'മാധവിക്കുട്ടിയാണോ കമലാസുരയ്യയാണോ എന്നതല്ല, അമ്മ എന്ന സ്‌നേഹമാണ് ഞങ്ങളുടേത്'- ജയസൂര്യാദാസ്


ഷബിത

എല്ലാ മതങ്ങളെയും ബഹുമാനിക്കാന്‍ പഠിപ്പിച്ച മാതാപിതാക്കളുടെ മക്കളായതിനാല്‍ അമ്മ സാരിയ്ക്ക് പകരം പര്‍ദ്ദയിട്ടാല്‍ ഞങ്ങള്‍ക്കൊന്നും സംഭവിക്കില്ലായിരുന്നു. അത് അമ്മയുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം.

വര: ദ്വിജിത്ത്

മാധവിക്കുട്ടി എന്ന പേര് എക്കാലവും മലയാളസാഹിത്യത്തിന് ഒരത്ഭുതം തന്നെയാണ്. ജീവിതത്തെ ഇത്രമേൽ ആഘോഷിച്ച ഒരു സ്ത്രീത്വം വേറെയില്ല ചൂണ്ടിക്കാണിക്കാൻ. അതിന് ബലമായിരുന്നതാവട്ടെ അസൂയാവഹമായ രചനാശൈലിയും സാഹിത്യാഭിരുചിയുമായിരുന്നു. ഇന്ന് മാധവിക്കുട്ടിയുടെ പിറന്നാൾ. ആഘോഷങ്ങളുടെ ഇഷ്ടക്കാരിയായിരുന്ന അമ്മയെക്കുറിച്ച് മകൻ ജയസൂര്യാദാസ് സംസാരിക്കുന്നു.

എൺപത്തിയേഴ് വയസ്സായി ഇന്നേക്ക് അമ്മയ്ക്ക്. ഇവിടെ പുണെയിലെ ബി എസ്എസ്കെ (ഭാരതീയ സമാജ്സേവാകേന്ദ്രം) നടത്തുന്ന അനാഥാലയത്തിലെ ഇന്നത്തെ മുഴുവൻ ഭക്ഷണ ചെലവുകളും അമ്മയുടെ പേരിലാണ് ഒരുക്കിയിട്ടുള്ളത്. അത് എല്ലാ വർഷവും മാർച്ച് മുപ്പത്തിയൊന്നിന് നടക്കുന്നതാണ്. അമ്മയുള്ള കാലം മുതൽക്കേ തുടങ്ങി വെച്ചതാണ്. അച്ഛന്റെ പിറന്നാൾദിനത്തിലും ബിഎസ്എസ്കെയിൽ സദ്യ കൊടുക്കാറുണ്ട്. കുട്ടികൾക്ക് അമ്മയുടെ പേരിൽ മധുരമൊക്കെ കൊടുക്കുന്നത് വല്യ ഇഷ്ടമായിരുന്നല്ലോ. പിറന്നാളൊക്കെ വിപുലമായി തന്നെ, അതും എല്ലാവരും വളരെ ഉത്സാഹത്തോടെ മുൻകയ്യെടുത്ത് നടത്തുന്നതിൽ അമ്മയ്ക്ക് വല്യ സന്തോഷമായിരുന്നു. ആഘോഷങ്ങളുടെ തോഴിയായിരുന്നല്ലോ മാധവിക്കുട്ടി. ആ പിറന്നാളാഘോഷത്തിന് ഇന്നും ഒരു മുടക്കവും വരുത്തിയിട്ടില്ല. മധുരമൊക്കെ നിയന്ത്രണമില്ലാതെ കഴിക്കാൻ കിട്ടുന്ന ദിവസമായിരുന്നു അവസാനവർഷങ്ങളിലെ പിറന്നാളുകൾ അമ്മയ്ക്ക്. ഡയബറ്റിക്കായതിനാൽ മധുരം കഴിക്കുന്നത് ഞങ്ങൾ വിലക്കിയിരുന്നു. അവസാനത്തെ പിറന്നാൾ ഇവിടെ എന്റെയൊപ്പമായിരുന്നു. എക്കാലത്തെയും പോലെ അന്നും അണിഞ്ഞൊരുങ്ങി, പേരക്കുട്ടികളോട് കഥകൾ പറഞ്ഞ്, പറഞ്ഞ കഥകൾ സന്ദർഭവും സാഹചര്യവും മാറ്റിപ്പറഞ്ഞ്, മക്കളത് കണ്ടുപിടിച്ച് അച്ഛമ്മയെ കളിയാക്കിക്കൊണ്ട്... ആകെ ഉത്സവാന്തരീക്ഷമായിരുന്നു അമ്മയിലെ എനർജി ഞങ്ങൾക്കു തന്നിരുന്നത്.

madhavikutty
വര: ദ്വിജിത്ത്

അമ്മ എല്ലായ്പ്പോഴും കൂടെത്തന്നെയുണ്ട്. കൃതികളായും കഥാപാത്രങ്ങളായും മറ്റുള്ളവരുടെ ഓർമകളിൽ ഇടം പിടിച്ചും അല്ലാത്ത സമയത്ത് വെറുതേ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചും മാധവിക്കുട്ടി മലയാളത്തിന്റെ സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ വന്നും പോയും കൊണ്ടിരിക്കുന്നുണ്ട്. അമ്മ ഊറിച്ചിരിക്കുമ്പോൾ പ്രസരിക്കുന്ന സന്തോഷമേയുള്ളൂ അതൊക്കെ കാണുമ്പോൾ. എസ്റ്റേറ്റ് ഓഫ് കമലാദാസ് എന്ന പേരിൽ അമ്മയുടെ കൃതികളുടെ കോപ്പിറൈറ്റും മറ്റുമൊക്കെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കും വേണ്ടി ഞാനാണ് ഏറ്റെടുത്തിരിക്കുന്നത്. അപ്പോൾ പലദിവസങ്ങളിലും അമ്മയുടെ എഴുത്തുകളുമായി ഇടപഴകേണ്ടി വരാറുണ്ട്. എന്തൊരത്ഭുതമാണ് അമ്മ എന്നു തോന്നിപ്പോകാറുണ്ട് പലപ്പോഴും. സാർവത്രിക സ്നേഹത്തെ ഇത്രമേൽ ആഘോഷിച്ച എഴുത്തുകാരി. അമ്മയുടെ ഇളയകുട്ടി എന്ന പ്രിവിലേജ് നന്നായി അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. മാധവിക്കുട്ടി വലിയ എഴുത്തുകാരിയാണ്; അതിലും വലിയ സ്നേഹനിധിയായിരുന്നു മാധവിക്കുട്ടിയിലെ അമ്മ.

കൊച്ചിയിൽ കുറച്ചുകാലം താമസിച്ചതിനു ശേഷം തിരികെ പുണെയിലേക്കു തന്നെ വന്നിരുന്നു അമ്മ. തീരെ വയ്യാതായപ്പോൾ മാത്രമാണ് മക്കളുടെ കൂടെ താമസിക്കാൻ സമ്മതം മൂളിയത്. എന്നിരുന്നാലും ഞാനും കുടുംബവും താമസിക്കുന്ന അപ്പാർട്ടുമെന്റിലെ അതേ കെട്ടിടത്തിലെ മറ്റൊരു അപ്പാർട്മെന്റിലായിരുന്നു താമസം. അമ്മ വളരെയധികം സ്വകാര്യതയും ഏകാന്തതയുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു. അമ്മയുടെ സ്വകാര്യതയെ ഞങ്ങൾ വളരെയധികം മാനിച്ചിരുന്നു, അച്ഛനും അങ്ങനെ തന്നെയായിരുന്നു. അച്ഛൻ അമ്മയെ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നത് കണ്ടാണ് ഞങ്ങൾ വളർന്നത്. എപ്പോഴും തമാശപറഞ്ഞ് പൊട്ടിച്ചിരിക്കുന്ന അമ്മയാണ് ഞങ്ങൾക്ക് കമലാദാസ്. അല്ലാത്തപക്ഷത്തെ മാധവിക്കുട്ടിയും കമലാസുരയ്യയുമൊക്കെ ഞങ്ങൾ മക്കളുടെ വിഷയമേ അല്ലായിരുന്നു.

madhavikutty and jayasuryadas
മാധവിക്കുട്ടിയും മക്കളായ എം.ഡി.നാലപ്പാടും ജയസൂര്യാദാസും. പഴയ ചിത്രം. Photo: mathrubhumi Archives

കൊൽക്കത്തയിൽ അമ്മ വളർന്നത് തികച്ചും മതേതരമായ അന്തരീക്ഷത്തിലാണ്. ഞങ്ങളെ വളർത്തിയതും അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ ലോകം കൊട്ടിഘോഷിച്ച, രാപകലുകളോളം ചർച്ചചെയ്യപ്പെട്ട മതംമാറ്റ വിഷയത്തിലൊന്നും ഞങ്ങൾക്കൊരു പുതുമയും തോന്നിയിരുന്നില്ല. അമ്മ ഒരു ദിവസം പറഞ്ഞു മതം മാറിയെന്ന്. ഓ, യെസ് എന്നായിരുന്നു ഞങ്ങളുടെ പ്രതികരണം. അമ്മ ഏതു മതത്തിൽ പോയാലും എന്തു പേര് സ്വീകരിച്ചാലും ഞങ്ങൾക്ക് അമ്മയാവാതിരിക്കില്ലല്ലോ. ഒരിക്കലും വറ്റാത്ത സ്നേഹം, നിഷ്കളങ്കത... അതാണ് അമ്മ. നമ്മുടെ ഭരണഘടന തരുന്ന അവകാശങ്ങളിൽ ഒന്നാണ് റൈറ്റ് റ്റു റിലീജ്യൺ. അത് അമ്മ വിനിയോഗിച്ചു അത്രയേ ഉള്ളൂ. എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ പഠിപ്പിച്ച മാതാപിതാക്കളുടെ മക്കളായതിനാൽ അമ്മ സാരിയ്ക്ക് പകരം പർദ്ദയിട്ടാൽ ഞങ്ങൾക്കൊന്നും സംഭവിക്കില്ലായിരുന്നു. അത് അമ്മയുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ മാത്രം.

ജീവിതമുടനീളം ഇത്രയധികം കാല്പനികമായി കൊണ്ടാടിയ, ഇനിയൊരു റൊമാന്റിക് സ്ത്രീത്വത്തിന് സാധ്യതയില്ലാത്തവിധം ജീവിതം ആഘോഷിച്ച അമ്മയോടാണ് ഞങ്ങളുടെ ആരാധന. വളരെ വൈകാരികമായ പ്രകൃതക്കാരിയായിരുന്നു. പെട്ടെന്ന് കരയും, അതുപോലെ ചിരിക്കുകയും ചെയ്യും. ഒരു വികാരജീവി തന്നെ. അതിനിടയിൽ ഇടിവെട്ട് തമാശയും പറയും. വളരെ പാവമായിരുന്നു.

മാധവിക്കുട്ടിയുടെ നീർമാതളം നാലപ്പാട്ടെ പൈതൃകസ്വത്തിൽ ഉൾപ്പെട്ടതാണ്. അതാണ് സാഹിത്യ അക്കാദമിയ്ക്ക് കൊടുത്തതും മാധവിക്കുട്ടിയുടെ സ്മാരകം പണിതതും. അവിടെയാണ് മാധവിക്കുട്ടിയുടെ ഓർമകൾ പുതുക്കപ്പെടുന്നത്. അമ്മയുടെ ഭൗതികശരീരം എവിടെ സംസ്കരിക്കപ്പെട്ടു എന്നതിൽ യാതൊരു പ്രസക്തിയുമില്ല. അത് അമ്മ അപ്പോൾ വിശ്വസിച്ചിരുന്ന മതാചാരപ്രകാരം മറവ് ചെയ്യപ്പെട്ടു. അതിൽ കൂടുതൽ വിചാരണ ചെയ്യാനൊന്നുമില്ല. മാധവിക്കുട്ടിയുടെ ശേഷിപ്പുകൾ എന്നു പറയുന്നത് അവർ സാഹിത്യത്തിനും ഇന്ത്യൻ സംസ്കാരത്തിനും തന്നെ നൽകിയ സംഭാവനകളാണ്, എഴുത്തുകളാണ്, ചിന്തകളാണ്, പ്രചോദനങ്ങളാണ്...അതാണ് ആഘോഷിക്കപ്പെടേണ്ടത്. അത് എക്കാലവും വളരെ ഭംഗിയായി തന്നെ നടക്കുന്നുണ്ട്.

മാധവിക്കുട്ടിയെ സംബന്ധിച്ചുള്ള ബാക്കിയെല്ലാ ചർച്ചകളും വിവാദങ്ങളു വെറും ശ്രദ്ധക്ഷണിക്കൽ മാത്രമാണ്. അപ്പോൾ അതിനോട് പ്രതികരിക്കാതിരിക്കുക എന്നതാണ് അമ്മ സ്നേഹിച്ചുവളർത്തിയ ഞങ്ങൾ മക്കളുടെ ധർമം. അത് അങ്ങനെ തന്നെ തുടരുന്നു. മാധ്യമങ്ങളോട് മുഖം തിരിക്കുന്നതിനുള്ള പ്രധാന കാരണവും അതു തന്നെയാണ്. ഇനിയുള്ള കാലമത്രയും മാധവിക്കുട്ടി ചർച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും, കാരണം അമ്മയാസ്വദിച്ച ജീവിതവും സാഹിത്യവും അതായിരുന്നല്ലോ.

മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ വാങ്ങാം

Content Highlights: JaisuryaDas Son Of KamalaDas Speaks about his Beloved mother on the 87 birthAnniversary of her

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Rahul Mamkootathil

1 min

'സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു'

Jun 24, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022

Most Commented