Image : Mathrubhumi
കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020-ലെ യുവഎഴുത്തുകാര്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തില്‍നിന്ന് പുരസ്കാരത്തിന് അര്‍ഹനായത് അബിന്‍ ജോസഫ് ആണ്. കല്ല്യാശ്ശേരി തീസിസ് എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. സാഹിത്യത്തിന്റെ വഴിയേ മാത്രം സഞ്ചരിച്ച് മികച്ച കഥകള്‍ മലയാളത്തിന് നല്കിയ അബിന്‍ ജോസഫ് പുരസ്കാരത്തെപ്പറ്റിയും തന്റെ എഴുത്തുജീവിതത്തെപ്പറ്റിയും സംസാരിക്കുന്നു
ആ സ്വാതന്ത്ര്യം ഇനിയില്ല
സന്തോഷത്തിനപ്പുറത്ത് വലിയൊരു ഉത്തരവാദിത്തമാണ് ഈ അവാര്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതുവരെയുള്ള എന്റെ എഴുത്തിനെ അംഗീകരിച്ചിരിക്കുന്ന മുഹൂര്‍ത്തമാണ്. തുടര്‍ന്ന് വരുന്ന കഥകള്‍ കൂടുതല്‍ മികച്ചതാകണമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. ആദ്യ പുസ്തകം പുറത്തിറങ്ങുന്ന സമയത്തൊക്കെ നമുക്ക് ഒരു സ്വാതന്ത്ര്യമൊക്കെ കിട്ടിയിരുന്നു. ഇനി അതുണ്ടാകില്ല. നമ്മുടെ കഥകള്‍ കൂടുതല്‍ വായനക്കാരിലേക്കെത്തുകയാണ്. ഇനി എഴുതുന്ന കഥകള്‍ കൂടുതല്‍ നന്നാകണമെന്ന സമ്മര്‍ദമുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുമാറാനും പറ്റില്ല. അവാര്‍ഡുകള്‍ ലഭിച്ചില്ലെങ്കിലും ആ സമ്മര്‍ദം എപ്പോഴുമുണ്ട്. ഇനിയങ്ങോട്ട് അതിന്റെ തീവ്രത കൂടുകയാണ്. നിരന്തരം ശ്രമിക്കുക എന്നേയുള്ളൂ. വായിക്കുക, എഴുതുക എന്നതായിരുന്നു ആദ്യകാലത്തെ ഒരേയൊരു ആഗ്രഹം. അങ്ങനെ സാഹിത്യത്തിന്റെയോ കലയുടെയോ പശ്ചാത്തലമില്ലാത്ത ഒരു നാടായിരുന്നു എന്റേത്. ഇപ്പോള്‍ പുരസ്കാരം കിട്ടിയപ്പോഴും കൂടുതല്‍ സന്തോഷം നല്‍കുന്നതും ഭാവി എഴുത്തുജീവിതത്തിന് ഊര്‍ജമാകുന്നതും അതൊക്കെ തന്നെയാണ്.
ആദ്യപുസ്തകം തന്ന ഞെട്ടല്‍
കല്ല്യാശ്ശേരി തീസിസ് എന്ന കഥാസമാഹാരം പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ കരുതിയിരുന്നത് ആ പുസ്തകം ആരും അങ്ങനെ വായിക്കില്ല എന്നൊക്കെയായിരുന്നു. പക്ഷേ നേരെ തിരിച്ചാണ് സംഭവിച്ചത്. നാലോ അഞ്ചോ മാസം കൊണ്ട് പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങിയതെല്ലാം അപ്രതീക്ഷിതമായ അനുഭവമായിരുന്നു. തുടക്കം മുതലേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒട്ടേറെ പ്രതികരണങ്ങള്‍ വന്നു. ആ പുസ്തകം ഏറ്റവും കൂടുതല്‍ വായിച്ചത് ചെറുപ്പക്കാരായിരുന്നു എന്നതാണ് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത്. കോളേജ് വിദ്യാര്‍ഥികളും സമപ്രായക്കാരായ ചെറുപ്പക്കാരും കഥകള്‍ വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവെച്ചത് എന്നില്‍ കൂടുതല്‍ ആവേശം നിറച്ചു. പുതിയ തലമുറയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞു എന്നത് തുടര്‍ന്നുള്ള എഴുത്തിലും ഊര്‍ജമായി.
കാലത്തിന്റെ വെല്ലുവിളി
മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. അത്തരം മാറ്റങ്ങള്‍ ജീവിതത്തിലും കലയിലുമെല്ലാം പ്രതിഫലിക്കുന്നുണ്ട്. ജീവിതരീതിയിലും ശൈലിയിലും ഭാഷയിലുമെല്ലാം സംഭവിക്കുന്ന മാറ്റങ്ങള്‍ കൂടിച്ചേര്‍ന്നാണല്ലോ ഭാവുകത്വവും പുതുക്കപ്പെടുന്നത്. കാലത്തിനൊപ്പം അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുക എന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളി. എഴുത്തുകാര്‍ മാത്രമല്ല സാധാരണ മനുഷ്യരെല്ലാം ഇത്തരമൊരു വെല്ലുവിളി നേരിടുന്നുണ്ട്. എഴുത്തുകാരനെ സംബന്ധിച്ച് ആ വെല്ലുവിളി ഏറ്റെടുത്ത് മികച്ച രചനകള്‍ നടത്തുക എന്നത് തന്നെയാണ് പ്രധാനം.
കോവിഡ്കാലത്തെ എഴുത്തില്ലായ്മ, വായനയില്‍ സജീവം
കോവിഡും ലോക്ഡൗണും ഏല്‍പ്പിച്ച മാനസികസമ്മര്‍ദം എഴുത്തിനെയും സാരമായി ബാധിച്ചു. ഈ കാലഘട്ടത്തില്‍ വളരെ കുറച്ച് എഴുത്തുകള്‍ മാത്രമേ പുറത്തുവന്നുള്ളൂ. ഒരു കൂടിനുള്ളില്‍ അകപ്പെട്ട ഫീലിംഗ് ആയിരുന്നു. മുമ്പൊക്കെ എഴുതാന്‍ പറ്റാത്ത അവസ്ഥ വരുമ്പോള്‍ ടിക്കെറ്റെടുത്ത് എങ്ങോട്ടെങ്കിലും പോവുകയോ അടുത്ത സുഹൃത്തിനെ കാണാന്‍ പോകുകയോ ഒക്കെ ചെയ്യാറുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ അതിനൊന്നും പറ്റാതെ ഒരിടത്തുതന്നെ ഇരിക്കേണ്ടി വരുന്നത് നമ്മുടെ എഴുത്തിനെയും വല്ലാതെ ബാധിക്കുന്നു. എങ്കില്‍പോലും ചില ശ്രമങ്ങള്‍ തുടരുന്നു. സിനിമയുടെയും ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എഴുത്ത് മുടങ്ങുമ്പോഴും വായന സജീവമായി തുടരുന്നുണ്ട്. അഖില്‍ കെ എഴുതിയ നീലച്ചടയന്‍ എന്ന കഥാസമാഹാരമാണ് ഇപ്പോള്‍ വായിക്കുന്നത്.
Content highlights : interview with writer abin joseph kendra sahitya academy yuva puraskar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..