ഓര്‍മ മങ്ങുക എന്നത് ഒരു ശാപമാണ്; അത് സംഭവിക്കുംമുമ്പേ അല്പം കൂടി കുറിച്ചുവെക്കാനുണ്ട്- സേതു


By ഷബിത

15 min read
Read later
Print
Share

എം.ടിയെ ഞാന്‍ ഒരിക്കലും ഗുരുസ്ഥാനത്ത് ഇരുത്തിയിട്ടില്ല. അദ്ദേഹത്തെ വിഗ്രഹമാക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല.

സേതു/ ഫോട്ടോ: രതീഷ് പി.പി

ആലുവയിലെ പടിഞ്ഞാറെ കടുങ്ങല്ലൂരിലെ ആര്‍ടിസ്റ്റ് എം.വി. ദേവന്‍ രൂപകല്പന ചെയ്ത ശ്രീകോവില്‍ എന്ന വീട്ടില്‍ ഇരുന്നുകൊണ്ട് മനസ്സിനെ തീര്‍ത്തും എഴുത്തില്‍ത്തന്നെ തളച്ചിട്ടിരിക്കുകയാണ് സേതു. കാലുകള്‍ക്ക് പണ്ടത്തേതുപോലെ അത്ര അനുസരണയില്ലെന്നേയുള്ളൂ, അതുകൂടി മനസ്സ് നികത്തുന്നുണ്ട്. എഴുത്തിന്റെ ശ്രീകോവിലില്‍ ഇരുന്നുകൊണ്ട് ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരനിറവില്‍ സേതു സംസാരിക്കുന്നു.

മലയാളസാഹിത്യത്തിന്റെ ഒരേയൊരു സേതു. ഭ്രമാത്മകതയുടെ താക്കോല്‍ എഴുത്തിലൊളിപ്പിച്ച കഥാകാരന്‍. സേതു എന്ന എഴുത്തുകാരന്‍ ഉരുവം കൊണ്ടത് എവിടെ നിന്നായിരിക്കും?

കേരളത്തിലെ വളരെ ചരിത്രപ്രാധാന്യമുള്ള സ്ഥലമായ ചേന്ദമംഗലമാണ് എന്റെ നാട്. പഴയ കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിയും സര്‍വസൈന്യാധിപനുമായിരുന്ന പാലിയത്തച്ഛന്റെ നാട്. അതിന്റേതായ പ്രധാന്യം ആ ഗ്രാമത്തിനുണ്ടായിരുന്നു. അച്ഛനും അമ്മയും മരിക്കുന്നതുവരെ അവിടെത്തന്നെ ഞങ്ങള്‍ താമസിച്ചു. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍... നാലുമതങ്ങള്‍ ഒറ്റ മനസ്സായി ജീവിച്ച ഗ്രാമം. ഇത് ഇന്ത്യയില്‍ത്തന്നെ അപൂര്‍വമാണ്. ജാതിസ്പര്‍ധകളില്ലാതെ അവരെല്ലാം ജീവിച്ച കാലഘട്ടത്തില്‍ എന്റെ കുട്ടിക്കാലം ചെലവഴിക്കാന്‍ കഴിഞ്ഞതാണ് ഒരു ഭാഗ്യം. പിന്നീട് ജൂതന്മാരില്‍ ഭൂരിഭാഗവും ഇസ്രയേലിലേക്ക് പോയി. കാലം മാറിമറിഞ്ഞു. ഒരുമയുടെ ശേഷിപ്പുകള്‍ ഇന്നും അവിടെയുണ്ട്. എന്നെ രൂപപ്പെടുത്തിയതില്‍ വലിയ പങ്കുവഹിച്ച ഗ്രാമമാണ് ചേന്ദമംഗലം. ലോകത്തെമ്പാടും നടമാടുന്ന വര്‍ണജാതിവിവേചനം എന്നെ എക്കാലത്തും അസ്വസ്ഥനാക്കിയിട്ടുണ്ട്. എനിക്കതു മാത്രം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. എന്റെ സഹപാഠികളായിരുന്ന ജൂതക്കുട്ടികള്‍ രാജ്യം വിട്ടുപോകുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്റെ കുടുംബത്തില്‍ ഏകനായിരുന്ന എനിക്ക് അവരായിരുന്നു എല്ലാം. ലോകമെമ്പാടും ജൂതന്മാര്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്നപ്പോള്‍ ഇവിടെയവര്‍ സുരക്ഷിതരായിരുന്നു.

ചേന്ദമംഗലത്തെ നെയ്ത്ത് വളരെ പ്രസിദ്ധമാണ്. ധാരാളം കൈത്തറി സംഘങ്ങളും യൂണിറ്റുകളും അവിടെയുണ്ടായിരുന്നു. ഒരുപാട് ക്രിസ്ത്യാനികള്‍ ഉള്ള സ്ഥലമാണ്. ചവിട്ടുനാടകമൊക്കെ പരിശീലിപ്പിക്കുകയും കളിക്കുകയും ചെയ്തിരുന്നു. ചേന്ദമംഗലത്തിനു ചുറ്റും ഏഴ് തുരുത്തുകള്‍ ഉണ്ട്. ആ തുരുത്തിനെ ചുറ്റിപ്പറ്റിയായിരുന്നു ചവിട്ടുനാടകത്തിന്റെ കേന്ദ്രം. പെരുന്നാളായാലും ഓണമായാലും ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. വളരെയധികം സാഹോദര്യം ആ ഗ്രാമം കാത്തുസൂക്ഷിച്ചു.

ചേന്ദമംഗലത്തിന്റ ജീവസ്സ് മുഴുവന്‍ സേതു പകര്‍ത്തിയത് 'ചേക്കുട്ടി' എന്ന ബാലസാഹിത്യ കൃതിയിലാണ്.

മുണ്ടുകള്‍, സ്ത്രീകളുടെ സെറ്റ് മുണ്ടുകള്‍, പട്ടുസാരികള്‍ തുടങ്ങി തുണികളുടെ വര്‍ണവിസ്മയമാണ് ചേന്ദമംഗലം. പത്തുനൂറ് കൊല്ലത്തെ പഴക്കമുണ്ട് ഈ തുണിവ്യവസായങ്ങള്‍ക്ക്. പണ്ടുകാലത്ത് ചാലിയന്മാര്‍ എന്നൊരു വിഭാഗം ചേന്ദമംഗലത്ത് എത്തിച്ചേരുകയും അവര്‍ തുണികള്‍ നെയ്തുണ്ടാക്കിത്തുടങ്ങുകയും ചെയ്തു. പരമ്പരാഗതരീതിയില്‍ ഇന്നും അവര്‍ അത് പാലിച്ചുവരുന്നുണ്ട്. സാമ്പത്തികമായി നഷ്ടം നേരിടുമ്പോഴും തുണികളോടുള്ള ആത്മാര്‍ഥതയും സ്‌നേഹവും അവര്‍ കൈവിട്ടിട്ടില്ല. സാമ്പത്തികമായി മെച്ചം ലഭിക്കാത്തതിനാല്‍ പുരുഷന്മാര്‍ മറ്റ് തൊഴിലുകള്‍ അന്വേഷിച്ചു പോയപ്പോള്‍ സ്ത്രീകളാണ് ഈ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ മില്ലുകളെല്ലാം വെള്ളത്തിലായി. അവരുടെ വരുമാനം മുട്ടി വീട് പട്ടിണിയിലായി. പ്രതിസന്ധിയില്‍നിന്നും അവരെ കരകയറ്റാനായി കുറച്ചാളുകള്‍ ചേര്‍ന്ന് രൂപം കൊടുത്തതാണ് ചേക്കൂട്ടിപ്പാവകള്‍ക്ക്. അതൊരു വലിയ ചരിത്രമാണ്. തുണിവ്യവസായത്തെ രക്ഷിക്കാനായി ഇന്ത്യയിലെ പലഭാഗത്തുനിന്നും സഹായഹസ്തങ്ങള്‍ എത്തി. നാല്‍പത് ലക്ഷം വിലവരുന്ന തുണികള്‍ ചേറുവെള്ളത്തില്‍നിന്നു കോരിയെടുത്ത് ശുചീകരിച്ച് ഉപയോഗിക്കാവുന്നതു പോലെയൊക്കെ ഉപയോഗിച്ചു. എറണാകുളത്തെ മന്ത്ര എന്ന സ്ഥാപനം ഗംഭീരമായി അത് മാര്‍ക്കറ്റ് ചെയ്തു. മറുപിറവി എന്ന പേരില്‍ തുണികള്‍ക്ക് പുതിയ ജന്മം കൊടുത്തു. അതൊരു സംസ്‌കാരമാണ്.

കുട്ടിക്കാലംതൊട്ടേ നെയ്ത്തുതറികളുടെ കടകടശബ്ദം കേട്ടാണ് ഞാന്‍ വളര്‍ന്നത്. അത് പ്രതിസന്ധിയിലായപ്പോള്‍ എനിക്ക് തുണയ്ക്കാന്‍ എഴുത്തിലൂടെ മാത്രമേ കഴിയുമായിരുന്നുള്ളൂ. ചിന്നു എന്ന ചേക്കൂട്ടിപ്പാവയെയും സഹോദരങ്ങളെയും സൃഷ്ടിക്കുന്നത് അങ്ങനെയാണ്. കുട്ടികള്‍ ചേക്കൂട്ടിയെ വായിക്കുക വഴി ഒരു ചേക്കൂട്ടിപ്പാവയെങ്കിലും വീട്ടിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.

മാതാപിതാക്കളുടെ ഏകമകന്‍. ഏകാന്തത്തിന്റെ തുരുത്തുകളെയെല്ലാം വായനകൊണ്ട് അടച്ചുകളയാന്‍ പഠിപ്പിച്ച് അമ്മയെക്കുറിച്ചാണ് സേതു അധികവും പറഞ്ഞിട്ടുള്ളത്.

അച്ഛൻ ഗോവിന്ദപ്പിള്ള, അമ്മ അമ്മിണിയമ്മ, സേതു

എന്റെ അച്ഛന്‍ ഗോവിന്ദപ്പിള്ള പൂനെയിലെ ഡിഫന്‍സില്‍ സിവില്‍ ഡിപ്പാര്‍ട്‌മെന്റിലായിരുന്നു ജോലി ചെയ്തത്. അമ്മ അമ്മിണിയമ്മ നല്ല വായനക്കാരിയായിരുന്നു. അഞ്ചു വയസ്സുവരെ ഞങ്ങള്‍ പൂനെയിലായിരുന്നു. പിന്നെ എന്റെ സ്‌കൂള്‍ പഠനത്തിനായി അമ്മ എന്നെയും കൊണ്ട് നാട്ടിലേക്ക് പോന്നു. മലയാളം മീഡിയത്തില്‍ ചേന്ദമംഗലത്തെ സാധാരണ സ്‌കൂളിലാണ് അമ്മ എന്നെ ചേര്‍ത്തത്. വീട്ടുകാര്യങ്ങള്‍ നോക്കുന്നതിനിടയിലും അമ്മ നന്നായി വായിച്ചു. എനിക്കു താഴെ ഒരു അനിയത്തിയുണ്ടായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ അസുഖം വന്ന് മരിച്ചുപോയി. അത് അമ്മയ്ക്കും അച്ഛനും വലിയ ദുഃഖം നല്‍കിയ ഒരു സംഭവമായിരുന്നു. ഞാന്‍ തീര്‍ത്തും ഏകാകിയായി. എനിക്ക് അവളെ നല്ല ഓര്‍മയുണ്ട്. അമ്മയെ ഞാന്‍ മനസ്സാ ആരാധിക്കാനുള്ള കാരണങ്ങളില്‍ ഒന്ന് അതായിരുന്നു. അമ്മ ആ ദുഃഖം പുറത്തുകാണിക്കാതെ ജീവിച്ചു. എന്റെ കാര്യത്തില്‍ മാത്രമായി ശ്രദ്ധ. കഥകള്‍ പറഞ്ഞുതരും. വായിച്ചു കേള്‍പ്പിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പ് മുടങ്ങാതെ വായിക്കും. ഗ്രാമത്തിലെ ഗ്രന്ഥശാലകളില്‍നിന്നു പുസ്തകം വാങ്ങിക്കൊണ്ടിവന്ന് വായിക്കുകയും വായിപ്പിക്കുകയും ചെയ്തു. പത്രപാരായണവും നിര്‍ബന്ധമായിരുന്നു. അറിവുണ്ടാകാന്‍ സ്‌കൂള്‍ പുസ്തകങ്ങള്‍ മാത്രം പോരാ എന്ന് അമ്മ എപ്പോഴും ഉപദേശരൂപേണ പറഞ്ഞു. പാഠപുസ്തകം എങ്ങനെയെങ്കിലും വായിച്ചോളും, ലോകം കാണണമെങ്കില്‍ മറ്റു പുസ്തകങ്ങള്‍ വായിക്കണം എന്നായിരുന്നു അമ്മയുടെ നിലപാട്.

ഭാരതീയ സാഹിത്യവും വിദേശ സാഹിത്യവും പരിചിതമായത് നാട്ടിലെ ഗ്രന്ഥശാലയില്‍ നിന്നാണ്. ഇംഗ്ലീഷ് ഭാഷ മുഴുവനായും അറിയാതെ തന്നെ പുസ്തകങ്ങള്‍ വായിച്ചു. ഇതെല്ലാം അമ്മ തന്ന ചുവടുറപ്പിന്റെ ബലമായിരുന്നു.

വായിച്ചു വളര്‍ത്തിയ വായനശാലയ്ക്ക് പുസ്തകങ്ങളിലൂടെയാണ് സേതു പ്രത്യുപകാരം ചെയ്തത്.

കയ്യില്‍ ഒന്നില്‍ കൂടുതല്‍ കോപ്പികള്‍ ഉള്ള പുസ്തകമാണ് ഞാന്‍ ഗ്രന്ഥശാലയ്ക്ക് നല്‍കിയത്. പ്രളയത്തില്‍ ലൈബ്രറിയില്‍ ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു. പുസ്തകങ്ങള്‍ നശിച്ചുപോയി. ലൈബ്രറി പുതുക്കിപ്പണിയാനായി ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് സഹായിച്ചു. ആ നവീകരണത്തിന്റ ഭാഗമായിട്ട് പുസ്തകങ്ങളുംകൊടുത്തു.

ഫിസിക്‌സില്‍ ബിരുദം നേടുന്നു, വളരെ നേരത്തേ തന്നെ കേന്ദ്രസര്‍ക്കാറില്‍ ജോലിയില്‍ കയറുന്നു. മത്സരപ്പരീക്ഷകളിലെ ആദ്യറാങ്കുകള്‍ കരസ്ഥമാക്കുന്നു... കരിയറിനെക്കുറിച്ച് വളരെ ചെറുപ്പത്തിലേ നല്ല പ്ലാൻ ഉണ്ടായിരുന്ന ബുദ്ധിമാനാണ് താങ്കള്‍. എഴുത്ത് ആവശ്യപ്പെടുന്നുവെന്ന് പറയപ്പെടുന്ന അലസതയില്ലാത്തയാൾ.

ബി.എസ്‌സി. കഴിഞ്ഞ് പത്തൊമ്പതാമത്തെ വയസ്സിലാണ് ഞാന്‍ പൂനെയിലേക്ക് പോകുന്നത്. 'ഒരുമ്പെട്ട പോക്ക്' എന്നുവേണം പറയാന്‍. ഒറ്റമകനായതു കാരണം വലിയ ബുദ്ധിമുട്ടൊന്നും വീട്ടിലില്ല. ആര്‍ഭാടമായി ജീവിക്കാന്‍ കഴിയില്ല എന്നേയുള്ളൂ, പട്ടിണിയില്ലാതെ ജീവിക്കാന്‍ കഴിയുമായിരുന്നു. ഇടത്തരം വീടും ചുറ്റുപാടും ഉണ്ടായിരുന്നു. പൂനെയ്ക്ക് പോകുന്നു എന്ന തീരുമാനമെടുത്തപ്പോള്‍ സ്വാഭാവികമായും മാതാപിതാക്കള്‍ക്ക് വിഷമമുണ്ടായിരുന്നു. അവരെന്നെ എന്നും കാണാനും അടുത്തുതന്നെ ഉണ്ടായിരിക്കാനും ആഗ്രഹിച്ചു. അച്ഛന്‍ പെന്‍ഷന്‍പറ്റി പൂനെ വിട്ട് നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നു അപ്പോഴേക്കും.

എന്നെ സംബന്ധിച്ചിടത്തോളം പുറത്ത് വലിയൊരു ലോകം കാത്തിരിക്കുന്നുണ്ട് എന്ന ഉള്‍വിളി മാത്രമായിരുന്നു മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചിരുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്താണ് വീട്ടില്‍ വൈദ്യുതി കിട്ടുന്നത്. പഠിക്കാനും പുസ്തകങ്ങള്‍ വായിക്കാനും അതുവരെ മണ്ണെണ്ണ വിളക്കായിരുന്നു ആശ്രയം. പുറത്തെ വിശാലമായ ലോകം എന്നെ കാത്തിരിക്കുന്നു എന്ന ക്ഷണം എനിക്ക് നിരസിക്കാനായില്ല. നേരെ പൂനെയില്‍ പോയി. പല പരീക്ഷകളും എഴുതി. അഭിമുഖങ്ങള്‍ നേരിട്ടു. ഫിസിക്‌സില്‍ ഹൈ സെക്കന്റ്ക്ലാസായിരുന്നു. ഭാഗ്യത്തിന് ആദ്യത്തെ ഇന്റര്‍വ്യൂവില്‍ത്തന്നെ ജോലി കിട്ടി. പല അഭിമുഖങ്ങളിലും നന്നായി പങ്കെടുക്കാനും ജോലി നേടാനും കഴിഞ്ഞിരുന്നു. അതെന്റെ മിടുക്കാണെന്ന് കരുതുന്നതിനേക്കാള്‍ നല്ലത് ഭാഗ്യമാണെന്ന് വിചാരിക്കുന്നതാണ്.

യു.പി.എസ്‌.സി. പരീക്ഷയിലെ ഒന്നാം റാങ്കാണ് പൂനെയിൽനിന്നു മഹാനാഗരത്തിലേക്കുള്ള കുടിയേറ്റത്തിന് വഴിവെച്ചത്. അന്നത്തെ ഡല്‍ഹി സ്വാധീനമാണോ എഴുത്തുകാരനാക്കിയത്?

കേന്ദ്ര സര്‍ക്കാറിന്റെ ഡിഫന്‍സ് അക്കൗണ്ട്‌സിലായിരുന്നു ആദ്യത്തെ അപ്പോയ്ന്‍മെന്റ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയായിരുന്നു അക്കാലത്തെ ഭൂരിഭാഗം നിയമനങ്ങളും. കുറച്ചു കാലമേ ഡിഫന്‍സ് അക്കൗണ്ട്‌സില്‍ നിന്നുള്ളൂ. അന്നൊക്കെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ധാരാളം ആളുകളെ ആവശ്യമുണ്ടായിരുന്നു, ഇന്നത്തെപ്പോലെയല്ല. ഞാന്‍ ഫിസിക്‌സില്‍ ഹൈ സെക്കന്റുക്ലാസുകാരനാണ്. അന്നൊക്കെ അങ്ങനെയാണ് പറയുക. ഹൈ ഫസ്റ്റ് ക്ലാസ്, ഹൈ സെക്കന്റ് ക്ലാസ് എന്നെല്ലാം. എം.എസ്‌സിക്കു കോളേജില്‍ ആറോ ഏഴോ സീറ്റേയുള്ളൂ. ഫസ്റ്റ്ക്ലാസ് ഇല്ലാത്തതുകാരണം എം.എസ്‌സിക്കു കിട്ടിയില്ല. ഉന്നതപഠനം ഞാന്‍ പാടേ ഉപേക്ഷിച്ചു. പൂനെയില്‍ വന്ന് പരീക്ഷകള്‍ എഴുതിയതെല്ലാം കിട്ടി. ഡിഫന്‍സ് അക്കൗണ്ട്‌സില്‍ നിന്നും നേരെ കാലാവസ്ഥാ പഠനകേന്ദ്രത്തിലേക്കാണ് നിയമനം ലഭിച്ചത്. അഞ്ചു വര്‍ഷക്കാലം അവിടെ നിന്നു. പൂനെയില്‍നിന്നു ബോംബെയില്‍ അവിടെനിന്നു തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍. വീണ്ടും പൂനെയിലേക്ക്. പൂനെയില്‍നിന്നു വീണ്ടും യു.പിഎസ്.സി. ടെസ്റ്റ് എഴുതി. ആള്‍ ഇന്ത്യാ തലത്തില്‍ യു.പിഎസ്.സി. പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടി. ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ റെയില്‍വേയില്‍ നിയനമം ലഭിച്ചു. അസിസ്റ്റന്റ് ഗ്രേഡ് ആയിട്ടായിരുന്നു നിയമനം. അതും ഡല്‍ഹിയില്‍. ഇതെല്ലാം ഓരോ വഴിത്തിരിവാണ്.

പൂനെയില്‍ പോയതുകൊണ്ടാണ് ഞാന്‍ ഉദ്യോഗസ്ഥനായതെങ്കില്‍ ഡല്‍ഹിയില്‍ പോയതുകൊണ്ടാണ് ഞാന്‍ എഴുത്തുകാരനായത്. അന്നത്തെ ഡല്‍ഹി അന്തരീക്ഷവും അങ്ങനെയായിരുന്നു. എല്ലാ വെള്ളിയാഴ്ചയും കേരള ക്ലബ്ബില്‍ മലയാളികള്‍ ഒത്തുചേരും. ഞങ്ങളുടെ സീനിയേഴ്‌സായ വി.കെ.എന്‍., കാക്കനാടന്‍, ഒ.വി. വിജയന്‍, എം.പി. നാരായണപ്പിള്ള, ചെറിയാന്‍ കെ. ചെറിയാന്‍, ഓംചേരി തുടങ്ങിയ അതികായന്മാരൊക്കെയുണ്ട്. എം. മുകുന്ദനും ഞാനും സമപ്രായക്കാരാണെങ്കിലും മുകുന്ദന്‍ നേരത്തേ ഡല്‍ഹിയില്‍ എത്തിയ ആളാണ്. എഴുതണമെന്ന ഉള്ളിലുണ്ടായിരുന്ന മോഹം സാക്ഷാത്ക്കരിക്കുന്ന ഭൗതികാന്തരീക്ഷം ഡല്‍ഹിയിലുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം എഴുതാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് എനിക്കെഴുതിക്കൂടാ എന്ന ചിന്തയായിരുന്നു എന്നെ നയിച്ചത്. എഴുതാന്‍ എനിക്ക് കഴിയും എന്ന ധൈര്യം എനിക്കുണ്ടായിരുന്നു.

ബാങ്കിങ് മേഖലയിലാണല്ലോ കൂടുതല്‍ക്കാലം ജോലി ചെയ്തത്

യാദൃച്ഛികമാണ്. കുറേക്കാലം ഒരേ ദിക്കില്‍ ഇരിക്കുമ്പോള്‍ നമുക്ക് തൃപ്തിയില്ലായ്മ വരും. പദവിയോ ശമ്പളമോ ഒന്നുമല്ല, ഇതല്ല, ഇതിനപ്പുറം എന്തൊക്കെയോ ചെയ്യാനുണ്ട് എന്ന തോന്നല്‍ നമ്മെ വന്ന് തികട്ടാന്‍ തുടങ്ങും. തൃപ്തിക്കുറവാണ് പ്രശ്‌നം. റെയില്‍വേയില്‍ അക്കാലത്ത് നല്ല ശമ്പളമായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അപേക്ഷാഫോമൊക്കെ വാങ്ങിക്കൊണ്ടുവന്നു. പക്ഷേ, അപേക്ഷിക്കാന്‍ ധൈര്യം പോര. തയ്യാറെടുപ്പു നടത്തിയിട്ടില്ലല്ലോ. മാത്രമല്ല, നാട്ടിന്‍പുറത്തുകാരന്റെ എല്ലാ അപകര്‍ഷതാബോധവും എനിക്കുണ്ടായിരുന്നു. ഇന്നത്തെ ഗ്രാമങ്ങളിലെ സ്ഥിതി അതല്ല. സിവില്‍ സര്‍വീസിന് തയ്യാറെടുക്കാന്‍ പറ്റില്ലെങ്കില്‍ സ്റ്റേറ്റ് ബാങ്കിന്റെയും എല്‍.ഐ.സിയുടെയും റിസര്‍വ് ബാങ്കിന്റെയും പരീക്ഷകള്‍ ഉണ്ടെന്ന് എന്റെ സുഹൃത്തു പറഞ്ഞു. യു.പി.എസ്‌.സി. ഒന്നാം റാങ്കുകാരനല്ലേ എന്ന് എല്ലാവരും പ്രോത്സാഹിപ്പിച്ചിരുന്നു. അതെനിക്കൊരു പ്രചോദനമായിരുന്നു. അങ്ങനെയാണ് സ്‌റ്റേറ്റ് ബാങ്കിന്റെ പരീക്ഷയെഴുതിയത്. സ്റ്റേറ്റ് ബാങ്ക് പ്രൊബേഷണറി ഓഫീസറായിട്ട് കയറുക എന്നത് അസാധ്യമായ കാര്യമാണ് അന്നെല്ലാം. ടെസ്റ്റ് എഴുതി കിട്ടി, എന്നിലെ ഗ്രാമീണന്റെ അപകര്‍ഷതാബോധം മൂലം അഭിമുഖത്തിന് നല്ല പ്രകടനം കാഴ്ചവെക്കാന്‍ പറ്റിയില്ല. ഭംഗിയായി ഡ്രസ് ചെയ്ത പഞ്ചാബി മിടുക്കന്‍ പയ്യന്മാര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ത്തന്നെ അപകര്‍ഷതാബോധം പിടികൂടിക്കഴിഞ്ഞിരുന്നു. പക്ഷേ, അവരെന്നെ സെലക്ട് ചെയ്തു. പഞ്ചാബില്‍ പോസ്റ്റിങ് കിട്ടി. പിന്നെ പലപടികള്‍ കയറി. ചിലതില്‍ കിട്ടി. ചിലതില്‍ വീണുപോയി.

ഏത് മേഖലയില്‍ ജോലി ചെയ്യുമ്പോഴും സാഹിത്യം തുടര്‍ന്നുകൊണ്ടുപോവുക എന്നത് വലിയൊരു ടാസ്‌കാണ്, പ്രത്യേകിച്ചും ബാങ്കിങ് കൂടിയാവുമ്പോള്‍.

എനിക്കുതന്നെ അറിയാന്‍ കഴിയാത്ത ഏതോ ഒരു തലത്തില്‍ വെച്ച് അവ രണ്ടു പരസ്പരം പൂരിപ്പിക്കപ്പെട്ടിരിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒന്ന് വളരെ യാഥാര്‍ഥ്യവും മറ്റേത് വളരേ അയാഥാര്‍ഥ്യവുമാണ്. എന്റെ എഴുത്ത് അയാഥാര്‍ഥ്യമാണ്. ബാങ്കിങ് വളരേ റിയല്‍ ആണ്. പക്ഷേ, മനസ്സിന് അസാമാന്യമായി ഉണര്‍വ് തരുന്ന ഒന്നാണ് എഴുത്ത്. അത് ജീവിതോപാധിയാക്കാനുള്ള സാഹചര്യമൊന്നും ഇല്ല. എഴുതി ജീവിക്കാമെന്ന വിശ്വാസം അന്നുമില്ല, ഇന്നുമില്ല. വലിയ ബംഗ്ലാവോ കാറോ ഒന്നും മോഹമില്ല. പരിമിതമായ, ഇടത്തരം ജീവിതം മതി. അപ്പോള്‍പ്പിന്നെ ജോലിയും എഴുത്തും പരസ്പരം സഹകരിച്ച് കൊണ്ടുപോകാന്‍ പറ്റി. ബാങ്കില്‍ കയറുമ്പോള്‍ ഞാന്‍ നൂറു ശതമാനം ബാങ്കറായി. എത്ര സ്ട്രസ്സും ടെന്‍ഷനും ഉണ്ടായാലും വീട്ടിലെത്തിയാല്‍ നന്നായി ഉറങ്ങി. പത്തു മണിക്ക് കിടന്നാല്‍ ഉറങ്ങും. ഉറക്കമാണല്ലോ വലിയ പ്രശ്‌നം. ബാങ്കില്‍ ടാര്‍ഗറ്റും സാഹിത്യത്തില്‍ അച്ചീവ്‌മെന്റുമാണ് ഉള്ളത്. ആദ്യത്തെ കടമ്പ കടന്നുകിട്ടുക എന്നതാണ് മുഖ്യം. സാഹിത്യത്തില്‍ ആദ്യത്തെ കടമ്പ കടന്നാല്‍ പത്രാധിപര്‍ക്കും പ്രസാധകര്‍ക്കും നമ്മളെ ആവശ്യമായി വരും. അവരുടെ ആവശ്യമായി നമ്മള്‍ മാറുക എന്നതാണ് പ്രധാനം. അത് നല്ലതാണ്. മടിയരാണ് പൊതുവേ എഴുത്തുകാര്‍. പത്രാധിപര്‍ ഡെഡ്‌ലൈന്‍ തരുമ്പോള്‍ നമുക്കത് ചെയ്യാനുള്ള ആര്‍ജവം ഉണ്ടാവും.

1967-ല്‍ ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് ആദ്യ കഥയായ ദാഹിക്കുന്ന ഭൂമി, ബീഹാര്‍ പശ്ചാത്തലമാക്കി എഴുതുന്നത്. ആദ്യപ്രമേയം വരള്‍ച്ചയാണ്. വെള്ളമാണ് പ്രശ്‌നം. സേതുവിന്റെ സമകാലീനരില്‍ മിക്കവരെയും കണ്ടെടുത്തിട്ടുള്ള എം.ടി. തന്നെയാണ് ദാഹിക്കുന്ന ഭൂമി പ്രസിദ്ധീകരിക്കുന്നത്.

എം.ടിയെ ഞാന്‍ ഒരിക്കലും ഗുരുസ്ഥാനത്ത് ഇരുത്തിയിട്ടില്ല. അദ്ദേഹത്തെ വിഗ്രഹമാക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല. പക്ഷേ, എന്റെ എഴുത്തുജീവിതത്തിലുടനീളം അദൃശ്യമായിട്ടുള്ള ഒരു സാന്നിധ്യമായി അദ്ദേഹമുണ്ടായിരുന്നു ദാഹിക്കുന്ന ഭൂമി തൊട്ട് എത്രയോ കഥകള്‍, നോവലുകള്‍ എല്ലാം ആ കൈകകളില്‍ കൂടി കടന്നുപോയതാണ്. എം.ടി, കൊള്ളാം എന്നുപറഞ്ഞുകഴിഞ്ഞാല്‍ അതൊരു വലിയ വിലയിരുത്തലാണ് എന്നെ സംബന്ധിച്ചിടത്തോളം. അക്കാലത്ത് ഞാന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, മുകുന്ദന്‍ എന്നിവരോടൊക്കെ അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. വ്യക്തിപരമായ അടുപ്പം. ഗുരു എന്നു പറയുമ്പോള്‍ എനിക്കദ്ദേഹവുമായി ഒരു അകലം വരും. എന്റെ എഴുത്തുജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും ഒരു സാന്നിധ്യമാണ് എം.ടി.

'നവഗ്രഹങ്ങളുടെ തടവറ' എന്ന നോവല്‍ മലയാള സാഹിത്യത്തിലെ മറ്റൊരു എഴുത്തുപരീക്ഷണമാണ്. പുനത്തില്‍ കുഞ്ഞബ്ദുള്ളയോടൊപ്പം ചേര്‍ന്നുള്ള നോവലായിരുന്നല്ലോ അത്

എഴുത്തിന്റെ രണ്ട് ദിക്കുകളായിരുന്നു ഞങ്ങള്‍. എന്നാലും മനസ്സിന്റെ ഐക്യമാണ് കൂട്ടെഴുത്തിലേക്ക് ഞങ്ങളെ നയിച്ചത്. കുഞ്ഞബ്ദുള്ളയ്ക്ക് നന്നായി കഥ പറയാനറിയാം. എന്റേതാണെങ്കില്‍ ഭ്രമാത്മകമായ ഒരെഴുത്താണ്. ഇതു രണ്ടുംകൂടി വര്‍ക്കൗട്ട് ചെയ്താലോ എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അന്ന് അതാണ് പ്രായം. ഒന്നിച്ചിരുന്നു പ്രമേയം ചര്‍ച്ച ചെയ്തു. കുഞ്ഞബ്ദുള്ളയും ഞാനും പപ്പാതിയായി എഴുതി പരസ്പരം കൈമാറി വായിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നാലഞ്ച് ദിവസത്തോളം ഇരുന്ന് പ്രൂഫ് വായിച്ച് എഡിറ്റിങ് നടത്തിയാണ് നോവല്‍ പരുവമാക്കിയെടുക്കുന്നത്.

പുനത്തിൽ കുഞ്ഞബ്ദുള്ളയും സേതുവും

സ്വതവേ ബഹളമയമായ പെരുമാറ്റമുള്ള പുനത്തില്‍ കുഞ്ഞബ്ദുള്ള, അത്യന്തം സൗമ്യനായ സേതു. എങ്ങനെയുണ്ടായിരുന്നു ആ എഴുത്തനുഭവം.

നല്ല രസികനായ അതേസമയം, ഒരുപാട് ബലഹീനതകള്‍ ഉള്ളയാളായിരുന്നു എന്റെ ചങ്ങാതി. ഒരുപാട് സ്‌നേഹിക്കും. പുനത്തിലില്‍നിന്നും മലയാള സാഹിത്യത്തില്‍നിന്നും കിട്ടേണ്ടതായിട്ടുള്ള പലതും നമുക്ക് കിട്ടിയില്ല എന്നതാണ് എന്നെ സങ്കടപ്പെടുത്തിയ കാര്യം. വളരെ നേരത്തേ തന്നെ അദ്ദേഹം ഞങ്ങളുടെയൊക്കെ പിടിവിട്ടുപോയി. അത് അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ്. ആര്‍ക്കും ഇടപെടാന്‍ പറ്റില്ല. അടിസ്ഥാനപരമായി അദ്ദേഹം ഒരു പാവത്താനായിരുന്നു. അതെനിക്ക് നന്നായിട്ടറിയാം. അഭിമുഖത്തിന് ആളുകളും ചാനലുകളും വരുമ്പോള്‍ അദ്ദേഹം എന്തെങ്കിലുമൊക്കെ പറയും. അത് ആഘോഷിക്കപ്പെടും. ബഹലീനതകള്‍ ധാരാളമുണ്ടായിരുന്നു. കുടുംബമാണ് അത് അനുഭവിച്ചത്. പലപ്പോഴും ന്യൂസ് മേക്കറായി മാറി. പബ്ലിസിറ്റി വളരെയധികം ഇഷ്ടപ്പെട്ടിരുന്നയാളാണ്. ശ്രദ്ധ കിട്ടുന്ന കാര്യങ്ങള്‍ നല്ലതോ മോശമായി ബാധിക്കുന്നതോ എന്നു നോക്കാതെ അദ്ദേഹം വിളിച്ചുപറയും. അദ്ദേഹം ജീവിച്ചിരിപ്പില്ല. കൂടുതല്‍ പറയാനാവില്ല. എന്റെ നല്ല സുഹൃത്താണ് എക്കാലവും. ശുദ്ധനായിരുന്നു. ആ ശുദ്ധതയെ പലരും ചൂഷണം ചെയ്യുകയാണുണ്ടായത്. അവസാനകാലമായപ്പോഴേക്കും ഡിപ്രഷന്‍ വന്നു. ആളുകളുടെ പ്രവാഹത്തിന് അപ്പോഴും കുറവില്ലായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ആളുകളെ അനുവദിക്കില്ല എന്ന നിലപാട് എടുക്കേണ്ടിവന്നു. ഞാന്‍ പോയി കണ്ടപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. പുനത്തിലിനോളം നല്ല കഥപറച്ചിലുകാരന്‍ ഇല്ല. സ്വന്തം ജീവിതം സ്വന്തം വ്യവസ്ഥയ്ക്ക് ജീവിക്കാന്‍ മോഹിച്ചയാളായിരുന്നു. അതില്‍ പരാജയവും വിജയവും അദ്ദേഹത്തിനുണ്ടായിരുന്നു.

എഴുത്തുകാരായാല്‍ ഇങ്ങനെയൊക്കെയായിരിക്കും എന്ന പ്രിവിലേജ് അല്ലേ ഇതെല്ലാം?

ആ ധാരണ മുമ്പത്തെ തലമുറയ്ക്കുണ്ടായിരുന്നു. കുഞ്ഞബ്ദുള്ളയെ സംബന്ധിച്ചിടത്തോളം ഒരുഘട്ടത്തില്‍ ജീവിതം പിടിവിട്ടുപോയി. നല്ലൊരു ഡോക്ടറായിരുന്നു. വടകരയില്‍ ചികിത്സിക്കുന്ന സമയത്ത് ഞാന്‍ പോയിട്ടുണ്ട്. ജനസമ്മതനായ ഡോക്ടര്‍. രോഗം നന്നായി നിര്‍ണയിക്കാനുള്ള കഴിവുണ്ട്. ഇതല്ല, എഴുത്താണ് തനിക്ക് ചേരുക എന്ന ചിന്തയില്‍ എഴുത്തിലേക്ക് ശ്രദ്ധ കൊടുത്തു. പക്ഷേ, അവിടെയും ഒരു അച്ചടക്കവും ഏകാഗ്രതയും ആവശ്യമാണ്. അത് കൈവിട്ടുപോയി. അച്ചടക്കവും ഏകാഗ്രതയും കൈവിട്ടുപോയാല്‍ പിന്നെ നമുക്ക് എല്ലാം കാട്ടിക്കൂട്ടലുകളാവും.

ലളിതാംബിക അന്തര്‍ജനത്തിന്റെ 'അഗ്നിസാക്ഷി' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അവസാനിക്കാറായ ഘട്ടത്തിലാണ് പത്രാധിപര്‍ സേതുവിനെ വിളിക്കുന്നത്. അപൂര്‍ണമായ ഒരു നോവലിനെ വിശ്വസിച്ചുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് 'പാണ്ഡവപുരം' എന്ന തലക്കെട്ട് വിളംബരം ചെയ്യുകയാണ്. നൂറുകണക്കിന് നോവലുകൾ മേശപ്പുറത്ത് ഇരിക്കുമ്പോഴും പുതിയ ഒന്നിനുവേണ്ടിയുള്ള പത്രാധിപരുടെ അന്വേഷണം അവസാനിക്കുന്നത് സേതുവിലാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അന്നേവരെയുള്ള ചരിത്രത്തില്‍ സംഭവിക്കാത്ത ഒന്നായിരുന്നു എന്നത് ശരിയാണ്. 'പാണ്ഡവപുര'ത്തിന്റെ ആദ്യഭാഗങ്ങള്‍ ഒരു ബ്ലൂപ്രിന്റുപോലെ എഴുതിവെച്ചിരുന്നു. എനിക്ക് തൃപ്തി തോന്നിയിരുന്നില്ല. ഞാനത് പൂര്‍ത്തിയാക്കാതെ മാറ്റിവെച്ചു. ദേവി എന്ന കഥാപാത്രത്തെ എഴുതി വന്നപ്പോള്‍ അത്ര മിഴിവ് തോന്നിയില്ല. വെറുമൊരു സാധാരണ കഥാപാത്രമായി മാറുന്നതുപോലെ പലപ്പോഴും അനുഭവപ്പെട്ടു. എഴുത്തിലും ജീവിതത്തിലും കുറച്ചുകൂടി ആവേശമൊക്കെയുള്ള കാലമാണ്. കുറച്ചുകൂടി നല്ല ട്രീറ്റ്‌മെന്റ് നല്‍കാന്‍ പറ്റിയ സമയം വരും എന്ന പ്രതീക്ഷയിലായിരുന്നു. പെട്ടെന്നാണ് എം.ടി. വിളിക്കുന്നത്. കൂടുതല്‍ മുഖവുരയൊന്നുമില്ല. ഒരു നോവല്‍ വേണം. അതാണ് ആവശ്യം. ഞങ്ങളൊക്കെ അമ്മയായി കരുതുന്ന ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 'അഗ്നിസാക്ഷി' മലയാളത്തെയൊന്നാകെ ഇളക്കിമറിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അത് ഓര്‍ത്തപ്പോഴേ ആധിയായി. ഒരുപാട് വായനക്കാരെ മോഹിപ്പിച്ച നോവലാണത്. വായനക്കാരുടെ പ്രതീക്ഷയുടെ ലെവല്‍ വെല്ലുവിളി തന്നെയാണ്. സമയബന്ധിതമായി എഴുതാന്‍ പറ്റില്ലെന്ന കാര്യം എം.ടിയെ ബോധിപ്പിച്ചു. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ ചിന്ത മാറിമറിഞ്ഞു. എന്തുകൊണ്ട് നോവല്‍ അന്വേഷിച്ച് എം.ടി. എന്നെ വിളിച്ചു? പത്തു കൊല്ലമാവുന്നേയുള്ളൂ എഴുത്തിലേക്കെത്തിയിട്ട്. സാഹിത്യത്തിലെ അതികായരെല്ലാം അവിടെത്തന്നെയുണ്ട്. ആരോടു ചോദിച്ചാലും നോവല്‍ ലഭിക്കും. എം.ടി. എനിക്കുനേരെ കൈ നീട്ടിയതെന്തുകൊണ്ടാണ്? അതൊരു വലിയ ആവേശമായിരുന്നു. സേതു നോവല്‍ തരൂ എന്ന് എം.ടി. വാസുദേവന്‍ നായര്‍ ആവശ്യപ്പെടുന്നു. ഉടന്‍ തന്നെ എം.ടിയെ വിളിച്ച് കാര്യം പറഞ്ഞു. ഒരു സാധനം കുറിച്ചുവെച്ചിട്ടുണ്ട്. പക്ഷേ, മതിയായ ധാരണ വരുന്നില്ല. സേതു തിരക്കുപിടിക്കണ്ട, അതേപ്പറ്റി നന്നയി ആലോചിക്കൂ, മൂന്നുനാലുദിവസം കഴിഞ്ഞിട്ട് ഞാന്‍ വീണ്ടും വിളിക്കാം എന്നദ്ദേഹം മറുപടി പറഞ്ഞു. 'പാണ്ഡവപുര'ത്തിലേക്കിറങ്ങിച്ചെല്ലാനുള്ള ആവേശമായി ആ മറുപടി. അതുകൊണ്ടാണ് എം.ടിയെ ഞാന്‍ സാന്നിധ്യം എന്നു പറയുന്നത്; ഗുരു എന്നല്ല. അങ്ങനെയാണ് 'പാണ്ഡവപുര'ത്തിന് എന്റെ മനസ്സില്‍ വ്യക്തത വരുന്നത്. 'പാണ്ഡവപുരം' നോവല്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്നുനാലു അധ്യായങ്ങള്‍ കൊടുത്തിരുന്നു. പിന്നെ ഒറ്റയിരിപ്പായിരുന്നു.

സേതുവും എം.ടിയും

ഒരു സ്ത്രീയെ അഭിസംബോധനചെയ്യാന്‍ ഏറ്റവും മനോഹരമായ പദമാണ് ദേവി എന്നത്. 'പാണ്ഡവപുര'ത്തിലെ നായികയുടെ പേര് ദേവി എന്നാണ്. 'പാണ്ഡവപുര'ത്തെ ഭ്രമാത്മകതയുടെ അന്തരാളങ്ങളിലേക്ക് വായനക്കാര്‍ ആഴ്ന്നിറങ്ങുമ്പോള്‍ ജാരന്‍ മാത്രമല്ല, ദേവി തന്നെ ഇപ്പോള്‍ ഇല്ലാതാകും എന്ന ചിന്ത വന്നുചേരുന്നുണ്ട്.

ദേവി നിങ്ങള്‍ക്കുതന്ന പിരിമുറുക്കത്തിന്റെ നല്ലൊരു ഭാഗം എഴുത്തുകാരന്റെ ഉള്ളിലുമുണ്ടാകും. കാരണം ദേവിയുടെ ഇനിയുള്ള ദിവസങ്ങള്‍ വായനക്കാരുടെ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് വളര്‍ത്തേണ്ട ഉത്തരവാദിത്തമുണ്ട്. വളരെ ചെറിയൊരു നോവലാണ്. കുറച്ച് അധ്യായങ്ങള്‍ മാത്രമേയുള്ളൂ. പക്ഷേ; എഴുത്തുകാരന്റെ ഉത്തരവാദിത്തം പേജുകളെ ആശ്രയിച്ചല്ലല്ലോ നില്‍ക്കുന്നത്. ഭാഷയില്‍ പരിഷ്‌കരണങ്ങള്‍ ഒന്നും ആവശ്യമായി വന്നില്ല. പക്ഷേ ഭാവമായിരുന്നു പ്രധാനം. അതായിരുന്നു വെല്ലുവിളി. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയുടെ രോഗതുരമായ മനസ്സിന്റെ അവസ്ഥകളാണ്. എണ്‍പതുകളിലെ കാര്യമാണ് പറയുന്നത്. ദേവിക്ക് എന്തുവേണമെങ്കിലും ചിന്തിക്കാം. ആരോടും വിധേയത്വമില്ല.

'വരും വരാതിരിക്കില്ല, നാളെയല്ലെങ്കില്‍ മറ്റന്നാള്‍...' പാണ്ഡവപുരത്തെ ഈ വാചകത്തിന് എം.ടിയുടെ മഞ്ഞിലെ 'വരും വരാതിരിക്കില്ല'എന്ന പ്രതീക്ഷയുമായി നല്ല സാമ്യമുണ്ട്.

ഉണ്ട്. കാത്തിരിപ്പാണ്. രണ്ടും രണ്ട് സാഹചര്യത്തില്‍ പറയുന്നതാണ്. പ്രതീക്ഷയാണ് മനുഷ്യനെ ജീവിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും. കാരണം എപ്പോഴും ഒരു തുരങ്കത്തിനപ്പുറം ഒരു പ്രകാശനാളമുണ്ടാവും എന്ന വിശ്വാസത്തിലാണ് നമ്മള്‍ ഇരുട്ടിലൂടെ പോകുന്നത്. ആ പ്രകാശനാളം ഉണ്ടാകും; അത് ചെറുതാകാം വലുതാകാം. എപ്പോഴും നെഗറ്റിവിറ്റി വാരിവിതറാതെ ചെറിയൊരു കൈത്തിരിനാളം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. ആദ്യകാലത്തെല്ലാം ഭ്രമാത്മകമായ എഴുത്തില്‍ ഞാന്‍ വലയം ചെയ്യപ്പെട്ടുപോയിട്ടുണ്ടായിരുന്നു. പക്ഷേ, പിന്നീട് ഞാന്‍ മാറ്റങ്ങള്‍ക്കു സാക്ഷിയായി.

പാണ്ഡവപുരത്തില്‍ കഥാപാത്രമായ ജാരന്‍ പറയുന്നു 'എനിക്കു നിങ്ങളെ വെറുതേ, വെറുതേ ഇഷ്ടമായിരുന്നു.' എത്ര നിഷ്‌കളങ്കമായാണ് സേതു ലാഭമില്ലാത്ത ഇഷ്ടങ്ങളെക്കുറിച്ച് എഴുതിരിക്കുന്നത്!

ഇതൊന്നും മുന്‍കൂട്ടി തീരുമാനിച്ചുണ്ടാക്കുന്ന വാചകങ്ങളല്ല. സൃഷ്ടിയുടെ പിറകില്‍ നമുക്കുതന്നെ അറിയാന്‍ പാടില്ലാത്ത ഒരുപാട് ദുരൂഹതകള്‍ ഉണ്ട്. എഴുതാനിരിക്കുമ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചതു മാത്രമല്ലല്ലോ വരിക, എഴുത്ത് നമ്മളെയും വലിച്ചുകൊണ്ടങ്ങ് പായുകയാണ്. 'പാണ്ഡവപുരം' സ്വയം എഴുതപ്പെട്ടതാണ്. സേതുവിന്റെ റോള്‍ അതില്‍ വളരെ കുറവാണ്. ഒരു ഉള്‍വിളിയുടെയും ഉള്‍പ്രേരണയുടെയും പിറകേ പോവുകയാണ് എഴുത്ത്. മുന്‍കൂട്ടി അറിയുന്ന കഥാപാത്രങ്ങളല്ല, സ്വയം രൂപം കൊണ്ടവയാണ് മിക്കവാറും എന്റെ പ്രധാന നോവലുകളിലെല്ലാം ഉള്ളത്. പല കഥാപാത്രങ്ങളെയും ഉറക്കത്തില്‍ നിന്നും കിട്ടിയിട്ടുണ്ട്.

'പാണ്ഡവപുരം' എഴുത്തുകാരന്റെ കൈവിട്ട് ഉയരങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ദേവിയ്ക്ക് ധാരാളം സ്ത്രീപക്ഷ നിരൂപണങ്ങള്‍ വന്നു. തലമുറകളിലൂടെ വളരുന്ന നോവലുകളില്‍ ഒന്നായി മാറുകയായിരുന്നല്ലോ.

'പാണ്ഡവപുരം' അന്നു വായിച്ചവരല്ല ഇന്ന് വായിക്കുന്നത്.അവരുടെ മക്കളായിരിക്കും ഇപ്പോള്‍ വായിക്കുന്നത്. നമ്മള്‍ വളരുടെ തോറും നമ്മുടെ വളര്‍ച്ചയ്‌ക്കൊപ്പം നോവലും വളരും. ക്ലാസിക് നോവല്‍ എന്നല്ല ഞാന്‍ പറയുന്നത്, വ്യത്യസ്തമായ നോവലുകള്‍ക്ക് വായനക്കാര്‍ക്കൊപ്പം വളരാനാവണം. പതിനഞ്ചോളം ഭാഷകളിലേക്ക് ആ നോവല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ദേവിയുടെ വളര്‍ച്ചയാണ് അതെല്ലാം. ദേവി ഒരു ഘട്ടം കഴിയുമ്പോള്‍ സ്വയം പ്രഖ്യാപിത ശക്തിസ്വരൂപിണിയായി മാറുന്നു. ഭാരതീയസങ്കല്പമനുസരിച്ച് സ്ത്രീയാണ് ശക്തിസ്വരൂപിണി. സ്ത്രീയില്‍നിന്നാണ് എല്ലാമുണ്ടാകുന്നത്. ഭൂമീദേവി തന്നെ സ്ത്രീയാണ്. ഇങ്ങനെയൊക്കെ വായനകള്‍ വന്നു. നോവലുകള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ എഴുത്തുകാരന്റെ കയ്യില്‍ നിന്നും പോകും. വായനക്കാരന്റെ സ്വീകാര്യതയാണ് പിന്നെയുള്ളതെല്ലാം.

ദേവി ഫെമിനിസ്റ്റാണോ അല്ലയോ എന്നൊക്കെ ക്ലാസിഫൈ ചെയ്യുന്നതില്‍ എനിക്ക് താല്‍പര്യമില്ല. നിരൂപകര്‍ക്കാം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മനസ്സില്‍ ദേവിക്ക് ഒരു ജൈവരൂപമുണ്ട്. പക്ഷേ വായനക്കാരനും നിരൂപകര്‍ക്കും അവരുടേതായ വ്യാഖ്യാനങ്ങളുമുണ്ടാകും. ഉണ്ടാവണം.

എന്റെ മിക്കവാറും നോവലുകളും അപൂര്‍ണമാണ്. ഇങ്ങനെയാണ് കഥ എന്നുപറഞ്ഞ് ഞാന്‍ അവസാനിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ വായനക്കാരന്റെ പങ്ക് പിന്നെ എന്താണുള്ളത്? വായനക്കാര്‍ സംഭാവന ചെയ്യണം. എഴുത്തുകാരനും വായനക്കാരും തമ്മില്‍ സര്‍ഗാത്മക തലത്തില്‍ സംവദിക്കണമെന്നാണ് എന്റെ വിശ്വാസം. വായനക്കാരന് സംവദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുത്തുകാരന്റെ പരാജയമാണത്. എന്റെ കഥകള്‍ സംവാദത്തിനുള്ള വാതായനങ്ങള്‍ തുറന്നിടുന്നുണ്ട്. മിക്ക കഥകളും ഓപണ്‍ എന്‍ഡഡ് ആണ്. പെന്‍ഗ്വിന്‍ ബുക്‌സിലേക്ക്് എന്റെ കഥകള്‍ വിവര്‍ത്തനം ചെയ്ത് അയച്ചപ്പോള്‍ അവര്‍ മടക്കിയത് സ്‌റ്റോറീസ് ആര്‍ ഓപണ്‍ എന്‍ഡഡ് എന്നുപറഞ്ഞുകൊണ്ടായിരുന്നു. അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രകീര്‍ത്തി. വായനക്കാര്‍ മണ്ടന്മാരാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് കൂടുതല്‍ ബുദ്ധിയുണ്ട്. അവര്‍ക്ക് പൂരിപ്പിക്കാനായി എന്റെ കഥയില്‍ ഞാന്‍ സാധ്യതകള്‍ തുറന്നിടുന്നു.

'പാണ്ഡവപുരം' ഒരിക്കല്‍ സിനിമയാക്കിയപ്പോള്‍ സേതു അതൃപ്തനായി. ഇനിയും സാധ്യതകളുടെ വലിയ വാതില്‍ ദേവി മലര്‍ക്കെ തുറന്നിടുന്നുണ്ട്. 'പാണ്ഡവപുരം' ഇനിയാരെങ്കിലും സിനിമയാക്കാന്‍ വന്നാല്‍ സമ്മതിക്കുമോ?

പുതിയ പുതിയ വ്യാഖ്യാനങ്ങള്‍ വരട്ടെ. 'പാണ്ഡവപുരം' നാടകമാക്കാം, ചിത്രങ്ങളിലൂടെ ആഖ്യാനം നടത്താം. സിനിമയുമാക്കാം. എന്തും ചെയ്യാം, പക്ഷേ വ്യത്യസ്തമാകണം. വ്യത്യസ്തത മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളൂ. ഞാന്‍ എഴുതിയതുപോലെ ചിത്രീകരിക്കുന്നതില്‍ അര്‍ഥമില്ല.

ഭ്രമാത്മകത എന്ന വാക്ക് മലയാളസാഹിത്യം ആദ്യം ചേര്‍ത്തുവെക്കുന്നത് സേതുവിനോടാണ്. എന്തായിരുന്നു മാജിക്കല്‍ എഴുത്തുകള്‍ക്കുപിന്നിലെ പ്രചോദനം

അക്കാലത്തൊന്നും ഭ്രമാത്മകമായ മറ്റു നോവലുകള്‍ ഞാന്‍ വായിച്ചിട്ടില്ലായിരുന്നു. വാസ്തവത്തില്‍ ഞാന്‍ ജനിച്ചുവളര്‍ന്ന അന്തരീക്ഷം എന്റെ എഴുത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാറ്റ്, ഇരുട്ട്, മഴ തുടങ്ങിയതിന്റെയെല്ലാം മൂര്‍ത്തത ഞാന്‍ കുട്ടിക്കാലത്ത് കണ്ടുവളര്‍ന്നതാണ്. അക്കാലത്ത് ഇലക്ട്രിസിറ്റിയൊന്നുമില്ല വീടുകളില്‍. പ്രകൃതി തന്നെ ഒരുപാട് പേടിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്. മരണം സംഭവിക്കുകയാണെങ്കില്‍ കാലന്‍കോഴി കൂവും. മാവ് വെട്ടാനായിട്ട് കോടാലി വീഴും. പോത്തിന്റെ അമര്‍ച്ച കേള്‍ക്കും പോത്തിന്റെ പുറത്ത് കാലന്‍ വരും. പനയുടെ മുകളില്‍ യക്ഷിയുണ്ടായിരുന്നു. നാട്ടില്‍ കുറേ മന്ത്രവാദികളും കൂടോത്രക്കാരുമുണ്ടായിരുന്നു ഒടിയന്മാരുമുണ്ടായിരുന്നു. ഇതൊക്കെ നാട്ടിന്‍പുറത്തെ ജീവിതസംസ്‌കാരത്തിന്റെ ഭാഗമാണ്. കേരളമായാലും തമിഴ്‌നാട്ടിലായാലും ലാറ്റിനമേരിക്കയിലായാലും ഇതൊക്കെത്തന്നെയാണ് നാട്ടിന്‍പുറത്തെ ജീവിതം. ബോര്‍ഹെസ്സും പറയുന്നത് ഇതൊക്കെത്തന്നെയല്ലേ. എം.പി. നാരായണപ്പിള്ള ഇതേപ്പറ്റി മനോഹരമായ കഥകള്‍ എഴുതിയിട്ടുണ്ട്. ഇതെല്ലാം മാജിക്കല്‍ റിയലിസം എന്നുപറഞ്ഞ് ബ്രാന്‍ഡ് ചെയ്യേണ്ട കാര്യമൊന്നുമില്ല. കാരണം നമ്മുടെ ജീവിതത്തിന്റെയും വളര്‍ച്ചയുടെയും ഭാഗമാണ് ഇതെല്ലാം. ഇതിനിടയില്‍ക്കൂടി ജീവിച്ചുവളര്‍ന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അത് വലിയൊരു സ്വാധീനമായി എക്കാലവും നില്‍ക്കും. പതിനെട്ടുവര്‍ഷക്കാലം വൈദ്യുതി ഇല്ലാതെ ജീവിച്ച ഒരു കുട്ടിക്ക് മഴക്കാലം പേടിയാണ്. ഇടിമിന്നലും ഇരുട്ടും കാറ്റും പേടിയാണ്. ആ പേടിയിലൂടെയാണ് ഞാനെല്ലാം വളര്‍ന്നത്. സാഹിത്യഅക്കാദമി അവാര്‍ഡ് കിട്ടിയ ആദ്യകഥാസമാഹാരത്തിന്റെ പേരുതന്നെ പേടിസ്വപ്‌നങ്ങള്‍ എന്നാണ്. പക്ഷേ അങ്ങനെയൊരു കഥ അതില്‍ ഇല്ല.

നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്‍മാന്‍ കാലാവധി തികയാന്‍ ആറുമാസം കൂടി ബാക്കിയുള്ളപ്പോഴാണ് തിടുക്കത്തില്‍ സേതുവിനെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റുന്നത്. എഴുത്തുകാരന്റെ വിധേയത്വം മൂല്യനിര്‍ണയം നടത്തപ്പെടുകയാണ്.

രണ്ടരക്കൊല്ലം അവിടെയുണ്ടായിരുന്നു. എഴുത്തുകാരന്റെ രാഷ്ട്രീയവിധേയത്വമില്ലായ്മ എന്‍.ഡി.എ. സര്‍ക്കാറിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ അവരുടെ പാര്‍ശ്വവര്‍ത്തിയായി നിന്നിരുന്നെങ്കില്‍ കുറേക്കൂടി അധ്യക്ഷസ്ഥാനം നീട്ടിത്തന്നേനെ. എനിക്കുമുമ്പത്തെ ചെയര്‍മാന്‍ എട്ടുകൊല്ലം ഭരിച്ചയാളാണ്. എനിക്കുശേഷം വന്നത് എന്‍.ഡി.എ. മുഖപത്രമായ പാഞ്ചജന്യത്തിന്റെ എഡിറ്ററായിരുന്നു. അത് സ്വാഭാവികമാണ്. കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലും അങ്ങനെ തന്നെയാണ്. സര്‍ക്കാറുകള്‍ മാറിവരുമ്പോള്‍ ഇത്തരം സ്ഥാപനത്തിലെ അധ്യക്ഷന്മാര്‍ക്കും സ്ഥാനചലനം സംഭവിക്കും. സര്‍ക്കാര്‍ മാറിയപ്പോള്‍ എന്‍.ബി.ടിയില്‍നിന്നു പടിയിറങ്ങാന്‍ ഞാന്‍ തയ്യാറായി ഇരുന്നതാണ്. എന്നെ നിയമിച്ചത് കപില്‍ സിബലാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ എന്റെ ഊഹം ശരിയായി. പക്ഷേ അവര്‍ തിടുക്കത്തില്‍ കാര്യം നടത്തി. അതിലും വിഷമം തോന്നിയില്ല. കര്‍മനിരതരാവുക എന്നതാണ് മുഖ്യം, സ്ഥാനമാനങ്ങളല്ല.

സേതുവിന്റെ രാഷ്ട്രീയം എന്താണ്?

എനിക്ക് എന്റേതായ നിലപാടുണ്ട്. ഞാന്‍ ആരുടെയും കുഴലൂത്തുകാരനല്ല. ഞാന്‍ ആരെയും ചാരിനിന്നിട്ടില്ല ഇതുവരെ. ഒരു അവാര്‍ഡിനുവേണ്ടിയോ സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയോ ആരുടെയും പിറകേ പോയിട്ടില്ല. ചിലതൊക്കെ എന്റെ തലയില്‍ വന്നുവീണു. എന്‍.ബി.ടിയില്‍ അധ്യക്ഷസ്ഥാനത്തേക്ക് എന്റെ നോമിനേഷന്‍ ഞാന്‍ മുഖാന്തിരം പോയിട്ടില്ലായിരുന്നു. അതിനായി ഒരു കടലാസുപോലും ഞാന്‍ ചെലവാക്കിയിട്ടില്ല. അവര്‍ എവിടുന്നൊക്കെയോ കണ്ടുപിടിച്ചു. എന്നെ ബന്ധപ്പെട്ട് കാര്യം പറഞ്ഞു. എനിക്ക് എതിര്‍പ്പില്ലായിരുന്നു.

ഇന്ത്യയില്‍ നമുക്കിടയില്‍ രാഷ്ട്രീയാതിപ്രസരം കൂടുതലാണ്. പല എഴുത്തുകാരും പലപ്പോഴും താല്‍പര്യരാഷ്ട്രീയങ്ങളിലേക്ക് വളയുന്നുണ്ട്. അതൊക്കെ ജനങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളാണ്. ഇതില്‍ നിന്നെല്ലാം മാറിനില്‍ക്കുക എന്നതാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം. രാഷ്ട്രീയത്തിലെ എന്റെ നിലപാട് പ്രശ്‌നാധിഷ്ഠിതമാണ്. കക്ഷിരാഷ്ട്രീയത്തില്‍ അധിഷ്ഠിതമല്ല. ഏതു പാര്‍ട്ടിയെയും വിമര്‍ശിക്കാനുള്ള ധൈര്യം എഴുത്തുകാര്‍ക്ക് വേണം. നിര്‍ഭാഗ്യവശാല്‍ അങ്ങനെ പലപ്പോഴും സംഭവിക്കുന്നില്ല. ഒരു പാര്‍ട്ടിയുടെ വിധേയത്വത്തിനപ്പുറമായ ഒരു നിലപാട് തറയുണ്ട്. ഒരു പ്രശ്‌നത്തെക്കുറിച്ച് ഞാന്‍ എഴുതിയാലും ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല. എനിക്കെന്റെ സ്ഥാനമുണ്ട്.

'കിളിക്കൂട്' ഒടുവില്‍ വന്ന നോവല്‍ അതാണല്ലോ. കന്യാസ്ത്രീകളുടെ ജീവിതത്തിലൂടെ കാലികപ്രസക്തമായ വിഷയം കൈകാര്യം ചെയ്യുകയാണ. തികച്ചും മാറിനടക്കുന്ന നോവല്‍.

ഇംഗ്ലീഷിലാണ് ആദ്യം ആ നോവല്‍ എഴുതിയത്. കുക്കൂസ് നെസ്റ്റ് എന്ന പേരില്‍. അതൊരു ഒരുമ്പെട്ട പോക്കായിരുന്നു. മനപ്പൂര്‍വ്വമെഴുതിയ ഒരേയൊരു നോവലാണ് 'കിളിക്കൂട്'. ഇതിനൊരു സോഷ്യോ-പൊളിറ്റിക്കല്‍ മോട്ടീവ് ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് നമ്മള്‍ ആരുടെ കൂടെ നില്‍ക്കുന്നു? വേട്ടക്കാരന്റെ കൂടെയോ, ഇരയുടെ കൂടെയോ? സ്വാഭാവികമായിട്ടും എഴുത്തുകാര്‍ ഇരയുടെ കൂടെ നില്‍ക്കുന്നു. എന്റെ ഇത്രയും കാലത്തെ നോവലുകളില്‍ മുഖ്യകഥാപാത്രം സ്ത്രീകളാണ്. പുനത്തില്‍ ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്, സേതു എന്നാണ് ശക്തനായ ഒരു പുരുഷനെയുണ്ടാക്കുകയെന്ന്. ഞാന്‍ അങ്ങനെയൊന്ന് കണ്ടിട്ടില്ല എന്നായിരുന്നു എന്റെ ഉത്തരം. പുരുഷന്റെ ബലഹീനതയില്‍ നിന്നാണ് സ്ത്രീകളൊക്കെ പീഡിപ്പിക്കപ്പെടുന്നത്. കുക്കൂസ് നെസ്റ്റ് സിസ്റ്റര്‍ ജെസ്മിയാണ് എറണാകുളത്ത് വെച്ച് പ്രകാശനം ചെയ്തത്. അവര്‍ പറഞ്ഞത് ഈ നോവല്‍ അവരുടെ കൂടി കഥയാണെന്നാണ്. അവരൊക്കെ ഇതെല്ലാം അനുഭവിച്ചവരാണ്.

ശക്തരായ സ്ത്രീകളെ കണ്ടാണോ സേതു വളര്‍ന്നത്?

ഞാന്‍ കണ്ടിട്ടില്ല. പക്ഷേ സ്ത്രീകളുടെ അവസ്ഥകള്‍ എനിക്കറിയാം. പലയിടത്തും പീഡിപ്പിക്കപ്പെട്ട, അവഗണിക്കപ്പെട്ടവരെ എനിക്കറിയാം. അവരുടെ മനസ്സിനെ ഞാന്‍ പിന്തുടര്‍ന്നിരുന്നു.

സ്ത്രീകള്‍ക്ക് നല്ലൊരു സുഹൃത്തായിരുന്നോ?

ആയിരുന്നു. നല്ല സൗഹൃദങ്ങള്‍ സ്തീകളുമായിട്ട് എനിക്കുണ്ടായിരുന്നു. എനിക്ക് സഹോദരിമാരില്ല, പക്ഷേ, സഹോദരതുല്യരായ കസിന്‍സ് ഉണ്ടായിരുന്നു. എന്റെ പേരക്കുട്ടികളായ രണ്ട് പെണ്‍കുട്ടികളുടെ നല്ല സുഹൃത്താണ് ഞാന്‍. സഹപ്രവര്‍ത്തകമാരുടെ നല്ല സഹപ്രവര്‍ത്തകനായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ബന്ധങ്ങളിലെ കരുതലും ഉണ്ടായിരുന്നു. എന്റെ അനിയത്തി ശ്രീദേവി അഞ്ചാം വയസ്സില്‍ കരള്‍ സംബന്ധമായ രോഗം കാരണം മരിച്ചുപോയതാണ്. അതെനിക്ക് ഇന്നും വലിയ ദു:ഖമാണ്. എന്റെ അമ്മയും ഒരുപാട് ദുഃഖിച്ചു. ഓരോ കാലഘട്ടത്തിലും അവളെ എനിക്ക് മിസ് ചെയ്തിട്ടുണ്ട്.

സേതുവും ഭാര്യ രാജിയും

രാജി എന്ന രാജേശ്വരി. എഴുത്തിലെ ആദ്യ വായനക്കാരിയാണല്ലോ. പ്രണയം വിവാഹം ജീവിതം തുടങ്ങിയ കാഴ്ചപ്പാടുകളെക്കുറിച്ച്...

അത് ഭാഗ്യമെന്നാണ് ഞാന്‍ പറയുക. ഭ്രാന്തു പിടിച്ച ഓട്ടമായിരുന്നു ഞാന്‍ ഒരു കാലത്ത്. എഴുത്ത് എന്ന ഭ്രമം, ബാങ്ക് എന്ന യാഥാര്‍ഥ്യം. രണ്ടിന്റെയും ഇടയില്‍ മധ്യസ്ഥം വഹിച്ചത് എന്റെ കുടുംബമാണ്, രാജിയാണ്. കുടുംബത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും എന്റെയും മക്കളുടെയും ഉത്തരവാദിത്തവും അവര്‍ ഏറ്റെടുത്തു. എന്നെക്കാള്‍ വലിയ റിസ്‌ക് അവര്‍ ഏറ്റെടുത്തു വിജയിപ്പിച്ചു ഇത്രവരെ എത്തിച്ചു.

പ്രണയിക്കേണ്ട കാലത്ത് അങ്ങനെയും ചില സമീപനങ്ങളുമായി പലരും വന്നിട്ടുണ്ടായിരുന്നു. എന്നിലൊരു മൂരാച്ചിയുള്ളതുകാരണം ജോലിയുള്ളവര്‍ വേണ്ട, എനിക്കൊരു വീട്ടമ്മയെയാണ് വേണ്ടത് എന്ന് ഞാന്‍ പറഞ്ഞു. എഴുത്തിന്റെ ലോകം വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഓഫീസില്‍ നിന്നുള്ള പ്രൊപ്പോസലുകള്‍ സ്‌നേഹപൂര്‍വം നിരസിക്കുകയാണ് ചെയ്തത്.

എനിക്ക് ഈ രണ്ടു ലോകവും കൊണ്ടുനടക്കാന്‍ പറ്റണം. അതിന് സഹായിക്കുന്ന ആളെയാണ് ജീവിതപങ്കാളിയായിട്ടുവേണ്ടത്. എന്റെ നിലപാട് അതായിരുന്നു. ശാന്തതയായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അത് ലഭിച്ചതില്‍ സന്തോഷവാനാണ്. ജോലിയ്ക്കു പോകുന്നില്ല എന്ന് തീരുമാനിച്ചെങ്കിലും എന്റെ എഴുത്തുകള്‍ ആദ്യം വായിക്കുന്നതും അഭിപ്രായം പറയുന്നതും രാജിയായിരുന്നു. അവര്‍ കഥകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നതും എനിക്ക് സന്തോഷമുള്ള കാര്യമാണ്. രാജി ജീവിതത്തിലേക്കു വരുന്നതുവരെയും അതിനു ശേഷവും ഞാന്‍ കണ്ട പൂര്‍ണയായ സ്ത്രീ എന്റെ അമ്മയാണ്. അമ്മ എന്ന അദൃശ്യസാന്നിധ്യം എപ്പോഴും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്റെ സ്വഭാവരൂപീകരണത്തിലെല്ലാം അമ്മയുടെ സ്വാധീനമുണ്ട്. അമ്മ ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല, ശാസിച്ചിട്ടുണ്ട് എന്നല്ലാതെ.

ഇതുവരെയുള്ള എഴുത്തുജീവിതത്തിലും വ്യക്തിജീവിതത്തിലും സംതൃപ്തനാണോ?

സംതൃപ്തി എന്നൊന്നില്ലല്ലോ. നമ്മള്‍ ഒരു മരീചിക പിന്തുടരുകയാണ്. അവിടെ എത്തിയെന്ന് തോന്നും, പിന്നെയും മുന്നോട്ടുപോകും. പക്ഷേ പേടിയുണ്ട് ഇപ്പോള്‍ എഴുതാന്‍. എന്നില്‍ നിന്നും വായനക്കാര്‍ എന്തൊക്കെ പ്രതീക്ഷിക്കുന്നുണ്ട് എന്ന തോന്നല്‍ ആര്‍ക്കായാലും ഉണ്ടാകും. സത്യം പറഞ്ഞാല്‍ പേടിയാണ്. ഇനിയെഴുതിയില്ലെങ്കില്‍ എനിക്കൊന്നും നഷ്ടപ്പെടാനില്ല. പക്ഷേ എഴുതിയില്ലെങ്കില്‍ മനസ്സ് തളരുമോ എന്നൊക്കെ ചിന്തിക്കാറുണ്ട്. ടി.പത്മനാഭന്‍ എഴുതുന്നു, സാനുമാഷ് പ്രസംഗിക്കുന്നു. എനിക്ക് നടക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട് ഇപ്പോള്‍. അതുകൊണ്ട് പരിപാടികള്‍ എല്ലാം കുറച്ചു. ഓര്‍മശക്തി മങ്ങിപ്പോകുന്നതിനുമുമ്പ് വേണം എന്ന ഒരേയൊരു താല്‍പര്യത്തിലാണ് ആത്മകഥ എഴുതിയത്. എന്നെപ്പറ്റി ഞാന്‍ തന്നെ പറയുന്നത് എനിക്കിഷ്ടമില്ലായിരുന്നു. അഹം എന്ന ബോധം ആവുന്നത്ര മാറ്റി നിര്‍ത്തിക്കൊണ്ടാണ് എഴുതിയത്. എനിക്ക് എഴുതേണ്ടതായിട്ടുള്ള കുറേ കാര്യങ്ങള്‍ ഉണ്ട്. ഓര്‍മ മങ്ങുക എന്നത് ഒരു ശാപമാണ്. അത് എപ്പോഴാണ് സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ല. അതിനുമുമ്പേ എന്റെതായ കുറിച്ചുവെക്കലുകള്‍ കൂടിയുണ്ട്.

Content Highlights: Sethu, Shabitha, Mathrubhumi, Mathrubhumi Literary Award

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
C.Radhakrishnan

4 min

'ജോലി, എഴുത്ത്, കുടുംബം; പുതിയ തലമുറയ്ക്ക് വേണ്ടെന്നുവെക്കാവുന്നത് പലപ്പോഴും എഴുത്താവുന്നു'

Feb 15, 2023


T Padmanabhan

2 min

ആ കഥയ്ക്ക് വേണ്ടി ഇനി ഏത് സിനിമാക്കാര് വന്നാലും കൊടുക്കാന്‍ പോകുന്നില്ല- ടി. പത്മനാഭന്‍

Sep 29, 2021


p. Bhaskaran, Ajith P Bhaskaran
Premium

3 min

'ഓര്‍ക്കുക വല്ലപ്പോഴും...',അച്ഛന്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു: പി.ഭാസ്‌കരന്‍ മാസ്റ്ററുടെ മകന്‍ അജിത്‌

Apr 21, 2023

Most Commented