ഇ.വി ഫാത്തിമ
*വിവര്‍ത്തനത്തില്‍ മഹത്തായ ഒരു കലയുണ്ട്. പക്ഷേ ആ കലയെ ഒരു നിശ്ചിത ചതുരത്തില്‍ നിര്‍ത്തിയിരിക്കുകയാണ് * പൈസയാണ് ലക്ഷ്യമെങ്കില്‍ ജോലി മതിയല്ലോ. * ചില പുസ്തകങ്ങള്‍ മലയാളത്തില്‍ വായിക്കുമ്പോള്‍ തന്നെ മനസ്സില്‍ ഞാന്‍ അതിന്റെ ഇംഗ്ലീഷ് വേര്‍ഷനും കൂടി വായിക്കും* പുരസ്‌കാരത്തിനായുള്ള വിവര്‍ത്തനങ്ങളില്ല, എപ്പോഴും നമ്മള്‍ പുരസ്‌കൃതരായിക്കൊണ്ടിരിക്കുകയുമില്ല- വിവര്‍ത്തക ഇ.വി ഫാത്തിമ സംസാരിക്കുന്നു.
ഇ.വി ഫാത്തിമ എന്ന വിവര്‍ത്തകയെ അടയാളപ്പെടുത്തിയ പുസ്തകമാണ് 'എ പ്രിഫേസ് ടു മാന്‍'- സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിന്റെ ഇംഗ്ലീഷ് പതിപ്പ്. മികച്ച വിവര്‍ത്തകയ്ക്കുള്ള വി.അബ്ദുള്ള അവാര്‍ഡ്, ക്രോസ്‌വേഡ് അവാര്‍ഡ് എന്നിവ നല്‍കിക്കൊണ്ടാണ് ഇ.വി ഫാത്തിമയെ സാഹിത്യലോകം സ്വീകരിച്ചത്. വിവര്‍ത്തനമേഖലയിലേക്ക് എങ്ങനെയാണ് എത്തിയത്?
ഡല്‍ഹി ഗാഥകള്‍ എന്റെ മൂന്നാമത്തെ വിവര്‍ത്തന പുസ്തകമാണ്. വിവര്‍ത്തനം ഗൗരവമായി തുടങ്ങിയത് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിലൂടെയാണ്. ഗ്രേസിടീച്ചറുടെ കഥകള്‍ വിവര്‍ത്തനം ചെയ്തു. പിന്നെയാണ് കെ. നന്ദകുമാറുമായി ചേര്‍ന്ന് എം.മുകുന്ദന്റെ ഡല്‍ഹിഗാഥകളിലേക്ക് എത്തുന്നത്. പുസ്തകങ്ങള്‍ ഏറ്റെടുത്ത് ചെയ്തു തുടങ്ങുന്നതിനുമുമ്പ് ഇന്ത്യന്‍ ഇങ്ക്‌സ് എന്ന പേരില്‍ ഞാനും വി.എച്ച് നിഷാദും മനോജ് കൊയ്യവും കൂടി ഒരു ലിറ്റില്‍ മാഗസിന്‍ നടത്തിയിരുന്നു. രണ്ടരമൂന്നു വര്‍ഷത്തോളം ആ മാഗസിന്‍ ഓടി. അതില്‍ നിരന്തരം വിവര്‍ത്തനങ്ങള്‍ ചെയ്താണ് എന്റെ തുടക്കം. മലയാളത്തിലെ ചെറിയ കവിതകളും കഥകളുമായിരുന്നു വിവര്‍ത്തനം ചെയ്തിരുന്നത്. വിവര്‍ത്തനങ്ങളുടെ പ്രാക്ടിക്കല്‍ ലാബ് അതായിരുന്നു.
ഇതൊരു സ്വതന്ത്ര എഴുത്തുപ്രക്രിയ അല്ല. മറ്റൊരു കൃതിയുടെ ആത്മാവില്‍ പ്രവേശിച്ചുകൊണ്ട് അതിനെ ഭാഷാപരമായി റീക്രിയേറ്റ് ചെയ്യുകയാണ്. ഡാന്‍സിങ് ഇന്‍ ചെയിന്‍സ് എന്നൊരു ചൈനീസ് പഴമൊഴി ഉണ്ട്. ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട എന്നാല്‍ തികച്ചും സര്‍ഗാത്മകമായ നൃത്തപരിപാടി തന്നെ! വിവര്‍ത്തനത്തില്‍ മഹത്തായ ഒരു കലയുണ്ട്. പക്ഷേ ആ കലയെ ഒരു നിശ്ചിത ചതുരത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. മലയാളകൃതികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എഡിറ്റിങ് എന്നൊരു പ്രൊഫഷണല്‍ പ്രക്രിയ നടക്കുന്നില്ല. എന്നാല്‍ ഇംഗ്ലീഷില്‍ അങ്ങനെയല്ല. അവിടെ എഡിറ്റിങ്ങിനാണ് പ്രധാന്യം. വിവര്‍ത്തനം ചെയ്യുമ്പോള്‍ നമുക്ക് അറിയാതെ മൂലകൃതിയെ എഡിറ്റ് ചെയ്യാനൊക്കെ തോന്നിപ്പോകും. ഓതര്‍ക്ക് സ്വീകാര്യമാണെങ്കില്‍ വിവര്‍ത്തനം എളുപ്പമായി. അല്ലാത്തപക്ഷം നമ്മള്‍ ചങ്ങലകളാല്‍ നൃത്തം തുടരണം. തികച്ചും ഏകാന്തമാണത്.
ട്രാന്‍സലേഷന്‍ ട്രാന്‍സ്‌ക്രിയേഷന്‍ തുടങ്ങി പലതലങ്ങളുള്ള വിവര്‍ത്തനത്തെപ്പറ്റി...
പലമാനങ്ങളുമുണ്ട് ആ വാക്കുകള്‍ക്ക്. ട്രാന്‍സ്‌ക്രിയേഷന്‍ എന്നത് സ്വതന്ത്രവിവര്‍ത്തനം എന്ന രീതിയില്‍പ്പോലും ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. ട്രാന്‍സലേഷന്‍ എന്നത് തികച്ചും സര്‍ഗാത്മകമായ പ്രവൃത്തി തന്നെയാണ്. നാലോ അഞ്ചോ ഭാഷകള്‍ അറിഞ്ഞതുകൊണ്ട് വിവര്‍ത്തനം സാധ്യമായിക്കൊള്ളണമെന്നില്ല. പലകാലങ്ങളായിക്കൊണ്ട് നമ്മള്‍ ആര്‍ജിച്ചിട്ടുള്ള വായനയുടെയും ഭാഷാപരിചയത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ ഒത്തുചേരല്‍ തന്നെയാണ് വിവര്‍ത്തനം. പൊതുവിലുള്ള വായനയാണ് മുഖ്യം. സാഹിത്യത്തില്‍ ഇന്ന് എന്തുനടക്കുന്നു എന്ന് വിവര്‍ത്തകര്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ വിവര്‍ത്തനം സ്വീകരിക്കപ്പെടുന്ന രീതിയില്‍ സാധ്യമാകുകയുള്ളൂ.
ഡല്‍ഹി ഗാഥകളിലെ സംഭവങ്ങളും പരാമര്‍ശങ്ങളും ദശാബ്ദങ്ങള്‍ക്കുമുമ്പുള്ളവയാണ്
ഡല്‍ഹി ഗാഥകള്‍ ഇറങ്ങിയ കാലത്തെ റിപ്പോര്‍ട്ടിങ് രീതിയിലുള്ള വായനയല്ല ഇന്ന് ആ കൃതി ആവശ്യപ്പെടുന്നത്. ഭൂതകാലം വര്‍ത്തമാനകാലത്തിലേക്കുള്ള ചൂണ്ടുപലകയായി എങ്ങനെ നില്‍ക്കുന്നു എന്നതിനുള്ള ഉദാത്തമായ കൃതിയാണ് ഡല്‍ഹിഗാഥകള്‍. ഞാനും നന്ദകുമാറും വിവര്‍ത്തനം ചെയ്യാനിരിക്കുമ്പോള്‍ ഇതേക്കുറിച്ചൊന്നുമല്ല ചിന്തിച്ചത്. അതൊരു വിറ്റ്‌നസ് നോവലാണ്. അന്ന് നടമാടിയതിനേക്കാള്‍ ഭീകരമായ അന്തരീക്ഷത്തിലിരുന്നുകൊണ്ടാണ് ഞങ്ങളള്‍ ഈ കൃതി വിവര്‍ത്തനം ചെയ്യുന്നത്. ആ രാഷ്ട്രീയമാനത്തിലൂടെയാണ് ഞങ്ങള്‍ നോവലിനെ സമീപിച്ചത്.

ഓതര്‍- ട്രാന്‍സലേറ്റര്‍ ബന്ധം
കഴിഞ്ഞ ദിവസം ഒരാള്‍ എന്നെ വിളിച്ചു. അഞ്ചെട്ടുവര്‍ഷം മുമ്പ് എഴുതിയ പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തുതരാന്‍ പറ്റുമോ എന്നാണ് ആവശ്യം. എനിക്ക് സാധ്യമാവില്ല എന്നറിയിച്ചപ്പോള്‍ പ്രശസ്തരായ വേറെ വിവര്‍ത്തകരെ സജസ്റ്റ് ചെയ്യാന്‍ പറഞ്ഞു അദ്ദേഹം. നിലവില്‍ എനിക്കറിയാവുന്നവര്‍ ഒരു വര്‍ഷത്തേക്കെങ്കിലും ഏറ്റെടുത്ത വര്‍ക്കുകളാല്‍ തിരക്കിലാണ് എന്നറിയിച്ചപ്പോള്‍ വന്ന മറുപടിയാണ് എന്നെ അതിശയിപ്പിച്ചത്- ഇതൊക്കെ അത്ര വല്യകാര്യമാണോ, ധാരാളം പൈസ കിട്ടുന്നതല്ലേ! അതാണ് കാഴ്ചപ്പാട്. ഞങ്ങളെല്ലാം ജോലിയുള്ളവരാണ്. പൈസയാണ് ലക്ഷ്യമെങ്കില്‍ ജോലി മതിയല്ലോ. അതിനപ്പുറത്തേക്കുള്ള താല്‍പര്യമാണ് വിവര്‍ത്തനത്തിലേക്ക് നയിക്കുന്നത്. അതിലേക്ക് ചെലവഴിക്കുന്ന സമയം, പാഷന്‍, ഇന്റിമസി, കമ്മിറ്റ്‌മെന്റ് സെന്‍സിറ്റിവിറ്റി...ഇതൊക്കെയാണ് ആ പറഞ്ഞയാളുടെ വാക്കുകളാല്‍ ഒറ്റയടിക്ക് പൈസയ്ക്കുമേല്‍ റദ്ദായിപ്പോയിരിക്കുന്നത്. ഇപ്പറഞ്ഞതൊന്നും പണത്തിനൊക്കില്ല എന്നാണോ? പൈസയാണ് മുഖ്യമെങ്കില്‍ പലതും ചെയ്യാം. ഞങ്ങളുടെ എഫേര്‍ട്ടിന് ഒരു മൂല്യമുണ്ട്. അതിനൊരു തുക നിശ്ചയിക്കപ്പെടുന്നത് സ്വാഭാവികമാണ്. പണം നോക്കാതെ താല്‍പര്യത്തിനുപുറത്ത് ചെയ്യുന്ന ധാരാളം വിവര്‍ത്തനങ്ങളുണ്ട്. അത് മാതൃഭാഷയിലുള്ള സാഹിത്യത്തെ ലോകഭാഷാശ്രദ്ധയിലേക്ക് എത്തിക്കുക എന്ന ശ്രമത്തിന്റെ കൂടി ഭാഗമാണ്.
പുരസ്‌കാരനേട്ടങ്ങളെക്കുറിച്ച്...
പുരസ്‌കാരത്തിനായുള്ള വിവര്‍ത്തനങ്ങളില്ല, എപ്പോഴും നമ്മള്‍ പുരസ്‌കൃതരായിക്കൊണ്ടിരിക്കുകയുമില്ല. പക്ഷേ ചെയ്ത വിവര്‍ത്തനം അംഗീകരിക്കപ്പെടുമ്പോള്‍ ഏതൊരു മനുഷ്യനെയും പോലെ സന്തോഷം സ്വാഭാവികമാണ്. അത് പ്രചോദനമാണ്. അതിനപ്പുറം മലയാളം മൂലകൃതിയായിട്ടുള്ള ഏത് വിവര്‍ത്തനവും അംഗീകരിക്കപ്പെടുമ്പോള്‍, മലയാളമാണ് അംഗീകരിക്കപ്പെടുന്നത് എന്ന ബോധമാണ് മുന്നോട്ട് നയിക്കുന്നത്. അന്യഭാഷകളിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ എഴുത്തുകാര്‍ക്കൊപ്പം തന്നെ നില്‍ക്കേണ്ട പേരാണ് വിവര്‍ത്തകരുടേത്. ഇംഗ്ലീഷില്‍ ആ രീതി ഉണ്ട്. മലയാളത്തില്‍ വൈകാതെ വന്നുചേരുമായിരിക്കും.
വിവര്‍ത്തന തിരഞ്ഞെടുപ്പുകളെക്കുറിച്ച്?
വ്യക്തമായ തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. പുസ്തകത്തിനോട് ഒരു അടുപ്പമോ സ്‌നേഹമോ ഇല്ലെങ്കില്‍ വിവര്‍ത്തനം സാധ്യമാവില്ല. ഇന്ന പുസ്തകം വിവര്‍ത്തനം ആവശ്യപ്പെടുന്നു എന്ന് തോന്നലിന് പലകാരണങ്ങളുണ്ടാവാം. കൂടുതല്‍ വായിക്കപ്പെടണം. പ്രാദേശികഭാഷയില്‍ ഒതുങ്ങിപ്പോവാന്‍ പാടില്ല എന്നു തോന്നുന്ന കൃതികളാണ് എന്റെ വിവര്‍ത്തനമാനദണ്ഡം. ഈ പുസ്തകത്തിന്റെ വിവര്‍ത്തനം എനിക്കു പറ്റും, അതിന്റെ ഉളളടക്കത്തിന് എന്റെ ഭാഷയും വീക്ഷണവും പോറല്‍ വരുത്തില്ല എന്ന ഉത്തമബോധ്യമുള്ള കൃതികള്‍ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ. ഡയല്ക്ടുകള്‍ ധാരാളമുള്ള, എന്റെ ഇംഗ്ലീഷിലേക്ക് അതിനെ കിട്ടില്ല എന്നു തോന്നുന്ന കൃതികള്‍ ഞാന്‍ ചെയ്യാറില്ല. ഏതു കൃതികളിലെയും ഭാഷകളിലെയും ബുദ്ധിമുട്ടുകളിലൊന്നാണ് ഡയലക്ടുകള്‍. അതിനെ മറികടക്കുന്ന ധാരാളം വിവര്‍ത്തകരുണ്ട്. അതിനെല്ലാറ്റിനുമപ്പുറം വിവര്‍ത്തനത്തിലേക്ക് നയിക്കുന്ന ഒന്നാണ് വായിച്ച കൃതി ഉയര്‍ത്തുന്ന ചാലഞ്ച്. പലപ്പോഴും അങ്ങനെയാണെന്റെ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. പുസ്തകം നമ്മളെ ചലഞ്ച് ചെയ്യും വിവര്‍ത്തനത്തിന് തയ്യാറാണോ എന്ന മട്ടില്‍.
നമ്മുടെ മലയാളസാഹിത്യം വളര്‍ന്ന് തിടംവെച്ചതുതന്നെ വിവര്‍ത്തന കൃതികളുടെ സഹായത്താലാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പാശ്ചാത്യക്ലാസിക് കൃതികളധികവും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യല്‍ കുറച്ച് അധികം ബുദ്ധിമുട്ടാണ്. കൂടുതല്‍ പരിശ്രമവും വേണം. എനിക്ക് എളുപ്പം ഇംഗ്ലീഷിലേക്കാണ്. എന്റെ പിതാവ് മദ്രാസ് ഗവണ്‍മെന്റ് സര്‍വീസിലായിരുന്നു. സെന്‍ട്രല്‍ പോളി ടെക്‌നിക്കില്‍ പ്രിന്‍സിപ്പാളായിരുന്നു. തമിഴ്‌നാട്ടിലെ പലസ്ഥലങ്ങളിലായിട്ടാണ് ഞങ്ങള്‍ താമസിച്ചത്. എന്റെ ചെറുപ്പകാലമൊക്കെ തമിഴ്‌നാട്ടിലാണ്. എന്റെ ഉമ്മയുടെ പിതാവ് സിലോണിലെ വ്യാപാരിയായിരുന്നു. ഉമ്മ തമിഴ് പഠിച്ചിട്ടുണ്ട്. തമിഴ് വായിക്കുകയും എഴുതുകയും ചെയ്യും. ഉമ്മയുടെ സഹായത്തോടെ തമിഴ് ഞാനും പെറുക്കിപ്പെറുക്കി വായിക്കാന്‍ പഠിച്ചു. മാഹിയില്‍ ഉമ്മയുടെ വീട്ടില്‍ മാട്രിലീനിയല്‍ സിസ്റ്റമായിരുന്നു. നാട്ടില്‍ വരുമ്പോള്‍ മാഹിയിലെ സ്‌കൂളില്‍ പഠിക്കും. തിരിച്ച് പോകുമ്പോള്‍ മദ്രാസ് സ്‌കൂളില്‍ പഠിക്കും. അങ്ങനെയായിരുന്നു വിദ്യാഭ്യാസം. മാഹിയില്‍ ഉമ്മയുടെ സഹോദരങ്ങള്‍ക്ക് മികച്ച ഒരു ലൈബ്രറിയുണ്ടായിരുന്നു -ബ്രദേഴ്‌സ് ലൈബ്രറി. വായനാഭ്രാന്ത് പിടിച്ച പെണ്ണുങ്ങള്‍ എന്നൊക്കെ പറയാം. ആണുങ്ങള്‍ ഇംഗ്ലീഷ് പുസ്തകം വായിക്കുമ്പോള്‍ പെണ്ണുങ്ങള്‍ വിവര്‍ത്തന പുസ്തകങ്ങള്‍ വായിക്കും. ഷെര്‍ലക് ഹോംസിനെയൊക്കെ വായിച്ചത് അങ്ങനെയാണ്. പുസ്തകങ്ങള്‍ ആദ്യം മലയാളത്തില്‍ വായിക്കും പിന്നെ അതിന്റെ ഇംഗ്ലീഷും വായിക്കും. ഇങ്ങനെയൊക്കെയായിരുന്നു എന്റെ വായനാപരിപാടികള്‍. അത് സഹായകമായത് വിവര്‍ത്തനമേഖലയില്‍ എത്തിയപ്പോഴാണ്.
ചില പുസ്തകങ്ങള്‍ മലയാളത്തില്‍ വായിക്കുമ്പോള്‍ തന്നെ മനസ്സില്‍ ഞാന്‍ അതിന്റെ ഇംഗ്ലീഷ് വേര്‍ഷനും കൂടി വായിക്കും. എന്റെ വിവര്‍ത്തനപരിധിയില്‍ ഇതു നില്‍ക്കുമോ ഇല്ലയോ എന്ന് സ്വയം നിശ്ചയിക്കുന്നത് അങ്ങനെയാണ്. ഇംഗ്ലീഷിലും കൂടിയുള്ള വായന എനിക്കു സാധ്യമാകുന്നുവെങ്കില്‍ ഞാന്‍ പുസ്തകം ഏറ്റെടുക്കും. ചില പുസ്തകങ്ങള്‍ എളുപ്പം വഴങ്ങും. ചിലത് സമയമെടുക്കും. എന്നിരുന്നാലും ചെയ്യാന്‍ പറ്റുമെന്ന് വിശ്വാസമുള്ള പുസ്തകങ്ങളേ എടുക്കാറുള്ളൂ. ഗ്രേസി ടീച്ചറുടെ പുസ്തകം വിവര്‍ത്തനം ചെയ്യാനുള്ള ക്ഷണം ഇങ്ങോട്ടുവന്നതാണ്. ടീച്ചറുമായി എളുപ്പത്തില്‍ ആത്മബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് വിവര്‍ത്തനം സുഗമമാക്കി. ബിബ്ലിക്കല്‍ ബാക്ഗ്രൗണ്ടിലുള്ള കഥകളിലെ വാക്കുകളും പ്രാദേശിക വകഭേദങ്ങളുള്ള ക്രിസ്ത്യന്‍ രക്തബന്ധങ്ങളും പേരുകളുമെല്ലാം ടീച്ചര്‍ തന്നെ വിശദമാക്കിത്തന്നു. ഒരേസമയം വെല്ലുവിളിയുയര്‍ത്തിയതും അതേസമയം സ്‌നേഹനിര്‍ഭരവുമായ ഇടപഴകലും കൂടി ചേര്‍ന്നതായിരുന്നു ആ വിവര്‍ത്തനകാലം.
ഒരു വാക്കിന് ഒരു രൂപ എന്നതാണ് വിവര്‍ത്തനമേഖലയിലെ നിരക്ക്
അതിനെക്കുറിച്ച് അത്ര കൂടുതലായിട്ട് എനിക്കറിയില്ല. പ്രൊഫഷണല്‍ രീതിയില്‍ വിവര്‍ത്തനം ചെയ്യുന്നവര്‍ വാങ്ങുന്നുണ്ടായിരിക്കാം. വിവര്‍ത്തനം നല്ല ജോലിസാധ്യതയുള്ള മേഖലയാണ്. പുറംനാടുകളില്‍ ധാരാളം പേരുടെ ജീവനോപാധിയാണ് വിവര്‍ത്തനം. നല്ല സാധ്യതയുള്ള മേഖലകൂടിയാണ് ഇത്. ഇത്തരത്തിലുള്ള വിവര്‍ത്തന സ്ഥാപനങ്ങള്‍ നടത്തുന്നവരുണ്ട്. ബിസിനസ് ആവശ്യാര്‍ഥമുള്ള വിവര്‍ത്തനങ്ങളാണ് അവിടെ അധികവും നടക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. സാഹിത്യപുസ്തകങ്ങളുടെ വിവര്‍ത്തനം ആ രീതിയില്‍ വികസിക്കപ്പെട്ടിട്ടില്ല.
അധ്യാപികയായിരുന്നല്ലോ. വിവര്‍ത്തനപഠനങ്ങളെക്കുറിച്ച്...
വി.കെ കൃഷ്ണമേനോന്‍ കോളേജിലെ ആക്ടിങ് പ്രിന്‍സിപ്പാളായിട്ടാണ് വിരമിച്ചത്. മലയാളം യൂണിവേഴ്‌സിറ്റിയില്‍ വിവര്‍ത്തനം പഠിപ്പിക്കാന്‍ വിസിറ്റിങ് പ്രൊഫസറായിട്ട് പോകുന്നുണ്ട് ഇപ്പോള്‍. തൊണ്ണൂറുകളിലാണ് വിവര്‍ത്തനപഠനങ്ങള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ സിലബസ്സുകളില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്. വിവര്‍ത്തനം എന്ന പ്രവൃത്തിയുടെ ഗൗരവം ആളുകള്‍ ഉള്‍ക്കൊണ്ടുതുടങ്ങിയതും കൂടുതല്‍ നിരീക്ഷണങ്ങള്‍ ഈ മേഖലയില്‍ വരാന്‍ തുടങ്ങിയതും തൊണ്ണൂറുകള്‍ക്കുശേഷമാണ്. വിവര്‍ത്തനമെന്ന ലിംഗിസ്റ്റിക്- കല്‍ച്ചറല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ട് എന്ന തിരിച്ചറിവോടുകൂടിയുള്ള സമീപനം പുതിയ തലമുറയില്‍ ഉളവാക്കാന്‍ ഇതുമൂലം കഴിഞ്ഞു. വിവര്‍ത്തനം ഗൗരവപ്രാധാന്യമുള്ള കലയായി ഇന്ന് പരിഗണിക്കപ്പെടുന്നു. അത്തരത്തിലുള്ള പഠനങ്ങള്‍ സിലബസ്സില്‍ വന്നതാണ് ഇതിനുകാരണമായിത്തീര്‍ന്നത്. എല്ലാ ഭാഷാബിരുദ കോഴ്‌സുകളിലും വിവര്‍ത്തനം പഠിപ്പിക്കുന്നുണ്ട്. പക്ഷേ അതിന്റെ പ്രാക്ടിക്കല്‍ വശത്തിലേക്ക് നമ്മള്‍ എത്തിപ്പെടുന്നില്ല. പരിശീലനം കൂടി ആവശ്യമുള്ള മേഖലയാണിത്.
അധ്യാപികയായിരുന്നപ്പോള്‍ പുതുതായി വന്നുകൊണ്ടിരിക്കുന്ന ഏത് സിലബസ് മാറ്റവും ഏറ്റെടുത്ത് പഠിക്കാനും പഠിപ്പിക്കാനും എനിക്കിഷ്ടമായിരുന്നു, വിവര്‍ത്തനമൊഴികെ. എന്റെ വിവര്‍ത്തനജോലിയെ അത് അദൃശ്യമായി ബാധിക്കുമോ എന്നൊരു വേണ്ടാത്ത വിശ്വാസമായിരുന്നു അന്നങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ ഇപ്പോള്‍ മലയാളം യൂണിവേഴ്‌സിറ്റിയില്‍ വിവര്‍ത്തനം പഠിപ്പിക്കുമ്പോഴാണ് തിരിച്ചറിഞ്ഞത്, ഇത് ഞാനെന്നോ പഠിപ്പിക്കേണ്ടതായിരുന്നു!
കെ. നന്ദകുമാറുമായി ചേര്‍ന്നുള്ള വിവര്‍ത്തനം ഇ.വി ഫാത്തിമയ്ക്ക് ആദ്യത്തെ അനുഭവമാണ്. അധ്യായങ്ങള്‍ പകുത്തെടുക്കുകയായിരുന്നോ?

അങ്ങനെയല്ല. അങ്ങനെ പകുത്തെടുത്താല്‍ ഫൈനല്‍ ഔട്പുട്ട് ഏകീകരിച്ചുകൊണ്ടുവരല്‍ വളരെ ബുദ്ധിമുട്ടാകും. എം. മുകുന്ദന്‍ ഡല്‍ഹിഗാഥകള്‍ ഏല്‍പ്പിച്ച സമയത്ത് ഞാന്‍ കോളേജിലെ തിരക്കുകളിലായിരുന്നു. ഞാനും നന്ദകുമാറും തമ്മില്‍ നല്ലൊരു റാപ്പോ ഇക്കാര്യത്തിലുണ്ട്. ഞങ്ങള്‍ പരസ്പരം സഹായിക്കാറുണ്ട്. വര്‍ക്കുകളെപ്പറ്റി ചര്‍ച്ച ചെയ്യാറുണ്ട്. എനിക്ക് നന്ദകുമാറിന്റെ സ്റ്റൈല്‍ അറിയാം നന്ദകുമാറിന്റെ എന്റെ സ്റ്റൈലും അറിയാം. ഞാന്‍ പറഞ്ഞുവരുന്നത് സ്‌ട്രെങ്തും വീക്‌നെസ്സും ഞങ്ങള്‍ക്ക് പരസ്പരം അറിയാമെന്നുള്ള കാര്യമാണ്. ഏറെക്കുറേ ഞങ്ങള്‍ക്കിടയില്‍ യൂണിറ്റിയുണ്ട് അതുപോലെ അഭിപ്രായവ്യത്യാസവും. നന്ദകുമാര്‍ സഹകരണം വാഗ്ദാനം ചെയ്തു. വിവര്‍ത്തനത്തില്‍ ലെയറിങ് എന്നൊരു പരിപാടിയുണ്ട്.ആദ്യം ബേസിക് ചെയ്യും പിന്നെ അതിന്റെ മേല്‍ വീണ്ടും വീണ്ടും ലെയറുകള്‍ ചെയ്തുകൊണ്ടേയിരിക്കും. ടോണ്‍, റിഥം, രജിസ്റ്റര്‍, ഡയലക്ട്, മൂഡ്, തുടങ്ങിയവയൊക്കെ ക്രിയേറ്റ് ചെയ്യപ്പെടുന്നത് ഓരോ തവണയും ലെയര്‍ ചെയ്തുകൊണ്ടേയിരിക്കുമ്പോഴാണ്. നന്ദകുമാര്‍ ആദ്യം ഡ്രാഫ്റ്റ് ഉണ്ടാക്കി. ഞാന്‍ അതിനുമുകളില്‍ റീവര്‍ക് ചെയ്തു. എം. മുകുന്ദന്‍ വായിച്ചശേഷം വരുത്തേണ്ട മാറ്റങ്ങള്‍ സജസ്റ്റ് ചെയ്തു. വീണ്ടും അതിനുമുകളില്‍ റീവര്‍ക് ചെയ്തു. ഒരാള്‍ തന്നെ ലെയര്‍ ചെയ്യുന്നതിനു പകരം രണ്ടുപേര്‍ ചെയ്തതിന്റെ ഗുണം ആ വര്‍ക്കിലുണ്ട്. ഒരാള്‍ കൂടി ഉണ്ടാകുമ്പോള്‍ ചര്‍ച്ചചെയ്യാനും സംവദിക്കാനും പരസ്പരം ശ്രദ്ധിക്കാനും സൂഷ്മതയുമെല്ലാം രണ്ടുപേരില്‍ നിന്നും വരുമ്പോള്‍ അത് കൃതിക്ക് ഗുണകരമാണ്.
വിവര്‍ത്തനപ്രക്രിയയില്‍ മൂലകൃതിക്കാരുടെ ഇടപെടല്‍ എങ്ങനെയാണ്, അരോചകമായി തോന്നാറുണ്ടോ?
ഇതുവരെ വിവര്‍ത്തനങ്ങള്‍ ചെയ്ത മൂന്നുപേരുടെ കാര്യത്തിലും അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. മലയാളത്തില്‍ നിന്നും ലോകഭാഷയിലേക്ക് മാറുമ്പോള്‍ കൂടുതല്‍ എഡിറ്റിങ് ആവശ്യമാണ്. പുസ്തകമാവുമ്പോള്‍ എഴുത്തുകാരുടെ നിര്‍ദേശപ്രകാരം ചില വരികള്‍ എഡിറ്റ് ചെയ്തുമാറ്റാറുണ്ട്. മനുഷ്യന് ഒരു ആമുഖത്തില്‍ കണക്കുപഠിപ്പിക്കുന്ന പാട്ട് എന്റെ യുക്തിക്കുതകുന്ന രീതിയില്‍ മാറ്റിക്കോളാന്‍ എഴുത്തുകാരന്‍ അനുവാദം തന്നു. പുസ്തകവുമായി എപ്പോഴും കൂടെ നില്‍ക്കാന്‍ സുഭാഷ് ചന്ദ്രനും ഗ്രേസിടീച്ചറും എം. മുകുന്ദനും തയ്യാറായിരുന്നതിനാല്‍ വിവര്‍ത്തനം എളുപ്പമായി.
വിവര്‍ത്തനഭാഷ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്...
വിവര്‍ത്തനത്തിലെ ഭാഷാതിരഞ്ഞെടുപ്പ് കൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃതി ആവശ്യപ്പെടുന്ന ഭാഷയാണ് വിവര്‍ത്തകരും തിരഞ്ഞെടുക്കുക. സുഭാഷ് ചന്ദ്രന്റെ ഭാഷ വളരെ ക്രാഫ്റ്റഡും അതേസമയം തന്നെ പന്ത്രണ്ട് വരികള്‍ ഒക്കെയുള്ള വാചകമായിരിക്കും. ആ ക്രാഫ്റ്റ് അതേപടി നിലനിര്‍ത്തുന്നതിലാണ് ചാലഞ്ചും ത്രില്ലും ഉള്ളത്. ഭാഷാപരമായ ചാലഞ്ച് ആയിരുന്നു ആ പുസ്തകം. വരികള്‍ മുറിക്കാതെ എങ്ങനെ കൊണ്ടുപോകാം എന്നാണ് തീരുമാനിച്ചത്. സുഭാഷിന്റെ ഭാഷയില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമാണ് എം. മുകുന്ദന്റെ ഭാഷ. തികച്ചും ലളിതമായിരിക്കണമെന്ന ലക്ഷ്യത്തോടെ എഴുതിയ പുസ്തകമാണ് ഡല്‍ഹി ഗാഥകള്‍. സാധാരണക്കാരന്റെ കാഴ്ച റെക്കോഡുചെയ്യുന്ന നരേറ്റീവാണിത്. ആ ലാളിത്യം അതേപടി നിലനിര്‍ത്തിക്കൊണ്ടുപോകണം. അതിന്റെ ടോണും റിഥവും ഉറപ്പുവരുത്തുക എന്നതിലായിരുന്നു ഫോക്കസ്. ഗ്രേസിടീച്ചറുടേതാവട്ടെ ക്രിസ്ത്യന്‍ പരാമര്‍ശങ്ങളും നാട്ടുജീവിതവുംഭാഷയുമെല്ലാമാണ് ഉള്ളത്. അത് പുസ്തകത്തില്‍ കൊണ്ടുവരിക എന്നതായിരുന്നു ചലഞ്ച്.
മൂന്നുനാല് ഭാഷ അറിഞ്ഞിരുന്നതുകൊണ്ടോ, ഭാഷാ വിദഗ്ധനായതുകൊണ്ടോ നമുക്ക് വിവര്‍ത്തനം സാധ്യമായിക്കൊള്ളണമെന്നില്ല. വായനയും പലഭാഷകളും സംസ്‌കാരങ്ങളും ഓരോ പുസ്തകത്തിന്റെ ടോണുകളും തിരിച്ചറിയാന്‍ കഴിയുക എന്നതാണ് മുഖ്യം. ഒരു തരം ഇമോഷണല്‍ വൊക്കാബുലറി തിരിച്ചറിയാന്‍ കഴിയുക, അതിനെ റീക്രിയേറ്റ് ചെയ്യാന്‍ കഴിയുക എന്നതൊക്കെയാണ് പ്രധാനം. പുസ്തകത്തിനൊപ്പം നടന്നില്ലെങ്കില്‍, അതിനനുസരിച്ച് ഫ്‌ളക്‌സിബിളായില്ലെങ്കില്‍, എഴുതിയ ആളായി പരകായപ്രവേശം ചെയ്്തില്ലെങ്കില്‍ വിവര്‍ത്തനം യാന്ത്രികമാവും. ഓതര്‍, ട്രാന്‍സലേറ്റര്‍, എഡിറ്റര്‍. ഈ ത്രികോണബന്ധങ്ങളുടെ ഫലമാണ് ഇംഗ്ലീഷിലേക്ക് ഒരു പുസ്തകം വിവര്‍ത്തനം ചെയ്യപ്പെടുക എന്നത്. നല്ല എഡിറ്ററെ കിട്ടുക എന്നത് ഭാഗ്യമാണ്. നല്ല പുസ്തകം വരുന്നത് ടീം വര്‍ക്കിന്റെ ഫലമായിട്ടാണ്. വെസ്റ്റ് ലാന്റ് പബ്ലിഷേഴ്‌സിന്റെ എഡിറ്ററായ കാര്‍ത്തികയാണ് ഡല്‍ഹിഗാഥയുടെ എഡിറ്റര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..