വര്‍ഗ്ഗസമരവും സോഷ്യലിസവും വളര്‍ത്താൻ ആവശ്യമായതൊന്നും എം.ടിയുടെ കഥകളില്‍ കാണാനില്ല!- വി.സി. ശ്രീജന്‍


ഷബിത

ഇന്ത്യയില്‍ വര്‍ഗ്ഗസമരം വളര്‍ത്താനും സോഷ്യലിസം വരുത്താനും ആവശ്യമായ ഘടകങ്ങളൊന്നും എം ടിയുടെ കഥകളില്‍ കാണാനില്ല. തൊഴിലാളിയോട് സ്‌നേഹമോ മുതലാളിയോട് ദേഷ്യമോ വേര്‍തിരിച്ചു കാണുന്നില്ല. ശങ്കരാടിയുടെ കഥാപാത്രത്തെപ്പോലെ താത്വികമായി പറഞ്ഞാല്‍, തകരുന്ന ഫ്യൂഡലിസത്തിന്റെ യഥാതഥചിത്രം എം ടിയുടെ രചനകളില്‍ ഉണ്ട്.

വി.സി ശ്രീജൻ, എം.ടി

#കുറേ കഴിയുമ്പോള്‍ അവരില്‍ ഒരുവന്‍ എന്നെ ശകാരിക്കും. ഒരിക്കല്‍ നല്ലതു പറഞ്ഞത് പിന്നീട് മാറ്റിപ്പറയാനാവാതെ, ഞാന്‍ കുടുങ്ങും. #താത്വികലേഖനങ്ങളെയും പ്രായോഗികനിരൂപണങ്ങളെയും വേറെ വേറെ കാണണം. #കോമന്റെ ഭയങ്കര കോപം രാമന്റെ തിരുത്തുകളെ അസഹ്യമായ വിമര്‍ശനമാക്കി മാറ്റുന്നു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിനിടയില്‍ ചിലപ്പോള്‍ വാക്കിന്റെ മുള്ളോ മുനയോകൊണ്ട് രാമന്‍ കോമനെ പരിഹസിച്ചിരിക്കാം.-'' മലയാള നിരൂപണരംഗത്തെ വേറിട്ട വാക്കായ വി.സി. ശ്രീജനുമായി നടത്തിയ അഭിമുഖം.

വി.സി. ശ്രീജന്‍ നിരൂപണത്തിനായി ഒരു പുസ്തകമെടുക്കുന്നു എന്നതു തന്നെ സാഹിത്യത്തിലേക്കുള്ള പരിഗണനയായി കരുതുന്നവരാണ് എഴുത്തുകാര്‍. താങ്കളുടെ വായനയ്ക്കു ശേഷമുള്ള എഴുത്തിനെക്കുറിച്ച്?

അയ്യോ, അത്രയൊന്നും കടത്തിപ്പറയല്ലേ. ഇതുവരെ ഒരെഴുത്തുകാരനും അങ്ങനെ തോന്നിയിട്ടുണ്ടാവില്ല. പുസ്തകങ്ങളെപ്പറ്റി പറയുക എന്നല്ലാതെ, എഴുത്തുകാരെ പുകഴ്ത്തുന്ന ശീലം എനിക്കില്ല. അന്നത്തെ ചില തുടക്കക്കാരെപ്പറ്റി ഞാന്‍ എഴുതിയിരുന്നു. അവരൊന്നും രക്ഷപ്പെട്ടില്ല. ഞാന്‍ ആരെപ്പറ്റിയെങ്കിലും നല്ലതു പറഞ്ഞാല്‍ അയാള്‍ക്ക് ഉള്ള പേരും പോകും. ഇതിനുനേരെ എതിരായി, ഞാന്‍ കുറ്റം പറഞ്ഞാല്‍ ആള്‍ രക്ഷപ്പെടുമെന്നും വന്നുകൂടായ്കയില്ല. സിനിമയിലെ ചവിട്ടുസ്വാമിയെപ്പോലെ. സ്വാമിയുടെ ചവിട്ടു കിട്ടിയാല്‍ രക്ഷപ്പെട്ടു. ഭാഗ്യവും ഐശ്വര്യവും കൈവരും.

എന്താണ് നിരൂപണം. താങ്കളുടെ നിരൂപണവായനയെ ആക്രമണമായി എഴുത്തുകാര്‍ക്ക് അനുഭവപ്പെടുന്നതെന്തു കൊണ്ടാണ്‌?

ഒരു സാഹിത്യകൃതി വായിച്ചശേഷം അതിന്റെമേലെ നിരൂപകന്‍ നിര്‍വ്വഹിക്കുന്ന അധികപ്രസംഗമാണ് നിരൂപണം. ഇതല്ലാതെ പുസ്തകത്തില്‍ കണ്ട പിശകുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് നീണ്ട ലേഖനങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അവ നിരൂപണങ്ങളല്ല. അത്തരം ലേഖനങ്ങള്‍ എഴുത്തുകാര്‍ക്ക് ആക്രമണമായി അനുഭവപ്പെടാം. അതിനു കാരണം ഞാനല്ല. വിദഗ്ദ്ധനായ എഡിറ്ററുടെ സേവനം പണം കൊടുത്തു വാങ്ങിയതിനു ശേഷം സ്വന്തം നിലയ്ക്കു തെറ്റുകുറ്റങ്ങളും കുറവുകളും പരിഹരിക്കുകയോ അല്ലെങ്കില്‍ വിദഗ്ദ്ധരായ എഡിറ്റര്‍മാര്‍ ഉള്ള പ്രസാധക സ്ഥാപനങ്ങളിലൂടെ പുസ്തകം പ്രസിദ്ധീകരിക്കുകയോ വേണം. മലയാളത്തിലെ പുസ്തക നിര്‍മ്മാണരംഗത്ത് എഡിറ്റര്‍മാര്‍ ഇല്ല എന്ന് സുകുമാര്‍ അഴീക്കോടിന്റെ മലയാള സാഹിത്യ വിമര്‍ശനം പുറത്തുവന്നപ്പോള്‍, 1981-ല്‍ ഞാന്‍ എഴുതിയതാണ്. സ്വന്തം പുസ്തകങ്ങള്‍ തെറ്റില്ലാതെ പുറത്തിറക്കേണ്ടത് എഴുത്തുകാരന്റെ കടമയാണ്. അതു ചെയ്യാതെ തെറ്റു ചൂണ്ടിക്കാണിച്ച എന്നോട് ദേഷ്യപ്പെടരുത്.

പുതിയ എഴുത്തുകാര്‍ക്കൊപ്പം തന്നെ താങ്കളുടെ നിരീക്ഷണത്തില്‍ പുതിയ നിരൂപകരും ഉണ്ടാവുമല്ലോ. ഈ നിരൂപകരില്‍ പ്രതീക്ഷയുണ്ടോ?

പ്രതീക്ഷയുണ്ട്, പക്ഷെ ആരുടെയും പേരെടുത്തു മാനിച്ചുകൂടാ. കുറേ കഴിയുമ്പോള്‍ അവരില്‍ ഒരുവന്‍ എന്നെ ശകാരിക്കും. ഒരിക്കല്‍ നല്ലതു പറഞ്ഞത് പിന്നീട് മാറ്റിപ്പറയാനാവാതെ, ഞാന്‍ കുടുങ്ങും. അതുകൊണ്ട് ഭാവിവാഗ്ദാനങ്ങളെ ചൂണ്ടിക്കാട്ടുന്ന പണി ഞാന്‍ നിര്‍ത്തിയിരിക്കുകയാണ്.

എഴുത്തുകാരുടെ പി.ആര്‍. പണിയാണ് ഇപ്പോഴത്തെ നിരൂപകര്‍ നടത്തുന്നത് എന്ന് തോന്നിയിട്ടുണ്ടോ?

ഉണ്ട്. എഴുത്തുകാരെപ്പറ്റി എന്തെങ്കിലും മറുത്തു പറയാന്‍ നിരൂപകര്‍ക്ക് പേടിയാണ്. എഴുത്തുകാരന്‍ നിരൂപകന്റെ ഭാവി തകര്‍ത്തു കളയും എന്ന് അവന്‍ പേടിക്കുന്നു. എഴുത്തുകാരനെ സ്തുതിക്കുന്നതാണ് തന്റെ നിരൂപകജീവിതം ഭദ്രമാക്കാന്‍ ആവശ്യം എന്ന് അവനറിയാം. അങ്ങനെ അതിപ്രസിദ്ധരായ എഴുത്തുകാരെ നിരൂപകന്‍ പത്രം ഫുള്‍ പേജില്‍ സോപ്പിട്ട് കിടത്തുന്നു.

നിരൂപണകലയിലേക്ക് താങ്കള്‍ വന്നുചേരാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ?

ഉപന്യാസങ്ങള്‍ എഴുതിത്തുടങ്ങിയ കാലം. ഒരു അദ്ധ്യാപകവിദ്യാര്‍ത്ഥിക്കു വേണ്ടി ലൈബ്രറി ഡയറി ഉണ്ടാക്കി. വായിച്ച കുറേ പുസ്തകങ്ങളുടെ പേരു വിവരങ്ങളും സംഗ്രഹവും അഭിപ്രായവുമാണ് ഉള്ളടക്കം. മറ്റൊരാള്‍ക്കു വേണ്ടിയാണ് ചെയ്തതെങ്കിലും അത് എനിക്കൊരു പരിശീലനമായി തീർന്നു. പിന്നീട് ബുക്ക് റിവ്യൂ ചെയ്യുമ്പോള്‍ ഉപകാരമായി.

നെപ്പോട്ടിസം എന്ന സംജ്ഞയ്ക്ക് നിരൂപണകലയില്‍ വളരെ സ്വാധീനം ഉണ്ട് എന്നു പറഞ്ഞാല്‍?

നിരൂപകര്‍ സ്വജനപക്ഷപാതം കാണിക്കുന്നു എന്നാണെങ്കില്‍ അതില്‍ സത്യമില്ല. അച്ഛന്‍ മകളുടെ പുസ്തകത്തിനോ അനിയന്‍ ചേട്ടന്റെ പുസ്തകത്തിനോ നിരൂപണമെഴുതിയത് കണ്ടിട്ടില്ല. മരുമകന്റെ വ്യാകരണപുസ്തകത്തിനു അമ്മാവന്‍ അവതാരികയെഴുതിയതാണ് എന്റെ ഓര്‍മ്മയില്‍ വരുന്ന ഒരു നെപ്പോട്ടിസം. എന്റെ സുഹൃത്തായിരുന്ന പ്രശസ്ത കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ ചൊല്ലാറുള്ള ഒരു ഈരടിയുണ്ട്:
നിന്‍ പൃഷ്ഠം ഞാന്‍ തലോടീടാം,
എന്‍ പൃഷ്ഠം നീയും തദാ!

രണ്ടാം വരിയിലെ തദാ എന്നു പറഞ്ഞാല്‍ ആ സമയത്ത്, എന്ന പ്രയോഗമാണ് ഏറ്റവും വിശിഷ്ടം. രണ്ടു പിന്‍ഭാഗങ്ങളുടെ പാരസ്പര്യത്തില്‍ അകപ്പെട്ടു പോകേണ്ട തഥാ, അതിനും അപ്പുറത്തെ ആകാശങ്ങളിലേക്ക് പറന്നുയരുന്നത് വായനക്കാര്‍ക്കു കാണാം.

താങ്കളുടെ നിരൂപണപദ്ധതിയെക്കുറിച്ച് വിശദമാക്കാമോ? സിദ്ധാന്തങ്ങള്‍ ഇവിടെ മേല്‍ക്കൈ നേടുന്നുണ്ടോ?

ശ്രദ്ധയോടെ വായിക്കുക, മറ്റു നിരൂപകര്‍ അവരുടെ വായനയില്‍ കാണാതെ വിട്ടുപോയതെന്ന് എനിക്കു തോന്നുന്ന വശങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുക. ഇവയാണ് നിരൂപണത്തില്‍ എന്റെ ലക്ഷ്യം. ഭാഷയുടെ അനേകം ഉപയോഗങ്ങളില്‍ ഒന്നു മാത്രമാണ് സാഹിത്യം. അതിന്റെ വ്യാഖ്യാനം നിരൂപണവും. മൂന്നു നാലു വസ്തുക്കള്‍ മുന്നിലുള്ളപ്പോള്‍ അവയ്ക്കു പൊതുവായി കാണുന്ന വശം വേര്‍തിരിക്കുന്നതായി സാമാന്യവത്കരണം എന്നൊരു പ്രക്രിയയുണ്ട്. അങ്ങനെയല്ലാതെ ഒരൊറ്റ വസ്തു മുന്നിലുള്ളപ്പോഴും അതിനെപ്പറ്റി മാത്രം ഒരു സാമാന്യവത്കരണമാകാം. ചിലപ്പോള്‍ സാഹിത്യകൃതിയുടെ പ്രമേയത്തിന്റെയോ അതിന്റെ ഒരു ഭാഗത്തിന്റെയോ സാമാന്യവത്കരണം. അതാണ് വ്യാഖ്യാനരൂപത്തില്‍ നിരൂപകന്‍ അവതരിപ്പിക്കുക. കൃതിയുടെ സമഗ്രമായ ചിത്രമോ പൂര്‍ണകായശില്പമോ അവതരിപ്പിക്കുക എന്റെ ലക്ഷ്യമല്ല, ആര്‍ക്കെങ്കിലും അതു സാധിക്കുമെന്നു തോന്നുന്നുമില്ല.

ഇവിടെ ഒരു ഘട്ടത്തിലും സിദ്ധാന്തത്തിനു മേല്‍ക്കൈ വരുന്നില്ല. സിദ്ധാന്തത്തെപ്പറ്റി ചിന്തിക്കുന്ന സമയത്തല്ലാതെ, ഒരു സാഹിത്യകൃതി പ്രായോഗിക നിരൂപണത്തിന് എടുക്കുന്ന സന്ദര്‍ഭത്തിലോ അതു നിര്‍വ്വഹിക്കുന്ന സമയത്തോ ഞാന്‍ സിദ്ധാന്തങ്ങളെ വലിച്ചിഴച്ചു കൊണ്ടുവന്നിട്ടില്ല. താത്വിക ചര്‍ച്ചയുടെ സമയത്ത് സിദ്ധാന്തങ്ങളെപ്പറ്റി പറഞ്ഞു എന്നതുകൊണ്ട് നിരൂപണത്തിലും അവ ഉപയോഗിച്ചു എന്നു കരുതരുത്. താത്വിക ലേഖനങ്ങളെയും പ്രായോഗിക നിരൂപണങ്ങളെയും വേറെ വേറെ കാണണം. ഞാന്‍ വിമര്‍ശനാത്മക സിദ്ധാന്തം എന്ന താത്വികപുസ്തകം എഴുതി, റഫീക് അഹമ്മദിന് പഠനവും എഴുതി. രണ്ടും വേറെയാണ്. ആദ്യത്തേത് സിദ്ധാന്തനിബിഡമാണ്. രണ്ടാമത്തേതില്‍ സിദ്ധാന്തമേയില്ല.

നിരൂപണകലയിലെ മുന്‍തലമുറയെയും താങ്കളുടെ തലമുറയെയും പുതിയ തലമുറയെയും വിശകലനം ചെയ്താല്‍?

അങ്ങനെ വിശകലനം ചെയ്യാന്‍ പ്രയാസമാണ്. ആര് എങ്ങനെ വിശകലനം ചെയ്താലും മുന്‍തലമുറയെക്കാള്‍ ഞങ്ങളുടെ തലമുറ മെച്ചം എന്നു പറയാതെ പറഞ്ഞുപോകും. അതില്‍ ഞങ്ങളുടെ തലമുറ മെച്ചം എന്നു പറയുന്നത് ഒന്നാം ഘട്ടത്തിലെ സൗജന്യമാണ്. അടുത്ത ഘട്ടത്തില്‍ ഞങ്ങളുടെ തലമുറയില്‍ അമ്പട ഞാന്‍ തന്നെ മെച്ചം എന്നാവും. പണ്ട് പാലാ നാരായണന്‍ നായര്‍ എം. കൃഷ്ണന്‍ നായരോട് പറഞ്ഞ ഒരു ഉപദേശമുണ്ട്- നമ്മള്‍ക്ക് ആരെ വേണമെങ്കിലും പ്രശംസിക്കാം. പക്ഷേ പുകഴ്ത്തുന്ന സമയത്ത് ഒരു ഉടക്ക് അവിടെ ഇട്ടേക്കണം. ഭാവിയില്‍ എപ്പോഴെങ്കിലും ഇയാള്‍ നമ്മുടെ യുക്തിക്കെതിരെ തിരിയുകയാണെങ്കില്‍ അപ്പോള്‍ ഉപയോഗിക്കാനുള്ളതാണ് ഈ ഉടക്കുപഴുത്. അതുകൊണ്ട് ഒരാളെ എല്ലാ അര്‍ഥത്തിലും മഹത്വവല്‍ക്കരിക്കരുത്. ഭാവിയില്‍ നമ്മള്‍ നിസ്സഹായരായിപ്പോകും. പാലാ നാരായണന്‍ നായരുടെ ഈ ബുദ്ധി ഓര്‍ക്കുന്നത് നല്ലതാണ്.

മലയാളത്തിലെ എഴുത്തുകാരുടെ സഹിഷ്ണുതയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? വിമര്‍ശനാക്രമണങ്ങളെ സര്‍ഗാത്മകമായി നേരിടുന്ന എഴുത്തുകാര്‍ നമുക്കുണ്ടോ?

പൊതുവെ ഇപ്പോള്‍ നിരൂപകര്‍ എഴുത്തുകാരെ വിമര്‍ശിക്കാറില്ല. വിമര്‍ശിക്കുന്നവരില്‍ ഒരാള്‍ ഞാനാണ്. പക്ഷെ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കൂ. ഞാന്‍ നോവലിസ്റ്റുകളെ വിമര്‍ശിക്കുകയല്ല. നോവലിന്റെ കൂലി വാങ്ങാത്ത തിരുത്തുകാരന്‍ മാത്രമാണ് ഞാന്‍. നോവലിലെ പിശകുകള്‍ തിരുത്തുകയാണ് ഞാന്‍. മനുഷ്യമനഃശാസ്ത്രം അനുസരിച്ച് രാമന്‍ കോമന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ രാമന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കാനാണ് കോമനു തോന്നുക. കോമന്റെ ഭയങ്കര കോപം രാമന്റെ തിരുത്തുകളെ അസഹ്യമായ വിമര്‍ശനമാക്കി മാറ്റുന്നു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിനിടയില്‍ ചിലപ്പോള്‍ വാക്കിന്റെ മുള്ളോ മുനയോ കൊണ്ട് രാമന്‍ കോമനെ പരിഹസിച്ചിരിക്കാം.

നോവലിനെ വിമര്‍ശിക്കാനാണ് നോന്നുന്നതെങ്കില്‍ ഏറ്റവും നല്ലത് അതിനെപ്പറ്റി ഒന്നും പറയാതെ മാറ്റിവെക്കുകയാണ്.

നിരൂപകരെക്കുറിച്ചു പറയുമ്പോള്‍ താങ്കളുടെ മനസ്സിലേക്ക് ആദ്യം വരുന്ന പേര് ആരുടേതാണ്? എന്തായിരുന്നു അദ്ദേഹത്തിന്റെ മഹത്വം?

പോള്‍, മുണ്ടശ്ശേരി, മാരാര് തുടങ്ങിയ പേരുകളാണ് ആദ്യം കടന്നുവരുന്നത്. നമുക്ക് മുന്‍ഗാമികളായ നിരൂപകര്‍ പിതാക്കന്മാരെപ്പോലെയാണ്. അച്ഛനെയോ അപ്പൂപ്പനെയോ മാറ്റാന്‍ കഴിയാത്തതുപോലെ എഴുത്തിലെ മുന്‍ഗാമികളെയും മാറ്റാന്‍ കഴിയില്ല. അവരെ ആദരിക്കുന്നത് അവര്‍ക്കുള്ള മഹത്വം മുന്‍നിര്‍ത്തിയല്ല. എഴുത്തില്‍ നമ്മുടെ മുന്‍ഗാമികളായതിനാലാണ്. വസ്തുനിഷ്ഠമായ മഹത്വം മുന്‍നിര്‍ത്തിയാണ് ആലോചിക്കുന്നതെങ്കില്‍ എം. കൃഷ്ണന്‍ നായര്‍ പറഞ്ഞതുപോലെ ഇവരൊന്നും ലോകനിലവാരത്തില്‍ എത്തുകയില്ല. താന്‍ ലോകനിലവാരത്തില്‍ എത്തിയോ, ഇല്ലല്ലോ, പിന്നെന്തിനാണ് എഴുതുന്നത് എന്നു എന്നോട് ചോദിച്ചാല്‍, മിസ്റ്റര്‍ യേശുദാസ് മാത്രം പാടിയാല്‍ മതിയോ മറ്റുള്ളവര്‍ക്കും പാടണ്ടേ എന്ന മറുചോദ്യം ഉത്തരം.

നിരൂപകരെ കാലഗണനാക്രമത്തില്‍ നിരത്തിയാല്‍ ആധുനികം, ഉത്തരാധുനികം, സമകാലികം എന്നിവയില്‍ ആരൊക്കെയാണ് വി.സി. ശ്രീജനെ സംബന്ധിച്ചിടത്തോളം ശേഷികൊണ്ട് ശ്രദ്ധേയരായവര്‍?

ആധുനികരില്‍ കെ.പി. അപ്പനും വി. രാജകൃഷ്ണനും. ആര്‍. നരേന്ദ്രപ്രസാദ് എന്റെ അദ്ധ്യാപകനും വഴികാട്ടിയും പ്രിയങ്കരനുമെല്ലാം ആണെങ്കിലും നിരൂപണത്തിലെ കോണ്‍ട്രിബ്യൂഷന്‍ വെച്ചു നോക്കിയാല്‍ അല്പം പിന്നിലാണ്. ആ വസ്തുത ഞാന്‍ മറക്കുന്നില്ല. ഉത്തരാധുനിക നിരൂപകരില്‍ ഇ.പി. രാജഗോപാലന്‍, പി. പവിത്രന്‍, എന്നിവരുണ്ട്. ഉത്തരാധുനികവിമര്‍ശനം എന്നു പറയുമെങ്കിലും ഫലത്തില്‍ അത് സംസ്‌കാരവിമര്‍ശനമാണ്. വിവിധ തലങ്ങളില്‍ വ്യാപരിക്കുന്ന സംസ്‌കാരവിമര്‍ശനം. എസ്. ശാരദക്കുട്ടി, പി. ഗീത എന്നിവരെയും ഓര്‍മ്മിക്കണം. ഇക്കഴിഞ്ഞ കേരളസാഹിത്യ അക്കാദമി നിരൂപണ അവാര്‍ഡിന്റെ ജൂറിമാരില്‍ ഒരാള്‍ ഞാന്‍ ആയിരുന്നു. അവാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ ഞാന്‍ കൊടുത്ത ഗ്രേഡ് ലിസ്റ്റിന് ഇനി രഹസ്യസ്വഭാവമില്ല. ഒന്നാം ഗ്രേഡ് ഞാന്‍ കൊടുത്തത് ജി. ഉഷാകുമാരിയുടെ കഥയും കാമനയും എന്ന പുസ്തകത്തിനാണ്. പുതിയ നിരൂപരില്‍ ഉഷാകുമാരിയെയും പരിഗണിക്കണം.

സംശയം ഇതാണ്; മുമ്പൊക്കെ ആദ്യം പരിചിതമാകുന്നത് കൃതിയാണ്. പിന്നീടാണ് കര്‍ത്താവാര് എന്നു ചോദിക്കുന്നത്. എന്നാല്‍ ഇന്ന് കര്‍ത്താവാണ് മുമ്പില്‍, കൃതി രണ്ടാമതാണ്. ഇന്നയാള്‍ എഴുതിയ കൃതി എന്നതോ ഇന്ന കൃതിയുടെ രചയിതാവ് എന്നതോ ശരി?

പുതിയ നിരൂപണങ്ങളില്‍ പലതും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് തുടങ്ങുന്നതായി കാണുന്നു. കര്‍തൃസ്തുതി നിശ്ചിതമായ ഒരു ഉയരത്തില്‍ എത്തിയാലേ കൃതിയെപ്പറ്റി സംസാരിച്ചു തുടങ്ങൂ. ഇന്ന് കൃതിയെക്കാള്‍ കാഴ്ചപ്പുറത്തു വരുന്നത് കര്‍ത്താവാണ്. കൃതി ഇടുങ്ങിയ ഒരു വഴിയിലൂടെ വായനക്കാരുടെ മനസ്സിലേക്കു പ്രവേശിക്കുമ്പോള്‍ കര്‍ത്താവ് പല വഴികളിലൂടെ വായനക്കാരന്റെ മേലെക്കൂടി കവിഞ്ഞൊഴുകി അവനെ അടിതെറ്റിക്കുന്നു.

താങ്കളുടെ നിരൂപണമേഖലയില്‍ പലപ്പോഴും ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് നോവലുകളാണല്ലോ. മലയാളനോവല്‍ സാഹിത്യം ഇന്ന് എവിടെയെത്തി നില്‍ക്കുന്നു?

അഞ്ചാറു കവിതകള്‍, പത്തു ചെറുകഥകള്‍, ഇരുപത്തിയഞ്ചോളം നോവലുകള്‍ ഇത്രയും കൃതികളെപ്പറ്റിയേ ഞാന്‍ എഴുതിയിട്ടുള്ളൂ. നോവലിന്റെ ഇന്നത്തെ സ്ഥിതിയെപ്പറ്റി പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും അടുത്തിടെ ഇറങ്ങിയ പല നോവലുകളിലും അസ്വാഭാവികമായ സംഭവങ്ങള്‍ കൊരുത്തുണ്ടാക്കിയ കൃത്രിമമായ ഇതിവൃത്തങ്ങള്‍ കാണുന്നു. അസംഖ്യം നോവലുകള്‍ എഴുതി ക്ഷീണിച്ച നോവലിസ്റ്റ് വീണ്ടുമൊരെണ്ണം എഴുതാന്‍ നിര്‍ബന്ധിതനായതു പോലെ. ആധുനികോത്തരതയുടെ ലക്ഷണങ്ങളില്‍ ഒന്നായ കഥയെക്കുറിച്ചുള്ള കഥ ഇപ്പോഴുമുണ്ട്.

വടകര എന്ന പ്രദേശം സര്‍ഗാത്മകതയുടെ ഈറ്റില്ലമാണ്; ആശയസംവാദങ്ങളുടെയും രാഷ്ട്രീയതയുടെയും. താങ്കളുടെ ദേശമായ വടകരയുടെ ബൗദ്ധികതയെപ്പറ്റി, നാട് സംഭാവന ചെയ്ത പ്രതിഭകളെക്കുറിച്ച്.

ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വടകര-കണ്ണൂക്കര ഭാഗത്തെ റോഡ്, ഇന്നത്തെ എന്‍.എച്ച്. ടാറിട്ടത്. അതുവരെ ചെമ്മണ്‍ റോഡായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒരു കഷ്ണം, പതിനെട്ടാം നൂറ്റാണ്ടിലും അത് അങ്ങനെതന്നെ കിടന്നിരിക്കണം. മഹാഭാരതം പോലെ, വലിയ ഒരു നോവലിലെ കഥാപാത്രങ്ങളെപ്പോലെ വിഭിന്ന വ്യക്തിത്വങ്ങളോടു കൂടിയവരായിരുന്നു ആ ദേശത്തിലെ മനുഷ്യര്‍. ഓരോ മനുഷ്യനും മറ്റോരോ മനുഷ്യനില്‍നിന്നും വ്യത്യസ്തം. അതില്‍ ചെറിയ ഒരംശം മാത്രമേ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലിലും കഥകളിലും വന്നിട്ടുള്ളൂ. ഇത് വടകരയുടെ മാത്രം പ്രത്യേകതയാവണമെന്നില്ല. എല്ലായിടത്തും ആളുകള്‍ ഇങ്ങനെതന്നെ ആയിരിക്കാം. വടകരയില്‍ മാത്രമെന്ന് എനിക്കു തോന്നുന്നതാകാം.

എല്ലാ ദേശത്തുമെന്ന പോലെ വടകരയിലും അനേകം പ്രതിഭാശാലികള്‍ ഉണ്ടായിരുന്നു. അതില്‍ എടുത്തുപറയേണ്ട ഒരാള്‍ കേരളീയഗണിതത്തിന്റെ ഭാഗമായ കടത്തനാട്ട് ശങ്കരവാരിയര്‍ ആണ് സദ്രത്‌നമാലയുടെ കര്‍ത്താവ്.

ചന്ദ്രബിംബത്തിന്റെ വ്യാസം നമ്മുടെ കണ്ണില്‍ ഉണ്ടാക്കുന്ന കോണ്‍ ഏകദേശം രണ്ടു ഡിഗ്രിയാണത്രെ. അപ്പോള്‍ അതിന്റെ പാതി സങ്കല്പിച്ച് ഒരു ഡിഗ്രിക്കു വേണ്ട ആകാശത്തിലെ ആര്‍ക്കിന്റെ നീളം ഏകദേശം നിര്‍ണയിക്കാം. പണ്ടത്തെ ഗണിതജ്ഞര്‍ വെറും കണ്ണുകൊണ്ട് അളന്ന് ഡിഗ്രിക്ക് അപ്പുറം അതിലും ചെറുതായ 36 മിനിറ്റും 59 സെക്കന്റുമൊക്കെ അളന്നത് എങ്ങനെയെന്നതിനെപ്പറ്റി ഒരു ഊഹവുമില്ല. പഴയ ഗണിതത്തെപ്പറ്റി പല പുസ്തകങ്ങളും കണ്ടിട്ടുണ്ട്, ഒന്നിലും വിശദീകരണമില്ല. ഉള്ളതു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. ഫ്രാന്‍സിസ് ഇട്ടിക്കോരയോട് ചോദിക്കണം.

കോളേജ് അധ്യാപനകാലത്തെക്കുറിച്ച് പറയാമോ? സഹപ്രവര്‍ത്തകരില്‍ സാഹിത്യകാരന്മാരുണ്ടാവുമ്പോള്‍ നിരൂപണബുദ്ധിയെ അവര്‍ക്കുവേണ്ടി സമരസപ്പെടുത്തേണ്ടി വന്നിട്ടുണ്ടോ, അതോ സൗഹൃദം ശത്രുതയായി മാറിയ സംഭവങ്ങളുണ്ടോ?

കാസര്‍ഗോഡ് കോളേജില്‍ സഹാദ്ധ്യാപകനായിരുന്ന സി. അയ്യപ്പനെ ഓര്‍മ്മിക്കുന്നു. ഞങ്ങള്‍ അടുത്തടുത്തായിരുന്നു താമസം. ഇടയ്ക്ക് അയ്യപ്പന്റെ കൂടെ ആഹാരം കഴിക്കും. പിന്നീട് അയ്യപ്പന്‍ വേദനയോടെ ഓര്‍മ്മിച്ച ഒരു സംഭവത്തിന് ഞാന്‍ സാക്ഷിയാണ്. കൂടെയിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കൂട്ടുകാര്‍ കളിയായി മറ്റവന്റെ പാത്രത്തില്‍ കയ്യിട്ട് ഭക്ഷണം എടുക്കും എന്റെ പാത്രത്തില്‍നിന്നു മാത്രം ആരും എടുക്കില്ല എന്ന് അയ്യപ്പന്‍ എഴുതി.

പിള്ളേരെപ്പോലെ കളിച്ചും ചിരിച്ചും ആഹാരം കഴിക്കുന്ന ചങ്ങാതിമാരാണ് ഇങ്ങനെ ചെയ്യുക. പക്ഷെ അയ്യപ്പന്റെ പാത്രം ഒഴിവാക്കി അപ്പുറമിരിക്കുന്ന സുഹൃത്തിന്റെ പാത്രത്തില്‍ കയ്യിടുന്നതില്‍ ഒരു പന്തികേട് എനിക്കു തോന്നിയിരുന്നു. അയ്യപ്പനെ മാറ്റിനിര്‍ത്തുകയാണോ എന്ന്. സ്മാര്‍ട്ടല്ലെങ്കിലും ഒന്നഭിനയിച്ച് അയ്യപ്പന്റെ പാത്രത്തില്‍ കയ്യിട്ടാലോ എന്നു ഞാന്‍ ആലോചിച്ചു. ഒരു തടസ്സം. കുഴച്ച ഭക്ഷണം എനിക്കു ചെറുപ്പത്തിലേ അറപ്പാണ്. അമ്മ സ്‌നേഹത്തോടെ കുഴച്ചുരുട്ടിത്തരുന്ന ഉരുള കഴിക്കാന്‍ പോലും എനിക്ക് അറപ്പാണ്. എന്നാലും അമ്മയെ വേദനിപ്പിക്കേണ്ട എന്നു കരുതി വിമ്മിട്ടത്തോടെ കഴിക്കും. എന്റെ പേടി കളിചിരിക്കാര്‍ എന്റെ പാത്രത്തില്‍ കയ്യിടുമോ എന്നായിരുന്നു. ഭാഗ്യം, അതുണ്ടായില്ല.

അവര്‍ തമ്മില്‍ പ്രത്യേകമായ അടുപ്പം ഉള്ളതുകൊണ്ടാണ് ചങ്ങാതിമാര്‍ കയ്യിട്ടു വാരിക്കളിച്ചത് എന്ന് എനിക്കുതോന്നി. സീനിയര്‍ എന്ന നിലയിലും കഥാകൃത്ത് എന്ന നിലയിലും അയ്യപ്പനോട് എനിക്ക് ബഹുമാനമായിരുന്നു. കളിചിരിക്കാര്‍ക്കും. ആ അകലമാണ് ചങ്ങാതിമാരെ മാറ്റി നിര്‍ത്തിയത്. അയ്യപ്പനെ മാത്രമല്ല, എന്നെയും വാരിക്കളിയില്‍നിന്ന് അവര്‍ ഒഴിവാക്കിയിരുന്നു.
ഇന്ന് യു.ജി.സി. സ്‌കെയില്‍ നിരൂപകന്‍ എന്നൊക്കെ പറയുന്നു. അന്ന് 470-870 സ്‌കെയിലില്‍ പരമദാരിദ്ര്യത്തില്‍ ഉഴലുകയായിരുന്നു ഞാന്‍. എന്നെക്കാള്‍ ദരിദ്രനായിരുന്നു ബക്കര്‍ എന്നു വിളിക്കുന്ന അബൂബക്കര്‍. കുസൃതിക്കാരനായ ചങ്ങാതി. ബക്കറുടെ ദാരിദ്ര്യത്തിനു കാരണം ജാമ്യമായിരുന്നു. ബാങ്ക് ലോണിന് ജാമ്യം നില്ക്കാന്‍ ആര് ആവശ്യപ്പെട്ടാലും ബക്കര്‍ അതു ചെയ്യും. കടക്കാരന്റെ ബാദ്ധ്യത ബക്കറുടെ തലയിലാവും.

ബക്കറോട് നൂറു രൂപ കടംവാങ്ങാം എന്നു വിചാരിച്ച് നടക്കുമ്പോള്‍ അതാ ബക്കര്‍ എതിരെ വരുന്നു. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ ബക്കര്‍ പൊട്ടിച്ചിരിച്ചു. എന്നോട് അതേ തുക ചോദിക്കാമെന്നു വിചാരിച്ചാണ് ബക്കര്‍ ഇങ്ങോട്ടു വരുന്നത്. ഞങ്ങള്‍ രണ്ടു പേരും ഉറക്കെ പൊട്ടിച്ചിരിച്ചു. അതുവഴി വന്ന ശശിധരന്‍ മാസ്റ്റര്‍ ചിരിക്കുന്ന ഞങ്ങളുടെ അടുത്തുനിന്നു. രണ്ടു പേരും വലിയ സന്തോഷത്തിലാണല്ലോ? ചിരിയുടെ രഹസ്യം അറിഞ്ഞപ്പോള്‍ ശശിധരന്‍ മാസ്റ്റരുടെ മുഖത്തു പരന്ന ചിരി മാഞ്ഞു. പൈസ തരാം വീട്ടിലേക്കു പോരൂ.

പിന്നെയും കൊല്ലങ്ങള്‍ കഴിഞ്ഞ് ബക്കറെ കണ്ടപ്പോള്‍ കടബാദ്ധ്യതയുടെ കാര്യം ഞാന്‍ അന്വേഷിച്ചു. തീര്‍ന്നിട്ടില്ല. കടക്കാരന്‍ മരിച്ചു പോയിരിക്കുന്നു. വിധവയോട് സങ്കടം പറഞ്ഞിട്ടുണ്ട്. അടുത്ത കാബിനറ്റില്‍ പരിഗണിക്കാം എന്ന ഭാവത്തിലാണ് മറുപടി. കിട്ടുമായിരിക്കും, ബക്കര്‍ ചിരിക്കുന്നു.

അദ്ധ്യാപകനായ കാലത്ത് അറിപ്പെടുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ എന്‍. പ്രഭാകരന്‍ മാത്രമേ സഹപ്രവര്‍ത്തകനായി ഉണ്ടായിരുന്നുള്ളു. പ്രഭാകരനെ ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്തേ അറിയാം. പ്രഭാകരന്റെ ഒരു കഥയെപ്പറ്റിയും 'ഭൂതഭൂമി' എന്ന നോവലിനെക്കുറിച്ചും ഞാന്‍ എഴുതിയിട്ടുണ്ട്. പോസിറ്റീവ് ആയി എനിക്കു പറയാന്‍ ചിലതുണ്ടെന്ന് തോന്നിയതു കൊണ്ടാണ് എഴുതിയത്. വിട്ടുവീഴ്ച വേണ്ടി വന്നില്ല, ശത്രുതയും ഉണ്ടായില്ല.

'ചിന്തയിലെ രൂപക'ങ്ങളെ മുന്‍നിര്‍ത്തി ചോദിക്കട്ടെ, എന്തായിരുന്നു ഒ.വി. വിജയനിലും എം.ടിയിലും കണ്ട പ്രശ്‌നങ്ങള്‍?

വിജയനില്‍, ഗുരുസാഗരത്തില്‍, അന്നു കണ്ടത് വികാരാതിഭാവുകത്വം കലര്‍ന്ന ആത്മീയഭാഷയുടെ വഴുവഴുപ്പാണ്. സുഹൃത്തുക്കളേ, ഞാന്‍ ആത്മാവിനെ സാക്ഷാത്കരിച്ചു എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നവരെ ഒഴിവാക്കാം. അല്ലാത്തവര്‍ ആത്മാവില്‍ അര്‍ദ്ധവിശ്വാസവുമായി നടക്കുന്നത് ശരിയല്ല. ശരിക്കും ആത്മാവില്‍ വിശ്വസിക്കുന്നു എങ്കില്‍ ആ വിശ്വാസം അവരുടെ പ്രവൃത്തിയില്‍ കാണണം. നോവലിസ്റ്റ് ആണെങ്കില്‍ അയാള്‍ ഫിക്ഷന്‍ എഴുത്തു നിര്‍ത്തി തപസ്സു തുടങ്ങണം.

എം.ടിയില്‍ കണ്ട സവിശേഷത ഭാഷയുടെ സ്വാഭാവികതയും സൗന്ദര്യവുമാണ്. 19 വയസ്സുകാരനായ ചങ്ങമ്പുഴയുടെ ഭാഷയില്‍ എന്തെങ്കിലും വിശേഷം ഉണ്ടെങ്കില്‍ അത് ഒരിക്കലും ശിക്ഷണത്തിന്റെയോ പരിശീലനത്തിന്റെയോ ഫലമാവില്ല. അതേപോലെ എം. ടിയുടെയും. ക്ലിന്റിനെപ്പോലുള്ള പ്രോഡിജികള്‍ അഭ്യാസം കൊണ്ടല്ല പെര്‍ഫക്ഷനിലെത്തുന്നത്. അവര്‍ ജനിക്കുമ്പോഴേ അങ്ങനെയായിരുന്നു. എന്നെ തുറിച്ചുനോക്കിയത് മറ്റൊരു പ്രശ്‌നമാണ്. ഇന്ത്യയില്‍ വര്‍ഗ്ഗസമരം വളര്‍ത്താനും സോഷ്യലിസം വരുത്താനും ആവശ്യമായ ഘടകങ്ങളൊന്നും എം.ടിയുടെ കഥകളില്‍ കാണാനില്ല. തൊഴിലാളിയോട് സ്‌നേഹമോ മുതലാളിയോട് ദേഷ്യമോ വേര്‍തിരിച്ചു കാണുന്നില്ല. ശങ്കരാടിയുടെ കഥാപാത്രത്തെപ്പോലെ താത്വികമായി പറഞ്ഞാല്‍, തകരുന്ന ഫ്യൂഡലിസത്തിന്റെ യഥാതഥചിത്രം എം.ടിയുടെ രചനകളില്‍ ഉണ്ട്. എന്നാല്‍ ഫ്യൂഡലിസത്തിന്റെ തകര്‍ച്ച ഭാഷയുടെ സൗന്ദര്യമായി മാറുന്നതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. അത്തരമൊരു വിഷമസന്ധിയില്‍ ഞാന്‍ ചെയ്യേണ്ടിയിരുന്നത്, മാര്‍ക്‌സിസം പോലുള്ള സമൂഹശാസ്ത്ര സിദ്ധാന്തംകൊണ്ട് സൂക്ഷ്മമായ ഭാഷാസമസ്യകള്‍ക്ക് ഉത്തരം കാണാനാവില്ല എന്നു സമ്മതിച്ച് പിന്മാറുകയായിരുന്നു. അങ്ങനെ ചെയ്യാതെ എം.ടിയുടെ ഭാഷയുടെ മികവ് അദ്ദേഹത്തിന്റെ വലിയ ഒരു ദോഷമാണ് എന്നു ഞാന്‍ കണ്ടെത്തി. വിപ്ലവബോധം ഇല്ലല്ലോ.

ഇന്ത്യന്‍ പാരമ്പര്യം നിരൂപണകലയില്‍ പ്രയോഗിക്കുന്ന രീതിയെക്കുറിച്ച് വിശദമാക്കാമോ? ധ്വനിയും രസവും അത്രമേല്‍ പ്രധാനപ്പെട്ടതാവുന്നതിനെക്കുറിച്ച്. ഇങ്ങനെയൊക്കെയു​ള്ള സൗന്ദര്യാത്മക സമീപനങ്ങള്‍ ഇന്ന് നിരൂപകര്‍ നടത്തുന്നുണ്ടോ?

ഇന്ത്യന്‍ പാരമ്പര്യത്തിലെ ധ്വനിയോ രസമോ ഇന്നത്തെ സാഹിത്യകൃതികളുടെ പ്രായോഗിക നിരൂപണത്തില്‍ ഉപയോഗിക്കാന്‍ പറ്റില്ല. ഇക്കാര്യം മുമ്പ് ധ്വനിയെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. നിരൂപകന്റെ പക്ഷത്തുനിന്നല്ലാതെ വായനക്കാരുടെ പക്ഷത്തുനിന്നു നോക്കിയാല്‍ സാഹിത്യം ആസ്വദിക്കുക, വൈകാരികഭാവങ്ങള്‍ അനുഭവിക്കുക, എഴുത്തുകാരന്‍ വായനക്കാരന്റെ ഹൃദയത്തെ സ്പര്‍ശിക്കുക, സൗന്ദര്യത്തില്‍ മുങ്ങിത്തുടിക്കുക, കൃതിയിലെ വികാരസഞ്ചയത്തില്‍ മുഗ്ദ്ധരാവുക എന്നൊക്കെ പറയുന്നതിന് പരമ്പരാഗതമായ രസാനുഭവത്തെ സാക്ഷാത്കരിക്കുക എന്ന് അര്‍ത്ഥമാകാം. എന്നാല്‍ ഈ അനുഭവവും കൊണ്ട് നിരൂപണരംഗത്തേക്കു കടക്കാനാവില്ല. കടന്നാല്‍ ചെമ്മീനിലെ മുഖ്യരസം ശൃംഗാരവും അംഗരസം കരുണവും ആണ് എന്ന ഒറ്റവാക്യത്തിലോ ആ വാക്യത്തിന്റെ സമര്‍ത്ഥനത്തിലോ നിരൂപണം ഒതുങ്ങിപ്പോകും, മറ്റൊന്നിനും ആ നിരൂപണത്തില്‍ സ്ഥാനം കാണില്ല. ഈ കൃതിയില്‍നിന്ന് ഞാന്‍ മൂന്നു രസങ്ങള്‍ ആസ്വദിച്ചു, കൃതി വളരെ നന്നായി, എനിക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നീ നിഗമനങ്ങളെ നിരൂപണത്തിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട കാര്യമേയില്ല. അപ്പറഞ്ഞതുതന്നെ ധാരാളം. അതുകൊണ്ടാവാം ഇന്ന് നിരൂപകര്‍ രസാത്മക നിരൂപണങ്ങള്‍ എഴുതുന്നില്ല.

വി.സി. ശ്രീജന്റെ രാഷ്ട്രീയവായനകളെക്കുറിച്ച്, നിരീക്ഷണങ്ങളെക്കുറിച്ച്, വടകരയുടെ നക്‌സല്‍ കാലഘട്ടങ്ങളില്‍ യൗവനം താണ്ടിയ ഒരാളെന്ന നിലയില്‍ സ്വയം വിലയിരുത്തുമ്പോള്‍...

അന്നത്തെ കാലത്തെ ചിന്തകളും എഴുത്തുമെല്ലാം ബാലിശം എന്നേ പറയേണ്ടൂ. പഴയകാല നടന്‍ മുത്തയ്യയുടെ ഒരു കഥാപാത്രമുണ്ട്, ഇടയ്ക്കിടെ ഞാനൊരഹങ്കാരിയാണ് എന്നു പറഞ്ഞുകൊണ്ടിരിക്കും. ഇടപെടുന്നവര്‍ക്കു മനസ്സിലാവില്ലെങ്കിലും അഹങ്കാരത്തിന്റെ ആള്‍രൂപമായിരുന്നു ഞാനും. അഹങ്കാരികള്‍ക്ക് ഒരു കുഴപ്പമുണ്ട്. ഈഗോയ്ക്ക് ചെറുതായി ഒന്നു മുറിവേറ്റാല്‍ മതി, കോപംകൊണ്ടു ജ്വലിക്കും. ഞാന്‍ അങ്ങനെയല്ല, എല്ലാം തികഞ്ഞ അഹങ്കാരിയായതുകൊണ്ടും എന്റെ വലിപ്പത്തില്‍ ഒട്ടും സംശയമില്ലാത്തതുകൊണ്ടും എന്നെ ഇന്‍സല്‍ട് ചെയ്താല്‍ ഞാന്‍ കുലുങ്ങുക യില്ല. എന്റെ വലിപ്പം എനിക്കു നന്നായി ബോദ്ധ്യപ്പെട്ടിരിക്കുന്നു. പിന്നെ ആ നിസ്സാരന്റെ ഇന്‍സല്‍ട് കേട്ട് ഞാന്‍ എന്തിനു വേദനിക്കണം? സത്യമല്ലാത്ത ഒരു കാര്യം ആരെങ്കിലും എന്നെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ അതു തിരുത്തില്ല. സത്യമെന്നത് ഒരു വ്യത്യാസവും വരാതെ കരിമ്പാറ പോലെ ഉറച്ചുനില്ക്കുന്നു. അതെനിക്ക് അറിയാം. പിന്നെ അന്യര്‍ക്കു മുന്നില്‍ സത്യം തെളിയിക്കേണ്ട കാര്യമില്ല.

റഫീഖ് അഹമ്മദിന്റെ 'ഗ്രാമവൃക്ഷത്തിലെ വവ്വാല്‍' എന്ന കവിതാസമാഹാരത്തിന് താങ്കളുടെ ആമുഖപഠനമാണ് ഉള്ളത്. വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രം കവിതയെ സ്പര്‍ശിക്കുന്ന ആളാണ് താങ്കള്‍. കടമ്മനിട്ടയുടെ 'കുറത്തിയും ഇക്കൂട്ടത്തിലുണ്ട്. നമ്മുടെ കവികളെക്കുറിച്ച്..

കവിതയെന്നാല്‍ ശബ്ദസൗഭാഗ്യവും അലങ്കാരവുമാണ്. ഇനി ഇവയല്ല കവിതയുടെ ലക്ഷണങ്ങള്‍ എങ്കില്‍, ശരി നിങ്ങള്‍ കഠോരശബ്ദങ്ങള്‍ കൊണ്ട് അലങ്കാരരഹിതമായ കവിത രചിച്ചു കൊള്ളൂ. പക്ഷെ അത് ശബ്ദസൗഭാഗ്യവും അലങ്കാരവും വിന്യസിക്കാന്‍ നിങ്ങള്‍ക്ക് കഴിവില്ലാത്തതു കൊണ്ടാവരുത്. നാലു കവിതയെങ്കിലും ശബ്ദസൗന്ദര്യത്തോടും അലങ്കാരത്തോടും രചിച്ച ശേഷം നിങ്ങള്‍ സവിശേഷമായ ഉദ്ദേശ്യത്തിനായി കഠോരകവിതകള്‍ എത്രയെങ്കിലും എഴുതുക. ഞാന്‍ അവ ആസ്വദിച്ചു കൊള്ളാം.

സമൂഹമാധ്യമങ്ങള്‍ കീഴടക്കിയ വേദി കൂടിയാണ് സാഹിത്യം. ഓരോ വായനക്കാരനും നിരൂപകനാവുന്നു ഇവിടെ. നിരൂപണകലയുടെ സാധ്യതയെ ഈ പ്രവണത ഇല്ലാതാക്കുന്നുണ്ടോ? ആധികാരികപഠനത്തിന്റെ പ്രസക്തി നഷ്ടപ്പെടാന്‍ ഇത് കാരണമാകുമോ?

സമൂഹമാധ്യമങ്ങളിലെ സാഹിത്യചര്‍ച്ച അത്ര സൂക്ഷ്മമായി ശ്രദ്ധിച്ചിട്ടില്ല. കണ്ണടച്ച് ആക്രമിക്കാനുള്ള അവസരമായി ഈ പേജുകള്‍ ആളുകള്‍ ഉപയോഗിക്കുന്നു. യുവാക്കള്‍ മാത്രമല്ല, വൃദ്ധരും മീഡിയയില്‍ എത്തിയാല്‍ കടുത്ത ആക്രമണവാസന കാണിക്കുന്നു. ഇഷ്ടമായി, ഇഷ്ടമായില്ല എന്ന വിധം അഭിപ്രായങ്ങളാണ് കണ്ടത്. കുറേക്കൂടി സര്‍ഗാത്മകവും ആളുകളെക്കൊണ്ട് ശ്രദ്ധിപ്പിക്കുന്നതുമായ നിരീക്ഷണങ്ങള്‍ കാണുമോ എന്ന് അറിയില്ല. വായനക്കാര്‍ക്ക് പ്രതികരണങ്ങള്‍ എഴുതിവെക്കാന്‍ വലിയ ഒരു മതില്‍ എന്നല്ലാതെ ആധികാരികപഠനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്താനുള്ള ശേഷി അതിനില്ല.

Content Highlights : Interview with veteran Malayalam Critic V C Sreejan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented