ്ടായില്ല. സച്ചിദാനന്ദന്‍ ദില്ലിയില്‍ ആയിരിക്കുമ്പോള്‍ ഈ കഥ ഇംഗ്ലീഷില്‍ പരിഭാഷപ്പടുത്തി ഒരു എന്‍ ബി ടി സമാഹാരത്തില്‍ ഉള്‍പെടുത്തിയിരുന്നു എന്‍ എസ് മാധവന്‍ എഡിറ്റ് ചെയ്ത ഡി സി ബുക്‌സ് കഥാ സമാഹാരത്തില്‍ ഈ കഥയാണ് എന്റെതായി ചേര്‍ത്തത്. ഞാന്‍ തള്ളി പറഞ്ഞ ഏഴു കഥകള്‍ എഴുപതുകളിലെ ആണെങ്കില്‍ ഈ കഥകള്‍ ഉള്‍പ്പെടുന്ന പുതു കഥകള്‍ രണ്ടു ദശാബ്ദങ്ങള്‍ കഴിഞ്ഞാണല്ലോ എഴുതിയത്.
?എന്തുകൊണ്ടാണ് ഏഴു കഥകളെ തള്ളി പറഞ്ഞത്
= എം ടി പത്രാധിപര്‍ ആയിരുന്ന കാലത്തായിരുന്നു കൃഷ്ണ ഗന്ധകജ്വാലകള്‍, ഒരു സംഘം അഭയാര്‍ത്ഥികള്‍ എന്നീ സമാഹാരങ്ങളിലെ കഥകള്‍ വരുന്നത്. സ്വച്ഛന്ദമൃത്യു, കബന്ധങ്ങള്‍, അപരാഹ്നം, സതി എന്നിങ്ങനെ ഒരിക്കല്‍ നിരൂപകശ്രദ്ധ നേടിയ എഴോളം കഥകള്‍ തിരഞ്ഞെടുത്ത കഥകള്‍ എന്ന പതിപ്പില്‍ ഉള്‍പെടുത്താതിരുന്നത് ആ കഥകള്‍ ഇന്ന് എന്റെ സാഹിത്യ സങ്കല്പങ്ങളുമായി ഒത്തു പോകുന്നില്ല എന്ന തിരിച്ചറിവില്‍ സംഭവിച്ചതാണ് . ഈ കഥകളെ കുറിച്ച് ഫേസ്ബുക്കിലുംമറ്റും സഹൃദയര്‍ വല്ലപ്പോഴും ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മറുനാടന്‍ നഗരികളില്‍ കഴിഞ്ഞ ഒരു ഇരുണ്ട യുവത്വത്തെ ഓര്‍മ്മിപ്പിക്കുന്ന ആ കഥകള്‍ ഫലത്തില്‍ തള്ളി കളഞ്ഞു എന്ന് വേണം വായനക്കാര്‍ കണക്കാക്കാന്‍. എന്റെ സാഹിത്യ ജീവിതം ജനമേജയന്റെ ജിജ്ഞാസ, ഇന്നത്തെ അഥിതി അതീത ശക്തി, കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങള്‍, തിരഞ്ഞെടുത്ത കഥകള്‍ എന്നിവയില്‍ ഒതുങ്ങുന്നു
?ആധുനികതയെ കുറിച്ചുള്ള താങ്കളുടെ സമീപനങ്ങള്‍ മാറിയോ
= ഒരിക്കല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പ് ആധുനികതയെ കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ഏറ്റു പറഞ്ഞു, ആധുനികത എഴുപതുക്കളുടെ മധ്യത്തോടെ സ്വയം റദ്ദ് ചെയ്യപ്പെട്ടു, ഞങ്ങള്‍ ബലിതര്‍പ്പണം ചെയ്തു, ആധുനികതയെ സാഹിത്യ ചരിത്രത്തിലേക്ക് പറഞ്ഞയച്ചു എന്ന്.പ്രപഞ്ചത്തിന്റെ പൊരുള്‍ ഇപ്പോള്‍ ആരെയും ആസ്വസ്ഥര്‍ ആക്കുന്നില്ല. എന്നാല്‍ ഭൗതിക ജീവിതം എഴുത്തുകാരനെ കീഴ്‌പെടുത്തി ശ്വാസം മുട്ടിക്കുന്ന അവസ്ഥ ആയി.
?ഒരിക്കല്‍ ഖസാക്കില്‍ അഭിരമിച്ച ഒരാള്‍ ഇപ്പോള്‍ മഹാഭാരതത്തില്‍ അഭിരമിക്കുന്നു. ഇതൊരു വൈരുധ്യം അല്ലെ
= ഒരു പക്ഷേ അതുകൊണ്ട് ആയിരിക്കുമോ എഴുത്തുകാരന്‍ വൈരുധ്യങ്ങളുടെ കലവറ എന്നപഹസിക്കപ്പെടുന്നതും!ഒരു മാസത്തില്‍ കുറഞ്ഞൊരു കാലം ചുരുങ്ങിയ ഭൗതിക സാഹചര്യങ്ങളില്‍ കഴിഞ്ഞ തസ്രാക്ക്്് ഗ്രാമത്തെയാണ് വിജയന്‍ ഖസാക്ക് ഭൂമികയാക്കിയത്. വിദേശ രാജ്യങ്ങളില്‍ പോകാതെ വിജയന്‍ കഥാപാത്രങ്ങളെ വിദേശ രാജ്യങ്ങളില്‍ വിജയകരമായി വിന്യസിച്ചു. നിളയോര കൂടല്ലൂരില്‍ നിന്നൊരു കഥാകാരന്‍ രണ്ടാമൂഴം നോവല്‍ എഴുതി. പിന്നെ വാരാണസി എല്ലാ വിധത്തിലുമുള്ള അയുക്തികളും വൈരുധ്യങ്ങളും ഏറ്റുവാങ്ങുന്നൊരു ഹൃദയ സംഗമ സ്ഥാനമായി. മലയാള സാഹിത്യ രചന ഇനിയും പരിമിതികള്‍ ഇല്ലാതെ പടര്‍ന്നു പന്തലിക്കട്ടെ.
?മഹാഭാരതം ആദ്യം വായിച്ച കാലം ഓര്‍മ്മയുണ്ടോ
=കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനം വഴി തുടങ്ങിയതാണ് മഹാഭാരത പരിചയം.ഭാരതീയ വിദ്യാ ഭവന്‍ പ്രസിദ്ധീകരിച്ച രാജാജിയുടെ മഹാഭാരതത്തില്‍ എത്തിയപ്പോള്‍ ഇനി വിശദമായി കഥ പിന്തുടരണം എന്ന് തോന്നി. അങ്ങനെ കൂടുതല്‍ വായിച്ചു. വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ക്‌ളോപീടിക വഴി ഓരോ കഥാപാത്രത്തെയും കുറിച്ച് വ്യക്തതയോടെ മനസ്സിലാക്കി. ഇന്റര്‍ നെറ്റ് യുഗത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ ഓണ്‍ലൈനില്‍ വായിച്ചറിഞ്ഞു
?മഹാഭാരതം താങ്കളുടെ ധിക്ഷണയെ എങ്ങനെ സ്വാധിനിച്ചു
= കൂട്ടു കുടുബ സ്വത്ത് തര്‍ക്കം മൈക്രോ ലെവലില്‍ പുനരാവിഷ്‌കാരി ക്കുമ്പോള്‍ മനുഷ്യ പ്രകൃതം കൃത്യമായി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു എന്നതാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ കാണുന്നത്. ഒരു കഥാപാത്രത്തെയും മഹത്വപെടുത്തരുത് എന്ന പ്രോട്ടൊക്കോള്‍ പാലിച്ചു.
?വായനയുടെ ആദ്യഘട്ടങ്ങളില്‍ മഹാഭാരതം ആവേശിച്ചിരുന്നോ
= 15 കൊല്ലം മുമ്പ് തുടങ്ങിയ വായനയില്‍ ഒന്ന് വ്യക്തമായി, വ്യാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കുറേക്കൂടി ഗൗരവത്തില്‍ ആവിഷ്‌കാരം അര്‍ഹിക്കുന്നുവെന്ന്.ശാന്തനു മുതല്‍ ജനമേ ജയ വരെ കഥ എഴുതുക ലക്ഷ്യമായില്ല.സന്ദര്‍ഭങ്ങള്‍ മനസ്സില്‍ വരുമ്പോള്‍ അതുമാത്രം മിനിമം വാക്കുകള്‍ ഉപയോഗിച്ച് എഴുതുക. കോപ്പി എഡിറ്റ് ചെയ്തു അത്യാവശ്യമല്ലാത്ത വാക്കുകള്‍ നീക്കി കാര്യം നേരെ ചൊവ്വേ പറയുക എന്ന രീതി പിന്തുടര്‍ന്ന് എഴുതി
?മഹാഭാരത പുനാരാഖ്യാനത്തിന് പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു
= എഴുതുമ്പോള്‍ ആരെയും വായനക്കാര്‍ക്ക് പരിചയ പെടുത്തി കൊടുക്കേണ്ടി വന്നില്ല. കൃതി നേരിട്ട് പുനരാഖ്യാനം ചെയ്യാം
?ഇന്ത്യന്‍ ചരിത്രവുമായി മഹാഭാരതത്തെ ചേര്‍ത്ത് വായിക്കാന്‍ കഴിയുമോ
=വെറും ഒരു കൂട്ടു കുടുംബം, അതിലെ മത്സരം അതില്‍ കവിഞ്ഞു ഈ കഥക്ക് ഞാന്‍ കാണുന്ന പ്രതേകത അത്രമേല്‍ ഇന്ത്യയില്‍ ഇതിലെ സംഭവങ്ങളും കഥാ പാത്രങ്ങളും പരിചിതര്‍. സൂക്ഷ്മ തലത്തില്‍ പുനരാഖ്യാനം അതായിരുന്നു ഞാന്‍ ഏറ്റുടുത്ത ദൗത്യം.
? നിരവധി പ്രതിഭാ ശാലികള്‍ മഹാഭാരതത്തിലൂടെ കടന്നുപോയിട്ടുണ്ട്. താങ്കളുടെ പുനരാഖ്യാനത്തിലെ പ്രധാന വെല്ലുവിളികള്‍ എന്തായിരുന്നു
= എല്ലാ കഥാ പത്രങ്ങളെയും മനുഷ്യരായി മാത്രം കാണുക എന്ന നിബന്ധന മുന്നോട്ടു വെച്ചു. എപ്പോള്‍ അവര്‍ അതീത ശക്തിയുടെ സ്വാധീനത്തില്‍ ആവുമോ അപ്പോള്‍ അവര്‍ വ്യാസ നിഴലുകള്‍ ആയി മാറും. വ്യാസന്‍ എനിക്ക് പുനരാഖ്യാനം ചെയ്യാന്‍ അസംസ്‌കൃത വസ്തുക്കള്‍ തന്ന ആള്‍ മാത്രമാണ്.
?ഈ പുനരാഖ്യാന ത്തില്‍ വ്യാസനുമായി ഒരു സംവാദം സാധ്യമായിരുന്നോ
= കഥാ പാത്രപരിചരണത്തില്‍ പ്രകടിപ്പിക്കുന്ന നന്മ- തിന്മ ഭാവം കൊട്ടാരം ലേഖിക തിരസ്‌കരിക്കുന്നു. ഓരോ കഥാപാത്രവും സ്വാര്‍ത്ഥതയില്‍ ഊന്നിയ മുന്‍ വിധിയും കുടിലതയും ഉള്‍ക്കൊള്ളുന്ന കോംപ്ലക്‌സ് വ്യക്തിത്വമായി കൊട്ടാരം ലേഖിക കാണുന്നു.ബഹു ഭര്‍തൃത്വം കുന്തി ചെയ്ത അനീതിയാണെന്ന് ദ്രൗപതി അവകാശപ്പെടുമ്പോഴും അഞ്ചു പാണ്ഡവരെ ഭിന്നിപ്പിച്ചും മാദ്രി പുത്രന്മാരെ പരിലാളിച്ചും പ്രലോഭിപ്പിച്ചും അഞ്ചു പേരിലും അവള്‍ അധികാരം നിലനിര്‍ത്തുന്നു എന്ന കൊട്ടാരം ലേഖികയുടെ കണ്ടെത്തല്‍ അതിന് ഉദാഹരണമാണ്.വ്യാസന്‍ എന്ന പദം കൊണ്ട് നാം മനസ്സിലാക്കേണ്ടത്,400 ഓളം കൊല്ലങ്ങളില്‍ 7000 വരുന്ന ആദ്യഘട്ട മഹാഭാരതത്തില്‍ നിന്നും ഒന്നര ലക്ഷത്തോളം ശ്ലോകങ്ങളിലേക്കുള്ള വ്യാപനം സംഭവിച്ചത് നിരവധി പ്രാദേശിക തല കൂട്ടിച്ചേര്‍ക്കലുകള്‍ വഴി ആയിരുന്നു എന്നിപ്പോള്‍ പരക്കെ അംഗീകരിക്കപ്പെടുന്നുണ്ടല്ലോ
?പുനരാഖ്യാനത്തില്‍ ഭാവനയുടെ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു
= കഴിഞ്ഞ 12 വര്‍ഷങ്ങളായി കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങള്‍ വഴി ഞാന്‍ മഹാഭാരത കഥാപാത്രങ്ങളെ മനുഷ്യപ്രകൃതിയില്‍ മനസ്സിലാക്കുന്നു. ജീവിതാവസ്ഥ സൂക്ഷ്മതലത്തില്‍ മനസ്സിലാക്കാന്‍ ഈ വഴി എന്നെ തുണക്കുന്നു. ഇതിലധികം എന്താണ് രചന എനിക്കായി ചെയ്യേണ്ടത്
?മഹാഭാരത പുനരാഖ്യാനത്തിലൂടെ അതിന്റെ കഥാപാരമ്പര്യത്തെ വിച്ഛേദിക്കുകയല്ലേ
= മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്ന കെ.സി.നാരായണന്റെ പ്രസ്താവനയില്‍ രചനയുടെ സാധ്യത വ്യക്തമാക്കുന്നുണ്ട് തിരുവസ്ത്രമൂരി കഥാപാത്രങ്ങള്‍ അവരുടെ ഉള്ളിലുള്ളത് പറയുന്നു എന്നതാണ് കാര്യം. രാഷ്ട്രീയ കാപട്യത്തിന്റെ പ്രതീകമായി യുധിഷ്ഠിരനെ ദ്രൗപതി കാണുന്ന പോലെ ഓരോ മഹാഭാരത കഥാപാത്രത്തിനും അര്‍ഹിക്കുന്ന അംഗീകാരം കൊട്ടാരം ലേഖിക നേടിക്കൊടുക്കുന്നു
?ആഖ്യാനത്തെ അനായാസം ആക്കാന്‍വേണ്ടിയാണോ കൊട്ടാരം ലേഖികയെ സൃഷ്ടിച്ചത്
= ഒരു ചോദ്യം അതിന് ഉത്തരംഎന്നതില്‍ കൃത്യതയുണ്ട്. കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് വെറുമൊരു കഥ പറയുകയല്ല ചെയ്യുന്നത്.പാഞ്ചാലിയെയാണ് അധികവും ചോദ്യം ചെയ്യുക അവളുടെ പ്രതികരണം പ്രസക്തമാണ്, കഥയുടെ ഗതി എല്ലാവര്‍ക്കും അറിയാം എന്നിരിക്കെ പാഞ്ചാലി എങ്ങനെ അനുഭവങ്ങള്‍ അപഗ്രഥിക്കുന്നു എന്നതില്‍ ഫോക്കസ് ചെയ്യുന്ന അഭിമുഖരീതി സ്വീകാര്യത നേടി
? ഭാഷയില്‍ സൃഷ്ടിച്ച പുതുമയാണ് താങ്കളെ ആദ്യം ശ്രദ്ധേയനാക്കിയത് നിരൂപകര്‍ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട് മഹാഭാരത രചനയില്‍ ഭാഷയോടുള്ള സമീപനം എന്തായിരുന്നു
= 'കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങള്‍', 'ഇന്നത്തെ അതിഥി അതീത ശക്തി', 'ജനമേ ജയന്റെ ജിജ്ഞാസ' എന്നീ മഹാഭാരത സംബന്ധിയായ രചനകളില്‍ ഭാഷ ഉപയോഗിച്ചിരിക്കുന്നത് 'ആശയവിനിമയത്തിന് അത്യാവശ്യമായ വാക്കുകള്‍ മാത്രം മതി' എന്ന നിലയിലാണ്.'ഹസ്തിന പുരി പത്രിക' ചുവരെഴുത്തു പത്രത്തിന്റെ ലേഖിക പനയോലയും എഴുത്താണിയുമായി ജോലിക്ക് ഇറങ്ങുന്ന ലേഖികയ്ക്ക് ചെയ്യാന്‍ ഉണ്ടായിരുന്നത് സൂക്ഷ്മതലത്തില്‍ മഹാഭാരത കഥാപാത്രങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കുക,അതിന് കാര്യമാത്രപ്രസക്തമായ പ്രതികരണം അവരില്‍ നിന്നും തേടുക എന്ന നിയോഗമായിരുന്നു.കഥാപാത്രങ്ങളെ മഹത്വപ്പെടുത്തുന്ന യാഥാസ്ഥിതിക ആഖ്യാനശൈലിയെ മാറ്റിനിര്‍ത്തി പുനരാഖ്യാനം ചെയ്യുമ്പോള്‍, വ്യാസഭാഷ്യ ത്തോട്കൂറ് പുലര്‍ത്തുകയല്ല, സംശയം കാണിക്കുകയാണ് കൊട്ടാരം ലേഖിക. വസ്ത്രക്ഷേപം കീചകവധം എന്നിങ്ങനെ കാലാകാലങ്ങളായി വായനക്കാരില്‍ വേരോടിയ നിരവധി കഥാസന്ദര്‍ഭങ്ങളില്‍ പാഞ്ചാലിയുടെ പ്രതികരണങ്ങള്‍ വ്യാസ ആഖ്യാനത്തില്‍ നിന്നും പാടെ വ്യത്യാസപ്പെട്ടിരിക്കുന്നത് കാണാം. മഹാനഗരങ്ങളില്‍ ഒറ്റപ്പെട്ടു വിഷാദഭരിതമായ ജീവിത വീക്ഷണവും ആയി യുവതയില്‍ എഴുതിയ സാഹസിക ഭാഷാപരിചരണം കൊണ്ട് നേടിയെടുക്കാവുന്നതല്ലല്ലോ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള കൊട്ടാരം ലേഖിക യുടെ അഭിമുഖങ്ങള്‍.
?ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് മാനുഷിക പരിവേഷം നല്‍കുമ്പോള്‍ അവര്‍ ഉള്‍ക്കൊള്ളുന്ന ദാര്‍ശനിക പരിവേഷം നഷ്ടപ്പെടില്ലേ. അത് ഈ പുനരാഖ്യാനത്തിലെ ഒരു പരിമിതി അല്ലേ
= മഹാഭാരത കഥാപാത്രങ്ങളെ ഞാന്‍ പക്ഷേ വായിച്ചെടുക്കുന്നത് അസാധാരണ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയ പരുക്കന്‍ മനുഷ്യപ്രകൃതങ്ങള്‍ എന്ന നിലയിലാണ്. ആഭിജാത്യത്തിന്റെയും രാജാധികാരത്തിന്റെയും തിരു വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് അവര്‍ക്ക് അതി മാനുഷ ജീവികള്‍ എന്ന പദവി കൊടുക്കാന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ തയ്യാറല്ല.പുനരാഖ്യാനത്തില്‍ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ അഭിമുഖ വേളയില്‍ കൊട്ടാരം ലേഖികയുടെ കൊച്ചു ചോദ്യങ്ങള്‍ നേടിയെടുക്കുന്നു എന്നതാണ് കാര്യം. കാലിക്കട്ട് സര്‍വകലാശാലയിലെ മലയാളം അധ്യക്ഷനായിരുന്ന ഡോക്ടര്‍ എം എം ബഷീര്‍ എന്നോട് ഒരിക്കല്‍ ഇ മെയിലില്‍ പറഞ്ഞത് ജനമേ ജയന്റെ ജിജ്ഞാസ എന്ന കൃതിയാണ് മലയാളത്തില്‍ മഹാഭാരതത്തെ വിമര്‍ശനാത്മകമായി പുനരാഖ്യാനം ചെയ്തിരിക്കുന്നത് എന്ന്.അദ്ദേഹം ഈയിടെ എഡിറ്റ് ചെയ്ത മലയാളത്തിലെ എക്കാലത്തെയും നല്ല 200 നോവലുകള്‍ എന്ന ഡിസി ബുക്‌സ് സമാഹാരത്തില്‍ ജനമേ ജയയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന് താങ്കള്‍ക്ക് അറിയാമല്ലോ?
? താങ്കളുടെ ആദ്യകാല കഥകള്‍ ആധുനികതയുടെ അടയാള വാക്യങ്ങള്‍ തന്നെയാണ് ഇതിഹാസത്തിലേക്കുള്ള ഈ മാറ്റം കാഴ്ചപ്പാടുകളെ ദര്‍ശനങ്ങളെ എങ്ങനെ ബാധിച്ചു
= മാറ്റി മറിച്ചു എന്നു തന്നെ പറയാം. മഹാഭാരത കഥാപാത്രങ്ങള്‍ അവരുടെ ദുര്‍വിധി കലഹം പ്രണയം എല്ലാം എന്റെ സര്‍ഗാത്മകതയെ തുണക്കുന്നു കൃഷ്ണഗന്ധക ജ്വാലകള്‍ എന്റെ തിരഞ്ഞെടുത്ത കഥകളില്‍ ഇല്ലല്ലോ
? കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനം മുതല്‍ കെ സി നാരായണന്റെ മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ വരെയുള്ള പുനരാഖ്യാനങ്ങള്‍ വന്നു. എം ടി വാസുദേവന്‍ നായര്‍, പി കെ ബാലകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ നോവലുകള്‍ എഴുതി. ഇവരുടെ മഹാഭാരത സമീപനത്തെ എങ്ങനെ കാണുന്നു
= പ്രശസ്തവും അല്ലാത്തതുമായ പുനരാഖ്യാനങ്ങള്‍ കഥയും കഥാപാത്രങ്ങളും പരിചരിച്ച പൊതു രീതിയോട് പൊരുത്തപ്പെടാന്‍ വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇവയില്‍ ജനസമ്മിതി നേടിയ ചില പുസ്തകങ്ങള്‍ ഉണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു വ്യാസഭാഷ്യത്തോട് വിശ്വസ്തത പുലര്‍ത്തുക എന്നതല്ല ഞാന്‍ ലക്ഷ്യം വെക്കുന്നത്. കഥാസന്ദര്‍ഭങ്ങള്‍ വേറൊരു പരിപ്രേക്ഷ്യത്തില്‍ ഊന്നി കഥാപാത്രങ്ങളെ എന്റേതാക്കി മാറ്റുന്ന സര്‍ഗാത്മകശ്രമം എന്ന നിലയില്‍ പ്രസന്ന രാജനും എം എം ബഷീറും കാണുന്നതുപോലെ സംവേദന ക്ഷമതയുള്ള വായനക്കാര്‍ക്കാവും എന്നാണ് എന്റെ പ്രത്യാശ. അധികാരം നേടാനും അത് നിലനിര്‍ത്താനും അര്‍ധ സത്യങ്ങള്‍ പറയാനും മടിയില്ലാത്ത ഒരു സത്യാനന്തര സമൂഹത്തിലേക്കാണ് കൊട്ടാരം ലേഖിക യുടെ അഭിമുഖങ്ങള്‍ കടന്നുചെല്ലുന്നത്.കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങള്‍അടക്കം മൂന്നു പുസ്തകങ്ങള്‍ അധികാര രാഷ്ട്രീയത്തെ അവ മതിക്കുന്നതായി കാണാം. പരിചരണ ഭാഷ ഐറണി യില്‍ ഊന്നി വായനക്കാര്‍ക്ക് വായിച്ചെടുക്കാന്‍ ഒരു മാര്‍ജിന്‍ കൊട്ടാരം ലേഖിക വിടുന്നുണ്ട് എന്നതാണ് രചനയുടെ പ്രത്യേകത
?വ്യാസനില്‍ നിന്നും എഴുത്തച്ഛനിലേക്കുള്ള ദൂരത്തെ എങ്ങനെ കാണുന്നു
= എഴുത്തച്ഛന്റെ മഹാഭാരതം ഞാന്‍ വായിച്ചിട്ടില്ല. എഴുത്തച്ഛന്റെ രാമായണം( എം കെ സാനുവിന്റെ അടിക്കുറിപ്പുള്ള മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച) കുറേ ദിവസങ്ങള്‍ എടുത്ത് ഞാന്‍ വായിച്ചു. അജ്ഞേയ വാദിയായ വായനക്കാരന് ദാര്‍ശിനിക ഉള്‍ക്കാഴ്ച തരിക എന്നതല്ല എഴുത്തച്ഛന്റെ കിളിപ്പാട്ടിന്റെ ലക്ഷ്യം. വിശ്വാസികളുടെ ഭക്തിഗാനം എന്ന നിലയില്‍ അതിനെ കാണണം.
?ഈ മഹാ രചനയെ മാറ്റിമറിക്കുമ്പോള്‍ നേരിട്ട പ്രധാന പ്രതിസന്ധി എന്താണ്
= ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന വിധം ഒരു പ്രതിസന്ധി നേരിട്ട അനുഭവം എനിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ പരമ്പരാഗത രീതി എനിക്ക് സ്വീകാര്യമല്ല
?സമകാലിക രചനാലോകത്തോടെ ചേര്‍ത്തുവെച്ച് ഈ രചനകളെ പരിശോധിച്ചിട്ടുണ്ടോ? ഇവയ്ക്ക് കാലത്തെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നുണ്ടോ
=കഥ മഹാഭാരതം ആണെങ്കിലും വിഷയപരിചരണം സമകാലിക സൂചന നല്‍കുന്നതാണല്ലോ ധ്വനിയിലാണ് ഊന്നല്‍.
?പുതിയ എഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടല്ലോ അവരുടെ പരിമിതിയും സാധ്യതകളും എന്താണ്
= അന്തര്‍ ലോകത്തെ ഏകാധിപതികള്‍ ആയിരുന്നു ആധുനികകാല കഥാപാത്രങ്ങള്‍ എങ്കില്‍,പുതു കഥയിലെ നായകന്‍ കൂട്ടായ്മയുമായിസഖ്യം ചേര്‍ന്നവനാണ്. ജാതിമത വേര്‍തിരിവുകള്‍ക്ക് അതീതരായി മാനവ മൂല്യങ്ങളുടെ സംരക്ഷണത്തിനായി രാഷ്ട്രീയ ശരികള്‍ (political correctness )പിടിച്ച് നിരത്തിലിറങ്ങാന്‍ തയ്യാറാണ്. ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ സമരവീര്യത്തോടെ ഇറങ്ങിത്തിരിക്കുന്നു നേരെ വാ മനസ്സിന്റെ ഉടമകളാണ് അവര്‍. സമൂഹമാധ്യമങ്ങളുടെ സജീവ സാന്നിധ്യം ആത്മാവിഷ്‌കാരത്തിനായി ആവുന്നത്ര പ്രയോജനപ്പെടുത്തുന്നു, നേട്ടം കൊയ്യുന്നു അന്തരീക്ഷ വര്‍ണ്ണന ദാര്‍ശനിക ചിന്താശകലങ്ങള്‍ ഏകാന്തത കാവ്യാത്മക ഭാഷ എന്നിങ്ങനെ ഒരിക്കല്‍ മലയാള കഥാരചനയെ കൊഴുപ്പിച്ച ചേരുവകള്‍ ഇപ്പോള്‍ കഥയുടെ ഊട്ടുപുരയില്‍ ആരും ഉപയോഗിച്ചു കാണുന്നില്ല അതിന് നന്ദി
Content Highlights: k p nirmalkumar interview pradeep panangad mathrubhumi weekend, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..